Latest News

ഉപതിരഞ്ഞെടുപ്പിൽ പാലായില്‍ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച അനിശ്ചിതത്വത്തിന് യുഡിഎഫ് വിരാമമിടുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നതിനാൽ ബാക്കി നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസിൽ ധാരണയായതെന്നാണ് വിവരം.

ഇതുപ്രകാരം വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാർ സ്ഥാനാര്‍ത്ഥിയാകം. എറണാകുളത്ത് ടിജെ വിനോദും കോന്നിയിൽ മോഹൻരാജും, അരൂരിൽ ഷാനിമോൾ ഉസ്മാനും സ്ഥാനാർത്ഥിയാവും. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററിനെ കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെയും പ്രാദേശിക നേതാക്കളുടേയും എതിർപ്പ് മറികടന്നാണ് മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്.

പീതാംബരക്കുറുപ്പിനെ പരിഗണിച്ചിരുന്ന വട്ടിയൂർകാവിൽ പക്ഷേ പ്രാദേശിക നേതൃത്വം ഇതിനെതിരെ രംഗതെത്തിയതോടെ നേതൃത്വം മാറ്റി ചിന്തിക്കുകയായിരുന്നു. ഇതോടൊണ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാറിനെ മുരളീധരന്റെ വട്ടിയൂർക്കാവ് നിലനിർത്താൻ ഇറക്കുന്നത്. അരുരിൽ ഷാനിമോള്‍ ഉസ്മാനെ തന്നെയായിരുന്നു ആദ്യം മുതൽ യുഡിഎഫ് പരിഗണിച്ചിരുന്നത്. എറണാകുളത്ത് ടിജെ വിനോദിന്റെ സ്ഥാനാർത്ഥിത്വത്തിലും നേരത്തെ ധാരണയിലെത്തിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ധാരണയായെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചിത്രവും പൂർണമാവുകയാണ്. ഇടത് സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കൽ അരൂരും കെയു ജിനേഷ് കുമാർ കോന്നിയിലും ഇടത് സ്ഥാനാർത്ഥികളാവും. ഇടതു സ്വതന്ത്രനായ മനു റോയിയാണ് എറണാകുളത്തെ പ്രതിനിധീകരിക്കുക. മഞ്ചേശ്വരത്ത് ജില്ല കമ്മിറ്റി അമഗം ശങ്കർ റെയും നിയോഗിച്ച് നേരത്തെ തന്നെ എല്‍ഡിഎഫ് കളം പിടിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ ഇന്ത്യക്കെതിരെയും ആർഎസ്എസിനെതിരെയും രൂക്ഷമായി വിമർശിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീർ വിഷയം ഉയർത്തിയായിരുന്നു ഇമ്രാൻ ഇന്ത്യയിലെ നരേന്ദ്രമോദി സർക്കാറിനെയും നടപടികളെയും വിമർശിച്ച് രംഗത്തെത്തിയത്. കാശ്മീരിൽ ഇന്ത്യ നടപ്പാക്കുന്ന കർഫ്യൂ മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ കാശ്മീർ വിഷയം പരാമർശിക്കാതെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്.

പുൽവാമ സംഭവിച്ചപ്പോൾ ഇന്ത്യ ഉടൻ പാകിസ്താനെ കുറ്റപ്പെടുത്തിയെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ ഞങ്ങൾ അവരോട് തെളിവ് ചോദിച്ചു, പകരം അവർ വിമാനം അയക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും നുണയുടെ അടിസ്ഥാനത്തിലായിരുന്നു. “ഞാൻ പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചു” എന്നയിരുന്നു തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തിയത്. അത് നുണയാണ് ഇമ്രാൻ ഖാൻ പറഞ്ഞു.

ആർഎസ്എസിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി മോദി. അഡോൾഫ് ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി എന്നിവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സംഘടനയാണ് ആർഎസ്എസ്. ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ വംശീയ ഉന്മൂലനത്തിൽ വിശ്വസിക്കുന്നു. എന്നാൽ അഹങ്കാരം പ്രധാനമന്ത്രി മോദിയെ അന്ധനാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും ഇമ്രാൻ പ്രസംഗത്തിൽ പരാമർശിച്ചു. 50 ദിവസങ്ങളായി കാശ്മീരിൽ കശ്മീരിലെ കർഫ്യൂ നിലനിൽക്കുകയാണ്. അത് പിൻവലിക്കുമ്പോൾ അവിടെ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

കശ്മീരിലെ കർഫ്യൂ നീക്കിയാൽ എന്ത് സംഭവിക്കുമെന്ന് പ്രധാനമന്ത്രി മോദി ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ പ്രത്യേക പദവി പിൻവലിച്ചുവെന്ന് കശ്മീരിലെ ആളുകൾ അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കശ്മീരിലെ ആയിരക്കണക്കിന് കുട്ടികളെ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. അവരും പുറത്തുവരും സംസ്ഥാനത്തെ കർഫ്യൂ നീക്കിയാൽ അവർ തെരുവുകളിൽ ഇറങ്ങും. ശേഷം തെരുവുകളിൽ സൈന്യം അവരെ വെടിവച്ചുകൊല്ലും. ഇന്ന് ഇന്ത്യൻ സൈന്യം പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും കേൾക്കുന്നു. എന്നാൽ കർഫ്യൂ നീക്കിയ ശേഷം കശ്മീരിൽ എന്ത് സംഭവിക്കും, അവിടെ പുൽവാമയെപോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടാകും. അപ്പോഴും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് മുസ്‌ലിംകളുണ്ട്. പ്രധാനമന്ത്രി മോദി, അവർ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ. രക്തച്ചൊരിച്ചിലുണ്ടായാൽ മുസ്‌ലിംകൾ തീവ്രവാദികളാകും. നിങ്ങൾ മുസ്‌ലിംകളെ തീവ്രവാദികളാവാൻ, അവർ ആയുധമെടുക്കാൻ നിർബന്ധിക്കപ്പെടുകയാണ് ഖാൻ പറയുന്നു.

പാകിസ്താനെക്കാൾ നാല് മടങ്ങ് വലിയ രാജ്യമാണ് തങ്ങളുട അയൽരാജ്യം. ഞങ്ങൾ എന്തു ചെയ്യും? ഇക്കാര്യം ഞാൻ എന്നോട് തന്നെ പല തവണ ചോദിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ ഞങ്ങൾ യുദ്ധം ചെയ്യും, എന്നാൽ രണ്ട് ആണവ രാജ്യങ്ങൾ പോരാടുമ്പോൾ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുണം ഇമ്രാൻ ഖാൻ ചോദിക്കുന്നു.

ലോകത്തെ ഇസ്ലാമോഫോബിയ വിഷയം ഉയർത്തിയായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ പ്രസംഗം ആരംഭിച്ചത്. വേൾഡ് ട്രേഡ് സെന്റർ 9/11 ആക്രമണത്തിന് ശേഷം ലോകത്ത് ഇസ്‌ലാമോഫോബിയ വളരെ വേഗതയിൽ വളർന്നിട്ടുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്. ജനങ്ങൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിക്കുകയാണ്, യൂറോപ്യൻ രാജ്യങ്ങളിലെ മുസ്‌ലിംകൾ പാർശ്വവൽക്കരിക്കപ്പെട്ടുവെന്നു. ഇത് വലിയ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്നും ഇമ്രാന്‍ ഖാൻ പറയുന്നു.

ലോക ജീവിത ക്രമത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ച് വരികയാണ്. ഇത് കൂടുതൽ ദാരിദ്ര്യത്തിനും മരണത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ച ഇമ്രാൻ ഖാൻ അഴിമതി, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ ചെറുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കാലാവസ്ഥാ വ്യതിയാനവും തീവ്രവാദവും ഉയർത്തിക്കാട്ടിയായിരുന്നു ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ലോകത്തിന് യുദ്ധം നൽകാതെ സമാധാനത്തിന്റെ സന്ദേശമാണ് ഇന്ത്യ നൽകിയിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഇന്ത്യ നൽകിയ സംഭാവന വളരെ വലുതാണ്. രാജ്യം ഇതിനായി മറ്റേത് രാജ്യത്തേക്കാളും ഈ ദൗത്യങ്ങൾക്കായി ഇന്ത്യ ത്യാഗം ചെയ്തിട്ടുണ്ട്. ലോകത്തിന് യുദ്ധം നൽകാതെ സമാധാനത്തിന്റെ സന്ദേശമാണ് നൽകിയിട്ടുള്ളത്. എന്നാൽ ഭീകരത ഏതെങ്കിലും ഒരു രാജ്യത്തിന് വെല്ലുവിളിയല്ല, മറിച്ച് എല്ലാ രാജ്യങ്ങൾക്കും മനുഷ്യവർഗത്തിനും മൊത്തത്തിൽ വെല്ലുവിളിയാണ്. അതിനാൽ മനുഷ്യരാശിക്കുവേണ്ടി, ലോകം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മോദി യുഎന്‍ പൊതുസഭയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

വടക്കന്‍ നൈജീരിയന്‍ നഗരമായ കടുനയിലെ ഒരു കെട്ടിടത്തില്‍ നിന്നും മുന്നൂറിലധികം ബന്ദികളെ രക്ഷപ്പെടുത്തി. അവരില്‍ ഭൂരിഭാഗവും ചങ്ങലകളാല്‍ ബന്ധിതരാക്കിയ കുട്ടികളായിരുന്നു. സംഭവസ്ഥലത്ത് കണ്ട എല്ലാ കുട്ടികളും അഞ്ചു വയസ്സുമുതല്‍ കൗമാരപ്രായം പൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലരുടെ കണങ്കാലുകളിലാണ് ചങ്ങലയിട്ടിരുന്നത്. മറ്റുള്ളവരെ കാലുകളിലൂടെ ചങ്ങലയിട്ട് അത് വാഹനങ്ങളുടെ ചക്രത്തിന്റെ മധ്യഭാഗത്തു ഘടിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിടുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു.

കെട്ടിടത്തില്‍ ഒരു ഇസ്ലാമിക് സ്‌കൂളുണ്ടെന്നും വ്യാഴാഴ്ച നടന്ന റെയ്ഡില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കുട്ടികളെ അവിടെ ബന്ദികളാക്കിവച്ചിട്ട് എത്രനാളായി എന്നത് ഇനിയും വ്യക്തമല്ല. ‘സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്ന്’ കടുന പോലീസ് വക്താവ് യാകുബു സാബോ പറയുന്നു. രണ്ട് കുട്ടികളെ ബുര്‍കിന ഫാസോയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നും മറ്റുള്ളവരില്‍ ഭൂരിഭാഗം പേരെയും വടക്കന്‍ നൈജീരിയന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാതാപിതാക്കളാണ് കൊണ്ടുവന്നത്. അറസ്റ്റിലായവര്‍ സ്‌കൂളിലെ അധ്യാപകരാണെന്ന് സാബോ പറഞ്ഞു.

ബന്ദികളെ ഉപദ്രവിക്കുകയും പട്ടിണി കിടക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയുടെ വടക്കുഭാഗത്ത് അല്‍മാജിരിസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്‌കൂളുകള്‍ സാധാരണമാണ്. മിക്ക ആളുകളും ഒരു ദിവസം 2 ഡോളറില്‍ താഴെമാത്രം വരുമാനം ഉണ്ടാക്കുന്ന രാജ്യത്തെ ഏറ്റവും ദരിദ്രമായ ഭാഗമാണ് വടക്കന്‍ പ്രദേശങ്ങള്‍. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളെ സ്‌കൂളുകളില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുകയാണ് പതിവ്.

കുട്ടികളെ കടുനയിലെ ഒരു സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റിട്ടുണ്ട്. പിന്നീട് നഗരപ്രാന്തത്തിലെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റും. അവരുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനകം ബന്ധപ്പെടാന്‍ കഴിഞ്ഞ ചില രക്ഷിതാക്കള്‍ കുട്ടികളെ തിരികെ കൊണ്ടുപോകുന്നതിനായി പുറപ്പെട്ടുകഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. ‘കുട്ടികളെ ഒരു കാരാഗൃഹത്തിലേക്കാണ് അയക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു’ എന്നാണ് ഒരു രക്ഷകര്‍ത്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

നൈജീരിയയിലെ ഇസ്ലാമിക് സ്‌കൂളുകള്‍ക്കെതിരെ പാല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. വടക്കന്‍ നൈജീരിയന്‍ നഗരങ്ങളിലെ തെരുവുകളില്‍ ചില കുട്ടികളെ ഭിക്ഷാടനത്തിനുവരെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ച ഒരു വ്യാജവാര്‍ത്തയായിരുന്നു നടി രേഖ മരിച്ചു എന്നത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയം ആയതോടെ നടി രേഖ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അനാവശ്യമായ ഇത്തരം വിഷയങ്ങളിലൂടെ വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ അതിലൂടെ വലിയ വരുമാനം കണ്ടെത്തുന്നുണ്ടെന്നും നടി രേഖ തുറന്നു പറഞ്ഞു.

താന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് തന്നെ വിളിച്ചതെന്നും രേഖ മരിച്ചു പോയോ എന്ന് വിളിച്ച് ചോദിച്ചവരോട് അതെ രേഖ മരിച്ചുപോയി ഈ സംസാരിക്കുന്നത് രേഖയുടെ പ്രേതമാണെന്ന് താന്‍ പറഞ്ഞു എന്നും രേഖ തുറന്നു പറഞ്ഞു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച കഴിഞ്ഞ താന്‍ വളരെ സന്തോഷവതിയാണ് എന്നും ഭര്‍ത്താവും മക്കളുമൊത്ത് മനോഹരമായി ജീവിക്കുന്ന തനിക്ക് നിരവധി ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ നേടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയുള്ള തന്നെ ഇത്തരം വ്യാജ വാര്‍ത്തകളില്‍ കുടുക്കരുത് എന്നും നടി പ്രതികരിച്ചു. ചന്ദ്രമൗലി സംവിധാനം ചെയ്ത 100% കാതല്‍ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ചിങ്ങിനിടയിലാണ് നടി രേഖ വ്യാജ മരണ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്.

ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് സിനിമ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച നടി രേഖക്ക് വിവിധ മേഖലകളില്‍ നിന്നും മികച്ച പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ടോവിനോ നായകനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 60 എന്ന ചിത്രത്തില്‍ ടോവിനോ തോമസിന്റെ അമ്മയാണ് രേഖ എത്തുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ എം മാണിയുടെ പിൻഗാമിയായി എൻസിപി നേതാവും മുൻ സിനിമ, സ്പോര്‍ട്സ് താരവുമായ മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് .കെ.എം.മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കുമ്പോൾ പാലായുടെ പുതിയ മാണിക്യത്തെ കുറിച്ച് കൂടുതലറിയാം

പാല നിയോജകമണ്ഡലത്തിൽ പുതിയ താരോദയമായ മാണി സി കാപ്പൻ സുദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുപരിയായി ചലച്ചിത്ര, സ്പോര്‍ട്സ് മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്

1956 മെയ് 30ന് പാലായിൽ ചെറിയാൻ ജെ കാപ്പന്‍റെയും ത്രേസ്യാമ്മയുടെയും ഏഴാമത്തെ മകനായി ആണ് മാണി സി കാപ്പൻ ജനിച്ചത് … സ്വാതന്ത്ര്യസമര സേനാനിയും അഭിഭാഷകനുമായിരുന്ന പിതാവ് ചെറിയാൻ ജെ കാപ്പൻ നിയമസഭാംഗം, പാലാ മുനിസിപ്പൽ ചെയര്‍മാൻ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് . ചങ്ങനാശ്ശേരിയിലെ പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ്‌ ഭാര്യ. ചെറിയാൻ കാപ്പൻ, ടീന, ദീപ എന്നിവർ മക്കളാണ്.

കുട്ടിക്കാലത്തു പഠനത്തെക്കാള്‍ സ്പോര്‍ട്സിലായിരുന്നു മാണി സി കാപ്പന് താത്പര്യം. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സര്‍ക്കാര്‍ കോളേജിലും കലാലയ ജീവിതം പൂര്‍ത്തിയാക്കിയ മാണി സി കാപ്പൻ ഒരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു.

എന്നാൽ വോളിബോള്‍ താരമെന്ന നിലയിൽ അദ്ദേഹം പേരെടുത്തിരുന്നു . കോളേജ് വിദ്യാഭ്യാസകാലത്ത് സംസ്ഥാന വോളിബോള്‍ ടീമിൽ നാല് വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. നാല് വര്‍ഷത്തോളം കാലിക്കറ്റ് സര്‍വകലാശാല ടീം ക്യാപ്റ്റനുമായിരുന്നു . തുടർന്ന് കെഎസ്ഇബി വോളിബോള്‍ ടീമിലും എത്തി . ഏകദേശം ഒരു വര്‍ഷത്തോളം പ്രൊഫഷണൽ സ്പോര്‍ട്സിൽ ചെലവഴിച്ച മാണി സി കാപ്പൻ 1978ൽ അബുദബി സ്പോര്‍ട്സ് ക്ലബിലേയ്ക്ക് ചേക്കേറി.

അന്തരിച്ച ഇതിഹാസ തരാം ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുമുണ്ട് .

ഇരുപത്തിഅഞ്ചോളം ചിത്രങ്ങളിൽ മാണി സി കാപ്പൻ അഭിനയിച്ചു . 1960ൽ പുറത്തിറങ്ങിയ സീത ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് കുസൃതിക്കാറ്റ്, യുവതുര്‍ക്കി, ആലിബാബയും ആറര കള്ളന്മാരും, ഫ്രണ്ട്സ്, ഇരുവട്ടം മണവാട്ടി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇതോടൊപ്പം ജനം (1993), കുസൃതിക്കാറ്റ് (1995), കുസൃതി (2004), മാന്നാർമത്തായി സ്പീക്കിങ്ങ് (1995), മാൻ ഓഫ്‌ ദ് മാച്ച്‌ (1996), മേലേപ്പറമ്പിൽ ആൺവീട് (1993), നഗരവധു (2001) എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായിരുന്നു അദ്ദേഹം. 2012ൽ ബോറോലാര്‍ ഖോര്‍ എന്ന ആസാമീസ് – ബെംഗാളി ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്.

സിനിമയോടൊപ്പം തന്നെ കോൺഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷറർ ആയിരുന്നു. പിന്നീട് കോൺഗ്രസ് എസ് എൻ.സി.പിയായി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി.

2000 – 2005 കാലയളവിൽ പാല മുനിസിപ്പൽ കൗൺസിലറായും തുടര്‍ന്ന് നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു. . മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ജോർജ് സി കാപ്പൻ, ചെറിയാൻ സി കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു. ഒരു കുടുംബത്തിൽ നിന്നും തന്നെ മൂന്ന് കൗൺസിലർമാർ എന്ന അപൂർവ്വ നേട്ടം കാപ്പൻ കുടുംബത്തിന് സ്വന്തമായി. മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറാണ്.

മുൻപ് 2006ലും 2011ലും 2016ലും ഇടതുപക്ഷ മുന്നണിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയ്ക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. എന്നാൽ കെ എം മാണിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.. . എന്നാൽ 1996ൽ 23,790 വോട്ടിന്‍റെ റെക്കോഡ് ലീഡ് സൃഷ്ടിച്ച കെ എം മാണിയുടെ ലീഡ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും 8000 കടന്നിട്ടില്ല – കാരണം ഈ മൂന്ന് തവണയും എതിരാളി മാണി സി കാപ്പൻ ആയിരുന്നു . ഇന്നിതാ കെ എം മണിയില്ലാത്ത പാലായിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു രാഷ്ട്രീയത്തോടൊപ്പം സിനിമയെയും ഒപ്പം നിര്‍ത്തിയ കേരളത്തിലെ വിരലിലെണ്ണാവുന്ന നേതാക്കളിലൊരാളായ മാണി സി കാപ്പൻ

ചൂട് പ്രശ്നമാക്കാതെ മെഡൽ ലക്ഷ്യമിട്ട് ഖലീഫ സ്റ്റേഡിയത്തിൽ അത്‍ലിറ്റുകൾ കുതിപ്പ് തുടങ്ങി. ആദ്യദിനം യോഗ്യതാ മത്സരങ്ങളായിരുന്നു കൂടുതൽ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മീറ്റ് ഉദ്ഘാടനം ചെയ്തു. പുരുഷ 100 മീറ്റർ ഉൾപ്പെടെ ഇന്ന് 4 ഫൈനലുകളുണ്ട്. ഇന്ത്യൻ താരം ദ്യുതി ചന്ദ് വനിതാ 100 മീറ്ററിന്റെ ആദ്യ റൗണ്ടിൽ ഇറങ്ങും. മിക്സ്ഡ് റിലേയുടെ ആദ്യ റൗണ്ടും ഇന്നാണ്.

ശ്രീശങ്കർ പുറത്ത്

പുരുഷ ലോങ്ജംപിൽ മലയാളിതാരം എം.ശ്രീശങ്കർ ഫൈനലിലെത്താതെ പുറത്തായി. 26 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ താരം 22–ാമതായിപ്പോയി. തന്റെ ആദ്യ ലോക ചാംപ്യൻഷിപ്പിന് ഇറങ്ങിയ ശ്രീശങ്കർ ആദ്യ ശ്രമത്തിൽ 7.52 മീറ്റർ ചാടി. രണ്ടാം ശ്രമത്തിൽ 7.62 മീറ്റർ. മൂന്നാം ശ്രമം ഫൗളായി. ക്യൂബയുടെ യുവാൻ മിഗ്വേൽ എച്ചെവറിയ 8.40 മീറ്റർ ചാടി യോഗ്യതാ റൗണ്ടിൽ ഒന്നാമനായി ഫൈനലിലെത്തി.

യുഎസിന്റെ ജെഫ് ഹെൻഡേഴ്സൻ (8.12 മീ), ജപ്പാന്റെ യുകി ഹഷിയോക (8.07), യുഎസിന്റെ സ്റ്റെഫിൻ മക്കാർട്ടർ (8.04), ദക്ഷിണാഫ്രിക്കയുടെ റസ്‌വാൾ സമായി (8.01), സ്പെയിനിന്റെ യൂസെബിയോ കാസെറസ് (8.01) എന്നിവർക്കു മാത്രമാണ് 8 മീറ്റർ കടക്കാനായത്. മലയാളിതാരത്തിന്റെ പേരിലുള്ള ഏറ്റവും മികച്ച പ്രകടനം 8.20 മീറ്ററിന്റെ ദേശീയ റെക്കോർഡാണ്. ഈ സീസണിലെ മികച്ച പ്രകടനമായ 8 മീറ്ററിലും താഴെയുള്ള പ്രകടനമാണു ശ്രീശങ്കർ ഇന്നലെ നടത്തിയത്.

ചരിത്ര റിലേ

ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി 4–400 മീറ്റർ മിക്സ്ഡ് റിലേ ഇന്നു ട്രാക്കിലെത്തും. ആദ്യ റൗണ്ടാണ് ഇന്ന്. 2 വീതം പുരുഷ, വനിതാ താരങ്ങളാണ് ഓരോ ടീമിലും ഉണ്ടാവുക. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മലയാളിതാരം വൈ.മുഹമ്മദ് അനസ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം 5–ാം സ്ഥാനത്തുണ്ട്.

പോളണ്ട്, ബഹ്റൈൻ, യുഎസ്, ഇറ്റലി ടീമുകളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. 2017ലെ ലോക റിലേ ചാംപ്യൻഷിപ്പിലാണ് മിക്സ്ഡ് റിലേ ആദ്യമായി സീനിയർ തലത്തിൽ പരീക്ഷിക്കുന്നത്. ബഹാമാസ് ആയിരുന്നു ആദ്യ ജേതാക്കൾ. ഈ വർഷത്തെ ലോക റിലേയിൽ യുഎസ് ഒന്നാമതെത്തി. കഴിഞ്ഞ ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസിൽ ബഹ്റൈനു പിന്നിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.

ചൂടറിയാൻ തെർമോമീറ്റർ ഗുളിക!

കത്തുന്ന ചൂട് അത്‍ലിറ്റുകളെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ മാരത്തൺ ഓട്ടക്കാർക്കും നടത്തക്കാർക്കും രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘പിൽ തെർമോമീറ്ററാ’ണിത്. ഇതു വിഴുങ്ങിയാൽ അത്‍ലിറ്റിന്റെ ശരീരം ചൂടിനോട് എങ്ങനെയാണു പ്രതികരിക്കുന്നതെന്നു ഗുളികയ്ക്കുള്ളിലുള്ള പ്രത്യേക ചിപ്പിലൂടെ പുറത്തറിയാം.

ഗുളികയിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം വൈദ്യസംഘത്തിന്റെ കയ്യിലുണ്ടാകും. വിഴുങ്ങി 2 മണിക്കൂർ കഴിയുമ്പോൾ ചിപ്പ് വിവരങ്ങൾ അയച്ചുതുടങ്ങും. 18 മുതൽ 30 മണിക്കൂർവരെ ശരീരത്തിനുള്ളിൽ തെർമോമീറ്റർ പ്രവർത്തിക്കും. പിന്നീട് വൻകുടലിലൂടെ പുറന്തള്ളപ്പെടും. ദോഹയിലെ പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസാണ്. അർധരാത്രിയിൽ ചൂട് 30 ഡിഗ്രി ആകുമ്പോഴാണു മാരത്തൺ, നടത്ത മത്സരങ്ങൾ നടത്തുന്നത്.

കോവളത്ത് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ കുത്തികൊലപ്പെടുത്തുന്നതിന്റ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരില്‍ കോവളം സ്വദേശി സൂരാജിനെ കുത്തികൊലപ്പെടുത്തിയത്. പ്രതി ഓട്ടോ ഡ്രൈവര്‍ മനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍് ചെയ്തു.

രാവിലെ മനുവിന്റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി ഏഴരയോടെ സൂരജിനെ മനു ആക്രമിച്ചത്. ആഴാകുളത്തിന് സമീപമുള്ള ഓട്ടോ സ്്റ്റാന്‍ില്‍ ബൈക്കിലെത്തിയ സൂരജിനെയും സുഹൃത്ത് വിനീഷ് ചന്ദ്രയേയും നടന്ന് അടുത്തുവന്ന മനു കുത്തി വീഴ്ത്തുകയായിരുന്നു. തുടരെ തുടരെ കത്തികൊണ്ട് ആക്രമിച്ച മനു സൂരുജിനെയും വിനീഷിനെയും മാരകമായി പരിക്കേല്‍പ്പിച്ചു

ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത മനുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയും കൊല്ലപ്പെട്ട സൂരജനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൂരജ് കൊല്ലപ്പെട്ടതിന്റെ പ്രതികാരത്തില്‍ മനു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡും മനുവിന്റെ അച്ഛന്റെ തട്ടുകടകളും സൂരജിന്റെ സുഹൃത്തുക്കള്‍ അടിച്ചു തകര്‍ത്തു. കത്തികുത്തില്‍ പരിക്കേറ്റേ സൂരജിന്റെ സുഹൃത്ത് വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.

കേരള കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന പാലാ മണ്ഡലം തമ്മിലടികൊണ്ട് കൈവിട്ട കാഴ്ചയാണ് ഇന്ന് നടന്ന വോട്ടെണ്ണലില്‍ നടന്നത്. അനൈക്യത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ വരെ രൂക്ഷഭാഷയിലാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 54 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് പാലാ മണ്ഡലത്തില്‍ വിജയമുറപ്പിക്കുന്നത്. ഇപ്പോഴിതാ കേരള കോണ്‍ഗ്രസിനെയും ജോസ് കെ മാണിയേയും പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്. ചീഞ്ഞ കൈതച്ചക്കയുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റ്. ജോസ് ടോം മല്‍സരിച്ചത് കൈതച്ചക്ക ചിഹ്നത്തിലാണ്.

ഷോണിന്റെ കുറിപ്പ് ഇങ്ങനെ:

അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ……ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..

മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ…

ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്
ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്. കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നെന്നും ഡോക്ടർക്ക് എതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു.

2017 ഓഗസ്റ്റിൽ ആണ് ഗോരഖ്പൂരിലെ ബാബ രാഘവദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 60 കുട്ടികൾ മരണത്തിന് കീഴടങ്ങിയത്. ഓക്സിജൻ കുറവാണെന്ന കാര്യം ആദ്യം അറിയിക്കാത്തതാണ് കുട്ടികളുടെ കൂട്ട മരണത്തിന് കാരണമായത് എന്ന് ആരോപിച്ചായിരുന്നു ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.

എന്നാൽ കഫീൽ ഖാൻ കുറ്റക്കാരനല്ല എന്നാണ് സംഭവം അന്വേഷിക്കാൻ നിയോഗിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാറിന്റെ കണ്ടെത്തൽ.അഴിമതിയോ കൃത്യവിലോപമോ ഉണ്ടായിട്ടില്ല. കുട്ടികളെ ചികിത്സിക്കുന്ന വാർഡിന്റെ ചുമതല കഫീൽഖാന് ഉണ്ടായിരുന്നില്ല. അവധിയിൽ ആയിരുന്നിട്ടും കുട്ടികളെ രക്ഷിക്കാൻ കഫീൽഖാൻ പരിശ്രമിച്ചു.

.വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് നിരവധി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു. ഓക്സിജൻ സിലിണ്ടറുകളുടെ കരാർ, സംരക്ഷണം തുടങ്ങിയവയുടെ ഉത്തരവാദിത്വം കഫീൽഖാന് ഇല്ല എന്നിങ്ങനെയാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. രണ്ടു വർഷം തന്നെ വേട്ടയാടിയ യോഗി സർക്കാർ മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണം. സംഭവം സിബിഐ അന്വേഷിക്കണമെന്നും കഫീൽ ഖാൻ പറഞ്ഞു

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എൻജിനീയറുടെ 60 ഒഴിവുകളിലേക്കും അപ്രന്റിസിന്റെ 50 ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിശദവിവരങ്ങൾ ചുവടെ.

50 ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റിസ്

പരസ്യ നമ്പർ: 12930/64/HRD/GAD/03

മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എന്നീ ട്രേഡുകളിലാണ് അവസരം: ഒരു വർഷമാണ് പരിശീലനം.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്.

2016 ഒക്ടോബർ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം.

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

സ്റ്റൈപ്പൻഡ്: 11110 രൂപ.

30 സീനിയർ അസിസ്റ്റന്റ് എൻജിനീയർ/ഇ1

2019 സെപ്റ്റംബർ ഒന്നിനോ അതിന് മുൻപോ ഇന്ത്യൻ പ്രതിരോധ സേനകളിൽ നിന്നും (ആർമി/എയർ ഫോഴ്സ്/നേവി) JCO റാങ്കിൽ വിരമിച്ച വിമുക്തഭടൻമാർക്കാണ് അവസരം. 3/5 വർഷത്തേക്കാണ് നിയമനം.

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ത്രിവൽസര ഡിപ്ലോമ (പട്ടികവിഭാഗക്കാർക്ക് പാസ് ക്ലാസ് മതി).

ഉയർന്നപ്രായം: 50 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

ശമ്പളം: 30000-120000 രൂപ.

30 എൻജിനീയർ

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയർ ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനം. ഹൈദരാബാദ്, ഭട്ടിൻഡ എന്നിവിടങ്ങളിലാണ് അവസരം. ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bel-india.in

ഐടിഐ അപ്രന്റിസ്

ഐടിഐക്കാർക്ക് ബെംഗളൂരുവിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപിന് അവസരം. എഴുത്തുപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഡിഎൻഎം, സിഒപിഎ/ പിഎഎസ്എഎ, ടർണർ, വെൽഡർ, മെഷീനിസ്റ്റ്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ആൻഡ് ഇലക്ട്രോപ്ലേറ്റർ വിഭാഗങ്ങളിൽ സെപ്റ്റംബർ 24നും ഇലക്ട്രോണിക് മെക്കാനിക് വിഭാഗത്തിൽ 25നുമാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: 2016 ജൂൺ ഒന്നിനോ അതിനു ശേഷമോ ഐടിഐ പാസായവരായിരിക്കണം.

ഉയർന്നപ്രായം: 21 വയസ്.

വിശദവിവരങ്ങൾക്ക്: www.bel-india.in

Copyright © . All rights reserved