ഏഷ്യാ കപ്പിന് ദുബയ് വേദിയാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പാക്കിസ്ഥാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന വേദി. എന്നാൽ, വേദി മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി.
നേരത്തെ, ഏഷ്യാകപ്പിന്റെ വേദിയായി തീരുമാനിച്ചത് പാകിസ്ഥാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് വേദിമാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ്ക്ക് നറുക്കു വീണത്. ദുബയ് ഏഷ്യാ കപ്പിന് വേദിയാകുമ്പോള്‍ ഇന്ത്യ പാകിസ്ഥാനോട് ഏറ്റുമുട്ടുമെന്ന് ഗാംഗുലി പറഞ്ഞു. നിഷ്പക്ഷമായ വേദിയില്‍ വെച്ച് മത്സരം നടക്കുകയാണെങ്കില്‍ പാക്കിസ്ഥാനോട് കളിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്∙ ജയിലില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിനെതിരെ കസബ പൊലിസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു. കോഴിക്കോട് ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജോളിയെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് സെന്‍റിമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള കൈത്തണ്ടയിലെ മുറിവ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്‍റെ സഹായത്തോടെയാണ് തുന്നിച്ചേര്‍ത്തത്. ആരോഗ്യനില തൃപ്തികരമാണെന്ന വിലയിരുത്തലിലാണ് ജോളിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ആത്മഹത്യാപ്രവണത കാണിക്കുന്ന ജോളിക്ക് കൗണ്‍സലിങ് അടക്കമുള്ളവ നല്‍കേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് ബീച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇവര്‍ക്ക് വിഷാദ രോഗമാണെന്നാണ് നിഗമനം.
എന്നാല്‍ കൈഞരമ്പ് മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പല്ലുകൊണ്ട് കടിച്ചുമുറിച്ചുവെന്ന് ജോളി പറയുന്നുണ്ടെങ്കിലും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കല്ലുകൊണ്ടോ ചുമരില്‍ ഇളകി നില്‍ക്കുന്ന ടൈൽ കഷ്ണം കൊണ്ടോ ആത്മഹത്യാശ്രമം നടത്തിയതാകാം എന്നാണ് നിഗമനം. ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ കസബ പൊലിസ് ജോളിയില്‍ നിന്ന് മൊഴിയെടുക്കും.
ഉയരക്കുറവിന്റെ പേരില്‍ സഹപാഠികള്‍ കുറ്റപ്പെടുത്തിയപ്പോള്‍ ഹൃദയം നൊന്ത് കരഞ്ഞ ക്വാഡനെ ലോകം ചേര്‍ത്ത് പിടിച്ചിരുന്നു. ഹ്യൂ ജാക്ക്മാന്, അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യം തുടങ്ങിയ പ്രമുഖരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയത്.
ബ്രാഡ് വില്യം ഡിസ്നിലാൻഡിലേക്ക് പോകുവാന്‍ ടിക്കറ്റ് ക്വാഡന് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഇവിടേക്ക് പോകുന്നില്ലെന്നും എല്ലാവരും സമാഹരിച്ച് നല്കിയ 47.5 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുവാനാണ് തീരുമാനിക്കുന്നതെന്ന് ക്വാഡന്റെ കുടുംബം പറയുന്നു.
സമൂഹത്തില്‍ നിന്നും ഇത്തരം പരിഹാസം കേട്ട് ജീവിതം അവസാനിപ്പിച്ച ആളുകള്‍ ധാരാളമുണ്ടെന്നും ഇനിയും ആരുടെയും ജീവിതം ഇത്തരത്തില്‍ പൊലിയാതിരിക്കുവാനുള്ള മുന്‍കരുതലാണ് നമ്മള് സ്വീകരിക്കേണ്ടതെന്ന നിലപാടാണ് ക്വാഡന്റെ കുടുംബത്തിനുള്ളത്. ഇതിനായി തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ക്വാഡന്റെ കുടുംബം പറഞ്ഞു.
ബെംഗളൂരു∙ കവര്‍ച്ചയ്ക്കിടെ ഉറങ്ങിപ്പോയ മോഷ്ടാവിനെ വീട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. ബിഹാര്‍ സ്വദേശി അനില്‍ സഹാനിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മദ്യലഹരിയില്‍ മോഷണത്തിനിറങ്ങിയ അനില്‍ സഹാനി ആദ്യം കണ്ട പൂട്ടിക്കിടന്ന വീട്ടില്‍ തന്നെ കേറാനുറച്ചു. മേല്‍ക്കൂരയിലെ ഓടുപൊളിച്ച് വീടിനകത്തിറങ്ങിയ സഹാനിക്ക് കാര്യമായൊന്നും തിരയാനായില്ല.
ക്ഷീണം എറെയുള്ളതിനാലും വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് ഉറപ്പായതിനാലും ഒന്നു മയങ്ങിയിട്ടാകാം കവര്‍ച്ചയെന്നായി തീരുമാനം. ഇതോടെ അടുത്തു കിടന്ന സോഫയില്‍ക്കയറി ഉറക്കമായി. എന്നാല്‍ സമയം പോയതറിഞ്ഞില്ല. പുലര്‍ച്ചെ മടങ്ങിയെത്തിയ വീട്ടുടമസ്ഥന്‍ ഒാട് പൊളിച്ചിരിക്കുന്ന കണ്ട് പരിഭ്രാന്തനായി, തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹാളിലെ സോഫയില്‍ സുഖമായുറങ്ങുന്ന അനില്‍ സഹാനിയെ കണ്ടെത്തിയത്.വിളിച്ചുണര്‍ത്തിയതിന് പിന്നാലെ കള്ളനെ പൊതിരെത്തല്ലി കെട്ടിയിട്ട ശേഷമാണ് ഉടമസ്ഥന്‍ പൊലീസിലറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.
ദോഹ∙ താലിബാനുമായുള്ള ചരിത്ര കരാറിൽ യുഎസ് ഒപ്പിട്ടു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് യുഎസ് പ്രത്യേക സ്ഥാനപതി സൽമെ ഖാലിൽസാദും താലിബാൻ രാഷ്ട്രീയ മേധാവി മുല്ല അബ്ദുൾ ഘാനി ബറാദറും സമാധാന കരാർ ഒപ്പുവച്ചത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. കരാർ വ്യവസ്ഥകൾ താലിബാൻ പൂർണമായും പാലിച്ചാൽ മാത്രമായിരിക്കും പിന്മാറ്റം.
18 വർഷം അഫ്ഗാനിസ്ഥാനിൽ നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന കരാർ ഒപ്പുവയ്ക്കുന്ന ചരിത്ര മുഹൂർത്തം വീക്ഷിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെത്തന്നെ ദോഹയിൽ എത്തിയിരുന്നു. കരാറിന്റെ തുടർനടപടികളുടെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ കാബൂളിലെത്തി അഫ്ഗാൻ പ്രസിഡന്റിനെ കാണും.
യുഎസുമായി ഇനിയൊരു സൈനിക ഏറ്റുമുട്ടൽ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താലിബാൻ സമാധാന കരാറിലേക്ക് നീങ്ങിയതെന്ന് മൈക് പോംപിയോ പറഞ്ഞു. താലിബാൻ വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ അപ്രസക്തമാകും. ഇതൊരു തുടക്കം മാത്രമാണെന്നും മുന്നോട്ടുള്ള പാത അത്ര എളുപ്പമല്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു (9/11) പിന്നാലെ ഒക്ടോബർ 7നാണ് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി ആരംഭിക്കുന്നത്. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിച്ചു. മൂന്നുനാലു വർഷം ദുർബലമായിക്കിടന്ന താലിബാൻ 2006 മുതൽ ശക്തമായ ആക്രമണങ്ങളുമായി ഭീഷണി ഉയർത്തി.2009ൽ യുഎസ് പ്രസിഡന്റായി ബറാക് ഒബാമ അധികാരമേറ്റതിനു പിന്നാലെ പല ഘട്ടങ്ങളിലായി അഫ്ഗാനിലെ യുഎസ് സൈനികശേഷി വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇത് ഒരു ലക്ഷം സൈനികർ വരെയായിരുന്നു. പിന്നീടാണ് ഇറാഖിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള പിന്മാറ്റ പദ്ധതി ഒബാമ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഇരുരാജ്യങ്ങളിൽനിന്നും യുഎസ് സേന പിന്മാറിയെങ്കിലും കുറച്ചു സൈനികർ (അഫ്ഗാനിൽ 14,000, ഇറാഖിൽ 6000) അതതു രാജ്യങ്ങളിൽ തുടരുന്നുണ്ട്.
അവസാനത്തെ വിദേശ സൈനികനും രാജ്യം വിടാതെ ആയുധം താഴെവയ്ക്കില്ലെന്നു പ്രഖ്യാപിച്ച താലിബാനെ സമാധാനക്കരാറിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഇതിൽ യുഎസിനുള്ള നേട്ടം. ഭീകരരായി പ്രഖ്യാപിച്ചു തങ്ങളെ തുടച്ചുനീക്കാൻ ഒരുമ്പെട്ടവർ ഒടുവിൽ സമാധാനക്കരാറുമായി എത്തിയത് താലിബാന്റെ വിജയവുമാണ്.
കരാർ യാഥാർഥ്യമാകുന്നതിനു പിന്നാലെ വിദേശ സൈനികർ പൂർണമായി രാജ്യം വിടും; പകരം, യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾക്ക് തങ്ങൾ താവളമൊരുക്കില്ലെന്നാണ് താലിബാൻ നൽകുന്ന ഉറപ്പ്. അഫ്ഗാൻ ജയിലുകളിലെ 5000 പേരെ മോചിപ്പിക്കണമെന്ന താലിബാന്റെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നു വ്യക്തമല്ല.
നിലവിൽ ഈ കരാറിൽ അഫ്ഗാൻ ഭരണകൂടം കക്ഷിയല്ല. സമാധാനക്കരാറിനു പിന്നാലെ, താലിബാനും അഫ്ഗാൻ ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് വാതിൽ തുറക്കും. ഇത്, അഫ്ഗാനിൽ സുസ്ഥിര ഭരണകൂടം യാഥാർഥ്യമാകുന്നതിലേക്കു കൂടി നയിക്കുമെന്നാണു ലോകരാജ്യങ്ങളുടെ പ്രതീക്ഷ.
ഒട്ടാവ: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും പത്നി മേഗന്റെയും സുരക്ഷയ്ക്ക് സർക്കാർ ഖജനാവിൽനിന്നു പണം ചെലവഴിക്കില്ലെന്നു കാനഡ വ്യക്തമാക്കി. മാർച്ച് 31നുശേഷം സുരക്ഷയ്ക്കുള്ള പണം സ്വന്തനിലയിൽ കണ്ടെത്തണം.
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബൗളിംഗിലും ബാറ്റിംഗിലും ന്യൂസിലൻഡിന് മേൽകൈ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 242 റണ്‍സിന് വീഴ്ത്തിയ കിവീസ് ഒന്നാംദിനം കളിനിർത്തുമ്പോൾ വിക്കറ്റ് പോകാതെ 63 എന്ന ശക്തമായ നിലയിലാണ്. ടോം ബ്ലണ്ടൽ (29), ടോം ലാതം (27) എന്നിവരാണ് ക്രീസിൽ. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 242 റണ്‍സിന് പുറത്തായിരുന്നു. ഹനുമ വിഹാരി (55), പൃഥ്വി ഷാ (54), ചേതേശ്വർ പൂജാര (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി (3) ഒരിക്കൽ കൂടി പരാജയമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ കെയ്ൽ ജാമിസനാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 85/2 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യ പിന്നീട് തകർച്ചയിലേക്ക് വീഴുകയായിരുന്നു. അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം പരാജയമായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോൾട്ടും ടിം സൗത്തിയും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.
ഇളവൂരിൽ പുഴയിൽ വീണു മരിച്ച ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും. “എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. എന്റെ കുഞ്ഞിന്റെ മരണത്തിലെ സത്യം അറിയണമെന്നും’ ദേവനന്ദയുടെ അമ്മ ധന്യ തേങ്ങലടക്കി പറഞ്ഞു. പുഴക്കരയിലൂടെ കുട്ടി ഇതുവരെ ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ഒരിക്കലും ആറിനു മറുകരയിലെ ക്ഷേത്രത്തിൽ പോയിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ആളല്ല. നിമിഷ നേരെകൊണ്ടാണ് കുഞ്ഞിനെ കാണാതായത്. വീടിനുള്ളിലുണ്ടായിരുന്ന തന്റെ ഷോളും കാണാതായി. ഷോൾ ധരിച്ച് മകൾ ഒരിക്കലും പുറത്തുപോയിട്ടില്ല.
മൃതദേഹം കണ്ടെത്തിയ സ്ഥലം മുൻപ് കുട്ടി കണ്ടിട്ടില്ല. എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. കുറ്റവാളിയെ കണ്ടെത്തണമെന്നും ധന്യ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുമെന്ന് അച്ഛൻ പ്രദീപും പറഞ്ഞു. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയാണ്. കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്ക് പോകില്ലെന്നും മുത്തച്ഛൻ മോഹനൻ പിള്ള പറഞ്ഞു. കാണാതാകുമ്പോൾ കുട്ടി അമ്മയുടെ ഷാൾ ധരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തിക്കരയാറ്റിന്റെ കൈവഴിയായ പള്ളിമൺ ആറിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30ന് പോലീസിന്റെ മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടിൽനിന്ന് എഴുപത് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയി ലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. കാണാതാകുമ്പോൾ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്റ്സും റോസ് ഷർട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തിൽ കുടുങ്ങിയ നിലയിലുമായിരുന്നു.
ഒരാഴ്ചയ്ക്കിടെ ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മരണം. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്‍ ഉണ്ടായത്. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ മൂന്നാമത്തെയാള്‍ മരിച്ചത്. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.
മരണകാരണം കോവിഡോ എച്ച്‍ വണ്‍ എന്‍ വണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കോട്ടയം ഡി.എം.ഒ. ഡോ.ജേക്കബ് വര്‍ഗീസ് പറഞ്ഞു.
ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ ആരോപിക്കുന്നു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകാന്‍ വഴിയില്ലെന്ന് മുത്തച്ഛന്‍ പറയുന്നു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ല.
അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് മുത്തച്ഛന്‍ പറയുന്നു. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് പുഴ ഉള്ളത്. അമ്മ അലക്കാന്‍ പുറകിലേക്ക് പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. അമ്മയോട് പറയാതെ എവിടെയും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.