വയാഗ്ര ഗുളികകള്‍ ചേര്‍ത്ത മുറുക്കാന്‍ വില്‍പന നടത്തിയ ബിഹാര്‍ സ്വദേശി പിടിയില്‍. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂര്‍ ബീവറേജിന് സമീപം മുറുക്കാന്‍ കടയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി.
കരിമണ്ണൂര്‍ ബീവറേജിന് സമീപം വയാഗ്ര ഗുളികള്‍ പൊടിച്ച് ചേര്‍ത്താണ് മുറുക്കാന്‍ വില്‍ക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മുറുക്കാന് പുറമെ നിരവധി നിരോധിത ലഹരി വസ്തുക്കളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
ബിഹാറിലെ പട്‌നയില്‍ നിന്നും 40 വര്‍ഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ കോട്ടയം പാലാ കരൂറിലാണ് താമസിക്കുന്നത്. കരിമണ്ണൂര്‍ എസ്എച്ച്ഒ വി.സി വിഷ്ണു കുമാര്‍, എസ്‌ഐ ബിജു ജേക്കബ്, എസ്‌സിപിഒമാരായ അനോഷ്, നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടികളുടെ അമ്മയുടെ സുഹൃത്ത് കൂടിയായ പ്രതി ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരം പുറത്തുവന്നു. കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കൂട്ടുകാരിക്ക് അയച്ച കത്ത് പുറത്തായതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പീഡന വിവരങ്ങള്‍ അറിയാമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛന്‍ ചികിത്സയിലായിരിക്കുന്ന സമയത്താണ് അമ്മ ധനേഷുമായി അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്‌സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്കെത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതല്‍ ഇയാള്‍ പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു.
ഇതിനിടെ സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛന്‍ എന്ന നിലയിലായിരുന്നു പെണ്‍കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്.
ധനേഷിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ധനേഷ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം പെണ്‍കുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താന്‍ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നല്‍കിയ മൊഴി.
കെ.ഇ. ഇസ്മയിലിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. പി. രാജുവിന്റെ മരണത്തിൽ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തിയതിലാണ് നടപടി ഉണ്ടാകുക. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
സിപിഐ എറണാകുളം മുൻ സെക്രട്ടറിയായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരേ കടുത്ത വിമർശനം കുടുംബം ഉന്നയിച്ചിരുന്നു. പിന്നിൽ നിന്ന് കുത്തിയവരുള്ള പാർട്ടിയാണ് സിപിഐ, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കേണ്ട ആവശ്യമില്ല എന്ന തുറന്ന നിലപാടെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവർത്തർക്ക് മുമ്പിൽ വന്ന് മുതിർന്നനേതാവായ കെ ഇസ്മയിൽപാർട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യപ്രതികരണം നടത്തിയത്. തുടർന്ന് ഇസ്മയിലിനെതിരേ നടപടി വേണമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിലടക്കം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് പാർട്ടിവിശദീകരണം ആവശ്യപ്പെട്ടിരുന്നു.
നിലവിൽ പാലക്കാട് ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം. ഇതിന്റെ കാര്യത്തിൽ എന്ത് നടപടി ഉണ്ടാകും എന്ന കാര്യം വ്യക്തതിയല്ല.
വീണ്ടും നഷ്ടക്കണക്ക് പുറത്ത് വിട്ട് നിർമാതാക്കളുടെ സംഘടന. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ കണക്കാണ് പുറത്തുവിട്ടത്. ഫെബ്രുവരിയിൽ റിലീസ് ആയത് 17 ചിത്രങ്ങൾ. ഒരു സിനിമ പോലും ലാഭം നേടിയില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
ഇപ്പോഴും തീയറ്ററുകളിൽ ഓടുന്നത് 4 സിനിമകൾ. ഇതും ലാഭത്തിൽ എത്തിയില്ല. 13 കോടി മുടക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി നേടിയത് 11 കോടി രൂപ. 10 കോടി മുടക്കിയ ഗെറ്റ് സെറ്റ് ബേബി ഒന്നര കോടി രൂപ പോലും നേടിയില്ല.
5 കോടിയിലേറെ മുടക്കിയ മച്ചാന്റെ മാലാഖ നേടിയത് 40 ലക്ഷം മാത്രം. രണ്ടര കോടി രൂപക്ക് നിർമിച്ച ‘രണ്ടാം യാമം’ ചിത്രത്തിന്റെ കളക്ഷൻ 80,000 രൂപ മാത്രമാണ് നേടിയതെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
അതേസമയം സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.‘വെള്ളിത്തിര’ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ തർക്കം വലിയ വിവാദമായിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിർമാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനുമാണ് ‘വെള്ളിത്തിര’ അവതരിപ്പിക്കുന്നത്.
ഉമ്മയെന്ന സ്‌നേഹം മണ്ണോട് ചേരുമ്പോള്‍ പള്ളിക്കാടിന് വിളിപ്പാടകലെയുള്ള വീട്ടില്‍ മൂന്ന് വയസ്സുകാരിയുണ്ട്, വേര്‍പാടിന്റെ ആഴമറിയാതെ. അവളെ ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ഷിബിലയുടെ സഹോദരിയും. കരിക്കുളം മദ്രസാഹാളിലെ ബെഞ്ചില്‍ വെള്ളപുതച്ചുകിടന്ന ഷിബിലയെ കണ്ട് കണ്ണീര്‍ വാര്‍ത്തവര്‍ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു, കഴുത്തറത്ത യാസിറിനോട് ഷിബിലയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അയല്‍വീട്ടുകാരനായ യാസിറുമായി ഷിബില അടുപ്പത്തിലായത്. ഇരുവീട്ടുകാരുടെയും കടുത്ത എതിര്‍പ്പ്. പതിനെട്ടാമത്തെ വയസ്സില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍നിന്ന് യാസിറിന്റെ കൈ പിടിച്ച് ഷിബില ഇറങ്ങി, പക്ഷെ, കൊതിച്ചതൊന്നുമായിരുന്നില്ല പിന്നീടുള്ള ജീവിതം. യാസിറിന്റെ ലഹരി ഉപയോഗം ജീവിതം തകര്‍ത്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിയായതോടെ പ്രതിസന്ധി കൂടി.
വാടക വീടുകള്‍ പലതവണ മാറി. ഒടുവില്‍ ഉപദ്രവം സഹിക്കവയ്യാതായതോടെ നാല് വര്‍ഷം മുമ്പ് ഇറങ്ങിയ വീട്ടിലേക്ക് കുഞ്ഞുമായി ഷിബില തിരികെയെത്തി. നോമ്പ്കാലം കഴിഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പ്രതീക്ഷ ചൊവ്വാഴ്ച അവസാനിച്ചു. നോമ്പുതുറന്ന നേരത്താണ് കത്തിയുമായി യാസിര്‍ എത്തി മകളുടെ മുന്നിലിട്ട് ഷിബിലയെ കുത്തിയത്. താഴെവീണിട്ടും പക തീരാതെ വീണ്ടും വീണ്ടും ആഞ്ഞ് കുത്തിക്കൊന്നത്. തടയാന്‍ വന്ന ഷിബിലയുടെ രക്ഷിതാക്കളെ കുത്തിയത്. രക്തക്കറ പുരണ്ട വീടിന്റെ മതില്‍ കെട്ടിന് പുറത്ത് കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാരുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷിബിലയുടെ മൃതദേഹം ചികിത്സയില്‍ കഴിയുന്ന രക്ഷിതാക്കളെ കാണിച്ചു. വീട് പോലീസ് ബന്തവസ്സിലായിരുന്നതിനാല്‍ അയല്‍വീടിന്റെ ഉമ്മറത്തിരുന്ന് പ്രിയപ്പെട്ടവര്‍ അവള്‍ക്കായ് ദു അ ചൊല്ലി. മകളെ കണ്ട് കൊതിതീരും മുമ്പെ മഴയില്‍ അവള്‍ മണ്ണോട് ചേര്‍ന്നു.
മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി തലപ്പാടി എസ് എം ഇ കോളേജിലെ രണ്ടാം വർഷ ബി എസ് സി നഴ്സിംങ് വിദ്യാർത്ഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ മുഹമ്മദ്ദ് അൽത്താഫ് .എൻ (19) ആണ് മരിച്ചത്.
മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ഇന്ന് വൈകുന്നേരം 6 മണിക്കാണ് അപകടം. ടിപ്പറും, സ്കൂട്ടറും കോട്ടയം ദിശയിൽ പോകുകയായിരുന്നു. കാറിനെ മറികടന്ന് എത്തുമ്പോൾ ടിപ്പറിലിടിക്കുകയായിരുന്നു.
ഓടിക്കൂടിയ യാത്രക്കാർ ചേർന്ന് ഉടൻതന്നെ സമീപമുള്ള കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴി മധ്യേ മരിച്ചു. മണർകാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
സ്കോട്ട് ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർത്ഥിയായ ഏബൽ തറയിൽ (24 ) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് ഏബലിന്റെ മരണം ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ കടുത്ത ദുരൂഹത ഉണ്ടെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതയുമുള്ള ആരോപണങ്ങളുമായി മരിച്ച ഏബലിന്റെ കുടുംബം രംഗത്ത് വന്നു. ഏബലിന് ആത്മഹത്യ ചെയ്യേണ്ട യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നാണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വെളിപ്പെടുത്തിയത് .
ഡൽഹി സ്വദേശിയായ ഒരു യുവതി ഏബലുമായി ശത്രുതയിലായിരുന്നു എന്നും അടുത്തിടെ താമസസ്ഥലത്ത് വന്ന് വഴക്ക് ഉണ്ടാക്കിയതായി ഏബൽ പറഞ്ഞതായും കുടുംബങ്ങൾ വെളിപ്പെടുത്തിയതായാണ് ഈ വിഷയത്തിൽ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത് .
സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബലിൻ്റെ കുടുംബം കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശ്ശൂർ സ്വദേശികളാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടിലുള്ള അമ്മയെയും സഹോദരങ്ങളേയും ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏബലിന്റെ മരണത്തിൽ മേലുള്ള ദുരൂഹതയെ കുറിച്ച് പോലീസിനോട് ആശയവിനിമയം നടത്തി എന്നാണ് അറിയാൻ സാധിച്ചത്. യൂണിവേഴ്സിറ്റിയിലെയും പ്രാദേശിക മലയാളി സമൂഹത്തിലെയും എല്ലാ കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ആളായിരുന്നു ഏബൽ. അതുകൊണ്ട് തന്നെ ഏബലിൻ്റെ മരണം മലയാളി വിദ്യാർത്ഥി സമൂഹത്തിനിടയിൽ കടുത്ത വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഏബലിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള എല്ലാ സർവീസുകളും സ്കോട്ട് ലൻഡ് റെയിൽവേ താത്കാലികമായി നിർത്തിവച്ചിരുന്നു. ബുധനാഴ്ച രാത്രി 9. 30 മണിയോടെയാണ് പോലീസിനും ആംബുലൻസ് സർവീസിനും റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.
ഏബലിന്റെ മൃതസംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായി വിവിധ മലയാളി സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.
ഡോർസെറ്റ് പൂളിൽ കിൻസൺ കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് നടന്ന റമ്മി ടൂർണമെൻ്റ് സീസൺ 3 മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതൽ മിഴിവേകി. തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതൽ ഡിവൈസിയുടെ ഫുഡ് സ്റ്റാൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും വയറും മനസ്സും നിറച്ചു. സൗത്ത് യു കെ യിൽ ആദ്യമായി ഒരു ‘വാട്ടർ ഡ്രം DJ’ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കും പുത്തൻ അനുഭവമായി. കൂടാതെ ഡോർസെറ്റിലെ ഗായകർ ആയ രാകേഷ് നേച്ചുള്ളി, അനിത , ശ്രീകാന്ത് , സച്ചിൻ, കൃപ, അഖിൽ എന്നിവർ നയിച്ച ഗാനമേള രണ്ടു മണിക്കൂർ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങൾ മറക്കുവാനും നാടിൻ്റെ ഗൃഹാതുരത്വം നുകരുവാ നും സഹായിച്ചു.
റമ്മി ടൂർണമെൻ്റിൽ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡൺ നിന്നും വന്ന സുനിൽ മോഹൻദാസ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം 301 പൗണ്ട് ട്രോഫിയും സൗതംപ്ടണിൽ നിന്നും വന്ന ഡേവീസ് കരസ്ഥമാക്കി, ടൗണ്ടോൺ നിന്നും വന്ന ശ്യാംകുമാർ , ചിച്ച്എസ്റ്ററിൽ നിന്നുള്ള ദീപു വർക്കി, ബോൺമൗത് നിന്നും വന്ന സണ്ണി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി. പോർട്‌സ്മൗത്തിൽ നിന്നും വന്ന അബിൻ ജോസ് ലക്കി റമ്മി പ്ലേയറിനുള്ള സമ്മാനം കരസ്ഥമാക്കി.
സമാപന ചടങ്ങിൽ ജേതാക്കളായവർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. കുട്ടികൾക്കായി സൂസന്ന നടത്തുന്ന വിഐപി ഫെയ്‌സ് പെയിൻ്റിംഗ് സ്റ്റാൾ വൈകിട്ട് മുതൽ പ്രോഗ്രാം തീരുന്നതുവരെ പ്രവർത്തിച്ചിരുന്നു.
വരുംവർഷങ്ങളിൽ കൂടുതൽ മത്സരാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങൾ നടത്തുന്നതാണെന്നു ഡോർസെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു. കൂടാതെ കാണികൾ ഉൾപ്പെടെ പങ്കെടുത്ത ഏവർക്കുമുള്ള ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്‍റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.
ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി.
മോഹന്‍ലാല്‍ ശബരിമലയിലെത്തിയ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
അനിശ്ചിതമായി തുടര്‍ന്ന ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേര്‍ന്നു. പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനുമുന്‍പ് ഒരുനിമിഷം അവരെ നിവര്‍ന്നുനില്‍ക്കാന്‍ അനുവദിച്ചിരുന്നു. സുനിത വില്യംസുള്‍പ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു.
നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും ബുച്ച് വില്‍മോറുമാണ് സുനിതയെ കൂടാതെ ഭൂമിയിലെത്തിയത്. പൈലറ്റിന്‍റേയും കമാന്‍ഡറിന്‍റേയും ഇരിപ്പിടങ്ങളില്‍ നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു കാരണം സുനിതയും ബുച്ചും ഡ്രാഗണ്‍ പേടകത്തിലെ യാത്രക്കാര്‍ മാത്രമാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവര്‍ക്കും പരിശീലനം ലഭിച്ചിട്ടുള്ളത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.
ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും.