Latest News

ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം വി.ബി.ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തെളിയുകയായിരുന്നു. 57 വയസായിരുന്നു ചന്ദ്രശേഖറിന്.

ഞായറാഴ്ച രാത്രിയാണ് ചന്ദ്രശേഖറിനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി. ചന്ദ്രശേഖറിന് ഒരു ക്രിക്കറ്റ് ലീഗ് ടീം ഉണ്ടായിരുന്നുവെന്നും ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തില്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറഞ്ഞു. തമിഴ്‌നാട് ക്രിക്കറ്റ് ലീഗിൽ വിബി കാഞ്ചി വീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനവും നല്‍കുന്നുണ്ടായിരുന്നു.

ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മരണം നടക്കുന്നതിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മർദം അനുഭവിച്ചിരുന്നു. ധാരാളം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ക്രിക്കറ്റ് ക്ലബ്ബിന്റെ നടത്തിപ്പിനായി സ്വന്തം വീടും അദ്ദേഹം പണയം വച്ചിരുന്നു.

1988 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ചന്ദ്രശേഖറുടെ അരങ്ങേറ്റം. 1988 നും 1990 നും ഇടയിൽ ഏഴ് ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-88 സീസണിൽ 551 റൺസുമായി തമിഴ്നാടിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. 56 പന്തിൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനായിരുന്നു ചന്ദ്രശേഖർ. അക്കാലത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയവരില്‍ ഒരാള്‍. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 10 സെഞ്ചുറികളുമായി 43.09 ശരാശരിയിൽ 4999 റൺസ് നേടി. 237 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. വിരമിച്ച ശേഷം ദേശീയ സെലക്ടറായി സേവനമനുഷ്ഠിച്ച ചന്ദ്രശേഖർ 2012-13 സീസണിൽ തമിഴ്‌നാട് ടീമിനെ പരിശീലിപ്പിച്ചു. 2008 ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം ഡയറക്ടറായിരുന്നു.

 

കവളപ്പാറയിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവർ അതിവേ​ഗം മരിക്കാനാണ് സാധ്യതയെന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ . മഞ്ചേരി മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാരാണു മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ. ലെജിത്ത് എന്നിവരാണു സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍ മുജാഹിദ്ദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.

ഭാരമുള്ള എന്തോ ഒന്നു ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും.മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം.’- ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.

പല മൃതദേഹങ്ങളും ജീര്‍ണിച്ചതിനാലും എണ്ണം കൂടുതലായതിനാലും രാത്രി വൈകിയും പോസ്റ്റ്മോര്‍ട്ടം നീണ്ടുപോകുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവര്‍ ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാര്‍ക്കാണ്.നാട്ടുകാരും വോളണ്ടിയേഴ്സും പൊലീസുമെല്ലാം എല്ലാക്കാര്യങ്ങള്‍ക്കും സഹകരിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും.
ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തെരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം.

ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. മഴ മാറി നിൽക്കുന്നതും തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് ജയ്റ്റ്ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഹർഷവർദ്ധനുമടക്കമുള്ളവർ ദില്ലി എയിംസിലെത്തി ജയ്റ്റിലിയെ സന്ദർശിച്ചു. ജയ്റ്റ്ലി ഇപ്പോൾ വെന്‍റിലേറ്ററിലാണ്.

ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുട‍ർന്ന് ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പിലടക്കം ജയ്റ്റ്ലി മത്സരിക്കാതിരുന്നത്.

ഏഴു മാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവിനെയും ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. എരിമയൂർ മരുതക്കോട് ബിജു (28), എരിമയൂർ മാരാക്കാവ് പുത്തൻവീട്ടിൽ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ ബോബിൻ മാത്യു, എസ്ഐ എം.ആർ അരുൺകുമാർ എന്നിവർ തിരുപ്പൂരിൽവച്ച് അറസ്റ്റ് ചെയ്തത്.

മേയ് 29നു പുലർച്ചെയാണു ബിജുവിന്റെ ഭാര്യ പനയൂർ അത്തിക്കോട് ചന്ദ്രന്റെ മകൾ ഐശ്വര്യ (20) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കെട്ടിട നിർമാണത്തൊഴിലാളിയായ ഭർത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യ മരിക്കാൻ കാരണമായതെന്നു ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. 28നു ബിജുവും മനോശാന്തിയും നാടുവിട്ടതാണ്. ഇരുവരെയും കാണ്മാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപാണു ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു. ഇതു പോരെന്നു പറഞ്ഞു നിരന്തരമായി ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണു ബിജുവിനെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ മനോശാന്തിയും ഐശ്വര്യയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടത്ര. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസ്. രണ്ടു പേരെയും ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

ബിജോ തോമസ് അടവിച്ചിറ

ഇന്ന് ചിങ്ങം ഒന്ന്.പൊന്നിന്‍ ചിങ്ങമെന്ന് എക്കാലവും പറയാറുള്ള നമുക്ക് രണ്ട് കൊല്ലമായി ഓണക്കാലം മഹാദുരന്തത്തിന്റെ പ്രളയകാലമാണ് എന്നാലും തിരുവോണം പൊന്നോണം തന്നെയാകുമെന്ന പ്രതീക്ഷയിലാണ് ഒരോ മലയാളിയും .

മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. . മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി.

പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ്. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം.വിളഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ ഒഴുക്കികൊണ്ട് പോയത് നിരവധി മലയാളികളുടെ പ്രതീക്ഷകളാണ്.  ജീവൻ മുറുകെ പിടിക്കാൻ നെട്ടോടമോടുന്നവർ ചിങ്ങമാസ ഓർമ്മയിലുപരി സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്ന ചിന്തകൾ അവരിൽ വേട്ടയാടുന്നുണ്ടാവാം. മൂടികെട്ടിയ ആകാശത്തെ ഭീതിയോടെയാണ് പലരും നോക്കുന്നത്. ചെറുതുള്ളി പോലും ഭയപ്പെടുത്തുന്നവയാണ്.

പിന്തിരിഞ്ഞു നോക്കുന്ന നേരം കൊണ്ട് സര്‍വ്വസ്വവും മണ്ണിലൊലിച്ച് പോയതിന്റെ പകപ്പിലാണ് നമ്മളില്‍ പലരും.വീടില്ല, മണ്ണില്ല, നട്ടുനനച്ചതൊന്നുമില്ല.മുറ്റത്ത് പൂക്കളങ്ങള്‍ തീര്‍ക്കുന്ന ഓണക്കാലവുമിങ്ങെത്തി. എന്നാലും മലയാളി എന്നും ശുഭാപ്തിവിശ്വാസിയാണ്. ഒരുമയുടെ കരുത്തിന്‍ ഈ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുക്കുകയാണ്. കൂട്ടായ്മയിലൂടെ കയ്മെയ് മറന്ന സഹവര്‍ത്തിത്വത്തിലൂടെ ചിങ്ങപ്പുലരിയേയും പൊന്നണിഞ്ഞ ഒരു ഒാണക്കാലത്തേയും വരവേല്‍ക്കാം. മുറ്റംമെഴുകാം പൂവിടാം തുമ്പിതുളളലും വഞ്ചിപ്പാട്ടും വള്ളംകളിയും പുലിക്കളകളിയും.കൈകൊട്ടിക്കളിയും നമ്മുടെ ദൂരിതകാലത്തെ വേദനകളെ ഇല്ലാതാക്കട്ടെ.

 പ്രളയത്തെ ഒന്നായി നേരിട്ട ആ മനസ്സുമായി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാം.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വൻ ദുരിതത്തിലും പരസ്പരം സഹായിക്കുന്ന നമ്മുടെ മനസിനെ ഓർത്തുകൊണ്ട് പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങ ആശംസകൾ നേരുന്നു…

മലയാളം യുകെ…

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ശൂരനാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

മന്ത്രി  കുരുക്കില്‍പ്പെട്ടത് സ്വാതന്ത്ര്യദിനച്ചടങ്ങിനുശേഷം മടങ്ങുമ്പോഴായിരുന്നു. മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

വിക്കറ്റ് കീപ്പിങ് മികവുകൊണ്ടും ബാറ്റിങ് മികവുകൊണ്ടും ആരാധകരുടെ കയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ഇപ്പോൾ കളിക്കളത്തിന് പുറത്തും സാറ വാര്‍ത്തയില്‍ നിറയുകയാണ്. പൂര്‍ണ്ണ നഗ്നയായി വിക്കറ്റ് കീപ്പിങ് ചെയ്യുന്ന തന്റെ ഫോട്ടോ സാറ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണവും സാറ വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാസികയായ വുമണ്‍സ് ഹെല്‍ത്തിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് സാറ നഗ്നയായി പോസ് ചെയ്തത്. സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമാണ് ഫോട്ടോ ഷൂട്ട്. തനിക്ക് ഇങ്ങനൊരു അവസരം നല്‍കിയതിന് വിമണ്‍സ് ഹെല്‍ത്ത് യുകെയ്ക്ക് സാറ നന്ദി പറഞ്ഞു. നഗ്നയായ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് തന്റെ കംഫര്‍ട്ട് സോണിന് പുറത്താണമെങ്കിലും ധീരമായൊരു ചുവടുവെപ്പിന്റെ ഭാഗമായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സാറ പറഞ്ഞു.

ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ശേഷം താരം സറെ സ്റ്റാര്‍സിന് വേണ്ടി കളിക്കാനെത്തിയിട്ടുണ്ട്. മികച്ച ഫോമിലുമാണ്.

കഴിഞ്ഞ എ ലെവല്‍ പരിക്ഷയില്‍ ഒരു A പ്ലസും രണ്ടു A യും കരസ്ഥമാക്കി, സുന്ദര്‍ലാന്‍ഡ്‌ മലയാളികളുടെ അഭിമാനമായി ഡയാന സാബു മാറി .സുന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി കടവന്താനം വീട്ടില്‍ സാബു വിന്‍റെയും സാരമ്മയുടെ മകളാണ് ഈ കൊച്ചുമിടുക്കി,. സൈന്റ്റ്‌ ആന്റണിസ് കത്തോലിക്ക ഗേള്‍സ്‌ അക്കാദമിയിലാണ് ഡയാന പഠിച്ചത് ..ഡാന്‍സിലും, പാട്ടിലും ,ബാറ്റ്മെന്റോന്‍ കളിയിലും കഴിവ് തെളിയിച്ചിട്ടുണ്ട് . ലീഡ്സ് യുനിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഒരു സഹോദരികൂടിയുണ്ട്.ഡയാനക്ക് ,
സാബു സുന്ദര്‍ലാന്‍ഡിലെ നിസ്സാന്‍ കമ്പനിയില്‍ ക്വളിറ്റി ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്യുന്നു അമ്മ .സുന്ദര്‍ലാന്‍ഡ്‌ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലിനോക്കുന്നു. .ഡയാനക്ക് ഭാവിയില്‍ ഒരു ചാര്‍ട്ടെട് അക്കൗണ്ട്‌ ആയിത്തീരാനാണ് ആഗ്രഹം .

മലയാളി വൈദികനെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി .   തൃശൂർ സ്വദേശി ഫാ . റാഫി കുറ്റുക്കാരനാണ് (57 )മരിച്ചത് . കുർബാന അർപ്പിക്കാൻ എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മലയാളി വൈദികരുടെയും സംഘടനകളുടെയും സഹായത്തോടെ ഉടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വീട്ടുകാർ അറിയിച്ചു.ഇoഫാൽ രൂപതാoഗമായ ഫാ .റാഫി കുറ്റുക്കാരൻ കാൻസാസ് സർവകലാശാലയിലെ ചാപ്ലിനുമായിരുന്നു .

കരസേനയുടെ 54–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും 25–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.

എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കുമാണ് ‌അവസരം. 2020 ഏപ്രിലിൽ തുടങ്ങുന്ന ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളുണ്ട്. വനിതകൾക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (നോൺ ടെക്‌നിക്കൽ എൻട്രി) അവസരമുണ്ട്.

യോഗ്യത: പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കോഴ്‌സ് തുടങ്ങി 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കായുള്ള നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾക്കു വെബ്‌സൈറ്റ് കാണുക. ഓരോ കോഴ്‌സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എൻജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയിൽ ചേർത്തിട്ടുണ്ട്. നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.

പ്രായം (2020 ഏപ്രിൽ ഒന്നിന്): എസ്‌എസ്‌സി (ടെക്നിക്കൽ): 20–27 (1993 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ. രണ്ടു തീയതിയും ഉൾപ്പെടെ).

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു പ്രായപരിധി 35 വയസാണ്. ഇവർ അപേക്ഷിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

ശാരീരിക യോഗ്യതകൾ: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ.

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. എസ്‌എസ്‌ബി ഇന്റർവ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്‌ക്കും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും.

പരിശീലനം: ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഉദ്യോഗാർഥി അപേക്ഷ സേവ് ചെയ്‌ത ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.

RECENT POSTS
Copyright © . All rights reserved