മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈലിന് സമീപത്തുവച്ചുണ്ടായ ബസ്സപകടത്തിൽ നൂറിലധികം
പേർക്ക് പരിക്ക് . തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു . ഇരു ബസുകളുടെയും ഡ്രൈവര്‍മാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുപതിലധികം പേരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
ഞായറാഴ്ച 2.15ന് കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിന് സമീപമാണ് അപകടം നടന്നത്. കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ സീറ്റുകള്‍ ഇളകി വേര്‍പെട്ട നിലയിലായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം, ജെ.സി.ബി ഉപയോഗിച്ച് ഇരുബസുകളും വലിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഓണാവധി അവസാനിക്കുന്ന ദിവസമായതിനാല്‍ ഇരു ബസുകളിലും പതിവിലും എറെ തിരക്കായിരുന്നു.
അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 20ലേറെപ്പേരെ രക്ഷപ്പെടുത്തിയെന്നും 25 ലേറെപ്പേരെ കാണാനില്ലെന്നുമാണ് വിവരം. കാണാതായവർക്കായി ദുരന്തനിവാരണസേന തെരച്ചിൽ തുടരുകയാണ്. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റേതാണ് അപകടത്തിൽപ്പെട്ട ബോട്ടെന്നാണ് വിവരം. കാണാതായവർക്കായി ഹെലികോപ്റ്ററിലും തെരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഒപ്പം മന്ത്രിമാരുടെ സംഘത്തോടും രക്ഷാപ്രവർത്തകരോടും എത്രയും വേഗം അപകടസ്ഥലത്ത് എത്താൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദേശിക്കുകയും ചെയ്തിരുന്നു.
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 21നാണു വോട്ടെടുപ്പ്. ലിബറൽ പാർട്ടി ടിക്കറ്റിൽ രണ്ടാമൂഴത്തിനു മത്സരിക്കുന്ന ട്രുഡോയ്ക്ക് ഇത്തവണ ജയിക്കാൻ ഏറെ വിയർപ്പ് ഒഴുക്കേണ്ടിവരും. പ്രതിപക്ഷ കൺസർവേറ്റീവുകൾ ശക്തമായ പ്രചാരണം ആരംഭിച്ചു. സമ്പദ് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയായിരിക്കും ഇത്തവണത്തെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണ വിഷയം
ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ മങ്ങുന്നതായി റിപ്പോര്‍ട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഓര്‍ബിറ്ററിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബന്ധം നഷ്ടമായ ലാന്‍ഡറിനെ കണ്ടെത്തിയിട്ട് ഒരാഴ്ചയായിട്ടും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിയാത്തതാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ഒരു ചാന്ദ്ര ദിവസം – അതായത് ഭൂമിയിലെ 14 ദിവസങ്ങളാണ് വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ദൗത്യമുള്ളത്. ഇനി ഒരാഴ്ച മാത്രമേ ലാന്‍ഡറിന് ആയുസ് ബാക്കിയുള്ളൂ.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്ത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ടിയിരുന്ന ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് പ്രദേശത്ത് നിന്ന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് തന്നെ തെര്‍മല്‍ ഇമേജിലൂടെ ലാന്‍ഡര്‍ കണ്ടെത്താനായില്ലെങ്കിലും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉദ്ദേശിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിംഗിന് പകരം ഹാര്‍ഡ് ലാന്‍ഡിംഗാണ് നടന്നത്. ചാന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തേണ്ട പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിനകത്താണുള്ളത്.
ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. സമയം കഴിയുന്തോറും ദൗത്യം അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡിംഗ് നെറ്റ്‌വര്‍ക്കിലെ സംഘം ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം കാര്യമായ പ്രതീക്ഷയില്ല. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യാനുള്ള സാധ്യതയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹാര്‍ഡ് ലാന്‍ഡിംഗ് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി. സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിരിക്കാം എന്ന് ഐഎസ്ആര്‍ഒ കരുതുന്നു.
സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അരാംകോയില്‍ ഡ്രോണ്‍ ആക്രമിക്കപ്പെട്ടതിന് ഇറാനാണ് ഉത്തരവാദിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായതുകൊണ്ട് ആഗോള എണ്ണ വിതരണത്തില്‍ 5 ശതമാനത്തിലധികം താല്‍ക്കാലിക നഷ്ടമുണ്ടാകുമെന്നാണ് സൂചന.
ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ‘യെമനില്‍ നിന്ന് ആക്രമണങ്ങള്‍ ഉണ്ടായതായി തെളിവുകളൊന്നുമില്ല’ എന്ന് ട്വീറ്റ് ചെയ്ത പോംപിയോ ഇറാനെയാണ് ലക്ഷ്യം വയ്കുന്നത്. ‘മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് ലോകത്തിന്റെ ഊര്‍ജ്ജവിതരണ കേന്ദ്രം ഇറാന്‍ അക്രമിച്ചിരിക്കുന്നതെന്ന്’ പോംപിയോ പറഞ്ഞു. ‘സൗദി അറേബ്യയ്ക്കെതിരായ നൂറോളം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ടെഹ്റാനാണ്. എന്നിരിക്കെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും വിദേശകാര്യമന്ത്രി ജവാദ് സരിഫും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി നടിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആക്രമണത്തിന്റെ ഭാഗമായി എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 5.7 മില്ല്യണ്‍ ബാരല്‍ കുറവുണ്ടാകുമെന്നാണ് അരാംകോ പറയുന്നത്. അത് സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തിന്റെ പകുതിയോളം വരും. ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരാനാണ് സാധ്യത. ആവശ്യമെങ്കില്‍ തങ്ങളുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ (എസ്പിആര്‍) നിന്ന് എണ്ണ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് യുഎസ് ഊര്‍ജ്ജ വകുപ്പ് ശനിയാഴ്ച അറിയിച്ചു.
സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. 2006 ഫെബ്രുവരിയില്‍ ഭീകരസംഘടനയായ അല്‍ഖ്വയ്ദ ഇവിടെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2015 മാര്‍ച്ച് മുതല്‍ സൗദി സഖ്യസേന യമനിലെ ഹൂതി വിമതര്‍ക്കെതിരെ പോരാട്ടത്തിലാണ്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അവര്‍ യെമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു.
കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയിറ ങ്ങിയപ്പോൾ കണ്ടത് തീരം നിറയെ മത്തി. കിലോമാറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. ഈ അപൂര്‍വ്വ പ്രതിഭാസം കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സമാന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ചു. ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പൊലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്.
ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ‘വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ബാക്കിയുള്ള ദിവസങ്ങളില്‍ കൊട്ടാരം അടച്ചിട്ടിരുന്നെന്നും കൊട്ടാരം വക്താവ് ട്വിറ്ററില്‍ കുറിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ജെസ്സ് മില്‍നെ പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിൾ മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറിൽ വന്നവർ ആഴമേറിയ ചിറയിൽ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ട്.കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണു വഴിതെറ്റി കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത്.
പയ്യന്നൂർ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജംക്‌ഷനിൽ നിന്നു കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അൽപം മുന്നോട്ടുപോയാൽ, 4 ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാർ പടവുകൾ ചാടിയിറങ്ങി. കാർ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാർ ഏറെ പ്രയത്നിച്ചാണു കാർ തിരിച്ചു കയറ്റിയത്.
എപ്പോഴും ചെറുപ്പമായി കഴിയാന്‍ ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എന്നും യൗവ്വനമായി ഇരിക്കാനുള്ള വിദ്യയുമായി ശാസ്ത്രലോകം എത്തുകയാണ് എന്നറിഞ്ഞാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും. യൗവ്വനം നിലനിര്‍ത്തുന്ന മരുന്ന് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെനോലിറ്റിക്‌സ് ശാസ്ത്രം ഉപയോഗിച്ച് ഇത് സാധ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.
ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് പഠിക്കുന്ന മിക്ക ശാസ്ത്രജ്ഞരും ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ‘ആരോഗ്യദൈര്‍ഘ്യത്തിനാണ്’ പ്രാധാന്യം നല്‍കുന്നത്. അതായത്, പ്രായംകൂടും തോറും വേദനകളും അസുഖങ്ങളും കുറച്ചു കൊണ്ട് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ മനുഷ്യരെ സഹായിക്കുക. അത് ജീവിതത്തിന്റെ മദ്ധ്യകാലം പിന്നിട്ടവര്‍ക്ക് ഗുണകരമായിരിക്കും. ‘ആരോഗ്യകരമായ വാര്‍ദ്ധക്യം’ എന്നത് വലിയൊരു പദ്ധതിയാണ് അതുകൊണ്ട് പ്രായമായ രോഗികള്‍ക്കും സര്‍ക്കാരുകള്‍ക്കും ധാരാളം മെച്ചമുണ്ടാകും’ എന്ന് കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ഏജിംഗ് സെന്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മിംഗ് സൂ പറയുന്നു. വാര്‍ദ്ധക്യമാണ് പല വിട്ടുമാറാത്ത രോഗങ്ങളും കൂടുതല്‍ അപകടകരമാക്കുന്നത്. വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഒപ്പം രോഗങ്ങള്‍ പിടിപെടുന്നത് തടയുകയുമാണ് സെനോലിറ്റിക്‌സിന്റെ പ്രധാന ലക്ഷ്യമെന്ന് മിംഗ് സൂ വ്യക്തമാക്കി.
ലോകത്തെ മികച്ച ജെറോന്റോളജിസ്റ്റുകളില്‍ പലരും ഇതിനകം മൃഗങ്ങളില്‍ സെനോലിറ്റിക്‌സ്. മരുന്ന് പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മനുഷ്യരില്‍ നടന്ന ചില ക്ലിനിക്കല്‍ പരീക്ഷണങ്ങളും നല്ല ഫലങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പഠനങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയകരമായി തുടരുകയാണെങ്കില്‍ നിലവില്‍ മധ്യവയസ്‌കരായവര്‍ക്ക് കൂടുതല്‍ കാലം യുവത്വം നിലനിര്‍ത്തുന്നവരുടെ ആദ്യ തലമുറയാകാം.
എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുറിച്ചി തെങ്ങനാടിയിൽ അശോകന്റെ മകൻ ആദിനാഥാ (23) ണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീളയെ (40) ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 1.15നാണ് അപകടം. കാറിൽ ഉണ്ടായിരുന്നവർ തകഴിയിലെ ഒരു മരണ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടർന്നു നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മറ്റു 3 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ടാങ്കർ ലോറിക്കും മറ്റു വാനുകൾക്കും ഇടയിൽപ്പെട്ട് കാർ നിശേഷം തകർന്നു.
അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചങ്ങനാശേരിയിൽ നിന്നു പൊലീസും അഗ്നി സുരക്ഷാ സേനയും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.