Latest News

ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇന്നലെ രാവിലെ കടമാഞ്ചിറയിലായിരുന്നു സംഭവം. പൊട്ടശേരി പനംപതിക്കല്‍ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെല്‍പര്‍ ആണ് സിനി. വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴക്കും മര്‍ദ്ദനവും തുടർന്നതിനാൽ സിനി വീടു വിട്ടു പോയി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ പാറേല്‍ പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി സിനി എത്തിയതോടെ വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാന്‍ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. ആള്‍ത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോള്‍ മറ്റൊരു ബ്ലേഡ് ഉപയോഗിച്ച്‌ പ്രശോഭ് സിനിയുടെ കഴുത്തില്‍ മുറിവേല്‍പിക്കുകയായിരുന്നു. പ്രശോഭിന്റെ ബ്ലേഡ് ആക്രമണത്തില്‍ രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. പ്രശോഭിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം: നേപ്പാൾ ദുരന്തം ഒരു കുടുംബത്തെ മുഴുവൻ തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ ചെങ്കോട്ടുകോണം. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും ശരണ്യയുടെയും മക്കളായ അഭിനവ്, ആർച്ച, ശ്രീഭദ്ര എന്നിവരുടെയും സംസ്കാരം നാളെ രാവിലെ നടത്താനാണു തീരുമാനം. ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹങ്ങൾ മോർച്ചറിയിൽ വച്ച ശേഷം നാളെ രാവിലെ 7ന് വീട്ടിലേക്കു കൊണ്ടുവരും.

സഹോദരങ്ങളായ മൂന്ന് പോർക്കും കൂടി വലിയ കുഴിമാടമാണ് തയ്യാറാക്കിയത്. അതിന് ഇരുവശത്തുമുള്ള ചിതയിൽ അച്ഛനും അമ്മയും എരിയും. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്നകുമാരിയെ വിവരമറിയിച്ചത് ഇന്നലെ രാവിലെ. പരിശോധിക്കാനെത്തിയ ഡോക്ടറാണു സാവധാനം ആ ദുരന്തവാർത്ത അറിയിച്ചത്.

തിരുവനന്തപുരം∙ സ്വകാര്യ സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ആറു വയസുകാരനായ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി ആക്ഷേപം. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ശ്രീഹരിയുടെ വലതു കണ്ണിന്റെ കാഴ്ചയാണു നഷ്ടമായത്. പെൻസിൽ കൊണ്ടു കണ്ണിനു മുറിവേറ്റ കുട്ടിയെ അധ്യാപകർ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്നാണു മാതാപിതാക്കളുടെ ആരോപണം.

അണുബാധയെത്തുടർന്നാണു കാഴ്ച ശക്തി നഷ്ടമായത്. കാഴ്ച തിരിച്ചുകിട്ടാൻ ശസ്ത്രക്രിയ നടത്തണം. ഓട്ടോഡ്രൈവറായ അച്ഛന്‍ സുമേഷിന് ഇതിനുള്ള സാമ്പത്തികശേഷിയില്ല. സഹായം തേടി സ്കൂൾ ചെയർമാനെ സമീപിച്ചപ്പോൾ സഹായിക്കാനാകില്ലെന്നായിരുന്നു മറുപടിയെന്നും മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ മൂന്നാം തീയതി ഉച്ചയ്ക്കാണ് ശ്രീഹരിയുടെ കണ്ണിൽ പെൻസിൽ കൊണ്ടു മുറിവേറ്റത്. അധ്യാപകരോട് പറഞ്ഞപ്പോൾ കണ്ണു കഴുകാൻ നിർദേശം നൽകി.

തൂവാലയിൽ വെള്ളം നനച്ചു കണ്ണിൽ തുടയ്ക്കാനും പറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് അമ്മ ഗായത്രി സ്കൂളിൽ എത്തിയപ്പോഴാണു വിവരമറിഞ്ഞത്. വൈകിട്ട് അഞ്ചു മണിക്ക് പേരൂർക്കട ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് കണ്ണാശുപത്രിയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം മ്യൂസിയം പൊലീസിൽ അച്ഛൻ പരാതി നൽകി. എന്നാൽ പ്രിൻസിപ്പലും അധ്യാപകരുമെത്തി വിഷയം ഒത്തുതീർപ്പാക്കിയതായി കുടുംബം പറയുന്നു.

ശ്രീഹരിയുടെ ചേച്ചിയും ഈ സ്കൂളിലാണ് പഠിക്കുന്നത്. പരാതിയുമായി മുന്നോട്ടു പോകരുതെന്നും,ചികിത്സയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും സ്കൂൾ അധികൃതർ വാഗ്ദാനം ചെയ്തതോടെ പരാതി പിൻവലിക്കുകയായിരുന്നു. പിന്നീട് കണ്ണിലുണ്ടായ അണുബാധയെ തുടർന്നു കാഴ്ച നഷ്ടപ്പെടുകയായിരുന്നു. നാലു മാസമായി ശ്രീഹരിക്ക് സ്കൂളിൽ പോകാനായിട്ടില്ല.

സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം ഇങ്ങനെ: ശ്രീഹരി ക്ലാസിലിരിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന പെൻസിൽ കണ്ണിൽ കൊണ്ടു. ടീച്ചർമാർ നോക്കിയെങ്കിലും മുറിവൊന്നും കണ്ടില്ല. ശ്രീഹരിയുടെ അമ്മയാണ് എന്നും കുട്ടിയെ വിളിക്കാനെത്തുന്നത്. അമ്മയോട് അധ്യാപകർ കാര്യം പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകാനും നിർദേശിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടില്ല. ചികിത്സയ്ക്കു പണം വാഗ്ദാനം ചെയ്തിട്ടില്ല. പരാതി പിൻവലിക്കാൻ വാഗ്ദാനവും നൽകിയിട്ടില്ല.

റിയാദ്∙ സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അൽ ഹയാത്ത് നാഷനൽ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാർ നിരീക്ഷണത്തിലാണ്.

ഈ നാലു പേരെയും മറ്റൊരു ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് നഴ്സിനെ പരിചരിച്ച നഴ്സുമാരാണു രോഗ ബാധിതരായത്.

2020 ൽ മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന മാസ് ചിത്രം ഷൈലോക്ക് യൂറോപ്പിലെ ഇറ്റലി,മാൾട്ട,ഓസ്ട്രിയ,പോളണ്ട്, മോൾഡവിയ എന്നി രാജ്യങ്ങളിൽ ഗോഡ്സ് ഓൺ കൺട്രി ഫിലിംസ് ജനുവരി 23ന് മുതൽ റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ പ്രി ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ഓൺലൈൻ‍ ബുക്കിങിൽ ചിത്രത്തിനു ലഭിക്കുന്നത്.
രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഷൈലോക്ക്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
മാസ് ആക്‌ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കും വമ്പന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈലോക്ക് പ്രദർശിപ്പിക്കാൻ താല്പര്യം ഉള്ളവർ വിളിക്കുക 00393201903016

കോഴിക്കോട് ∙ ‘‘ഞാൻ നാട്ടിലേക്കു വരികയാണ്. അച്ഛനും അമ്മയുമെല്ലാം നാളെ വരും’’ – നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്തമകൻ മാധവ് (6) ബന്ധുവായ അനൂപിനോടു ഫോണിൽ പറഞ്ഞതിങ്ങനെ.

അച്ഛനുമമ്മയും ഭക്ഷ്യവിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോടു പറഞ്ഞിരിക്കുന്നത്. അവർക്കും കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് മാധവ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.

രഞ്ജിത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമാണു കുട്ടി നേപ്പാളിൽനിന്നു ഡൽഹിയിലെത്തിയത്. ഇന്ദുലക്ഷ്മിയുടെ സഹോദരീഭർത്താവ് അനീഷ് ശ്രീധർ കരസേനയുടെ സിഗ്നൽ കോറിൽ ഉദ്യോഗസ്ഥനാണ്. വിവരമറിഞ്ഞയുടൻ ന്യൂഡൽഹിയിലെത്തിയ അനീഷ് അവിടെനിന്നു മാധവിനെ നാട്ടിലേക്ക് ഒപ്പം കൂട്ടി.

മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി രണ്ടു ഘട്ടമായാണ് നാട്ടിലെത്തിക്കുക. പ്രവീൺകുമാർ– ശരണ്യ ദമ്പതികളുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ ഇന്നു പകൽ 11 മണിയോടെ ഡൽഹിയിലെത്തിക്കും. തുടർന്ന് വൈകിട്ട് ആറിനുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് രാത്രി 10.30നു തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം നാളെ രാവിലെ 9ന്.

രഞ്ജിത്കുമാർ– ഇന്ദുലക്ഷ്മി ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞു 3.30നാകും ഡൽഹിയിലെത്തിക്കുക. നാളെ രാവിലെ 9.05നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് ഉച്ചയ്ക്കു 12നു കോഴിക്കോട്ട് എത്തിക്കും. മരിച്ച എട്ടുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി.

ലങ്കേഷ് അഗസ്ത്യക്കോട് 
ഒരേ കാലഘട്ടത്തിൽ മലയാളസിനിമാ ഗാനരംഗത്തേക്ക് വരികയും അതിവേഗം പ്രശസ്തരാവുകയും ചെയ്തവരാണ് എസ്. ജാനകിയും, ജി. ദേവരാജനും…. രണ്ട് പേരുടേയും ക്രെഡിറ്റിൽ നിരവധി നിത്യസുന്ദരഗാനങ്ങൾ ഉണ്ടെങ്കിലും – ഇരുവരും ഒരുമിച്ച പാട്ടുകൾ അപൂർവ്വവും, അവയിൽ അധികവും അപ്രിയഗാനങ്ങളും ആണെന്ന് പറയേണ്ടി വരും… മാത്രമല്ല, “എസ്. ജാനകിക്ക് പാടാൻ അറിയില്ല, അവർ നല്ല പാട്ടുകാരിയല്ല “-എന്ന് തുടക്കത്തിൽ തന്നെ ജി. ദേവരാജൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു…! അതുകൊണ്ട് തന്നെ, താൻ സംഗീതസംവിധാനം നിർവ്വഹിച്ച സിനിമകളിൽ നിന്നെല്ലാം ജാനകിയെ ഒഴിവാക്കാനും, ഉൾപ്പെടുത്തിയാൽ തന്നെ ഏറ്റവും മോശപ്പെട്ട പാട്ടുകൾ നല്കാനും അദ്ദേഹം ശ്രമിച്ചിരുന്നു…

1962-ൽ പുറത്ത് വന്ന “ഭാര്യ” എന്ന പടത്തിലെ “കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തു ഞാൻ.. ” എന്ന പാട്ടാണ് ദേവരാജ സംഗീതത്തിൽ എസ്. ജാനകി ആദ്യം പാടിയത്.. ആ പടത്തിലെ നല്ല പാട്ടുകളെല്ലാം പി. സുശീലയ്ക്ക് നൽകിയ അദ്ദേഹം, ചിത്രത്തിലെ ഏറ്റവും മോശപ്പെട്ട പാട്ടിനാണ് ജാനകിയുടെ ശബ്ദം ഉപയോഗിച്ചത്.. തന്റെ ആലാപന മികവ് കൊണ്ട് ജാനകി ആ ഗാനം ശ്രദ്ധേയമാക്കി എന്ന് പറയാം.. തുടർന്ന്, 1963-ൽ “കടലമ്മ” എന്ന പടത്തിൽ ജിക്കിയോടൊപ്പം “മുങ്ങി മുങ്ങി മുത്തുകൾ വാരും മുക്കുവനേ.. ” എന്ന ഗാനം ദേവരാജന് വേണ്ടി അവർ പാടി… ആ ഗാനത്തിലും ജിക്കിയുടെ ശബ്ദം പൊലിപ്പിച്ചു കാട്ടാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇതേ പടത്തിൽ ജാനകി പാടിയ “തിരുവാതിരയുടെ നാട്ടീന്നോ.. “ശ്രദ്ധിക്കപ്പെട്ടതുമില്ല… തുടർന്ന് 1964-ൽ “അന്ന” എന്ന പടത്തിൽ പി. ലീലയ്ക്കൊപ്പം, “മനോരാജ്യത്തിനതിരില്ല… “എന്ന ഗാനം പാടിയെങ്കിലും അതും ആരും ശ്രദ്ധിച്ചില്ല.. ദേവരാജസംഗീതത്തിൽ യേശുദാസിനൊപ്പം ആദ്യയുഗ്മഗാനം ജാനകി പാടിയതും “അന്ന” യിൽ ആയിരുന്നു.. “അരുവി തേനരുവി അരുവിക്കരയിലെ ഇളവെയിൽ കായും.. “-എന്ന ആ ഗാനം മഹത്തരമായി കരുതാൻ കഴിയില്ല..

1965-ൽ “ഓടയിൽനിന്ന് ” എന്ന സിനിമയിലെ നിത്യഹരിതഗാനമായ “കാറ്റിൽ ഇളംകാറ്റിൽ.. ” പി. സുശീലയെ കൊണ്ട് പാടിച്ച ദേവരാജൻ, ആ പടത്തിലെ അത്രകണ്ട് ശ്രദ്ധിക്കാത്ത “മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ.. ” എന്ന പാട്ടാണ് ജാനകിക്ക് നൽകിയത്.. തുടർന്ന് “ശകുന്തള” -യിലെ ഹിറ്റ് ഗാനങ്ങൾ എല്ലാം പി. സുശീലയ്ക്ക് നൽകിയ ശേഷം ആരും കേൾക്കാതെ പോയ “മന്ദാര തളിർ പോലെ മന്മഥശരം പോലെ.. ” എന്ന യേശുദാസിനൊപ്പമുള്ള യുഗ്മഗാനമാണ് അവർക്ക് നൽകിയത്..!!1965-ൽ “കളിയോടം” എന്ന പടത്തിൽ മൂന്ന് ഗാനങ്ങൾ ജാനകി പാടി(കളിയോടം കുഞ്ഞോളങ്ങളിൽ…, കാമുകി ഞാൻ…, ഓർമ്മകൾ തൻ ഇതളിലുറങ്ങും… ).. മൂന്നും മോശപ്പെട്ട പാട്ടുകൾ.. 1966-ൽ ”ജയിൽ”എന്ന പടത്തിൽ “കിള്ളിയാറ്റിനക്കരെയുള്ളൊരു വെള്ളിലഞ്ഞി കാട്.. ” എന്ന പാട്ട് പാടി.. ഇതേ വർഷം “കൺമണികൾ” എന്ന പടത്തിൽ എ. എം. രാജയ്ക്കൊപ്പം “ആറ്റിൻ മണപ്പുറത്തെ.. ” എന്ന പാട്ട് പാടിയെങ്കിലും – ആ ഗാനത്തിന്റെ യേശുദാസ് പാടിയ വേർഷൻ മാത്രമേ നമ്മൾ കേട്ടുള്ളൂ എന്നത് മറ്റൊരു ദുഃഖസത്യം.. 1966-ൽ “കളിത്തോഴൻ” എന്ന പടത്തിൽ പി. സുശീലയ്ക്ക് വേണ്ടി മാറ്റി വച്ചിരുന്ന പാട്ടുകൾക്ക് പകരക്കാരിയാകാനുള്ള നിമിത്തം ജാനകിക്കായിരുന്നു.. അതുകൊണ്ട് തന്നെ ദേവരാജൻ ചിട്ടപ്പെടുത്തിയ പാട്ടുകളിൽ എസ്. ജാനകി പാടിയ ഏറ്റവും മനോഹരമായ പാട്ട് ഇതിലെ : “മാനത്ത് വെണ്ണിലാവ് മയങ്ങിയല്ലോ.. “- ആണെന്ന് പറയാം.. ഈ പടത്തിലെ : ‘നന്ദന വനിയിൽ.., പ്രേമനാടകം.., മാളികമേലൊരു മണ്ണാത്തിക്കിളി.. ” തുടങ്ങിയ മൂന്ന് പാട്ടുകൾ കൂടി അവർ പാടി… !! അതേ വർഷം “കരുണ”, “തിലോത്തമ” -എന്നീ പടങ്ങളിലെയും ആരും ശ്രദ്ധിക്കാതെ പോയ പാട്ടുകൾ ജാനകിക്ക് കിട്ടി.. (ശ്രദ്ധിക്കപ്പെട്ട പാട്ടുകൾ പി. സുശീലയ്ക്കും കിട്ടി ) പി. ജയചന്ദ്രനുമൊത്ത് ദേവരാജസംഗീതത്തിൽ ജാനകി പാടിയ ആദ്യ യുഗ്മഗാനം “കല്യാണരാത്രിയിൽ” എന്ന പടത്തിലായിരുന്നു… (ഗാനം :അല്ലിയാമ്പൽ പൂവുകളെ.. ) – തുടർന്ന് പക്ഷിശാസ്ത്രക്കാരാ കുറവാ.. (റൗഡി ), ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്.. (നാടൻപെണ്ണ് ), മാനസസാരസ മലർമഞ്ജരിയിൽ.. (പൂജ ), സുരഭീമാസം വന്നല്ലോ.. (ശീലാവതി ), ചീകി മിനുക്കിയ പീലിച്ചുരുൾ മുടി.. (കാവാലം ചുണ്ടൻ ), ഇന്നല്ലോ കാമദേവന് പൊന്നിൻ തിരുനാൾ.. (അവൾ ), തൂക്കണാം കുരുവിക്കൂട്.. (വിപ്ലവകാരികൾ), മണിവീണയാണ്‌ ഞാൻ… (നിശാഗന്ധി ), പ്രഭാതഗോപുര വാതിൽ തുറന്നു… (തുലാഭാരം )- തുടങ്ങിയ പാട്ടുകൾ ദേവരാജന്റെ ഈണത്തിൽ ജാനകി പാടി… ഭൂരിപക്ഷവും നമ്മൾ ഓർക്കുക പോലും ചെയ്യാത്ത പാട്ടുകൾ.. കൂട്ടത്തിൽ “ചിത്രമേള”യിൽ യേശുദാസിനൊപ്പം പാടിയ “മദം പൊട്ടി ചിരിക്കുന്ന മാനം.. ” പലരും ഓർക്കുന്നുണ്ട്.. എങ്കിലും, 1969-ൽ പി. മാധുരി കൂടി പിന്നണി ഗാനരംഗത്ത് വന്നതോടെ ദേവരാജൻ, എസ്.ജാനകിയെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു..ഈ അവഗണന എസ്.ജാനകിയും തിരിച്ചറിഞ്ഞതോടെ അവരും ദേവരാജനെതിരേ ചില പരസ്യപ്രസ്താവനകൾ നടത്തുകയുണ്ടായി.. അങ്ങനെ 1970-ൽ “മിണ്ടാപ്പെണ്ണിലെ” ഗാനത്തിനു ശേഷം ജി.ദേവരാജന് വേണ്ടി എസ്.ജാനകി പാടിയതേ ഇല്ല….!!!! “മിണ്ടാപ്പെണ്ണിന് ശേഷം മാഷിന്റെ പാട്ടുകൾ എസ്. ജാനകി പാടാഞ്ഞത് എന്തേ – എന്ന് ചോദിച്ച ആരാധകനോട്, പെണ്ണ് മിണ്ടാത്തതാ നല്ലത്, പാടാനറിയാത്ത പെണ്ണ് മിണ്ടിയിട്ട് എന്താ കാര്യം.. ” -എന്ന് ദേവരാജൻ പ്രതികരിച്ചതായും ഓർക്കുന്നു….1970 – ൽ ഉഷാഖന്നയുടെ ഈണത്തിൽ “മൂടൽമഞ്ഞിലെ”-മൂന്ന് സൂപ്പർ ഹിറ്റ് പാട്ടുകൾ പാടിയത് ജാനകിയായിരുന്നു.. (ഉണരൂ വേഗം നീ…, മാനസ മണിവേണുവിൽ.., മുകിലേ വിണ്ണിലായാലും.. )- ഈ പാട്ടുകളുടെ ജനസമ്മതി ജി.ദേവരാജനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു… 1970 ന് ശേഷം ഇരുവരും ഒന്നിച്ചില്ലെങ്കിലും രണ്ട് പേരും (സ്വയം) ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ചു.. ദേവരാജന്റെ പാട്ടുകൾ മധുരിയും, പി. സുശീലയും നിറയെ പാടി.. എം.എസ്. ബാബുരാജ്, കെ.രാഘവൻ, ശ്യാം, എം.ബി. ശ്രീനിവാസൻ, വി.ദക്ഷിണാമൂർത്തി എന്നിവരുടെ ഈണത്തിൽ ജാനകി അതിലേറെ പാടി… 1980 -കളുടെ ആരംഭത്തിൽ ദേവരാജപ്രഭ മങ്ങിയെങ്കിലും കെ.എസ്. ചിത്ര സജീവമായ 1986 വരെ എസ്. ജാനകി തരംഗങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേ ഇരുന്നു….എങ്കിലും, ഇരുവരേയും ഓർക്കുമ്പോൾ ഒരു നഷ്ടബോധം : 1970-ന് ശേഷം അവർ ഒന്നിക്കാതിരുന്നതെന്തേ????
ദേവരാജസംഗീതത്തിൽ എസ്. ജാനകി പാടിയ അവസാനഗാനം ആ വിടപറച്ചിലിന് വേണ്ടി ഒരുക്കിയതാണെന്ന് തോന്നും :
“…പൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവ് ഞാൻ.. അനുരാഗമോഹന വീണയിൽ
താളം പിഴച്ചൊരു ഗാനം ഞാൻ.. “(ചിത്രം :മിണ്ടാപ്പെണ്ണ് )

 

കിടിലം പ്രകടനവുമായി പ്രിത്വി ഷായും സഞ്ജു സാംസണും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോൾ ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന് അനായാസ ജയം. 20 ഓവറും 3 പന്തുകളും ബാക്കി നിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 48.3 ഓവറിൽ 230 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ അനായാസം മത്സരം വിജയിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി പ്രിത്വി ഷാ 35 പന്തിൽ 48 റൺസും സഞ്ജു സാംസൺ വെറും 21 പന്തിൽ 39 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 19 പന്തിൽ 35 റൺസ് എടുത്ത് ഇന്ത്യയുടെ ജയം അനായാസമാക്കി. ന്യൂസിലാൻഡ് നിരയിൽ 49 റൺസ് എടുത്ത രവീന്ദ്രയും 47 റൺസ് എടുത്ത ക്യാപ്റ്റൻ ബ്രൂസുമാണ് അവരുടെ സ്കോർ 230ൽ എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

പ്രകടനവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ അടിച്ച് ഓടിക്കുന്ന മധ്യപ്രദേശിലെ സബ്കളക്ടര്‍ സബ് കളക്ടര്‍ പ്രിയ വര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാളെ സബ്കളക്ടര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പതാകയുമായി എത്തിയ ഒരാളുടെ പതാക പിടിച്ച് വാങ്ങി സബ്കളക്ടര്‍ പ്രിയ വര്‍മ മുഖത്തടിച്ചു. ഇതോടെ മറ്റ് പ്രവര്‍ത്തകര്‍ അടുത്തു പ്രിയയുടെ ചുറ്റിനും കൂടി, ഒരാള്‍ മുടിയില്‍ പിടിച്ചു വലിച്ചു.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ കളക്ടര്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു. പ്രിയ തല്ലി തുടങ്ങിയതോടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്ഗഡില്‍ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി എത്തിയത്. ഇതോടെയാണ് കലക്ടര്‍ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാര്‍ക്കുമിടയില്‍ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വര്‍മയുടെ മുടിക്ക് പിടിച്ച് വലിച്ച സംഭവം നടന്നത്.

ഇതിനിടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി. ‘കലക്ടര്‍ മാഡം, നിങ്ങള്‍ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂര്‍ണ്ണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴക്കാനും, കരണത്തടിക്കാനുമുള്ള അധികാരം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞുതരണം’ എന്നാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്ററില്‍ കുറിച്ചത്.

 

യുഎഇയിലെ വിധി ഇന്ത്യയിലും ബാധകമാകുന്നതോടെ മലയാളികൾ കുടുങ്ങും.യുഎഇയിലെ ബാങ്കുകളിൽ നിന്നും വായ്പ്പയെടുത്തു മുങ്ങിയ ഇന്ത്യക്കാരിൽ കുടുതലും മലയാളികൾ. ഇതിൽ തന്നെ മലപ്പുറം തൃശൂർ ജില്ലക്കാരാണ് പകുതിയിലേറെപേരും. യുഎഇയിലെ 55 ലേറെ ബാങ്കുകളിൽ നിന്നായി 1500 കോടിയോളം രൂപ വായ്പ്പയെടുത്തു ഇന്ത്യക്കാർ സ്ഥലം വിട്ടതായി രേഖകൾ പറയുന്നു.

പലരും ഭീമമമായ തുക വായ്പ്പയെടുത്തു മുങ്ങിയ സാഹചര്യത്തിൽ പല ബാഗ്‌ങ്കുകളും വൻ നഷ്ടത്തിലാണ്. ഇത്തരം കേസുകൾ വർധിച്ചതോടെ ആണ് ബാങ്കുകളുടെ ശ്രമങ്ങൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ വ്യക്തികൾക്ക് നൽകിയ വായ്‌പ്പാ തിരിച്ചടപ്പിക്കാൻ മുൻപ് യുഎഇയിലെ ബാങ്കുകൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ 2018 കേരള ഹൈകോടതി വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ റിക്കവറി നടത്താൻ അധികാരമില്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പ്പനല്കി പ്രതിസന്ധിയിലായ ബാങ്കുകൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ആശ്വാസം നേടിയിരിക്കുന്നത്. വായ്പ്പയെടുത്തു മുങ്ങിയവർ ഓരോരുത്തരായി പിടിവീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.

1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികൾ, ഇന്ത്യൻ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എൽ.എൽ.പി. മാനേജിങ് പാർട്ണർ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകൾ ഇന്ത്യയിൽ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എൽ.എൽ.പി.യാണ്.

യു.എ.ഇ.യിലെ എമിറേറ്റ്‌സ് എൻ.ബി.ഡി., ഫസ്റ്റ് ഗൾഫ് ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്‌സ്യൽ ബാങ്ക്, മഷ്‌റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നൽകിയിട്ടുള്ളത്. ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകൾ വിഷമിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved