കൊല്ലം ∙ നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും മറ്റ് രണ്ടു പേർക്കും ദാരുണമായി ജീവൻ നഷ്ടമായി . കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. പുലർച്ചെയോടെ സംഭവിച്ച ദുരന്തത്തിൽ ഒരു നാട് മുഴുവൻ ദുഃഖത്തിൽ ആയി.
പുലർച്ചെ 12.15ഓടെയാണ് അപകട വിവരം ഫയർഫോഴ്സിന് ലഭിച്ചത്. അർച്ചനയുടെ കുട്ടികളാണ് അമ്മ കിണറ്റിൽ വീണതായി അറിയിച്ചത്. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സോണി കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞാണ് അപകടം നടന്നത് . അതേസമയം, കിണറിന്റെ അരികിൽ നിന്നിരുന്ന ശിവകൃഷ്ണനും ബാലൻസ് തെറ്റി കിണറ്റിലേക്ക് വീണു.
മൂന്ന് കുട്ടികളുടെ അമ്മയായ അർച്ചനയും ശിവകൃഷ്ണനും കുറച്ച് നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിലുണ്ടായ തർക്കമാണ് അർച്ചന കിണറ്റിലേക്ക് ചാടാൻ കാരണം എന്നതാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്ന വിവരവും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ ആഡംബര കാർ വാങ്ങി തരണമെന്ന ആവശ്യം മൂലമുണ്ടായ കുടുംബ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ സ്വദേശിയായ വിനയാനന്ദനാണ് പിടിയിലായത്.
ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് ഇതിനുമുമ്പ് മകൻ ഹൃത്വിക്കിന് (28) വാങ്ങി കൊടുത്തിരുന്നുവെങ്കിലും, ആഡംബര കാർ വേണമെന്ന ആവശ്യം തുടർന്നതോടെ വീട്ടിൽ നിരന്തരം തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വാക്കുതർക്കത്തിനിടെ ഹൃത്വിക്ക് അച്ഛനെ ആക്രമിച്ചതായും പ്രകോപിതനായ അച്ഛൻ കമ്പിപ്പാര കൊണ്ട് തിരിച്ചടിച്ചതായും പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന വിനയാനന്ദനെ വഞ്ചിയൂർ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഭാര്യയോട് വൈരാഗ്യം കാരണം ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചതിന് 26 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതു. പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി ഉണ്ടായത്.
ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ കാരണം ഇരുവരും വേർപിരിഞ്ഞു കഴിഞ്ഞിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ്, ആ ബന്ധത്തെച്ചൊല്ലിയുണ്ടായ വൈരാഗ്യത്തിലാണ് അശ്ലീല ചിത്രം പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. യുവതി മറ്റൊരാളുമായി വിഡിയോ കോൾ നടത്തുന്ന സമയത്ത് ഒളിഞ്ഞുനിന്ന് ചിത്രം പകർത്തിയതായും ഇയാൾ പൊലീസിനോട് മൊഴി നൽകി.
പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊഴിഞ്ഞാമ്പാറ കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് താൽക്കാലിക ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ കള്ളുഷാപ്പിലെ ജീവനക്കാരനായ എൻ. രമേഷ് (50) ആണ് കൊല്ലപ്പെട്ടത്.
രമേഷിനെ കൊലപ്പെടുത്തിയ ചള്ളപ്പാത ഷാഹുൽ മീരാനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് പ്രദേശവാസികൾ രമേഷിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലേക്ക് മദ്യവുമായി ഷാഹുൽ ഹമീദ് എത്തുകയായിരുന്നു. മദ്യപിക്കാൻ ഒരുങ്ങിയപ്പോൾ രമേഷ് ഇത് തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെനിന്നു പോവുകയും ചെയ്തു.
രാത്രി എട്ടരയോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്തുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മർദനത്തെ തുടർന്ന് നിലത്തുവീണ രമേഷിന്റെ നെഞ്ചത്തു ചവിട്ടിയതായിരിക്കാം രക്തസ്രാവത്തിനു കാരണമെന്നാണു നിഗമനമെന്നു ഡോക്‌ടർമാർ പറഞ്ഞു.
കോതമംഗലം: കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം നടക്കുന്നതിനിടെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചുകൊണ്ടിരിക്കെ അമിതവേഗത്തിൽ വന്ന് ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. സംഭവം നടക്കുമ്പോൾ തന്നെ മന്ത്രി ആർടിഒയ്ക്ക് നിർദേശം നൽകി നടപടി സ്വീകരിച്ചു.
‘ബഹുമാനപ്പെട്ട എം.എൽ.എ പ്രസംഗിക്കുമ്പോൾ ഫയർ എഞ്ചിൻ വരുന്നതാണെന്ന് ആദ്യം വിചാരിച്ചു, പക്ഷേ ബസ് സ്റ്റാൻഡിനകത്ത് ഇങ്ങനെ ഹോൺ മുഴക്കി പോവേണ്ട ആവശ്യമെന്താണ്?’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ജനങ്ങൾ തിങ്ങിനിൽക്കുന്ന സ്ഥലത്ത് പോലും ഇങ്ങനെ ഓടിച്ചാൽ പൊതുവഴിയിൽ എങ്ങനെയായിരിക്കും എന്നു ചോദിച്ച് മന്ത്രി പ്രതികരിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചിട്ടുണ്ട് .
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. മകനെയും മകളെയും ഇഡി നന്നായി ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരുമെന്ന് എന്ന് സ്വപ്ന കുറിച്ചു.
അവരുടെ കുറിപ്പില്‍ സ്വപ്ന പഴയ ഒരു സംഭവവും ഓര്‍മ്മിപ്പിച്ചു. 2018-ല്‍ യുഎഇ കൗണ്‍സില്‍ ജനറലിനൊപ്പം ക്യാപ്റ്റന്‍റെ ഔദ്യോഗിക വസതിയില്‍ പോയപ്പോള്‍, മുഖ്യമന്ത്രി തന്റെ മകനെ പരിചയപ്പെടുത്തി. മകന്‍ യുഎഇയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നുവെന്നും അവിടെ ഒരു സ്റ്റാര്‍ ഹോട്ടല്‍ വാങ്ങാനുള്ള ആഗ്രഹം ഉണ്ടെന്നും കൗണ്‍സില്‍ ജനറലിനോട് ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു.
“ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യുഎഇയില്‍ സ്റ്റാര്‍ ഹോട്ടല്‍ വാങ്ങാന്‍ പറ്റുമോ എന്നത് ജനങ്ങള്‍ക്കുണ്ടാകുന്ന സംശയമാണ്. അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് സമ്പാദിച്ച കള്ളപ്പണം ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ,” എന്നാണ് സ്വപ്നയുടെ പരാമര്‍ശം. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും അവര്‍ കുറിച്ചു.
കാമുകിയോടുള്ള പ്രണയം തെളിയിക്കാനായി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്.
സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 25-ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാര്‍ത്ഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ പറഞ്ഞു.
ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ആയിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവ് ഒക്ടോബര്‍ എട്ടിന് ആശുപത്രിയില്‍വെച്ച് മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തു എന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി യുഡിഎഫ് മുന്നണിയിലേക്ക് വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ. മാണിക്ക് ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് തടസ്സങ്ങളില്ലെന്നും നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാൽ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അവർ വന്നാൽ എവിടെ സീറ്റ് കൊടുക്കണം, എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ല. സീറ്റുകളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സമവായത്തോടുകൂടി എല്ലായിടത്തും ഒരു പ്രശ്നവുമില്ലാതെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കൺവീനർ കൂട്ടിച്ചേർത്തു.
ജോസ് കെ. മാണിയെ മാത്രമല്ല, മറ്റ് പലരുമായും യുഡിഎഫ് ചർച്ചകൾ നടത്തുന്നുണ്ട്. സിപിഐയിലെ നേതാക്കന്മാരും ഉൾപ്പെടെ പലരുമായിട്ടും ചർച്ചകൾ നടക്കുന്നുണ്ടെന്ന് അടൂർ പ്രകാശ് വെളിപ്പെടുത്തി. എന്നാൽ, എല്ലാ ചർച്ചകളെക്കുറിച്ചും തുറന്നു പറഞ്ഞാൽ, ചർച്ച വഴിമുട്ടി പോകുമെന്നും അതുകൊണ്ട് എല്ലാ ചർച്ചകളും ഇപ്പോൾ വെളിപ്പെടുത്താൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പില്‍ എംപിക്ക് യുഡിഎഫ് പ്രതിക്ഷേധ പ്രകടനത്തിനിടയില്‍ പരിക്കേറ്റു. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചു; രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ പത്തോളം നേതാക്കൾക്കും പ്രവര്‍ത്തകർക്കും എട്ടോളം പോലീസുകാർക്കും പരിക്കേറ്റു.
എംപിക്ക് ലാത്തിച്ചാർജിനിടെയല്ല പരിക്കേറ്റതെന്ന് റൂറൽ എസ്പി കെ.ഇ. ബൈജു വ്യക്തമാക്കി. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ കൈയിലുണ്ടായ ഗ്രനേഡ് താഴെ വീണ് പൊട്ടി പരിക്കേറ്റുവെന്നും, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനും പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
സികെജിഎം ഗവ. കോളേജ് തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രശ്‌നങ്ങളെ തുടർന്ന് പേരാമ്പ്രയില്‍ നടന്ന ഹര്‍ത്താലിനിടെയാണ് സംഭവം. യൂഡിഎഫ് പ്രവർത്തകർ ബസ് സ്റ്റാൻഡിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ഉപയോഗിച്ചു, തുടർന്ന് ലാത്തിച്ചാർജ് നടന്നു. പിന്നീട് ജില്ലയിലെ പല സ്ഥലങ്ങളിലും യൂഡിഎഫ് പ്രവർത്തകർ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു.
കാമുകൻ വിവാഹിതനാണെന്ന അറിഞ്ഞ കാമുകി കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെന്‍ പ്രദേശത്താണ് ‘22 ഫീമെയില്‍ കോട്ടയം’എന്ന മലയാള സിനിമയെ അനുസ്മരിക്കുന്ന സംഭവമുണ്ടായത്.
തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ബംഗ്ലാദേശി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം എട്ടാം തീയതിയാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതാണ് ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചത്.
മലേഷ്യയില്‍ വെച്ചാണ് ബംഗ്ലാദേശുകാരനായ യുവാവും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാൽ യുവാവ് വിവാഹിതനാണെന്ന വിവരം യുവതി വൈകിയാണ് അറിയുന്നത്. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി.
തർക്കത്തിനിടെ കത്തി ഉപയോഗിച്ച് 34 വയസുള്ള യുവതി മുപ്പത്തിമൂന്നുകാരനായ കാമുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജനനേന്ദ്രിയം പൂര്‍ണ്ണമായും മുറിഞ്ഞുപോകുകയും ഇടതു കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റയാള്‍ ജോഹോര്‍ ബഹ്‌റുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റകൃത്യം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
യുവതി നേരത്തെ കേസുകളിലൊന്നും അകപ്പെട്ടിട്ടില്ലെന്നും, ലഹരിമരുന്നോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. പരിശോധനയിൽ യുവതിക്ക് കൃത്യമായ ഇമിഗ്രേഷന്‍ രേഖകളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമാന്‍ഡ് ചെയ്തു.