നാട്ടിൽ പറഞ്ഞ നുണയാണ് കൂടത്തായി കൂട്ടമരണത്തിലെ മുഖ്യപ്രതി ജോളിയെ കുടുക്കിയത്. എൻഐടി അധ്യാപികയാണെന്ന് പറഞ്ഞ കള്ളത്തരം പുറത്തായതോടെയാണ് ജോളിയെ പൊലീസ് സംശയിക്കുന്നത്. എൻഐടിയുടെ ഐഡി കാർഡിട്ട് ജോലിക്കായി എന്നും രാവിലെ ജോളി പോയിരുന്നു. പ്രദേശവാസികളോടും എൻഐടിയിൽ അധ്യാപികയാണെന്നാണു വിശ്വസിപ്പിച്ചിരുന്നതെന്നും റൂറൽ എസ്പി കെ.ജി. സൈമൺ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ജോളി എൻഐടിയിൽ അധ്യാപികയല്ലെന്ന് പൊലീസിന് മനസ്സിലായി. മാത്രമല്ല റോയിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. സയനൈഡ് കഴിച്ചാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. റോയിയുടെ അമ്മയുടെ സഹോദരൻ മാത്യുവിന്റെ ആവശ്യപ്രകാരമാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷവും ഹൃദയാഘാതമാണു മരണകാരണമെന്നു പറഞ്ഞുപരത്താൻ ജോളി കാണിച്ച വ്യഗ്രതയും പൊലീസിൽ സംശയം ഉയർത്തി. മാത്യുവും പിന്നീട് മരിച്ചിരുന്നു.
സയനൈഡ് നൽകിയാണ് റോയിയെ കൊന്നതെന്ന് ജോളി പൊലീസിനോട് സമ്മതിച്ചു. എല്ലാ മരണത്തിലും പങ്കുണ്ടെന്നും ജോളി സമ്മതിച്ചു. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് അന്നമ്മയായിരുന്നെന്നും അതു തട്ടിയെടുക്കാനാണു കൊലപ്പെടുത്തിയതെന്നുമാണ് ജോളി പൊലീസിനോടു പറഞ്ഞത്. റോയിയുടെ അച്ഛൻ ടോം തോമസുമായി സ്വത്തുതർക്കമുണ്ടായിരുന്നെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു വിവരം.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മരണങ്ങളെല്ലാം സമാനരീതിയില്‍. ആദ്യ ഘട്ടത്തില്‍ സ്വാഭാവിക മരണമെന്ന് കരുതി. പിന്നീട് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സയനൈഡിന്റെ സാന്നിധ്യമാണ് മരണത്തിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ ഇടയാക്കിയത്. സാമ്പത്തിക വിഷയത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളെന്ന് പൊലീസ് നിഗമനം. മരണങ്ങള്‍ക്കിടയില്‍ നടന്ന ഭൂസ്വത്തുക്കളുടെ കൈമാറ്റവും പണമിടപാടുകളുമാണ് പൊലീസ് അന്വേഷണത്തെ വഴിതിരിച്ചുവിട്ടത്.
കൊലപാതകമെന്ന സൂചന ലഭിച്ചപ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്ന് ആറുപേരുടേയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരം മുതല്‍ ജോളി നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ കൂടത്തായിലെ വീട്ടിലെത്തി ജോളിയെ കസ്റ്റഡിയിലെടുത്തു.നേരെ വടകര എസ്.പി ഓഫിസിലേക്ക്. തിരക്കിട്ട ചോദ്യം ചെയ്യല്‍.
തൊട്ടുപിന്നാലെ ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ സുഹൃത്ത് എം.എസ്.ഷാജി എന്ന മാത്യുവും കസ്റ്റഡിയിലായി. ഒപ്പം ജ്വല്ലറിയിലെ സ്വര്‍ണ പണിക്കാരന്‍ പ്രജുകുമാറും. മാത്യുവിനേയും പ്രജുകുമാറിനേയും പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്തത്. അതിനിടയില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയിലെന്ന വാര്‍ത്തവന്നു. എന്നാല്‍ ഷാജു മനോരമന്യൂസിലൂടെ ഇക്കാര്യം നിഷേധിച്ചു.
കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പറഞ്ഞു. ദുരൂഹമരണങ്ങളില്‍ സംശയമുണ്ടായിരുന്നില്ലന്നായിരുന്നു ജോളിയുടെ അച്ഛന്‍ ജോസഫിന്റെ പ്രതികരണം.. ജോളിക്ക് റോയിയുടെ അനുജന്‍ റോജോയുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നു. റോയിയുടെ അനുജന്‍ ഷാജുവുമായുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് ജോളിയാണ്.
രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണമാണ് കൂടത്തായി കൂട്ടമരണങ്ങളിൽ ഏറ്റവും ദാരുണം. നിലവില്‍ കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടുവയസ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്നാണു പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നാം തീയതി രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി. ഈ ചടങ്ങിലും ജോളിയുടെ സാന്നിധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു. ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ഇരുവരേയും സാജുവിന്റെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇതിനുപിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.
കൂടത്തായി കൂട്ടമരണത്തിന്റെ ചുരുളഴിഞ്ഞു. കുടുംബത്തിലെ ആറുപേരെ പലപ്പോഴായി വിഷംകൊടുത്തുകൊന്നത് മരിച്ച റോയിയുടെ ഭാര്യ ജോളിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. റോയിയുടെ മരണത്തില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുടുംബസ്വത്ത് തട്ടിയെടുക്കല്‍ ഉള്‍പ്പെടെ പല കാരണങ്ങളുടെ പേരിലാണ് കൊലപാതകപരമ്പര. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത സുഹൃത്ത് മാത്യുവും സഹായി പ്രജുകുമാറും അറസ്റ്റിലായി. പ്രതികളെ മൂന്നുപേരെയും താമരശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റ് മരണങ്ങള്‍ വിപുലമായി അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി. കെ.ജി.സൈമണ്‍ അറിയിച്ചു.
14 വര്‍ഷത്തിനിടെയാണ് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യങ്ങളില്‍ മരണമടഞ്ഞത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഉറ്റബന്ധുവായ ജോളി വര്‍ഷങ്ങളുടെ ഇടവേളകളില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. മാസങ്ങള്‍ക്കൊടുവില്‍ ആറുപേരുടേയും മരണസമയത്ത് ജോളി ഒപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. മരിച്ചവരെല്ലാം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം നിര്‍ണായകസൂചനയായി. സയനൈഡ് എവിടെ നിന്നെന്ന ചോദ്യം പൊലീസിനെ ജോളിയുടെ സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമായ മാത്യു എന്ന എം.എസ്.ഷാജിയില്‍ എത്തിച്ചു.
സാഹചര്യത്തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹങ്ങളില്‍ ഫൊറന്‍സിക് പരിശോധനയും നടത്തി. മുന്‍പ് ആറുതവണ ചോദ്യംചെയ്തിട്ടും കുലുങ്ങാതിരുന്ന ജോളി ഒടുവില്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ക്കുമുന്നില്‍ പതറി. കുറ്റം സമ്മതിച്ചു. കൂട്ടുനിന്നവരെ കാട്ടിക്കൊടുത്തു. ഒടുവില്‍ മാത്യുവും സഹായി പ്രജുകുമാറും വലയിലായി.
അതിശയിപ്പിക്കുന്ന ആസൂത്രണവും അപാരമായ ക്രിമിനല്‍ മനസുമാണ് ജോളിയില്‍ ക്രൈംബ്രാഞ്ച് കണ്ടത്. കൂടുതല്‍ പേരുടെ സഹായം അവര്‍ക്ക് ലഭിച്ചിരിക്കാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ വിശദമായ അന്വേഷണം തുടരും.
ജോളിയ്ക്കുള്ള പങ്കിനെ പറ്റി അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ഇടുക്കി കട്ടപ്പനയിലെ ജോളിയുടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. ഇപ്പോഴും മകള്‍ ഇത് ചെയ്തെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കളും തയ്യാറല്ല.
ജോളിയുടെ ഭര്‍ത്താവ് റോയ് ഉള്‍പ്പെടെ ആറുപേര്‍ പലപ്പോഴായി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് പൊലീസ് കരുതുന്നു.
ജോളിയുടെ കുടുംബത്തില്‍ സ്വത്തുതര്‍ക്കമുണ്ടെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. അതേസമയം മരണപരമ്പരയില്‍ തനിക്ക് പങ്കില്ലെന്ന് ഷാജു പറഞ്ഞു. മരണങ്ങളില്‍ ജോളിക്ക് പങ്കുണ്ടോയെന്ന് പ്രതികരിക്കുന്നില്ല. ഫൊറന്‍സിക് പരിശോധനാഫലം വരുമ്പോള്‍ എല്ലാം അറിയാമല്ലോ എന്നായിരുന്നു ഷാജുവിന്റെ നിലപാട്.
എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പറഞ്ഞു. ഫിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ പറഞ്ഞു.
മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന മകള്‍ കല്യാണിക്ക് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.
“എന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒപ്പം. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകള്‍’. പ്രിയദര്‍ശന്‍ കുറിച്ചു.
കല്യാണി നായികയായെത്തുന്ന ആദ്യ മലയാള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായാണ് കല്യാണി എത്തുക. സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
2017-ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലെത്തുന്നത്. പിന്നീട് ചിത്രലഹരി, രണനഗരം എന്നീ ചിത്രങ്ങളില്‍ വേഷമിട്ട കല്യാണിയുടെ ആദ്യ തമിഴ് ചിത്രം ഹീറോയും പുരോഗമിക്കുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി വേഷമിടുന്നുണ്ട്.
താൻ മരിച്ചുവെന്ന വ്യാജവാർത്തയോട് ചെറുചിരിയോടെ പ്രതികരിച്ച് മലയാളത്തിന്റെ മഹാനടൻ മധു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജമരണവാർത്തയുടെ സത്യാവസ്ഥ അറിയാൻ സീരിയൽ താരവും നിർമാതാവുമായ മനോജ് വിളിച്ചപ്പോഴായിരുന്നു മധുവിന്റെ പ്രതികരണം. ‘അതു സാരമില്ല’ എന്ന മറുപടിയിൽ പ്രതികരണം ഒതുക്കി, ചെറിയൊരു ചിരിയോടെ മധു ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
പ്രശസ്തരായ വ്യക്തികൾ മരിച്ചുവെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പതിവാണ്. പലപ്പോഴും ഇത്തരം വാർത്തകൾ സെലിബ്രിറ്റികൾ ചിരിച്ചു തള്ളാറുണ്ടെങ്കിലും അവരോടു അടുത്തു നിൽക്കുന്നവരെ അനാവശ്യ സങ്കടങ്ങളിലേക്ക് വലിച്ചിഴയ്ക്കാറുണ്ട്. ഇത്തരം ഫോൺ കോളുകൾക്ക് മറുപടി പറഞ്ഞു മടുത്തിട്ടാകും പലരും മാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതികരിക്കുന്നത്.
നടൻ ജഗതി ശ്രീകുമാർ, തെന്നിന്ത്യൻ താരം രേഖ, ഗായിക എസ്.ജാനകി തുടങ്ങിയവരെക്കുറിച്ചും ഇത്തരത്തിൽ വ്യാജ മരണവാർത്തകൾ പ്രചരിച്ചിരുന്നു. ഒരു പൊതുചടങ്ങിൽ വച്ച് വ്യാജവാർത്ത ചമയ്ക്കുന്നവരെ നടി രേഖ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു രേഖയുടെ ആവശ്യം.
കോഴിക്കോട്∙ കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ െപാലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ വീട്ടിലെത്തിയാണ് പൊലീസ് ജോളിയെ കസ്റ്റഡിയിൽ എടുത്തത്. തുടർച്ചയായി ജോളിയെ െപാലീസ് ചോദ്യം ചെയ്തുവെങ്കിലും ഒന്നും വിട്ടുപറയുന്നില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ജ്വല്ലറി ജീവനക്കാരനായ ബന്ധുവിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സയനൈഡ് എത്തിച്ചുകൊടുത്ത യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. 2002 ഓഗസ്റ്റ് 22ന് ആയിരുന്നു കുടുംബത്തിലെ ആദ്യ മരണം. റിട്ട. അധ്യാപികയായ അന്നമ്മ തോമസ് രാവിലെ ആട്ടിൻസൂപ്പ് കഴിച്ചതിനു പിന്നാലെ ഛർദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു. 6 വർഷത്തിനു ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ് പൊന്നാമറ്റവും പിന്നീട് 3 വർഷത്തിനു ശേഷം ഇവരുടെ മകൻ റോയ് തോമസും മരിച്ചു. ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് കല്ലറകൾ പരിശോധിച്ച ശേഷം പൊലീസ് നൽകിയത്. അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹമെന്നതിനാൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ.
റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമർശനത്തിനു വഴിവച്ചിരുന്നു.സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു.
മരിച്ചവരുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരനടക്കം സംഭവത്തിൽ മൂന്നുപേർ പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ െപാലീസ് തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ആറുപേരും മരണത്തിനു െതാട്ടുമുൻപ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും െപാലീസ് സ്ഥിരീകരിച്ചു. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയിൽ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
മരണത്തിലെ സമാനതയാണു കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. മരണത്തിലെ ദുരൂഹതയും 6 മരണങ്ങൾ നടന്നിടത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി.
സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽനിന്നു താമസക്കാരെ ഒഴിപ്പിക്കുന്ന നടപടി അന്തിമഘട്ടത്തിലെത്തിയപ്പോഴും ഉടമകളുടെ ഒഴിഞ്ഞുപോക്ക് തുടർന്നു. നാലു ഫ്ളാറ്റ് സമുച്ചയങ്ങളുടെയും ഭാഗികമായ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. വിവിധ ഫ്ളാറ്റ് സമുച്ചയങ്ങളിലെ അഞ്ചു ബഹുനില കെട്ടിടങ്ങളിലായി താമസിച്ചിരുന്ന വാടകക്കാരും ഉടമകളുമായ ഭൂരിഭാഗം പേരും ഒഴിഞ്ഞു പോയി. ആകെ താമസക്കാരുണ്ടായിരുന്ന 328 ഫ്ളാറ്റുകളിലെ 270 കുടുംബങ്ങൾ സാധനങ്ങളുമായി ഒഴിഞ്ഞു പോയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്. സാധനങ്ങൾ മാറ്റാനും മറ്റും സമയം നീട്ടി നൽകാൻ അപേക്ഷ സമർപ്പിച്ചവർക്ക് അതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
ഉടമകൾ വിദേശത്തായതിനാൽ പൂട്ടിയിട്ടിരിക്കുന്ന അപ്പാർട്ടുമെന്റുകളുമുണ്ട്. ഇവർ ഉടൻ നാട്ടിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അല്ലാത്തപക്ഷം റവന്യു ഉദ്യോഗസ്ഥർ ഫ്ളാറ്റുകൾ തുറന്നു സാധനങ്ങളുണ്ടെങ്കിൽ നീക്കംചെയ്യും. പുനരധിവാസത്തിന് ഇന്നലെ വരെ അപേക്ഷ നൽകിയ മുഴുവൻ പേർക്കും താമസ സൗകര്യം അനുവദിക്കാൻ നടപടി എടുത്തിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
പൊളിക്കൽ നടപടിക്രമം അധികൃതർ ദ്രുതഗതിയിലാക്കി. ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങൾ ഈ മാസം എട്ടോടെ പൂർത്തിയാക്കി ഒന്പതിനു പൊളിക്കൽ കരാർ ഏറ്റെടുത്തിരിക്കുന്ന കന്പനിക്കു കൈമാറാനാണ് അധികൃതർക്കു ലഭിച്ചിരിക്കുന്ന നിർദേശം. ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുന്ന ഘട്ടത്തിൽ സമീപത്തെ താമസക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം കരാർ ഏറ്റെടുത്തു നടപ്പിലാക്കുന്ന കന്പനിക്കായിരിക്കും. 11നു രാവിലെ മുതൽ നാലു ഫ്ളാറ്റ് സമുച്ചയങ്ങളും ഒരേ സമയം പൊളിക്കൽ ആരംഭിക്കും വിധമാണ് സമയക്രമങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അതിനിടെ, പൊളിക്കുന്നതിനു കരാർ നൽകാൻ തെരഞ്ഞെടുത്ത കന്പനികളുടെ പ്രതിനിധികളുമായി വരും ദിവസങ്ങളിൽ സബ് കളക്ടർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥസംഘം ചർച്ച നടത്തും.
സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാർഥിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചാന്പ്യൻഷിപ്പ് നിർത്തിവച്ചത്. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്സനാ(16)ണു പരിക്കേറ്റത്. അഫീലിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്‍സന്റെ മകനാണ് അഫീൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഹാമർ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരുവിഭാഗം കായികാധ്യാപകർ സംസ്ഥാന വ്യാപകമായി നിസഹകരണം നടത്തുന്നതിനിടെയാണു പാലായിൽ ജൂണിയർ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അധ്യാപകരുടെ കുറവിനെത്തുടർന്നു വിദ്യാർഥികളെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. ജാവലിൻ മത്സര വോളണ്ടിയറായിരുന്ന അഫീൽ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്കു നീങ്ങവേ മൂന്നു കിലോ തൂക്കമുള്ള ഹാമർ തലയിൽ വന്നു പതിക്കുകയായിരുന്നു.
അടുത്തടുത്താണ് ഇരു മത്സരവും നടന്നിരുന്നത്. മത്സരങ്ങളുടെ അപകടസാധ്യതകൾക്കനുസരിച്ചു ക്രമീകരണം ഏർപ്പെടുത്താത്തതാണ് ദുരന്തത്തിൽ കലാശിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.
പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച ജൂനിയര്‍ അത് ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ്ജിന്റെ മകന്‍ അഫീല്‍ ജോണ്‍സനാണ് പരുക്കേറ്റത്.
തലയില്‍ ഹാമര്‍ കൊണ്ട് പരുക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ജാവലിന്‍ എടുത്തുമാറ്റാന്‍ പോകുമ്പോഴാണ് ഹാമര്‍ ത്രോബോള്‍ തലയില്‍ വീണത്. അതേസമയം, കുട്ടി അശ്രദ്ധമായി നിന്നതിനാലാണ് അപകടം നടന്നതെന്ന് അത് ലറ്റിക്ക് മീറ്റ് അസോസിയേഷൻ വിശദീകരിച്ചു.
ഹാമർ എറിയുന്നത് ശ്രദ്ധിക്കാതെ ജാവലിന്‍ എടുക്കാനായി ഫീൽഡിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി ഇപ്പോള്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചു
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശവുമായി പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ഇടതുമന്ത്രിയുടെ പരാമര്‍ശം. ”
കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയും ജയിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ എങ്ങനെയാണ് വികസനം കൊണ്ടുവരികയെന്നും അരൂരില്‍ വീണ്ടും ഒരു ഇടത് എംഎല്‍എയാണ് ഉണ്ടാവേണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. എരമല്ലൂര്‍ – എഴുപുന്ന റോഡിന്റെ അറ്റകുറ്റപണി തടസപ്പെടുത്തിയതിനാണ് കേസ്. അരൂര്‍ പൊലീസാണ് തുറവൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും കോണ്‍പ്രവര്‍ത്തകരും ചേര്‍ന്ന് റോഡ് നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. രാത്രി പണി നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പറഞ്ഞാണ് പണി തടസപ്പെടുത്തിയത്.
ഈ റോഡ് തകര്‍ന്നു കിടക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതികള്‍ രേഖപ്പെടുത്തിയിരുന്നു. അതിനാലാണ് രാത്രി പണിക്കായി പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ അവിടെ എത്തിച്ചേര്‍ന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊബൈലില്‍ ചിത്രം പകര്‍ത്തുന്നത് തടഞ്ഞ വിദ്യാര്‍ഥിനിക്കാണ് അടികൊണ്ടത്. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് കോളജ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ എം. ബി.ബി.എസ് സപ്്ളിമെന്‍ററി പരീക്ഷാ ഫലം തടഞ്ഞുവെക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു.
എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പരീക്ഷാ ഫലം ആരോഗ്യസര്‍വകലാശാല തടഞ്ഞതിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരുന്ന വിദ്യാര്‍ഥിനിയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ദൃശ്യം പകര്‍ത്താനാവില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റിഫ് ഉദ്യോഗസ്ഥ രംഗത്തെത്തി.
വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും എസ്.ആര്‍ മെഡിക്കല്‍കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥക്കും സെക്യൂരിറ്റി ഉദ്യോഗസ്ഥനും എതിരെ പൊലീസ് കേസെടുത്തു.
കോപ്പിയടികണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ എം. ബി.ബി.എസ്. സപ്്ളിമെന്‍ററി പരീക്ഷാ ഫലം തടഞ്ഞുവെക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. ഇനി കോളജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കേണ്ടെന്നും സര്‍വകലാശാലയുടെ ഭരണ സമിതി തീരുമാനമെടുത്തു. എന്നാല്‍ കോളജിലെ പ്രശ്നങ്ങളിലില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കോളജിനെക്കുറിച്ച് വിദ്യാര്‍ഥികളുന്നയിക്കുന്ന പരാതികള്‍ ശരിയാണെന്ന് മെഡിക്കല്‍ കൗണ്‍സിലും വിജിലന്‍സും കണ്ടെത്തിയിരുന്നു.