Latest News

അപ്പച്ചൻ കണ്ണഞ്ചിറ

നായർ സർവീസ് സൊസൈറ്റി (യു കെ) സംഘടിപ്പിക്കുന്ന ‘ഒരുമയുടെ പൊന്നോണം 2024′ ഓണാഘോഷ പരിപാടികൾ ഈസ്റ്റ് ലണ്ടനിലെ ലിറ്റിൽ ഇൽഫോർഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഒക്ടോബർ 5 ന് ശനിയാഴ്ച്ച രാവിലെ 11:30 ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷത്തിന് നാന്ദി കുറിക്കും. ഓണസദ്യക്കു ശേഷം തുടങ്ങുന്ന സാംസ്കാരിക കലാപരിപാടികളിൽ സംഗീത-നൃത്ത ഇനങ്ങൾ കോർത്തിണക്കി വിപുലമായ കലാവിരുന്നാണൊരുക്കുക.

കലാപരിപാടികൾക്ക് ആമുഖമായി കേരളീയ തനതു കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം എന്നിവ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന ‘സ്വാഗത നൃത്തം’ അരങ്ങേറും. തുടർന്ന് കേരളീയ സംഗീത ഉപകരണങ്ങളുടെ താളലയശ്രുതികളുടെ പിന്നണിയിൽ അരങ്ങേറുന്ന സംഗീതാർച്ചന “പാട്ടിന്റെ പാലാഴി” ഓണാഘോഷത്തിന് സംഗീത സാന്ദ്രത പകരും.

പ്രശസ്ത കലാകാരനായ മനോജ് ശിവ രചനയും സംവിധാനവും നിർവഹിക്കുകയും, ബാലപ്രതിഭകൾ അഭിനയിക്കുകയും ചെയ്യുന്ന “ദി ഡയലോഗ് വിത്ത് ഡെത്ത്” എന്ന നാടകം എൻ.എസ്,എസ് യു.കെ യുടെ ‘പ്ലേ ഹൌസി’ന്റെ ബാന്നറിൽ തുടർന്ന് അവതരിപ്പിക്കുന്നതാണ്.

എൻഎസ്എസ് (യു കെ) യുടെ നേതൃത്വത്തിൽ ഈസ്റ്റ് ലണ്ടനിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ ഗൃഹാതുര അനുസ്മരണങ്ങൾ ഉണർത്തുന്ന വിപുലവും സമ്പന്നവുമായ കലാപരിപാടികളും, അവതരണങ്ങളും ആണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Venue: Little Illford School, Rectory Road, London E12 6JB

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. നോർത്തേൺ അയർലൻഡിലെ ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു.

ഇവർ താമസിച്ചിരുന്ന വീടിന് കഴിഞ്ഞ മാസം 26 ന് രാത്രി 10 മണിയോടെയാണ് ജോസ്മാൻ തീയിട്ടത്. ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

അതേസമയം സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിട്ടില്ല. ജോസ്മാന്റെ ജാമ്യാപേക്ഷ ക്രൗൺ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബർ 22ന് തുടരും.

കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം. മണ്ണഞ്ചേരി സ്വദേശി സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് അക്രമത്തിൽ പരിക്കേറ്റു. മതിൽ ചാടിയെത്തിയ യുവാവ് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.

യുവാവ് അടുക്കള ഭാ​ഗത്ത് അതിക്രമിച്ചുകയറിയപ്പോൾ അഞ്ജുവിന്റെ ഭർത്താവും കുഞ്ഞും മുൻവശത്തെ മുറയിലായിരുന്നു. അക്രമി ഡോക്ടറുടെ തൊണ്ടയിൽ കുത്തി പിടിച്ചതിനാൽ ശബ്ദമുണ്ടാക്കാൻ സാധിച്ചില്ല. ബലം പ്രയോ​ഗിച്ച് പ്രതിയെ തള്ളിമാറ്റി ബഹളം വച്ചതോടെ ഭർത്താവ് ഓടിയെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. കഴുത്തിൽ നഖക്ഷതങ്ങൾ ഏറ്റതിനെ തുടർന്ന് വനിതാ ഡോക്ടർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പോലീസ് പിടികൂടിയ പ്രതി സുനിലിനെ ചോദ്യം ചെയ്തെങ്കിലും അക്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രതി ലഹരിക്കടിമയാണോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്ലബ് മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന ഏഴാമത് ഓൾ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ പത്തൊൻപതിന് നോര്‍ത്താംപ്ടണിലെ കരോളിന്‍ ചെഷോം സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടങ്ങുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുകെയിലെ എല്ലാ മലയാളികളെയും സംഘാടകര്‍ ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ടീമുകളെ രജിസ്റ്റര്‍ ചെയ്യുവാനും ബന്ധപ്പെടുക.

ജിനി- 07872 049757

അജു- 07471 372581

ബ്രിസ്റ്റോളുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊന്നോണം കൊണ്ടാടി… ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സിറ്റി ഹാളില്‍ ഇന്നലെ 11 മണി മുതല്‍ ആരംഭിച്ചു. മട്ടാഞ്ചേരി കിച്ചന്‍ ഒരുക്കിയ ഗംഭീരമായ ഓണ സദ്യയോടെയാണ് ഓണാഘോഷം തുടങ്ങിയത്. രുചികരമായ ഓണസദ്യ ആസ്വദിച്ച ശേഷം ഓണാഘോഷത്തിന്റെ മറ്റ് പരിപാടികളിലേക്ക് കടന്നു. ആയിരത്തോളം പേരാണ് ഓണസദ്യ കഴിച്ചത്. പിന്നീട് വാശിയേറിയ വടംവലി മത്സരം നടന്നു. അഞ്ഞൂറാനും മക്കളും വാശിയേറിയ വടംവലി മത്സരത്തില്‍ വിജയിച്ചു.

ബ്രിസ്‌ക അംഗ അസോസിയേഷനുകളുടേയും ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികളും അയല്‍ക്കൂട്ടങ്ങളുടേയും ബ്രിസ്‌കയുടെ മറ്റ് അംഗങ്ങളുടേയും കലാപരിപാടികളാണ് പിന്നീട് അരങ്ങേറിയത്. ലിറില്‍ ചെറിയാന്‍ കൊറിയോഗ്രാഫി ചെയ്ത ഡാന്‍സ് തന്നെ ഏവരുടേയും ഹൃദയം കീഴടക്കി.

ബ്രിസ്‌ക സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍ ഏവരേയും സ്വാഗതം ചെയ്തു.തിരുവനന്തപുരം മുന്‍ കളക്ടറും മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് ജേതാവുമായ ജെറോമിക് ജോര്‍ജ്ജ് ഐഎഎസ് ആയിരുന്നു ഓണാഘോഷത്തിലെ മുഖ്യ അതിഥി. ബ്രിസ്‌ക പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍, കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് , സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍ മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഓണാഘോഷം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. എല്ലാ ബ്രിസ്റ്റോള്‍ മലയാളി അംഗങ്ങള്‍ക്കും അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് സാജന്‍ സെബാസ്റ്റിയന്‍ നന്ദി പറഞ്ഞു.

ബ്രിസ്‌കയുടെ വളര്‍ച്ചയ്ക്ക് അയല്‍ക്കൂട്ടങ്ങളും മറ്റ് അംഗങ്ങളുടേയും പങ്ക് സാജന്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഏവര്‍ക്കും ഓണാശംസകളും നേര്‍ന്നു. വിശിഷ്ട അതിഥിയായി എത്തിയ ജെറോമിക് ജോര്‍ജ്ജ് ഐഎഎസ് തന്റെ പ്രസംഗത്തില്‍ ബ്രിസ്‌കയെ അഭിനന്ദിച്ചു. പ്രവാസികളായിരിക്കുമ്പോഴാണ് നമ്മള്‍ ഓണം ഗംഭീരമായി ആസ്വദിക്കുന്നത്. പ്രവാസി ആയിരിക്കുമ്പോള്‍ മലയാളികളുടെ സംസ്‌കാരത്തിന്റെ തനിമ ഉയര്‍ത്തിപിടിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. ഐക്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കും. അതിനായി ബ്രിസ്‌ക ചെയ്യുന്ന കാര്യങ്ങള്‍ വളരെ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് വിശിഷ്ടാതിഥി ജെറിമോക് ജോര്‍ജ്ജ് ഐഎഎസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ബ്രിസ്‌ക ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്തു.ബ്രിസ്‌കയുടെ മുന്‍ പ്രസിഡന്റുമാരും വിശിഷ്ടാതിഥിയായ കളക്ടറും ചേര്‍ന്ന് അനാഛാദനം ചെയ്തു. ബ്രിസ്‌കയ്ക്ക് ഇനി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ട സമയമായെന്ന് ചാരിറ്റബിള്‍ രജിസ്ട്രേഷന്‍ ഓര്‍ഗനൈസേഷനായതിനെ കുറിച്ച് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

ബ്രിസ്‌ക കള്‍ച്ചറല്‍ സെക്രട്ടറി മിനി സ്‌കറിയ ഏവര്‍ക്കും നന്ദി പറഞ്ഞു. വേദിയില്‍ മനോഹരമായ തിരുവാതിരക്കളിയായിരുന്നു പിന്നീട്. ഓണപ്പാട്ടും കൂടിയെത്തിയതോടെ ഓണത്തിന്റെ ആവേശം അലതല്ലുന്ന നിമിഷങ്ങളായിരുന്നു പിന്നീട്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ ആഘോഷ പൂര്‍വ്വം വരവേറ്റു…സ്നേഹ അയല്‍ക്കൂട്ടം ഒരുക്കിയ ഓപ്പണിങ്ങ് ഡാന്‍സ് ഏവരുടേയും ഹൃദയം കീഴടക്കി.
സ്വതസിദ്ധ ശൈലിയിലൂടെ സദസ്സിനെ കയ്യിലെടുത്ത അവതാരിക അനുശ്രീയുടെ അവതരണം ഏറെ മികച്ചതായിരുന്നു.

ബ്രിസ്‌ക കലാസന്ധ്യയില്‍ കുട്ടികള്‍ ഒരുക്കിയത് മനോഹരമായ കലാ വിരുന്നായിരുന്നു. വലിയ വേദികളെ പോലും കിടപിടിക്കുന്ന രീതിയില്‍ നൃത്തചുവടുകള്‍ വച്ച് ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികള്‍ വേദിയില്‍ നിറഞ്ഞാടി. ചാനലുകളില്‍ പാരഡി ഗാനങ്ങളുമായെത്തി ശ്രദ്ധേയനായ കേശവന്‍ മാമ്മനും തന്റെ സ്വതസിദ്ധ ശൈലിയില്‍ കാണികളില്‍ ചിരി പടര്‍ത്തി ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ബോളിവുഡ് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, പാട്ടുകള്‍, സ്‌കിറ്റ് എന്നിങ്ങനെ ഓണാഘോഷത്തിന്റെ ഗംഭീരമാക്കി കലാപരിപാടികള്‍. അറഫത്ത് ടീമിന്റെ സ്റ്റേജ് ഷോയും കൂടിയായതോടെ വേദിയെ ഇളക്കിമറക്കുന്ന പരിപാടികളാണ് ഇക്കുറി ബ്രിസ്‌ക ഓണാഘോഷത്തിന്റെ ഭാഗമായത്.

പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍, മറ്റ് ഭാരവാഹികളായ മിനി സ്‌കറിയാ, ടോം ലൂക്കോസ്, ഡെന്നിസ് ഡാനിയേല്‍, ഷാജി സ്‌കറിയാ , ബിജിന്‍ സ്വാമി, മോന്‍സി മാത്യു, ജെയിംസ് തോമസ്, ജിജോ പാലാട്ടി, ജോഷി ജോര്‍ജ്, ലൈജു, സജി മാത്യു, സബിന്‍ എമ്മാനുവല്‍, ജാക്സന്‍ ജോസഫ്, നൈസന്റ് ജേക്കബ്, ബിജു രാമന്‍ എന്നിവര്‍ കണ്‍വീനര്‍മാരായ സബ് കമ്മറ്റികളുടെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇത്രയും മനോഹരമായ ഓണാഘോഷം സമ്മാനിക്കാന്‍ കാരണം. ഒരുമയുടെ ആഘോഷമായ ഓണം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ബ്രിസ്റ്റോള്‍ മലയാളികള്‍ ആഘോഷിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ കേരളാ കൾച്ചറൽ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഇപ്സ്വിച്ചിലെ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ഓണാഘോഷം ഗൃഹാതുര സ്മരണകളുണർത്തുന്നതായി. മനോഹരമായ പൂക്കളവും, തൂശനിലയിൽ വിളമ്പിയ 26 വിഭവങ്ങളടങ്ങിയ ഓണസദ്യയും, ആകർഷകമായ പുലി കളിയോടൊപ്പം, വർണ്ണാഭമായ ഘോഷയാത്രയും, വാശിയേറിയ വടംവലിയും, കലാവിരുന്നും, ഊഞ്ഞാലാട്ടവും അടക്കം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തിയ തകർപ്പൻ ഓണാഘോഷമാണ് ഇപ്സ്വിച്ചിലെ മലയാളികൾ ആസ്വദിച്ചത്. ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയ മുഖ്യ ആകർഷകമായ ഊഞ്ഞാലാട്ടം പ്രായഭേദമന്യേ ഏവരും ഏറെ ആസ്വദിച്ചു.

താളമേളങ്ങളുടേയും, പുലി കളിയുടേയും,താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അലംകൃത വീഥിയിലൂടെ മഹാബലിയെ വരവേറ്റു നടത്തിയ പ്രൗഢഗംഭീരമായ ഓണം ഘോഷയാത്രയും, തുടർന്ന് നടന്ന വാശിയേറിയ വടംവലി മത്സരവും, തിരുവാതിരയും അഘോഷത്തിനു മാറ്റ് കൂട്ടി. നന്ദൻ ശൈലിയിൽ തൂശനിലയിൽ തന്നെ വിളമ്പിയ രണ്ട് തരം പായസമടക്കം ഇരുപത്തിയാറ് കൂട്ടം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി. കാണികളെ ആവോളം രസിപ്പിച്ച മലയാളി ‘മാരൻ – മങ്ക’ മത്സരത്തിൽ പ്രായഭേദമന്യേ ആളുകൾ പങ്കുചേർന്നു.

കെസിഎയുടെ ഓണാഘോഷത്തിൽ ഇപ്സ്വിച്ച് മേയർ കൗൺസിലർ കെ. ഇളവളകൻ മുഖ്യാതിഥിയായി. ഘോഷയാത്രയും തിരുവാതിരയും ഓണപ്പൂക്കളവും ആസ്വദിച്ച മേയർ തൂശനിലയിൽ ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്. കെസിഎയിലെ കുട്ടികളുടെ ആകര്‍ഷകമായ കലാപരിപാടികളോടൊപ്പം, യുവഗായകരായ ഹരിഗോവിന്ദും രജിതയും ചേർന്നൊരുക്കിയ ‘സംഗീത വിരുന്നും’ പരിപാടിക്ക് മിഴിവേകി.

കെസിഎ പ്രസിഡൻ്റ് വിനോദ് ജോസ്, വൈസ് പ്രസിഡൻ്റ് ഡെറിക്, സെക്രട്ടറി ജിജു ജേക്കബ്, ജോയിൻ സെക്രട്ടറി വിത്സൻ, ട്രഷറർ നജിം, പിആർഒ സാം ജോൺ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

കുടുംബവഴക്കിനെത്തുടർന്ന്‌ പുരവഞ്ചിയിൽനിന്നു (ഹൗസ്‌ബോട്ട്) കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട്‌ തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ്‌ ഡി. നിക്‌സൺ (58) ആണ്‌ മരിച്ചത്‌.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആർ ബ്ലോക്കിനുസമീപത്തെ ചിത്തിരക്കായലിലാണ്‌ സംഭവം. തിരുനെൽവേലിയിൽനിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് പുരവഞ്ചിയിലുണ്ടായിരുന്നത്‌. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) പുരവഞ്ചിയിൽനിന്ന്‌ കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി.

നിലവിളികേട്ട്‌ ഓടിയെത്തിയ പുരവഞ്ചി ജീവനക്കാർ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ്‌ ബോട്ടിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന്‌ കാര്യമായ പരിക്കില്ല.

വെള്ളത്തിൽനിന്നു കരയ്ക്കുകയറാൻ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേർന്ന്‌ ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്‌. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ. പുളിങ്കുന്ന് പോലീസ് കേസെടുത്തു.

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി നല്‍കി.

നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴു പേർക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫർ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചത്.

തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോൻ മേനോൻ ഡി.ജി.പിക്ക് പരാതി നൽകി. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകൾക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാൾക്ക് ശിക്ഷ വിധിച്ചു.

പോക്സോ കേസിൽ പ്രതിക്ക് 77 വർഷം കഠിന തടവും 80,000 രൂപ പിഴയുമാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചത്. ജഡ്ജ് ശ്രീമതി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 70,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2024 ജനുവരി ഒന്നുമുതൽ ഫെബ്രുവരി 27വരെയുള്ള വരെയുള്ള കാലയളവില്‍ പ്രതി അതിജീവിതയെ പീഡിപ്പിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന ത്രിദീപ് ചന്ദ്രനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യം. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ 22-ന് കോടതി പരിഗണിക്കും.

സിദ്ദിഖിന് ലഭിച്ചത് അറസ്റ്റില്‍നിന്നുള്ള പരിരക്ഷ മാത്രമാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ഇടക്കാല ജാമ്യമാണ് സിദ്ദിഖിന് ലഭിച്ചതെന്നാണ് ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവരുമ്പോള്‍ വ്യക്തമായിരിക്കുന്നത്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും. കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും അതിജീവിതയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ സിദ്ദിഖിനുവേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.

RECENT POSTS
Copyright © . All rights reserved