പിതൃസ്മരണയിൽ കർക്കടക വാവുബലി തർപ്പണത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടക്കമായി. പുലർച്ചെ മൂന്നു മണിയോടെയാണ് മിക്കയിടങ്ങളിലും ബലിയിടൻ കർമങ്ങൾ ആരംഭിച്ചത്. ആലുവ മണപ്പുറം, തെക്കൻകാശിയെന്ന് വിളിക്കപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാ് കൂടുതൽ തിരക്ക് അനുഭപ്പെടുന്നത്. പിതൃക്കൾ മരിച്ച നാളോ തീയതിയോ അറിയാത്തവർക്കും കർക്കടക അമാവാസിക്കു ബലിയിടാമെന്നാണ് വിശ്വാസം.
പുണ്യനദിയായ പെരിയാറിന്റെ തീരത്തും കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. ഇന്നലെ സന്ധ്യയ്ക്കു ശേഷമാണ് ഭക്തജനങ്ങൾ വന്നുതുടങ്ങിയത്. വൈകിട്ടു തന്നെ പുഴയോരത്തു ബലിത്തറകൾ സജ്ജമായിരുന്നു. ദേവസ്വം ബോർഡിന്റേതടക്കം എൺപതോളം ബലിത്തറകളാണുള്ളത്. ദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ് രാത്രി എത്തിയവരിൽ ഏറെയും. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ ഒരിക്കലെടുത്തു പുലർച്ചെയാണ് ബലിയിടാനെത്തിയത്.
അർധരാത്രി കഴിഞ്ഞതോടെ തോട്ടയ്ക്കാട്ടുകര, പറവൂർ കവല എന്നിവിടങ്ങളിൽ നിന്നു മണപ്പുറത്തേക്കുള്ള റോഡിലും കൊട്ടാരക്കടവിൽ നിന്നുള്ള നടപ്പാലത്തിലും ജനത്തിരക്കു വർധിച്ചു. കുളിക്കടവുകൾ ജനനിബിഡമായി. ആലുവ, അങ്കമാലി, പെരുമ്പാവൂർ, പറവൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നു കെഎസ്ആർടിസി രാത്രി തന്നെ മണപ്പുറത്തേക്കു ബസ് സർവീസ് ആരംഭിച്ചിരുന്നു. അവധി ദിവസമായതിനാൽ ഇത്തവണ വാവുബലിക്കു രണ്ടു ലക്ഷത്തിലേറെ ആളുകൾ എത്തുമെന്നു കരുതുന്നു. ഇന്നു വൈകിട്ടു മൂന്നു വരെ കറുത്ത വാവുണ്ട്. എങ്കിലും ഉച്ച വരെയാണ് ഭക്തജനങ്ങളുടെ തിരക്കു പ്രതീക്ഷിക്കുന്നത്. ഈ സമയത്തു നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.ഭാരതപ്പുഴയുടെ വിവിധ സ്നാന ഘട്ടങ്ങളിലും ബലി തര്പ്പണം പുരോഗമിക്കുകയാണ്.
അപൂർവ ഇനം മത്സ്യങ്ങളാൽ സമ്പന്നമാണ് കേരളത്തിലെ തെളിനീരുറവകൾ . കഴിഞ്ഞ ദിവസം പെരിങ്ങരയിൽ കണ്ടത്തിയത് അവയിൽ ഒന്നുമാത്രം . ശുദ്ധജലത്തിൻെറ ലഭ്യതയാണ് കേരളത്തിൽ അപൂർവയിനം മത്സ്യങ്ങൾ വളരാൻ സാഹചര്യമൊരുക്കുന്നത് .
നാഷണല് ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എന്.ബി.എഫ്.ജി.ആര്.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകർ ‘വരാല്’ വിഭാഗത്തില്പ്പെട്ട ഭൂഗര്ഭ മത്സ്യത്തെ കണ്ടെത്തിയിരുന്നു .
ചുവന്നനിറത്തില് നീളമുള്ള ശരീരത്തോടുകൂടിയ ഈ ചെറിയമത്സ്യം തിരുവല്ല സ്വദേശി അരുണ് വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്നിന്നാണ് ലഭിച്ചത്. കൂടുതല് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ‘ഭൂഗര്ഭ വരാല്’ ഇനത്തിലെ ലോകത്തുതന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. എന്.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുല് ജി. കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഇതിന് ശാസ്ത്രീയനാമം നല്കിയിരിക്കുന്നത്.
നേരത്തെ, മലപ്പുറം ജില്ലയില്നിന്ന് ഇതിന് സമാനമായ ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗര്ഭ ജലാശയങ്ങളില്നിന്ന് 250 ഇനം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില് ഏഴ് മത്സ്യങ്ങള് കേരളത്തിലാണുള്ളത്.
കഴിഞ്ഞ ദിവസം കിണറ്റിൽനിന്ന് ലഭിച്ച മത്സ്യം എങ്ങനെ അവിടെ വന്നു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി തുടർ ഗവേഷണങ്ങൾ തുടരാനാണ് തീരുമാനം .
മെക്സിക്കോ സിറ്റി: റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര് ജോസ് ലൂയിസ് ഗോണ്സാലസ് പകര്ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു. അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും അതിര്ത്തിയില് മെക്സിക്കന് സുരക്ഷാഭടന് തടയുന്ന ചിത്രമാണ് ഇത്. അഭയാര്ഥിത്വത്തിന്റെ നിസ്സഹായതയും വേദനയും വിളിച്ചുപറയുന്ന ഹൃദയസ്പര്ശിയായ ചിത്രം.
ലെറ്റി പെരെസും അവരുടെ മകന് ആന്തണി ഡയസും 2400ല് അധികം കിലോമീറ്റര് സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്നിന്ന് അമേരിക്കന് അതിര്ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല് അതിര്ത്തിയില് സുരക്ഷാ സേന അവരെ തടയുകയായിരുന്നു. സഞ്ചരിച്ച ദൂരത്തിന്റെ എല്ലാ പരിക്ഷീണതയും അവരിലുണ്ടായിരുന്നു. അതിര്ത്തി കടന്ന് അമേരിക്കയിലേയ്ക്ക് പ്രവേശിക്കാന് അനുവദിക്കണമെന്ന് അവര് സൈനികനോട് കേണപേക്ഷിക്കുന്ന ദൃശ്യമാണ് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര് പകര്ത്തിയത്.
തോക്കേന്തി നില്ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില് കാണാം. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന് അവള് ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന് അവള് തയ്യാറായിരുന്നു. എന്നാല് ഉത്തരവുകള് അനുസരിക്കുക മാത്രമാണ് താന് ചെയ്യുന്നതെന്നും അതിര്ത്തി കടക്കാന് അനുവദിക്കില്ലെന്നും സൈനികന് നിലപാടെടുത്തു.
‘അഭയാര്ഥികളായ മനുഷ്യരുടെ എല്ലാ ദൈന്യതകളും അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഇവര് അമേരിക്കയിലേയ്ക്ക് വരുന്നതെന്നാണ്. അവര്ക്ക് അവരുടെ രാജ്യത്തുതന്നെ ജീവിച്ചാല് പോരേയെന്നും അനധികൃതമായി അതിര്ത്തി കടക്കാന് ശ്രമിക്കുന്നത് എന്തിനെന്നുമാണ്. പക്ഷേ, ഓരോ അഭയാര്ഥിക്കും ദുരിതങ്ങളുടെ നിരവധി കഥകളുണ്ട്’- ഫോട്ടോഗ്രാഫര് ജോസ് ലൂയിസ് ഗോണ്സാലസ് പറയുന്നു.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന് രാജ്യങ്ങളില്നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്ഥി പ്രവാഹം തടയുന്നതില് മെക്സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. സമൂഹമാധ്യമങ്ങളില് വലിയ തോതില് ചിത്രം ചര്ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്ത്തിയില് സ്വീകരിക്കുന്നതെന്നുള്ള വിമര്ശനവും ഈ ചിത്രം ഉയര്ത്തിവിട്ടിട്ടുണ്ട്.
നേരത്തെ രാജ്യത്ത് വര്ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും നിയന്ത്രിക്കാന് രൂപം നല്കിയതാണ് മെക്സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം. എന്നാല് ഇപ്പോള് ഈ അര്ധ സൈനിക വിഭാഗം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് അതിര്ത്തിയില് അഭയാര്ഥികളെ തടയുന്നതിനാണന്നും അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെ പ്രീണിപ്പിക്കുന്നതിനാണിതെന്നുമാണ് വിമര്ശനമുയരുന്നത്.
കൊച്ചി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളിൻമേൽ നൽകിയിരുന്ന പലിശ നിരക്ക് പുനർനിർണയിച്ചു. എല്ലാ കാലയളവിലേയ്ക്കുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചുകൊണ്ടാണ് പുനർനിർണയം. ഏറ്റവും കൂടുതൽ സ്ഥിര നിക്ഷേപങ്ങളുള്ള പ്രവാസികളായാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക . ഒരു വർഷത്തേക്കുള്ള NRI നിക്ഷേപങ്ങളുടെ പലിശ 7 ശതമാനത്തിൽ നിന്ന് 6 .8 ലേയ്ക്ക് കുറയും .
45 ദിവസം മുതൽ പത്തു വർഷം വരെയുള്ള ഹ്രസ്വ, മധ്യ, ദീർഘകാല നിക്ഷേപങ്ങളിൽ നൽകിയിരുന്ന പലിശ നിരക്കിലാണ് കുറവു വരുത്തിയിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന അധിക നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. ഏറ്റവും ചെറിയ കാലയളവിലേയ്ക്കു നൽകിയിരുന്ന പലിശ നിരക്കിലാണ് ഏറ്റവും അധികം പോയിന്റ് കുറവു വന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഏഴു ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന 5.75% നിരക്ക് ഇനി 5% മാത്രമായിരിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് ഇനി 5.75 ശതമാനം പലിശ മാത്രമായിരിക്കും ലഭിക്കുക. നേരത്തെ ഇത് 6.25 ആയിരുന്നു. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ 10 പോയിന്റ് കുറച്ച് 6.25 ശതമാനം പലിശ നൽകും. ഹ്രസ്വ കാല നിക്ഷേപ പരിധിയിൽ വരുന്ന 211 ദിവസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.40 ശതമാനത്തിൽ നിന്ന് 6.25 ശതമാനത്തിലേയ്ക്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. രണ്ടു വർഷത്തിൽ താഴെയുള്ള ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.20 ശതമാനം കുറച്ച് 6.8 ശതമാനമാക്കി.
ദീർഘകാല നിക്ഷേപങ്ങളിലും ബാങ്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഇതു പ്രകാരം രണ്ടു വർഷം മുതൽ മൂന്നു വർഷം വരെയുള്ള കാലയളവിലേയ്ക്കുള്ള നിക്ഷേപങ്ങൾക്ക് 0.5 ശതമാനമാണ് കുറച്ചിട്ടുള്ളത്. 6.70ശതമാനം പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കും. 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇനി 6.6 ശതമാനമായിരിക്കും പലിശ നിരക്ക്. ഇത് ഇതുവരെ 6.7ശതമാനമായിരുന്നു. അഞ്ചു വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.6 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
കാസാ ഗ്രാൻഡേ ∙ തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഹൈസ്ക്കൂളിലേക്ക് പഠിക്കാൻ പോകുമ്പോൾ പതിനഞ്ചുകാരിയായ ശ്രേയ മുത്തു എന്ന പാതിമലയാളി കോളജിലേക്കാണ് പോകുന്നത്. സംശയിക്കണ്ട, പഠനത്തിൽ മിടുക്കിയായ ഈ പതിനഞ്ചുകാരിയെ തേടിയെത്തിയത് വലിയ അവസരങ്ങളാണ്. ആറാം ഗ്രേഡ് മുതൽ ഡബിൾ പ്രെമോഷൻ ലഭിച്ചാണ് ഈ മിടുക്കി ഇവിടെവരെ ചെറുപ്രായത്തിൽ എത്തിയത്. 15 വയസ്സ് പൂർത്തിയായപ്പോഴേക്കും ചെറുമകൾ ഗ്രാജുവേഷനിലേക്ക് കടന്നുവെന്ന് അഭിമാനത്തോടെ ശ്രേയയുടെ അമ്മയുടെ പിതാവ് ഡോ. ജഗദീശൻ പറയുന്നു. ബിരുദത്തിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസം കൂടി നേടിയാണ് ശ്രയ അദ്ഭുതം സൃഷ്ടിക്കുന്നത്.
ഓഗസ്റ്റിൽ ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിലാണ് ശ്രേയയുടെ ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്നു വർഷത്തെ ബിരുദ പഠനം കഴിഞ്ഞാൽ മെഡിക്കൽ സ്കൂളിൽ ഇപ്പോഴെ ഒരു സീറ്റ് ഉറപ്പിച്ചാണ് പാതിമലയാളിയായ ശ്രേയ മുന്നേറുന്നത്. കാസാ ഗ്രാൻഡേയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രെപ്രേറ്ററി അക്കാദമിയിലെ വിദ്യാർഥിയായിരുന്നു ശ്രേയ. ഭാവിയിൽ ഒരു സർജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് ആഗ്രഹം. എവിടെയെല്ലാം പഠിച്ചാലും ഒടുവിൽ കാസാ ഗ്രാൻഡേയിൽ തന്നെ തിരികെ വന്ന് ജനങ്ങളെ സേവിക്കണമെന്നാണ് വിചാരിക്കുന്നതെന്നും ഈ മിടുക്കി വ്യക്തമാക്കുന്നു.
മാതൃക രക്ഷിതാക്കൾ തന്നെ
ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക തന്റെ രക്ഷിതാക്കൾ തന്നെയാണ്. കൊല്ലം കിടങ്ങൽ സ്വദേശി ഡോ. കവിത ജഗദീശനാണ് മാതാവ്. പിതാവ് ഡോ. ജെറാൾഡ് മുത്തു തമിഴ്നാട് ചെന്നെ സ്വദേശിയും. വർഷങ്ങളായി ഇരുവരും കാസാ ഗ്രാൻഡേയിൽ പ്രാക്ടീസ് ചെയ്യുന്നു. രക്ഷിതാക്കളെ കണ്ടു വളർന്ന ശ്രേയയുടെ എക്കാലത്തെയും ലക്ഷ്യം ഡോക്ടർ ആവുകതന്നെയായിരുന്നു. ശ്രേയയുടെ സഹോദരനും ഡോക്ടർ സ്വപ്നവുമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞ വർഷം രക്ഷിതാക്കൾ പ്രാക്ടീസ് ചെയ്യുന്ന ഒയാസിസ് ഹെൽത്ത് സെന്ററിൽ ശ്രേയയും പോയിരുന്നു. അവിടെ വച്ച് രോഗികളുമായി ഇടപെടുകയും ചെറിയ സഹായങ്ങൾ ചെയ്യുകയും ചെയ്തു. ‘ഡോക്ടർമാരുടെ ഓഫീസിലാണ് ഞാൻ വളർന്നത്, രോഗികളുമായുള്ള ഇടപെടൽ പണ്ടുമുതലേ ശീലമാണ്. ഡോക്ടറാകുമ്പോൾ ഇക്കാര്യങ്ങൾ എന്നെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് കരുതുന്നത്’– ശ്രേയ പറഞ്ഞു.
ജിസിയുവിൽ നിന്നും മൂന്നു വർഷത്തെ ഡിഗ്രിയും തുടർന്ന് ലേക്ക് എറിക് കോളജ് ഓഫ് ഓസ്റ്റോപതിക് മെഡിസിനിൽ നാലുവർഷത്തെ പഠനവുമാണ് ഉദ്ദേശിക്കുന്നത്. കണക്കിൽ മിടുക്കിയായ ശ്രേയയ്ക്ക് ഈ വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠനത്തിനു പുറമേയുള്ള കാര്യങ്ങളിലും ശ്രേയ തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രൊജക്ടിന്റെ ഭാഗമായി മിത്ര റീഹാബിലെറ്റേഷൻ ഫണ്ട് എന്ന പേരിൽ സാമൂഹ്യ പ്രവർത്തനം സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിത്ര റീഹാബിലെറ്റേഷൻ സെന്ററുമായി ചേർന്ന് 7000 ഡോളറാണ് ശ്രേയ സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള ആളുകളെ സഹായിക്കുന്നതായിരുന്നു ഈ പരിപാടി.
പ്രതീക്ഷകൾ
പുതിയ കോളജിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് ശ്രേയ. എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ കോളജിൽ എത്തുന്നതിനാൽ ചെറിയ പേടിയും ഉണ്ട്. പക്ഷേ, ഡോക്ടർ ആവുകയെന്നത് വലിയ ആഗ്രഹമായതിനാൽ എല്ലാകാര്യങ്ങളെയും പോസറ്റീവ് ആയിട്ടാണ് കാണുന്നത്. ഇത്രയും വേഗം പഠനം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷവും പങ്കുവെച്ചു. ജിസിയുവിലെ ചില അധ്യാപകരുമായി ഇപ്പോൾ തന്നെ കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രേയ പറഞ്ഞു. മറ്റു കുട്ടികളോട് ശ്രേയയ്ക്ക് പറയാനുള്ളത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോകണമെന്നാണ്. നേരത്തെ തന്നെ എന്തായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് തീരുമാനിക്കുക. പിന്നീട്, അതിനായി കഠിനാധ്വാനം ചെയ്യുക–ശ്രേയ അഭിമാനത്തോടെ പറഞ്ഞു നിർത്തി.
ഉടൻ തിരിച്ചുവരാൻ ഉദ്ദേശ്യമില്ലാതെ വിവിധ കോഴ്സുകൾ പഠിക്കാൻ വിദേശ രാജ്യങ്ങളിൽ പോയി താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ എൻആർഐ അഥവാ പ്രവാസി ഇന്ത്യക്കാർ ആയി പരിഗണിക്കുന്നത് . വിദേശ നാണയ വിനിമയ ചട്ടങ്ങൾക്കനുസൃതമായി റിസർവ് ബാങ്കും ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരുമാണ് പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ച നിർവചനങ്ങളും നിയമങ്ങളും നിബന്ധനകളും പുറപ്പെടുവിക്കുന്നത്. പൊതുവെ പറഞ്ഞാൽ ഒരു വർഷം ഏപ്രിൽ മുതൽ തൊട്ടടുത്ത വർഷം മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ കുറവായി ഇന്ത്യയിൽ താമസിച്ചിരുന്നവരെയാണ് തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ പ്രവാസി ഇന്ത്യക്കാരനായി കണക്കാക്കുക.
∙ വിദേശ നാണയ പരിധി
അപേക്ഷ സമർപ്പിക്കുമ്പോഴും അഡ്മിഷൻ കിട്ടി പഠനം തുടരുമ്പോഴും ഫീസായും ചെലവിനായും ഉള്ള പണം ഇന്ത്യയിൽനിന്ന് വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് അയയ്ക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളർ 2,50,000 വരെ ഇത്തരത്തിൽ അയയ്ക്കുന്നതിന് മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ല. വിദേശ നാണയ വിനിമയത്തിന് അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള ഓഥറൈസ്ഡ് ഡീലർമാർ മുഖേന വിദേശ കറൻസി വാങ്ങാവുന്നതും അയയ്ക്കാവുന്നതുമാണ്. എത്ര തവണ പണം അയയ്ക്കുന്നതിനും അനുവാദമുണ്ട്. ഉയർന്ന തുക ആവശ്യമുള്ളവർ പഠനച്ചെലവിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച് പഠിക്കുന്ന യൂണിവേഴ്സിറ്റിയുടെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ ആധികാരിക രേഖകൾ ആവശ്യമാണ്. പഠനശേഷം ഇന്ത്യയിൽ എത്തിയാൽ ബാക്കിയുള്ള വിദേശ നാണയം ഇന്ത്യൻ രൂപയായി പരിവർത്തനപ്പെടുത്തേണ്ടതുണ്ടെങ്കിലും 2000 യുഎസ് ഡോളറിനു തുല്യമായ വിദേശ കറൻസി സൂക്ഷിക്കാവുന്നതാണ്.
∙പണം അയയ്ക്കുന്ന മാർഗങ്ങൾ
അത്യാവശ്യ ചെലവുകൾക്കായി 5000 യുഎസ് ഡോളർ വരെ കറൻസിയായോ ട്രാവലേഴ്സ് ചെക്കായോ കൈയിൽ കൊണ്ടുപോകാം. അംഗീകൃത വിദേശ നാണയ ഡീലർമാരിൽനിന്ന് അപ്പപ്പോഴത്തെ ഔദ്യോഗിക നിരക്കിൽ ഇന്ത്യൻ രൂപ നൽകി വിദേശ കറൻസികൾ വാങ്ങാം. 50,000 രൂപയ്ക്കു മുകളിൽ ചെക്കായോ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറായോ മാത്രമേ നൽകാൻ പാടുള്ളൂ. വിദേശത്തുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടുകൾ തുറക്കുന്നതിനും രാജ്യാന്തര ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും വാങ്ങി ഉപയോഗിക്കാനുമാകും. വിദ്യാർത്ഥികളുടെ പേരിൽ ഇന്ത്യയിൽനിന്ന് പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ വാങ്ങി വിദേശത്ത് ഉപയോഗിക്കാം. ആവശ്യമുള്ളപ്പോൾ ഇന്ത്യയിൽനിന്ന് രക്ഷകർത്താക്കൾക്ക് ഫോറെക്സ് കാർഡുകളിൽ ഇന്ത്യൻ രൂപ റീചാർജ് ചെയ്ത് നൽകാം. എൻആർഇ അക്കൗണ്ടുള്ളവർക്ക് ഇന്ത്യയിൽ തന്നെയുള്ള ബാങ്കുകളുടെ രാജ്യാന്തര ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. ഇന്ത്യയിൽനിന്നു പണം അയയ്ക്കുന്ന വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
∙ബാങ്ക് അക്കൗണ്ട്
വിദേശത്തുനിന്ന് പണം അയയ്ക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും സ്വന്തം പേരിൽ നോൺ റസിഡന്റ് എക്സ്റ്റേണൽ അക്കൗണ്ട് തുറക്കാം. ഇന്ത്യൻ രൂപയിൽ അക്കൗണ്ട് നിലനിർത്താവുന്നതും വിദേശ കറൻസിയിൽ നിലനിർത്താവുന്നതുമായ പ്രത്യേകം എൻആർഇ അക്കൗണ്ടുകൾ ലഭ്യമാണ്. എൻആർഇ അക്കൗണ്ടുകളിൽ ഇന്ത്യൻ രൂപ നിക്ഷേപിക്കാൻ സാധിക്കില്ല. വിദ്യാഭ്യാസത്തോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നവർക്ക് വേതനവും മറ്റും എൻആർഇ അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന നിക്ഷേപവും പലിശയും എപ്പോൾ വേണമെങ്കിലും വിദേശത്തേയ്ക്ക് പിൻവലിക്കാവുന്നതും എൻആർഇ അക്കൗണ്ടുകളിലെ പലിശ വരുമാനത്തിന് ആദായ നികുതി നൽകേണ്ടതില്ല എന്ന ഗുണവുമുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ എൻആർഒ അക്കൗണ്ടുകളായി പരിവർത്തനം ചെയ്യാവുന്നതും ഇന്ത്യയിൽനിന്നു കിട്ടാനുള്ള പണം ഇന്ത്യൻ രൂപയായി എൻആർഒ അക്കൗണ്ടിൽ വരവു വയ്ക്കാം.
∙രൂപയുടെ മൂല്യം ഇടിയുമ്പോൾ
പഠിക്കുന്ന രാജ്യത്തിന്റെ കറൻസിയുമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ബുദ്ധിമുട്ടുണ്ടാക്കും. വിദേശത്തു നൽകേണ്ടുന്ന തുക സമാഹരിക്കാൻ കൂടുതൽ ഇന്ത്യൻ രൂപ നൽകേണ്ടി വരുന്നു. വിദ്യാഭ്യാസ സ്ഥാപനം നൽകിയ എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യൻ രൂപയിൽ അനുവദിക്കപ്പെട്ട വിദ്യാഭ്യാസ വായ്പ തുക തികയാതെ വരും. പഠനച്ചെലവിനായി ഇന്ത്യയിൽ കരുതുന്ന തുക അനുവദിക്കപ്പെട്ട പരിധിക്കുള്ളിൽ വിദേശത്തേക്ക് മുൻകൂറായി മാറ്റുകയും വിദേശ കറൻസിയിൽ അക്കൗണ്ട് തുടങ്ങി സൂക്ഷിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതിനു പ്രതിരോധമാകും.
∙ഇൻഷുറൻസ് പരിരക്ഷ
വിദേശ പഠനത്തിനിടയിൽ ചികിത്സ തേടേണ്ടിവന്നാൽ അതതു രാജ്യത്തു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവ മുൻകൂട്ടി വാങ്ങി പരിരക്ഷ ഉറപ്പാക്കണം. വിദേശത്തു ചികിത്സ തേടാനാകുന്ന പോളിസികൾ ചില ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും വിൽക്കുന്നുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസികൾ നിർബന്ധമാക്കിയിട്ടുണ്ട്. പോളിസിയുടെ പ്രിമീയം തുക കൂടി വായ്പയിൽ ഉൾപ്പെടുത്തിയിരിക്കും. മറ്റുള്ളവരും ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടതുണ്ട്. രക്ഷകർത്താക്കൾക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കു സമാന തുകയ്ക്ക് വിദ്യാർഥിക്കും ഇൻഷുറൻസ് എടുക്കാം. രക്ഷാകർത്താക്കൾക്ക് പ്രിമീയം അടക്കാനുള്ള വരുമാനം ഉണ്ടായിരിക്കേണ്ടതാണ്.
അർധസൈനിക വിഭാഗമായ സശസ്ത്ര സീമാബലിൽ 150 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് രാജ്യാന്തര/ ദേശീയ തലത്തിൽ കഴിവു തെളിയിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. കോൺസ്റ്റബിൾ (ജിഡി) തസ്തികയിലാണ് ഒഴിവുകൾ. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. പിന്നീട് സ്ഥിരപ്പെട്ടേക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പിന്നീട് അറിയിക്കും. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, ഹോക്കി, ഷൂട്ടിങ്, ആർച്ചറി, അത്ലറ്റിക്സ്, ജിംനാസ്റ്റിക്സ്, റസ്ലിങ്, ബോക്സിങ്, ജൂഡോ, വെയിറ്റ് ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, സൈക്ലിങ്, ഇക്വിസ്റ്റേറിയൻ, ബാഡ്മിന്റൻ, തായ്ക്വൻഡോ, സ്വിമ്മിങ് വിഭാഗങ്ങളിലാണ് അവസരം.
യോഗ്യത:
കോൺസ്റ്റബിൾ (ജിഡി): മെട്രിക്കുലേഷൻ / തത്തുല്യം.
സ്പോർട്സ് യോഗ്യത: 1–1–2017 മുതൽ ഏതെങ്കിലും രാജ്യാന്തര മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളവരായിരിക്കണം അല്ലെങ്കിൽ അവസാനമായി നടന്ന ഒളിംപിക് ഗെയിംസ്, ലോകകപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ പങ്കെടുത്തവരോ അല്ലെങ്കിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന അംഗീകൃത ടൂർണമെന്റിൽ 1–1–2017 മുതൽ അപേക്ഷിക്കാനുള്ള അവസാന തീയതി വരെയുള്ള കാലയളവിൽ മെഡൽ നേടിയിട്ടുള്ളവരോ ആയിരിക്കണം.
പ്രായം: 18–23 വയസ്. ഇളവുകൾ ചട്ടപ്രകാരം.
ശമ്പളം: 21700–69100 രൂപ
ശാരീരിക യോഗ്യത: ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ.
തിരഞ്ഞെടുപ്പ്: രേഖകളുടെ പരിശോധന, ശാരീരികക്ഷമതാ പരീക്ഷ, ഫീൽഡ് ട്രയൽ, വൈദ്യപരിശോധന എന്നിവയുണ്ടാകും.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും സ്ത്രീകൾക്കും ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ്കാർഡ്/ചെലാൻ വഴി ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.ssbrectt.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ പൂരിപ്പിച്ച്, ഫോട്ടോ, ഒപ്പ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ നിശ്ചിത രീതിയിൽ അപ്ലേഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക്: www.ssbrectt.gov.in
വിജയവാഡ: കല്ലുമ്മക്കായ പെറുക്കിയ മലയാളി യുവാക്കൾ ആന്ധ്രാപ്രദേശിൽ അറസ്റ്റിൽ. നാലു കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ ആറുപേരെയാണു വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
കൃഷ്ണാ നദിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയിലെടുത്തു. കല്ലുമ്മക്കായ ആന്ധ്രയിൽ ഭക്ഷണ പദാർഥമല്ല. കേരളത്തിൽ ഇവ ആഹാരമാക്കുന്നവയാണ് എന്ന് ഇവർ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.
പിന്നീട് ഇവർ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ വിവരമറിയിക്കുകയായിരുന്നു. കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
ന്യൂഡല്ഹി: ഇന്ത്യയുടെ ചന്ദ്രയാന്-2ന്റെ ലക്ഷ്യം പൂര്ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള് മാത്രം. നിലവില് ഭൂമിക്കു ചുറ്റും മൂന്നു വട്ടം വലംവെച്ചുകഴിഞ്ഞ പേടകം ഇന്ന് വീണ്ടും സഞ്ചാരപഥം ഉയര്ത്തിയതായി ഐഎസ്ആര്ഒ ട്വീറ്റില് വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.12ഓടെയാണ് ചന്ദ്രയാന്റെ ഭ്രമണ പരിധി മൂന്നാം വട്ടവും ഉയര്ത്തിയത്. ഇതോടെ ചന്ദ്രനിലിറങ്ങുന്നതിന് ഇനി മൂന്നു ഘട്ടങ്ങള് കൂടിയാണ് ചന്ദ്രയാന്-2ന് ബാക്കിയുള്ളത്. നാലാം ഘട്ടത്തില് വെള്ളിയാഴ്ച വീണ്ടും സഞ്ചാരപഥം ഉയര്ത്തും. അതിനു ശേഷം ഓഗസ്റ്റ് 14ന് വീണ്ടും സഞ്ചാരപഥം ഉയര്ത്തും. ഈ ഘട്ടത്തിലാണ് ചന്ദ്രയാന്-2 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക.
നിലവില് ചന്ദ്രയാന്റെ എല്ലാ പ്രവര്ത്തനങ്ങളും സാധാരണ നിലയില് മുന്നോട്ടു പോകുന്നതായും ഐഎസ്ആര്ഒ വ്യക്തമാക്കി. ഓഗസ്റ്റ് 20 ന് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും ഐഎസ്ആര്ഓ പറഞ്ഞു.
വിക്രം എന്ന് വിളിപ്പേരുള്ള ലാന്റര് ആണ് ചന്ദ്രന്റെ പ്രതലത്തില് ഇറങ്ങുക. ലാന്ററിനുള്ളിലാണ് ചന്ദ്രോപരിതലത്തില് സഞ്ചരിച്ച് വിവര ശേഖരണം നടത്തുന്നതിനുള്ള റോവര് ഉള്ളത്.
ആള്മാറാട്ടത്തിലൂടെ ലക്ഷങ്ങള് തട്ടിയ പ്രതി, പിടിക്കപ്പെടാതിരിക്കാന് സ്വന്തം ഫോട്ടോയില് ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പിനിരയായവര് വീട്ടിലെത്തി അന്വേഷിക്കുമ്പോള് പിടിക്കപ്പെടാതിരിക്കാനാണ് തന്ത്രം മെനഞ്ഞത്. ആള്മാറാട്ടക്കേസില് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ ജോയ് തോമസാണ്(48) ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. വീടിന്റെ വരാന്തയിലെ ടീപ്പോയിയിലാണ് ഇയാള് ഫോട്ടോ വച്ച് ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് വച്ച് മുങ്ങിയത്.
അന്വേഷിച്ചെത്തുന്ന ആളുകള് ഇയാള് മരിച്ചെന്ന് കരുതി തിരികെ പോകും. എന്നാല്, പറ്റിക്കപ്പെട്ട ചിലര് ഇയാള് എങ്ങനെയാണ് മരിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് കൂടുതല് ഞെട്ടിയത്. ഇയാള് സര്ക്കാറുദ്യോഗസ്ഥനല്ലെന്നും ആള്മാറാട്ടം നടത്തി പറ്റിക്കുന്നയാളാണെന്നും നാട്ടുകാര് പറഞ്ഞപ്പോള് ഉദ്യോഗാര്ത്ഥികള് കുഴങ്ങി. സര്ക്കാറുദ്യോഗസ്ഥനാണെന്നും സര്ക്കാര് ജോലി ഒപ്പിച്ചുതരാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള് പലരില്നിന്നായി ലക്ഷങ്ങള് തട്ടിയത്.
ശാസ്തമംഗലം സ്വദേശിയുടെ പരാതിയിലാണ് ഇയാള് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില് കസ്റ്റംസ് ആന്ഡ് എക്സൈസ് വിഭാഗത്തില് ജോലി വാഗ്ദാനം ചെയ്ത് 36000 രൂപ തട്ടിയെടുത്ത കേസില് ഇയാള്ക്കെതിരെ പരാതി നല്കി. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് ഉദ്യോഗാര്ത്ഥികള് ഫോട്ടോയില് മാലതൂക്കി ചന്ദന തിരിയും കത്തിച്ചുവച്ച നിലയില് കണ്ടത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള് പൊലീസ് വലയിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥന്, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്, ടിടിആര് എന്നിങ്ങനെ പല പേരിലും ഇയാള് ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഇയാള് തിരുനെല്വേലിയിലെ യുവതിയെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് അവരോടൊപ്പമാണ് താമസിക്കുന്നത്.