Latest News

റാന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട പുത്തൻ കാറിൽ കല്ലെടുത്ത് കുത്തിവരച്ച് നശിപ്പിച്ച് പുരോഹിതൻ. കോന്നി ആനക്കല്ലുക്കൽ ഷേർലി ജോഷ്വായുടെ പുത്തൻ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതൻ ഫാ മാത്യൂ കുത്തിവരച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറുടമ പുരോഹിതനെതിരെ കോന്നി പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഷേർലിയും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകൻ ജോജോയുടെ വിവാഹം ആവശ്യത്തിനായിരുന്നു പുതിയ കാർ വാങ്ങിയത്. പയ്യനാമണ്ണിൽ റാസയിൽ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്‍റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു. റാസക്ക് ശേഷം വാഹനം എടുക്കാൻ ബുദ്ധിമുട്ടിയതിൽ പ്രകോപിതനായാണ് പുരോഹിതൻ കാറിൽ കുത്തിവരച്ചെന്നാണ് കരുതുന്നത്.

നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡൽ പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നൽകി. നശിപ്പിക്കപ്പെട്ട കാർ സഭക്ക് നൽകും. സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങൾ മാറ്റണമെന്നും ഇവരോട് ആവശ്യപ്പെട്ടു.

 

റോയ് പാനികുളം

കൊച്ചി : മലയാള സിനിമ നടനും , അധ്യാപകനും , നാടക നടനുമായ ആന്റണി പാലയ്ക്കന്‍ ( ആന്‍സന്‍-72 ) അന്തരിച്ചു . സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പളളിയില്‍ വച്ച് നടക്കുന്നതായിരിക്കും . ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ജൂഡ് പാലിക്കന്റെയും , സിനി ജൂഡിന്റയും സഹോദരനാണ് ആന്റണി പാലയ്ക്കന്‍. കുറച്ചു നാളുകളായി രോഗബാധിതനായിരുന്നു പരേതന്‍ . ഓച്ചന്തുരുത്ത് വൈഎഫ്എ , കൊച്ചിന്‍ നാടക വേദി , കൊച്ചിന്‍ നീലിമ തുടങ്ങിയ നാടക സംഘങ്ങളില്‍ സജീവമായിരുന്നു ആന്റണി പാലയ്ക്കന്‍.


മഹാരാജാസ് കോളജ് ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരിക്കെ , സഹപാഠിയായിരുന്ന നടന്‍ മമ്മൂട്ടിയുമായി ആരംഭിച്ച ചങ്ങാത്തം അവസാന നാള്‍വരെ തുടര്‍ന്നു . അസുഖ ബാധിതനായ പാലയ്ക്കനെ കാണാന്‍ മമ്മൂട്ടി ഓച്ചന്തുരുത്തിലെ സിസി കോട്ടേജില്‍ എത്തിയിരുന്നു. ലേലം സിനിമയില്‍ ക്രൂഷ്ചേവ് കുഞ്ഞച്ചനായി വേഷമിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു . ലേലം കൂടാതെ ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആന്റണി പാലയ്ക്കന്‍ തിളങ്ങിയിട്ടുണ്ട്.


മഹാരാജസിലെ പഠന കാലത്ത് വൈഎഫ്എ അവതരിപ്പിച്ച പിഎന്‍ പ്രസന്നന്റെ സബര്‍മതി എന്ന നാടകം സംവിധാനം ചെയ്തത് ആന്റണി പാലയ്ക്കനായിരുന്നു. കലക്ടറായിരുന്ന കെ ആര്‍ വിശ്വംഭരനും പാലയ്ക്കനൊപ്പം വൈഎഫ്എ നാടകങ്ങളില്‍ സജീവമായിരുന്നു. ഓച്ചന്തുരുത്ത് സെന്റ് പീറ്റേഴ്സ് എല്‍പി സ്‌കൂളിലെ മുന്‍ അറബി അധ്യാപകനായിരുന്നു ആന്റണി പാലയ്ക്കന്‍ . ഭാര്യ റീറ്റ. മക്കള്‍ : ആര്‍തര്‍ , ആല്‍ഡ്രസ് , അനീറ്റ. മരുമക്കള്‍ : ടിറ്റി, റിങ്കു, ജോവിന്‍.

മൂന്ന് ദിവസം മുമ്പ് കാണാതായ അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകകനായ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അധ്യാപികയെ കാണാതായ ദിവസം ഈ അധ്യാപകനും കൂടെ ഉണ്ടായിരുന്നു. കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 തിയ്യതി മുതൽ സ്കൂളിൽ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെ ആണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കടപ്പുറത്ത് നിന്നും മത്സ്യതൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നും രണ്ട് കിലമീറ്റര്‍ അകലെ ദുര്‍ഗപള്ളത്തെ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയ ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നില്‍ ബെല്ലടിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുങ്ങിമരണമെന്നാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ രൂപശ്രീയുടെ മരണം കൊലപാതകമെന്നാണ് ബന്ധുക്ക ആരോപിക്കുന്നത്. രൂപശ്രീയുടെ മൃതദേഹം സംസ്കരിച്ചു.

ജീവിതത്തില്‍ വലിയ അസ്വസ്ഥതകളിലൂടെയും മാനസിക സമ്മര്‍ദങ്ങളിലൂടെയും താന്‍ കടന്നുപോയതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍. മാനസികമായി ഏറെ പിരിമുറുക്കം അനുഭവിച്ച ഒരു സമയമുണ്ടായിരുന്നെന്നും ആത്മഹത്യ ചെയ്യാന്‍ നോക്കിയിട്ടുണ്ടെന്നും പ്രവീണ്‍ കുമാര്‍ വെളിപ്പെടുത്തി. മാനസിക സമ്മര്‍ദങ്ങളെ താന്‍ അതിജീവിച്ചതു എങ്ങനെയാണെന്ന് പ്രമുഖ ദേശിയ മാധ്യമത്തോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

“മീററ്റില്‍ താമസിക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജീവനൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. നല്ല തണുപ്പുള്ള ഒരു ദിവസം അതിരാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റു. മഫ്‌ളര്‍ ധരിച്ച് കാറില്‍ പുറത്തേക്ക് പോയി. തോക്ക് കയ്യില്‍ എടുത്തിരുന്നു. ഹരിദ്വാറിലേക്കുള്ള ഒരു ഹൈവേയില്‍ കാര്‍ നിര്‍ത്തി. വല്ലാത്തൊരു ഒറ്റപ്പെടല്‍ തോന്നിയ നിമിഷങ്ങളായിരുന്നു അത്. കയ്യിലുണ്ടായിരുന്ന തോക്ക് ഞാന്‍ എന്നിലേക്ക് ചേര്‍ത്തുപിടിച്ചു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തമല്ലായിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ എനിക്ക് തോന്നി. എന്നാല്‍, അപ്പോഴാണ് കാറില്‍ സൂക്ഷിച്ചിരുന്ന മക്കളുടെ ഫൊട്ടോ കണ്ടത്. മക്കളെ ഇവിടെ തനിച്ചാക്കി ഞാന്‍ പോകുന്നത് എങ്ങനെ എന്ന് എനിക്ക് തോന്നി. എന്റെ നിഷ്‌കളങ്കരായ മക്കളോട് ഞാന്‍ ഇത് ചെയ്യാന്‍ പാടില്ല എന്നും മനസ്സില്‍ പറഞ്ഞു” പ്രവീണ്‍ കുമാര്‍ പങ്കുവച്ചു.

മദ്യലഹരിയിൽ അയൽവാസിയെയും മകനെയും മർദിച്ചെന്ന ആരോപണത്തെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് നിരവധി വിമർശനങ്ങൾ കേട്ട താരമാണ് പ്രവീൺ കുമാർ. അയൽവാസിയെയും അയാളുടെ ഏഴ് വയസുള്ള മകനെയും പ്രവീൺ കുമാർ ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതി. നേരത്തെയും പ്രവീൺ കുമാറിനെതിരെ സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 68 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും പ്രവീണ്‍ കുമാര്‍ കളിച്ചിട്ടുണ്ട്. 68 ഏകദിനങ്ങളില്‍ നിന്നായി 77 വിക്കറ്റുകളാണ് പ്രവീണ്‍ കുമാര്‍ നേടിയിട്ടുള്ളത്.

കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. സഭയുടെ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഇടയലേഖനത്തിലാണ് ലൗ ജിഹാദ് പരാമര്‍ശം.

വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തിൽ പ്രധാനമായും പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

എന്നാൽ, ലൗ ജിഹാദ് പരാമർശമുള്ള ഇടയലേഖനത്തിനെതിരെ സിറോ മലബാർ സഭയിലെ തന്നെ ഒരു വിഭാഗം വെെദികർ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ ഇടയലേഖനം വായിച്ചില്ല. സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഖപത്രം ‘സത്യദീപം’ നേരത്തെ രംഗത്തെത്തിയിരുന്നു.

സഭാനിലപാട് മതസൗഹാർദം തകർക്കുമെന്നും ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിഒസി ഡയറക്ടർ ജന്മഭൂമിയിലെഴുതിയ ലേഖനത്തെയും സത്യദീപം വിമർശിക്കുന്നു. സഭയ്ക്കുള്ളിലെ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.

ഹൈക്കോടതി ഇടപെട്ട് 2010ൽ​ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന്​ തെളിഞ്ഞതാണ്​. കൂടാതെ 2014ൽ ഉത്തർപ്രദേശ്​ കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻഐഎ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളു മുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരിൽ മുസ്​ലിം, ഹിന്ദു മതങ്ങളിൽനിന്ന്​ ക്രിസ്​ത്യൻ മതത്തിലേക്ക്​ മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന്​ സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ (45) മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യാന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം തേടി പൊലീസ് കത്തു നല്‍കി. പത്ത് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മകനും ഭര്‍ത്താവും മരിച്ചശേഷം അമ്മ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. മനഃശാസ്ത്രജ്ഞരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം.

മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്ന് ആളുകള്‍ വരാന്‍ സാധ്യത കുറവായതിനാല്‍ അമ്മയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറയുന്നു. അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലാണ് ജാഗി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ മുറിയില്‍ കണ്ടെത്താനായിട്ടില്ല. ശരീരത്തില്‍ മുറിവുകളില്ലായിരുന്നു. കുഴഞ്ഞു വീണതാണോ ബല പ്രയോഗത്തിലൂടെ തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ജാഗിയുടെ അമ്മയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കുറവന്‍കോണം ഹില്‍ ഗാര്‍ഡന്‍സിലെ വീട്ടിലാണ് അമ്മയ്ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്.

രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള തീരുമാനമെടുത്ത ഹാരി രാജകുമാരനും ഭാര്യ മേഗൻ മാര്‍ക്കിളും ഇനിമുതല്‍ രാജകീയ ചിഹ്നങ്ങളൊന്നും ഉപയോഗിക്കില്ല. വിന്‍ഡ്പുസര്‍ ഹോം പുതുക്കി പണിയാന്‍ ചിലവഴിച്ച് 221 കോടി തിരിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഇനി മുതല്‍ എങ്ങിനെയായിരിക്കും ഹാരിയോടും കുടുംബത്തോടും രാജകുടുംബത്തിന്‍റെ പെരുമാറ്റം എന്നത് സംബന്ധിച്ച് രാജ്ഞി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘നിരവധി മാസത്തെ സംഭാഷണങ്ങൾക്കും സമീപകാല ചർച്ചകൾക്കും ശേഷം എന്റെ ചെറുമകനും കുടുംബത്തിനും മുന്നോട്ടു പോകാന്‍ ക്രിയാത്മകമായൊരു വഴി കണ്ടെത്താന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന്’ രാജ്ഞി ആമുഖമായി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും ഹാരിയും മേഗനും ഇത്രകാലം നടത്തിയ എല്ലാ സേവനങ്ങള്‍ക്കും നന്ദിപറഞ്ഞ രാജ്ഞി, എല്ലാ രാജകീയ ചിഹ്നങ്ങളും നഷ്ടപ്പെടുമെങ്കിലും ഹാരി ഒരു രാജകുമാരനായിതന്നെ തുടരുമെന്നും പറഞ്ഞു. അത് ഭാവിയില്‍ രാജകീയ ചുമതലകളിലേക്ക് മടിങ്ങിവരാന്‍ തോന്നിയാല്‍ അവര്‍ക്ക് അതിനുള്ള വഴിയൊരുക്കും.

അതേസമയം, ഇരുവരും രാജകുടുംബത്തില്‍ നിന്ന് പുരത്തുപോകുന്നതിനെ കുറിച്ചല്ല, അവര്‍ക്കായി ചിലവഴിക്കുന്ന പൊതു പണത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ കൂടുതലും നടക്കുന്നത്. ഇരുവവര്‍ക്കും താമസിക്കാനായി ഫ്രോഗ്മോർ കോട്ടേജ് പുതുക്കിപ്പണിയാൻ വമ്പന്‍ തുക പൊതുഖജനാവില്‍നിന്നും ചിലവഴിച്ചിരുന്നു. തുടര്‍ന്നും അവര്‍ അവിടെത്തന്നെ തുടരും. എന്നാല്‍ ചിലവായ തുക തിരിച്ചടക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.

യുകെ-യിലും കാനഡ-യിലുമായി ജീവിക്കാനുള്ള അവരുടെ തീരുമാനവും ചിലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് പൊതുചര്‍ച്ച. സസെക്സ് കുടുംബത്തെ സംരക്ഷിക്കുന്നതിനായി മെട്രോപൊളിറ്റൻ പോലീസ് പ്രതിവർഷം 600,000 ഡോളറാണ് ചെലവഴിക്കുന്നത്. എന്നാല്‍ അതിനെകുറിച്ച് ചര്‍ച്ചചെയ്യാന്‍ ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ തയ്യാറായിട്ടില്ല. സാമ്പത്തികമായി സ്വതന്ത്രമാകാനും, പണത്തിനുവേണ്ടി കൊട്ടാരത്തെ ആശ്രയിക്കാതിരിക്കാനുമാണ് ഹാരിയും മേഗനും തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജകീയ പദവികള്‍ ഒഴിയുകയാണെന്ന വിവരം കഴിഞ്ഞ ബുധനാഴ്ച് (ജനുവരി എട്ട്) അവര്‍ പരസ്യമാക്കിയത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. അതിനു മുന്‍പ് രാജ്ഞിയുമായോ പിതാവ് ചാള്‍സുമായോ ജ്യേഷഠന്‍ വില്യമുമായോ ഇക്കാര്യം സംസാരിച്ചിരുന്നില്ല. അത് കുടുംബാംഗങ്ങളുമായുള്ള അവരുടെ അകല്‍ച്ചയുടെ സൂചനയാണെന്നും, ഏറെക്കാലംകൊണ്ട് എടുത്ത തീരുമാനമാണെന്നും പറയപ്പെടുന്നു.

മഞ്ചേശ്വരത്ത് മൂന്നു ദിവസം മുന്‍പു കാണാതായ അധ്യാപികയെ ദുരൂഹസാഹചര്യത്തില്‍ കടപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ചന്ദ്രകൃപയിലെ എ ചന്ദ്രശേഖരന്റെ ഭാര്യ ബി കെ രൂപശ്രീയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്തു കിടന്നിരുന്ന മൃതദേഹത്തിന്റെ തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു. ഒരാള്‍ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

മിയാപദവ് എസ്വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ജനുവരി 16നാണ് കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ രൂപശ്രീയുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നു 2 കിലോമീറ്റര്‍ അകലെ ദുര്‍ഗിപള്ളത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അതിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോണ്‍ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. പരേതനായ കൃഷ്ണ ഭണ്ഡാരിയുടെയും എല്‍ഐസി ഏജന്റ് ലീലാവതിയുടെയും മകളാണ് രൂപശ്രീ. മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനാണു ഭര്‍ത്താവ് ചന്ദ്രശേഖരന്‍. മക്കള്‍: കൃതിക്, കൃപ. സഹോദരങ്ങള്‍: ദീപ, ശില്‍പ.

ശബാന ആസ്മിക്ക് വേണ്ടി പ്രാര്‍ഥിച്ച് പ്രമുഖര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സിനിമാ രംഗത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.

ശബാന ആസ്മിക്കുണ്ടായ അപകടം അസ്വസ്ഥപ്പെടുത്തുന്നത് എന്നു കുറിച്ച നരേന്ദ്ര മോദി എത്രയും വേഗം സുഖമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലതാ മങ്കേഷ്കര്‍ തുടങ്ങി നിരവധി പേര്‍ ട്വീറ്റുകളുമായി രംഗത്തെത്തി.

അതേസമയം ശബാന ആസ്മി അപകടനില തരണം ചെയ്തതായി മഹാത്മാ ഗാന്ധി ആശുപത്രിയിൽ നിന്നുള്ള ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മുംബൈ-പുനെ എക്‌സ്പ്രസ് പാതയില്‍ അപകടം ഉണ്ടായത്. ശബാനയും ഭർത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാർ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ശബാന ആസ്മിയെ കലാംബോളിയിലുള്ള മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ടാറ്റ സഫാരിയുടെ മുൻവശം തകർന്ന നിലയിലാണ്. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. ജാവേദ് അക്തറിന് പരിക്കില്ല.

ശബാനയക്ക് പുറമെ ഇവരുടെ ഡ്രൈവർക്കും, മറ്റൊരു സ്ത്രീക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ട്രക്ക് ഡ്രൈവറുടെ പരാതിയില്‍ ശബാന ആസ്മിയുടെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഹോളിവുഡ് ഐക്കണ്‍ ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സില്‍ നിന്നും ‘ഫോക്‌സ്’ പുറത്ത്. കമ്പനി ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോ എന്ന പേരുമാറ്റുന്നതായി ഡിസ്‌നി അറിയിച്ചു. ആര്‍ട്ട് ഹൗസ് പ്രൊഡക്ഷന്‍ കമ്പനി ഫോക്‌സ് സെര്‍ച്ച്ലൈറ്റ് ഇനി മുതല്‍ സെര്‍ച്ച്ലൈറ്റ് പിക്‌ചേഴ്‌സ് എന്ന് അറിയപ്പെടും. കഴിഞ്ഞവര്‍ഷമാണ് ഡിസ്‌നി 7100 കോടി ഡോളര്‍ ഇടപാടിലൂടെ സ്റ്റുഡിയോയും ഫോക്‌സിന്റെ സ്വത്തുക്കളും സ്വന്തമാക്കിയത്. കമ്പനിയുടെ ലോഗോ ടെറ്റില്‍ കാര്‍ഡ് തുടങ്ങിയവയെല്ലാം ‘ഫോക്‌സ്’ ഇല്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു

സെര്‍ച്ച്ലൈറ്റ് പിക്‌ചേഴ്‌സ് എന്ന ബ്രാന്‍ഡിലെ പ്രഥമചിത്രം ‘ഡൗണ്‍ഹില്‍’ ഫെബ്രുവരി 14 ന് പുറത്തിറങ്ങും. ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോയുടെ പേരിലുള്ള ആദ്യചിത്രം ‘ദ കാള്‍ ഓഫ് ദ വൈല്‍ഡ്’ ഫെബ്രുവരി 21 നായിരിക്കും പുറത്തിറങ്ങുക. അതേസമയം ഫോക്‌സിന്റെ മറ്റ് വിഭാഗങ്ങളായ ഫോക്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ഫോക്‌സ് സ്‌പോര്‍ട്‌സ്, ഫോക്‌സ് ന്യൂസ് എന്നിവ ഫോക്‌സ് കോര്‍പ്പറേഷന്റെ തന്നെ ഭാഗമായി തുടരും.

പേരുമാറ്റത്തിലൂടെ ഹോളിവുഡിലെ ഒരു യുഗമാണ് അവസാനിക്കുന്നത്. 1935-ല്‍ ട്വന്റിയത്ത് സെഞ്ച്വറി പിക്‌ചേഴ്‌സും ഫോക്‌സ് ഫിലിംസും ഒന്നായാണ് ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ് രൂപം കൊണ്ടത്. ഹോളിവുഡിലെ ഏറ്റവും ജനപ്രിയമായ ‘ഡൈ ഹാര്‍ഡ്, ഏലിയന്‍, മിറാക്കിള്‍ ഓണ്‍ 34-ത് സ്ട്രീറ്റ്, ഓള്‍ എബൗട്ട് ഈവ്, ഹോം എലോണ്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ബ്രാന്‍ഡില്‍ പിറന്നത്.

Copyright © . All rights reserved