Latest News

കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല. വിഷയം ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ് അതിനാല്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിലപാടെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. കാശ്മീര്‍ വിഷയത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്ന്‌ യുഎന്‍ സെക്രട്ടറി വ്യക്തമാക്കി.

ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായിട്ടും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ തിങ്കളാഴ്ച പാകിസ്താന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു പാകിസ്താന്‍, കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു ആവശ്യം ഉന്നയിച്ചത്. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗണ്‍സിലില്‍ പാകിസ്താന്‍ വാദിച്ചത്, ‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ല. ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണത്. തീവ്രവാദത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണം’ എന്നാണ്.

ഇതിന് ഇന്ത്യയുടെ മറുപടി – ‘കാശ്മീരുമായി ബന്ധപ്പെട്ട നിയമഭേദഗതി മറ്റ് നിയമങ്ങളെപ്പോലെത്തന്നെ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തു നിന്ന് ഇടപെടല്‍ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒരിക്കലും അനുവദിക്കില്ല. എല്ലാ പ്രശ്‌നങ്ങളെയും നേരിട്ടുകൊണ്ട് ജമ്മു കാശ്മീര്‍ ഭരണകൂടം നിലവില്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യപ്രക്രിയകള്‍ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. അതിര്‍ത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകളാണിത്. എന്നും തീവ്രവാദത്തിന്റെ ഇരയായിരുന്നു ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളര്‍ത്തുന്നവരാണ് മനുഷ്യാവകാശത്തിന്റെ യഥാര്‍ത്ഥ ലംഘകര്‍.’ എന്നാണ്.

വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂര്‍ സിംഗും പാകിസ്താന്‍ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഉള്‍പ്പടെയുള്ള ഉന്നതതല സംഘമാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുത്തത്. വിജയ് ഠാക്കൂര്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ നേതൃത്വലായിരുന്നു പാകിസ്താന്റെ പ്രതികരണങ്ങള്‍.

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും വീട്ടുതടങ്കലിൽ. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ ഗുണ്ടൂരിൽ ഇന്ന്‌ റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി.ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ഗുണ്ടൂരിൽ 144 പ്രഖ്യാപിച്ചു. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു.

ഷിബു മാത്യൂ
ലോകത്തെവിടെയായാലും മലയാളികള്‍ തങ്ങളുടെ പതിവ് ശൈലികള്‍ പുറത്തെടുക്കുന്നത് പതിവാണ്. ‘മലയാളിയോടാ കളി’ എന്ന് തമാശയ്ക്കാണങ്കില്‍ പോലും പഴമക്കാര്‍ പറയാറുള്ളത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിലെ ഡെര്‍ബിയില്‍ താമസിക്കുന്ന മലയാളി കുടുംബം. ‘കറിയിലെ കറിവേപ്പില പോലെ, അവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത്’ എന്ന പേരുദോഷം പരമ്പരാഗതമായി കറിവേപ്പിലയ്ക്കുണ്ടെങ്കിലും യൂറോപ്യന്‍ മാര്‍ക്കറ്റില്‍ കറിവേപ്പിലയ്ക്കിപ്പോള്‍ കിലോയ്ക്ക് നൂറ് പൗണ്ട് കടന്നു. ഏകദേശം പതിനായിരം രൂപയോളും വരും. വില വളരെ കൂടുതലും ലഭ്യത വളരെ കുറവും ആയതു കൊണ്ട് വീടുകളില്‍ തന്നെ കറിവേപ്പ് നട്ട് വളര്‍ത്താം എന്ന ഒരു പുതിയ പരീക്ഷണത്തിലേയ്ക്ക് അടുത്ത കാലത്തായി മലയാളികള്‍ തിരിഞ്ഞു. കൃഷിയേക്കുറിച്ചുള്ള പരിമിതമായ അറിവ് മൂലം പല സംരഭങ്ങളും പരാജയപ്പെടുക മാത്രമാണുണ്ടായിട്ടുളളത്. എന്നാല്‍ വളരെ ഫലപ്രദമായി തന്നെ യൂറോപ്പിലെ അതിശൈത്യത്തിലും കറിവേപ്പ് വളരും എന്ന് തെളിയിച്ചിരിക്കുകയാണ് ഡെര്‍ബിയില്‍ താമസിക്കുന്ന ബിജോയും സിനിയും.

ഇന്ന് തിരുവോണം. ഭക്ഷണപ്രിയരായ മലയാളികള്‍ കറികളാല്‍ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്ന ദിവസം. ഉപ്പിലും ഉപ്പേരിയിലും തുടങ്ങി അടപ്രഥമനില്‍ അവസാനിക്കുന്ന ഓണസദ്യ. എല്ലാ കറികളിലും കറിവേപ്പിലയുടെ സാന്നിധ്യം. അടുക്കളയില്‍ വളരുന്ന കറിവേപ്പില്‍ നിന്ന് ഇലകള്‍ പറിച്ചെടുത്ത് ഓണസദ്യയ്ക്ക് രുചി കൂട്ടാനൊരുങ്ങുകയാണ് ബിജോയും സിനിയും. സ്വന്തം അടുക്കള തോട്ടത്തിലെ കറിവേപ്പില ഉപയോഗിച്ചുള്ള ആദ്യ ഓണം എന്ന പ്രത്യേകതകൂടിയും ഇവരുടെ ഓണാഘോഷത്തിനുണ്ട്.

കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയില്‍ തെക്കേപ്പുറം കുടുംബാംഗമാണ് ബിജോ. പാരമ്പര്യമായി പച്ചക്കറിയുമായി വളരെയടുത്ത ബന്ധമാണ് ബിജോയുടെ കുടുംബത്തിനുള്ളത്. വര്‍ഷങ്ങളായി അതിരമ്പുഴയില്‍ പച്ചക്കറി ബിസിനസ്സ് നടത്തുകയാണ് ബിജോയുടെ പിതാവ് ജേക്കബ്ബ്. രണ്ടായിരത്തിയേഴില്‍ ബിജോയും സിനിയും യുകെയിലെത്തി. ഇപ്പോള്‍ ഡെര്‍ബിയിലാണ് താമസം. രണ്ട് മക്കള്‍ ഇവര്‍ക്കുണ്ട്. അനീനയും അനികയും. വളരെ യാതൃശ്ചികമായി, തഴച്ചുവളരുന്ന കറിവേപ്പ് ചെടികളാണ് ബിജോയുടെ വീട്ടില്‍ ഞങ്ങള്‍ മലയാളം യുകെ ന്യൂസ് ടീം കണ്ടത്. ഞങ്ങള്‍ നേരിട്ട് കണ്ട കറിവേപ്പിന്റെ വിശേഷങ്ങള്‍ ഈ ഓണക്കാലത്ത് പ്രിയ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ്.

കേരളത്തിലെ പറമ്പുകളില്‍ വളരുന്നതിനെക്കാള്‍ വളരെ നന്നായിട്ടാണ് ബിജോയുടെ വീട്ടിലെ ചെടിചട്ടിയില്‍ കറിവേപ്പ് ചെടികള്‍ വളരുന്നത്. ഒന്നല്ല. ഒരു പാട്. വളര്‍ന്ന് വലുതായി വീടിന്റെ സീലിംഗില്‍ കറിവേപ്പ് മുട്ടിയപ്പോള്‍ ചെടികളുടെ മുകള്‍ ഭാഗം മുറിച്ചു. പിന്നീട് അത് പൊട്ടി തളിര്‍ത്ത് ശിഖരങ്ങളായി വളരാന്‍ തുടങ്ങി. ഇപ്പോള്‍ അടുക്കളയ്ക്കുളളില്‍ ഒരു അടുക്കളത്തോട്ടം. എണ്ണയൊഴിച്ച് കടുക് മൂക്കുമ്പോള്‍ അടുക്കളയ്ക്കുള്ളില്‍ വളരുന്ന കറിവേപ്പ് മരത്തില്‍ നിന്ന് കറിവേപ്പില നേരിട്ട് പറിച്ച് കടുക് പൊട്ടിച്ച് രുചികരമായ കറികള്‍ ഉണ്ടാക്കുകയാണ് ബിജോയുടെ ഭാര്യ സിനി ബിജോ. സിനിയുടെ പരിശ്രമവും താല്പര്യവും ഒന്നു മാത്രം കൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു സംരഭം വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചത് എന്ന് ബിജോ പറയുന്നു. ആദ്യകാലങ്ങളില്‍ അവധിക്കാലത്ത് നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ധാരാളം കറിവേപ്പില കൊണ്ടു വരുമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പിലയ്ക്ക് യുകെയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറി. സെക്യൂരിറ്റി ചെക്കിംഗില്‍ പലപ്പോഴും പിടിക്കപ്പെടും. ഇതെല്ലാം കൂടുതല്‍ ബുദ്ധിമുട്ടായതു കൊണ്ട് നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് അവസാനിപ്പിച്ചു എന്ന് സിനി പറയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത് എന്ന ഞങ്ങളുടെ ചോദ്യത്തോട് സിനി പ്രതികരിച്ചത് ഇങ്ങനെ. ‘കിട്ടാന്‍ പ്രയാസമുള്ളത് വളര്‍ത്താന്‍ ശ്രമിച്ചു’ എന്നാണ്. നാട്ടിലെ സുഹൃത്തുക്കള്‍ പറഞ്ഞു യൂറോപ്പിലെ തണുത്ത കാലാവസ്ഥയില്‍ കറിവേപ്പ് പിടിക്കത്തില്ല എന്ന്. സത്യത്തില്‍ അതായിരുന്നു പ്രചോദനം. ഒന്നു പരീക്ഷിക്കാമെന്നു തോന്നി. പരീക്ഷണമല്ലേ, അതു കൊണ്ട് തന്നെ ആരോടും പറഞ്ഞതുമില്ല. അവധിക്കാലം കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ നാല് കറിവേപ്പിന്‍ തൈകള്‍ മണ്ണോടു കൂടി പറിച്ച് പ്ലാസ്റ്റിക് കൂടിലാക്കി നന്നായി പൊതിഞ്ഞ് ആരും കാണാതെ ഡ്രസ് വെയ്ക്കുന്ന പെട്ടിയിലാക്കി. മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ എല്ലാ ചെക്കിംഗും കഴിഞ്ഞ് ഏയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്നു. വീട്ടില്‍ വന്നപ്പോഴാണ് സത്യത്തില്‍ ബിജോയും ഇക്കാര്യം അറിയുന്നത്. എങ്കിലും പിന്നീട് എല്ലാ സഹായവും ചെയ്തു തന്നത് ബിജോ ആയിരുന്നു. എല്ലാ ചെടികളേയും ചെറുചട്ടികളിലാക്കി സൂര്യപ്രകാരം നേരിട്ടടിക്കാത്ത അടുക്കളയുടെ ജനാലക്കരികില്‍ സ്ഥാപിച്ചു. മള്‍ട്ടിപര്‍പ്പസ് കംബോസ്റ്റ് വാങ്ങി അതിലായിരുന്നു എല്ലാ ചെടികളും കുഴിച്ച് വെച്ചത്. ഉണങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു എല്ലാ കറിവേപ്പിന്‍ചെടികളും. രണ്ടു മൂന്നു ദിവസം കൂടുമ്പോള്‍ വെള്ളമൊഴിക്കും. അങ്ങനെ ആഴ്ചകള്‍ പിന്നിട്ടു. കിളിര്‍ക്കാന്‍ തുടങ്ങുന്ന ചില പച്ചപ്പുകള്‍ തണ്ടില്‍ കണ്ടു തുടങ്ങി. ക്രമേണ അത് ഇലകളായി.. ഇതളുകളായി. ആറ് മാസങ്ങള്‍ കൊണ്ട് ഉണങ്ങാന്‍ തുടങ്ങിയ കറിവേപ്പിന്‍ തണ്ട് ഒരു കറിവേപ്പിന്‍ചെടിയായി മാറി. കൃത്യമായ പരിചരണമായിരുന്നു കറിവേപ്പിന്‍ ചെടിയെ ഇതു പോലെ വളരാന്‍ സഹായിച്ചതെന്ന് സിനി പറയുന്നു. കൃത്യമായി വെള്ളമൊഴിച്ചു കൊടുക്കുക. ചുവട് ഇളക്കിക്കൊടുക്കുക. പ്ലാന്റ് ഫുഡ് അതിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളത്തില്‍ ലയിപ്പിച്ച് മാസത്തില്‍ രണ്ടു പ്രാവശ്യം വളമായി മണ്ണിലൊഴിച്ച് കൊടുക്കുക. വളമായ ഈ മിശ്രിതം ചെടികള്‍ വളരുന്ന കംമ്പോസ്റ്റിലല്ലാതെ ഇലയിലോ തണ്ടിലോ പറ്റാതെ ശ്രദ്ധിക്കുക. അങ്ങനെയുള്ള കൃത്യമായ പരിചരണത്തിലൂടെ ചെടികള്‍ വളര്‍ന്നുതുടങ്ങി.

ആറു മാസം കഴിഞ്ഞു. ചെടികളുടെ വളര്‍ച്ചയില്‍ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങി. വളരുന്ന ചട്ടികള്‍ പോരാതെ വന്നു. എല്ലാ ചെടികളെയും വലുപ്പം കൂടിയ ചട്ടികളിലേയ്ക്ക് മാറ്റി. എങ്കിലും പരിചരണങ്ങള്‍ പതിവ് പോലെ തന്നെയായിരുന്നു. പക്ഷേ പിന്നീടുള്ള വളര്‍ച്ച കൂടുതല്‍ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ഇതളുകള്‍ പറിച്ചെടുത്താല്‍ ഉണങ്ങിപ്പോകുമോ എന്ന ആശങ്കയായിരുന്നു ആദ്യമുണ്ടായിരുന്നത്. അതു കൊണ്ട് അതിന് തുനിഞ്ഞില്ല. പക്ഷേ ഉയരം കൂടിയപ്പോള്‍ വെട്ടി വിടാം എന്നു തീരുമാനിച്ചു. ആദ്യം വെട്ടിമാറ്റിയ കറിവേപ്പിന്റെ ഇതളുകളാണ് ആദ്യമായി കറിക്ക് ഉപയോഗിച്ചതും.

വര്‍ഷം രണ്ട് കഴിഞ്ഞു. അടുക്കള ഇപ്പോള്‍ ഒരു കറിവേപ്പിന്‍ തോട്ടമായി മാറി. ഒരു വീട്ടമ്മ എന്ന നിലയില്‍ അടുക്കളയില്‍ എത്താന്‍ ഉത്സാഹമാണെന്ന് സിനി പറയുന്നു. ദിവസവും ധാരാളം സമയം കറിവേപ്പിന്‍ചെടികളുമായി ചെലവഴിക്കാറുണ്ട്. അതിനെ തൊടുക, പരിചരിക്കുക, കറികള്‍ക്ക് കടുക് പൊട്ടിക്കുമ്പോള്‍ ഇലകള്‍ നേരിട്ട് പറിച്ച് ചീന ചട്ടിയില്‍ ഇടുക. കറികള്‍ ഉണ്ടാക്കുക. വീട്ടിലുള്ളവര്‍ക്ക് അത് വിളമ്പുക. ഇതിലപ്പുറം എന്ത് സന്തോഷമാണുണ്ടാകേണ്ടത്. സിനി ചോദിക്കുന്നു.

കറിവേപ്പിന് അടുക്കളയുമായി ഒരു മാനസീക ബന്ധമുണ്ട് എന്നാണ് സിനി അഭിപ്രായപ്പെടുന്നത്. അടുക്കളയിലെ ചൂടും ആഹാരം പാകം ചെയ്യുമ്പോള്‍ അടുക്കളയില്‍ ഉണ്ടാകുന്ന ഈര്‍പ്പവും മനുഷ്യര്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും സൂര്യപ്രകാശത്തില്‍ നിന്നു കിട്ടുന്ന ഊര്‍ജ്ജവുമാണ് കറിവേപ്പിന്‍ചെടികളുടെ വളര്‍ച്ചയ്ക്ക് കാരണം. ആ രീതിയില്‍ | കറിവേപ്പിന്‍ചെടികളെ പരിചരിക്കാന്‍ മലയാളികള്‍ തയ്യാറാകാത്തതു കൊണ്ടാണ് യൂറോപ്പില്‍ കറിവേപ്പിന്‍ചെടികള്‍ പിടിക്കാതെ പോകുന്നത്.

വീട്ടിലെത്തുന്ന പല മലയാളി സുഹൃത്തുക്കളും വളര്‍ന്ന് നില്ക്കുന്ന കറിവേപ്പിന്‍ചെടികളെ കണ്ട് അഭിനന്ദിക്കാറുണ്ട്. അത് ഒരു പാട് സന്തോഷത്തിന് കാരണമാകുന്നുണ്ട്. കറിവേപ്പിന്‍ചെടികള്‍ ചോദിച്ചെത്തുന്നവരും ധാരാളം. ഒരിക്കല്‍, ഞാന്‍ കൊടുത്തു വിട്ട കറിവേപ്പിന്‍ചെടി ഉണങ്ങാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചേല്പിച്ചു. കാരണം പറഞ്ഞതിങ്ങനെ! ഞങ്ങള്‍ നോക്കിയിട്ട് നടക്കുന്നില്ല എന്ന്. പക്ഷേ, എന്റെ അടുക്കളയില്‍ തിരിച്ചെത്തിയപ്പോള്‍ അത് വീണ്ടും വളര്‍ന്നുതുടങ്ങി.

യൂറോപ്പിലെ നേരിട്ടുള്ള സൂര്യപ്രകാശം കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് യോചിച്ചതല്ല. എന്റെ വീട്ടില്‍ വളര്‍ന്ന കറിവേപ്പിനെ സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ ഇലകള്‍ വാടുന്ന അവസ്ഥയിലേയ്ക്ക് ചെടികള്‍ മാറുകയായിരുന്നു. പിന്നീട് ഞങ്ങള്‍ ചെടികളെ സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത അടുക്കളയിലേയ്ക്ക് മാറ്റുകയായിരുന്നു.

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, യുകെയില്‍ കറിവേപ്പ് വളരും. ആവശ്യമായ പരിചരണമാണ് പ്രധാനം. ഇന്ത്യയില്‍ നിന്നുള്ളതാണെന്ന ലേബലില്‍ പതിനഞ്ച് ഗ്രാം പോലുമില്ലാത്ത ഒരു കറിവേപ്പില പായ്ക്കറ്റിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കൊടുത്തത് ഒരു പൗണ്ട് മുപ്പത്തൊമ്പത് പെന്‍സ്. അതായിരുന്നു എന്റെ പ്രചോദനം. അടുക്കളയില്‍ കറിവേപ്പ് തോട്ടം വളര്‍ത്തി വിജയിച്ച സിനിയുടെ വാക്കുകളാണിത്. തികഞ്ഞ കര്‍ഷക കുടുംബമായ അതിരമ്പുഴ പുതുശേരില്‍ വീട്ടില്‍ വളര്‍ന്ന സിനിയുടെ വാക്കുകള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാന്‍ യൂറോപ്പിലെ മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.

മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

പ്രമേഹരോഗ നിയന്ത്രണത്തിൽ പ്രഭാതഭക്ഷണത്തിനു വലിയ പങ്കുണ്ട്. പ്രമേഹരോഗികളെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ് പ്രഭാതഭക്ഷണം. അത്താഴം കഴിഞ്ഞ് ദീർഘമായ ഇടവേളയ്ക്കു ശേഷമുള്ള ആദ്യഭക്ഷണം കഴിവതും നേരത്തേ കഴിക്കണം. പ്രഭാതഭക്ഷണത്തോടൊപ്പം മതിയായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് മെറ്റബോളിസം കൂട്ടാനും ഇടനേരങ്ങളിലെ വിശപ്പു കുറയ്ക്കാനും നല്ലതാണ്. പയർ പരിപ്പു വർങ്ങൾ, മുട്ട, ഇറച്ചി, നട്സ്, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളാണ്.

പ്രമേഹരോഗികൾക്കു ഹൃദ്രോഗസാധ്യത കൂടുതലായതിനാൽ ഉപ്പും പൂരിതകൊഴുപ്പുകളും പ്രഭാതഭക്ഷണത്തോടൊപ്പം കൂടിയ അളവിൽ വേണ്ട. പുട്ടും പയറും പപ്പടവുമാണ് പ്രാതലെങ്കിൽ പ്രമേഹരോഗികൾ പപ്പടം ഒഴിവാക്കുന്നതാണു നല്ലത്. കിഴങ്ങു വർഗങ്ങളായ ചേനയോ ചേമ്പോ കാച്ചിലോ പ്രാതലായി കഴിക്കുമ്പോൾ കൂടെ പ്രോട്ടീൻ അടങ്ങിയ മത്സ്യമോ പയർ വർഗങ്ങളോ ചേർത്ത്, കുറഞ്ഞ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. അപ്പത്തോടോ ചപ്പാത്തിയോടോ ഒപ്പം ഉരുളക്കിഴങ്ങ് കറി കഴിക്കരുത്. ഇങ്ങനെ കഴിച്ചാൽ അന്നജത്തിന്റെ അളവു കൂടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും.

മൈദ കൊണ്ടുള്ള വിഭവങ്ങൾ, എണ്ണയിൽ വറുത്തെടുക്കുന്ന പൂരി പോലുള്ള പലഹാരങ്ങളും ഒഴിവാക്കണം. ദോശയോടും ഇഡ്ഡലിയോടുമൊപ്പം തേങ്ങാച്ചമ്മന്തിക്കു പകരം തക്കാളി ചമ്മന്തിയോ സാമ്പാറോ ഉൾപ്പെടുത്താം.

കോൺ‌ഫ്ളേക്സ് രക്തത്തിലെ പഞ്ചസാരയുടെ തോത് കൂട്ടുമെന്നതിനാൽ അത് ഒഴിവാക്കുകയാണ് നല്ലത്. ഓട്സ്, മുസ്‌ലി, കീൻവാ തുടങ്ങിയവ കുറുക്ക് പരുവത്തിലോ പാൽ, പഴങ്ങൾ, ഫ്ലാക്സ് സീഡ്, നട്സ് എന്നിവ ചേർത്ത് പോഷകസമ്പുഷ്ടമാക്കിയോ കഴിക്കാം.

ശ്രീരാമ ജന്മഭൂമി വിഷയത്തിൽ വളരെ വിവാദാസ്പദമായ ഒരു പ്രസ്താവനയുമായി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരു മന്ത്രി രംഗത്തു വന്നിരിക്കുകയാണ് . സഹകരണവകുപ്പുമന്ത്രിയായ മുകുട് ബിഹാരി വർമ്മയാണ് ഈ വിഷയത്തിൽ രാജ്യത്തെ പരമാധികാര കോടതിയുടെ നിഷ്പക്ഷതയെത്തന്നെ സംശയത്തിലാക്കിക്കൊണ്ടുള്ള ഒരു പ്രസ്താവനയുമായി രംഗത്തെത്തിയത്. “(അയോധ്യയിലെ) ശ്രീരാമക്ഷേത്ര നിർമ്മാണം ഞങ്ങളുടെ അജണ്ടയിൽ നേരത്തേയുള്ളതാണ്. വിഷയം ഇപ്പോൾ സുപ്രീംകോടതിയിലാണ്. ക്ഷേത്രം നിർമ്മിക്കുക തന്നെ ചെയ്യും, കാരണം സുപ്രീംകോടതി ഞങ്ങളുടേതാണ്. ഈ രാജ്യത്തെ ഭരണം ഞങ്ങളുടെയാണ്. ഈ രാജ്യവും ശ്രീരാമ ക്ഷേത്രവും ഞങ്ങളുടേതാണ്.” ബഹ്രൈച്ച് ജില്ലയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രിയുടെ ഈ വിവാദ പരാമർശമുണ്ടായത്. ANI ആണ് വാർത്ത പുറത്തുവിട്ടത്

വികസനം എന്ന മുദ്രാവാക്യവുമായാണ് ബിജെപി അധികാരത്തിലേറിയത്. ശ്രീരാമക്ഷേത്രനിർമ്മാണവും തീർച്ചയായും അധികം താമസിയാതെ നടപ്പിലാക്കാവുന്ന ഒരു പദ്ധതിയാണ്. അത് അധികം താമസിയാതെ നടപ്പിലാകും എന്ന് കരുതുന്നു. എന്തായാലും വീണുകിട്ടിയ മന്ത്രിയുടെ പ്രസ്താവന ചർച്ചയാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.

പ്രശ്നം വിവാദമായതോടെ പ്രസ്താവനയിൽ ഒരു വിശദീകരണവും മുകുട് ബിഹാരി വർമ്മ നൽകിയിട്ടുണ്ട്, ” നമ്മളൊക്കെയും ഈ രാജ്യത്തിലെ പൗരന്മാരാണ്. രാജ്യം നമ്മുടെ എല്ലാവരുടെയുമാണ്. അതുകൊണ്ടുതന്നെ സുപ്രീം കോടതിയും. നമുക്ക് എല്ലാവർക്കും കോടതിയിൽ വിശ്വാസമുണ്ട്. അനുകൂലമായ വിധിവരുമെന്നാണ് ഞാൻ പറഞ്ഞത്..” എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.

 

സാങ്കേതിക വിദ്യയുടെ കരസ്പർശത്താൽ എല്ലാം സ്മാർട്ടായി മാറുന്ന കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്. വീടുകളൊക്കെ പലതും സ്മാർട്ട് വീടുകളായി . ടിവിയൊക്കെ പണ്ടേ സ്മാർട്ട്. അടുക്കളയും ഓഫീസും സ്കൂളുമൊക്കെ സ്മാർട്ട്. സ്വഭാവികമായും നമ്മുടെ കുട്ടികളും ഈ ഡിജിറ്റൽ ലോകത്തെ സ്മാർട്ട് പൗരന്മാരായാണ് വളരുന്നത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾ വരെ മൊബൈലും കംപ്യൂട്ടറും ടാബ്‌ലറ്റുകളുമൊക്കെ ഇന്ന് അനായാസം കൈകാര്യം ചെയ്യുന്നു.

ഈ തലമുറയുടെ ഭാവി കിടക്കുന്നതും ഇതേ ഐടി, വിവര സാങ്കേതിക വിദ്യയിലാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകൾ പ്രകാരം 2025 ഓടെ 133 ദശലക്ഷം പുതിയ ജോലികളാണ് ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്നത്. അടുത്തിടെ ലിങ്ക്ഡ് ഇൻ നടത്തിയ പഠനം അനുസരിച്ച് മൊബൈൽ ഡവലപ്മെന്റ്, യൂസർ ഇന്റർഫേസ് ഡിസൈൻ തുടങ്ങിയ നൈപുണ്യങ്ങൾക്കു സമീപ ഭാവിയിൽ വലിയ ഡിമാൻഡാണ് ഉണ്ടാക്കാൻ പോകുന്നത്.

ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടു കുട്ടികളുടെ അക്കാദമിക പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ വികസിത, വികസ്വര രാജ്യങ്ങളെല്ലാം ശ്രമം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുന്നതിന് കംപ്യൂട്ടർ കോഡിങ്ങിന് സാധിക്കുമെന്നാണ് ഈ മേഖലയിലെ അക്കാദമിക് വിദഗ്ധർ കരുതുന്നത്. യുകെ പോലെ ചില രാജ്യങ്ങൾ അഞ്ചു വയസ്സ് മുതൽ തന്നെ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. അമേരിക്കയിലെ 40 ശതമാനം സ്കൂളുകളും കോഡിങ് ക്ലാസുകൾ നൽകുന്നുണ്ട്.

കംപ്യൂട്ടറിന് നൽകേണ്ടുന്ന കമാൻഡുകൾ ജാവ , സി ++, പൈത്തൺ പോലുള്ള പ്രോഗ്രാമിങ് ഭാഷകളുപയോഗിച്ച് ബൈനറി കോഡുകളാക്കി മാറ്റുന്നതിനെയാണ് കോഡിങ് എന്നു പറയുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ കുട്ടികളെ ടെക് സൗഹൃദമാക്കാൻ കോഡിങ് സഹായിക്കും.” എല്ലാവരും എങ്ങനെ ഒരു കംപ്യൂട്ടർ പ്രോഗ്രാം ചെയ്യണമെന്നു പഠിക്കണം. അത് എങ്ങനെ ചിന്തിക്കണമെന്നു നിങ്ങളെ പഠിപ്പിക്കും.” 20 വർഷം മുൻപ് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് പറഞ്ഞ ഈ വാചകത്തിന് ഇന്ന് ലോകമെങ്ങും അംഗീകാരം ലഭിക്കുകയാണ്.

കോഡിങ്ങിന്റെ അൽഗോരിതം ഒക്കെ കേൾക്കുമ്പോൾ സങ്കീർണ്ണമായി തോന്നുമെങ്കിലും രസകരമായ വിധത്തിൽ പഠിപ്പിച്ചാൽ കുട്ടികൾക്ക് അത് വളരെ പെട്ടെന്നു പഠിച്ചെടുക്കാൻ സാധിക്കും. ഇതവരുടെ വിശകലനാത്മകവും വിമർശനപരവുമായ ചിന്തകളെ മെച്ചപ്പെടുത്തും. കുട്ടികളെ സംബന്ധിച്ചു ഫലപ്രദമാകുക ടെക്സ്റ്റ് അധിഷ്ഠിത പ്രോഗ്രാമിനേക്കാൾ ബ്ലോക്ക്- അധിഷ്ഠിത കോഡിങ്ങാണ്.

ചില വിഷ്വൽ ബ്ലോക്കുകൾ പ്രത്യേക തരത്തിൽ അടുക്കി വച്ച് വിഡിയോയും അനിമേഷൻ ചിത്രവും ഗെയിമും എല്ലാം നിർമ്മിക്കാൻ സഹായിക്കുന്നതാണ് ബ്ലോക്ക്- അധിഷ്ഠിത പ്രോഗ്രാമിങ്ങ്. സ്ക്രാച്ച്, സ്റ്റെൻസിൽ, ഗെയിംഫ്രൂട്ട്, പോക്കറ്റ് കോഡ് എന്നിവയെല്ലാം ഇത്തരത്തിലുള്ള ബ്ലോക്ക്- അധിഷ്ഠിത പ്രോഗ്രാമുകളാണ്.

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2007 ൽ ആരംഭിച്ച സൗജന്യ പ്രോഗ്രാമിങ് ഭാഷയായ സ്ക്രാച്ച് കുട്ടികളെ ആകർഷിക്കും വിധമാണു തയാറാക്കിയിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളെ ഉദ്ദേശിച്ചാണ് സ്ക്രാച്ച് തയ്യാറാക്കിയിരിക്കുന്നത്. അതിലും പ്രായം കുറഞ്ഞ കുട്ടികൾക്കായി സ്ക്രാച്ച് ജൂനിയറും ഉണ്ട്. രണ്ടു പ്രോഗ്രാമും സൗജന്യ ആപ്പായി പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

സ്ക്രാച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിൽ കോഡ പോലുള്ള ഗെയിം ഡിസൈനിങ് പ്ലാറ്റ്ഫോമുകൾ കുട്ടികൾക്കായി നിർമ്മിച്ചിട്ടുണ്ട്.

ദില്ലി: ഉന്നാവ് പീഡനക്കേസിന്‍റെ വിചാരണ ദില്ലി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിൽ ഇന്നാരംഭിക്കും. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുക. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താത്കാലിക വിചാരണ കോടതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

മൊഴി രേഖപ്പെടുത്താന്‍ ദില്ലി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. സിബിഐയുടെയും പ്രതി കുൽദീപ് സിങ്‌ സെൻഗറിന്‍റെയും അഭിഭാഷകർ താത്കാലിക കോടതിയിൽ ഹാജരാകും. രഹസ്യവിചാരണയായതിനാൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല.

താത്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കണമെന്ന് സെഷൻസ് ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്. ദൈനംദിന വിചാരണയാകും നടത്തുക. ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു.

കാറപകടത്തിന് പിന്നിൽ, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുൽദീപിന്‍റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

അപകടത്തിന് മുൻപ് കുൽദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്.

മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച്‌ മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും.സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നാടെങ്ങും പരന്നു കഴിഞ്ഞു. രണ്ടുവട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല.നാടും നഗരവും തിരുവോണാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു.

കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം നമുക്ക് ചുറ്റിലും നിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.

ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. സം​സ്ഥാ​ന സര്‍ക്കാരിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി​രു​ന്നു. എ​ല്ലാ മ​ല​യാ​ളി​ക​ള്‍​ക്കും മലയാളം യുകെ ന്യൂസിന്റെ ഓ​ണാ​ശം​സ​ക​ള്‍!

എടത്വാ: ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവ സംഘാടക സമിതി യോഗം എടത്വാ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.എടത്വാ ചാരിറ്റബിൾ ഹോസ്പൈസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ എടത്വാ ടൗൺ ബോട്ട് ക്ലബ് ചെയർമാൻ ബിൽബി മാത്യം കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എടത്വാ പ്രിൻസിപ്പൽ എസ്.ഐ:സിസിൽ ക്രിസ്ത്യൻ രാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഷാജി കറുകത്ര, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള, എസാസ്ക്ക ജനറൽ കൺവീനർ എം.ജെ വർഗീസ് എന്നിവരെ ചടങ്ങിൽ എസ്.ഐ:സിസിൽ ക്രിസ്ത്യൻ രാജ് ആദരിച്ചു. അജിത്ത്അജി കോശി, മിനു തോമസ് ,എൻ.ജെ സജീവ് ,ചെറിയാൻ പൂവക്കാട്ട്,അജയകുമാർ ,കെ.തങ്കച്ചൻ ,കെ.ജിഅജിത്കുമാർ, ജോൺസൺ എം.പോൾ, അജോ ആന്റണി, അനിൽ ജോർജ് ,ജോളി ആന്റണി,സെബാസ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി ബിൽബി മാത്യു (പ്രസിഡന്റ്) ,സജീവ് എൻ.ജെ (ചെയർമാൻ), ഡോ. ജോൺസൺ വി. ഇടിക്കുള (ജനറൽ കൺവീനർ),കെ.തങ്കച്ചൻ (ട്രഷറാർ),സിനു രാധേയം, കെ.ബി.അജയകുമാർ,ഷെബിൻ ജോസഫ്, ജോൺസൺ എം പോൾ, പി.ആർ ജയകുമാർ , ജയൻ ജോസഫ് ,മിനു തോമസ്, അജി കോശി ,ചെറിയാൻ പൂവക്കാട്ട് (കൺവീനേഴ്സ്), അജിത്ത് കുമാർ പിഷാരത്ത് (മീഡിയ) എന്നിവരടങ്ങിയ 51 അംഗ കമ്മിറ്റി രൂപികരിച്ചു.

ന്ത്യയുടെ വാഹനവിപണിയില്‍ മുമ്പെങ്ങുമില്ലത്ത മന്ദ്യം തുടരുമ്പോഴും ഇന്ത്യയുടെ വാഹന മാമാങ്കമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ വാഹന നിര്‍മാതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. ബിഎംഡബ്ല്യു, ഔഡി, ബജാജ് തുടങ്ങി എതാനും കമ്പനികള്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്നില്ലെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും മറ്റ്  ഭൂരിപക്ഷം നിര്‍മാതാക്കളുടെയു പ്രതിനിധികള്‍ വാഹനോത്സവത്തില്‍ അണിനിരക്കും.

ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ 2020 ഫെബ്രുവരി ഏഴ് മുതല്‍ 12 വരെയാണ് ഓട്ടോ എക്സ്പോ അരങ്ങേറുക. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്സ്പോയില്‍ അവതരിപ്പിക്കും.

ഹ്യുണ്ടായി

ഇന്ത്യന്‍ നിരത്തുകളില്‍ കരുത്ത് തെളിയിച്ച ക്രെറ്റയുടെ പുതിയ പതിപ്പാണ് ഇത്തവണ ഹ്യുണ്ടായിയുടെ ഹൈലൈറ്റ്. ഇതിനുപുറമെ, ഹാച്ച്ബാക്ക് മോഡലായ എലൈറ്റ് ഐ20-യുടെ പുതിയ പതിപ്പും എത്തുന്നുണ്ട്. പുതിയ ഡിസൈനിനൊപ്പം ബിഎസ്-6 എന്‍ജിനുകളും നല്‍കിയായിരുക്കും പുതിയ മോഡലുകള്‍ അവതരിപ്പിക്കുക.

മാരുതി സുസുക്കി

ഇന്ത്യയിലെ വാഹനപ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ജിപ്‌സി എസ്‌യുവി (ജിമ്‌നി) യായിരിക്കും ഇത്തവണ മാരുതിയുടെ വജ്രായുധം. ഇതിനൊപ്പം പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതിയ മോഡലും നിലവില്‍ നിരത്തിലുള്ള വാഹനങ്ങളുടെ ലിമിറ്റഡ് എഡീഷന്‍ പതിപ്പുകളും മാരുതിയുടെ പവലിയന്‍ സമ്പന്നമാക്കും.

ഹോണ്ട

എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന എച്ച്ആര്‍-വി എന്ന വാഹനമാണ് ഹോണ്ടയുടെ തുറുപ്പുചീട്ട്. എന്നാല്‍, കൂടുതല്‍ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പും ഹാച്ച്ബാക്ക് മോഡലായ ജാസിന്റെ പുതിയ പതിപ്പും ഹോണ്ട എത്തിക്കുന്നുണ്ടെന്നാണ് സൂചന.

ടാറ്റ മോട്ടോഴ്‌സ്

ഈ ഓട്ടോ എക്‌സ്‌പോ ആഘോഷമാക്കാന്‍ നിരവധി മോഡലുകളാണ് ടാറ്റയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത്. മിനി എസ്‌യുവി മോഡലായ എച്ച്2എക്‌സ്, ഏഴ് സീറ്റര്‍ എസ്‌യുവി ബുസാര്‍ഡ്, നെക്‌സോണ്‍ ഇലക്ട്രിക് എന്നീ വാഹനങ്ങളാണ് പ്രധാനമായും ടാറ്റ ഒരുക്കിയിരിക്കുന്നത്.

കിയ മോട്ടോഴ്‌സ്

സെല്‍റ്റോസ് എന്ന പ്രീമിയം എസ്‌യുവിയിലൂടെ ഇന്ത്യന്‍ നിരത്തില്‍ പ്രവേശിച്ച കിയ മോട്ടോര്‍സിന്റെ രണ്ടാമത്തെ മോഡലാകാനൊരുങ്ങുന്ന കാര്‍ണില്‍ എന്ന എസ്‌യുവി ഈ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

ഈ ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിക്കാനായി നാല് മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഒരുക്കുന്നത്. സ്‌കോഡയുടെ ബാഡ്ജിങ്ങില്‍ കാമിക്, കരോഖ് എന്നിവയും ഫോക്‌സ്‌വാഗണ്‍ മേല്‍വിലാസത്തില്‍ ടി-ക്രോസ്, ടിഗ്വാന്‍ എന്നിവയുമാണ് പ്രദര്‍ശനത്തിനെത്തുന്നത്.

RECENT POSTS
Copyright © . All rights reserved