നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതൊടൊപ്പം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗും നടത്തും. ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ കനത്ത മഴയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്
തുഴച്ചിൽകാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉൾപ്പടെയുള്ള വിവാദങ്ങൾ ഉണ്ടാകാതിരിക്കാനും നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറത്തിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ നിരീക്ഷിക്കാൻ പരിശീലന സമയം മുതൽ സ്‌പെഷ്യൽ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തി.
വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമാണ് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍). ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ തനതു ജലവിനോദമായ ചുണ്ടന്‍ വള്ളംകളിയെ സിബിഎല്ലിലൂടെ കൂടുതല്‍ മികവുറ്റതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്ക്കരിക്കാനുമുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം ഊര്‍ജം പകരും.
മൂന്നുമാസം നീളുന്ന സിബിഎല്ലില്‍ ഒമ്പത് ടീമുകളാണ് മത്സരിക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് നടക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്റ്.
മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. ഇതിനുപുറമേ ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5ലക്ഷം , 3 ലക്ഷം,1 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.
മുൻ പ്രധാനമന്ത്രി മനമോഹൻ സിങ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നുമാണ് മൻമോഹൻ സിങ് രാജ്യസഭയിൽ എത്തുന്നത്. ഇതോടെ നിലവിൽ രാജസ്ഥാനിൽ നിന്നും പാർലമെന്റിലുള്ള ഏക കോൺഗ്രസ് അംഗവും മൻമോഹൻ സിങ് മാത്രമായി.
മൻമോഹൻ സിങ്ങിനെതിരെ ആരെയും മത്സരിപ്പിക്കില്ലെന്ന് മുൻ രാജസ്ഥാൻ ആഭ്യന്തര മന്ത്രിയും രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് ഘട്ടാരിയ വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിൽ നിന്ന് രാജ്യസഭയിൽ അവശേഷിക്കുന്ന ഒമ്പത് അംഗങ്ങളും ലോക്‌സഭയിലെ 24 അംഗങ്ങളും ബിജെപി പ്രവർത്തകരാണ്.
1991 മുതൽ 2019 വരെ അസമിനെ പ്രതിനിധീകരിച്ച് അഞ്ച് തവണ മൻമോഹൻ സിങ് രാജ്യസഭയിൽ എത്തിയിരുന്നു. ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലും പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1991 ലാണ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൻമോഹൻ സിങ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായിരുന്നു.
തനിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും മന്‍മോഹന്‍ സിങ് നന്ദി അറിയിച്ചിരുന്നു.
I congratulate former PM Dr #ManmohanSingh ji on being elected unopposed as a member of #RajyaSabha from #Rajasthan. Dr Singh’s election is a matter of pride for entire state. His vast knowledge and rich experience would benefit the people of Rajasthan a lot. pic.twitter.com/YfkDQTxzpk
— Ashok Gehlot (@ashokgehlot51) August 19, 2019
ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മാന്ദ്യം വളരെ ആശങ്കപ്പെടേണ്ടതാണെന്നും രഘുറാം രാജന്‍ പറഞ്ഞു. ഊര്‍ജ രംഗത്തും ബാങ്കിങ് ഇതര സാമ്പത്തിക മേഖലിയിലുമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടനെ തന്നെ പരിഹരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
2013 മുതല്‍ 2016 വരെയായിരുന്നു രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് രണ്ടാം വട്ടം കേന്ദ്രം അവസരം നിഷേധിക്കുകയായിരുന്നു. ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്ന രീതിയില്‍ മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റ് അരവിന്ദ് സുബ്രഹ്മണ്യന്റെ ഗവേഷണത്തെ കുറിച്ചും രാജന്‍ പരാമര്‍ശിച്ചു.
‘സ്വകാര്യ മേഖലയില്‍ നടന്നിട്ടുള്ള നിരവധിയായ വിശകലനങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം കേന്ദ്രസര്‍ക്കാരിന്റെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമാണ്. എനിക്ക് തോന്നുന്നത് ഇപ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണ്’ സിഎന്‍ബിസി ടിവി18 നോടായിരുന്നു രഘുറാം രാജന്റെ പ്രതികരണം.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2018-19 കാലഘട്ടത്തില്‍ 6.8 ആയി കുറഞ്ഞിരുന്നു. 2014-15 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ വര്‍ഷം സര്‍ക്കാരിന്റെ ലക്ഷ്യമായ ഏഴിനേക്കാളും കുറവായിരിക്കും വളര്‍ച്ച എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിന്റെ ഏറ്റവും വെളിവായ തെളിവാണ് വാഹന വ്യവസായ രംഗത്തെ തകര്‍ച്ച. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് മേഖല നേരിടുന്നത്. ആയിരക്കണിനാളുകള്‍ക്കാണ് ജോലി നഷ്ടമായത്.
”നമുക്ക് പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.എന്താണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെന്നും എങ്ങനെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേണ്ടതെന്നും അറിഞ്ഞായിരിക്കണം മാറ്റം കൊണ്ടു വരേണ്ടത്. ഭരണ നേതൃത്വത്തിനും അതില്‍ വ്യക്തമായ ധാരണ വേണം” അദ്ദേഹം അഭിപ്രായപ്പെട്ടു. 2008 ലെ പ്രതിസന്ധിയെ മറികടക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരെ പ്രയോഗിക്കാന്‍ നില്‍ക്കരുതെന്നും രഘുറാം രാജന്‍ ഓര്‍മപ്പെടുത്തി.
കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ മനസ് മരവിക്കുന്ന അവസ്ഥ. അഴുകിയ മൃതദേഹങ്ങളുടെ മനംപുരട്ടുന്ന ഗന്ധം, യന്ത്രക്കൈകളിൽ കോരിയെടുക്കുന്ന അഴുകിയ മൃതദേഹങ്ങൾ വേർപെട്ടു പോകരുതേയെന്ന പ്രാർഥന. കവളപ്പാറ ദുരന്തഭൂമിയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്കു ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവന്നത്. കുന്നുംമലകളും ഇടിച്ചുനിരത്തി വൻ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ കണ്മുന്നിൽ കരളുരുകുന്ന കാഴ്ചകളുമായി ജോലി ചെയ്യേണ്ട സാഹചര്യം ആദ്യം.
പലപ്പോഴും മനസും ശരീരവും തളരുന്ന അവസ്ഥ. പ്രതികൂല കാലാവസ്ഥയിൽ അപകടം നിറഞ്ഞിരിക്കുന്ന ദുരന്തമുഖത്തു ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർമാർ പലരും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം നേരിടുന്നത്. പതിനഞ്ചിലേറെ ഹിറ്റാച്ചി യന്ത്രങ്ങളാണ് കവളപ്പാറയിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും മലപ്പുറത്തിനടുത്ത് ഇരുപത്തിയേഴിലെ അൽ ജബൽ എർത്ത് മൂവേഴ്സിന്റേതും പ്രാദേശിക എർത്ത് മൂവേഴ്സിന്റെയും മണ്ണുമാന്തികളാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം മുതൽ ഇവർ ദുരന്തഭൂമിയിൽ കർമനിരതരാണ്.
അൽ ജബൽ എർത്ത് മൂവേഴ്സ് മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട അമ്മയെയും മക്കളെയും മണ്ണിനടിയിൽ നിന്നെടുത്ത ശേഷമാണ് കവളപ്പാറയിലെത്തിയത്. പന്ത്രണ്ടു ദിവസത്തെ തെരച്ചിലിൽ പതിനൊന്ന് മൃതദേഹങ്ങളാണ് ഈ സംഘം കണ്ടെത്തിയത്. തമിഴ്നാട് ധർമപുരം സ്വദേശിയായ ഹിറ്റാച്ചി ഓപ്പറേറ്റർ പെരുമാൾ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തഞ്ചാവൂർ സ്വദേശി സുഭാഷ്, മലപ്പുറം സ്വദേശി ഇയ, ശെൽവം, വിപിൻ, ഷെമിർ തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് ഓപ്പറേറ്റർമാർ. ഓഫീസ് മാനേജരായ സമീറലിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണിവിടെ ക്യാന്പ് ചെയ്ത് തെരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റർമാർക്ക് ഫയർ ആൻഡ് റസ്ക്യൂവിലെ ഉദ്യോഗസ്ഥർ പ്രത്യേക ക്ലാസുകൾ നൽകിയാണ് തെരച്ചിലിന് അയയ്ക്കുന്നത്. എങ്കിലും മൃതദേഹങ്ങൾ കാണുന്പോൾ ഇവരുടെ മനോധൈര്യം ചോർന്നു പോകുന്നു. ഇവരെ മാറ്റി വേറെ ഓപ്പറേറ്റർമാരെയാണ് പിന്നീട് മൃതദേഹം പുറത്തെടുക്കാൻ നിയോഗിക്കുക.
മനംപിരട്ടലും ഛർദിയുമുണ്ടായി പലരും അവശരാകുന്നുമുണ്ട്. ആവശ്യത്തിനു ഡീസൽ, താമസിക്കാനുള്ള സൗകര്യങ്ങൾ, മറ്റു എല്ലാവിധ സൗകര്യങ്ങളും അധികൃതർ തങ്ങൾക്കു നൽകുന്നുണ്ടെന്ന് അൽ ജബൽ ഓഫീസ് മാനേജർ സമീറലി പറയുന്നു. ഇന്നലെ തെരച്ചിൽ വിഫലം എടക്കര: കവളപ്പാറ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ദുരന്തം നടന്നു പന്ത്രണ്ട് ദിവസം പിന്നിടുന്പോൾ ആദ്യമായാണ് ഒരു മൃതദേഹം പോലും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിക്കുന്നത്. മൃതദേഹങ്ങളാണ് ഇതുവരെ കവളപ്പാറയിൽനിന്നു കണ്ടെടുത്തത്. ഞായറാഴ്ച കണ്ടെടുത്തതിൽ തിരിച്ചറിയാതിരുന്ന മൃതദേഹം സുനിലിന്റെ ഭാര്യ ശാന്തകുമാരിയുടെതാണെന്ന് (36) ഇന്നലെ തിരിച്ചറിഞ്ഞു. നിലവിലെ കണക്കനുസരിച്ച് മൂന്നു പെണ്‍കുട്ടികളെയും പത്ത് പുരുഷന്മാരെയുമാണ് ഇനി കണ്ടെടുക്കാനുള്ളത്.
പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലങ്ങൾ, വീടുകൾ, കണ്ടെടുക്കാനുള്ള 13 പേരുടെ വീടുകൾ, ഇവർക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. റസ്ക്യൂ ഒന്നു മുതൽ മൂന്നു വരെയുള്ള പോയിന്റുകളിൽ ഏഴ് പേരെയും നാലു മുതൽ ആറ് വരെയുള്ള പോയിന്റുകളിൽ ആറ് പേരെയുമാണു കണ്ടെത്താനുള്ളത്. ഈ പോയിന്റുകളിലാണിപ്പോൾ തെരച്ചിൽ നടക്കുന്നത്. ചൊവ്വാഴ്ചയും തെരച്ചിൽ തുടരും.
കാസര്‍കോട് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആക്രമണസമയത്ത് ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന് സമീപമുള്ള കാരുണ്യമാത പള്ളിക്ക് നേരെ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. പള്ളിയുടെ മുന്നില്‍ വാഹനം നിര്‍ത്തിയശേഷം, അകത്തു കടന്നവര്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പള്ളിയുടെ മുന്‍ഭാഗത്തേയും, വശങ്ങളിലേയും ജനല്‍ ചില്ലുകളാണ് തകര്‍ത്തത്.
സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെത്തിയ പൊലീസ് സംഘം വികാരിയുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. പ്രദേശത്തെ മണല്‍ മാഫിയയാണ് അക്രമത്തിന് പിന്നിലെന്നാണ് ആക്ഷേപം. പള്ളിയുമായി ബന്ധപ്പെട്ട ചിലരെ കഴിഞ്ഞദിവസം മണല്‍ കടത്ത് സംഘം ആക്രമിച്ചിരുന്നു. സംഭവത്തിനെതിരെ പള്ളി കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
ആലുവ: ആയുർവേദ മരുന്നുകൾ വീടുകളിലെത്തി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ആലുവയിൽ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശിനി ജോയ്സി (20) ആണ് മരിച്ചത്. ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് മരണത്തിൽ ദൂരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ് ജോയ്സി. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്ആർഎസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു. ആലുവ പറവൂർ കവലയിൽ വിഐപി ലൈനിലുള്ള വാടക വീട്ടിലാണ് മൂന്നു സഹപ്രവർത്തകരോടൊപ്പം ജോയ്സി താമസിച്ചിരുന്നത്. സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസും. ഇവിടെ പുരുഷന്മാരും താമസിക്കുന്നുണ്ട്. ജൂണിയർ മാനേജരായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച ജോയ്സി ജോലിക്ക് പോയിരുന്നില്ല.
രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജോയ്സിയെ ആദ്യം കണ്ടത്. തുടർന്ന് രാത്രി പത്തോടെ സ്ഥാപന അധികൃതർ മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മറയൂർ കാടുകളിൽ തോക്കേന്തി നായാട്ടുനടത്തി വാർത്തകളിൽ ഇടംനേടിയ ശിക്കാരി കുട്ടിയമ്മയെന്ന ആനക്കല്ല് വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ (കുട്ടിയമ്മ-87) ഓർമയായി. പാലായിൽനിന്നു മറയൂരിലേക്കു കുടിയേറുകയും ഒടുവിൽ ജീവിക്കാനായി കൊടുംവനങ്ങളിൽ വേട്ടക്കാരിയാവുകയും ചെയ്ത കുട്ടിയമ്മയുടെ ജീവിതം എക്കാലവും സാഹസികമായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താൻ കേരള അതിർത്തിയായ മറയൂരിലെത്തിയെങ്കിലും ഏറെക്കാലത്തിനുശേഷം കുടിയിറങ്ങേണ്ടി വന്ന കുട്ടിയമ്മ 1996 മുതൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമായിരുന്നു ത്രേസ്യാമ്മ എന്ന ശിക്കാരി കുട്ടിയമ്മയുടേത്.
1948 ൽ പാലായിൽനിന്നു മറയൂരിലേക്കു കുടിയേറിയതാണ് കുട്ടിയമ്മയുടെ കുടുംബം. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതിനെത്തുടർന്നു കുട്ടിയമ്മയും മാതാപിതാക്കളും ആറു സഹോദരങ്ങളും മറയൂർ ഉദുമല്‍പേട്ട ചിന്നാറിലേക്കു കുടിയേറി പാർത്തു. മറയൂര്‍ എത്തുമ്പോള്‍ കാട്ടുവാസികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മലമ്പനി മറയൂരിനെ കടന്നാക്രമിച്ച സമയം. മരണം നിത്യസംഭവമായി. കുട്ടിയമ്മയുടെ പിതാവ് എങ്ങോട്ടോ പോയി, അമ്മ ഇളയകുഞ്ഞുങ്ങളെ എടുത്ത് അമ്മവീട്ടിലും. കുട്ടിയമ്മ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശന്നു തളര്‍ന്നു പഴങ്ങള്‍ കിട്ടുമോ എന്നറിയാന്‍ കാടു കയറുന്നതാണ് വേട്ടയുടെ തുടക്കം.
ഇതിനിടയില്‍ പരിചയപ്പെട്ട വേട്ടക്കാരോടൊപ്പം മൂത്ത സഹോദരന് കാടു കയറി. ഒരിക്കല്‍ സഹോദരന് ഇല്ലാതെയാണു വേട്ടക്കാര്‍ മടങ്ങി വന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അപകടം പറ്റിയ സഹോദരനെ അവര്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു രാത്രിമുഴുവന്‍ സഹോദരനെ ഓര്‍ത്ത് കരഞ്ഞാണ് കുട്ടിയമ്മ നേരം വെളുപ്പിച്ചത്. രാവിലെ ഒരു തോക്കും എടുത്തു സഹോദരങ്ങളെക്കൂട്ടി കാട്ടില്‍ അകപ്പെട്ട സഹോദരനെ തേടിയിറങ്ങി. ഒന്നുകില്‍ എല്ലാവരും ജീവിക്കുക അല്ലെങ്കില്‍ ഒരുമിച്ചു മരിക്കുക എന്നതായിരുന്നു കുട്ടിയമ്മയുടെ തീരുമാനം. നീരു വന്ന കാലുമായി ഒരു പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ആരെയും ഉപദ്രവിച്ചില്ല. വച്ചുകെട്ടിയ കാലുമായി സഹോദരന് കുട്ടിയമ്മയെ വെടിയുതിർക്കാൻ പരിശീലിപ്പിച്ചു. തോക്കുമായി വേട്ടയ്ക്കു സഹോദരങ്ങളെയും കൂട്ടിപോയ കുട്ടിയമ്മയ്ക്ക് ആദ്യത്തെ ദിവസം തന്നെ ഒരു കാട്ടു പോത്തിനെ വീഴ്ത്താനായി.
മറയൂരിലെ ചുരുളിപ്പെട്ടിയുടെ കാറ്റിന് ചന്ദനത്തെക്കാളേറെ പെൺ ശിക്കാരിയെക്കുറിച്ചുള്ള കഥകളുടെ ഗന്ധമാണ്. ശിക്കാരി കുട്ടിയമ്മ എന്ന കേരളത്തിലെ ഏക പെൺ ശിക്കാരിയെക്കുറിച്ചുള്ള വീരകഥളാണ് കാടു പറയുക.
കേരള തമിഴ്നാട് അതിർത്തിയിൽ തിരുമൂർത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമം. കുടുംബം പോറ്റാൻ സഹോദരൻമാർക്കൊപ്പം കാടു കയറിയ കുട്ടിയമ്മയ്ക്കു കാടു പിന്നെ ഹരമായി.സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ: ‘‘മഠത്തിൽ നിന്നു അവധിക്കു വന്നപ്പോൾ വീടു പട്ടിണിയിലായി. പിന്നെ ഞാൻ മഠത്തിലേക്കു പോയില്ല. 1958 ലായിരുന്നു അത്.’’മറയൂരിലെത്തി മൂന്നാം നാൾ സഹോദരൻമാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോൾ, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തിൽ.
ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. രാവിലെ ഒൻപതരയോടെയാണ് ചന്ദ്രയാൻ 2 പേടകം ചരിത്രനേട്ടം കുറിക്കുക . വിക്ഷേപണത്തിന് 29 ദിവസങ്ങൾ പിന്നിട്ടശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 എത്തുക. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ ഏറ്റവും അടുത്ത ദൂരവും 18,078 കിലോമീറ്റർ ഏറ്റവും അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ പേടകം പ്രവേശിക്കുക . 5 ഭ്രമണങ്ങളിലായി ചന്ദ്രനിലേക്കുള്ള അകലം കുറച്ച് കൊണ്ടുവരും . സെപ്റ്റംബർ 2 ന് ലാൻഡറും ഓർബിറ്ററും വേർപെടും . സെപ്റ്റംബർ 7 ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിൽ ചന്ദ്രയാൻ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് കണക്ക് കൂട്ടൽ.
ദൗത്യത്തിലെ ഏറ്റവും സങ്കീർണതയേറിയ ഭാഗമാണ് ഇന്നു നടക്കുക. കാരണം പ്രതീക്ഷിക്കുന്നതിനേക്കാൾ ഗതിവേഗത്തിൽ ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നാൽ ഉപഗ്രഹം തെറിച്ചുയർന്നു ബഹിരാകാശത്തു നഷ്ടപ്പെടും. ഗതിവേഗം മെല്ലെയായാൽ ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപഗ്രഹത്തെ വലിച്ചെടുക്കും. ഇങ്ങനെ സംഭവിച്ചാൽ ചന്ദ്രയാൻ രണ്ട് ഉപരിതലത്തിന് ഇടിച്ചുതകരാനും സാധ്യതയുണ്ട്.
വിക്ഷേപണത്തിന് 29 ദിവസങ്ങൾക്കു ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. ചന്ദ്രനിൽനിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18,078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാൻ-2 പ്രവേശിക്കുക. ഇതിനുശേഷം അഞ്ചു തവണകളിലായി ഭ്രമണപഥം കുറച്ച് ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള ദിവസങ്ങളിലാണ് ഭ്രമണപഥം മാറ്റുക. സെപ്റ്റംബർ ഒന്നിന് ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തും.
സെപ്റ്റംബർ രണ്ടിന് ലാൻഡറും ഓർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിനായിരിക്കും സോഫ്റ്റ് ലാൻഡിംഗ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. ജൂലൈ 22നായിരുന്നു ചന്ദ്രയാൻ-2 പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയിരുന്നു.
പാകിസ്ഥാന്റെയും കശ്മീരിന്റെയും പതാകകളേന്തിക്കൊണ്ട് , ലണ്ടനിലെ ഇന്ത്യൻ എംബസിക്കുമുന്നിൽ തടിച്ചു കൂടി കുറെ പാകിസ്ഥാനി പ്രതിഷേധക്കാർ. വിഷയം ആർട്ടിക്കിൾ 370 റദ്ദാക്കിയതുതന്നെ. ” കശ്മീർ കത്തിയെരിയുകയാണ്..” ” കശ്‌മീരിനെ സ്വതന്ത്രമാക്കുക…” ” മോദി, മേക്ക് ടീ, നോട്ട് വാർ..” എന്നൊക്കെ എഴുതിവെച്ച ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. പാകിസ്ഥാനി പത്രപ്രവർത്തകർക്ക് പുറമെ ചില ഖാലിസ്ഥാൻ വാദികളുമുണ്ടായിരുന്നു പ്രതിഷേധക്കാർക്കിടയിൽ. അവർ തുടർച്ചയായി ഇന്ത്യൻ സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും ഒക്കെ ദുഷിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു.
ഇതിനിടെ ഇന്ത്യക്കാര്‍ നില്‍ക്കുന്ന ഭാഗത്തേക്കു വന്ന പ്രതിഷേധക്കാരിലൊരാള്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന ത്രിവര്‍ണപതാക തട്ടിപ്പറിച്ച് പ്രതിഷേധക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ലണ്ടൻ പോലീസും എംബസി സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെ പ്രതിഷേധക്കാര്‍ ത്രിവർണ്ണ പതാക വലിച്ചു കീറി തറയിലിട്ട് ചവിട്ടി. ഉശിരുണ്ടെങ്കിൽ തിരിച്ചു പിടിക്ക് എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎക്കു വേണ്ടി സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ പത്രപ്രവർത്തക പൂനം ജോഷി സംഭവസ്ഥലത്തുണ്ടായിരുന്നു. ഉടൻ അവർ ഓടിച്ചെന്നു ആ ഖാലിസ്ഥാനി പ്രതിഷേധക്കാരിൽ നിന്നും ത്രിവർണ പതാകയുടെ രണ്ടു കഷ്ണങ്ങളും പിടിച്ചുവാങ്ങി. സാഹസികമായിരുന്നു പൂനത്തിന്റെ തിരിച്ചടി. ദൃശ്യങ്ങൾ എഎൻഐ പുറത്തുവിടുകയും ചെയ്തു.
പതാക തട്ടിപ്പറിച്ചയാൾ, വലിച്ചു കീറിയ ആൾ, ചവിട്ടിയരച്ച ആൾ
ഇത്ര വികൃതമായ രീതിയിൽ മറ്റൊരു രാജ്യത്തിൻറെ ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലുള്ള അക്രമം ആദ്യമായാണ് കാണുന്നതെന്നും, സ്വന്തം രാജ്യത്തിൻറെ ദേശീയ പതാക നിലത്തിട്ടു ചവിട്ടിയരക്കുന്നത് കണ്ട് സഹിച്ചു നിൽക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ഓടിച്ചെന്നു പിടിച്ചുവാങ്ങിയത് എന്നും സംഭവത്തെക്കുറിച്ച് പൂനം ജോഷി പ്രതികരിച്ചു.
#WATCH: Journalist Poonam Joshi covering for ANI the #IndianIndependenceDay celebrations outside Indian High Commission in London,where Pro-Pak & Pro-Khalistan protests were also underway, snatches 2 torn parts of tricolour from Khalistan supporters who had seized it from Indians pic.twitter.com/Go7X2tVZXg
— ANI (@ANI) August 17, 2019
പുതുവൈപ്പിനിൽ മൂന്നംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ. പുതുവൈപ്പ് പബ്ലിക് ലൈബ്രറിക്കു സമീപത്തെ താമസക്കാരനായ ലോഡിങ് തൊഴിലാളി സുഭാഷും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സുഭാഷിന്റെ ഭാര്യയുടെ കൈ കെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ മറ്റ് സാധ്യതകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് സുഭാഷിനെയും ഭാര്യ ഗീതയെയും മകൾ നയനയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിന് അമ്പത്തിനാലും, ഗീതയ്ക്ക് അമ്പത്തിരണ്ടും നയനയ്ക്ക് ഇരുപത്തി മൂന്നും വയസാണ് പ്രായം . ഒരു മുറിയിൽ തന്നെയാണ് കഴുക്കോലിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും മകളുടെ പ്രണയബന്ധത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നും സൂചിപ്പിച്ച് സുഭാഷ് എഴുതിയ ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടി.
ബാംഗ്ലൂരിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട യുവാവുമായി നയനയ്ക്കുണ്ടായ പ്രണയബന്ധം മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ലെന്നും ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങളാവാം കൂട്ടമരണത്തിന് കാരണമെന്നും സൂചിപ്പിക്കുന്ന മൊഴികളും അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. ആത്മഹത്യ തന്നെയെന്ന് പ്രാഥമികമായി പൊലീസ് വിലയിരുത്തുന്നു. എന്നാൽ മരിച്ച ഗീതയുടെ കൈകൾ കാവി നിറത്തിലുള്ള മുണ്ടു കൊണ്ട് കെട്ടിയിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുണർത്തിയിട്ടുണ്ട്.’ ഗീതയുടെ കൈകൾ കെട്ടിയ ശേഷം സുഭാഷ് കെട്ടിത്തൂക്കിയതാകാമെന്ന സംശയമാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. പോസ്റ്റു മോർട്ടത്തിനു ശേഷമേ ഇക്കാര്യം വ്യക്തമാകൂ.