കുഞ്ഞനുജത്തിക്ക് ഏറ്റവും പ്രിയപ്പെട്ട കരടിപ്പാവയെ ജൊവാനയുടെ മൃതദേഹത്തിനരികിൽ വച്ചപ്പോൾ മൂത്ത സഹോദരൻ ജോയൽ വിതുമ്പി. പിതാവ് റിജോഷിനൊപ്പം ഒരേ കുഴിയിലായിരുന്നു ജൊവാനയുടെയും അന്ത്യവിശ്രമം. മുംബൈ പൻവേലിലെ ലോഡ്ജിൽ അമ്മ ലിജിയും അമ്മയുടെ സുഹൃത്ത് വസീമും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തിയ ജൊവാന(2)യുടെ മൃതദേഹം പുത്തടിയിലെ റിജോഷിന്റെ കുടുംബവീട്ടിൽ എത്തിച്ചപ്പോൾ ഗ്രാമം വിതുമ്പി.
വീട്ടുകാരും നാട്ടുകാരും ‘കുഞ്ഞൂസ്’ എന്നു വിളിക്കുന്ന ജൊവാനയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു കരടിപ്പാവ. മൃതദേഹം അടക്കം ചെയ്ത പെട്ടിക്കു മുകളിൽ പതിച്ച, ജൊവാനയുടെ ചിരിക്കുന്ന ചിത്രത്തിനടുത്തായി കരടിപ്പാവയെ ഇരുത്തി. പാവയെ കുഞ്ഞനുജത്തിയുടെ ശവകുടീരത്തിൽ വച്ചശേഷമാണു ജോയൽ കണ്ണീരോടെ പള്ളിയിൽ നിന്നു മടങ്ങിയത്. കരടിപ്പാവയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് മൃതദേഹത്തിനരികിൽ നിന്ന സഹോദരങ്ങളായ ജോയലും ജോഫിറ്റയും കണ്ടുനിന്നവരുടെ കണ്ണുകളെയും ഇൗറനണിയിച്ചു.
ജൊവാനയുടെ മൃതദേഹം ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് ലത്തീൻ സഭ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു.
അന്ത്യകർമങ്ങൾക്ക് സഹ കാർമികത്വം വഹിക്കാനുള്ള നിയോഗമായിരുന്നു ഫാ.വിജോഷ് മുല്ലൂരിന്. വിജയപുരം രൂപതയിലെ വൈദികൻ ആയ ഫാ.വിജോഷ് മുല്ലൂർ, കൊല്ലപ്പെട്ട റിജോഷിന്റെ മൂത്ത സഹോദരൻ ആണ്. ഒപ്പീസ് ചൊല്ലുമ്പോൾ പലപ്പോഴും ഫാ.വിജോഷിന്റെ വാക്കുകൾ ഇടറി.
ജൊവാനയുടെ അന്ത്യ കർമങ്ങൾക്കിടെ കരഞ്ഞു തളർന്ന് വീണു പോയ മാതാവ് കൊച്ചുറാണിയെ താങ്ങി എഴുന്നേൽപിച്ചതും ഫാ.വിജോഷ് ആണ്. ജൊവാനയുടെ ചേട്ടായി ജോയലിനേയും കുഞ്ഞേച്ചി ജോഫിറ്റയേയും ചേർത്തു പിടിച്ച് സമാധാനിപ്പിച്ചു. റിജോഷിന്റെ മരണാനന്തര ചടങ്ങുകളിലും സഹ കാർമികത്വം വഹിച്ചത് ഫാ.വിജോഷ് ആയിരുന്നു. ഫാ.വിജോഷും ഇളയ സഹോദരൻ ജിജോഷും ചേർന്നാണ് ജൊവാനയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ശനിയാഴ്ച രാത്രി മുംബൈയിൽ എത്തിയത്.
കുഞ്ഞു ജൊവാനയെ അവസാനമായി കാണാൻ ലിജിയുടെ പിതാവും ബന്ധുക്കളും ഇന്നലെ റിജോഷിന്റെ വീട്ടിൽ എത്തി. പുത്തടി, കല്ലിങ്കൽ കുര്യന്റെ മകളാണ് ലിജി. ലിജിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് 3 വയസ്സ് ഉള്ള ഇളയ കുട്ടിയുമായി കുര്യനെയും മകളെയും ഉപേക്ഷിച്ച് പോയിരുന്നു. അതിനു ശേഷം രണ്ടാനമ്മയാണ് ലിജിയെ വളർത്തിയത്. റിജോഷുമായുള്ള വിവാഹത്തിന് ശേഷം കുടുംബവുമായി ലിജി നല്ല ബന്ധത്തിൽ ആയിരുന്നില്ല.
നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണം ഭയന്ന് റിജോഷിന്റെ മരണാനന്തര ചടങ്ങുകളിൽ ലിജിയുടെ പിതാവും ഉറ്റ ബന്ധുക്കളും പങ്കെടുത്തിരുന്നില്ല. ലിജിയുമായി തങ്ങൾക്ക് ഇനി ഒരു ബന്ധവും ഇല്ലെന്ന് ഇവർ പറഞ്ഞു.
അച്ഛനു പിന്നാലെ ഈ ലോകം വിട്ടുപോയ പിഞ്ചു ജൊവാനയ്ക്ക് ചാച്ചൻ ജിജോഷിന്റെ വേദനയിൽ കുതിർന്ന യാത്രാമൊഴി. ഫെയ്സ്ബുക്കിൽ കുറിച്ച വിയോഗക്കുറിപ്പിലാണ് കൊല്ലപ്പെട്ട ജൊവാനയുടെ പിതാവ് റിജോഷിന്റെ സഹോദരൻ ജിജോഷ് വേദന പങ്കുവയ്ക്കുന്നത്.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ രൂപം
കുഞ്ഞുസേ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ.. അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുൻപേ പോയി വഴി ഒരുക്കീന്നു ചാച്ചൻമാർക്ക് അറിയാം.. അല്ലേലും പണ്ടു മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ… കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്. അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ.. അല്ലേലും പപ്പാ എന്ന് പറഞ്ഞാൽ നിനക്കും ജീവനാണല്ലോ. എവിടെ പോയാലും റിജോ പപ്പാനെ മാത്രം മതീല്ലോ..
സ്നേഹിച്ചു കൊതി തീർന്നില്ലാലോ കുഞ്ഞുസേ നിന്നെ.. വിടരുന്നതിനെ മുൻപേ അടർത്തി എടുത്തല്ലോ നിന്നെ..
ചാച്ചൻ നോക്കിയേനേലോ, പൊന്നു പോലെ നോക്കിയേനേലോ നിന്നെ.. എല്ലാ ദിവസം ഓടിവന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ എന്ന വിളിയോടയല്ലേ തുടങ്ങാറ്. ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേൾക്കുന്ന പോലെ.. ആദ്യമായും അവസാനമായും ബോംബെ ഒക്കെ കാണാൻ പറ്റിയല്ലോ നിനക്ക്.. ഡോക്ടർ ആകണം എന്ന ആഗ്രഹം സാധിച്ചു തരാൻ പറ്റിയില്ലല്ലോ..
റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണെന്ന് ചാച്ചൻമാർക്കറിയാം.. അല്ലേലും ഈ ലോകത്തിലെ കപട സ്നേഹത്തിൽ നിന്നു നിന്റെ പപ്പാ നിന്നെ രക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അന്വേഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കൂന്ന്.
സ്നേഹത്തോടെ കുഞ്ഞിചാച്ചൻ
ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കാറിൽ കടന്നു കളഞ്ഞു. മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകൾ കൃതി മോഹൻ (25) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൊല്ലം കോളജ് ജംക്‌ഷൻ എംആർഎ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) ആണ് കാറിൽ രക്ഷപ്പെട്ടത്. ഇയാൾ പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.
ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുൻപു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങി. വീട്ടിൽ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.
വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തപ്പോൾ വീട്ടുകാർക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി.
ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഭയന്നു മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വാർഡ് മെമ്പർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി.
ആലപ്പുഴ വെണ്മണിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ വിശാഖപട്ടണത്തുവച്ച് ആർപിഎഫ് പിടികൂടുകയായിരുന്നു. വീട്ടിൽനിന്ന് കാണാതായ സ്വർണവും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. പ്രതികളെ ഉടൻ കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു
കോറമണ്ഡൽ എക്സ്പ്രസിൽ ഹൗറയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികൾ കുടുങ്ങിയത്. എസ് വൺ കോച്ചിൽ യാത്രചെയ്തിരുന്ന ഇരുവരെയും വിശാഖപട്ടണത്തുവച്ച് ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്ന് സ്വർണം കണ്ടെത്തിയതായും, ഇതിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ലെന്നും ആർപിഎഫ് അറിയിച്ചു. ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽനിന്ന് കവർന്ന സ്വർണമാണിതെന്നാണ് നിഗമനം. കവർച്ചാശ്രമത്തിനിടെ ഇരട്ടകൊലപാതകം നടത്തിയ പ്രതികൾ, സംസ്ഥാനം വിട്ടേക്കാമെന്നു പൊലീസിന് ആദ്യമേ സൂചനയുണ്ടായിരുന്നു.
ആദ്യം കസ്റ്റഡിയിലെടുത്ത രണ്ട് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. തുടർന്ന് ലുക് ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം ഊർജിതമാക്കി മണിക്കൂറുകൾക്കകമാണ് പ്രതികൾ വലയിലായത്. നടപടികൾ പൂർത്തിയാക്കി കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും, ഭാര്യ ലില്ലിയെയും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിടിയിലായവർ നേരിട്ടാണോ കൃത്യംനടത്തിയത്, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനി ഉത്തരം ലഭിക്കണം.
ന്യൂയോർക്ക് ∙ ബോളിവുഡ് നടൻ ഋതിക് റോഷനോടു കടുത്ത ആരാധന പ്രകടിപ്പിച്ചിരുന്ന ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദിനേശ്വർ ബുധിദത്ത് എന്ന മുപ്പത്തിമൂന്നുകാരനാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും ഫ്ലാറ്റിന്റെ താക്കോൽ പൂച്ചട്ടിയ്ക്കടിയിൽ വച്ചിട്ടുണ്ടെന്നും ഇയാൾ ഭാര്യയുടെ സഹോദരിക്ക് ഫോണിൽ സന്ദേശമയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഭാര്യയുടെ മൃതദേഹത്തിനു സമീപം തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇവർ വിവാഹിതരായത്.
ഋതിക് റോഷനോടു കടുത്ത ആരാധനയായിരുന്നു ഡോണെയ്ക്ക്. ഋതിക് റോഷൻ അഭിനയിക്കുന്ന സിനിമയോ ഗാനമോ ഭാര്യ കാണുന്നതിൽ അസൂയാലുവായിരുന്ന ഇയാൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു.
വിവാഹത്തിനു രണ്ടാഴ്ചയ്ക്കു ശേഷം ഇയാൾ ഭാര്യയെ കയ്യേറ്റം ചെയ്തിരുന്നു. ഭാര്യയെ മർദിച്ചതിന് ഓഗസ്റ്റിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയും തുടർന്ന് ഡോണെയ്ക്ക് കോടതി സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. ഇയാൾ തുടർച്ചയായി മർദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി സുഹൃത്തുക്കളോട് ഡോണെ പറഞ്ഞിരുന്നു.
ഇയാളുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതിനെ തുടർന്ന് മാറിതാമസിക്കാൻ ഡോണെ തയാറെടുത്തെങ്കിലും നിർബന്ധത്തിനു വഴങ്ങി അവിടെ തുടരുകയായിരുന്നു. പിന്നാലെയാണ് ദാരുണമായ സംഭവം.
19 ദിവസം നീണ്ട നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. നിയമസഭാ പിരിച്ചുവിടാതെയാണ് രാഷ്ട്രപതിഭരണം.
സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം നടപടി വേണമെന്നും കാണിച്ചാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭയും അംഗീകരിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് ഇന്നുരാത്രി എട്ടരവരെ സമയം അനുവദിച്ചിരിക്കെയാണ് രാഷ്ട്രപതിഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്.
അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സര്‍ക്കാര്‍ രൂപീകരണത്തിന് സമയം അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് കാണിച്ച് ശിവസേന സൂപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രം അനുവദിച്ച ഗവര്‍ണര്‍ ബിജെപിക്ക് 48 മണിക്കൂര്‍ അനുവദിച്ചതില്‍ വിവേചനമുണ്ടെന്നാണ് ആക്ഷേപം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ശിവസേനയ്ക്കുവേണ്ടി ഹാജരായേക്കും.
ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇവർ കേരളംവിട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊഴുവല്ലൂർ ആഞ്ഞിലിമൂട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി എന്നിവരെ കൊലപ്പെടുത്തിയത് കവർച്ചാശ്രമത്തിനിടെയാണെന്നാണ് പൊലീസ് നിഗമനം.
ഇന്ന് പുലർച്ചെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും അറുപത്തിയെട്ടുകാരിയായ ഭാര്യ ലില്ലിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് നേരത്തെ വീട്ടിൽ ജോലിക്കെത്തിയ രണ്ട് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
ഇവരിൽനിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. കസ്റ്റഡിയിൽ എടുത്തവർക്കൊപ്പം താമസിച്ചിരുന്ന, ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവർക്കായി പൊലീസ് പിന്നീട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഇവർ ട്രെയിൻമാർഗം സംസ്ഥാനം വിട്ടതായാണ് സൂചന. റെയിൽവേ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. രാവിലെ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പികാസും മൺവെട്ടിയും വീടിനു സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. വൃദ്ധദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ ഇരുവരും വിദേശത്താണ്.
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ ഫ്ലക്സ് ബോർഡ് വീണ് യുവതി മരിച്ച സംഭവത്തിനു പിന്നാലെ പാർട്ടിയുടെ കൊടിമരം ഒഴിവാക്കി സ്കൂട്ടർ ഓടിച്ച യുവതിക്ക് നാഷണൽ പെർമിറ്റ് ലോറി തട്ടി ഗുരുതരപരിക്ക്. കോയമ്പത്തൂരിൽ അവിനാഷ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു സംഭവം. എംബിഎ ബുരുദധാരിയായ അനുരാധ രാജശ്രീക്കാണ് (30) പരിക്കേറ്റത്. സ്കൂട്ടറിൽ കോയമ്പത്തൂർ ഗോകുലം പാർക്കിലെ ഓഫീസിലേക്കുപോകുമ്പോൾ ആയിരുന്നു അപകടം. ദേശീയപാതയിൽ വീണുകിടന്ന അണ്ണാഡിഎംകെയുടെ കൊടിമരത്തിൽ തട്ടാതിരിക്കാൻ ശ്രമിക്കുമ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു.
റോഡിലേക്ക് വീണ അനുരാധയുടെ മുകളിലൂടെ ലോറി കയറിയിറങ്ങി. അനുരാധയുടെ രണ്ട് കാലുകളിലൂടെയുമാണ് ലോറി കയറിയിറങ്ങിയത്. അമിത വേഗതയിലായിരുന്നു ലോറി. ഗുരുതരപരിക്കേറ്റ അനുരാധയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ ഏകമകളാണ് അനുരാധ. അപകടമുണ്ടാക്കിയ ലോറി മറ്റൊരു ബൈക്കിലും തട്ടി. ബൈക്ക് യാത്രക്കാരന് കൈയ്ക്കും കാലിനും പരിക്കേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെപ്റ്റംബറിൽ ചെന്നൈയിൽ ഫ്ലക്സ് ബോർഡ് വീണ് സോഫ്റ്റ്വെയർ എൻജിനിയറായ യുവതി മരിച്ചത് വിവാദമായിരുന്നു. അണ്ണാഡിഎംകെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യ ബോര്‍ഡ് വീണാണ് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന സോഫ്റ്റ്വെയർ എൻജിനിയർ ശുഭശ്രീ മരിച്ചത്. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഐഎൽടിസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ശുഭശ്രീയുടെ സ്കൂട്ടറിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു.
കൊടുകുളഞ്ഞി: ചെങ്ങന്നൂർ കൊടുകുളഞ്ഞിയിൽ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ(75), ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയ്ക്കടുത്തെ ഗ്രാമത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ടു നിന്ന മൊബൈല്‍ പ്രണയത്തിലൊടുവിലാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്. മൊബൈല്‍ നമ്പറിന്റെ വിലാസം കണ്ടെത്തിയായിരുന്നു വീട്ടമ്മയുടെ വരവ്.
കാമുകന്റെ വീട്ടുമുറ്റത്തെത്തിയ പ്രണയിനി കാമുകനെ ഫോണില്‍ വിളിച്ചു. ഫോണും പിടിച്ചു വാതില്‍ തുറന്ന് പുറത്തേക്ക് വന്ന മീശമുളയ്ക്കാത്ത പ്ലസ് ടുക്കാരന്‍ കാമുകനെക്കണ്ട് കാമുകി ഞെട്ടി. പണി പാളിയെന്ന് മനസിലാക്കിയ പയ്യന്‍ ഓടി വീടിനുള്ളില്‍ കയറി കട്ടിലിനടിയില്‍ ഒളിച്ചു. കരച്ചിലും തുടങ്ങി.വിവരം ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. നാട്ടുകാര്‍ പ്ലസ് ടുക്കാരന്‍ കാമുകന്റെ വീട്ടില്‍ തടിച്ചുകൂടി.
എന്നാല്‍ പ്രണയ പരവശയായ വീട്ടമ്മ മടങ്ങാന്‍ കൂട്ടാക്കിയില്ല. ബാഗും കൈയില്‍ പിടിച്ച് കാമുകന്റെ വീട്ടിന്റെ വരാന്തയില്‍ തന്നെ ഇരുന്നു. പിതാവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിലാസം കണ്ടെത്തിയാണ് വീട്ടമ്മ എത്തിയത്. ഒടുവില്‍ ആരോ വിളിച്ചു പറഞ്ഞതറിഞ്ഞു സ്ഥലത്തെത്തിയ ഭര്‍ത്താവ് വീട്ടമ്മയെ കൂട്ടി വീട്ടിലേക്ക് മടങ്ങി.
രാജസ്ഥാനിലെ സാംഭാര്‍ തടാകത്തിന് സമീപം 1500 ഓളം പക്ഷികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നു. കരളുനോവിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതില്‍ കൂടുതലും ദേശാടനപക്ഷികളാണ്. രാജ്യത്തെ ഏറ്റവും വലിയ ഉപ്പ് വെള്ള തടാകമാണ് സാംഭാര്‍. ജയ്പൂരിനടുത്താണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. കൂട്ടത്തോടെ പക്ഷികള്‍ ചത്ത വിവരം നാടിനെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്.
ജലമലിനീകരണമാകാം സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പക്ഷികളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂ. 1500 പക്ഷികളാണ് ചത്തതെന്ന് പ്രാഥമിക കണക്ക്. എന്നാല്‍, 5000ത്തോളം പക്ഷികള്‍ ചത്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രദേശത്തുനിന്ന് സംശയപരമായ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പക്ഷികള്‍ ചത്തുകിടക്കുന്ന നിഗൂഢത നിഴലിക്കുന്നുവെന്ന് പക്ഷി വിദഗ്ധന്‍ പറയുന്നു. തടാകത്തിന് 12-13 കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങള്‍ കിടക്കുന്നത്. വെള്ളകൊക്കന്‍ കുളക്കോഴി, അവോസെറ്റ് കുളക്കോഴി, പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം തുടങ്ങി പത്തോളം സ്പീഷിസുകളില്‍പ്പെട്ട പക്ഷികളാണിവ.
ജലമലിനീകരണത്തിന് കാരണമെന്താണെന്നും പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എന്തെങ്കിലും ബാക്ടീരയോ വൈറസോ ആണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.