പാലാ ഉപതിരഞ്ഞെടുപ്പിന് കലാശക്കൊട്ട് അവസാനിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ചാണ് മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിന്റെ ഔദ്യോഗികസമാപനം നാളെയാണ്. വോട്ടെടുപ്പ് തിങ്കളാഴ്ച.
പരസ്യപ്രചാരണം അവസാനിപ്പിക്കാന് നാളെ വൈകീട്ട് ആറുമണിവരെ സമയമുണ്ടെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ മുന്നണികള് കലാശക്കൊട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പാലാ നഗരത്തിന്റെ മൂന്നിടങ്ങളിലായി മുന്നണികള് ഇപ്പോള് കൊട്ടിക്കയറുകയാണ്.
മെട്രോ പാലത്തിൽ നിന്നും കല്ല് കാറിൽ വീണു, ബോളിവുഡ് നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയിലെ ജുഹു സിഗ്നലിൽവെച്ചാണ് സംഭവം. ഹിന്ദി സിനിമാ–താരം മൗനി റോയിയുടെ കാറിന് മുകളിലേക്കാണ് കല്ല് വീണത്. വാഹനത്തിന്റെ മുകൾ ഭാഗം തകർന്നു. ഭാഗ്യവശാൽ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല. താരം തന്നെയാണ് കാർ തകർന്നതിന്റെ ചിത്രം പങ്കുവച്ചത്. ഓടിക്കോണ്ടിരുന്ന വാഹനനത്തിന്റെ മുകളിലേക്കാണ് കല്ല് പതിച്ചത്.
നാഗിന്, കൈലാസനാഥൻ തുടങ്ങിയ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ മൗനി റോയ് നിരവധി ബോളീവുഡ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Was on my way to work at Juhu signal a huge rock falls on the car 11 floors up. cant help but think what if anybody was crossing the road. Any suggestions as to what to be done with such irresponsibility of the mumbai metro ? pic.twitter.com/UsKF022lpl
— Mouni Roy (@Roymouni) September 18, 2019
ബംഗാൾ എംപിമാരുടെ നൃത്ത വിഡിയോ വൈറൽ. തൃണമൂല് ലോക്സഭാംഗം നുസ്രത്ത് ജഹാന്റെയും മിമി ചക്രവര്ത്തിയുടെയും നൃത്ത വീഡിയോയാണ് വൈറലായത്. ബംഗാളിലെ ദുർഗാപൂജയോടനുബന്ധിച്ച് ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള നൃത്തവിഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സ്ത്രീ ശക്തിയുടെ പ്രതീകമായ മാ ദുർഗയോടുള്ള ആദരസൂചകമായാണ് തൃണമുൽ എംപിമാർ നൃത്തം ചെയ്തത്. പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു നൃത്തം.
ക്യാപ്റ്റന് ടിഎംടി എന്ന യൂസര്നെയിമില് യൂട്യൂബില് അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒരുമില്ല്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞു. ബംഗാളില് അടുത്ത മാസം നാലുമുതല് എട്ടുവരെയാണ് ദുർഗാപൂജ ആഘോഷങ്ങൾ. നാടുമുഴുവൻ ഒരുമിച്ച് ആഘോഷിക്കുന്ന വേളകൂടിയാണിത്.
അന്താരാഷ്ട്ര വിപണിയില് സ്വര്ണവില കുതിക്കുന്നത് ആഗോള വ്യാപകമായുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. ഈ സാഹചര്യത്തില് ഏറ്റവും കൂടുതല് സ്വര്ണം ഏറ്റവും കൂടുതല് സ്വര്ണം ഖജനാവില് സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങള് ഏതൊക്കെയാണെന്ന് നോക്കാം. .
ഒന്നാം സ്ഥാനം യുഎസിനാണ്. 8133.53 മെട്രിക് ടണ് സ്വര്ണമാണ് കരുതലായി അവര് സൂക്ഷിച്ചിട്ടുള്ളത്. ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്ക് 618.17 മെട്രിക് ടണ്ണാണ് ഇന്ത്്യക്കുള്ളത്. ജര്മനിക്കാണ് രണ്ടാം സ്ഥാനം. പത്താം സ്ഥാനം നെതര്ലാന്ഡിനും.
10 നെതര്ലാന്ഡ്സ്-612.46 മെട്രിക് ടണ്
9 ഇന്ത്യ-618.17 മെട്രിക് ടണ്
8 ജപ്പാന്-756.22 മെട്രിക് ടണ്
7 സ്വിറ്റ്സര്ലാന്ഡ്-1040.01 മെട്രിക് ടണ്
6 ചൈന-1916.29 മെട്രിക് ടണ്
5 റഷ്യ-2207.01 മെട്രിക് ടണ്
4 ഫ്രാന്സ്-2436.06 മെട്രക് ടണ്
3 ഇറ്റലി-2451.85 മെട്രക് ടണ്
2 ജര്മനി-3367.95 മെട്രിക് ടണ്
1 യുണൈറ്റഡ് സ്റ്റേറ്റ്സ്-8133.53 മെട്രിക് ടണ്
തിരുവനന്തപുരം ∙ പിഎസ്സി സിവില് പൊലീസ് ഓഫിസര് പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ഫോണുകള് മണിമലയാറ്റില് ഒഴുക്കിയതായി കേസിലെ പ്രതികളായ സഫീറും പ്രണവും. മുണ്ടക്കയത്ത് സുഹൃത്തിന്റെ വീട്ടില് ഒളിവില് കഴിയുമ്പോഴാണ് തെളിവുകള് നശിപ്പിച്ചതെന്നും ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില് മഴക്കാലത്താണ് ഫോണുകള് നദിയില് ഒഴുക്കിയത്. കൂട്ടുകാരന്റെ കുടുംബത്തിനു പഞ്ചായത്തില്നിന്ന് ലഭിച്ചതാണ് വീട്. അച്ഛനും അമ്മയും ആ വീട്ടില് താമസമില്ലാത്തതിനാലാണ് ദിവസങ്ങളോളം ഒളിവില് കഴിയാന് സാധിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. ശിവരഞ്ജിത്തിന്റെ സ്മാര്ട് വാച്ച് മൂന്നാറിലെ ആറ്റില് കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്കിയിരുന്നു.
നസീമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്, പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കേസിലെ മറ്റു പ്രതികളായ നസീമും ശിവരഞ്ജിത്തും വെളിപ്പെടുത്തിയത്. പ്രതികള് പരസ്പരം ആരോപണം ഉന്നയിക്കുന്നതിനാല് കൂടുതല് ശാസ്ത്രീയ തെളിവുകള് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ സഫീറിനെയും പ്രണവിനെയും മുണ്ടക്കയത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ചും തെളിവെടുത്തു.
പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്ട് വാച്ചുകള് പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില് പോയപ്പോള് ഇവയും ഉത്തരങ്ങള് അയക്കാന് ഉപയോഗിച്ച മൊബൈല് ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില് ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില് പ്രണവ് പറഞ്ഞത്.
പരീക്ഷാ തട്ടിപ്പു കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളാകുമെന്നു സൂചന. കേസിലെ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉത്തരങ്ങൾ നൽകി സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് കുരുക്ക് മുറുകുന്നത്. കൂടുതൽ പേർ തട്ടിപ്പിനു സഹായിച്ചതായി അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയ പ്രണവ് സഹായിച്ചവരെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രണവിന്റെയും മറ്റൊരു പ്രതിയായ സഫീറിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
കേസിലെ മുഖ്യസൂത്രധാരൻ പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റു പ്രതികളുടെ മൊഴിയും ഇത് ശരി വയ്ക്കുന്നു. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സഹായിച്ചുവെന്നതിൽ കവിഞ്ഞ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പ്രണവ് വിശദ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.
സുഹ്യത്തായ ഒരു വിദ്യാർഥി ചോദ്യപേപ്പർ പുറത്ത് എത്തിച്ചുവെന്നും മറ്റു ചില സുഹ്യത്തുക്കൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രണവ് കൂടുതൽ ചോദ്യം ചെയ്യലിൽ പേര് വെളിപ്പെടുത്താതെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തീരുമാനിച്ചത് . ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
ന്യൂഡൽഹി: രാജ്യത്ത് ഇ-സിഗരറ്റുകൾ നിരോധിക്കാൻ കേന്ദ്രസര്ക്കാര് തീരുമാനിച്ചു. സ്കൂൾ വിദ്യാർഥികളും യുവാക്കളുമടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ-സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ഇ- സിഗരറ്റിന്റെ ഉത്പാദനം, ഇറക്കുമതി-കയറ്റുമതി, ഉപയോഗം, സൂക്ഷിക്കൽ, വിതരണം, പരസ്യം എല്ലാം നിരോധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇ-സിഗരറ്റ് നിരോധന ഓർഡിനൻസ് ഈയടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രിമാരുടെ സമിതി പരിശോധിച്ചിരുന്നു.
ഇ-സിഗരറ്റ് നിരോധനവുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിൽ വന്നാൽ നിയമ ലംഘകർക്ക് ഒരുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി നൽകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് തേടുമ്പോൾ ഇ-സിഗരറ്റ് നിരോധനം നടപ്പാക്കുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
ആനക്കൊമ്പ് കേസില് നടന് മോഹന്ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്പ്പിച്ചു. പെരുമ്പാവൂര് മജിസ്ട്രേറ്റ് കോടതിയിലാണ് ഏഴുവര്ഷങ്ങള്ക്കു ശേഷം വനം വകുപ്പ് റിപ്പോര്ട്ട് സമര്പ്പിച്ചത്. മോഹന്ലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന് റിപ്പോര്ട്ടില് പറയുന്നു. 2012 ജൂണിലാണ് മോഹന്ലാലിന്റെ തേവരയിലുള്ള വീട്ടില് നിന്ന് നാല് ആനക്കൊമ്പുകള് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാന് ലൈസന്സ് ഇല്ലാത്ത മോഹന്ലാല് മറ്റ് രണ്ട് പേരുടെ ലൈസന്സിലാണ് ആനക്കൊമ്പുകള് സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
എന്നാല് ആനക്കൊമ്പുകള് 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്ലാന്റെ വിശദീകരണം. റെയ്ഡില് ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര് കേസെടുത്തു. എന്നാല് പിന്നീട് കേസ് റദ്ദാക്കി.
ഇതിനിടയില് താരത്തിന്റെ കൈയ്യിലുള്ളത് യഥാര്ത്ഥ ആനക്കൊമ്പുകള് ആണെന്ന് പരിശോധനയില് വ്യക്തമായതായി മലയാറ്റൂര് ഡിഎഫ്ഒ റിപ്പോര്ട്ട് നല്കിയിരുന്നു. മുന്കൂര് അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹന്ലാലിന് ഉടമസ്ഥാവകാശം നല്കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്ക്കാരിലേക്കു മുതല്ക്കൂട്ടണമെന്നുമാണ് ഹര്ജിക്കാരന്റെ വാദം.
അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗോ ബാക്ക് മോദി മുദ്രാവാക്യമുയര്ത്തി ഹൂസ്റ്റണ് സിറ്റി കൗണ്സില് അംഗങ്ങള്.
ഗോ ബാക്ക് മോദി, സേവ് കശ്മീര്, സ്റ്റാന്റ് വിത്ത് കശ്മീര് എന്നീ പ്ലക്കാര്ഡുകള് പിടിച്ചാണ് അംഗങ്ങള് പ്രതിഷേധിച്ചത്.
ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലികവുമായ കാര്യങ്ങള് വിശകലനം ചെയ്യുന്ന വ്യക്തിയായ പീറ്റര് ഫ്രീഡ്രിക്കും പ്രതിഷേധത്തിനൊപ്പം നിലകൊണ്ടു. മനുഷ്യരാശിക്കെതിരായ മോദിയുടെ കുറ്റകൃത്യങ്ങളില് അമേരിക്കയും പങ്കാളികളാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ നേതൃത്വത്തില് മോദി സര്ക്കാര് അധികാരമേറ്റതു മുതല് ഇന്ത്യയില് ന്യൂനപക്ഷങ്ങള്ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള് നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോദിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോദി റാലിയേയും അദ്ദേഹം വിമര്ശിച്ചു. മോദിയുടെ കൈകളില് രക്തം പുരണ്ടിരിക്കുന്നു. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്ത് കൈവീശുന്നവരും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില് പങ്കാളിയാവുകയാണ്. അതില് നിന്നും അവര്ക്ക് കൈകഴുകാനാവില്ല. – അദ്ദേഹം പറഞ്ഞു.
ആര്.എസ്.എസിനെ കുറിച്ചും വൈറ്റ് മേധാവിത്വത്തെ കുറിച്ചും അദ്ദേഹം തുടര്ന്ന് സംസാരിച്ചു.
ആര്എസ്എസ്, വൈറ്റ് മേധാവിത്വവുമായി ബന്ധപ്പെട്ടും നാസി പ്രവര്ത്തനവുമായി ബന്ധപ്പെട്ടുമുള്ള ലേഖനങ്ങളഉം അദ്ദേഹം 16 സിറ്റി കൗണ്സിലര്മാര്ക്ക് കൈമാറി. ഹൗഡി മോദി’ എന്ന് പറയുന്നതിനുപകരം ആളുകള് ‘Adios Modi ( മോദിക്ക് വിട) എന്ന് പറയണമെന്നും അദ്ദേഹം പ്രസംഗത്തില് കൂട്ടിച്ചേര്ത്തു.
കശ്മീരില് നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്ക്കെതിരേയും വാര്ത്താവിനിമയ സംവിധാനങ്ങള്ക്കേര്പ്പെടുത്തിയ നിയന്ത്രണത്തിനെതിരെയും കശ്മീര് സ്വദേശിയും കൗണ്സില് അംഗവുമായ യുവതിയും രംഗത്തെത്തി.
കഴിഞ്ഞ നാല്പ്പത് ദിവസമായി തന്റെ പിതാവുമായി സംസാരിക്കാനോ അദ്ദേഹത്തിന്റെ വിവരം അറിയാനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് അവര് വ്യക്തമാക്കി. കൗണ്സിലിലെ ചില അംഗങ്ങള് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം കൊല്ലപ്പെട്ട കശ്മീരി പെണ്കുട്ടി ആസിഫയെ അനുസ്മരിച്ചും സംസാരിച്ചു.
ഡൊണള്ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ഹൂസ്റ്റണില് നടക്കുന്ന ഒരു മെഗാ പരിപാടിയാണ് ഹൗഡി മോദി. സെപ്റ്റംബര് 22- നാണ് പരിപാടി. ഒരു യു.എസ് പ്രസിഡന്റും ഇന്ത്യന് പ്രധാനമന്ത്രിയും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്ന ആദ്യപരിപാടിയാണ് ഇത്.
ജി 20, ജി 7 ഉച്ചകോടികള്ക്ക് ഏതാനും ആഴ്ചകള്ക്കു ശേഷം ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള തുടര്ച്ചയായ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.
ഹൂസ്റ്റണിലെ എന്.ആര്.ജി സ്റ്റേഡിയത്തില് സെപ്റ്റംബര് 22- ന് നടക്കുന്ന ”ഹൗഡി,മോദി! ഷെയര്ഡ് ഡ്രീംസ്, ബ്രൈറ്റ് ഫ്യൂച്ചേഴ്സ്” പരിപാടിയില് പങ്കെടുക്കാന് യു. എസിലുടനീളമുള്ള 50,000 ത്തിലധികം ഇന്ത്യന്-അമേരിക്കക്കാര് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
തെക്കുപടിഞ്ഞാറന് അമേരിക്കന് ഐക്യനാടുകളില് സാധാരണയായി ഉപയോഗിക്കുന്ന സൗഹൃദപരമായ അഭിവാദ്യമാണ് ‘ഹൗഡി ‘,’ നിങ്ങള് എങ്ങനെ ഇരിക്കുന്നു? ‘എന്നതിന്റെ ചുരുക്കമാണ് ഇത്.
തമിഴ് താരം സൂര്യയും മലയാളത്തിന്റെ സൂപ്പര് സ്റ്റാര് മോഹന്ലാലും ഒന്നിക്കുന്ന ‘കാപ്പാന്’ ഇന്ന് പ്രദര്ശനത്തിനെത്തി. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദ് ആണ്. സയേഷയാണ് നായികാ. സയേഷയുടെ ഭര്ത്താവും നടനുമായ ആര്യയും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കാര്ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്’ എന്ന ചിത്രത്തിലൂടെ സിനിമയില് എത്തിയ സയേഷാ വിജയ് സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.
സൂര്യയേയും മോഹൻലാലിനെയും കൂടാതെ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്.
അമേരിക്കന് ഡ്രോണ് ആക്രമണത്തില് അഫ്ഗാനിസ്ഥാനില് 30 കര്ഷകര് കൊല്ലപ്പെട്ടു. നിരവധിപ്പേര്ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയില് ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള് ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയാണ് ദുരന്തം സംഭവിച്ചത് എന്നാണ് റോയിട്ടേര്സ് റിപ്പോര്ട്ട് ചെയ്യുന്നത്. മൂന്ന് അഫ്ഗാനിസ്ഥാന് സര്ക്കാര് വൃത്തങ്ങള് വാര്ത്ത സ്ഥിരീകരിച്ചു.
അഫ്ഗാനിലെ നന്ഗര്ഹാര് പ്രവിശ്യയിലെ മലയോര മേഖലയായ വസീര് താന്ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്പ്പെട്ട കര്ഷകരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ കൃഷിസ്ഥലത്തെ ജോലി മതിയാക്കി. തീ കായുവാന് കൂടിയവരെയാണ് ലക്ഷ്യം വച്ചതെന്ന് തദ്ദേശവാസികള് ന്യൂസ് എജന്സിയോട് വ്യക്തമാക്കി.
ജനുവരി മുതല് ജൂലൈ വരെ അഫ്ഗാനിസ്ഥാനില് സൈനിക നടപടിയില് മരിച്ച സാധാരണക്കാരുടെ എണ്ണം 1,366ആണ്. 2446 പേര്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതില് തന്നെ നാന്ഗര്ഹാര് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്പ്പേര് കഴിഞ്ഞ വര്ഷം മരിച്ചത്. 681 പേര്.
അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രാലയം നല്കുന്ന വിവരം പ്രകാരം അമേരിക്കന് ഡ്രോണ് ആക്രമണം നടന്നതായി സ്ഥിരീകരിക്കുന്നെങ്കിലും മരണ സംഖ്യ സംബന്ധിച്ച് വ്യക്തതയില്ല.