Latest News

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം ‘2024’ നാളെ സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സ്റ്റീവനേജ് മേയർ കൗൺസിലർ ജിം ബ്രൗൺ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സർഗം ‘പൊന്നോണം 2024 ‘നു അതിഥിയായെത്തുന്ന യുക്മയുടെ നാഷണൽ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ആശംസകൾ നേർന്നു സംസാരിക്കും.

കലാപരിപാടികളുടെ ആധിക്യം മൂലം കൃത്യം പത്തിന് പുലികളിയും മാവേലി വരവേൽക്കലും ചെണ്ട മേളവും അടക്കം പ്രാരംഭ പരിപാടികൾ ആരംഭിക്കും. ആഘോഷത്തിലെ ഹൈലൈറ്റായ വെൽക്കം ഡാൻസ് പത്തരയോടെ ആരംഭിക്കുന്നതാണ്. കഥകളിയും, മെഗാ തിരുവാതിരയും, ഫാഷൻ ഷോയും, മെഡ്‌ലിയും അടക്കം കലാവതരണങ്ങൾക്കു ശേഷം 25 ഇന വിഭവങ്ങൾ അടങ്ങിയ ഓണസദ്യ തൂശനിലയിൽ വിളമ്പും. തുടർന്ന് കലാപരിപാടികൾ തുടരുന്നതാവും.

വാശിയേറിയ ഇൻഡോർ ഔട്ഡോർ മത്സരങ്ങളും, പിന്നണിയിൽ നീണ്ടു നിന്ന കലാപരിപാടികളുടെ പരിശീലനവും കൊണ്ട് തിരുവോണ അനുഭൂതിയിലാണ്ട സ്റ്റീവനേജിൽ തിരുവോണ ദിനത്തിനായൊരുക്കിയ കലാവിസ്മയങ്ങൾ സ്റ്റേജിൽ വർണ്ണം വിടർത്തുമ്പോൾ ഏറെ പ്രൗഢ ഗംഭീരമായ ആഘോഷമാവും സദസ്സിന് സമ്മാനിക്കുക.

സജീവ് ദിവാകരൻ, നീരജ പടിഞ്ഞാറയിൽ, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ എന്നിവർ പ്രോഗ്രാമിനും, ഹരിദാസ് തങ്കപ്പൻ, ചിന്ദു ആനന്ദൻ, നന്ദു കൃഷ്‌ണൻ എന്നിവർ സദ്യക്കും ജെയിംസ് മുണ്ടാട്ട്,അലക്സ് തോമസ്, അപ്പച്ചൻ എന്നിവർ ഇനേതൃത്വം നൽകും.

വൈസ് മോർട്ടഗേജ്, ജോൺ പോൾ സോളിസിറ്റേഴ്സ്, ചിൽ അറ്റ് ചില്ലീസ്, മലബാർ ഫുഡ്, 7s ട്രേഡിങ്ങ് ലിമിറ്റഡ്, കറി വില്ലേജ് എന്നീ സ്ഥാപനങ്ങൾ സർഗ്ഗം പൊന്നോണത്തിന് പ്രായോജകരാവും.

സർഗ്ഗം സ്റ്റീവനേജ് അസോസിയേഷൻ പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി സജീവ് ദിവാകരൻ നന്ദിയും പ്രകാശിപ്പിക്കും.

റോമി കുര്യാക്കോസ്

ബോൾട്ടൻ: യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്നായ ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – ന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 21 ന് വിപുലമായ രീതിയിൽ സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോൾട്ടനിലെ ഇന്ത്യൻസ് സ്പോർട്സ് ക്ലബ്‌ ഹാൾ അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികൾക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം.

അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ നൃത്ത അരങ്ങേറ്റം, നിരവധി കലാ – കായിക മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവരുടേയും കാഴ്ചക്കാരുടെയും ആവേശം വാനോളം ഉയർത്തുന്ന വടംവലി മത്സരങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർപ്പുവിളികളുടെ ആരവത്തോടെ ‘മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.

ബി എം എയുടെ ആഭിമുഖ്യത്തിൽ അത്യാഡമ്പരപൂർവ്വം കൊണ്ടാടുന്ന ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം:

Bolton Indians Sports Club
Darcy Lever
BL3 1SD

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ : സീറോ മലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജ്ജ സ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെന്ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ . രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന അദ്ദേഹം റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപതയുടെ വൈദിക സമിതിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു . വിശ്വാസ പരിശീലനത്തിലും , അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും യൂറോപ്പിലെ സഭയ്ക്ക് തന്നെ മാതൃകയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തനങ്ങൾ ഗ്രേറ്റ് ബ്രിട്ടനിലേക്ക് വിവിധ ജോലി മേഖലകൾ തേടി കുടിയേറിയിട്ടുള്ള എഴുപതിനായിരത്തോളം സഭാ മക്കളുണ്ട് ,അവരുടെ കുടിയേറ്റം സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ളതാകരുതെന്നും ദൈവം പ്രതീക്ഷിക്കുന്ന പ്രേഷിത ശുശ്രൂഷയ്ക്കായി നിയമിക്കപ്പെട്ട് അയക്കപ്പെട്ടവരാണ് തങ്ങളെന്ന് ബോധ്യപ്പെടണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു .

രൂപതയുടെ പ്രൗഢമായ വൈദിക സമിതിക്ക് ഈ നാടിന്റെ സംസ്കാരത്തിൽ വിശ്വാസ സമൂഹത്തെ പടുത്തുയർത്താനും നയിക്കാനുമുള്ള കടമയുണ്ട് . പുതിയ തലമുറക്ക് സ്വീകാര്യമാകുന്ന വിധത്തിൽ തദ്ദേശീയ സംസ്കാരത്തിലും ഭാഷയിലും അജപാലന ശുശ്രൂഷ നിർവഹിക്കാനുള്ള പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട് , അതിനായി നിസ്വാർഥമായ ആത്മസമർപ്പണവും , കഠിനാദ്ധ്വാനവും വൈദിക സമൂഹം ഏറ്റെടുക്കേണ്ടതുണ്ട് .

പ്രതിസന്ധികളുടെയും ക്ലേശങ്ങളുടെയും മദ്ധ്യേ പ്രത്യാശാപൂർവം വൈദികർ ദൈവജനത്തിനായി ഏറ്റെടുക്കുന്ന അദ്ധ്വാനങ്ങൾ വിലമതിക്കേണ്ടവയാണെന്ന് പിതാവ് അനുസ്മരിച്ചു . രൂപതയെ ശ്രദ്ധാപൂർവം നയിക്കുന്നതിനും , ഒരു വ്യക്തി സഭയെന്ന നിലയിലുള്ള സീറോ മലബാർ സഭയുടെ തനിമയും വ്യതിരക്തതയും കാത്ത് സൂക്ഷിക്കുന്നതിനും രൂപതാധ്യക്ഷനായ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തുന്ന പരിശ്രമങ്ങളെ മേജർ ആർച്ച് ബിഷപ് അനുമോദിച്ചു .

വൈദികസമ്മേളനത്തിൽ സംബന്ധിക്കുവാൻ എത്തിയ മേജർ ആർച്ച് ബിഷപ്പിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വാഗതം ചെയ്തു , രൂപതയിലെ വൈദികരുമായി ഏറെ നേരം ആശയവിനിമയം നടത്തിയ ശേഷമാണ് മാർ തട്ടിൽ മടങ്ങിയത് . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അർപ്പിച്ചു .

ക്രിസ്തീയ ഭക്തിഗാന രംഗത്ത് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി ശ്രീ സാനു സാജൻ അവറാച്ചൻ , ഈ കഴിഞ്ഞ സെപ്റ്റംബർ എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ,സാനുവിന്റെ മറ്റൊരു ഗാനവും കൂടെ റിലീസ് ആയിരിക്കുകയാണ് . “നിത്യവും എൻ അമ്മ” . തൂവെള്ള അപ്പമായി എന്ന കെസ്റ്റർ ആലപിച്ച ഗാനവും , തിരുമുഖം കാണുമ്പോൾ എന്ന മധു ബാലകൃഷ്ണൻ ആലപിച്ച ഗാനവും സൂപ്പർ ഹിറ്റ് ആയി നിൽക്കുമ്പോഴാണ് – ‘അമ്മേ മാതാവേ’ എന്ന് തുടങ്ങുന്ന ” നിത്യവും എൻ അമ്മ” എന്ന ആൽബത്തിലെ ഗാനം ശ്രദ്ധേയമാകുന്നത് .

ഇതിലെ വരികളും സംഗീതവും സാനു സാജൻ അവറാച്ചൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് , ഈ ഗാനത്തിന്റെ ഏറ്റവും പ്രത്യേകത പുതുമുഖ ഗായികയായ സെറീന സിറിൽ ഐക്കരയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . വർഷങ്ങളായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിച്ചുവരുന്ന സിറിൽ ഐക്കരയുടെയും ഷിബി സിറിലിന്റെയും മകളാണ് സെറീന .

തന്റെ ചെറുപ്രായം മുതൽ സംഗീതത്തെ ഇഷ്ടപ്പെടുകയും ആദ്യ പിന്നണി ഗാനത്തിന്റെ റിലീസിന്റെ സന്തോഷത്തിലും ആണ് സെറീന .

ശ്രീ ടോം പാലായുടെ ഓർക്കസ്ട്രേഷനിൽ Made 4Memories എന്ന യൂട്യൂബ് ചാനലിൽ ഇറങ്ങിയ ഈ ഗാനം ,വളരെ ജനശ്രദ്ധ നേടി മുന്നോട്ട് പോകുന്നു .

ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽട്ടൻഹാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷന്റെ ഓണ നിലാവ് 2024 സെപ്റ്റംബർ 14 ശനിയാഴ്ച സെൻറ് എട്വേർഡ് സ്കൂളിൽ വച്ച് ഗൃഹാതുരത്വമുണർത്തുന്ന ഓണത്തിൻറെ ഓർമ്മകളുമായി ആഘോഷപൂർവ്വം നടത്തപ്പെടുകയാണ് .

ഓണ നിലാവ് 2024 ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡൻറ് ബെൻസൺ തോമസും സെക്രട്ടറി ഷിമ്മി ജോർജും അറിയിച്ചു ചെൽട്ടൻഹാം മലയാളികൾക്ക് മറക്കാനാവാത്ത ഓണത്തിന്റെ ഓർമ്മകൾ തന്മയിൽ തന്നെ പകർത്തി നൽകുവാൻ അസോസിയേഷൻ വിപുലമായ ഓണസദ്യയും നാടൻപാട്ടുകളും കലാ സന്ധ്യയുമായി അംഗങ്ങൾക്ക് എന്നും വേറിട്ടൊരു അനുഭവമായിരിക്കും ഈ വർഷത്തെ ഓണാഘോഷം. മഞ്ഞ് പോലെ തൂവൽ സ്പർശം പോലെ ഇന്നലത്തെ ഓർമ്മയാണ് ഓണം.

രാവിലെ 10:30ന് തിരിതെളിച്ച് തുടങ്ങുന്ന ഓണ നിലാവ് 2024 ദിവസം മുഴുവൻ നീണ്ടുനിൽക്കും. വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ യുകെയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യ ചെണ്ടമേളവും ശിങ്കാരിമേളവും പുലികളിയും എല്ലാം ഈ ഓണാഘോഷത്തിന് മാറ്റുകൂട്ടും അതോടൊപ്പം 151 മലയാളി മങ്കമാരുടെ മെഗാ തിരുവാതിര ഓണ നിലാവിൻറെ മറ്റൊരു ആകർഷണം ആയിരിക്കും .

ഓണനിലാവ് 2024 ന്റെ കലാപരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് ആർട്സ്കോഡിനേറ്റർ സജിനി കുര്യൻ ആണ്. ഈ ഓണ നിലാവ് 2024 ലേക്ക് ചെൽട്ടൻഹാമിലെ എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ നേതൃത്വം അറിയിച്ചു.

അടുത്ത വർഷം ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ മധുരയില്‍ നടക്കുന്ന സി.പി.എം പാർട്ടി കോണ്‍ഗ്രസില്‍ മൂന്നു ടേം പൂർത്തിയാക്കി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം.

ഇനിയുള്ള ചോദ്യം യെച്ചൂരിയുടെ പകരക്കാരൻ ആരാകുമെന്നതാണ് . ആർക്കെങ്കിലും താത്ക്കാലിക ചുമതല നല്‍കുമോ?

അതോ പാർട്ടി കോണ്‍ഗ്രസ് വരെ പി.ബിയിലെ പാർട്ടി സെന്റർ മറ്റു പി.ബി. അംഗങ്ങളുമായി ആശയവിനിമയം നടത്തി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമോ?.ഉടൻ ചേരുന്ന പി.ബി.യോഗത്തില്‍ തീരുമാനം ഉണ്ടാകാൻ ഇടയുണ്ട്.കേന്ദ്ര കമ്മിറ്റി പിന്നീട് അതംഗീകരിച്ചാല്‍ മതിയാകും.

പതിനേഴംഗ സി.പി.എം പി.ബിയില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ 75 എന്ന പാർട്ടി പ്രായ പരിധി കടന്നവരാണ്.അതേസമയം പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.ഐ.ടി.യു നേതാവ് തപൻസെൻ ,ആന്ധ്രയില്‍ നിന്നുള്ള ബി.വി.രാഘവലു, കേരളത്തില്‍ നിന്നുള്ള എം.എ.ബേബിഎന്നിവരാണ് പി.ബിയില്‍ നിലവിലുള്ളവരില്‍ പ്രായപരിധി കടക്കാത്തവരിലെ മുതിർന്ന നേതാക്കള്‍.ഇവരില്‍ ബേബിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

നാല്‍പ്പതു വർഷം മുൻപ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എം.എ.ബേബി ഒഴിഞ്ഞപ്പോള്‍ പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു.ഇപ്പോള്‍ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്ബോള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല.കേരള ഘടകത്തിന്റെ പിന്തുണ ഇതില്‍ നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരാണ് ബേബിയെ കൂടാതെ കേരളത്തില്‍ നിന്നും പി.ബിയിലുള്ളത്.

തപൻ സെൻ ട്രേഡ് യൂണിയൻ രംഗത്തായതിനാല്‍ സാധ്യത കുറവാണ്. പക്ഷേ, മുതിർന്ന നേതാവെന്ന നിലയില്‍ രാഘവലുവിനെ പരിഗണിച്ചേക്കാം.ബംഗാളില്‍ നിന്നുള്ള നീലോല്‍പ്പല്‍ ബസു, മുഹമ്മദ് സലിം എന്നീ പി.ബി അംഗങ്ങളില്‍ നീലോല്‍പ്പല്‍ ജൂനിയറാണെങ്കിലും ഉയർന്നു വരുന്ന നേതാവാണ് .എന്നാല്‍ അടുത്ത പാർട്ടി കോണ്‍ഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നല്‍കാൻ ആലോചിച്ചാല്‍ പ്രായ പരിധി പരിഗണിക്കാതെ വൃന്ദയ്ക്ക് നറുക്കു വീഴാം. പിന്നെയുള്ള വനിത സുഭാഷിണി അലിയാണ് .അവർക്ക് സാധ്യത കുറവാണ്. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും പ്രായപരിധി നോക്കാതെ പരിഗണിക്കപ്പെട്ടേക്കാം.

ആലപ്പുഴ കലവൂരിൽ 63 കാരി സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പിടിയിലായ പ്രതികളുമായി പോലീസ് കേരളത്തിലേക്ക്. കർണാടക മണിപ്പാലിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം മാത്യുസിനെയും ശർമിളയെയും പിടികൂടിയത്.

പ്രതികളെ ഇന്ന് ആലപ്പുഴയിൽ എത്തിക്കും. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരിൽ എത്തിച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ മണിപ്പാലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപെടാനുള്ള യാത്രാമധ്യേയാണ് പ്രതികൾ പിടിയിലായത്.

കൊലപാതകത്തിന് ശേഷം നാടുവിട്ട ശർമിളയെയും മാത്യൂസിനെയും തേടി പോലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ഉഡുപ്പിയിലെത്തിയിരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശർമിള പോകാൻ ഇടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെ പണം പിൻവലിച്ച വിവരങ്ങൾ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതികളുമായി പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിലേക്ക് തിരിച്ചു.

ആലപ്പുഴയിൽ എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാൽ പോസ്റ്റ്മോർട്ടം സങ്കീർണമായിരുന്നു.

ശരീരത്തിൽ ക്രൂരമർദ്ദനം ഏറ്റതായി പോസ്റ്റുമോട്ടത്തിൽ പ്രാഥമിക വിവരമുണ്ടെങ്കിലും മരണകാരണം വ്യക്തമല്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയും. സുഭദ്രയുടെ സ്വർണം കവരുക മാത്രമായിരുന്നോ പ്രതികളുടെ ലക്ഷ്യമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

രാധാകൃഷ്ണൻ മാഞ്ഞൂർ

സർഗ്ഗാത്മകതയുടെ കാഴ്ചശീലങ്ങളെ, ജീവിതത്തിൻ്റെ ചെറുസന്ദർഭങ്ങളെ ഒരു ഫോട്ടോഗ്രാഫർ കൃത്യമായി അടയാളപ്പെടുത്തുന്നു, കാലത്തിൻ്റെ നേർക്കു പിടിച്ചു കലയും മനുഷ്യനുമായുള്ള ഹൃദയ ബന്ധത്തെ സാക്ഷ്യപ്പെടുത്തുകയും , കഥകളിയുടെയും ,കൂടിയാട്ടത്തിൻ്റെയും നിറകാഴ്ചകളിൽ അഭിരമിക്കുന്ന ഭ്രാന്തമായ പിന്തുടരലിൻ്റെ കഥയാവുകയും ചെയ്യുന്നു ………
.
ഇത് രാധാകൃഷ്ണ വാര്യർ , ക്ലാസിക് കലകളുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ……..ക്യാമറകൊണ്ടൊരു “വാര്യർ ടച്ച് ” അവകാശ പെടുമ്പോഴും ഫോട്ടോഗ്രാഫിയുടെ വിപണി സാധ്യതകളുടെ ഈ കാലത്ത്‌ തൻ്റേതായ ഇഷ്ടങ്ങളും ,ആകാശവും ,വഴിയും കണ്ടെത്തി വ്യത്യസ്തനാവുന്നു .

കോട്ടയം തിരുനക്കര കേരളപുരം വാര്യത്തു പരേതനായ ബാലരാമവാര്യരുടെ മകന്, മുത്തശ്ശൻ ജി കെ വാര്യരാണ് കഥകളിയുടെയും ,ചിത്രകലയുടെയും, ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തത് പോർട്രേറ്റ് ,ചുമർ ചിത്ര വരകളിൽ പ്രശസ്തനായ മുത്തശ്ശൻ വരച്ച ചിത്രങ്ങൾക്ക് നിറം പകർന്നു രാധാകൃഷ്ണവാര്യരും ഒപ്പം കൂടി. വാര്യരുടെ അച്ഛൻ ബാലരമ വാര്യർ കഥകളി ആസ്വാദകനായിരുന്നു . തിരുനക്കര അമ്പലത്തിലെ കഥകളി രാവുകൾ ഇപ്പോഴും കണ്മുന്നിലുണ്ട് .അച്ഛനാണ് കഥകളിയുടെ രീതി ശാസ്ത്രങ്ങൾ പറഞ്ഞു തന്നത് .കലാമണ്ഡലം ഗോപി ആശാൻ്റെ രൗദ്ര ഭീമനാണ് ആദ്യമെടുത്ത ഫോട്ടോ .പിന്നീട് കഥകളിയെ പ്രണയിച്ച് എത്രയോ യാത്രകൾ , എത്രയോ ഫോട്ടോകൾ ………കഥകളിയുണ്ടെങ്കിൽ വേഷം ഏതുമാകട്ടെ വേഷക്കാരൻ ആരുമാവട്ടെ അവിടെ വാര്യരുണ്ടാവും .

ഏറ്റവും കൂടുതൽ ഫോട്ടോകൾ ഗോപിയാശാൻ്റേതാണ് , ഏകദേശം പതിനായിരം ചിത്രങ്ങളോളം . പയ്യന്നൂരിൽവെച്ചു “ചുടല ഹരിശ്ചന്ദ്രൻ ” വേഷം കൂടി എടുത്തതോടെ ഗോപിയാശാൻ അഭിനയിച്ച 16 തരം വേഷത്തിലുള്ള 35 കഥകളുടെ അപൂർവ ശേഖരം കൈയ്യിലായി. കേരള കലാമണ്ഡലത്തിൽ മൂന്നുവർഷം ജോലി ചെയ്തു,- കഥകളി വേഷക്കാരൻ കലാമണ്ഡലത്തിൽ ഏതു വേഷം കെട്ടിയാടുമ്പോഴും ഒരു ഭാവം കൂടിയിരിക്കും .കലാമണ്ഡലത്തിൽ നിന്നും പകർത്തിയ ആ മൂന്ന് വർഷമാണ് ജീവിതത്തെ ഏറ്റവും മഹത്വപ്പെടുത്തിയത് . കോട്ടയ്‌ക്കൽ ശിവരാമൻ ,കലാമണ്ഡലം ഗോപി ,കലാമണ്ഡലം പദ്‌മനാഭൻ നായർ ,കീഴ്പ്പടം കുമാരൻ നായർ ,ഉഷ നങ്യാർ ഒഡീസി നർത്തകി കവിത ദ്വിവേദി തുടങ്ങിയവരുടെ ചിത്രങ്ങൾ എടുത്തിട്ടുണ്ട് കഥകളിയുടെ വർണ്ണവൈവിധ്യങ്ങളും അതിൻ്റെ വികാര തീവ്രതയും വാര്യർ ചിത്രങ്ങളുടെ പ്രത്യേകതയാണ് .

കഥകളിയുടെ കഥയും ,മുദ്രയും അറിയാതെയാണ് പലരും കഥകളി ഫോട്ടോകൾ എടുക്കുന്നത് .ഈ രീതി ശരിയല്ലെന്ന് വാര്യർ പറയുന്നു . കഥയറിഞ്ഞു കഥകളി കാണുക .കളി അരങ്ങേറുമ്പോൾ ഒരു ധ്യാനം പോലെയാണ് നാം ഫോട്ടോകൾ പകർത്തേണ്ടത് “ അരങ്ങത്തുചൊല്ലിയാടുന്നവരുടെ കണ്ണുകൾ ശ്രദ്ധിക്കുക ,ഏറ്റവും ജീവസ്സുറ്റ മുഹൂർത്തം വരുമ്പോൾ ക്ലിക് ചെയ്യുക ’’

ഭൂതവും ,ഭാവിയും ,വർത്തമാനവുമൊക്കെ ഈ ചിത്രങ്ങൾ നമുക്കായി കാത്തു വയ്ക്കുന്നു . വരുംകാലത്തേക്കുള്ള വേരുറപ്പും, ശക്തി ബോധ്യവുമാണിത് . വാര്യർ തൻ്റെ അപൂർവ്വ ചിത്ര പരമ്പരകളുമായി നിരവധി ഫോട്ടോ പ്രദർശനങ്ങൾ നടത്തി. കേരളത്തിലെ യൂണിവേഴ്സിറ്റികൾ ,കോളേജുകൾ കേന്ദ്രീകരിച്ചു “ചിത്രരഥം” എന്ന പേരിൽ ഫോട്ടോ പ്രദർശനങ്ങൾ നടത്തി .കോട്ടയം ബസേലിയസ് ക്യാമ്പസ് പഠനകാലത്തു ഒരു വർഷം കഥകളി നടത്തി . ഇന്നും ബസേലിയസ്ക്യാമ്പസിൽ വാര്യരുടെ പൂർണ്ണ പിന്തുണയിൽ കഥകളി ക്ലബ് പ്രവർത്തിക്കുന്നു . ഭാര്യ : സുമംഗല , മകൾ : ഗൗരികൃഷ്‌ണ, മരുമകൻ: വിനയ് രാജ്, പേരക്കുട്ടി: ധാത്രി

രാധാകൃഷ്ണൻ മാഞ്ഞൂർ : 1968 ൽ മാഞ്ഞൂർ പന്തല്ലൂർ വീട്ടിൽ ജനനം . മാഞ്ഞൂർ സൗത്ത് ഗവഃസ്കൂൾ ,വി കെ വി എംഎൻഎസ്എസ്സ്കൂൾ,കുറവിലങ്ങാട്ദേവമാതാകോളേജ്എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .1997 ൽ ഭരതം കഥാ പുരസ്കാരം , 2006 ൽ അസ്സീസ്സി ചെറുകഥാ അവാർഡ് ,2003 ൽ സംസ്കാരവേദി അവാർഡ്. രണ്ടു പുസ്തകങ്ങൾ: നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി. രണ്ടു തിരക്കഥകൾ : മഴമരങ്ങൾ , മുടിയേറ്റ് .
2004 ൽ കാഞ്ഞിരപ്പളളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ ,2024 ൽ ടാഗോർ സ്‌മാരക സാംസ്‌കാരിക സദസ്സിൻ്റെ സംസ്ഥാന ജോയിൻ്റ് സെക്രെട്ടറി.
അച്ഛൻ : പരേതനായ പി കെ കൃഷ്ണനാചാരി ,അമ്മ : പരേതയായ ഗൗരി കൃഷ്ണൻ,ഭാര്യ : ഗിരിജ
മകൾ : ചന്ദന.
വിലാസം : രാധാകൃഷ്ണൻ മാഞ്ഞൂർ ,പന്തല്ലൂർ ,മാഞ്ഞൂർ തെക്കു തപാൽ ,പിൻ :686603 ,കോട്ടയം ജില്ല .

Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

 

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മ‍ൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനൽകും. ഇന്ന് എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും.

14-ന് ഡൽഹി എ.കെ.ജി ഭവനിൽ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.

നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകിട്ടോടെയാണ് അന്തരിച്ചത്.

എബി ജോൺ തോമസ്

പരസ്പരം
കെട്ടിപ്പുണരുന്നതിന്
തൊട്ടുമുമ്പ്,
ഒരു
ഭൂചലനത്തിലാണ്
ആകാശവും
കടലും
രണ്ട്
ദിക്കിലേക്ക്
വലിച്ചെറിയപ്പെട്ടത്.

അന്നു മുതൽ
കടൽ
ഒരു തുള്ളി
കണ്ണീരും
ആകാശം
ഒരഭിലാഷവുമായി.

കടലാക്രമണങ്ങൾക്ക്
തുടക്കമായതും
അതിന്
ശേഷമാണ്.

കരയിലൂടെ
ആകാശത്തിലേക്ക്
കുറുക്കുവഴിയുണ്ടെന്ന്
കടലിനെ
ആരോ
പറഞ്ഞു പറ്റിച്ചിട്ടുണ്ട്

പ്രണയത്തിൽ
വീണ്
പരിക്കേറ്റവരെ
കടലോളം
ചേർത്തു നിർത്താൻ
കടലല്ലാതെ
ആരാണുള്ളത്.
(പ്രണയമുറിവിൽ
മരുന്ന്
കടലുപ്പ് തന്നെയല്ലേ )

കടലും
ആകാശവും
ഒന്നാകുന്നതിൽ
തടസം നിന്നത്
കരയാണെന്ന്
ആകാശവും
തെറ്റിധരിച്ചിട്ടുണ്ട്.

പെരുമഴ കൊണ്ട്
ആകാശം
ഉള്ളുപൊട്ടിക്കുന്നതൊക്കയും

തെറ്റിധാരണയുടെ
പുറത്താണ്

അഗ്നിപർവ്വതങ്ങൾക്കന്നമൂട്ടി
കടലും ആകാശവും
കാത്തിരിക്കുന്നത്
ഒരു
കരദൂരം
മറികടക്കാനാണ്.

അപ്പോഴും
ഒന്നുമറിയാതെ
കര
കടലിലിനേയും
ആകാശത്തെയും
കവിതയിൽ
തിരയുകയാണ്

എബി ജോൺ തോമസ്, – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. നിലവിൽ കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആണ്.

 

 

Copyright © . All rights reserved