Latest News

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർ‌മ്മിച്ച മരടിലെ ഫ്ലാറ്റുകൾ‌ ജനുവരി 11, 12 തീയ്യതികളിൽ പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള തീയതി നിശ്ചയിക്കുന്നതിന് ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീയ്യതികൾ തീരുമാനമായത്. ആൽ‌ഫ സെറിൻ, ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളാണ് 11 ന് ആദ്യം പൊളിക്കുക. 12 ന് ഗോൾഡൻ കായലോരവും, ജെയിൻ ഫ്ലാറ്റും പൊളിക്കാനാണ് തീരുമാനം.

ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്പനികൾ പൊളിക്കൽ പദ്ധതി സംബന്ധിച്ച റിപ്പോ‍ർട്ട് സാങ്കേതിക സമിതിക്ക് കൈമാറിയിരുന്നു. ഇത് പ്രകാരമുള്ള തുടർനടപടികൾ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഇന്ന് ഉന്നതതല യോഗം വിളിച്ചത്.

അതിനിടെ, പരിസരവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഇരുനൂറ് മീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിക്കും. കൂടാതെ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചു. റവന്യു ടവറിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ, കമ്മീഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

അതിനിടെ. മരിടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമിച്ച കേസിൽ നടപടിയുമായി വിജിലൻസ് മുന്നോട്ട് പോവുകയാണ്. ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമ്മിച്ച കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു മൂന്നു ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്‌റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിൽ ഗോൾഡൺ കായലോരം നിർമാണ കമ്പനി ഉടമകൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് അയച്ചു.

ഫീസ് വര്‍ധനയ്ക്കും ഡ്രെസ് കോഡിനുമെതിരെ ജെ.എന്‍ .യു വിദ്യാര്‍ഥികൾ നടത്തിയ പ്രതിഷേധത്തിനിടെയുളള സംഘര്‍ഷം തുടരുന്നു. ജെഎന്‍യു ഗേറ്റില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ നീക്കാന്‍ പൊലീസ് ശ്രമം. പെണ്‍കുട്ടികളേയും നേരിടുന്നത് പുരുഷ പൊലീസുകാര്. വിദ്യാര്‍ഥിസമരം നേരിടാന്‍ അര്‍ധസൈനികരും രംഗത്ത്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ക്യാംപസിനുള്ളില്‍ അധ്യാപകരുടെ പ്രതിഷേധം.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലും പങ്കെടുത്ത ബിരുദദാനച്ചടങ്ങ് നടക്കുന്ന വേദിയുടെ സമീപത്തേക്ക് വിദ്യാര്‍ഥികൾ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാൻ വിദ്യാര്‍ഥികൾ ശ്രമിച്ചതോടെ പൊലീസ് ശക്തമായ പ്രതിരോധമുയര്‍ത്തി . ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹോസ്റ്റൽ ഫീസ് അഞ്ച് ഇരട്ടിയോളം വർദ്ധിപ്പിച്ചതിനെതിരെ കഴിഞ്ഞ 10 ദിവസമായി ജെഎൻയുവിൽ വിദ്യാർഥികൾ സമരത്തിലാണ്. വിദ്യാർഥികളുമായി ചർച്ച നടത്താൻ അധികൃതർ തയ്യാറാകുന്നില്ല എന്നും വിമർശനമുണ്ട്.

അയോധ്യ വിധിക്ക് പിന്നാലെ മുസ്‌ലിംകള്‍ക്ക് നല്‍കിയ അ‍ഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവും നടന്‍ സല്‍മാന്‍ ഖാന്റെ പിതാവുമായ സലിം ഖാന്‍. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് വേണ്ടത് സ്കൂളുകളാണ്, പള്ളികളല്ല, സലിം ഖാന്‍ പറഞ്ഞു.

”ക്ഷമയും സ്നേഹവുമാണ് ഇസ്‌ലാമിന്റെ ഗുണങ്ങളെന്നാണ് പ്രവാചകന്‍ പറഞ്ഞത്‍. അയോധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‍ലിമും മുന്നോട്ടുപോകേണ്ടത്. സ്നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ”- സലിം ഖാന്‍ പറഞ്ഞു.

”വളരെയധികം പഴക്കമുള്ള ഒരു തര്‍ക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഞാനീ വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി മുസ്‌ലിംകള്‍ അയോധ്യ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചര്‍ച്ചകള്‍. ഇതെന്തുകൊണ്ടാണ് പറയുന്നതെന്ന് ചോദിച്ചാല്‍ നമുക്കാവശ്യം സ്കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അ‍ഞ്ചേക്കറില്‍ സ്കൂളോ കോളജോ നിര്‍മിക്കണമെന്നാണ് എന്റെ അഭിപ്രായം.

പ്രധാനമന്ത്രി മോദിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിവുപോലെ വെള്ളം കോരാനായി കിണറ്റിന്‍കരയിലെത്തിയതാണ് നക്കര വെള്ളാവൂര്‍ വീട്ടില്‍ ഭാര്‍ഗവന്‍. തൊട്ടി കിണറ്റിലേക്കിട്ടപ്പോള്‍ ഒപ്പം കയറില്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല.

വെള്ളത്തിലേക്ക് തൊട്ടിമാത്രം വീണത് ആദ്യം ഞെട്ടലായി. തലേന്ന് രാത്രി പത്തുമണിക്കുശേഷവും തൊട്ടിക്കൊപ്പമുണ്ടായിരുന്ന കയര്‍, എവിടെപ്പോയിയെന്ന അന്വേഷണം ഒടുവിലെത്തിച്ചത് രണ്ട് മൃതദേഹങ്ങളിലേക്ക്.

അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് ഈ ഗ്രാമം വെള്ളിയാഴ്ച രാവിലെ മിഴി തുറന്നത്. നക്കര വെള്ളാവൂര്‍ ഹരിചന്ദ്രന്റെ (ഹരി) മരണവും ഭാര്യ ലളിതയുടെ കൊലപാതകവും നാടിനെ നടുക്കത്തിലാഴ്ത്തി.

നേരം പുലര്‍ന്നിട്ടും ഹരിചന്ദ്രന്റെ വീട്ടില്‍ ആളനക്കമില്ലാതിരുന്നതാണ് അയല്‍വാസികളെ ആദ്യം സംശയത്തിലാഴ്ത്തിയത്. സമീപവാസിയും ബന്ധുവുമായ അഭിലാഷ് ഈ വിവരം ഹരിയുടെ ഇളയ മകന്‍ ഗിരീഷിനെ അറിയിച്ചു.

കറുകച്ചാലിലായിരുന്ന ഗിരീഷ് സുഹൃത്ത് രാജിത്തിനെ വിവരമറിയിച്ചു. ഹരിയുടെയും ലളിതയുടെയും മൊൈബല്‍ ഫോണിലേക്ക് ഗിരീഷ് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ആശങ്ക വര്‍ധിച്ചതോടെ ഗോവണിയുപയോഗിച്ച് വീടിന്റെ ടെറസിലേക്ക് അഭിലാഷും രാജിത്തും പ്രവേശിച്ചു.

ടെറസിലെ വാതില്‍ ചാരിയിട്ടനിലയിലായിരുന്നു. ഇതുവഴി വീടിന്റെ താഴത്തെനിലയിലേക്കുള്ള പടികള്‍ ഇറങ്ങവെ രാജിത്ത് കണ്ടത്, പടിക്കെട്ടിന്റെ കൈവരിയില്‍ കയറുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ടനിലയിലുള്ള ഹരിയുടെ മൃതദേഹമാണ്.

വിവരമറിഞ്ഞെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ ലളിതയുടെ മൃതദേഹവും കട്ടിലിന് താഴെ കണ്ടെത്തി.

തോളത്തുണ്ടായിരുന്ന തോര്‍ത്ത് കടിച്ചുപിടിച്ചനിലയിലായിരുന്നു ഹരിയുടെ മൃതദേഹം. സമീപത്തെ കിണറ്റില്‍നിന്നു വെള്ളം കോരാനുപയോഗിച്ചിരുന്ന കയറാണ് ഹരിയുടെ കഴുത്തിലുണ്ടായിരുന്നത്.

ലളിതയുടെ നെറ്റിയില്‍ ഇടതുവശത്തെ കണ്‍പുരികത്തിന് താഴെയായി ആഴത്തില്‍ രണ്ട് മുറിവുകളാണുള്ളത്. കൊല ചെയ്യാനുപയോഗിച്ച കോടാലി രക്തംപുരണ്ടനിലയില്‍ സമീപത്ത് തന്നെയുണ്ടായിരുന്നു.

മൃതദേഹ പരിശോധനയില്‍ ഹരിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ‘എനിക്ക് ജീവിതം മടുത്തു’വെന്ന് വലുതായി ഇതില്‍ എഴുതിയിരുന്നു. ഹരി മാസങ്ങള്‍ക്ക് മുേന്പ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തേകാലോടെ ഹരിയുടെ വീടിന് സമീപത്തെ കിണറ്റിന്‍കരയില്‍ വെള്ളമെടുക്കാനായി അയല്‍പക്കത്തെ സ്ത്രീ എത്തിയിരുന്നു. പുറത്ത് കാല്‍പ്പെരുമാറ്റം കേട്ട് ഹരി വീടിനുള്ളില്‍നിന്നു കര്‍ട്ടന്‍ നീക്കി നോക്കിയിരുന്നു.

രാത്രി പത്തരയ്ക്ക് ശേഷമാണ് കൊലപാതകമുള്‍പ്പെടെ നടന്നതെന്നാണ് പോലീസ് നിഗമനം.

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു. ഡിസംബര്‍ 30നാണ് വിവാഹം. സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു വി പി സാനു മത്സരിച്ചിരിക്കുന്നു.

ആദ്യമയി കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാർ അതിനായി നേരത്തെ തന്നെ തയ്യാറെടുക്കണം എന്ന് പ്രായമുളവർ ഉപദേശിക്കാറുണ്ട്. ഇത് വെറുതെയല്ല. കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. ചില അശ്രദ്ധകൾ അപകടങ്ങൾക്കും കാരണമാകും.

ഇതിൽ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് കുഞ്ഞ് ഉറക്കത്തിലോ പാതി ഉറക്കത്തിലോ ഉള്ളപ്പോൾ ഒരിക്കലും മുലയുട്ടരുത് എന്നത്. ഇത് വലിയ അപകടങ്ങൾക്ക് വഴിവക്കും. കുഞ്ഞ് ഉറക്കത്തിലായിരിക്കുമ്പോൾ മുലയൂട്ടുന്നത് കുഞ്ഞിന് ശ്വാസ തടസം ഉണ്ടാകുന്നതിനും തൊണ്ടയിൽ മുലപ്പാൽ അടിഞ്ഞുകൂടുതന്നതിനും കാരണമാകും.

കുഞ്ഞിനെ ഇടതുതോളിൽ കിടത്തി കൈകൊണ്ട് കുഞ്ഞിനെ പുറത്ത് തട്ടി ഉള്ളിലുള്ള വായു പുറത്തു കളഞ്ഞുകൊണ്ടാണ് മുലയൂട്ടേണ്ടത്. കുഞ്ഞിന് ശ്വാസതടസം ഉണ്ടാകുന്നില്ല എന്ന കാര്യം അമ്മ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മുലയുട്ടുന്ന അമ്മമാർ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രസംവം കഴിഞ്ഞ ആദ്യ ദിവസങ്ങാളിൽ വരുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാൽ കുഞ്ഞിന് നിർബന്ധമായും നൽകിയിരിക്കണം. ഇതാണ് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്കായുള്ള ആദ്യ പോഷണം. ഒരു മുലയിൽ നിന്നും മാത്രം മുല കുടിക്കാൻ കുഞ്ഞിനെ അനുവദിക്കരുത് ഇരുമുലകളിലും മാറി മാറി വേണം മുലയൂട്ടാൻ. മുലയിൽ നിന്നും അൽ‌പം പാൽ പിഴിഞ്ഞു കളഞ്ഞതിന് ശേഷമേ കുഞ്ഞിനെ മുലയൂട്ടാവൂ എന്ന കാര്യവും ശ്രദ്ധിക്കണം.

വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത? വിധവകൾ മരിച്ചു പോയ ഭർത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകയായ സനിതാ മനോഹർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സനിത മനോഹറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

നാല്പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് മരിച്ച കുട്ടികളുള്ള എന്റെയൊരു സുഹൃത്ത് വിവാഹിതയാവാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ കുടുംബത്തിലെ ചിലരുടെ (ഭൂരുഭാഗവും സ്ത്രീകളുടെ) പ്രതീകരണം ഇങ്ങനെയായിരുന്നു.

‘ഈ വയസ്സില്‍ ഇവള്‍ക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ?.നാണക്കേട് . മക്കളുടെ വിവാഹം നടത്തേണ്ട നേരത്ത് . കുടുംബത്തില്‍ പിറന്ന സ്ത്രീകളാരും ഇതിനു മുതിരില്ല ‘ ആശങ്കപ്പെടുന്നവര്‍ വിദ്യാ സമ്പന്നരാണേ. കുടുംബത്തില്‍ പിറന്നവരും . വിവാഹത്തിനുള്ള തീരുമാനം അവളുടെയാണ് . മക്കളും സന്തോഷത്തിലാണ് അമ്മയുടെ തീരുമാനത്തില്‍ . അയാളുടെയും അവളുടെയും മക്കള്‍ ചേര്‍ന്നാണ് അവരുടെ വിവാഹം നടത്തുന്നതും. അവളുടെ തീരുമാനം ആയതുകൊണ്ടാവും ചിലരൊക്കെ തൊടുപുഴയിലെ സംഭവവും ഓര്മിപ്പിക്കുന്നുണ്ട്. അതൊരു അപൂര്‍വ്വ സംഭവമാണെന്നറിയാമായിരുന്നിട്ടും അച്ഛനും അമ്മാവനും ചേട്ടനും ഒക്കെ ചേര്‍ന്ന് അന്വേഷിച്ച് നടത്തിയ വിവാഹത്തില്‍ ക്രൂരരായ പുരുഷന്മാരെ കണ്ടിട്ടും ചിലര്‍ നിഷ്‌കളങ്കമായി പറയുകയാണ്. തന്നിഷ്ടത്തിന് അനുഭവിക്കുമെന്ന്.

ഒരാള്‍ക്കൊപ്പം അയാളുടെ കുട്ടികളെയും പ്രസവിച്ചു വളര്‍ത്തി സന്തോഷകരമായി ജീവിക്കാനാവുന്നത് നല്ലതു തന്നെ. ആ പ്രിവിലേജില്‍ നിന്ന് കൊണ്ട് പതി വ്രതയാവുകയോ കുടുംബത്തില്‍ പിറന്നതില്‍ ഊറ്റം കൊള്ളുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ . ഭര്‍ത്താവിന്റെ മരണം കൊണ്ടോ കൂട്ടിനു കിട്ടിയ പുരുഷന്‍ മോശക്കാരാനാവുന്നതു കൊണ്ടോ കുട്ടികളെയും കൊണ്ട് മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ വിധിക്കാന്‍ നില്‍ക്കരുത്. വിവാഹ മോചിതരായാലും വിധവകളായാലും കുട്ടികളുണ്ടെങ്കില്‍ അവരെയും നോക്കി ശിഷ്ട ജീവിതം നയിക്കുകയാണ് കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ചെയ്യേണ്ടതത്രെ . ഈ നിബന്ധനകളൊന്നും പുരുഷന് ബാധകമല്ല താനും. പുരുഷന് ഭാര്യ മരിച്ചതാണെങ്കില്‍ ഒരു മാസം കഴിയുമ്പോള്‍ തന്നെ പുനര്‍ വിവാഹിതനാവാം. വിവാഹ മോചനമാണെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ ആവാം. അയ്യോ അല്ലെങ്കില്‍ കുഞ്ഞുങ്ങളെയും കൊണ്ട് അയാളെങ്ങിനെ തനിച്ച്. വിധവാപുനര്‍ വിവാഹത്തിനുള്ള അവകാശം പൊരുതി നേടിയിട്ടുണ്ടെങ്കിലും വിധവകള്‍ മരിച്ചു പോയ ഭര്‍ത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കുന്നത് കാണാനാണ് കേരളീയ സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. അങ്ങിനെ കുട്ടികളെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഒരു സ്ത്രീ തീരുമാനിച്ചാലോ നാട്ടുകാരുടെയും വീട്ടുകാരുടെയും നിരന്തരമുള്ള നിരീക്ഷണത്തിലായിരിക്കും അവര്‍. മക്കളെയും കൊണ്ടു തനിച്ച് താമസിക്കുന്ന, നാട്ടിലോ അയല്‍ പക്കത്തോ കുടുംബത്തിലോ ഉള്ള സ്ത്രീകളുടെ വിഷമങ്ങളിലോ ബുദ്ധിമുട്ടുകളിലോ ആശങ്ക ഉണ്ടായില്ലെങ്കിലും അവര്‍ നിറമുള്ള സാരിയുടുത്താല്‍ ,ഒന്നുറക്കെ ചിരിച്ചാല്‍ ,സിനിമയ്ക്ക് പോയാല്‍,അവരുടെ വീട്ടില്‍ മറ്റൊരു പുരുഷനെ കണ്ടാല്‍ വല്ലാത്ത അസ്വസ്ഥതയാണ് ഇക്കൂട്ടര്‍ക്ക് .

എനിക്കറിയാവുന്ന ഭൂരിഭാഗം വിധവകളും പുനര്‍ വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഒക്കെ ഭയന്നിട്ടാണ്. ആദ്യ വിവാഹത്തില്‍ സന്തോഷകരമായ ജീവിതമായിരുന്നെങ്കില്‍ മരിക്കും വരെ മനസ്സിലുണ്ടാവും ആ ജീവിതം.മാഞ്ഞുപോവുകയൊന്നുമില്ല .ഒരു കൂട്ട് വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് മരിച്ചുപോയ ഭര്‍ത്താവിനെ മറന്നു പോയത് കൊണ്ടോ കാമമോഹം കൊണ്ടോ അല്ല. മറിച്ചു തങ്ങള്‍ അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയില്‍ നിന്ന് അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്. എട്ടു വര്‍ഷം മുന്നേ ഭര്‍ത്താവ് മരിച്ച കൂട്ടുകാരിയോട് ഒരു പുനര്‍ വിവാഹത്തെ കുറിച്ചാലോചിച്ച് കൂടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് വീട്ടില്‍ ആരും അതേകുറിച്ച് ആലോചിക്കുന്നു പോലുമില്ല എന്നാണ്.ഈ അവസ്ഥ ഒരു പുരുഷന് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. അവനെ മറ്റൊരു വിവാഹത്തിനായി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അവള്‍ വിവാഹം കഴിക്കുമ്പോള്‍ അത്ഭുതപ്പെടുന്ന സമൂഹം അവന്‍ വിവാഹം കഴിക്കാതിരുന്നാലാണ് അത്ഭുതപ്പെടുക . കാമുകന്റെ മരണത്തോടെ മറ്റൊരു വിവാഹത്തിന് തയ്യാറാവാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയോട് ആഗ്രഹിച്ചതാണോ ഇങ്ങനെയൊരു ജീവിതം എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് – അപ്രതീക്ഷിതമായിരുന്നു മരണം .കുറച്ച് കാലത്തേയ്ക്ക് മറ്റൊന്നും ചിന്തിക്കാനാവുമായിരുന്നില്ല.പിന്നീട് ഒരു ജീവിതമാവാമെന്നു തോന്നിയപ്പോഴേക്കും യഥാര്‍ത്ഥ പ്രണയിനിയെന്ന വിശേഷണത്തില്‍ വാഴ്ത്തപ്പെട്ടവളായി കഴിഞ്ഞിരുന്നു. അതിനെ മറി കടന്നു ഇനിയൊരു ജീവിതം സാധ്യമാവുമെന്നു തോന്നുന്നില്ല എന്നാണ്. പുനര്‍ വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. ആദ്യ വിവാഹവും രണ്ടാം വിവാഹവും പരാജയമായപ്പോള്‍ മൂന്നാമതൊരു കൂട്ട് കണ്ടുപിടിച്ച് സുഖമായി ജീവിക്കുന്ന സ്ത്രീയെ അറിയാം.അയാളുടെ മക്കളും അവരുടെ മകളും ചേര്‍ന്നുള്ള ഭംഗിയുള്ള ജീവിതത്തെ കുറിച്ച് അവര്‍ സന്തോഷത്തോടെ സംസാരിക്കാറുണ്ട് .

മൂന്നാമത്തെ വിവാഹത്തിന് മുതിര്‍ന്നപ്പോള്‍ നാലാമത്തേത് എന്നാണെന്ന് ചോദിച്ചു പരിഹസിച്ചവരോട് അവര്‍ പറഞ്ഞത് ഇയാള്‍ക്കൊപ്പം ജീവിക്കട്ടെ എന്നിട്ട് പറയാമെന്നാണ്.വിവാഹം സ്ത്രീകള്‍ക്ക് അത്യാവിശ്യമാണെന്നോ ആണ്‍ തുണ കൂടിയേ തീരൂ എന്നോ കരുതുന്നില്ല.പക്ഷെ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുവെങ്കില്‍ വിവാഹ മോചിതരായാലും വിധവകളായാലും മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുക തന്നെയാണ് ചെയ്യേണ്ടത്. കുടുംബത്തില്‍ പിറന്നവരുടെ വിവരമില്ലായ്മ കേട്ട് പിന്നോട്ട് നടക്കേണ്ടതില്ല. അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്.അത് സന്തോഷ പ്രദമാക്കാന്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാത്ത എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാം.സഹനമല്ല സന്തോഷമാണ് ജീവിതത്തില്‍ ഉണ്ടാവേണ്ടത്.നമ്മുടെ ജീവിതം അളക്കാന്‍ വരുന്ന സമൂഹത്തെ ശ്രദ്ധിക്കുകയെ വേണ്ട.കുറെ കഴിയുമ്പോള്‍ നിര്‍ത്തിക്കൊള്ളും . സമൂഹത്തെ ഭയന്ന് ജീവിതം ഇരുട്ടിലാക്കിയ , സ്വപ്നങ്ങളെ മരവിപ്പിച്ച ഒരുപാട് സ്ത്രീകളുണ്ട് നമുക്ക് ചുറ്റും .അവരോടാണ് . ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ കിട്ടിയ കൂട്ട് ക്രൂരമാണെന്നു തോന്നുന്നുവെങ്കില്‍ ഇറങ്ങിപ്പോരാന്‍ ധൈര്യം കാണിക്കുക . മക്കളെ നോക്കേണ്ട കടമയെ ഉള്ളൂ.അവര്‍ക്കു വേണ്ടി സ്വന്തം സന്തോഷം ത്യജിച്ച് ത്യാഗമതികളാവേണ്ട കാര്യമൊന്നും ഇല്ല.വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയര്‍ച്ചയുണ്ടെന്നൊക്കെ പറയാമെന്നല്ലാതെ അതുകൊണ്ടു ഉണ്ടാവേണ്ട മാനസിക വികാസമൊന്നും ഇനിയും ആര്‍ജ്ജിച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍ നിന്ന് യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ല.സ്വയം ശക്തരാവുകയാണ് ചെയ്യേണ്ടത്.

പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് വാര്‍ത്തയും ചിത്രവും പുറത്ത് വിട്ടത്. വ്യോമസേനയിലെ ധീരന്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഒരു കപ്പ് ചായ കൂടി കൈയ്യില്‍ കൊടുത്തിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ലോധി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന്‍ വര്‍ദ്ധമാന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ അഭിനന്ദന്‍ പാക് പിടിയിലാവുകയും ചെയ്തു. മൂന്ന് ദിവസത്തിനു ശേഷമാണ് അദ്ദേഹം മോചിതനായത്.

 

തനിക്കുമുമ്പേ വന്നവരോടും തനിക്കൊപ്പം വന്നവരോടും തനിക്കുശേഷം വന്നവരോടും ഒരുപോലെ ആരോഗ്യപരമായി പൊരുതി നിൽക്കുന്ന നടനാണ് മമ്മൂട്ടി. ഇത്രയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടും മമ്മൂട്ടിയ്ക്ക് തൃപ്തിവന്നിട്ടില്ല. പുതിയ ആളുകളിൽ നിന്നും പുതിയ കാര്യങ്ങൾ ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി പകർന്നാടാത്ത വേഷമുണ്ടാകില്ല, ഭാവമുണ്ടാകില്ല.

തന്റെ സിനിമാജീവിതത്തിനിടയിൽ മലയാളത്തിൽ അദ്ദേഹം ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ വേഷം അണിയുകയാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രി ആകുന്നത്. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ബോബി – സഞ്ജയ് ടീം ആണ് തിരക്കഥ എഴുതുന്നത്.

എന്നാൽ, മമ്മൂട്ടി ഇതിനു മുന്നേയും മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട്. 1995 ൽ റിലീസ് ആയ മക്കൾ ആട്ച്ചി എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. സേതുപതിയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ ചിത്രത്തിൽ റോജ ആയിരുന്നു നായിക.

ഇതിനു ശേഷം 2019ൽ തന്നെ റിലീസ് ആയ യാത്ര എന്ന തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി മുഖ്യമന്ത്രിയായിട്ടായിരുന്നു എത്തിയത്. വൈ എസ് ആറിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. തെലുങ്കിൽ ഹിറ്റായിരുന്നു ചിത്രം. ഒരു നായകൻ തന്നെ മൂന്ന് സംസ്ഥാനത്തേയും മുഖ്യമന്ത്രിയായി എത്തുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.

ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സിനിമയ്ക്ക് എല്ലാ വിധ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പിണറായി ഫേസ്‌ബുക്കില്‍ ഇങ്ങനെ കുറിച്ചു – “ശ്രീ മമ്മൂട്ടി ഓഫീസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദർശനം”.

മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പിണറായിയുടെ നടപ്പും രീതികളുമെല്ലാം മമ്മൂട്ടി ഈ സിനിമയ്ക്കായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നതായും അറിയുന്നു. പിണറായി സ്റ്റൈലിലുള്ള ഡയലോഗുകളാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ
കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിന്റെ(32) നില അതീവ ഗുരുതരം. റിജോഷിന്റെ ഭാര്യ ലിജി അപകടനില തരണം ചെയ്തു. ജൊവാനയെ ഒരു മാലാഖയാക്കണമെന്ന് റിജോഷിന്റെ സഹോദരൻ ഫാദർ വിജേഷ് മുള്ളൂർ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരക്ഷണമായി, ഓർമപ്പെടുത്തലായി. കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.‘

മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുന്‍പെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചു.

ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

റിജോഷിനെ കാണാതായതിനു പിന്നാലെ ഭാര്യ ലിജിയെയും മകളേയും കാണാനില്ലായെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. കൊലപാതകത്തിനു ശേഷം വസീമിനൊപ്പം ലിജി മകളേയും കൂട്ടി മുംബൈയിലേക്ക് കടക്കുകയായിരുന്നു. റിജോഷിനെ കാണാനില്ലെന്ന് ലിജിയും പരാതി നൽകിയിരുന്നു. സംഭവത്തിൽ ലിജിക്കും അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും ആരോഗ്യനില ഗുരുതരമാണ്.

RECENT POSTS
Copyright © . All rights reserved