Latest News

പത്തനംതിട്ടയില്‍ സുഖപ്പെടാതെ കോവിഡ് രോഗി. പത്തൊമ്പതാം പരിശോധനാഫലവും പോസിറ്റീവായ രോഗി കോഴഞ്ചേരിയിലെ ജില്ലാആശുപത്രിയില്‍ 42 ദിവസമായി ചികില്‍സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.

രോഗബാധിതയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇതുവരെരോഗമുക്തി നേടാത്തതാണ് ആരോഗ്യപ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ചികില്‍സയ്ക്കായി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിനോട് അഭിപ്രായം തേടും.

വടശേരിക്കര സ്വദേശിയായ 62കാരിയാണ് രോഗം ഭേതമാകാതെ ചികില്‍സിയില്‍ തുടരുന്നത്. രോഗബാധിതയായിരുന്ന ഇവരുടെ മകള്‍ കഴിഞ്ഞയാഴ്ച ആശുപത്രിവിട്ടു.

ഇന്ത്യയിലേക്ക് തിരികെ കയറ്റിവിടുന്നതിനെ എതിര്‍ത്ത് മദ്യവ്യാപാരി വിജയ് മല്യ നല്‍കിയ അപ്പീല്‍ റോയല്‍ കോര്‍ട്സ് ഓഫ് ജസ്റ്റിസ് നിരാകരിച്ചു. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന 1 ബില്യണ്‍ പൗണ്ടിന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് വിജയ് മല്യയെ പിടികൂടാന്‍ ഇന്ത്യ ശ്രമിക്കുന്നത്. 2018ലാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കയറ്റിവിടാനുള്ള തീരുമാനം വന്നത്. ഇതിനെ എതിര്‍ത്ത് മല്യ അപ്പീല്‍ നല്‍കുകയായിരുന്നു. തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ഹൈക്കോടതി ജഡ്ജിമാര്‍ ഉത്തരവില്‍ പറഞ്ഞു.

മല്യയെ രാജ്യത്തു നിന്നും കയറ്റിവിടാനുള്ള ഉത്തരവില്‍ 2019 ഫെബ്രുവരിയിലാണ് അന്നത്തെ ആഭ്യന്തരമന്ത്രി സാജി ജാവിദ് ഒപ്പുവെച്ചത്. തട്ടിപ്പുകേസിലും പണം വെളുപ്പിക്കല്‍ കേസിലുമെല്ലാം കുടുങ്ങിയയാളാണെന്ന് വ്യക്തമാക്കിയായിരുന്നു ഈ ഉത്തരവ്.

ബ്രിട്ടനിലെ തെവിന്‍ ഗ്രാമത്തില്‍ 11.5 ദശലക്ഷം പൗണ്ടിന്റെ ഒരു മണിമാളികയിലാണ് മല്യയുടെ വാസം. തനിക്കെതിരായ ആരോപണങ്ങളെല്ലാം രാഷ്ട്രീയ ലാക്കോടു കൂടിയതാണെന്നാണ് മല്യ വാദിക്കുന്നത്. തുക പൂര്‍ണമായും 2018 ജൂലൈ മാസത്തോടെ നിരുപാധികമായി അടയ്ക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും അത് സ്വീകരിക്കപ്പെട്ടില്ലെന്നും മല്യ വാദിക്കുകയുണ്ടായി.

ഡിസംബര്‍ മാസത്തില്‍ ഈ കേസ് പരിഗണിച്ച ഒരു കോടതി മല്യ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് താനെടുത്ത ലോണുകള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന കാര്യത്തിലും മറ്റുമാണ് മല്യ നുണ പറഞ്ഞത്. കേസ് പരിഗണിക്കുന് വേളയില്‍ മല്യയെക്കുറിച്ച് ഒരു ജില്ലാ ജഡ്ജി പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഗ്ലാമറസ് ആയും, ധാരാളം ആഭരണങ്ങളണിഞ്ഞും, അംഗരക്ഷകരോടൊപ്പം നടക്കുന്ന ഈ ബില്യണയര്‍ കാമദേവന്‍ ബാങ്കര്‍മാരെ തന്റെ വശീകരണവലയത്തിലാക്കുകയും അവരെ തങ്ങളുടെ സാമാന്യ ബുദ്ധിയെയും ബാങ്കിന്റെ ചട്ടങ്ങളെയും മറികടന്നുള്ള തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതോടെ ജാവിദ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനുള്ള തീരുമാനമെടുത്തു.

2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശരാജ്യങ്ങളില്‍നിന്നു മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെവരുകയും ചെയ്തവര്‍ക്കും ഇക്കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും 5000 രൂപ സര്‍ക്കാര്‍ സഹായധനം ലഭിക്കും.

സഹായധനം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍.ആര്‍.ഒ./സ്വദേശത്തുള്ള ജോയന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്ന രേഖകളും നല്‍കണം. എന്‍.ആര്‍.ഐ. അക്കൗണ്ടിലേക്ക് പണം അയക്കില്ല. അപേക്ഷ നോര്‍ക്കയുടെ വെബ്സൈറ്റായ www.norkaroots.org യില്‍ ഓണ്‍ലൈനായി 30 വരെ സമര്‍പ്പിക്കാം.

പൂനെയിലെ റൂബി ഹാള്‍ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി മലയാളി നഴ്‌സുമാര്‍. പിപിഇ കിറ്റിനടക്കം പണം ഈടാക്കുമെന്നാണ് ഉയരുന്ന ആരോപണം. നഴ്‌സിംഗ് സൂപ്രണ്ട് ആരോപണം ഉന്നയിക്കുന്ന ഓഡിയോ സന്ദേശം നഴ്‌സുമാര്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതേസമയം മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയിട്ടും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആരോപിച്ച് ആശുപത്രി മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്.

ഇതുവരെ 25 ജീവനക്കാര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് 19രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മലയാളികള്‍ക്കാണ്. രോഗസാധ്യതയുള്ളവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ക്വാറന്റീന്‍ ചെയ്യുന്നതിലും പിപിഇ കിറ്റടക്കം നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയുമാണെന്ന് കാര്യങ്ങള്‍ ഈ വിധമാക്കിയതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വാദം. കൊവിഡ് ചികിത്സയ്ക്കായി ഒരു കെട്ടിടമാകെ മാറ്റിവെച്ചു. രോഗ സാധ്യതയുള്ള ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്യാനായി 3 ഹോട്ടലുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും മാനേജ്‌മെന്റ് പറയുന്നു. പിപിഇ കിറ്റിനടക്കം കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ദക്ഷിണ കൊറിയ നിഷേധിച്ചു. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് നിഷേധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത പുറത്തുവിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അമേരിക്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിം ജോങ് ഉന്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത നേരത്തെ ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടിരുന്നു.

കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഉത്തരകൊറിയ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മെയ് മൂന്നിന് കേന്ദ്ര സർക്കാർ പിൻവലിക്കുകയാണെങ്കിൽ മെയ് രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്.

എന്നാൽ, കോവിഡ് 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മെയ് എട്ടിനും, മെയ് 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട് തിയതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടുവെച്ചിരിക്കുന്നത്. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കന്ററിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്.

ഇരു വിഭാഗത്തിലേയും പരീക്ഷകൾ ഒന്നിച്ചാണ് ഇത്തവണ നടത്തിയത്. എന്നാൽ അവശേഷിക്കുന്ന പരീക്ഷകൾ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ് ധാരണ. എട്ടിന് പരീക്ഷ ആരംഭിക്കാനായില്ലെങ്കിൽ മെയ് 11 മുതൽ 14 വരെ നടത്താനാണ് നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ് ചേരും.

ലോക്ക്ഡൗണിന് ഇളവ് ലഭിച്ച ജില്ലകളിൽ പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് ഉൾപ്പെടെ ചർച്ച ചെയ്യും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായി. ഒൻപതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന് പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്ത് വാർഷിക പരീക്ഷക്ക് മാർക്ക് അനുവദിക്കും.

രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. മുൻ കരുതൽ നടപടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബാംഗങ്ങളെ സ്വയം നിരീക്ഷണത്തിലാക്കി.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. ഇന്നലെ മാത്രം 1,267 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു.
559 പേർക്കാണ് ജീവൻ നഷ്ടമായത്. 2,842 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ 466 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒൻപത് പേർ മരിച്ചു. ഗുജറാത്തിൽ 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ 98 പേർക്കും ഉത്തർപ്രദേശിൽ 95 പേർക്കും രോഗം സ്ഥിരീകരിച്ചു. ഡൽഹിയിലും മധ്യപ്രദേശിലും എഴുപതിൽ അധികം പേർക്കാണ് രോഗം കണ്ടെത്തിയത്.

മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു പ്രസ്താവന.

‘കാണാൻ സാധിക്കാത്ത ഒരു ശത്രുവിൽ നിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലും, അമേരിക്കയിലെ പൊരന്മാരുടെ ജോലി സംരക്ഷിക്കണമെന്നതിനാലും മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓർഡറിൽ ഞാൻ ഒപ്പ് വയ്ക്കും’- ട്രംപ് കുറിച്ചു.

മണിക്കൂറുകൾക്ക് മുമ്പ് വരെ ഏറെ ഉത്സാഹത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും സംസാരിച്ച് കാണപ്പെട്ട ട്രംപ് ഇത്തരത്തിലൊരു ട്വീറ്റ് കുറിച്ചത് ഞെട്ടിച്ചുവെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തന്നെ ചില യൂറോപ്യൻ രാജ്യങ്ങൾ, ചൈന, കാനഡ, മെക്‌സിക്കോ, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്നോണ മാകും നിലവിലെ തീരുമാനം.

പെട്ടെന്നുള്ള ട്രംപിന്റെ ഈ തീരുമാനം വലിയ ആശയക്കുഴപ്പങ്ങളാണ് വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങി കിടക്കുന്നവരിൽ സൃഷ്ടിച്ചിരിക്കുന്നത്. എത്ര നാൾ വരെയാകും ഈ വിലക്കെന്ന് ട്രംപോ വൈറ്റ്ഹൗസോ വ്യക്തമാക്കാൻ തയാറായിട്ടില്ല.

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യനില വഷളായതായാണ് വിവരം. കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരകൊറിയൻ വാർഷികാഘോഷങ്ങളിൽ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു.

ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. പതിനഞ്ചാം തീയതി ശസ്ത്രക്രിയക്ക് വിധേയനായി. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ് വിവരം.

കോവിഡ് ബാധിച്ച് ദുബായിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് സ്ഥിരീകരിച്ചു ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. പതിമൂന്നു മലയാളികളാണ് ഗൾഫിൽ മരിച്ചത്.

Copyright © . All rights reserved