ബാലയുടെയും ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുടെയും ഫോണ്‍കോള്‍ ഇന്നലെ പുറത്തുവരികയും അത് വലിയ വിവാദമാകുകയും ചെയ്തു. സംഭവത്തില്‍ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന് ബാല. ഒരു വര്‍ഷം മുന്‍പ് നടന്ന ഈ ഫോണ്‍ കോള്‍ എങ്ങനെയാണ് ചോര്‍ന്നത് എന്ന് തനിക്ക് അറിയില്ല എന്നും തന്നെ തകര്‍ക്കുവാന്‍ ആയി ആരോ മനപൂര്‍വം ചെയ്തുകൂട്ടുന്നത് ആണ് ഇതെന്നും അദ്ദേഹം പറയുന്നു.
ബാല ഫേസ്ബുക്ക് ലൈവില്‍ പറയുന്നത് ഇങ്ങനെ;
ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്പ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വി.ഐ.പി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം. ഇനി വേണ്ട.’
‘രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും െചയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020-ല്‍ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്പര്യമില്ല’. ബാല പറഞ്ഞു.
ശ്രീദേവിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ശ്രീദേവിയുടെ ഭര്‍തൃസഹോദരനും നടനുമായ അനില്‍ കപൂര്‍. നീ സ്നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു എന്ന് അനില്‍ കപൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ശ്രീ… രണ്ടു വര്‍ഷം കടന്നു പോയിരിക്കുന്നു. ഓരോ ദിനവും ഞങ്ങള്‍ നിന്നെ മിസ് ചെയ്യുന്നു. സ്മരണകള്‍ നല്‍കുന്നത് കയ്പ്പും മധുരവും നിറഞ്ഞ അനുഭവമാണ്. നീ സ്നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു. നിന്നോടൊപ്പം ചിലവഴിക്കാന്‍ സാധിച്ച ഓരോ നിമിഷത്തിനും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നീ ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനയിലും ഉണ്ട്’. അനില്‍ കപൂര്‍ കുറിച്ചു.
2018 ഫെബ്രുവരി 24-നാണ് ശ്രീദേവിയെ ദുബായിയിലെ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓര്‍മദിനത്തില്‍ കപൂര്‍ കുടുംബവും താരങ്ങളും ഒന്നടങ്കം ശ്രീദേവിയുടെ ഓര്‍മകള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു.
View this post on Instagram
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.50 പൊലിസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.
ഡല്‍ഹിയില്‍ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും അലുമ്നി അസോസിയേഷനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടപ്പിച്ചു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പൊലിസ് സ്റ്റേഷന് പരിധിയില്‍ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലിസ് പുറപ്പെടുവിച്ചു.
അതേ സമയം അര്‍ധരാത്രിയില്‍ വാദം കേട്ട് ഹൈക്കോടതി പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി കേരളത്തിലേക്കുളള സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നു
മോജ്പുര്‍, ബാബര്‍പുര്‍ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോള്‍ ബോംബും കല്ലുകളും വര്‍ഷിച്ച സംഘര്‍ത്തില്‍ കുട്ടികളടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു.ആയിരം സായുധ പൊലിസുകാരെ പ്രദേശത്ത് വിന്യസിച്ചു. റാപിഡ് ഫോഴ്സ് വിവിധ പ്രദേശങ്ങളില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. അക്രമം വ്യാപകമായ അഞ്ച് പ്രദേശങ്ങളില്‍ 6000 അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അക്രമികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൂന്നു പതിറ്റാണ്ട് ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. ഈജിപ്ഷ്യന്‍ ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 2011ലെ അറബ് വസന്തത്തിന്റെ ഭാഗമായി നടന്ന വിപ്ലവത്തിനൊടുവിലാണ് ഹുസ്നി മുബാറക്കിന് അധികാരം നഷ്ടമായത്.
1928 മെയ് നാലിന് നൈല്‍ ഡെല്‍റ്റയിലെ കാഫര്‍ എല്‍ മെസെല്‍ഹയിലാണ് മുബാറകിന്റെ ജനനം. ഈജിപിതിലെ നാലാമത് പ്രസിഡന്റായിരുന്ന അദ്ദേഹം 1981 ലായിരുന്നു അധികാരത്തിലേറിയത്.
പിന്നീട് 30 വര്‍ഷം അതേ സ്ഥാനത്ത് തുടര്‍ന്നു. 2011 ലെ അറബ് വസന്തം മുബാറക്കിനെ സ്ഥാനഭൃഷ്ടനാക്കി. 2017 ല്‍ മോചിതനാവും വരെ ജയില്‍ ജീവിതം നയിച്ചു. അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. 1949 എയര്‍ഫോഴ്സില്‍ ചേര്‍ന്നു. ഇസ്രായേലുമായുള്ള യോം കിപ്പുര്‍ യുദ്ധത്തിലെ പ്രകടനം മുബാറക്കിനെ ദേശീയനേതാവാക്കി. 1972 ല്‍ കമാന്റര്‍ ഇന്‍ ചീഫായി നിയമിതനായി. 1981 ഒക്ടോബര്‍ 14 ന് വൈസ് പ്രസിഡന്റ്. തുടര്‍ന്ന് പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിനു ശേഷം അധികാരത്തിലെത്തി.
2011 ജനുവരി 25 നാണ് ഈജിപ്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്. സമീപകാലത്ത് ടുണീഷ്യയിലെ ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ഈജിപ്തിലെ ജനങ്ങള്‍ക്ക് വിപ്ലവവീര്യം പകര്‍ന്നത്. തലസ്ഥാനമായ കയ്റോയിലും മറ്റു നഗരങ്ങളിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. കെയ്റോയിലെ വിമോചന ചത്വരമായിരുന്നു പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. ചത്വരത്തില്‍നിന്നു മാര്‍ച്ച് ചെയ്ത പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. നില്ക്കക്കള്ളിയില്ലാതായ മുബാറക് അപ്പോഴേക്കും തെക്കന്‍ നഗരമായ ശറം അല്‍ ശൈഖിലേക്കു കുടുംബസമേതം പലായനം ചെയ്തിരുന്നു. അതു കഴിഞ്ഞ് അല്‍പ്പ സമയത്തിനകമാണു മുബാറക് സ്ഥാനമൊഴിയുന്നതായി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ പ്രഖ്യാപിച്ചത്. ഒടുവില്‍ 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന് അന്ത്യമായി.
അഴിമതിക്കും കൊലപാതകത്തിനും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധനായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
തലസ്ഥാനത്ത് അരങ്ങേറുന്ന ആക്രമണങ്ങളില്‍ ഡല്‍ഹി പൊലിസിനെ പരസ്യമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കലാപം നിയന്ത്രിക്കാന്‍ പൊലിസ് വേണ്ടതുപോലെ പ്രവര്‍ത്തിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് വേണ്ടത്ര പൊലിസുകാരെ അത്തരം പ്രദേശങ്ങളില്‍ വിന്യസിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിക്കു പുറത്തുള്ളവര്‍ അക്രമത്തിനായി എത്തുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, പൊലിസിനെതിരേയുള്ള ആരോപണങ്ങള്‍ തള്ളി പൊലിസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ പൊലിസുകാരെ വിന്യസിച്ചിട്ടില്ലെന്ന ആരോപണവും അവര്‍ നിഷേധിച്ചു. നേരത്തെ, പൊലിസുകാര്‍ കുറവാണെന്നുകാണിച്ച് ഡല്‍ഹി പൊലിസ് ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ആഭ്യന്തര മന്ത്രാലയം വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നായിരുന്നു ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അമൂല്യ പട്നായികിന്റെ പ്രതികരണം. എന്നാല്‍, മതിയായ പൊലിസുകാരെ വിന്യസിച്ചില്ലെന്നു കഴിഞ്ഞ ദിവസം ചില പൊലിസ് ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലിസുകാരനായ രത്തന്‍ലാലിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജ്ലാല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, പൊലിസ് കമ്മിഷണര്‍ അമൂല്യ പട്നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കോടതി വാദം കേട്ടുകൊണ്ടാണ് പൊലിസിന് കോടതി നിര്‍ദേശം നല്കി. 250ലേറെ പേര് പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവര്‍ക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി പോകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എസ്.മുരളീധറിന്റെ വസതിയിലാണ് വാദം കേട്ടത്.
പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി മുസ്തഫാബാദ് മേഖലയിലെ അല്‍ഹിന്ദ് ആശുപത്രിയില്‍ നിന്നും ജിടിബി ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും എന്നാല്‍ അതിന് കലാപകാരികള്‍ തടസ്സമായി നില്‍ക്കുന്നുണ്ടെന്നും ഹര്‍ജി നല്കിയ അഭിഭാഷകന് സൂരൂര്‍ മന്ദര്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവരാണ് ഇവരെന്നും ഹര്ജിക്കാരന് വ്യക്തമാക്കി.രണ്ട് പേര് മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിയതെന്നും, 22 പേര്‍ക്കെങ്കിലും അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍ ജഡ്ജിയോട് വിശദീകരിച്ചു.
ഹര്‍ജി കോടതി ഇന്ന് ഉച്ചക്ക് ശേഷം 2.15-ന് വീണ്ടും പരിഗണിക്കും.ഇന്നും വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ അടച്ചിടുമെന്ന് ഇന്നലെ തന്നെ വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദി അറിയിച്ചു.അക്രമം തുടങ്ങിയത് തിങ്കളാഴ്ച വൈകിട്ട് മാധ്യമങ്ങളെല്ലാം ട്രംപിന്റെയും മോദിയുടെയും പരിപാടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച സമയത്തായിരുന്നു ആക്രമം.
ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു കാണാതായ തന്റെ മകനെ കണ്ടത്തിയത് ഇരുപത് വർഷങ്ങൾക്ക് ശേഷം. അന്വേഷണത്തിൽ കണ്ടെത്തിയത് ഇത്തരത്തിൽ യുവതി തട്ടിയെടുത്ത് വളർത്തിയത് രണ്ടു കുട്ടികളെ. സിനിമാ കഥയെപോലും വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞ സംഭവം അരങ്ങേറിയത് കിഴക്കൻ സഊദിയിലാണ്. ഒടുവിൽ ഇരുപതു വർഷങ്ങൾക്ക് ശേഷം ഡി.എൻ.എ പരിശോധനയിലൂടെ യഥാർത്ഥ പിതാവിനെ തിരിച്ചറിഞ്ഞതോടെ കുടുംബം നേരിട്ട വേദനയും സന്തോഷവും നിറഞ്ഞ പുനഃസമാഗമമാണ് അറബ് മീഡിയകളിലെ നിറഞ്ഞ വാർത്ത.
1996 ലാണ് കിഴക്കൻ സഊദിയിലെ ദമാമിലെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടത്. നഴ്സാണെന്നു തെറ്റിദ്ധരിപ്പിച്ച് ഡ്യുട്ടി നഴ്സിന്റെ വേഷത്തിൽ പ്രസവ വാർഡിൽ കയറിക്കൂടിയ യുവതി കൈകുഞ്ഞിനേയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് കുഞ്ഞിനായി അന്വേഷങ്ങളും തിരച്ചിലുകളും നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ മകനായ മൂസ അൽ കനസിയെ കണ്ടെത്തുന്നവർക്ക് പിതാവ് അലി അൽ കനസി വിവിധ ഘട്ടങ്ങളിൽ പണമടക്കമുള്ള പാരിതോഷികങ്ങളും ഓഫർ ചെയ്തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കഞ്ഞിനെ കണ്ടെത്താതെ വർഷങ്ങൾ കഴിഞ്ഞു. ഇതിനിടെയാണ് പഴയ സംഭവം വീണ്ടും ഉയർന്നുവന്നത്.
20 വയസ്സ് പൂർത്തിയായ രണ്ടു ആൺമക്കളുടെ ഐഡന്റിറ്റി കാർഡിനായി സർക്കാരിൽ വനിത അപേക്ഷ നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. കുട്ടികളുടെ പിതാവിനെ വ്യക്തമാക്കാൻ കഴിയാതായതോടെയാണ് ചോദ്യങ്ങൾ ഉയർന്നത്. എന്നാൽ, തനിക്ക് അവിഹിത ബന്ധത്തിലൂടെയുണ്ടായ കുട്ടികളാണെന്നായിരുന്നു യുവതിയുടെ വാദം. ഇതിനിടെ ഇവർക്ക് വേണ്ട വിദ്യാഭാസവും മറ്റു സൗകര്യങ്ങളുമൊക്കെ സ്വന്തം കുട്ടികളെ പോലെ വനിത വീട്ടിൽ വെച്ച് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ചോദ്യങ്ങൾ കൂടുതൽ ഉയർന്നതോടെയാണ് പഴയ സംഭവങ്ങൾ പൊന്തിവന്നത്. 1996 ലും 1999 ലും കുട്ടികളെ കാണാതായ സംഭവവുയായി ഇതിനെ ബന്ധപ്പെടുത്തിയതോടെയാണ് 1996 ൽ നഷ്ടപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്ക് യഥാർത്ഥ കുട്ടിയെ ലഭ്യമായത്. കുട്ടികളെ കാണാതായ സംഭവം അന്ന് സഊദിയെ ഏറെ പിടിച്ചുലച്ചിരുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം പിടിക്കപ്പെട്ടതോടെയാണ് ഡി.എൻ.എ ടെസ്റ്റ് നടത്തി യഥാർത്ഥ പിതാവിനെയും കുടുംബത്തെയും ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചത്. ഏതായാലും 20 വർഷത്തിന് ശേഷമുള്ള പിതാവിന്റെയും മകന്റെയും പുനഃസമാഗമം ഏറെ വാർത്തയായിരിക്കുകയാണ് അറബ് മീഡിയകളിൽ. വനിത ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ അന്വേഷണം നേരിടുകയാണ്.
തൊടുപുഴ: ഭർത്താവിനെയും നാലും ഒൻപതും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു ദിവസം മാത്രം പരിചയമുള്ള ആസാം സ്വദേശിക്കൊപ്പം.
ഭാഷ പോലും വശമില്ലാത്ത യുവതി ഇയാൾക്കൊപ്പം എത്തിയതാകട്ടെ ആസാമിലെ നക്സൽ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിൽ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതീവ സാഹസികമായി പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.
ജീവൻ പോലും പണയം വച്ച് പ്രതികളുമായി കേരളത്തിലേക്ക് തിരിച്ച പോലീസിനു സിആർപിഎഫാണ് സുരക്ഷയേകിയത്.
തൊടുപുഴ തൊമ്മൻകുത്ത് സ്വദേശിയായ യുവതിയാണ് മൂന്നു ദിവസം മാത്രം പരിചയമുള്ള ഇതര സംസ്ഥാനക്കാരനായ കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടത്.
ആസാം ദിംബൂർഗർ ജില്ലയിലെ ഗ്രാമത്തിൽ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുൽ ഗൊഗോയി (31) , തൊമ്മൻകുത്ത് സ്വദേശിനി ഗീത (32) എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റു ചെയ്തത്.
പ്രവാസിയായ ഭർത്താവ് നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കു വന്ന മൈനയുമായി ഗീത അടുപ്പത്തിലാകുകയായിരുന്നു. മൂന്നു ദിവസത്തെ അടുപ്പത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാത്രിയാണ് ഗീത ഇയാളോടൊപ്പം ഇറങ്ങിപ്പോയത്.
തുടർന്ന് ട്രെയിനിൽ ദിംബൂർഗറിൽ എത്തി ഇയാൾക്കൊപ്പം താമസിക്കുകയായിരുന്നു. പുറമെ നിന്നുള്ളവർക്ക് കടന്നുവരാൻ സാധിക്കാത്ത ഗ്രാമീണ മേഖലയിലാണ് യുവതിയെയും കൂട്ടി ഇയാൾ താമസിച്ചിരുന്നത്. ഇയാൾക്ക് സ്വദേശത്ത് ഭാര്യയും കുട്ടിയുമുണ്ട്.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാളിയാർ എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി.
കാളിയാർ എഎസ്ഐ വിജേഷ്, സിപിഒമാരായ അജിത്, ഷൈലജ, ശുഭ എന്നിവർ ആസാമിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സമീപത്തെ മൊറാൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മൈനയുടെ ഗ്രാമവാസികൾ പോലീസ് സ്റ്റേഷൻ വളഞ്ഞു.
തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി.കെ.മധു തമിഴ്നാട് സ്വദേശിയായ ദിംബുഗർ എസ്പി ശ്രീജിത്തുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടി.
പിന്നീട് സ്ഥലത്തു നിന്നും 500 ഓളം കിലോമീറ്റർ അകലമുള്ള ഗുവാഹത്തി എയർപോർട്ട് വരെ ആയുധധാരികളായ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് ഇരുവരെയും വിമാന മാർഗം കേരളത്തിലെത്തിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ജഡ്ജിമാരായ മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചുചേർത്തു. ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 വൈറസ് ബാധിച്ചതിനാൽ പരിഹാര നടപടികൾ സ്വീകരിക്കാൻ എല്ലാ ജഡ്ജിമാരും ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
അഭിഭാഷകർക്കും ജഡ്ജിമാർക്കും വാക്സിനേഷൻ ക്യാമ്പുകൾ സ്ഥാപിക്കാൻ തയ്യാറായെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.
തന്റെ സ്വപ്ന പദ്ധതിയായ ആടുജീവിതത്തിനു വേണ്ടിയുള്ള ശാരീരികമായ തയാറെടുപ്പിലാണ് ഇപ്പോൾ മലയാളത്തിന്റെ പ്രിയനായകൻ പൃഥ്വിരാജ്. ശരീരഭാരം കുറച്ച്, താടിയും മുടിയും നീട്ടി, കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം നജീബ് എന്ന കഥാപാത്രത്തിനായി ഒരുങ്ങുകയാണ്.
ഏകദേശം 30 കിലോയോളം ഭാരം അദ്ദേഹം ചിത്രത്തിനായി കുറച്ചത്രേ. എന്നാൽ താരം പറയുന്നത് ഇത്തരമൊരു സാഹസം എടുക്കാൻ താൻ ആരെയും നിർബന്ധിക്കില്ലെന്നും ഇത് അപകടകരമാണ് എന്നുമാണ്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ സംവിധാനം ബ്ലെസിയാണ്.
ഇടുക്കിയിലെ മറയൂരില്‍ വൃദ്ധന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കം. മറയൂര്‍ ബാബുനഗറില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്ബിദുരൈയുടെ പിതാവ് മാരിയപ്പന് (70) ആണ് കൊല്ലപ്പെട്ടത്. മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ എരുമേലി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു. മാരിയപ്പന്റെ സുഹൃത്ത് മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്പഴകന്(65), എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ വീട്ടില്‍ മിഥുന്(26) എന്നിവരാണ് അറസ്റ്റിലായത്.
ജ്യോത്സ്യനായ മാരിയപ്പന് തമിഴ്നാട്ടിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരില്‍ എത്തിയ മാരിയപ്പന് വീട്ടിലേക്ക് പോകാതെ, സുഹൃത്ത് അന്‍പഴകന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഉണ്ടായിരുന്നു. രാത്രി ഒന്‍പതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു മണിക്ക് ഉണര്‍ന്ന മിഥുന്, വീണ്ടും മദ്യപിക്കാന്‍ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു.
എന്നാല്‍ പണം നല്‍കാത്തതിന്റെ പേരില്‍ മാരിയപ്പനുമായി വഴക്കിട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പന് കൊലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28 മുറിവുകളുണ്ട്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അന്‍പഴകനും കൂടി വീടിന് 200 മീറ്റര്‍ അകലെ കെഎസ്ഇബി ഓഫിസിനു പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.