റൗഡി ബേബി എന്ന പാട്ട് ഏത് ഗൗരവ പ്രകൃതക്കാരേയും അറിയാതെ ഡാന്‍സ് ചെയ്യാന്‍ പ്രേരിപ്പിക്കും. ലോകം മുഴുവാന്‍ തരംഗമായ ഈ പാട്ടിന് നടി സായി പല്ലവി വേദിയില്‍ ചുവട് വെക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവരുന്നത്. ഒരു ഫിലിം അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു താരത്തിന്റെ അമ്പരപ്പിക്കുന്ന പ്രകടനം. അതിരന്‍ എന്ന അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് സായി പല്ലവിക്കായിരുന്നു.
അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം അവതാരകരുടെ ആവശ്യപ്രകാരം സായി റൗഡി ബേബിക്ക് ചുവട് വെക്കുകയായിരുന്നു. ധനുഷ്, നിവിന്‍ പോളി തുടങ്ങിയ തെന്നിന്ത്യയിലെ താരങ്ങളെല്ലാം അണിനിരന്ന വേദിയിലാണ് സാരി ധരിച്ച് റൗഡി ബേബിക്ക് താരം ചുവട് വെച്ചത്.
ബിജെപിയ്ക്ക് സംസ്ഥാന പ്രസിഡന്റ് ഇല്ലാതായിട്ട് മൂന്ന് മാസമാകാറായി. ശ്രീധരന്‍ പിള്ളയെ മിസ്സോറാം ഗവര്‍ണറായി നിശ്ചയിച്ച ഉടന്‍ തന്നെ സംസ്ഥാന അധ്യക്ഷനെ നിയമിക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടത്. എന്നാല്‍ പ്രസിഡന്റിനെ കണ്ടെത്താനുളള എല്ലാ നീക്കങ്ങളും ഗ്രൂപ്പ് തര്‍ക്കത്തില്‍ തട്ടി തകരുകയായിരുന്നു. അമിത് ഷാ 15 ന് കേരളത്തിലെത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം ഇന്ന് കൊച്ചിയില്‍ നടക്കും
ബിജെപി സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരാണ് സംസ്ഥാന അധ്യക്ഷപദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരുങ്ങുന്നത്. ബി.ജെ.പിയിലെ മുരളീധര –കൃഷ്ണദാസ് പക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഇരുവര്‍ക്കും പുറമെ മറ്റൊരുസംസ്ഥാന നേതാവ് എ.എന്‍. രാധാകൃഷ്ണനും രംഗത്തിറങ്ങിയേക്കും. സംസ്ഥാന നേതാക്കളുമായി കൂടിയാലോചനകള്‍ക്കായാണ് ദേശീയ വക്താവ് ജി.എല്‍.വി നരസിംഹറാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും കൊച്ചിയിലെത്തുന്നത്.
ബിജെപിയില്‍ രണ്ട് പക്ഷങ്ങള്‍ തമ്മിലടിച്ചതാണ്, കുമ്മനം മാറിയപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് സഹായകരമായത്. അന്ന് പരസ്പരം തര്‍ക്കിച്ചുനിന്നവരാണ് ഇപ്പോഴും കളത്തിലുള്ളത്. വി മുരളിധരന്‍, പി കെ കൃഷ്ണദാസ് പക്ഷം തങ്ങളുടെ നോമിനികളെ പ്രസിഡന്റാക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിനെ പ്രസിഡന്റാക്കണമെന്ന് വാശിപിടിക്കുമ്പോള്‍ കെ സുരേന്ദ്രന് വേണ്ടിയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പക്ഷം നിലയുറപ്പിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, മുന്‍സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍ തുടങ്ങിയ പ്രമുഖനേതാക്കളുമായി ഇവര്‍ ചര്‍ച്ചനടത്തും. ആര്‍.എസ്.എസ് നേതാക്കളുടെ താല്‍പര്യവും ആരായും. തിരുവനന്തപുരം ഉള്‍പ്പടെ പതിനൊന്ന് ജില്ലകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന വക്താവ് വി.വി. രാജേഷും മുന്‍ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനും തമ്മിലായിരുന്നു മല്‍സരം.
ജില്ലാ സമിതിയിലെ 151 അംഗങ്ങള്‍ വോട്ടിങില്‍ പങ്കെടുത്തു. ദേശീയ സെക്രട്ടറി എച്ച്. രാജ, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജില്ലാ അധ്യക്ഷനാകണമെന്നില്ല. ആര്‍.എസ്.എസിന്റെ താല്‍പര്യവും സാമുദായിക ഘടകങ്ങളുമൊക്കെ കണക്കിലെടുത്താകും പ്രഖ്യാപനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഈ മാസം ഒന്‍പതിനാണ്. നൂറ്റിനാല്‍പത്ത് നിയോജമണ്ഡലങ്ങളില്‍ നൂറ്റിയിരുപതുമണ്ഡലങ്ങളിലും ഭാരവാഹികളായി. സമവായത്തിനാണ് കേന്ദ്രനേതാക്കള്‍ ശ്രമിക്കുന്നത്.
പൗരത്വ നിയമഭേദഗതിക്കെതിരായ നീക്കങ്ങളെ നേരിടുന്നതിനുള്ള പദ്ധതികളാണ് ഇന്നത്തെ യോഗത്തിന്റെ മറ്റൊരു പ്രധാന വിഷയം.മലബാറില്‍ അമിത് ഷായുടെ പൊതുയോഗം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എം ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ ഗ്രൂപ്പിന്റെ ഭാഗമായി രംഗത്തെത്തുമ്പോള്‍, അങ്ങനെയല്ലാതെ ശോഭാ സുരേന്ദ്രനും പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ കുമ്മനം രാജശേഖരനെ വീണ്ടും പ്രസിഡന്റാക്കണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. വട്ടീയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആര്‍എസ്എസ് നിര്‍ദ്ദേശം ബിജെപി നേതൃത്വം അംഗീകരിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു
സംസ്ഥാന അധ്യക്ഷനുപുറമെ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ബിജെപിയില്‍ ശക്തമായ തര്‍ക്കം ഉണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് വി വി രാകേഷിനെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് മുരളീധര പക്ഷത്തിന്റെ ആവശ്യം. അടുത്ത ഒക്ടോബറില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി ഭാരവാഹികളുടെ നിയമനം വൈകുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന നേതാക്കള്‍ക്കിടയില്‍തന്നെ അഭിപ്രായമുണ്ട്.
ഇന്ന് സംസ്ഥാനത്തെത്തുന്ന കേന്ദ്ര പ്രതിനിധികള്‍ സംസ്ഥാനത്തെ നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റക്ക് ചര്‍ച്ച നടത്തുമെന്നാണ് സൂചന. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ജെഎന്‍യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. സര്‍വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് രക്ഷാദള്‍ നേതാവ് പിങ്കി ചൗധരി ആരോപിച്ചു.അക്രമം ആസൂത്രണം ചെയ്ത വാട്ട്സാപ്പ് ഗ്രൂപിൽ അംഗമാണെന്ന ആരോപണം നിഷേധിച്ച് ചീഫ് പ്രോക്ടർ വിവേകാനന്ദ സിങ്. ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്ന ഗ്രൂപിലെ അംഗത്വം നേരത്തെ ഉപേക്ഷിച്ചതാണെന്നും അക്രമത്തെ കുറിച്ച് അറിയില്ലെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തോട് സിങ് വ്യക്തമാക്കി. സിങ് ഗ്രൂപിലുണ്ടെന്ന് അധ്യാപകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു
സർവകലാശാലയിലെ സർവർ റൂം തകർത്തതിനും സുരക്ഷ ഉദ്യോഗസ്ഥരെ അക്രമിച്ചതിനും വിദ്യാർഥി യൂണിയൻനേതാവ് ഐഷി ഘോഷടക്കം ഇരുപത് വിദ്യാർഥികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അധികൃതർ നൽകിയ പരാതിയിൻമേലാണ് നടപടി. അക്രമിസംഘത്തിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ക്യാംപസിനകത്ത് ഇന്നും പ്രതിഷേധിക്കുകയാണ്. ഇതിനിടെ അക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്. ജോര്‍ജ് അലക്സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് പ്രതിനിധി. ‘വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു, കരുതിക്കൂട്ടി ആക്രമിച്ചു. സിഐടിയു ബോധപൂര്‍വം സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുത്തൂറ്റ് പ്രതിനിധി ആരോപിച്ചു.
മുത്തൂറ്റ് കൊച്ചി കോര്‍പറേറ്റ് ഓഫിസില്‍ ഇന്നലെ ജീവനക്കാരെ തടഞ്ഞിരുന്നു. ആയുധം കൊണ്ടല്ല ആശയപരമായാണ് നേരിടേണ്ടതെന്ന് വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.
അതേസമയം, മുത്തൂറ്റ് ഫിനാൻസിൽ നിന്ന് പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കടുപ്പിച്ച് സമരസമിതി. ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. സാമ്പത്തികമായി നഷ്ടത്തിലായ ബ്രാഞ്ചുകളാണ് പൂട്ടിയതെന്ന നിലപാടിലാണ് മാനേജ്മെന്റ്.
കഴിഞ്ഞ മാസം ഏഴിനാണ് 166 ജീവനക്കാരെ മുത്തൂറ്റ് ഫിനാൻസ് പിരിച്ചുവിട്ടത്. വേതന വർധനയടക്കമുള്ള ആവശ്യങ്ങളുമായി അൻപത്തിരണ്ട് ദിവസം നീണ്ട സമത്തിൽ പങ്കെടുത്തവരെയാണ് പിരിച്ചുവിട്ടതെന്നും ഇത് ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ലംഘനമാണെന്നും ആരോപിച്ചാണ് ഈ മാസം രണ്ടാം തീയതി വീണ്ടും സമരം തുടങ്ങിയത്.
സാമ്പത്തികമായി നഷ്ടത്തിലായ നാൽപത്തിമൂന്ന് ബ്രാഞ്ചുകൾ പൂട്ടിയതിനാലാണ് ജീവനക്കാർക്ക് ജോലി പോയതെന്ന് മുത്തൂറ്റ് ഫിനാൻസ്. തുടർച്ചയായ സമരങ്ങൾ മൂലം കേരളത്തിലെ ബിസിനസിൽ വൻ ഇടിവുണ്ടായി. ബ്രാഞ്ചുകൾ പൂട്ടിയത് പ്രതികാര നടപടിയല്ലെന്നും റിസർവ് ബാങ്കിന്റെയടക്കം അനുമതി വാങ്ങിയ ശേഷമാണ് നടപടിയെന്നും എം.ഡി. ജോർജ് അലക്സാണ്ടർ പറഞ്ഞു. മുന്നൂറോളം ജീവക്കാരിൽ 250 പേർക്കു മാത്രമാണ് ജോലിക്കെത്താനായതെന്ന് മാനേജ്മെന്റ് അറിയിച്ചു.
വഴിയില്‍ കിടന്ന വലിയ കല്ലെടുത്ത് ഓടിവന്ന് കാറിനുമുകളിലേക്ക് എറിയുകയായിരുന്നു. നീല ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് അക്രമി. കാറിന്റെ മുൻസീറ്റിൽ, ഇടതു വശത്ത് ഇരിക്കുകയായിരുന്ന ജോർജ് അലക്സാണ്ടറിന്റെ തലയ്ക്കാണ് ഏറ് കൊണ്ടത്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയനാക്കി. സിഐടിയുവിന്റെ നേതൃത്വത്തിൽ മൂത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് ഓഫിസിനു മുന്നിൽ 4 ദിവസമായി സമരം നടക്കുകയാണ്. ഡിഐജി ഓഫിസിനു മുന്നിൽ കേന്ദ്രീകരിച്ച്, ജീവനക്കാരുമായി കോർപറേറ്റ് ഓഫിസിലേക്കു നീങ്ങുന്നതിനിടെ, ഡിഐജി ഓഫിസിനു മുന്നിൽ വച്ചാണ് ആക്രമണം.
ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ് പ്രതിനിധി. ‘വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു, കരുതിക്കൂട്ടി ആക്രമിച്ചു. സിഐടിയു ബോധപൂര്‍വം സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുത്തൂറ്റ് പ്രതിനിധി ആരോപിച്ചു.
കൊടൈക്കനാലിന് സമീപം നടന്ന വാഹനാപകടത്തിൽ പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുൽ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയും നടനും റിയാലിറ്റി ഷോയിലെ നര്‍ത്തകനുമായ നകുല്‍ തമ്പിയും സുഹൃത്തായ ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യ(24)യുമാണ് അപകടത്തിൽ തലയില്‍ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവര്‍. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളിലായി കൊടൈക്കനാലില്‍ എത്തിയതായിരുന്നു ഇവരു സുഹൃത്തുക്കളും. നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മറ്റ് മൂന്നു സുഹൃത്തുക്കളും യാത്രചെയ്യുകയായിരുന്നു. നകുൽ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ നകുലിനെയും ആദിത്യയെയും ആദ്യം വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശേഷം ഇവരെ വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ തന്നെ ഇരുവരും ഇപ്പോള്‍ ഐ.സി.യു.വിൽ ചികിത്സയിലാണ്.
ഇവരെ സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകൾ പ്രചരിപ്പിക്കരുതെന്നും ഓരോ നിമിഷവും നകുലിന്റെ കുടുംബവുമായി ഞങ്ങൾ ബന്ധപെടുന്നുണ്ടെന്നും ഇപ്പോൾ വേണ്ടത് പ്രാർത്ഥിക്കുക എന്നത് മാത്രമാണെന്നും നടൻ അമ്പി നീനാസം കുറിച്ചിരിക്കുന്നു. വാട്സാപ്പ് വഴി വരുന്ന വ്യാജ വാര്‍ത്തകൾ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അമ്പി നീനാസം ഫെയ്സ്ബുക്കിൽ കുറിച്ചു.
പൂർണമായും വായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് നടൻ കുറിപ്പ് പങ്കുവയ്ക്കുന്നത്. നകുലിനും, അവന്റെ സുഹൃത്തിനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണെന്നും പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണെന്നും അതുകൊണ്ടാണ് ഈ തുറന്നെഴുത്തെന്നും അമ്പി നീനാസം പറയുന്നു.
കുറിപ്പ് വായിക്കാം: പൂർണമായും വായിക്കുക, നകുലിനും, അവന്റെ സുഹൃത്ത് ആദിത്യനും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണ്. പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്….
ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങൾ ബന്ധപെടുന്നുണ്ട്. ഇപ്പോൾ വേണ്ടത് പ്രാർഥിക്കുക എന്നത് മാത്രമാണ്. വാട്സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകൾ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്….
ഇപ്പൊ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഉള്ളത്. 48 മണിക്കൂർ ഒബ്സർവേഷനിൽലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യൽ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകൾ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവർ എല്ലാവരും ആത്മാർഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാൻസിലേക്കും അവൻ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ,… അവന്റെ സുഹൃത്തും പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്. എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കിൽ,… അവർക്ക് രണ്ട് പേർക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക.’–അമ്പി കുറിച്ചു.
കാറിലേക്കു ബസ് പാഞ്ഞുകയറി നാലു പേർ മരിച്ചു. വൈക്കം ചേരുംചുവടിലാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ആറോടെയാണ് അപകടമുണ്ടായത്.
ഉദയംപേരൂർ പത്താം മയിൽ മനയ്ക്കപ്പടി വിശ്വനാഥൻ ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവരാണ് മരിച്ചത്. രാവിലെ ചേർത്തല വേളോർവട്ടം ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ ആണ് അപകടം.
കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. അമിത വേഗമാണ് അപകട കാരണമെന്നാണ് സൂചന. വൈക്കം ഭാഗത്തേക്ക് വന്നിരുന്ന ബസ് ഇടറോഡിൽ നിന്നു കയറിവന്ന കാറിൽ ഇടിക്കുകയായിരുന്നു. വൈക്കം– എറണാകുളം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്.മൂന്നുറോഡുകള്‍ ചേരുന്ന ജംക്‌ഷനിലാണ് അപകടം. ഇടറോഡില്‍ നിന്ന് പ്രധാനറോഡിലേക്ക് കയറിയ കാര്‍ ബസിന് മുന്നില്‍പ്പെടുകയായിരുന്നു.
ഇരു വാഹനങ്ങളും വേഗത്തിൽ വന്നതാണ് ഇത്തരത്തിൽ വലിയ ആഘാതമുണ്ടാകാൻ കാരണമെന്നാണ് വിവരം. ഇടറോഡിൽ നിന്ന് കയറിവന്ന കാർ അതേവേഗത്തിൽ റോഡിലേക്ക് കയറുന്നതാണ് കാണുന്നത്.
എതിർദിശയിൽ നിന്നു വന്ന ബസ്സും വേഗത്തിലായിരുന്നു. ബസ് കാറിനു മുകളിലൂടെ ഇടിച്ചുകയറി മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വൈക്കം ഭാഗത്തേക്കു വന്ന ലിറ്റിൽ റാണിയെന്ന ബസ് ചെരിഞ്ചോട് പാലം ഇറങ്ങിയ ശേഷം മെയിൻ റോഡിലേക്കു കയറുന്ന ഇടവഴിയിൽ നിന്നെത്തിയ കാറിലാണ് ഇടിച്ചത്.
ഇടവഴിയിൽ നിന്നു മെയിൻറോഡിലോക്ക് കയറുമ്പോൾ കാർ മറ്റു വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കുകയോ ബ്രേക്ക് ചവിട്ടി കയറുകയോ ചെയ്യുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നു.ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ഉദയംപേരൂർ പത്താം മൈൽ മനയ്ക്കപ്പടി വിശ്വനാഥൻ, ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു.
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ തിരിമറി നടന്നില്ലെങ്കിൽ ഡൽഹി വീണ്ടും ആം ആദ്മി പാർട്ടി ഭരിക്കുമെന്ന് ഉറപ്പാകുന്നു . ഇന്ന് പുറത്ത് വന്ന സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത് കേജരിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടി രണ്ടാമതും ഡൽഹിയിൽ അധികാരത്തിലെത്തുമെന്നാണ് . 70 അംഗ നിയമസഭയില്‍ 59 സീറ്റ് വരെ ആം ആദ്മി പാര്‍ട്ടി നേടിയേക്കാമെന്ന് എ ബി പി ന്യൂസിന്റെ സര്‍വെ പറയുന്നു. ബിജെപിക്ക് എട്ട് സീറ്റും കോണ്‍ഗ്രസിന് മൂന്നു സീറ്റുമാണ് സര്‍വെ പറയുന്നത്.
ഇത്തവണ 55 ശതമാനം വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കും. ബിജെപിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒമ്പത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ് രിവാളിന് തന്നെയാണ്. 70 ശതമാനം പേര്‍ കെജ്രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു.
പത്തനാപുരം ∙ സിനിമാ നടിയാകാനൊരുങ്ങുന്ന കാമുകിയുടെ ‘സുരക്ഷ’ ഉറപ്പാക്കാൻ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും ക്ലൈമാക്സിൽ പൊലീസ് പിടിയിൽ. ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂർ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ്, വർഷങ്ങളെടുത്ത് എഴുതിത്തയാറാക്കിയ തിരക്കഥയെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം.
പത്തനാപുരം സ്വദേശിയായ യുവാവാണു തിരക്കഥാകൃത്ത്. യുവതിക്കു സിനിമയിൽ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണിൽ വിളിക്കാൻ തുടങ്ങി. സംസാരം ഇടയ്ക്ക് അതിരുകടന്നു. കാമുകനായ അടൂർ സ്വദേശിയോടു യുവതി വിവരം പറഞ്ഞു. ഇതോടെ തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയത്തിൽ അന്വേഷണങ്ങൾ നടത്തി.
തുടർന്നാണു സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാൻ കാമുകനും രണ്ടു സുഹൃത്തുക്കളും ചേർന്നു തീരുമാനിച്ചത്. കാമുകി സിനിമാനടിയായാൽ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയും ‘കഥാനായകനെ’ കടുംകൈയ്ക്കു പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ആറിനു മൂവർ സംഘം തിരക്കഥാകൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ടെത്തിയ സംഘം കാറിൽ പിടിച്ചുകയറ്റി അടൂർ ഭാഗത്തേക്കു കൊണ്ടുപോയി. സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തെത്തുടർന്ന് രാത്രി ഒൻപതിന് അടൂർ ഹൈസ്കൂൾ ജംക്‌ഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. 3 പേരെയും റിമാൻഡ് ചെയ്തു.
ആലുവ: പൗരത്വ ഭേദഗതി നിയമം ബ്രഹ്മണാധിപത്യത്തിനുള്ള തുടക്കമാണെന്നും ജനങ്ങൾ ഈ സമരത്തെ ഏറ്റെടുത്തിൽ ഭരണകൂടം ഭയന്നിട്ടുണ്ടെന്നും ഇന്ത്യൻ യുവത്വം പ്രതികരണ ശേഷി ഉള്ളവരാണെന്നു തെളിയിച്ചത് ആശാവഹമാണെന്നും ജസ്റ്റിസ് കെമാൽ പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് ഫോറം ആലുവയിൽ നടത്തിയ പൗരത്വ ഭേദഗതി അവലോകന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ലീലമണി അധ്യക്ഷത വഹിച്ചു. നാഷണൽ ഫോറം പ്രസിഡന്റ് അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ് ആർഷ ഭാരത സംസ്കാരമെന്നും സമസ്ത ലോകത്തിന്റെയും നന്മയ്ക്കായി പ്രാർത്ഥിച്ചിരുന്ന മുനിമാരെയാണ് നാം മാതൃക ആക്കേണ്ടതെന്നും മതത്തിന്റെ പേരിൽ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരിൽ ജിന്നയുടെ പ്രേതമാണുള്ളതെന്നും അവരെയാണ് പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതെന്നും മുഖ്യ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. അൻവർ സാദത്ത് എം. എൽ. എ, പ്രദീപൻ മലോത്, ശശികുമാർ കാളികാവ്, വഹിദാ നിസാർ എന്നിവർ പ്രസംഗിച്ചു.

തിരുവനന്തപുരം പൗരത്വ നിയമ ഭേദഗതി വിശദീകരണത്തിനു തുടക്കമിട്ടു സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിനെ സന്ദർശി ച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവി ന് ആദ്യം കേൾക്കേണ്ടി വന്നതു തന്നെ നിയമത്തിലുള്ള വിയോ ജിപ്പ് . രാജ്യത്തെ 3 കോടി വീടുകളിലെത്തി നിയമത്തെക്കുറിച്ചു ബോധവൽക്കരിക്കുന്ന ബിജെപി യുടെ ഗൃഹസമ്പർക്ക പരിപാടിക്കു കേരളത്തിൽ തുടക്കമിടാനാണു റിജിജു എത്തിയത് . ബിജെപി സംസ്ഥാന നേതാ ക്കളുടെ അഭിപ്രായപ്രകാരമാണ് ആദ്യം ഓണക്കൂറിനെ സന്ദർശിച്ചത് . വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണംആവശ്യപ്പെട്ടു ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിച്ചപ്പോൾ പിന്തുണയുമായി ഓണക്കൂർ എത്തിയിരുന്നു . അദ്ദേഹത്തിന്റെ നിലപാട് ബിജെപിക്ക് അനുകൂലമെന്ന ധാരണയിലാണു കേന്ദ്ര മന്ത്രിയെ നേതാക്കൾ ഇവിടെ എത്തിച്ചത് .
എന്നാൽ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും വ്യാജപ്രചാരണമാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞപ്പോൾ ഓണക്കൂർ തൻറെ വിയോജിപ്പ് വ്യക്തമാക്കി. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി 6 മതങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിൻറെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ഓണക്കൂറിന് പ്രതികരണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കാശ്മീർ വിഷയത്തിലെ കേന്ദ്ര നിലപാട് താൻ അംഗീകരിച്ചിട്ടുണ്ടെന്നും വിഷയം അടിസ്ഥാനമാക്കിയാണ് നിലപാടെടുക്കുന്നതെന്നുമായിരുന്നു ഓണക്കൂറിന് പ്രതികരണം.
ഇതിനിടെ പൗരത്വനിയമം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണെന്നും കേന്ദ്രസർക്കാർ മുസ്ലിം സമുദായത്തിൻെറ വിശ്വാസ്യത വീണ്ടെടുക്കണമെന്നും ആർച്ച് ബിഷപ്പ് ഡോക്ടർ എം .സൂസപാക്യം കേന്ദ്രമന്ത്രികിരൺ റിജിജുവിനെ അറിയിച്ചു. ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മന്ത്രി ബിഷപ്പിനെ സന്ദർശിച്ചത്. നിയമം പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിനോടു മുസ്ലിം അസോസിയേഷനും ആവശ്യപ്പെട്ടു.