Latest News

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടു. ഡിസംബര്‍ 19ന് കൊല്‍ക്കത്തയിലാണ് ലേലം നടക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐപിഎല്ലിന്റെ ലേലത്തിനു ആതിഥേയത്വം വഹിക്കുന്നത്.

പുതിയ സീസണില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും നേരത്തേ കൈമാറിയിരുന്നു. ഒഴിവാക്കപ്പെട്ട താരങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കളിക്കാരുമായിരിക്കും ഇത്തവണ ലേലത്തിനുണ്ടാവുക. ലേലത്തിനു സ്ഥിരമായി ചുക്കാന്‍ പിടിക്കുന്ന ഹ്യുഗ് എഡ്മിയെഡസ് തന്നെയായിരിക്കും ഇത്തവണയും നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുക.

971 താരങ്ങള്‍

വിവിധ രാജ്യങ്ങളില്‍ നിന്നായി 971 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 713 പേര്‍ ഇന്ത്യയില്‍ നിന്നുള്ള കളിക്കാരാണെങ്കില്‍ 258 പേര്‍ വിദേശ താരങ്ങളാണ്. 713 ഇന്ത്യന്‍ താരങ്ങളില്‍ 19 പേര്‍ മാത്രമേ ഒരു തവണയെങ്കിലും ദേശീയ ടീമിനായി കളിച്ചിട്ടുള്ളൂ. ശേഷിച്ച 634 പേരും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല.

അതേസമയം, 258 വിദേശതാരങ്ങളില്‍ 196 പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. ശേഷിച്ച 60 പേര്‍ക്കു രാജ്യത്തിനായി അരങ്ങേറാനായിട്ടില്ല. രണ്ടു അസോസിയേറ്റ് താരങ്ങളും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ അമേരിക്കയില്‍ നിന്നുള്ള താരമാണ്.

ലേലത്തില്‍ ഏതൊക്കെ കളിക്കാരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നു എട്ടു ഫ്രാഞ്ചൈസികളും ചുരുക്കപട്ടിക സമര്‍പ്പിക്കേണ്ടതുണ്ട്. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കു മുമ്പായി ഫ്രാഞ്ചൈസികള്‍ ഈ ലിസ്റ്റ് നല്‍കണം.

ഒരു ഫ്രാഞ്ചൈസിക്കു പരമാവധി നിര്‍ത്താവുന്ന കളിക്കാരുടെ എണ്ണം 25 ആണ്. എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി 73 താരങ്ങളെ മാത്രമേ വരാനിരിക്കുന്ന ലേലത്തില്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇവരില്‍ 29 പേര്‍ വിദേശ കളിക്കാരുമായിരിക്കണം.

ദക്ഷിണാഫ്രിക്കയും ഓസീസിനും ഇഞ്ചോടിഞ്ച്

വിദേശ താരങ്ങളില്‍ ഏറ്റവുമധികം പേര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 55 താരങ്ങളാണ് ഐപിഎല്ലില്‍ അവസരം മോഹിച്ച് രംഗത്തുള്ളത്. 54 കളിക്കാരുമായി ദക്ഷിണാഫ്രിക്ക തൊട്ടുതാഴെയുണ്ട്.

ശ്രീലങ്കയില്‍ നിന്നും 39ഉം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും 34ഉം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ന്യൂസിലാന്‍ഡ് (24), ഇംഗ്ലണ്ട് (22), അഫ്ഗാനിസ്താന്‍ (19), ബംഗ്ലാദേശ് (6), സിംബാബ്‌വെ (3), ഹോളണ്ട് (1), അമേരിക്ക (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

വില കൂടിയ താരങ്ങള്‍

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ് ലേലത്തില്‍ ഏറ്റവുമധികം അടിസ്ഥാന വിലയുള്ളത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇവരെക്കൂടാതെ ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ലല്‍വുഡ്, ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് എന്നിവരുടെയും അടിസ്ഥാന വില രണ്ടു കോടിയാണ്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് എന്നിവര്‍ക്കു 1.5 കോടി അടിസ്ഥാന വിലയുണ്ട്. റോബിന്‍ ഉത്തപ്പയാണ് ഇക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ താരം.

അടുത്തിടെ മലയാള സിനിമയില്‍ ലഹരിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും സിനിമാസെറ്റുകളില്‍ ലഹരി പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല നടന്‍മാരും ഇതിനോട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നടന്‍ മഹേഷാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍ മഹേഷ് പറഞ്ഞു. ഷൈന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മാതാക്കളുടെ പരാമര്‍ശമുണ്ടായത്.

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും അങ്ങനെയുള്ളവരല്ലെന്നും മഹേഷ് പറഞ്ഞു. 10 ശതമാനം യുവനടന്മാരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായി ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയാണെന്നും മഹേഷ് പറഞ്ഞു. യുവനടന്‍മാരുടെ കാരവനുകളില്‍ ലഹരിയുണ്ടെന്നും മഹേഷ് വ്യക്തമാക്കി.

ഷെയിന്‍ നിഗം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല. പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ അവന്‍ കൊച്ചി ഭാഷയില്‍ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതാകാം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും എസിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.

വിവാദങ്ങൾക്കിടെ അവാർഡിന്റെ തിളക്കത്തിൽ നടൻ ഷെയിൻ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയിൻ ഏറ്റുവാങ്ങി. തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്ന് അവാർഡ് സ്വീകരിച്ച ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിനെ കയ്യടിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ സദസ്സ് സ്വീകരിച്ചത്.

”എന്റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.

”ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.

”എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”- ഷെയ്ൻ പറഞ്ഞു.

അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ വേദിസ്വീകരിച്ചത്.

വലയിൽ കുടുങ്ങിയ മത്സ്യത്തെ കണ്ട് അന്തം വിട്ട് മത്സ്യ തൊഴിലാളികൾ. 3 കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളൻ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂർത്ത മുള്ളുകൾ, അതിലും കൂർത്ത പല്ലുകൾ എന്നിവയാണ് വലയിൽ കുടുങ്ങിയ മീനിന്റെ ശരീര ഘടന. ഇത്തരത്തിലൊരു മത്സ്യത്തെ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്ന് മത്സ്യ തൊഴിലാളികളായ സുരേന്ദ്രൻ, വേണു, ഉദയൻ എന്നിവർ പറഞ്ഞു.

പുഞ്ചാവി കടപ്പുറത്ത് നിന്നു മീൻ പിടിക്കാൻ പോയതായിരുന്നു ഇവർ. പരീക്ഷണാർഥം മീനിന്റെ വായിലിട്ടു കൊടുത്ത സാധനങ്ങൾ നിമിഷങ്ങൾക്കകം ഇതു കടിച്ചു മുറിച്ചു കളയും ചെയ്തു. ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാത്തതിനാൽ മീനിനെ കടലിലേക്ക് തിരികെ വിടുകയായിരുന്നുവെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.

സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സര്‍വകലാശാലകളിലെ യൂണിയന്‍ നേതാക്കള്‍ക്ക് ലണ്ടനില്‍ നേതൃത്വപരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ബ്രിട്ടനിലെ കാ‍ര്‍ഡിഫ് സര്‍വകലാശാലയിലാണ് പരിശീലനം നല്‍കുന്നത്. സര്‍വകലാശാലകളിലെ ഭൂരിപക്ഷം നേതാക്കളും എസ്എഫ്ഐ പ്രവര്‍ത്തകരാണ്.

കാര്യവട്ടത്ത് മലയാളി ക്രിക്കറ്റ് പ്രേമികള്‍ അത്രയധികം പ്രതീക്ഷയിലായിരുന്നു. തങ്ങളുടെ ഹീറോ സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ പാഡണിയും. വിന്‍ഡീസിനെതിരായ രണ്ടാം ടി20ക്ക് മുന്‍പ് ടീം ഇന്ത്യ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോഴും ആരാധകര്‍ അതുറപ്പിച്ചു. കാരണം, സഞ്ജുവിന്‍റെ കയ്യില്‍ ഗ്ലൗസുണ്ടായിരുന്നു. എന്നാല്‍ ടീം ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ പന്ത് അകത്ത്, സഞ്ജു പുറത്ത്.

പിന്നെ കണ്ടത് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പോരാട്ടം മാത്രമല്ല. ആരാധകരും ഇന്ത്യന്‍ ടീമും നാട്ടിലെ മത്സരത്തില്‍ മുഖാമുഖം വന്നു. ആരാധകരുടെ കലിപ്പ് അത്രയും ഋഷഭ് പന്തിനോടായിരുന്നു. പന്ത് ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍, വിക്കറ്റ് കീപ്പിംഗ് ചെയ്യുമ്പോള്‍…ആരാധകര്‍ കൂവിവിളിച്ചു. ഇതോടെ കാര്യവട്ടത്തെ കളി കാര്യമായി.

ഒടുവില്‍ നായകന്‍ വിരാട് കോലിക്ക് ആരാധകരോട് പറയേണ്ടിവന്നു വായടക്കാന്‍. ഗാലറിക്കരികില്‍ ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ കൂവിവിളിക്ക് പകരം കയ്യടിക്കാന്‍ കോലി ആവശ്യപ്പെട്ടു. ഗ്രൗണ്ടില്‍ തീര്‍ന്നില്ല ഈ ആരാധക പോരാട്ടം. സാമൂഹ്യമാധ്യമങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ അസ്വസ്തരാണ്. സഞ്ജുവിനെ കാര്യവട്ടത്ത് കളിപ്പിക്കാതിരുന്നാല്‍ പ്രതിഷേധിക്കാന്‍ ആരാധകര്‍ പദ്ധതിയിടുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഉന്നാവോ ബലാത്സംഗ ഇരയും പ്രതികളാല്‍ തീ കൊളുത്തപ്പെട്ട് അതീവ ഗുരുതരമായി പരിക്കേറ്റ് മരിക്കുകയും ചെയ്ത 23കാരിയായ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 90 ശതമാനം പൊള്ളലേറ്റിരുന്ന യുവതിയെ ആദ്യം ലക്‌നൗ ആശുപത്രിയിലേയ്ക്കും പിന്നീട് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്കുമാണ് കൊണ്ടുപോയത്. ബലാത്സംഗ കേസില്‍ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിയെ കേസിലെ പ്രതികളായ രണ്ട് പേരടക്കം ചേര്‍ന്നാണ് റായ്ബറേലി കോടതിയിലേയ്ക്ക് പോകുംവഴി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുപി മന്ത്രിമാരായ സ്വാമിപ്രസാദ് മൗര്യ, കമല്‍ റാണി, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ഇരയുടെ വീട്ടിലേക്ക് പോകാനായി എത്തിയപ്പോള്‍ സ്വാമി പ്രസാദിനേയും കമല്‍ റാണിയേയും നാട്ടുകാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായാണ് സ്വീകരിച്ചത്. മടങ്ങിപ്പോകൂ എന്ന് പറഞ്ഞ് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചിലര്‍ മന്ത്രി സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് യുവതി കഴിഞ്ഞ മാസം പരാതി നൽകിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതി ശക്തമാണ്.

രാജ്യത്ത് ഏറ്റവുമധികം ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ജില്ലയായി ഉന്നാവോ മാറിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 200 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017ല്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ അടക്കമുള്ളവര്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ് ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിക്കുകയും പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു.

നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവര്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യയാണ് വധു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

2003 ല്‍ ‘എന്‍റെ വീട് അപ്പൂന്‍റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015 ല്‍ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പിന്നീട് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷ’നിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നീ ചിത്രങ്ങള്‍ക്കും വിഷ്ണു തിരക്കഥ രചിച്ചിരുന്നു. ഷാഫി – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് വിഷ്ണു ഇപ്പോള്‍.

കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച്‌ രംഗത്തെത്തി പുലിവാല് പിടിച്ച്‌ പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനി. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച്‌ അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പിനാണ് അബദ്ധം പറ്റിയത്.

 

 ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച്‌ കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ മുന്‍പ് പറഞ്ഞിരുന്നു.

മുംബൈയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ചിന് തെളിവായത് ടെയ്​ലർ ടാഗും സ്വെറ്ററും ഫെയ്സ്ബുക്ക് പ്രൊഫൈലും. സാന്താക്രൂസ് സ്വദേശി മഹിം കൊലചെയ്യപ്പെട്ടിട്ട് അഞ്ചാം ദിവസമാണ് നിർണായക തെളിവുകളോടെ പ്രതികളെ പൊലീസ് കണ്ടെത്തിയത്. കേസില്‍ മഹിമിന്റെ 19 കാരിയായ ദത്തുപുത്രിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ രണ്ടിനാണ് മഹിമിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച് ഇരുവരും ഉപേക്ഷിച്ചത്. മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ടെയ്​ലർ ടാഗായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ പിടിവള്ളി. തയ്യൽക്കട കണ്ടുപിടിച്ച പൊലീസ് ഉടമയായ അൻസാരിയുടെ സഹായം തേടി. നൂറോളം ബിൽബുക്കുകൾ പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഷർട്ടിന്റെ അതേ തുണിക്കഷ്ണം കിട്ടി. പക്ഷേ ഷർട്ട് അയാളുടേതാവണമെന്നില്ലെന്ന സാധ്യതയും പൊലീസിന് മുന്നിലുണ്ടായിരുന്നു. മാത്രമല്ല, ബിൽബുക്കിൽ ഉപഭോക്താവിന്റെ പേരിന്റെ ആദ്യഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാഗിൽ നിന്ന് കണ്ടെത്തിയ ചുവപ്പ് സ്വെറ്ററിലായി പൊലീസിന്റെ അന്വേഷണം.

ബിൽബുക്കിൽ നിന്ന് ലഭിച്ച പേര് ഫെയ്സ്ബുക്കിൽ പൊലീസ് തിരഞ്ഞു. നിരവധി പ്രൊഫൈലുകൾ തിരഞ്ഞതോടെ ഇതേ പേര് കണ്ടെത്തി. ഫോട്ടോയിൽ നിന്നും സ്യൂട്ട്കെയ്സിലേതിന് സമാനമായ ഒരു സ്വെറ്ററും കണ്ടു. ഫെയ്സ്ബുക്കിൽ അപ്​ലോഡ് ചെയ്ത പാട്ടിന്റെ ഈരടികൾക്കൊടുവിൽ പ്രൊഫൈൽ ഉടമ ഒപ്പിട്ടിരിക്കുന്നതും കണ്ടു. ഈ ഒപ്പും തയ്യൽക്കാരന്റെ ബിൽബുക്കിലേതുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ രണ്ടും ഒരാളാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

നവംബർ 25 നാണ് ഈ പ്രൊഫൈലിൽ നിന്നും അവസാനമായി അപ്ഡേഷൻ ഉണ്ടായത്. ഫെയ്സ്ബുക്കിൽ നൽകിയിരുന്ന ഫോൺനമ്പർ നവംബർ 25 ന് ശേഷം പ്രവർത്തന രഹിതമാണെന്നും പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിലെ അടിസ്ഥാന വിവരങ്ങളിൽ നിന്ന്മേൽവിലാസവും കിട്ടിയതോടെ കൊല്ലപ്പെട്ടയാൾ മഹിമാണെന്ന് പൊലീസ് ഉറപ്പിച്ചു. കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ലെന്ന് അയൽക്കാരും മൊഴി നൽകി.
വീട്ടിലെത്തി പരിശോധിക്കുമ്പോൾ ഭിത്തിയിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി മഹിം കാനഡയിലേക്ക് പോയെന്ന് നുണ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

വളർത്തച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രണയബന്ധത്തെ എതിർത്തുവെന്നുമാണ് കൊല്ലാനുള്ള കാരണമായി പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Copyright © . All rights reserved