അരവിന്ദ് ആർ
നമ്മൾ എല്ലാവരും ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നവരാണ് എന്നാൽ നമ്മളിൽ പലർക്കും അറിയില്ല ഏതൊക്കെ രീതിയിൽ പണമിടപാട് നടത്താം എന്ന് .
പല രീതിയിൽ നമുക്ക് ഒരാളുടെ അക്കൗണ്ടിലേക്കു പണം അയക്കുവാനും ബില്ലുകൾ അടയ്ക്കുവാനും സാധിക്കും. അതിൽ പ്രധാനപ്പെട്ട ചില മോഡുകളെപ്പറ്റിയാണ് വിവരിക്കുന്നത്.
അതിൽ ആദ്യത്തെ മോഡ് ആണ് എൻ ഇ എഫ് ടി. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നാണ് പൂർണരൂപം. എൻ ഇ എഫ് ടി 2005-ൽ നിലവിൽ വന്നു. അന്നത്തെ ഐ ടി സംവിധാനങ്ങളുടെ പരിമിതികളിൽ നിന്നുകൊണ്ട് വികസിപ്പിച്ചെടുത്ത സംവിധാനം ഇന്നും വളരെയധികം ഉപയോഗിക്കുന്നു.
ബാങ്ക് വഴി മാത്രമേ നമുക്ക് എൻ ഇ എഫ് ടി സംവിധാനം ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. 2 ലക്ഷം മുതൽ 10 ലക്ഷം വരെ നമുക്ക് ഇതിലൂടെ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും. എന്നാൽ ഒരാൾക്ക് പെട്ടെന്നു പണം കൈമാറ്റം ചെയ്യണമെങ്കിൽ എൻ ഇ എഫ് ടി വഴി സാധിക്കുകയില്ല. 1–2.5 മണിക്കൂർ സമയം വരെ എടുക്കും പണം ട്രാൻസ്ഫർ ആകുവാൻ. 25 രൂപ വരെ ബാങ്ക് ട്രാൻസ്ഫർ ചാർജായി ഈടാക്കും. ബാങ്കിന്റെ പ്രവർത്തന സമയത്തു മാത്രമേ നമുക്ക് ഈ സംവിധാനം ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു.
രണ്ടാമത്തെ മോഡ് ആണ് ആർ ടി ജി എസ്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് എന്നാണ് പൂർണരൂപം. 2005-ൽ തന്നെയാണ് ഇതും നിലവിൽ വന്നത്. എൻ ഇ എഫ് ടീയുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കൊണ്ടുവന്നതാണ് ഈ സംവിധാനം. പെട്ടന്നു പണം ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യമില്ല. എന്നാലും ഇതും ബാങ്കിന്റെ പ്രവർത്തന സമയത്തു മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. എൻ ഇ എഫ് ടി പോലെ തന്നെ ബാങ്കുകൾ ഈ സംവിധാനത്തിനും ചാർജ് ഈടാക്കുന്നുണ്ട്.
അടുത്തതായി 2010-ൽ നിലവിൽ വന്ന ഐ എം പി എസ് എന്ന സംവിധാനമാണ്. ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് എന്ന് പൂർണ്ണ രൂപം. ഇത് വികസിപ്പിച്ചെടുത്തത് ആർ ബി ഐ പോലത്തെ ബാങ്കുമായി ബന്ധമുള്ള ഏജൻസി അല്ല എന്നാൽ എൻ പി സി ഐ എന്ന സ്ഥാപനമാണ്. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നാണ് ഇത് അറിയപ്പെടുന്നത്. എൻ ഇ എഫ് ടിക്കും അതുപോലെതന്നെ ആർ ടി ജി എസിനും ഉള്ള പോരായ്മകൾ കുറച്ചുകൊണ്ടുവരുവാൻ ഐ എം പി എസിനു ഒരു പരുതിവരെ സാധിച്ചു. മിനിമം എമൗണ്ട് ട്രാൻസാക്ഷൻ ഐ എം പി എസിനു ബാധകം അല്ല.1 രൂപ ആണെങ്കിലും ഐ എം പി എസ് വഴി ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും.
24*7 സേവനമാണ് മറ്റൊരു പ്രത്യേകത. ബാങ്കിൽ പോകണം എന്നില്ല. എൻ പി സി ഐയുടെ സെർവറുകൾ ഉപയോഗിച്ചാണ് ട്രാൻസ്ഫർ നടത്തുന്നത്, അതിനാൽ ബാങ്കുകൾക്ക് ഈ സംവിധാനം ഒരു ആശ്വാസമാണ്. 10ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നു. 5 രൂപ മുതൽ 15രൂപ വരെ ചാർജായി ഈടാക്കുന്നു.
അടുത്തത് ഇന്ന് നിലവിൽ ഉള്ളതും ഏറ്റവും ജനപ്രിയമായിട്ടുള്ള മോഡായ യു പി ഐ യെ കുറിച്ചാണ്. യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്നാണ് പൂർണ്ണരൂപം. തേർഡ് പാർട്ടി അപ്ലിക്കേഷനുമായി ലിങ്ക് ചെയ്യുവാൻ സാധിക്കും.
ഫോൺ പേ, പെയ്ടിഎം തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നു. ഓരോ ഉപയോക്താവിനും ഒരു യു പി ഐ ഐ ഡി ഉണ്ടായിരിക്കും.ഈ ഐ ഡി ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ നടത്താവുന്നതാണ്.
അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ് എന്നിവയൊന്നും ആവശ്യം ഇല്ല പണം ട്രാൻസ്ഫർ ചെയ്യുവാൻ. യു പി ഐ ഐ ഡി സെറ്റ് ചെയ്യുവാൻ മാത്രം ഇത് മതിയാകും. യു പി ഐ ഡിജിറ്റൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇടപാടുകൾക്ക് പണം ഈടാക്കുന്നില്ല. ഒരു സിംഗിൾ ക്ലിക്കിൽ പണം കൈമാറ്റം ചെയ്യുന്നു. ട്രാൻസാക്ഷൻ ലിമിറ്റ് അതാത് ആപ്പുമായി ബന്ധപെട്ടിരിക്കുന്നു
അരവിന്ദ് ആർ
അരവിന്ദ് ആർ കുളനട സ്വദേശിയാണ്. അടൂർ കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസിൽ നിന്നും ഡിഗ്രി പഠനത്തിന് ശേഷം ഇപ്പോൾ മാക്‌ഫാസ്റ്റ് കോളേജിൽ എം സി എ യിൽ ബിരുധാനന്തര ബിരുദം ഒന്നാം വർഷ വിദ്യാർത്ഥി ആണ്. സമാന രീതിയിലുള്ള പംക്തി റേഡിയോ മാക്ഫാസ്റ്റിലും അരവിന്ദ് കൈകാര്യം ചെയ്യുന്നുണ്ട്
സ്കൂൾ കാലം മുതൽ ഡിഗ്രി വരെ രണ്ടാം ഭാഷ അറബിക്. എന്നിട്ടും സിവിൽ സർവീസസ് പരീക്ഷയ്ക്കു മുഹമ്മദലി ശിഹാബ് മലയാളം ഓപ്ഷനൽ വിഷയമാക്കി. ഇന്റർവ്യൂവും മലയാളത്തിൽ. ആദ്യ ശ്രമത്തിൽ തന്നെ 226–ാം റാങ്ക് നേടിയ ആ ‘തനി മലയാളി’ ഇപ്പോൾ ജില്ലാ കലക്ടറാണ്; അതും, ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡിൽ !
മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ശിഹാബ് സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനു മുൻപ് 21 പിഎസ്‌സി പരീക്ഷകൾ എഴുതിയിരുന്നു; എല്ലാം മലയാളത്തിൽ. എല്ലാറ്റിലും നിയമന ഉത്തരവും ലഭിച്ചു. ചില പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള അവസരം നേരത്തേ തന്നെയുണ്ടായിരുന്നതാണു ശിഹാബ് പ്രയോജനപ്പെടുത്തിയത്.
സിവിൽ സർവീസസിനു ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനൽ വിഷയങ്ങളാക്കിയാണു പരിശീലനം തുടങ്ങിയത്. പ്രിലിമിനറി കഴിഞ്ഞ് മെയിനിനു ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഭാഷയിലെ അവഗാഹത്തിനു അധ്യാപകന്റെ പ്രശംസ ലഭിച്ചതു പ്രോത്സാഹനമായി; മെയിൻ പരീക്ഷയിലെ എല്ലാ പേപ്പറും ഇന്റർവ്യൂവും മലയാളത്തിൽ മതിയെന്നും തീരുമാനിച്ചു.
ഇംഗ്ലിഷ് പുസ്തകങ്ങളെ ആധാരമാക്കിയാണു പഠിച്ചതെങ്കിലും മലയാളത്തിൽ കുറിപ്പുകൾ തയാറാക്കി. ഇംഗ്ലിഷിലെ തത്തുല്യ പദങ്ങൾ മലയാളത്തിൽ കണ്ടെത്താൻ നിഘണ്ടുവിന്റെ സഹായം തേടി. എൻസിഇആർടി പാഠപുസ്തകങ്ങളുടെ പരിഭാഷയും സഹായിച്ചു. എല്ലാറ്റിനും തത്തുല്യപദങ്ങൾ കണ്ടെത്തണമെന്നില്ലെന്നും ആശയം ഫലിപ്പിക്കുകയാണു പ്രധാനമെന്നും ശിഹാബ് പറയുന്നു.
മലയാളം വേഗത്തിൽ എഴുതാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ കൃത്യമായ സമയം ക്രമീകരിച്ചു. തീരാത്തവ അക്കമിട്ട് അടുത്തതെഴുതി. ബാക്കിയായ ഭാഗങ്ങൾ ശേഷിച്ച സമയത്തു പൂർത്തിയാക്കി.
ഇന്റർവ്യൂവിനു ദ്വിഭാഷിയുണ്ടായിരുന്നു. ഇടയ്ക്കു പരിഭാഷ അപര്യാപ്തമെന്നു തോന്നിയപ്പോൾ ബോർഡ് ചില ചോദ്യങ്ങൾ ഇംഗ്ലിഷിൽ നേരിട്ടു ചോദിച്ചു; മറുപടിയും ഇംഗ്ലിഷിൽ.
ഇന്ത്യയിൽ ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ രണ്ടു സംസ്ഥാനങ്ങളിലൊന്നാണു നാഗാലാൻഡ് (മറ്റൊന്ന് അരുണാചൽ പ്രദേശ്). നാഗാലാൻഡിലെ ട്യുവൻസങ് ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോൾ ശിഹാബിന് ഇംഗ്ലിഷ് പ്രശ്നമേയല്ല.
ലാസ്റ്റ് ഗ്രേഡ് മുതൽ ഐഎഎസ് വരെ
സിവിൽ സർവീസസ് ഇന്റർവ്യൂ വരെ മലയാളത്തിൽ എന്നു കേൾക്കുമ്പോഴുള്ള കൗതുകത്തിനപ്പുറം അറിയേണ്ടതാണു മുഹമ്മദലി ശിഹാബിന്റെ ജീവിതകഥ (അല്ല, അതിജീവനകഥ). അനാഥാലയത്തിൽ വളർന്ന്, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ചു ചിന്തിച്ച്, അതിനുള്ള യോഗ്യത നേടാനായി പ്രൈവറ്റായി ഡിഗ്രി പഠിച്ചയാളുടെ വിജയകഥയാണത്.
വീടുകളിൽ മുറവും കുട്ടയും വിൽക്കുകയായിരുന്നു ശിഹാബിന്റെ വാപ്പയുടെ ജോലി. പിന്നീട് എവടണ്ണപ്പാറയിലെ വഴിവക്കിൽ ഉന്തുവണ്ടിയിലായി കച്ചവടം. ശിഹാബ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വാപ്പ മരിച്ചതോടെ ജീവിതം മാറി. 11 വയസ്സു മുതൽ 21 വയസ്സു വരെ ശിഹാബിന്റെ ജീവിതം അനാഥാലയത്തിലായി. പത്താം ക്ലാസ് കഴിഞ്ഞ് കുറച്ചുകാലം കൂലിപ്പണി. ശേഷം അനാഥാലയത്തിന്റെ കീഴിൽത്തന്നെ പ്രീഡിഗ്രി, ടിടിസി. വളവന്നൂർ ബാഫഖി യതീംഖാനയിൽ അധ്യാപകനായി. സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷകളെഴുതിത്തുടങ്ങി. ഇതിനിടെയാണു സിവിൽ സർവീസ് മോഹമുദിച്ചത്. ബിഎ ഹിസ്റ്ററിക്കു പ്രൈവറ്റായി റജിസ്റ്റർ ചെയ്തു.
2004ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ പിഎസ്‌സി ജോലി. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, എൽപി/യുപി സ്കൂൾ അധ്യാപകൻ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു.
ബിരുദം ഒന്നാം ക്ലാസിൽ ജയിച്ചതോടെ സിവിൽ സർവീസ് സ്വപ്നത്തിനു ജീവൻവച്ചു. മുക്കം യതീംഖാന അധികൃതർ പിന്തുണയുമായെത്തി. അങ്ങനെ ഡൽഹി സകാത്ത് ഫൗണ്ടേഷനിൽ പരിശീലനത്തിനു കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളായി.
മലയാളം ഓപ്ഷനലായി തിരഞ്ഞെടുക്കാൻ ജീവിതപശ്ചാത്തലവും കാരണമാണ്. അനാഥാലയ കാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ കൂട്ടുപിടിച്ച പുസ്തകങ്ങളാണു മലയാളവുമായി അടുപ്പിച്ചത്. 2011ൽ 30 ാം വയസ്സിൽ ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്.
എല്ലാ അനുകൂല സാഹചര്യങ്ങളുടെയും തുണയോടെ പഠിച്ച് ആദ്യശ്രമത്തിൽ വിജയിച്ച പലരുമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചൊരാളുടെ ഐഎഎസ് വിജയം അതിനെക്കാൾ എത്രയോ വലുത്.
അശ്ലീലതയുടെ അതിപ്രസരത്തിന് കടിഞ്ഞാൻ. ചൈൽഡ് പോൺ കൈമാറ്റത്തിന്റെ പേരിൽ നിരീക്ഷണത്തിലായിരുന്ന ടെലിഗ്രാം ഗ്രൂപ്പുകളിൽ ശുദ്ധീകരണം. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നു പന്ത്രണ്ട് പേർ പൊലീസ് പിടിയിലായിരുന്നു. ഇതേത്തുടർന്നാണ് മലയാളികൾ നിയന്ത്രിച്ചിരുന്ന അശ്ലീല ഗ്രൂപ്പുകളിൽ ശുദ്ധീകരണം നടത്തിയത്. രണ്ടു ലക്ഷത്തോളം അംഗങ്ങളുള്ള നീലക്കുറിഞ്ഞി പോലുള്ള ഗ്രൂപ്പുകൾ പേരു മാറ്റി, ലൈംഗിക ദൃശ്യങ്ങളെല്ലാം നീക്കം ചെയ്തു. അഡ്മിൻമാർ തങ്ങളുടെ തടിരക്ഷിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
മലയാളികൾ അഡ്മിൻമാരായ പ്രമുഖ വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പുകളെല്ലാം പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങിയെന്നാണു റിപ്പോർട്ടുകൾ. സൈബർ ഡോം പോലെയുള്ള ഏജൻസികളുടെ ശക്തമായ നിരീക്ഷണത്തിൽനിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാൽ ഇതേ ഗ്രൂപ്പുകളിൽ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. തേടിയെത്തുന്ന ദൃശ്യങ്ങൾ കാണാതെ വാലും തുമ്പുമില്ലാത്ത ചർച്ചകൾ കണ്ടു അന്തംവിട്ടു ഗ്രൂപ്പ് ഉപേക്ഷിച്ചവരും നിരവധി. രണ്ടു ലക്ഷം പേർ തിക്കിതിരക്കിയിരുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങൾ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അലമ്പന്‍സും അധോലോകവും പോലുള്ളവ. ചൈൽഡ് പോൺ വിഡിയോകൾ പ്രചരിപ്പിക്കരുതെന്നു ഈ ഗ്രൂപ്പ് അഡ്മിൻമാർ തന്നെ നിയമങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലുള്ളവർക്ക് എന്തും പോസ്റ്റ് ചെയ്യാമെന്നതും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിനു മുൻപ് തന്നെ പ്രചരിക്കുമെന്നതും ഇത്തരം ഗ്രൂപ്പുകളിലൂടെ ചൈൽഡ് പോൺ പ്രചരിക്കാനിടയാക്കിയിരുന്നു.
കൂടാതെ ചൈൽഡ് പോൺ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. വീണ്ടും ഇതേപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന സൂചനയെത്തുടർന്നാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധനയും തുടർന്ന് അറസ്റ്റുമുണ്ടായത്. അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പോൺ വിഡിയോകൾ ഇപ്പോൾ കൂടുതലായി പ്രചരിക്കുന്നത് വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലാണ്.
കഴിഞ്ഞ ദിവസം കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഇന്ന് തിരുവനന്തപുരത്തെ ഐശ്വര്യ ഹോട്ടലിലുമാണ് മോശം ഭക്ഷണം വിളമ്പിയത്.ഒരു ഹോട്ടലിൽ പോകുമ്പോൾ വില കൂടുതലായാലും തന്റെ കുടുംബത്തിന് നല്ല ഭക്ഷണം കിട്ടണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ കിട്ടുന്നത് പഴകിയതും ഉപയോഗ ശൂന്യവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണെങ്കിലോ? നല്ല ഭക്ഷണം എന്ന് കരുതി നമ്മൾ ഭക്ഷണം കഴിക്കാൻ പോകുന്ന പല ഹോട്ടലുകളും പക്ഷേ വൃത്തിഹീനവും പഴകിയതുമായ ഭക്ഷണവുമാണ് നമുക്ക് നൽകുന്നത്.
തിരുവനന്തപുരം വഴുതക്കാടിന് സമീപമുള്ള ശ്രീ ഐശ്വര്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വീട്ടമ്മയ്ക്ക് ലഭിച്ചത് കടക്കറിയിൽ നിന്നും ഒച്ചിനെയാണ്.
രാവിലെ ഒൻപതര മണിയോടെയാണ് ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയത്. അപ്പവും കടലക്കറിയും കഴിക്കുന്നതിനിടയിലാണ് ഒച്ചിനെ കിട്ടിയത്. എന്നാൽ ഒച്ചിനെ കാണിച്ചപ്പോൾ ഹോട്ടൽ ഉടമ നൽകിയ വിശദീകരണം അത് കക്കയാണ് എന്നാണ്. എന്നാൽ വെജിറ്റേറിയൻ ഹോട്ടലിൽ എവിടെ നിന്നാണ് കക്ക എത്തുക എന്ന ചോദ്യത്തിന് പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം നൽകാം എന്നുമാണ് ഉടമ പറഞ്ഞതെന്ന് പരാതിക്കാരി മറുനാടനോട് പറഞ്ഞു.
പരിഹാരവും വേണ്ട എന്ന് പറഞ്ഞ ശേഷം പരാതിക്കാരി നഗരസഭയിലെ ആരോഗ്യ വിഭാഗത്തിനെ പരാതി അറിയിച്ചു. പിന്നാലെ ഹോട്ടലിൽ എത്തി പരിശോധന നടത്തിയ അധികാരികൾ കണ്ടത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ പാലും തൈരും വൃത്തിയില്ലാതെ സൂക്ഷിച്ചിരിക്കുന്നതാണ്. പ്പം തന്നെ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം. ദോശ മാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന വെള്ളത്തിന് സമീപം എന്നിങ്ങനെ ആകെ വൃത്തിയില്ലാത്ത അന്തരീക്ഷം. ഇതിന് പിന്നാലെ നഗരസഭ അധികൃതർ ഹോട്ടൽ പൂട്ടി സീൽ ചെയ്യുകയും ചെയ്തു.
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം നഗരസഭ നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം കണ്ടെത്തിയിരുന്നു.
കോട്ടയം , മുനിസിപ്പൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോഥനയിൽ നഗരത്തിലെ മുന്തിയ ഹോട്ടലുകളായ വിൻസർ കാസിൽ , വേമ്പനാട് ലേക്ക് റിസോർട്ട് ,അടക്കം എട്ടോളം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും ഉപയോഗ ശൂന്യമായ എണ്ണയും പിടിച്ചെടുത്തു .സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ജനറൽ , മാർക്കറ്റ്, നാട്ടകം എന്നീ സോണൽ തിരിച്ചായിരുന്നു ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോഥന. ക്രമക്കേടു കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുകയും പാത്രങ്ങൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുകയും ചെയ്തു.
കോട്ടയം നഗരത്തിലെത് ഉൾപ്പടെ എട്ടോളം ഹോട്ടലുകളിലാണ് മോശം ഭക്ഷണവും വൃത്തിയില്ലാത്ത അന്തരീക്ഷവും കണ്ടെത്തി പിഴ അടപ്പിച്ചത്. വിൻസർ കാസിൽ കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഒന്നാണ്. വേമ്പനാട് ലേക്ക് റിസോർട്ട് ത്രീസ്റ്റാർ ഹോട്ടലുകളുടെ പട്ടികയിലുള്ളതാണ്. ഉപഭോക്താക്കളിൽ നിന്നും അതിഥികളിൽ നിന്നും വമ്പൻ തുക ഈടാക്കുന്ന ഇത്തരക്കാർ പക്ഷേ വിളമ്പുന്നത് മോശം ഭക്ഷണം, പഴകിയ ചിക്കൻ കറി, ഉപയോഗ ശൂന്യമായ എണ്ണ, പഴക്ക ചെന്ന ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഈ രണ്ട് ഹോട്ടലുകൾക്ക പുറമെ ന്യൂ ഭാരത്, എ വൺ ടീ ഷോപ്പ്, ഇന്ത്യൻ കോഫി ഹൗസ, ശങ്കർ ടീ സ്റ്റാൾ, ഹോട്ടല് സം സം, ബോർമ എന്നിവടങ്ങളിൽ നിന്നും മോശം ഭക്ഷണം കണ്ടെത്തി. ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ മൂന്ന് ഹോട്ടലുകൾക്ക് താക്കീത് നൽകി ഒഴിവാക്കുകയും നോട്ടീസ് നൽകുകയുമായിരുന്നു. ബാക്കി അഞ്ച് ഹോട്ടലുകൾക്കായി 25000 രൂപയോളം പിഴയിടുകയും ചെയ്തു.ശബരിമല സീസൺ വരാനിരിക്കെ നിരവധി അയ്യപ്പഭക്തർ ഉപയോഗിക്കുന്ന ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഒപ്പം തന്നെ മഴക്കാലത്തിന് മുൻപ് രോഗങ്ങൾ പടർന്ന് പിടിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയുാമണ് പരിശോധന നടത്തിയത് എന്ന് നഗരസഭ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.
കൊടുക്കുന്ന പണത്തിന് മോശം ഭക്ഷണം നൽകുന്നത് ഒരിക്കലും ഒരു സമൂഹവും അംഗീകരിക്കുകയില്ല. അത്തരത്തിൽ അധികൃതർ പരിശോധന നടത്തിയാലും മുഖ്യധാര മാധ്യമങ്ങൾ പേര് പ്രസിദ്ധീകരിക്കുകയുമില്ല ജനങ്ങൾ അറിയുകയുമില്ല. വീണ്ടും വീണ്ടും ഇത്തരം കൊള്ളക്കാരുടെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയുപം ചെയ്യുന്നു. ഇത്തരം ചതിയന്മാരെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ മാത്രമാണ് നടപടിക്ക് വിധേയരായ ഓരോ ഹോട്ടലുകളേയും മറുനാടൻ മലയാളി തുറന്ന് കാണിക്കുന്നത്.
വ്യക്തിജീവിതത്തെക്കുറിച്ചും, സിനിമയെക്കുറിച്ചും വേദന നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സായ്കുമാർ. പ്രമുഖ സ്ത്രീ പക്ഷ മാഗസിന് നൽകിയ അഭിമുഖത്തിലാണ് സായ്കുമാർ മനസു തുറന്നത്.
”അക്ഷരാർഥത്തിൽ ‘സീറോ’യിൽ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചത് അവർക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവർക്ക് നൽകിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു േകട്ടപ്പോള്‍ വലിയ വിഷമമായി. ഞാൻ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല”, സായ്കുമാർ പറഞ്ഞു.
സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.
നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെയാണ് സായികുമാർ ആദ്യം വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വൈഷ്ണവിയാണ് മകൾ.
അഖിൽ ഭാരത് ഹിന്ദു മഹാസഭാ നേതാവായ കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടു. ലഖ്നൗവിലെ തന്റെ വീട്ടിനകത്താണ് കുത്തേറ്റ് മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തിവാരിയുടെ കഴുത്തിനു ചുറ്റും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അയോധ്യ കേസിൽ അപ്പീൽ നൽകിയവരിലൊരാളാണ് തിവാരി. ഇദ്ദേഹത്തിന്റെ മരണം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. രോഷാകുലരായ ഇദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധ പ്രകടനം നടത്തി. അമിനാബാദിലും ഫത്തേഗഞ്ചിലും കടകൾ അടപ്പിച്ചിട്ടുണ്ട് ഇവർ. സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട് അധികാരികൾ.മൃതദേഹം പോസ്റ്റുമോർട്ട് ചെയ്തിട്ടില്ല ഇതുവരെ.
തിവാരിയെ കാണാനായി രാവിലെ 11 മണിയോടെ രണ്ടുപേർഡ വന്നതായി അദ്ദേഹത്തിന്റെ അനുയായിയായ സ്വതന്ത്രദീപ് സിങ് പറയുന്നു. തിവാരി ഇരുവരെയും തന്റെ വീടിന്റെ ഒന്നാംനിലയിലേക്ക് കൊണ്ടുപോയി. വന്നവരിലൊരാൾ സിഗരറ്റ് വാങ്ങി വരാൻ പറഞ്ഞതനുസരിച്ച് താൻ പുറത്തുപോയി വന്നപ്പോഴേക്ക് കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടിരുന്നെന്ന് സ്വതന്ത്രദീപ് പറഞ്ഞു. സ്ഥലത്തു നിന്നും ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
2015ൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയയാളാണ് കൊല ചെയ്യപ്പെട്ട തിവാരി. ഇദ്ദേഹത്തിന്റെ പ്രസ്താവന കൊൽക്കത്തയിൽ കലാപമുണ്ടാക്കുകയും ചെയ്തു. തിവാരിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ ഉത്തര്‍ പ്രദേശില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇദ്ദേഹം പിന്നീടും തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുകയുണ്ടായി.
അതെസമയം, കമലേഷിനെ കൊല ചെയ്തവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരും കാവിവേഷധാരികളാണ്. ഇവരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടില്ല. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കമലേഷ് തിവാരിയുടെ മരണം ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഈ കൊലപാതകം വ്യക്തിവിദ്വേഷത്തിൽ നിന്നുണ്ടായതാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ട് റിപ്പോർട്ടിനു കാക്കുകയാണ് പൊലീസ്.
സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ലെന്നും താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതി പറഞ്ഞതായി മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു. കുപ്രസിദ്ധ കേസുകളാണ് ആളൂര്‍ ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരും സംഘവും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗള്‍ഫില്‍ നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജോളിയുടെ ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദമാണ് ജോളി തന്നെ തള്ളിപ്പറയാന്‍ കാരണമെന്ന് അഡ്വ. ആളൂര്‍ പറയുന്നു. ജോളി ഇക്കാര്യം എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോഴെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസിനെയാണ് ആളൂര്‍ ഇക്കാര്യത്തില്‍ പഴിചാരുന്നത്. ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും ആളൂര്‍ പറയുന്നു. ആളൂര്‍ അസോസിയേറ്റ്‌സിന്റെ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയതായും ആളൂര്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ പ്രതിയെ പോയി കാണാന്‍ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ നിഷേധിച്ചെന്നാണ് ആളൂരിന്റെ ആരോപണം.
ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയുമായി സംസാരിച്ചിരുന്നു. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ പി കമലാക്ഷിയുടെയും മറ്റ് വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂര്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യാപേക്ഷ നല്‍കും. പോലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ കോടതി വാക്കാല്‍ അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പ്രതിഭാഗം വക്കീല്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ചുരിദാറിന്റെ ഷാളില്‍ മുഖം മൂടി എത്തിയ ജോളി ഇന്നലെ മുഖം മറയ്ക്കാതെ തലയുയര്‍ത്തി പുഞ്ചിരിയോടെയാണ് കോടതിയിലെത്തിയത്. അകമ്പടി വന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം അവര്‍ ജോളിയായി തന്നെ ഇടപെട്ടു.
തെന്നിന്ത്യയിൽ ഒട്ടേറെ അനുയായികളുള്ള ആൾദൈവം കൽക്കി ഭഗവാന്റെ സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. ആദായനികുതി വകുപ്പ് റെയ്ഡിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തൽ. റെയ്ഡിൽ പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.
കൽക്കി ആശ്രമങ്ങളിലടക്കം കർശന പരിശോധനയാണ് നടത്തിയത്.ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുക്കാരനായ കൽക്കി ഭഗവാനുള്ളത്.
Update on IT Searches at godman ‘Kalki Bhagwan’ Aashrams. Dept. has so far seized-Rs 43.9 Crore cash, 2) 88 kgs of Gold worth Rs 26 crore 3) Abt 2.5 mln USD- approx 18 cr. 4) Undisclosed diamonds worth Rs 5 cr 5) Undisclosed income estimated more than Rs 500 crore! #KalkiBhagwan pic.twitter.com/YPR0U0U2fx
— Rishika Sadam (@RishikaSadam) October 18, 2019
അലയന്‍സ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ അയ്യപ്പദൊരെയുടെ കൊലപാതകത്തില്‍ ചാന്‍സലറടക്കം രണ്ട് പേര്‍ അറസ്റ്റില്‍. സര്‍വകലാശാലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തു.
അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് ഡോ അയ്യപ്പ ദൊരെയുടെ ജീവനെടുത്തത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിന്‍റെ സഹായിയും ഒാഫീസ് എക്സിക്യൂട്ടീവുമായ സൂരജ് സിങ് പിടിയുലായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം നടക്കാനിറങ്ങിയപ്പോഴാണ് ബെംഗളൂരു ആര്‍ ടി നഗറിലെ എച്ച് എം ടി ഗ്രൗണ്ടില്‍ വച്ച് ഡോ അയ്യപ്പ ദൊരെയെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ…..
അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലവിലുണ്ട്. തര്‍ക്കത്തിനൊടുവില്‍ മധുകറിന് അനുകൂലമായി വിധി വന്നു. ഇതേത്തുടര്‍ന്നാണ് മധുകറിനെയും, ഇയാളുടെ സുഹൃത്തും മുന്‍ വൈസ് ചാന്‍സലറുമായ ഡോ അയ്യപ്പ ദൊരെയും കൊലപ്പെടുത്താന്‍ ഗൂഡാലോചന തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി 4 മാസം മുന്‍പാണ് സൂരജ് സിങ്ങിനെ എക്സിക്യൂട്ടീവ് ഒാഫീസറായി നിയമിച്ചത്. സുധീറിന്‍റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷന്‍ ഏല്‍പിച്ചു.
ഒരു കോടി രൂപയായിരുന്നു വാഗ്ദാനം. ഇതിന് പിന്നാലെ അക്രമികള്‍ രാത്രി നടത്തത്തിനിറങ്ങിയ ഡോ അയ്യപ്പ ദൊരെയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തെങ്കിലും , ക്വട്ടേഷന്‍ സംഘത്തെ ഇനിയും പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു
ഷാർജയിൽ ഡെസേർട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപെട്ടു. മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന് സന്ദർശക വീസയിലാണ് നിസാം യുഎഇയിലെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.