ഇംഗ്ലണ്ട്: ലണ്ടനിൽ പാർക്കുന്ന കാരൂർസോമൻ രചിച്ചു് ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത് പ്രിന്റ് വേൾഡ്, ന്യൂ ഡൽഹി അണിയിച്ചിരുക്കിയ നിറഞ്ഞ ഹൃദയസപർശിയായ ഹ്രസ്വ ചിത്രമാണ് “ഗ്ലാസ്സിലെ നുര”.
മദ്യത്തിന്റ മാദകലഹരിയിൽ സമ്പൽ സമൃദ്ധി കളിയാടുന്ന രാജ്യങ്ങളിൽപോലും കാണാത്തവിധം കേരളത്തിലെ കുട്ടികൾ ഒരു നാട്ടുനടപ്പുപോലെ മദ്യവും, മയക്കുമരുന്നും, കഞ്ചാവും കഴിച്ചു് അച്ചടക്കവും അനുസരണയുമില്ലാതെ ഉന്മാദത്തിലാറാടി റോഡപകടങ്ങളിൽ ജീവൻ വെടിയുന്നതും അംഗവൈകല്യങ്ങൾ സംഭവിക്കുന്നതും ഒരു നിത്യ ദുരന്തമായി മാറിയിരിക്കുന്നു. കാലത്തിന്റ ഇരുട്ടറകളിലാണ്ടുപോയ മക്കളെയോർത്തു വിലപിക്കുന്ന, ജീവിച്ചിരിക്കുന്ന മക്കളെയോർത്തു് ഉത്കണ്ഠകുലരും ദു:ഖിതരുമായ കഴിയുന്ന മാതാപിതാക്കൾ. മോട്ടോർ സൈക്കിളിൽ അന്തരീക്ഷത്തിൽ മിന്നിമറയുന്ന മക്കൾ വീട്ടിലെത്തുമോയെന്ന ഭയത്താൽ ആകുലതകളനുഭവയ്ക്കുന്നവർ ഓരൊ വിടുകളിലുമുണ്ട്. ഈ കഥയിലും അതുപോലെ നീറുന്ന ഒരു പിതാവ് തെരുവിലേക്ക് പോകാനിറങ്ങിയ വേലയും കുലിയുമില്ലാത്ത മകനോട് പറയുന്നു. “നാല് തേങ്ങ പൊതിച്ചിട്ട് പോടാ” അവനത് കേൾക്കുന്നില്ല. മകനെപ്പറ്റി ആശങ്കപ്പെടുന്ന പിതാവ് വീണ്ടും പറയുന്നു. “അർദ്ധരാത്രി വരെ മദ്യമടിച്ചു കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണം”. ചുഴലിക്കാറ്റ് കരിയിലകളെ കാറ്റിൽ പറത്തുന്നതുപോലെയാണ് ഇന്നത്തെ കുട്ടികളുടെ മോട്ടോർ സൈക്കിൾ വേഗത. ബുദ്ധിഭ്രമം സംഭവിച്ച കാലത്തിന്റ സന്തതികൾ മദ്യലഹരിയിൽ വാഹനമോടിച്ചു് അപകടമുണ്ടാക്കി അംഗവൈകല്യം സംഭവിച്ചു കഴിയുമ്പോൾ പറയുന്നു. “വെള്ളമടിച്ചു് വണ്ടിയോടിച്ചു. നല്ല പണി കിട്ടി. അതോടെ അടി നിർത്തി”. കണ്ണുള്ളവർ കുരുടരായി മാറിയാൽ കുരുടനുണ്ടോ രാവും പകലും?
ഇന്നത്തെ നിയമങ്ങൾകൊണ്ടോ, ഉപദേശങ്ങൾകൊണ്ടോ രക്ഷയില്ലെന്ന് മനസ്സിലാക്കിയ പിതാവ് നന്മയുള്ള ഏതാനം യൂവാക്കളെ സമീപിച്ചിട്ട് മദ്യപാനിയും കഞ്ചാവിനും അടിമയായ മകനെ രക്ഷപെടുത്താൻ എന്തെങ്കിലും ചെയ്യണമെന്നു അപേഷിക്കുന്നു. അവർ അതിനുള്ള ശ്രമങ്ങൾ കലാരുപത്തിലാംരംഭിച്ചു. അതിനിടയിൽ ഒരാൾ ഫലിതരൂപത്തിൽ കൂട്ടുകാരനോട് പറയുന്നു. “മുട്ടനാടിന്റേതുപോലുള്ള നിന്റെ ഈ താടി വടിച്ചുകളയണം” . കൂട്ടുകാരന്റെ മറുപടി. “പോടാ ഈ താടി ഒരു വികാരമാണ് “. പല കാരണങ്ങളാൽ താടിവളർത്തുന്നവരെ കാണാറുണ്ട്. ആദ്യമായിട്ടാണ് താടിമീശക്കൊരു വികാരമുള്ളതറിയുന്നത്.
റോഡുകളിൽ രക്തം ചിന്തുന്നതിനു കാരണക്കാർ വാഹനമോടിക്കുന്നവർ മാത്രമല്ല എല്ലും തോലുമായ റോഡുകൾ, രാഷ്ട്രീയ ഇടപെടലുകൾ, നീതിയും നിയമവും കാറ്റിൽ പറത്തി കൈക്കൂലി വാങ്ങുന്ന നിയമപാലകർകുടിയാണ്. പാശ്ചാത്യ-ഗൾഫ് നാടുകളിൽ ആനയെ ഒരു ചെറുകുറ്റിയിൽ തളക്കുംവിധമാണ് നിയമങ്ങളെ തളച്ചിരിക്കുന്നത്. അതിനാൽ നിയമങ്ങൾ ഒരു നിഴൽവിളക്കുപോലെ അവരെ പിന്തുടരുന്നു. ജീവിതത്തെ അപഹരിച്ചുകൊണ്ടു പോകുന്ന ഈ ദുരന്തങ്ങളെ അതിജീവിക്കാൻ സ്കൂൾ പഠനങ്ങളും, വായനാശീലങ്ങളും, സത്യത്തെ മുൻനിർത്തി അർഥവത്തായ പ്രവർത്തി ചെയ്യുന്ന നിയമപാലകരും, കർശന ശിക്ഷനടപടികളുമുണ്ടായാൽ റോഡിൽ മദ്യപാനികളുടെ എണ്ണം കുറയുകതന്നെ ചെയ്യും.
മറ്റുള്ളവരിലെ തിന്മകൾ കണ്ട് കുറ്റപ്പെടുത്തുവർ ആ തിന്മക്കെതിരെ പോരാടാൻ മുന്നോട്ടു വരുമ്പോഴാണ് അവരിലെ സന്മനസ്സ് മറ്റുള്ളവർ കാണുന്നത്. ആ കാഴച്ചപ്പാടാണ് പ്രകാശം പൊഴിക്കുന്ന ഈ ചിത്രം നമ്മെ സന്തോഷത്തിന്റ പാരമ്യത്തിലെത്തിക്കുന്നത്. മദ്യമോ, കഞ്ചാവൊ ഉപയോഗിക്കാത്ത നന്മനിറഞ്ഞ യൗവനക്കാർ കണ്ടെത്തിയ ദാര്ശനിക ചിന്താധാരയാണ് ഈ ചിത്രത്തിന്റ ഉള്ളടക്കം. ആ ഹൃദയാഭിലാഷമാണ് കഥാകാരനിലും സംവിധായകനിലും മദ്യ ലഹരിയേക്കാൾ പൂമണത്തിന്റ ലഹരിയാക്കി മാറ്റുന്നത്.
കൊച്ചി: ഭഗൽപൂർ രൂപതയിലെ വൈദികനായ ഫാ. ബിനോയി ജോണിനെയും സഭാ പ്രവർത്തകനായ മുന്ന ഹാൻസ്ദയെയും അന്യായമായി റിമാൻഡിൽ വച്ചിരിക്കുന്നതു രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അവർക്ക് ഉടൻ ജാമ്യം നൽകി നീതി നടപ്പാക്കണമെന്നും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
ബീഹാറിലെ ഭഗൽപൂർ രൂപതയുടെ കീഴിൽ ജാർഖണ്ഡിലെ രാജ്ദാഹ മിഷനിൽ സേവനം ചെയ്തുവരുന്ന ഫാ. ബിനോയി ജോണ്‍, ഫാ. അരുണ്‍ വിൻസെന്റ്, മുന്ന ഹാൻസ്ദ എന്നിവരോടു നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും അവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫാ. അരുണ്‍ വിൻസെന്റിനെ പിന്നീട് പോലീസ് വിട്ടയച്ചു. മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗിക്കുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ്. സ്വന്തം മനഃസാക്ഷിക്കനുസരിച്ചു ജീവിക്കാനും മതവിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ് ഇവിടെ അടിസ്ഥാനപരമായി നിഷേധിക്കപ്പെടുന്നത്. അറസ്റ്റിലായവർക്കു ജാമ്യം ലഭിക്കാനുള്ള നിയമനടപടി സ്വീകരിച്ചതിനുശേഷവും ഓരോ കാരണം പറഞ്ഞ് അതു നീട്ടിക്കൊണ്ടു പോകുകയാണ്.
ക്രൈസ്തവ മിഷനറിമാരുടെ സാമൂഹ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അസ്വസ്ഥതയുള്ള വിഭാഗമാണു ഗൂഢലക്ഷ്യത്തോടെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് എന്നതു വ്യക്തമാണ്. മതസൗഹാർദവും സാമൂഹ്യ ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് എന്നും നേതൃത്വമെടുക്കുന്നവരാണു ഭാരതത്തിലെ ക്രൈസ്തവർ. സമൂഹത്തിലെ അവശവിഭാഗങ്ങൾക്കുവേണ്ടി ക്രൈസ്തവ സഭകൾ ചെയ്തുവരുന്ന സേവനം കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അംഗീകരിക്കുന്നതാണ്. ക്രൈസ്തവസഭ നിർബന്ധിത മതപരിവർത്തനത്തിൽ വിശ്വസിക്കുകയോ പ്രാവർത്തികമാക്കുകയോ ചെയ്യുന്നില്ല.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു വൈദികരെയും മറ്റു സഭാശുശ്രൂഷകരെയും അറസ്റ്റ് ചെയ്തിരിക്കുന്നതു രാജ്യത്തെ ക്രൈസ്തവസമൂഹം ഉത്ക്കണ്ഠയോടെയാണു കാണുന്നത്. നീതിപൂർവകമായ ഇടപെടൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിന്നുള്ള പത്രക്കുറിപ്പിൽ കർദിനാൾ മാർ ആലഞ്ചേരി ആവശ്യപ്പെട്ടു.
അറസ്റ്റിലായവർക്കുവേണ്ടിയും അവരുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും സഭയുടെ എല്ലാ മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടിയും പ്രാർഥിക്കാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തിരുന്നു. എം ജി ശ്രീകുമാറിനും വിധു പ്രതാപിനും അനുരാധ ശ്രീറാമിനും കുരുന്നുഗായകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം. തിരുവോണനാളിലായിരുന്നു ഈ പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തത്. മോഹന്‍ലാലിന്റെ വരവും കുരുന്ന് ഗായകര്‍ക്കൊപ്പമുള്ള പാട്ടുമൊക്കെ കണ്ടപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു.
പുത്തന്‍ സിനിമകളുമായി മറ്റ് ചാനലുകള്‍ ഓണക്കാഴ്ചയൊരുക്കിയപ്പോള്‍ കംപ്ലീറ്റ് ആക്ടറിനേയും കുരുന്ന ഗായകരേയും ഒരുമിച്ച് അണിനിരത്തുകയായിരുന്നു ഫ്‌ളവേഴ്‌സ് ചാനല്‍. പ്രിയപ്പെട്ട പാട്ടുകള്‍ പാടി ലാലേട്ടനെ സന്തോഷിപ്പിച്ചതിനോടൊപ്പം അദ്ദേഹത്തോട് ചോദ്യം ചോദിക്കാനും കുരുന്നുകള്‍ മുന്നിലുണ്ടായിരുന്നു. ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചും സംവിധാനം ചെയ്യുന്ന സിനിമകളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്നത്.
പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാനുള്ള പ്രത്യേക വൈഭവമുണ്ട് മോഹന്‍ലാലിന്. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിലൊന്നായ ടോപ് സിംഗേഴ്‌സിലെ കുട്ടികള്‍ക്കൊപ്പം അദ്ദേഹമെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകക്കും സന്തോഷമായിരുന്നു. തുറന്ന ജീപ്പിലായിരുന്നു അദ്ദേഹത്തിന്റെ വരവ്. കുട്ടികളെല്ലാം അദ്ദേഹത്തെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു. കുരുന്ന് ഗായകരേയും വണ്ടിയില്‍ കയറ്റിയായിരുന്നു അദ്ദേഹം എത്തിയത്.
പ്രണവിനെയാണോ ദുല്‍ഖര്‍ സല്‍മാനെയാണോ കൂടുതല്‍ ഇഷ്ടമെന്ന തരത്തിലുള്ള ചോദ്യവും മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും പ്രണവും തന്റെ മക്കള്‍ തന്നെയാണെന്നും തനിക്ക് കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഈ മറുപടി കേട്ടതോടെ എല്ലാവരും ചിരിക്കുകയായിരുന്നു. എംജി ശ്രീകുമാറിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. തന്നേയും മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും ആര്‍ക്കും തെറ്റിക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കായി പൂക്കുറ്റി അടിക്കുമെന്നുമായിരുന്നു എംജി ശ്രീകുമാറിന്റെ കമന്റ്.
നാട്ടിലുള്ളപ്പോഴെല്ലാം അമ്മയ്‌ക്കൊപ്പമാണ് താന്‍ ഓണം ആഘോഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമ്മ ഏത് വിഭവം ഉണ്ടാക്കിയാലും അത് തനിക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണ അമ്മയ്ക്ക് വയ്യാത്ത അവസ്ഥയാണ്. അമ്മയുടെ പ്രായത്തിലുള്ളവരെ കാണുന്പോഴെല്ലാം താന്‍ അമ്മയും ഇത് പോലെ നടന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നായ അമ്മമഴക്കാര്‍ എന്ന ഗാനവും മത്സരാര്‍ത്ഥികളിലൊരാള്‍ ആലപിച്ചിരുന്നു.
സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരെയാണ് നായകനാക്കുന്നതെന്നുള്ള ചോദ്യവും കുരുന്നുഗായകര്‍ ചോദിച്ചിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ താന്‍ തന്നെയാണെന്നും അത് അങ്ങനെ വന്നാലേ ശരിയാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബറോസ് എന്ന സിനിമയുമായി താനെത്തുന്നുണ്ടെന്ന് മുന്‍പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നാല് പതിറ്റാണ്ടായി തുടരുന്ന സിനിമാജീവിതത്തിനിടയില്‍ എന്നാണ് സംവിധാനം എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറെ പ്രിയപ്പെട്ട സിനിമയും കഥാപാത്രവും ഏതാണെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു കഥാപാത്രത്തെക്കുറിച്ച് മാത്രം പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ സിനിമയും തനിക്ക് പ്രധാനപ്പെട്ടതാണ്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്കായി ചൈനീസ് ഭാഷ പഠിച്ചെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ്അത് എളുപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഫ്‌ളവേഴ്‌സിന്റെ പരിപാടിയിലേക്കുള്ള മോഹന്‍ലാലിന്റെ വരവും പാട്ടും കുരുന്ന് ഗായകരുമായുള്ള സംവാദവുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരെക്കുറിച്ചും തനിക്ക് അറിയാമെന്നും അവരുടെ കാര്യങ്ങളെക്കുറിച്ച് ശ്രീക്കുട്ടന്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ലാലേട്ടനെ നേരില്‍ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നും കുട്ടിയായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഓണസദ്യ കഴിക്കുന്നതിന് മുന്നോടിയായി കലവറയിലേക്കും അദ്ദേഹം എത്തിയിരുന്നു. വലിയ കുക്കൊന്നുമല്ല എന്നാലും താന്‍ പാചകം ചെയ്യാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. സദ്യയിലെ വിഭവങ്ങളെക്കുറിച്ചും അമ്മ ഏത് ഭക്ഷണം തന്നാലും കഴിക്കുന്നയാളാണ് താനെന്നുമായിരുന്നു താരത്തിന്റെ മറുപടി. കുരുന്ന് ഗായകര്‍ പാട്ടുമായി എത്തിയപ്പോള്‍ ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.
ഓവല്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഓസ്ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസ്ട്രേലിയയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് മുന്‍നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. വാലറ്റത്ത് നഥാന്‍ ലിയോണും(25), പീറ്റര്‍ സിഡിലും(18) മികച്ച പ്രകടനം നടത്തിയതും ഓസീസിന് തുണയായി.
ജോഫ്രെ ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. സാം കുറന്‍ മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി. 62 റണ്‍സ് വഴങ്ങിയായിരുന്നു ആര്‍ച്ചറുടെ ആറ് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു.
സ്കോര്‍: ഇംഗ്ലണ്ട് 294, 9/0, ഓസ്‍ട്രേലിയ 225.
മധ്യപ്രദേശില്‍ കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ട് കര്‍ഷകന്റെ പ്രതിഷേധം. മധ്യപ്രദേശിലെ വിദിഷ ജില്ലിലെ സിരോഞ്ചിയിലാണ് സംഭവം. പതരിയ ഗ്രാമവാസിയായ ഭുപട് രഘുവംശി എന്ന കര്‍ഷകനാണ്കൈക്കൂലി ചോദിച്ചതിന്റെ പ്രതിഷേധ സൂചകമായി പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടത്.
കഴിഞ്ഞ ഏഴുമാസങ്ങള്‍ക്ക് മുന്പ് തന്റെ കുടുംബസ്വത്തായി ലഭിച്ച ഭൂമി ഭാഗം വെക്കുന്നതുായി ബന്ധപ്പെട്ട് രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ തഹസീല്‍ദാര്‍ക്ക് സമര്‍പ്പിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 25,000 രൂപയാണ് തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതെന്നും ഇത് നല്‍കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധസൂചകമായി തന്റെ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടതെന്നും രഘുവംശി പറഞ്ഞു.
അതേസമയം ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തെ കാലയളവ് വേണ്ടി വരുമെന്നും വില്ലേജ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണെന്നും തഹസീല്‍ദാര്‍ സിദ്ധാന്ത് സിങ് സിങ്‌ല പറഞ്ഞു. താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കമല്‍നാഥ് ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് ഉത്തരവിട്ടു.
തുടര്‍ന്ന് തഹസീല്‍ദാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും വില്ലേജ് അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.
ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് താന്‍ രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ബുധനാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ പരമോന്നത സിവില്‍ കോടതി വിധിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ജോണ്‍സണ്‍. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളെകുറിച്ച് രാജ്ഞിയോട് കള്ളം പറഞ്ഞുവോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും ഇല്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പരമ്പരാഗതമായി രാജ്ഞിക്കാണ് ഉള്ളത്. നീക്കങ്ങള്‍ തടസ്സപ്പെടുത്തി പാര്‍ലമെന്റിനെ വരുതിയില്‍ നിര്‍ത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രി ജോണ്‍സണ്‍ന്റേതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. ‘ഇംഗ്ലണ്ടിലെ ഹൈക്കോടതി തീരുമാനത്തോട് പൂര്‍ണ്ണമായും യോജിച്ചതാണ്. പക്ഷെ, അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്’- എന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ചാഴ്ചത്തെ സസ്‌പെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. ഇനി ഒക്ടോബര്‍ 14-നാണ് പാര്‍ലമെന്റ് വീണ്ടും ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഓപ്പറേഷന്‍ യെല്ലോ-ഹാമര്‍ എന്നപേരില്‍ ഒരു കരട് രേഖ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാരലമെന്റ് പിരിച്ചുവിട്ടത് തീര്‍ത്തും അനുചിതമായ തീരുമാനമാണെന്ന് ലേബര്‍പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.
ഉടമ്പടികളില്ലാതെ ബ്രക്സിറ്റ് സംഭവിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഭക്ഷണം, ഔഷധങ്ങള്‍, ഇന്ധനമടക്കമുള്ള മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ദൗര്‍ലഭ്യമുണ്ടാകുന്നത് രാജ്യത്ത് വന്‍വിലകയറ്റത്തിന് കാരണമാകും. അയര്‍ലാന്‍ഡ് അതിര്‍ത്തിയിലുണ്ടായേക്കാവുന്ന പരിശോധനകള്‍ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അയര്‍ലാന്‍ഡ് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റ് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം.
ബ്രിട്ടനിലെ ജനങ്ങളെ ശിക്ഷിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നതെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം എംപിമാര്‍ തള്ളിയിരുന്നു.
ബിഹാറില്‍ യുവതിയെയും സുഹൃത്തായ യുവാവിനെയും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. വിവാഹേതര ബന്ധം ആരോപിച്ചാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു
ബീഹാറിലെ ഇഗുനി ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. വിവാഹേതര ബന്ധത്തിന്‍റെ പേരിലാണ് യുവതിയെയും യുവാവിനെയും ക്രൂരമായി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പരിശോധനയില്‍ ഇവരെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയതെന്ന് വ്യക്തമായി. കുന്ദന്‍ മന്‍ജി, ലാല്‍തി ദേവി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു
യുവതിയും പ്രായത്തില്‍ ഇളവുള്ള യുവാവും തമ്മിലുള്ള ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായ ചോദ്യം ചെയ്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. എന്തായാലും ഗ്രാമത്തിലെ ഇരട്ടക്കൊലപാതകത്തില്‍ മേഖലയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മികച്ച ഓപ്പണറെ കണ്ടെത്തുക എന്നത്. ഓരോ പരമ്പരകളിലും ഒപ്പണര്‍മാരെ മാറി മാറി പരീക്ഷിക്കാറുണ്ടെങ്കിലും ആരും തന്നെ സ്ഥിരതയോടെ മികവ് തെളിയിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി പരിഗണിച്ചിരുന്ന കെ.എല്‍.രാഹുലിനെ മാറ്റി ഇപ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കുകയാണ് സെലക്ടര്‍മാര്‍. ശുഭ്മാന്‍ ഗില്ലിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളില്‍ ഉള്‍പ്പെടെ ഫോം കണ്ടെത്താന്‍ കഴിയതെ വന്നതാണ് രാഹുലിന് തിരിച്ചടിയായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 101 റണ്‍സാണ് കെ.എല്‍.രാഹുല്‍ സ്വന്തമാക്കിയത്. 38, 44, 6, 13 എന്നിങ്ങനെയാണ് കരീബിയന്‍ മണ്ണിലെ താരത്തിന്റെ പ്രകടനം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാഹുലിന്റെ ടെസ്റ്റ് ശരാശരി 22.23 ആണ്. ഈ കാലയളവില്‍ താരം കളിച്ചത് 15 ടെസ്റ്റ് മത്സരങ്ങളാണ്. ഈ മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയും അഫ്ഗാനിസ്ഥാനെതിരായ അര്‍ധ സെഞ്ചുറിയും ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ പ്രകടനമൊന്നും രാഹുലിന് ക്രീസില്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല.
മറുവശത്ത് 20കാരന്‍ ശുഭ്മാന്‍ ഗില്ലാകട്ടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ വരവ് അറിയിച്ച് കഴിഞ്ഞു. ഇന്ത്യ എയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഡബിള്‍ സെഞ്ചുറി നേടി ഒരിക്കല്‍ കൂടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 248 പന്തില്‍ 204 റണ്‍സാണ് താരം അടിച്ചെടുത്തത്. 82.25 പ്രഹരശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത് എന്നത് എടുത്ത് പറയണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ മാത്രം 1072 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്. 16 ഇന്നിങ്‌സുകളില്‍ നിന്ന് 76.57 ശരാശരിയിലാണ് താരം 1072 റണ്‍സ് സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടുന്നു. 268 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
മൂന്ന് മത്സരങ്ങളാണ് ഗാന്ധി-മണ്ടേല ട്രോഫിക്കു വേണ്ടിയുള്ള പേടിഎം ഫ്രീഡം പരമ്പരയിലുള്ളത്. ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് മത്സരം. ഒക്ടോബര്‍ 10 മുതല്‍ രണ്ടാം ടെസ്റ്റ് പൂനെയില്‍ നടക്കും. ഒക്ടോബര്‍ 19 മുതല്‍ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീം വിരാട് കോഹ്ലി (നായകന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ.
സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം സമ്മതിച്ചു. തലസ്ഥാനമായ ഹരാരെയിലെ ‘മോനുമെന്റ് ഫോര്‍ നാഷണല്‍ ഹീറോസി’ല്‍ മുഗാബെയുടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം. അതേസമയം എന്നായിരിക്കും സംസ്‌കാരം എന്ന കാര്യം അവ്യക്തമാണ് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
95കാരനായ മുഗാബെ സെപ്റ്റംബര്‍ ആറിന് സിംഗപ്പൂരിലാണ് മരിച്ചത്. 30 വര്‍ഷം പ്രസിഡന്റായും അതിന് മുമ്പ് ഏഴ് വര്‍ഷം പ്രധാനമന്ത്രിയായും തുടര്‍ച്ചായി സിംബാബ്‌വെയുടെ ഭരണം നിയന്ത്രിച്ച റോബര്‍ട്ട് മുഗാബെയുടെ ഭരണം അവസാനിച്ചത് 2017ലാണ്. പട്ടാള അട്ടിമറിയിലാണ് മുഗാബെ പുറത്തായത്.
പ്രസിഡന്റ് എമേഴ്‌സണ്‍ നാന്‍ഗാഗ്വയും കുടുംബവും സംസ്‌കാരത്തിന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായിരുന്നു. നാന്‍ഗാഗ്വ തുടക്കത്തില്‍ മുഗാബെയുടെ അനുയായി ആയിരുന്നു. പിന്നീട് കടുത്ത എതിരാളിയായി മാറി. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് എതിരായ സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് റോബര്‍ട്ട് മുഗാബെ. എന്നാല്‍ പിന്നീട് മൂന്നര പതിറ്റാണ്ടിലധികം അധികാരത്തിലിരുന്ന മുഗാബെയുടെ ഭരണം ഏകാധിപത്യ സ്വഭാവമുള്ളതാണ് എന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
സ്വകാര്യ ചടങ്ങായിരിക്കുമോ, അതോ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മുഗാബെയുടെ ജന്മസ്ഥലമായ കുടാമയില്‍ സ്വകാര്യ ചടങ്ങില്‍ സംസ്‌കരിക്കുമെന്നായിരുന്നു കുടുംബം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഗവണ്‍മെന്റ് താല്‍പര്യം ഇപ്പോള്‍ കുടുംബം അംഗീകരിച്ചിരിക്കുകയാണ്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ക്യൂബന്‍ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, ദക്ഷിണാഫ്രിക്കയിലെ സിറില്‍ റമാഫോസയടക്കം വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ന്യൂ ഡൽഹിയുടെ അധികാരകേന്ദ്രത്തിന്റെ മുഖമായ പ്രദേശങ്ങളിൽ വലിയ രൂപകൽപ്പനാ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്ന് റിപ്പോർട്ട്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യഗേറ്റ് വരെയുള്ള ഭാഗത്തിനാണ് പുതിയ മുഖം നൽകുക. വിഖ്യാത വാസ്തുശിൽപ്പിയായ എഡ്വിൻ ല്യൂട്ടിൻസ് ഡിസൈൻ ചെയ്തതാണ് ഈ പ്രദേശം. ഏതാണ്ട് നാല് സ്ക്വയർ കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്താരം.
മോദി സർക്കാരിന്റേത് വളരെ വിപുലമായ പദ്ധതിയാണ്. ഒരു പുതിയ പാർലമെന്റ് ബിൽഡിങ് പണിയണമെന്നാണ് മോദി സർക്കാരിന്റെ താൽപര്യം. ഇല്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള പാർലമെന്റ് മന്ദിരത്തെ ആധുനികവൽക്കരിക്കുന്ന തരത്തിൽ ഡിസൈൻ മാറ്റം വരുത്തണം. ഇതോടൊപ്പം രാഷ്ട്രപതി ഭവന്‍ മുതൽ ഇന്ത്യഗേറ്റ് വരെയുളള ഭാഗം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള പദ്ധതികളും കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
എല്ലാ വകുപ്പുകളുടെയും ഔദ്യോഗിക കേന്ദ്രങ്ങൾ ഒരിടത്തേക്ക് കൊണ്ടുവരാനുള്ള ആലോചനയും ഇക്കൂട്ടത്തിലുണ്ട്. ഇതിനായി ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ് സ്ഥാപിക്കും. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പ്രദേശത്തെ പുനർരൂപകൽപ്പന ചെയ്യാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യക്ക് പുതിയ മുഖം കൈവരുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഭരണവ്യവസ്ഥയുടെ ‘കാര്യക്ഷമതയെയും സുതാര്യതയെയും’ വ്യക്തമാക്കുന്നതായിരിക്കും പുതിയ കെട്ടിടം.
പൊതുജനങ്ങള്‍ക്കായുളള പ്രദേശത്തെ വിശ്രമ കേന്ദ്രങ്ങൾ, പാർക്കിങ് സ്ഥലങ്ങള്‍ എന്നിവയുടെയെല്ലാം വികസനം ഇക്കൂട്ടത്തിൽ നടക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. 2024 ല്‍ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ എംപിമാരെ ഉൾക്കൊള്ളാൻ നിലവിലെ പാർലമെന്റ് കെട്ടിടത്തിന് കഴിഞ്ഞെന്നു വരില്ല. ഇക്കാരണത്താലാണ് ഒരു പുതുക്കൽ ആലോചിക്കുന്നതെന്ന ന്യായവും വരുന്നുണ്ട്.