നവവധു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാളസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു. ഭര്‍ത്താവ് അതുല്‍ ഡാളസില്‍ ഫേസ്ബുക്കില്‍ എന്‍ജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.
അമ്മ എംസി വത്സല (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട). സഹോദരി: ഡോ. അജിത (അസി. സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി, തൃശ്ശൂര്‍). മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിച്ചു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയില്‍ നടക്കും.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും ചുമത്തിയത് നരഹത്യാക്കുറ്റം. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍(29) ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടി(27) എന്നിവര്‍ക്കെതിരേയാണ് മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി എട്ടുമണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതിനാല്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ല.
ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാക്കുറ്റം ചുമത്തുമെന്നായിരുന്നു പോലീസ് നേരത്തെ നല്‍കിയ സൂചന. എന്നാല്‍, നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് വനിതാ ഡോക്ടര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തിയത്. സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് ദൃക്‌സാക്ഷികളും മൊഴി നല്‍കിയിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ചന്ദനക്കടത്ത്, തട്ടിപ്പ് കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുന്‍പ് ആശുപത്രിയില്‍വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നൃത്താധ്യാപകനാണെന്ന് പറഞ്ഞാണ് അജ്മല്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് സൗഹൃദം വളരുകയും ഇരുവരും ഒരുമിച്ച് നൃത്തപഠനത്തിനായി പോവുകയുംചെയ്തു.
നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. അതേസമയം, കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ തന്നെ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു അതിദാരുണമായ സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി.
യുകെയിലേക്ക് പുതിയതായി പഠിക്കുവാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായിട്ട് ഇണങ്ങിച്ചേരുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന കൈരളി യുകെയുടെ ഓറിയന്റേഷൻ സെഷൻ സെപ്തംബർ 19 വ്യാഴാഴ്ച ഓൺലൈനിൽ നടക്കും. പുതിയ സ്ഥലം, പുതിയ സാഹചര്യം, പുതിയ ജീവിതം; മറ്റൊരു രാജ്യത്തിലെ സംവിധാനങ്ങളും നിയമങ്ങളും തുടക്കത്തിലേ മനസ്സിലാക്കുക, പാർട്ട് ടൈം ജോലി, താമസം, മെഡിക്കൽ, ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ്, കോഴ്സ് വർക്ക് തുടങ്ങി ഏറെ ചോദ്യങ്ങളാണു യുകെയിലെ യൂണിവേഴ്സിറ്റികളിൽ പുതിയതായി എത്തുന്ന വിദ്യാർത്ഥികൾ ചോദിച്ചറിയാറുള്ളത്. കുടുംബമായി എത്തുന്നവർക്ക് സ്കൂൾ, ചൈൽഡ്കെയർ, പങ്കാളിയുടെ ജോലി തുടങ്ങി അനവധി ചോദ്യങ്ങൾ വേറെയും.
ഇപ്പോൾ പഠിക്കുന്നവരോടും മുൻപ് പഠിച്ച് ഇപ്പോൾ ജോലി ചെയ്യുന്നവരോടും സംവദിക്കാനുള്ള അവസരവും, യുകെയുടെ എല്ലാ ഭാഗങ്ങളിലും യൂണിറ്റുള്ള കൈരളി യുകെ നിങ്ങൾക്ക് അതാത് സ്ഥലങ്ങളിലെ പ്രവർത്തകരുമായ് ചേർന്ന് നിങ്ങളെ സഹായിക്കുവാനും ഇതുമൂലം സാധിക്കും. യുകെയിൽ തൊഴിലിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പലവിധ ചൂഷണണങ്ങൾ വർദ്ധിച്ചു വരുന്നത് ആശങ്കയോടെ കാണുന്നു. കുറഞ്ഞ വേതനം, ശമ്പളം കൊടുക്കാതിരിക്കുക, രേഖകൾ പിടിച്ചുവെയ്ക്കുക, ലൈംഗിക അതിക്രമങ്ങൾ എന്നിങ്ങനെ പല പ്രതിസന്ധികളിൽ സഹായം എവിടെ നിന്ന് സ്വീകരിക്കണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചോദിച്ചറിയാനും കഴിയും.
കഴിഞ്ഞ വർഷം യുകെയിലെ യൂണിവേഴ്സിറ്റികളിൽ അനേകം വിദ്യാർഥികൾ കോഴ്സിൽ തോറ്റതായി ശ്രദ്ധയിൽപ്പെട്ടു, പഠന വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ വ്യാഴാഴ്ചത്തെ ചർച്ചയിൽ ഉണ്ടായിരിക്കും. ഇപ്പോഴത്തെ യുകെയിലെ സാഹചര്യം അനുസരിച്ച് ഒരു ജോലി ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, നിങ്ങൾ ഒരു പാർട്ട് ടൈം ജോലിക്ക് ആയിട്ട് ശ്രമിക്കുമ്പോൾ നിങ്ങളുടെ സീവി, അതുപോലെ ഇന്റർവ്യൂവിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ഈ ചർച്ചയിൽ ഉണ്ടായിരിക്കും.
മുൻകാലത്ത് നടത്തിയിരുന്ന സെഷനുകൾ വളരെ നല്ലതായിരുന്നു എന്ന അഭിപ്രായം ലഭിച്ചതനുസരിച്ച് കൂടുതൽ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചർച്ച തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തലങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഈ സെഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് – https://fb.me/e/2uK4m6PfH
ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടയ്മയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ സെപ്റ്റംബർ 14 -ന് രാവിലെ 11 മണി മുതൽ 5 മണി വരെ സ്ലീഫോർഡിലെ ഊർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ ആഘോഷിച്ചു, ഏതാണ്ട് ഇരുപത്തിയഞ്ചോളം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ എൺപതോളം പേർ പങ്കെടുത്തു. ഷസ്‍ഫ ഷാജിതന്റെ പ്രാർഥനാ ഗാനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി.
പ്രസിഡന്റ് ശ്രി നിതിൻ കുമാർ നോബിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ സോണിസ് ഫിലിപ്പ് സ്വാഗതവും ട്രെഷറർ ശ്രീ മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ റിജേഷ് വി., ഷാജിത് സി.പി. ടോമി ജോസഫ്, ജോബിൻ ജോസഫ്, സുനീഷ്, നിയ സോണിസ്, സൂര്യ റിജേഷ് മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലേഡീസ് വിങ് കൺവീനിർ ദിവ്യ രാജൻ, ലേഡീസ് വിങ് അംഗങ്ങളായ ജിജ്‌ജില റിജേഷ്, ഷൈനീ മോൻസി , അജി സോണിസ്, ആഞ്ചല ജലീൽ, അസ്‌ന ഷാജിത്, ലിസ ടോമി, നിമ്യ കിരൺ, ജിൻസി സുനീഷ്, സിജി രതീഷ്, ബിജി, ടീന ബിനീഷ്, ക്രിസ്‌റ്റി ജോബിൻ എന്നിവർ വീട്ടിൽ പാകം ചെയ്ത കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ട് ഓണ സദ്യ രുചികരമാക്കി ഏതാണ്ട് 5 മണിയോട് കൂടി എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.
ആലപ്പുഴയിൽ ഒമ്പതുകാരിയുടെ ഉയരത്തേക്കാൾ നീളത്തില്‍ തലമുടിയുടെ കെട്ട് വയറ്റിൽ നിന്ന് പുറത്തെടുത്തു. ആലപ്പുഴയിൽ വയറുവേദനയുമായി എത്തിയ ഒമ്പതുകാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 127 സെന്റിമീറ്റർ നീളത്തിലുള്ള മുടിയുടെ കെട്ട് പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗമാണ് ശസ്ത്രക്രിയയിലൂടെ ഈ മുടിയുടെ കെട്ട് പുറത്തെടുത്തത്. നിരന്തരമായുള്ള വയർ വേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയിൽ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂർവ രോഗം ആണെന്ന് കണ്ടെത്തി. ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലെ ആകുന്ന രോഗത്തെയാണ് ‘ട്രൈക്കോബെസോർ’ എന്ന് പറയുന്നത്. ഹെയർ ബോൾ എന്നും ഈ അവസ്ഥക്ക് പറയും. തലമുടി, നൂൽ, ക്രയോൺ എന്നിവ ഉള്ളിൽ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നവയാണ്. എന്നാൽ കുട്ടിക്ക് ബാധിച്ച രോഗം പതിവിൽ നിന്നും വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു.
കുട്ടിയിൽ ഹെയർബോളിന് 127 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്‍റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സർജറിവിഭാഗത്തിലെ ഡോ. ഷിനാസ് സാദ്ദിഖ്, ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദി, ഡോ. ജ്യൂഡ് ജോസഫ്, ഡോ. ഫാത്തിമ, ഡോ അനന്തു, അനസ്ത്യേഷ്യാ വിഭാഗത്തിലെ ഡോ. വീണ, ഡോ. ബിബി, ഡോ. അഡ്ലേൻ, ഡോ. ഹരികൃഷ്ണ, ഡോ. അംബിക, ഡോ. അപർണ, ഡോ. അനുരാജ്, ഗ്യാസ്ട്രോളജിസ്റ്റ് ഡോ. ഗോപു, നഴ്സിങ് വിഭാഗത്തിലെ ഷീജ, ശ്രീദേവി, ഷെറിൻ, സൂരജ്, ധന്യ, ബേബിപ്രീത, മീര, സനിത, ആശ, അഞ്ജലി, ബിന്ദുമോൾ, രമാദേവി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുവീഴ്ത്തി, ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ പ്രതി പിടിയില്‍. കാര്‍ ഡ്രൈവര്‍ കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ശാസ്താംകോട്ട പോലീസ് ഇയാളെ പിടികൂടിയത്.
സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീത്തുകയും തുടര്‍ന്ന് കാര്‍ നിര്‍ത്താതെ വീണുകിടന്ന സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.46-നാണ് സംഭവം.
സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കുഞ്ഞുമോള്‍ കാറിനടിയിലേക്ക് വീണു. ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് രക്ഷപ്പെടാന്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പിന്നിലെ ടയര്‍ കുഞ്ഞുമോളുടെ കഴുത്തിലൂടെ കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞുമോളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9.45-ഓടെ മരണം സ്ഥിരീകരിച്ചു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറും ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാല്‍ അജ്മല്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് വിവരം.
അമേരിക്കയിലെ ഡാളസിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. വിക്ടര്‍ വര്‍ഗീസ് (സുനില്‍-45), ഭാര്യ ഖുശ്ബു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിംഗ് ക്രീക്ക് – പാര്‍ക്കര്‍ റോഡില്‍ സെപ്റ്റംബര്‍ ഏഴിനാണ് അപകടമുണ്ടായത്. ഒരാഴ്ചയായി പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇരുവരും.
വിക്ടറിന് കോണ്‍ട്രാക്ട് ബിസിനസും കുശ്ബു ഡാലസിലെ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റിവ് ജീവനക്കാരിയുമായിരുന്നു.
പരേതനായ അമേരിക്കാന്‍ സാഹിത്യകാരന്‍ എബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടര്‍. പത്തനംതിട്ട എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വര്‍ഗീസിന്റെയും അമ്മിണി വര്‍ഗീസിന്റേയും മകനാണ് വിക്ടര്‍. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
പൊതുദര്‍ശനം സെപ്റ്റംബര്‍ 20-ന് വൈകിട്ട് ആറ് മുതല്‍ സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തിലും സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 21 രാവിലെ 10 മണിക്ക് സെഹിയോണ്‍ മാര്‍ത്തോമാ ആരാധനാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും.
വണ്ടൂരിനടുത്ത് നടുവത്ത് തിങ്കളാഴ്ച മരിച്ച യുവാവിന് നിപ ബാധിച്ചതായി പൂനെ വൈറോളജി ലാബിന്റെ സ്ഥിരീകരണം. കോഴിക്കോട് വൈറോളജി ലാബില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനാ ഫലവും പോസിറ്റീവായിരുന്നു.
ബംഗളൂരുവില്‍ രണ്ട് മാസം മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലെത്തിയ ഇരുപത്തിമൂന്നുകാരനായ വിദ്യാര്‍ഥിയാണ് നിപ ബാധിച്ച് മരിച്ചത്. മഞ്ഞപ്പിത്ത രോഗം ഭേദമായി മടങ്ങിയ യുവാവ് കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സ തേടുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.
ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതല യോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു.
ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതുവരെ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്.
ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഐസൊലേഷനിലുള്ള അഞ്ച് പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിങ്് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
റ്റിജി തോമസ്
വളരെ നാളുകൾക്ക് ശേഷം തിലകവതിയുടെ പ്രൊഫൈൽ ഫോട്ടോ മാറിയിരിക്കുന്നു. നേരത്തെ മയിൽപീലിയും ചിത്രശലഭവും പക്ഷികളും മാത്രം കണ്ടിരുന്ന സ്ഥാനത്ത് ഇന്ന് അവളുടെ തന്നെ ചിത്രമാണ്. ചിത്രം അവളുടെ തന്നെയാണെന്ന് എനിക്ക് തോന്നുന്നതാണോ? ഒരു ദൂരക്കാഴ്ചയാണ് … മരങ്ങൾക്കിടയിൽ പുറംതിരിഞ്ഞ് നിൽക്കുന്ന തിലകവതിയുടെ ചിത്രം .
ഞാൻ തിലകവതിയെ വിളിച്ചു . മൊബൈൽ റിംഗ് ചെയ്യുന്നില്ല. വാട്സ് ആപ്പിൽ വിളിച്ചു. ഒരു പ്രതികരണവുമില്ല. അവൾ എവിടെയായിരിക്കും? ഈ ലോകത്ത് എവിടെയെങ്കിലും അവൾ ജീവനോടെ ഉണ്ടെന്നതിന് ആകെ ഉള്ള തെളിവ് അവളുടെ പുതിയ പ്രൊഫൈൽ ചിത്രം മാത്രമാണ്.
ഒരു മെസ്സേജ് എല്ലാവർക്കും അയച്ചാലോ?
തിലകവതി ജീവിച്ചിരിക്കുന്നു…
പക്ഷേ തിലകവതി ജീവിച്ചിരിക്കുന്നു എന്ന സന്ദേശത്തെ മറ്റുള്ളവർ എങ്ങനെ ഉൾക്കൊള്ളും എന്ന കാര്യത്തിൽ രേണുവിന് സംശയം തോന്നി . അതിന് പ്രധാന കാരണം അവൾ മരിച്ചു എന്ന ആശങ്ക അവർക്ക് ആർക്കും ഇല്ല എന്നതു തന്നെയാണ്. തിലകവതി ഈ ലോകത്തിലില്ല എന്ന വേവലാതി മനസ്സിൽ കൊണ്ടുനടന്ന വേറാരും തന്നെ അവളുടെ സൗഹൃദ വലയത്തിലില്ലല്ലോ…
ഈ ലോകത്ത് അവൾ ജീവിച്ചിരിക്കുന്നു എന്നതിൻറെ തെളിവായ തിലകവതിയുടെ ചിത്രത്തിലേയ്ക്ക് വീണ്ടും വീണ്ടും രേണു കണ്ണോടിച്ചു. ഫോട്ടോ കൂടുതൽ സൂക്ഷ്മമായി നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.
അത് താനെടുത്ത ചിത്രമാണ്. വർഷങ്ങൾക്ക് മുമ്പ് …
കോളേജിൽ നിന്ന് നടത്തിയ യാത്രകളിലാണ് ഞാനും തിലകവതിയും കൂടുതൽ അടുത്തത്. ഞങ്ങൾ പെൺകുട്ടികളുടെ സംഘത്തെ നയിച്ചത് തിലകവതിയായിരുന്നു.
മൂന്ന് മണിക്കൂർ ബസ് യാത്രയുണ്ട് തെന്മലയിലേയ്ക്ക്. അവിടെ നിന്ന് കാട്ടിനുള്ളിലെ താമസസ്ഥലത്തേയ്ക്ക് ചെന്നെത്താൻ ജീപ്പ് തന്നെ ശരണം. എല്ലാവർക്കും നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് തിലകവതി മുന്നിലുണ്ട്. ഇടയ്ക്കൊക്കെ അവളുടെ സംഭാഷണത്തിൽ തമിഴും കേറി വരും. തെങ്കാശിയാണല്ലോ അവളുടെ സ്വദേശം. അവൾക്ക് മലയാളത്തേക്കാൾ കൂടുതൽ വഴങ്ങുന്നത് തമിഴാണ്.
യാത്രയ്ക്കിടയ്ക്ക് പുനലൂരെത്തിയപ്പോൾ ഒരു ബസ് ചൂണ്ടി കാണിച്ച് അവൾ എന്നോട് പറഞ്ഞു .
ഇന്ത ബസ്സ് എന്നുടെ വിടുക്ക് പക്കമാങ്കും പോവത്
മിഴിച്ചു നോക്കിയിരുന്ന എന്നോട് അവൾ പറഞ്ഞു.
എടി…ഈ ബസ് എൻറെ വീടിൻറെ അടുത്തു കൂടിയാ പോകുന്നത്…
ഞങ്ങളുടെ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ആ ബസ്സിൽ ഓടി കയറും എന്ന ഭാവത്തിലാണ് അവളുടെ സംസാരം. ആ ബസ്സിലുള്ളവരെല്ലാം അവളുടെ സ്വന്തക്കാരാണെന്ന ഭാവത്തിൽ അവൾ അങ്ങോട്ട് വീണ്ടും വീണ്ടും നോക്കി. നിശബ്ദമായി എന്തോ സന്ദേശം അവൾ തന്റെ ഗ്രാമത്തിലേയ്ക്ക് കൈമാറിയതാവാം…
തിലകവതിയുടെ വിവിധ മുഖങ്ങൾ , ഭാവങ്ങൾ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ…
ഉൾകാട്ടിലൂടെ താമസസ്ഥലത്തേയ്ക്ക് ഞങ്ങൾ എത്തിച്ചേർന്നു. ഇവിടെ എല്ലാകാര്യത്തിലും അവൾക്ക് ഒരു പരിചിത ഭാവമുണ്ട്. രണ്ടാംവട്ടം ഇവിടെ വന്നതു കൊണ്ടുള്ള പരിചിതമാവാം. ഞാൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
നിൻറെ പരിചയക്കാരാണല്ലോ ഇവിടെ എല്ലാം ..
ഞാൻ ചോദിച്ചു , എൻറെ ചോദ്യത്തിന് മറ്റ് വല്ല അർത്ഥങ്ങളുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. പരിചയക്കാരെന്ന് ഞാൻ പറഞ്ഞത് ആരെ കുറിച്ചാണ്? എനിക്ക് തന്നെ എൻറെ ചോദ്യത്തിനോട് എന്തോ ഒരു വല്ലായ്മ തോന്നി. തിലകവതിയുടെ മുഖത്ത് ഒരു ഗൂഢ മന്ദസ്മിതം വിരിയുന്നത് ഞാൻ കണ്ടു .
ഞാൻ ഇവിടെ പലപ്പോഴും വന്നിട്ടുണ്ട്… അഞ്ച് പ്രാവശ്യമെങ്കിലും… ( തമിഴിൽ )
തിലകവതി പറഞ്ഞു.
എങ്ങനെ ? എപ്പോൾ ? … ഈ കാട്ടിനുള്ളിൽ അവൾ വന്നത് തന്നെയായിരിക്കുമോ?
അവളോട് ചോദിക്കാൻ വാക്കുകൾ നാവിൻ തുമ്പിൽ എത്തിയതാണ്. പക്ഷേ അവളുടെ ഉത്തരം ചിലപ്പോൾ ആവശ്യമില്ലാത്ത പല ചോദ്യങ്ങളും ഉയർത്തിയേക്കാം എന്നതാണ് എൻറെ മുന്നിലുള്ള അടുത്ത പ്രശ്നം. എന്നെ എല്ലാവരിൽ നിന്നും മാറ്റി നിർത്തി അവൾ പറഞ്ഞു.
” ഇവിടെയുള്ള മനുഷ്യരെ മാത്രമല്ല… എല്ലാവരെയും എനിക്ക് പരിചയമുണ്ട്.. നിന്നെ ഞാൻ കാണിച്ചു തരാം…”
അവൾ എന്നെ തൊട്ടടുത്ത പൊട്ട കിണറിനടുത്തേയ്ക്ക് കൊണ്ടുപോയി…
“കഴിഞ്ഞതവണ വന്നപ്പോൾ ഈ കിണറ്റിലെ പൊത്തിൽ ചൂള കാക്കയുടെ കൂടുണ്ടായിരുന്നു… ”
തിലകവതി പറഞ്ഞു.
“ഇത്തവണയും കൂടുണ്ട്…”
ചൂള കാക്കകൾ കുഞ്ഞുങ്ങൾക്ക് ഇര തേടി കൊടുക്കുന്നത് ഒളിച്ചിരുന്ന് അവൾ എനിക്ക് കാണിച്ചു തന്നു. കൂട്ടത്തിൽ വന്നവരെല്ലാം അങ്ങ് മാറി നിന്ന് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
“നിനക്ക് പേടിയുണ്ടോ…” “എന്തിന്..” ഞാൻ ചോദിച്ചു .
“നമുക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങിയാലോ..”
” ഒത്തിരി ദൂരേയ്ക്ക് പോകണ്ട…” എൻ്റെ ഉത്തരത്തിലെ ഇടർച്ചയുടെ താളം മനസ്സിലാക്കിയിട്ടാകാം അവൾ തുടർന്നു.
” ഇപ്പോഴല്ല… എല്ലാവരും ഉറങ്ങിയിട്ട്…”
” രാത്രിയിലോ.. ” ആ സ്വരത്തിൽ തന്നെ എൻറെ പേടിയും നിഷേധങ്ങളും അടങ്ങിയിരുന്നു.
” ഞാൻ കാട്ടിൽ ആദ്യമായാണ്…”
” നീ പേടിക്കേണ്ട ആരും നമ്മളെ ഒന്നും ചെയ്യില്ല. അവർക്ക് അവരുടെ വഴി. നമ്മൾക്ക് നമ്മുടേതും…”
” ആർക്ക് …ആനയുടെയും പാമ്പിനെയും പുലിയുടെയും കാര്യമാണോ നീ പറയുന്നത്…
“അല്ലടി … അതൊക്കെ ഞാൻ നിന്നോട് പിന്നെ പറയാം …”
അത് പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു . ഞങ്ങൾ എല്ലാവരുടെയും ഒപ്പം ചേർന്നു …
അന്നത്തെ എല്ലാ പരിപാടികളും കഴിഞ്ഞ് എല്ലാവരും ഉറക്കം പിടിച്ചപ്പോൾ രാത്രി പത്ത് മണി കഴിഞ്ഞു. തിലകവതിയും ഞാനും ഉറങ്ങിയിട്ടില്ല. നല്ല തണുപ്പാണ്. ചീവീടുകളുടെ സ്വരം. ഇടയ്ക്ക് പേരറിയാത്ത പക്ഷികളുടെ കുറുകലുകൾ കേൾക്കാം . അതോ ജീവൻ വെടിയുന്നതിന് മുമ്പുള്ള തേങ്ങലുകളാണോ …?
അന്ന് പകല് കാട്ടിലൂടെ നടന്നപ്പോൾ പക്ഷിയെ കണ്ടില്ലെങ്കിൽ പോലും അവരുടെ സ്വരങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് തിലകവതി പേര് പറഞ്ഞത് ഓർത്തു. കാട്ടുകോഴി… മാക്കാച്ചി കാട…മരതക പ്രാവ് …
അകലെ ഇരുട്ടിലേക്ക് നോക്കി തിലകവതി പറഞ്ഞു
” ഈ കുറുകുന്നത് സൈരദ്രി നത്ത് ആണ് … ബാക്കിയെല്ലാം ഉറങ്ങിയിട്ടുണ്ടാവും … നമ്മുടെ കൂട്ടുകാരെ പോലെ ”
ഇപ്പോൾ ഭയപ്പെടുത്തുന്ന നിശബ്ദതയാണ്…
“നീ എന്താണ് പറയാമെന്ന് പറഞ്ഞത്…”
ഞാൻ ചോദിച്ചു.
അവൾ വാതിൽ തുറന്ന് കാടിൻറെ വന്യതയിലേക്ക് എന്തിനെയോ തേടി ഇറങ്ങുമോ എന്ന് ന്യായമായും ഞാൻ ഭയപ്പെട്ടു. ഞാൻ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു. നല്ല ചൂടുണ്ട്.
” നിനക്ക് പനിക്കുന്നുണ്ടോ…”
” ഇല്ല…” (തമിഴിൽ )
ഇരുട്ടത്തും അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉള്ളതായി എനിക്ക് കാണാമായിരുന്നു. അവൾ എന്തെങ്കിലും ഇനി തമിഴിൽ പറയുമോ എന്ന് എനിക്ക് ഭയം തോന്നി. ഭാഷയുടെ ഒപ്പം അവളുടെ മുഖഭാവങ്ങളും എന്നെ ആശങ്കപ്പെടുത്തുന്നുണ്ട് . തമിഴിൽ സംസാരിക്കുമ്പോൾ അവൾ ഭൂതകാലത്തിലേയ്ക്ക് എവിടെയൊക്കെയോ തൂങ്ങി മറയുന്നതിന്റെ ആഴം എനിക്ക് കാണാം. ചുറ്റും കിടന്നുറങ്ങുന്ന പരിചയക്കാരൊക്കെ വേറെ ആരോ ആണെന്ന് എനിക്ക് തോന്നി. അവൾ മുടി അഴിച്ചിട്ടിരിക്കുകയാണ്. മുടിയിഴകൾക്കിടയിലൂടെ അവൾ ധരിച്ചിരിക്കുന്ന കമ്മലും മൂക്കുത്തിയും എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കമ്മലും മൂക്കുത്തിയും.
” നിനക്ക് പേടിയുണ്ടോ..” ( തമിഴിൽ ) ഞാൻ എന്തിനു പേടിക്കണമെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ ഞാൻ അവളെ മിഴിച്ചു നോക്കി.
ചീവീടിന്റെ ശബ്ദം ഇപ്പോൾ ചെവികളിൽ തുളച്ചുകയറുന്നത്ര അസഹനീയമാണ് . പണ്ടെങ്ങോ ചീവീടുകളുടെ ശബ്ദം നിലയ്ക്കാൻ ഉറക്കെ കൈകൊട്ടുന്ന വീട്ടിലെ ഓർമ്മ മനസിലേയ്ക്ക് ഓടിയെത്തി … പാതിരാത്രിക്ക് ഈ കാട്ടിനുള്ളിൽ ഉണർന്നിരിക്കുന്നത് ഞങ്ങൾ മാത്രമാണോ?
എനിക്ക് അവളുടെ മുഖം കാണണമെന്നു തോന്നി. ലൈറ്റിട്ടാൽ എല്ലാവരും ഉണർന്നേക്കും. ഞാൻ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ചു.
കാട്ടിലെ തണുപ്പിലും തിലകവതി വിയർത്തു കുളിച്ചിരുന്നു. അവൾ എൻറെ കൈയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി . പിന്നെ അവളുടെ പെട്ടി തുറന്ന് ബാഗിൽ നിന്ന് ഒരു തുണിസഞ്ചി പുറത്തെടുത്തു. തമിഴ് ലിപികളിൽ എന്തോ എഴുതിയ തുണി സഞ്ചി . അതിനുള്ളിൽ വീണ്ടും ഒരു കടലാസ് പൊതി. അതിനുള്ളിൽ നിന്ന് ഒരു പഴയ നോട്ട്ബുക്ക് അവൾ എനിക്ക് എടുത്തു തന്നു. ഒന്ന് മുറുകെ പിടിച്ചാൽ ആ കടലാസ് കഷണങ്ങൾ എൻറെ കൈയ്യിലിരുന്ന് പൊടിഞ്ഞ് ചാരമായി പോകുമോ… ഞാൻ താളുകൾ മറിച്ചു… മങ്ങിയ അക്ഷരങ്ങൾ. മൊബൈൽ വെളിച്ചം ചേർത്തുപിടിച്ചു. എനിക്ക് തമിഴ് വായിക്കാൻ അറിയില്ലെന്ന് അവൾക്ക് അറിയില്ലേ…
” ഇത് എൻറെ മുതുമുത്തശ്ശന് തലമുറകളായി കൈമാറി കിട്ടിയതാ … നീ എന്നെ സഹായിക്കണം … എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്…”
അവൾ എൻറെ കൈപിടിച്ചു കൊണ്ട് പറഞ്ഞു …
അന്നാണ് ഞാൻ ശ്രദ്ധിച്ചത് അവളുടെ കൈയ്യിൽ നല്ല തഴമ്പാണ്.
അവൾ എൻറെ കൈയ്യിലേയ്ക്ക് ബുക്ക് തന്നു.
താളുകൾ മറിച്ചു നോക്കി.
തമിഴിലാണ് എഴുതിയിരിക്കുന്നതെന്ന്. അവൾക്ക് അറിയാമെന്ന് എനിക്ക് പൂർണ്ണ ബോധ്യമുള്ള കാര്യം വീണ്ടും പറഞ്ഞു.
” എനിക്ക് തമിഴ് അറിയില്ല…”
” നീ ശ്രദ്ധിച്ചോ… ? ഇതിന്റെ കുറെ പേജുകളെ ഉള്ളൂ തമിഴിൽ … പിന്നീട് ഉള്ളതെല്ലാം… എനിക്കും വായിക്കാനറിയില്ല…”
എൻറെ സംസാരത്തിലുള്ളതിലും നിസ്സഹായത നിഴലിക്കുന്ന രീതിയിലായിരുന്നു അവളുടെ ശബ്ദം.
എത്രയോ നാളുകൾ കോളേജ് ഹോസ്റ്റലിൽ ഞങ്ങൾ ഒന്നിച്ച് താമസിക്കുന്നു. മനസ്സിൻറെ എന്തെല്ലാം രഹസ്യങ്ങൾ ഞങ്ങൾ പങ്കിട്ടിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിൻറെ ദുരൂഹത നിറച്ച് ഈ നോട്ട്ബുക്ക് എന്തിനവൾ എന്നിൽ നിന്ന് മറച്ചുവെച്ചു ? നീണ്ട സൗഹൃദ കാലത്ത് ഒട്ടും സംസാരിക്കാതെ ഈ കാടിൻ്റെ വന്യതയിൽ രാത്രിയുടെ നിശബ്ദതയിൽ അർദ്ധരാത്രിയിൽ എന്ത് രഹസ്യമാണ് അവൾക്ക് എന്നോട് കൈമാറാനുള്ളത്. എന്നോട് എന്തോ പങ്കുവയ്ക്കാനുള്ളതിനപ്പുറം അവൾ എന്നിൽ നിന്ന് എന്തൊക്കയാണ് മറച്ചു വയ്ക്കുന്നത് .
വർഷങ്ങൾക്കപ്പുറം തിലകവതിയുടെ മുതു മുത്തശ്ശന്മാരുടെ ആരുടെയോ കാലത്ത് ദേശമാകെ വരണ്ട് ഉണങ്ങി കൃഷി നശിച്ചപ്പോൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് കുടിയേറിയതാണന്നാണ് അവൾക്ക് പരമ്പരാഗതമായി കിട്ടിയ അറിവ് . പക്ഷേ തിലകവതിയുടെ സ്വപ്നങ്ങളിലെത്തുന്ന കുതിര കുളമ്പടിയുടെ ശബ്ദങ്ങൾക്കൊപ്പം ഒരു പാലായനത്തിന്റെ അവ്യക്ത ദൃശ്യങ്ങൾ അവളെ അലട്ടാൻ തുടങ്ങിയിട്ട് നാളുകളായി . ഇവിടെ ഈ കാട്ടിലെ മലമ്പാതയിൽ ആദ്യമായി വന്നപ്പോൾ വഴിയരികിൽ കുഴിച്ചിട്ടിരിക്കുന്ന ശിലാഫലകങ്ങളിൽ ആർക്കും മനസ്സിലാകാത്ത ലിപികൾക്കും തൻറെ ബുക്കിലെ അക്ഷരങ്ങൾക്കും തമ്മിലെ സാമ്യം മനസ്സിലായപ്പോൾ മുതലാണ് ആവർത്തിച്ചുള്ള സ്വപ്നങ്ങൾ അവളെ അലട്ടാൻ തുടങ്ങിയത്.
പിന്നെ തിലകവതിയുടേത് തൻറെ വേരുകൾ തേടിയുള്ള യാത്രയായിരുന്നു.ചോര ചോള പാണ്ഡ്യ പടയോട്ടത്തിൽ തൻറെ പൂർവികർ പങ്കു ചേർന്ന് രക്ഷപ്പെട്ടെത്തിയ മലമ്പാതകളിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞത് ഇവിടെ വന്നപ്പോഴാണ്. തിലകവതിയുടെ ദേഹം വിറയ്ക്കുന്നത് എനിക്കറിയാം… ഒരു പ്രേതബാധ പോലെ അവൾ വിറയ്ക്കുന്നുണ്ട്.
ഇന്ന് കാടിൻറെ ഉള്ളിലൂടെ നടന്നപ്പോൾ കണ്ട ശിലാഫലകങ്ങളും വഴികളുടെ രേഖാചിത്രങ്ങളും അവളുടെ പഴയ നോട്ട് ബുക്കിൽ കണ്ടപ്പോൾ ഞെട്ടിയത് ഞാനാണ്.
പണ്ട് ഏതോ രാജ്യം പിടിച്ചെടുത്ത് കൊള്ളയടിച്ച ശത്രു രാജാവിൻറെ പടയാളികളിൽ നിന്ന് രക്ഷപ്പെട്ട് തൻറെ പിന്മുറക്കാർ വന്ന മലമ്പാതയിലെ പാദസ്പർശനങ്ങൾ എല്ലാ ദിവസവും തൊട്ടറിയുന്ന തിലകവതിയുടെ മനസ്സിൻറെ ചൂട് എനിക്ക് അനുഭവിക്കാനായി ..
പുസ്തകത്തിൻറെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയ ഗുഹയുടെ പടങ്ങൾ അവൾ എനിക്ക് കാട്ടിത്തന്നു. ഇത് മുനിയറകളാണ്. തൻറെ ബുദ്ധമത വിശ്വാസികളായ പിതാക്കന്മാർ അവസാനകാലത്ത് വാനപ്രസ്ഥവും നിർവാണവുമായി തിരഞ്ഞെടുത്ത മുനിയറകൾ…
ഇത് എവിടെയാ…
ഞാൻ ചോദിച്ചു .
ഇവിടെ നിന്നും കുറെ പോകണം.
അങ്ങ് അകലെ അഗസ്ത്യാമലയിൽ…
അകലെ എന്ന വാക്ക് തന്നെ എന്നെ ഭയപ്പെടുത്തുന്നതായിരുന്നു . ഇപ്പോൾ തന്നെ കാട്ടിനുള്ളിലാണ്. ഉൾക്കാട്ടിൽ എവിടെയോ മുനിയറകളിൽ തലമുറകൾക്കപ്പുറത്ത് തമിഴ്നാട്ടിലെ ഏതോ രാജവംശത്തിന്റെ പടപ്പുറപ്പാടിന്റെ ബാക്കിപത്രമായി എത്തിച്ചേർന്നവരുമായി പാരമ്പര്യത്തിന്റെ കണ്ണികളിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി…
ദിശാസൂചകങ്ങളായി കൈയ്യിലുള്ളത് വർഷങ്ങൾ പഴക്കമുള്ള പൊടിഞ്ഞു പോകാറായ ഒരു നോട്ടുബുക്കും .
മധുരയിൽ നിന്ന് പാണ്ടി മൊട്ട വഴി അഗസ്ത്യ മലയിലേയ്ക്കുള്ള വഴിയുടെ വിശദമായ രേഖാചിത്രം. ഇടയ്ക്ക് വിശ്രമത്തിനുള്ള വെള്ളത്തിന്റെ ലഭ്യതയുള്ള താവളങ്ങൾ വരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എനിക്ക് ഈ വഴി ഒന്ന് പോകണം…
ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് എന്ത് ചെയ്യാനാകും എന്ന് എൻറെ മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം അവൾ ദൃഷ്ടി ദൂരത്തേയ്ക്ക് പായിച്ചു . പാതയുടെയും അടയാളങ്ങൾ രേഖപ്പെടുത്തിയ താളുകൾ കാണിച്ച് അവൾ പറഞ്ഞു .
ബുക്കിൽ ചിലയിടങ്ങളിൽ പാണ്ഡ്യന്മാരുടെ വംശ അധികാരത്തിന്റെ മുദ്രയായ പനയും തിരുവിതാംകൂറിന്റെ ശംഖും അവളെനിക്ക് കാണിച്ച് തന്നു.
നീ എത്ര നാളായി ഈങ്ങനെ ചിന്തിക്കാൻ തുടങ്ങിയിട്ട്.
എൻറെ ചോദ്യത്തിന് ഒരു ഇഷ്ടപ്പെടാത്ത നോട്ടമായിരുന്നു അവളുടെ മറുപടി . ഞാൻ അവളെ നിർബന്ധിച്ച് ഉറങ്ങാൻ പറഞ്ഞു. അവൾക്ക് ഉറങ്ങാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അവളുടെ കാടിനോടുള്ള പ്രണയത്തിൻറെ പിന്നിലെ രഹസ്യങ്ങൾ ഇപ്പോൾ മറ്റൊരാൾക്കും മനസ്സിലായതിൻ്റെ തീക്കനൽ അവളുടെ നെഞ്ചിൽ എരിയുന്നുണ്ടാവും
പിന്നീട് കുറെ നാളുകൾ ഞങ്ങൾക്ക് ഈ വിഷയം ഒരു അടഞ്ഞ അധ്യായം ആയിരുന്നു. ഒരിക്കൽ അവളുടെ പിൻകഴുത്തിൽ പച്ചകുത്തിയ പനയുടെ രൂപം വീണ്ടും ആ പഴയ പുസ്തക താളുകളെ കുറിച്ച് അവളോട് ചോദിക്കാൻ എന്നെ പ്രേരിപ്പിച്ചു.
അന്ന് അവൾ പറഞ്ഞ കഥ വേറൊന്നായിരുന്നു. അവൾ കണ്ണകി ക്ഷേത്രത്തിൽ പോയത്രേ…
അവിടെനിന്ന് മധുരയിലേയ്ക്ക് ഒരു രഹസ്യ തുരങ്കമുണ്ടെന്ന് അവളുടെ പഴയ ബുക്കിൽ ഉണ്ടത്രേ.
പടയോട്ടങ്ങളുടെ വിജയ പരാജയങ്ങൾ അനുസ്‌മരിച്ച് തുരങ്കത്തിലൂടെയുള്ള അവളുടെ സ്വപനയാത്രകളിൽ പാണ്ഢ്യന്മാരുടെ അധികാര ചിന്ഹങ്ങളുടെ അടയാളമായി പനയുടെ മുദ്രകൾ അവളുടെ സ്വപ്നങ്ങളിൽ കടന്നു വന്നുവത്രെ .
ഒരിക്കൽ എന്നെ അവളുടെ നാട്ടിൽ കൊണ്ടുപോയി.
എനിക്ക് അവളുടെ അപ്പയോടും അമ്മയോടും ചോദിക്കണമെന്നുണ്ടായിരുന്നു…. തിലകവതി പറയുന്ന പൂർവ പിതാക്കന്മാരുടെ പടയോട്ടത്തെ കുറിച്ചും പാലായനങ്ങളെ കുറിച്ചും ഒപ്പം അവളുടെ വിഭ്രാത്തി നിറഞ്ഞ സ്വപ്നങ്ങളുടെയും കഥകളുടെയും രഹസ്യങ്ങളുടെ വാസ്തവത്തെ കുറിച്ചും…
തിലകവതിയുടെ ചിന്തകളെ കുറിച്ച് അവർക്ക് എന്തെങ്കിലും അറിയാമോ എന്ന് എനിക്ക് സംശയം തോന്നി…
കോളേജിൽ നിന്ന് പടിയിറങ്ങി രണ്ടു വർഷത്തിനുശേഷം മിത്തുകളും സങ്കൽപ്പങ്ങളും കോർത്തിണക്കി ഞാനുമായി പങ്കുവെച്ച കഥകളും അവളുടെ സ്വപ്‍ന സഞ്ചാരങ്ങളും സംയോചിപ്പിച്ചു അവൾ ഒരു ലേഖനം പ്രസിദ്ധികരിച്ചത് എനിക്ക് അയച്ചു തന്നു. അതിർത്തി മുദ്രകൾ എന്നായിരുന്നു അവൾ തന്റെ ലേഖനത്തിന് നൽകിയ പേര് .
ഞാൻ അവൾക്ക് മറുപടി അയച്ചു.
ഇതിൻറെ പേര് തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ എന്നാകുന്നതായിരിക്കും ഉചിതം.
അവൾ അയച്ച മറുപടിയിൽ ഒരു പനയുടെയും ശംഖിന്റെയും മുദ്രകൾ ഇമോജിയായി ചേർത്തിരുന്നു.
ഇതായിരുന്നു ഞങ്ങൾ തമ്മിൽ നടത്തിയ അവസാനത്തെ ആശയവിനിമയം. പിന്നീട് ഞാൻ അയച്ച സന്ദേശങ്ങൾ ഒന്നും തന്നെ അവൾ കണ്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം അവളുടെ സജീവമായ പ്രൊഫൈൽ ഫോട്ടോയിലേയ്ക്ക് ഞാൻ നോക്കി…
എന്നിട്ട് എഴുതി…
തിലകവതി… നീ ജീവിച്ചിരിപ്പുണ്ടോ… അതോ … നിൻറെ സ്വപ്നങ്ങളുമായി ആനന്ത വിസ്മൃതിയിലാണോ… ഇല്ല… ഇതുവരെ അവൾ എന്റെ മെസ്സേജ് കണ്ടിട്ടില്ല.
റ്റിജി തോമസ് :റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
പ്രൊഫ. കവിയൂർ ശിവപ്രസാദ്
ലോകമെമ്പാടുമുള്ള മലയാളികൾ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഒരു ആനന്ദോത്സവമാണ് ഓണം. പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത് അനുസരിച്ച് മഹാബലി കഥയിൽ അധിഷ്ഠിതമായ ഒരു ഓണ സങ്കല്പമാണ് നമുക്കുള്ളത് . അത് പ്രകാരം മഹാബലി ഒരു ധീര രക്തസാക്ഷിയും വാമനൻ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രവുമാണ്.
കൗതൂഹലം മനസ്സിൽ മറ്റൊന്നില്ലില്ലിത്ര നഹി
വേദാന്ത സാരമിതു കേൾപ്പുണ്ടു ഭാഗവതം.
വേദം വ്യസിച്ച മുനി മോദം വരാഞ്ഞ്
പുനരേകച്ചരാകില നാരായണായ നമ:
എന്ന ഹരിനാമ കീർത്തനത്തിൽ പറയുന്നതു പ്രകാരം പതിനെട്ടു പുരാണ കർത്താവായ വേദങ്ങളെ വ്യസിച്ച വ്യാസ മഹർഷി രചിച്ച ഭാഗവതത്തിലാണ് വാമനാവതാര കഥ വിവരിക്കുന്നത്. വിഷ്ണുപുരാണം, വാമനപുരാണം, മഹാഭാരതം, യോഗ വസിഷ്ഠം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളിലും വിശദീകരണങ്ങൾ ഉണ്ട്. എങ്കിലും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ രചിക്കപ്പെട്ട ശ്രീ മഹാഭാഗവതം അഷ്ടമ സ്‌കന്ധത്തിലാണ് ഈ കഥ വിശദീകരിക്കുന്നത്. അതിൽ വിസ്തരിക്കുന്ന കഥ താഴെ പറയുന്ന പ്രകാരം ആണ്.
ബ്രഹ്മപുത്രനായ മരീചിയുടെ പുത്രനായ കശ്യപ പ്രജാപതിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു അദിതിയും ദിതിയും. ഇതിൽ അദിതിയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ ദൈത്യന്മാരും (അസുരന്മാരും ) ഉണ്ടായി. ഇവർ പരസ്പരം കലഹിച്ചു കൊണ്ടേയിരുന്നു. ഇവർ തമ്മിൽ കൊടും യുദ്ധങ്ങൾ പോലും ഉണ്ടായി. ദിതിയുടെ പുത്രന്മാരിൽ ഹിരണ്യാക്ഷൻ , ഹിരണ്യ കശിപു, ശൂരപത്മാവ് , സിംഹ വക്ത്രൻ, താരകാസുരൻ ഗോമുഖൻ എന്നിവർ വളരെ കരുത്തരും കുപ്രസിദ്ധരുമായിരുന്നു. ഹിരണ്യ കശിപുവിൻെറ പുത്രന്മാരായി പ്രഹ്ളാദൻ , സംഹ്ളാദൻ, ഹ്രാദൻ, അനുഹ്രാദൻ എന്നിവരിൽ പ്രഹ്ളാദ പുത്രനായി വിരോചനൻ ജനിച്ചു.
വിരോചന പുത്രനാണ് ബലി. പിന്നീട് ബലിയുടെ പുത്രനായി ബാണനും, ബാണ പുത്രന്മാരായി നിവാത കവചന്മാരും, നാലു കോടിയിലേറെ അസുരന്മാരും ജനിച്ചു.
യൗവനത്തിൽ തന്നെ ബലി ഇന്ദ്രനോട് യുദ്ധം ചെയ്ത് പരാജിതനായി പ്രാണഹാനി സംഭവിച്ചുവെങ്കിലും അസുര ഗുരുവായ ശുക്രാചാര്യർ ബലിയെ പുനർ ജീവിപ്പിച്ചു. ഒപ്പം ഇന്ദ്രനെ തോൽപ്പിക്കണമെന്ന ബലിയുടെ വൈരാഗ്യ ബുദ്ധിയും കൂടിയായപ്പോൾ അസുരന്മാർ അജയ്യരായി. തുടർന്നുള്ള കഥകൾ കേരളത്തിൽ എല്ലാവർക്കും അറിവുള്ളതു തന്നെ .
ഭദ്രമാസത്തിലെ ശുക്ലപക്ഷത്തിൽ, 12-ാം തിഥിയിൽ ശ്രാവണ നക്ഷത്രത്തിൽ (തിരുവോണം) അഭിജിത് മുഹൂർത്തത്തിൽ മഹാവിഷ്ണു വാമനാവതാരം പൂണ്ടു. ഈ കാലത്ത് നർമ്മദാ നദിയുടെ വടക്കേ തീരത്ത് ഭൃഗു കഛകമെന്ന സ്ഥലത്ത് മഹാബലി യാഗം നടത്തി. (നർമ്മദാ തീരം ഗുജറാത്തിൽ ആണെന്ന് ഓർക്കുക.) തത്സമയം വാമനൻ അവിടെ എത്തുകയും അവിടെയുണ്ടായിരുന്നവരെ വിസ്മയിപ്പിക്കുകയും ചെയ്തു. ആഗമനോദ്ദേശം ആരാഞ്ഞ മഹാബലിയോട് ഭഗവാൻ, തപസ്സനുഷ്ഠിക്കുവാൻ മൂന്നടി മണ്ണ് വേണമെന്ന് പറയുകയും മഹാബലി പുച്ഛത്തോടെ ആ ആവശ്യം അംഗീകരിക്കുകയും വിശ്വരൂപം പ്രാപിച്ച വാമനൻ രണ്ടു ചുവടു കൊണ്ട് ത്രിഭുവനം അളന്നു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടു വയ്ക്കാൻ സ്ഥലമില്ലാതായപ്പോൾ മഹാബലി നമ്രശിരസ്കനായി തൻറെ തല താഴ്ത്തി വാമനനു മുമ്പിൽ നമസ്കരിച്ചു. മൂന്നാമത്തെ ചുവട് ബലി ശിരസ്സിൽ വച്ച് അദ്ദേഹത്തെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി ആണ്ടു തോറും ചിങ്ങം മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ തന്റെ പ്രജകളെ കാണുവാൻ അനുവാദവും കൊടുത്തു. ഈ കഥയാണ് കേരളത്തിലാകമാനം പ്രചുര പ്രചാരം ലഭിച്ച ഓണക്കഥ.
ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചരിത്ര ദൃഷ്ട്യയിൽ പരിശോധിക്കുമ്പോൾ കാണാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. എ. ഡി നാലാം ശതകത്തിൽ മധുരൈ കാഞ്ചി എന്ന തമിഴ് കൃതിയിൽ ഓണാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. പ്രാചീന തമിഴ് കവിയായ തിരുജ്ഞാന സംബന്ധരുടെ കൃതികളിലും ഓണാഘോഷം പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ‘പല്ലാണ്ട് ‘ എന്ന കൃതിയിലും ഓണം പരാമർശ വിഷയമാകുന്നുണ്ട്. എ ഡി 9-ാം ശതകത്തിൽ തന്നെ സ്ഥാണു രവി എന്ന ഭരണാധികാരി തിരുവല്ലയ്ക്കടുത്തുള്ള തിരുവാറ്റ ക്ഷേത്രത്തിൽ ഓണം ആഘോഷിക്കുവാൻ ഭൂമിദാനം ചെയ്തതിനെപ്പറ്റി തൻറെ ശാസനത്തിൽ പറയുന്നുണ്ട്. പതിറ്റുപ്പത്ത് എന്ന തമിഴ് കൃതിയിൽ 11-ാം നൂറ്റാണ്ടിൽ ഇവിടെ ഓണം ആഘോഷിച്ചിരുന്നു എന്നു സംശയലേശമന്യേ പറയുന്നുണ്ട് . ചില കാര്യങ്ങൾ പരിശോധിക്കുമ്പോൾ എ . ഡി ഒന്നാം ശതകത്തിൽ കേരളം ഭരിച്ചിരുന്ന ധർമ്മിഷ്ഠനായ രാജാവിൻറെ കഥയുമായി ബന്ധപ്പെടുത്തവുന്നതാണ് . അദ്ദേഹത്തിൻറെ പേര് നെടുംചേരലാതൻ എന്നാണ് . ഇനി മറ്റൊരു തലത്തിലേയ്ക്ക് നോക്കിയാൽ ഇതൊരു ബൗദ്ധ ആചാരമാണെന്ന് കാണാൻ കഴിയും.
ലോകത്ത് എമ്പാടുമുള്ള വിവിധ മതങ്ങളെയെല്ലാം സഹർഷം സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരമാണ് കേരളത്തിനുള്ളത്. സഹ്യപർവ്വതത്തിനപ്പുറമുള്ള ജൈനബുദ്ധ മതങ്ങളെയും കടൽ കടന്നു വന്ന ഇസ്ലാം യഹൂദ ക്രിസ്തു മതങ്ങളെയും കേരളം സന്തോഷം സ്വീകരിച്ചു. എന്നാൽ ആദ്യം വന്നത് ജൈന ബുദ്ധ മത വിഭാഗമാണെന്ന് കാണാവുന്നതാണ്. ഇതിൽ തന്നെ ബൗദ്ധ സന്ദേശങ്ങൾക്കാണ് പ്രചാരം ലഭിച്ചത്. ബുദ്ധമത വിശ്വാസികളായ രാജാക്കന്മാർ കേരളത്തിലും ദക്ഷിണേന്ത്യയിൽ മറ്റു ഭാഗങ്ങളിലും വ്യാപിച്ചിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്. ബുദ്ധമത വിശ്വാസിയും ജനക്ഷേമ തല്പരനുമായ ഒരു കേരള ചക്രവർത്തിയെ ബ്രാഹ്മണ ക്ഷത്രിയ അധിനി വേശത്തിൽ നിഷ്കാസിതനാക്കിയ ഒരു ചരിത്രം നമുക്ക് ഉണ്ട്. കേരളത്തിലെ വിളവെടുപ്പ് മഹോത്സവവുമായി ആഘോഷിച്ചിരുന്ന ഒരു അനുഷ്ഠാനമായിരുന്നു ഓണം . ബ്രാഹ്മണ ക്ഷത്രിയ അധിനിവേശത്തിലൂടെ രാജ്യഭാരം ത്യജിക്കേണ്ടി വന്ന ചക്രവർത്തിയുടെ അനുസ്മരണമായി ഓണാഘോഷത്തെ പരിഗണിക്കാവുന്നതാണ്. മഹാബലി വാമന കഥയ്ക്ക് മത സ്വാധീനം കൊണ്ടു വരികയും ഹൈന്ദവ വൽക്കരണത്തിന്റെ ഭാഗമായി ചാതുർ വർണ്യ വ്യവസ്ഥിതി ബ്രാഹ്മണാദികൾ സ്ഥാപിച്ച് ബ്രാഹ്മണരെ ഭുസുരരാക്കി ദേവ വർഗ്ഗമാക്കി വേർതിരിക്കയും ജാതി വ്യത്യാസം ഇല്ലാത്ത സർവ്വമത സാഹോദര്യം പ്രതിഷ്ഠിതമാക്കിയ ബുദ്ധമതക്കാരെ അസുരന്മാരാക്കി വേർതിരിക്കുകയും ചെയ്തിരുന്നതായുള്ള പഠനങ്ങൾ ഉണ്ട്. പ്രജാക്ഷേമ തത്പരനായ മഹാബലിയെ ഭ്രഷ്ടനാക്കിയത് അദ്ദേഹം അസുരനായതിനാലാണെന്ന് മനസ്സിലാക്കാം. തിരുവോണം – ഓണം എന്നീ പദങ്ങളുടെ തത്ഭവമായ ശ്രാവണം സംസ്കൃതമാണ്, അതാകട്ടെ ബൗദ്ധവുമാണ്. ബുദ്ധ ശിഷ്യന്മാരെ ശ്രാവണന്മാർ എന്നും ബുദ്ധനെ തന്നെ ശ്രാവണൻ എന്നും വിളിച്ചിരുന്നു. ഭഗവാൻ ബുദ്ധൻ ശ്രാവണ പദത്തിലെത്തിയ ശിഷ്യന്മാർക്ക് മഞ്ഞ വസ്ത്രം നൽകി സ്വീകരിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് ‘ഓണക്കോടി ‘ കൊടുക്കുന്നത്. ഇത്തരം വസ്ത്രങ്ങൾക്കും മഞ്ഞപ്പൂക്കൾക്കും ഓണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് .
ബുദ്ധമതക്കാരെ തുരത്തി ഓടിക്കുന്നതിനായി അക്രമങ്ങളും ഹിംസകളും നടന്നിട്ടുള്ളതായി കാണാവുന്നതാണ്. അതിൻ്റെ പ്രാക് രൂപമാണ് ഓണത്തല്ലും, വേലകളിയും, പടയണിയും മറ്റും എന്ന് അനുമാനിക്കാവുന്നതാണ്.
വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ, ഇവിടുത്തെ ഇത്തരത്തിലുള്ള അനുഷ്ഠാനങ്ങളെ പറ്റി പറയുന്നുണ്ട്. വിശിഷ്യ : ബർത്തലോമ്യയുടെ വിവരണത്തിൽ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ – എട്ടു ദിവസം നീണ്ടുനിന്നിരുന്ന ഓണാഘോഷത്തെപ്പറ്റി പറയുമ്പോൾ വീടെല്ലാം ചാണകം മെഴുകി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും പഴയ മൺപാത്രങ്ങൾ കളഞ്ഞ് പുതിയത് വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു. ചെറുപ്പക്കാർ രണ്ട് ചേരിയിലായി നിരന്നു നിന്ന് കമ്പുകൾ കൊണ്ടുള്ള അസ്ത്രങ്ങൾ അയയ്ക്കുകയും ഇതൊരു വിനോദ കളിയായി മാറുകയും ചെയ്തിരുന്നു. ഈ കളികൾക്ക് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കായിക വിനോദങ്ങളുമായി സാമ്യമുണ്ട്. വിഷർ, ഫോർബ്സ് തുടങ്ങിയ സഞ്ചാരികൾ ഇത്തരം കളികളെ കുറിച്ച് തങ്ങളുടെ യാത്രാ വിവരണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വേണാട്ട് രാജാക്കന്മാർ ഓണ ദിവസം കോടി വസ്ത്രത്തോടൊപ്പം ഓണവില്ല് കൂടി മേൽശാന്തിയിൽ നിന്നും വാങ്ങുന്നതായി ഉള്ള ചടങ്ങ് ഉണ്ട്. സംഘക്കളിയിൽ ബ്രാഹ്മണർ ബുദ്ധമതക്കാരെ ഓടിക്കുന്നതിനായി ആയുധം എടുക്കുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിലും ഓണാഘോഷം പ്രാചീനകാലം മുതലെ അനുഷ്ഠിച്ചതായി സംഘകാല കൃതിയായ “മധുരൈക്കാഞ്ചി ” എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ‘മരുതനാരു’ടെ കൃതിയിൽ ക്ഷേത്രമുറ്റത്ത് ക്രീഡാ യുദ്ധങ്ങൾ നടന്നിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. ഇത് ഓണാഘോഷവുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം ദൃഢനിശ്ചയത്തോടെ പറയുന്നു . ചേരിപ്പോര് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ‘മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ‘ – ജാതി മത വർഗ്ഗ വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല കാലത്തെ സ്മരിച്ചു കൊണ്ട് ഈ വർഷവും നമുക്ക് ഓണം ആഘോഷിക്കാം!
പ്രൊഫ. കവിയൂർ ശിവപ്രസാദ്
എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.