എബി ജോൺ തോമസ്
പരസ്പരം
കെട്ടിപ്പുണരുന്നതിന്
തൊട്ടുമുമ്പ്,
ഒരു
ഭൂചലനത്തിലാണ്
ആകാശവും
കടലും
രണ്ട്
ദിക്കിലേക്ക്
വലിച്ചെറിയപ്പെട്ടത്.
അന്നു മുതൽ
കടൽ
ഒരു തുള്ളി
കണ്ണീരും
ആകാശം
ഒരഭിലാഷവുമായി.
കടലാക്രമണങ്ങൾക്ക്
തുടക്കമായതും
അതിന്
ശേഷമാണ്.
കരയിലൂടെ
ആകാശത്തിലേക്ക്
കുറുക്കുവഴിയുണ്ടെന്ന്
കടലിനെ
ആരോ
പറഞ്ഞു പറ്റിച്ചിട്ടുണ്ട്
പ്രണയത്തിൽ
വീണ്
പരിക്കേറ്റവരെ
കടലോളം
ചേർത്തു നിർത്താൻ
കടലല്ലാതെ
ആരാണുള്ളത്.
(പ്രണയമുറിവിൽ
മരുന്ന്
കടലുപ്പ് തന്നെയല്ലേ )
കടലും
ആകാശവും
ഒന്നാകുന്നതിൽ
തടസം നിന്നത്
കരയാണെന്ന്
ആകാശവും
തെറ്റിധരിച്ചിട്ടുണ്ട്.
പെരുമഴ കൊണ്ട്
ആകാശം
ഉള്ളുപൊട്ടിക്കുന്നതൊക്കയും
ഈ
തെറ്റിധാരണയുടെ
പുറത്താണ്
അഗ്നിപർവ്വതങ്ങൾക്കന്നമൂട്ടി
കടലും ആകാശവും
കാത്തിരിക്കുന്നത്
ഒരു
കരദൂരം
മറികടക്കാനാണ്.
അപ്പോഴും
ഒന്നുമറിയാതെ
കര
കടലിലിനേയും
ആകാശത്തെയും
കവിതയിൽ
തിരയുകയാണ്
എബി ജോൺ തോമസ്, – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. നിലവിൽ കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആണ്.
മെട്രിസ് ഫിലിപ്പ്
“അടിച്ചുപൊളിച്ചു കേറിവാ മക്കളെ “.. പൂക്കളുടെ ചിങ്ങമാസവും സെപ്റ്റംബറിന്റെ വസന്തകാലവും നിറഞ്ഞ, മലയാളികളുടെ ഉത്സവമായ ഓണം 2024 വരവായ്. എല്ലാ മലയാളികൾക്കും, സ്‌നേഹവും സഹോദര്യവും സന്തോഷവും നന്മകളും സമ്പൽസമൃദ്ധിയും നിറഞ്ഞ ഓണം ആശംസിക്കുന്നു. ഓണാഘോഷങ്ങൾ എല്ലായിടത്തും ആരംഭിച്ചിരിക്കുന്നു. ഓരോ ഓണവും ഓരോ ഓർമ്മകൾ ആവണം. ആ ഓർമ്മകൾക്കു മധുരം ഉണ്ടാവണം.
ഓരോ പുലർകാലവും നന്ദിയുടെയും പ്രതീക്ഷകളുടെയും ആവണം. സ്വപ്നം കണ്ടത് നാളെ ലഭിക്കും എന്ന് ഒരുറപ്പും ഇല്ലാതിരിക്കുമ്പോഴും, ഇന്ന് നമുക്ക് വേണ്ടി എന്ത് ചെയ്തു, എന്ന് കൂടി ഓർക്കുക. ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത് ബോണസ് ആണെന്ന് കരുതി, നന്ദി ഉള്ളവരാകുക. ചിരിക്കു പിണങ്ങാൻ സമയം ഇല്ലാ, എന്ന് പറയുന്നപോലെ, എല്ലാവരെയും സ്നേഹിക്കുക. നമ്മുടെ മനസിന്റെ സന്തോഷത്തിനായി ദിവസവും കുറച്ചു സമയം മാറ്റി വെക്കുക. ജീവിതം ഒന്നേ ഒള്ളു എന്ന് എപ്പോഴും ഓർക്കുക. നഷ്ടപ്പെട്ടത് ഓർത്തു ദുഃഖിക്കാതെ, നാളെ പുതിയവ ലഭിക്കും എന്നുള്ള ചിന്തയാണ് വേണ്ടത്.
മലയാളികൾ, ശരിക്കും ജീവിക്കുന്നുണ്ടോ. ജീവിതകാലം മുഴുവൻ ജോലി ചെയ്ത്, പണം സമ്പാദിച്ച് , അവശനായി ഈ ലോകം വിട്ട് പോയിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ, കുറെയൊക്കെ മാറി കഴിഞ്ഞു. ലോകം കീഴടക്കി മുന്നോട്ട് കുതിക്കുന്ന മലയാളികൾ. അവൻ /ൾ, അതി ശൈത്യവും, കഠിന ചൂടും, സഹിച്ച്, ഏത് രാജ്യത്തും ജീവിച്ചു കാണിക്കുന്ന മല്ലൂസ്.
പുലർകാല സുന്ദര സ്വപ്‍നത്തിൽ ഞാനൊരു, പൂമ്പാറ്റയായി ഇന്ന് മാറി, മണ്ണിലും വിണ്ണിലും വർണ്ണചിറകുമായി, പാറിപറക്കുന്നവരായിരിക്കുന്നു.
മലയാളി അടിപൊളി ആണുട്ടോ. സ്വപ്‍നങ്ങളും പ്രതീക്ഷികളും ആഗ്രഹങ്ങളുമായി ജീവിക്കുന്ന മലയാളികൾ. Adjustment/Compromise, എന്നി വാക്കുകൾ സോഷ്യൽ മീഡിയക്ക് പുതിയതായി ചർച്ച, ചെയ്യുവാൻ അവസരം നൽകിയ മല്ലൂസ്. ആരെയും എയറിൽ, നിർത്തുവാനും ഇറക്കുവാനും ഇവർക്കുള്ള കഴിവ് അപാരം തന്നെയാണ്.
ഓണവും വിഷുവും ക്രിസ്മസുമുൾപ്പെടെ എല്ലാ ഉത്സവങ്ങളും അടിച്ചുപൊളിച്ചാഘോഷിക്കുന്ന, ലണ്ടൻ, ന്യൂയോർക്ക്, നഗരത്തിലൂടെ കൈലി മുണ്ട് മടക്കി കുത്തി പോകുന്ന ലോക മല്ലൂസ്. ചന്ദ്രനിലെ, കുമാരേട്ടന്റെ ചായക്കടയിൽ പോയി “ചേട്ടാ ഒരു ചായ” എന്ന് ചോദിക്കുന്ന, ആൾക്കൂട്ടത്തിൽ നിൽക്കുന്ന ആളോട്, “ഓ മലയാളി ആണല്ലേ” എന്ന് ചോദിച്ചു പോകുന്ന മല്ലൂസ്. ഇവരുടെ സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം ഒരുപാട് ആണു താനും. വലിയ വീട്, കാർ, സ്വത്തുക്കൾ, എല്ലാം നേടുവാൻ രാപകൽ ജോലി ചെയ്യും. തേക്കിലും മാഞ്ചിയത്തിലും ആട് വളർത്തലിലും പണം മുടക്കി വഞ്ചിതരാവുന്നതും മല്ലൂസ് ആണെന്നേ. കോടികൾ ചിലവഴിച്ചു പണിതിട്ടിരിക്കുന്ന, വലിയ വീട്ന്റെ, ഉമ്മറത്തു വാങ്ങിയിട്ടിരിക്കുന്ന, നീളൻ ചാരുകസേരയിൽ (കവിഞ്ചി ) ചാരിയിരുന്നു കൊണ്ട്, ഒരു ചായ കുടിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ. അങ്ങനെ ഇരിക്കുമ്പോൾ, ഓർമ്മിക്കാൻ കുറേ നല്ല ഓർമ്മകൾ ഉണ്ടാവണം. തൊട്ടപ്പുറത്തുള്ള ആളുടെ വീടിനെക്കാൾ വലിയ വീട്, ലോൺ എടുത്ത് പണിത്, പൂട്ടിയിട്ട്, വിദേശത്തു പോയി രാപകൽ ജോലി ചെയ്തു തളർന്നു വീഴുന്ന കാഴ്ചകളും നമുക്ക് കാണുവാൻ സാധിക്കും. ഉരുളൻ കല്ലിനും ഗർഭം ഉണ്ടെന്ന് കര പറയുന്ന, വട്ടത്തിലിരുന്ന് ഓരോ ആളുടെയും കുറ്റങ്ങളും കുറവുകളും പറഞ്ഞു കളിയാക്കി ചിരിക്കുന്ന മല്ലൂസ്. ലോകത്തിൽ നൂറ് ശതമാനം പെർഫെക്ട് ഉള്ള ആളുകൾ ഇല്ല എന്ന് ഓർക്കുക. സ്വപ്‌നങ്ങളുടെ ചിറകുകൾ വിരിച്ച് പറക്കാമെന്നേ.
പെൻഷൻ ആയിട്ട് വേണം, പറമ്പു മുഴുവൻ കിളച്ചു കപ്പയും വാഴയും നടുവാൻ, എന്ന് ആഗ്രഹിക്കുകയും, എന്നാൽ 50 വയസ്സ് കഴിയുമ്പോഴേക്കും, ഓരോ, ചെറിയ ചെറിയ അസുഖങ്ങൾ പിടിപെടുകയും, ഒരു പ്രകാരത്തിൽ, 56 വയസ്സ് തികച്ചു റിട്ടയർ ചെയ്തു, കസേരയിൽ അവശൻ ആയി ഇരിക്കാൻ വിധിക്കപ്പെട്ടവരെയല്ലെ നമ്മളൊക്കെ ഇപ്പോൾ കാണുന്നത്.
നമുക്കെല്ലാം, ഏറ്റവും ഇഷ്ട്ടമുള്ള കരിമ്പിൻ ജ്യൂസ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടിട്ടുണ്ടോ. കരിബിൻ തണ്ട്, ഒരു മെഷീനുള്ളിലൂടെ, പലതവണ കടത്തിവിട്ട് ഞക്കി പിഴിഞ്ഞ്, അതിലെ മുഴുവൻ ചാറും ഊറ്റി എടുത്ത്, വെറും കരിമ്പിൻ ചണ്ടിയാണ് ദൂരേക്ക് എറിയുന്നത്. ഇത് പോലെ തന്നെയാണ്, ലോകത്തിൽ, ഏത് ജോലി ചെയ്യുന്നവരുടെയും 50/59 വയസ്സിലെ മനുഷ്യന്റെ അവസ്ഥ. ഫുൾടൈം ശീതികരിച്ച, ക്യാബിനുള്ളിൽ, കറങ്ങുന്ന കസേരയിൽ ഇരുന്നു ജോലിചെയ്യുന്നവരും, ചുട്ടുപൊള്ളുന്ന, കൺസ്ട്രക്ഷൻ സൈറ്റിൽ, ജോലി ചെയ്യുന്നവരുടെയും, ആരോഗ്യവസ്ഥ, ഏതാണ്ടൊക്കെ ഒരു പോലെ തന്നെ ആയിരിക്കും. എയർകോൺ തണുപ്പിൽ നിന്നും, മനുഷ്യ ശരീരത്തിൽ ചെന്നിരിക്കുമ്പോൾ, രണ്ടുപേർക്കും കിട്ടുന്ന സുഖം ഒരുപോലെ തന്നെയാണ്.
ഓരോരുത്തരുടെയും ജോലിയുടെ സ്റ്റാറ്റസ് നോക്കി, ഫ്രണ്ട്സിനെ തെരഞ്ഞെടുക്കുന്നവർ ആണ് മലയാളികൾ. തന്നേക്കാളും, താഴെക്കിടയിൽ ജോലി ചെയ്യുന്നവരോടുള്ള പെരുമാറ്റം ഒന്ന് കാണേണ്ടതാണ്. സോഷ്യൽ മീഡിയയിൽ, ഓരോ സെലിബ്രിറ്റികളുടെയും, ഫോട്ടോകൾക്കടിയിൽ വരുന്ന കമന്റ്സ് വായിച്ചാൽ, എത്ര സഹിഷ്ണുതയും അസഹിഷ്ണുതയും ഉള്ളവർ ആണ് മലയാളികൾ എന്ന് തോന്നിപോകും.
ഈ ലോകത്തിൽ, വേദനയും സങ്കടവും, അനുഭവിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. അവരോടുള്ള നമ്മുടെ വാക്കുകളും, പ്രവൃത്തികളും, സ്നേഹവും കരുണയും നിറഞ്ഞതാവട്ടെ. ജീവിതത്തിൽ നിലനിൽക്കും എന്ന് ഉറപ്പില്ലാത്തത് സ്വപ്നം, ഭാഗ്യം, വിജയം എന്നിവയാണ്. സ്നേഹവും ആത്മ വിശ്വാസം നിറഞ്ഞ നല്ല സൗഹൃദങ്ങൾ ജീവിത്തിൽ ഉണ്ടാവണം.
നിപ്പയും പ്രളയവും കൊറോണയുമൊക്കെ കേരളത്തിലൂടെ കടന്നു പോയി. അവയെ എല്ലാം ധീരതയോട് നേരിട്ടു. പ്രളയം വന്നപ്പോൾ, കൈമറന്നു പണം നൽകിയതും, നമ്മുടെ സ്വന്തം മലയാളികൾ തന്നെ ആണെന്ന് അഭിമാനത്തോടെ പറയുവാൻ കഴിയും.
1950 മുതൽ ഈ 2024 വരെയുള്ള മലയാളികളുടെ വളർച്ച വളരെ വലുതാണ്. ട്രെൻഡ്സനുസരിച്ചു, മാറ്റങ്ങൾ വരുത്തുവാൻ ഇവർ പരിശ്രമിക്കും. ഓരോ പത്തുവർഷങ്ങൾ കൂടുമ്പോഴും, ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ആദ്യ കാലങ്ങളിൽ സ്ഥലങ്ങൾ വാങ്ങി കൂട്ടുന്ന അപ്പച്ചൻമാർ, എന്നാൽ പിന്നീട് അവരുടെ മക്കൾ വലിയ വീടുകൾ പണിയുന്നു. എന്നാൽ 2020 ലേക്ക് വരുമ്പോൾ, കേരളത്തിൽ നിന്നും, വിദേശങ്ങളിലേക്ക്, ഓടിപ്പോകുന്ന മലയാളികൾ. കേരളത്തിനുള്ളിൽ സർക്കാർ ജോലി അല്ലെങ്കിൽ വൈറ്റ് കോളർ ജോബ് മാത്രം ചെയ്യാൻ ആഗ്രഹിക്കുന്നവർ, കേരളം വിട്ടാൽ, ഏത് ജോലിയും ചെയ്യാൻ മടിയില്ലാത്തവർ ആണ് താനും. കുറേ വർഷങ്ങൾ കൂടി കഴിഞ്ഞാൽ, കേരളം ബംഗാളികളുടെ നാടായി മാറും.
എത്രയൊക്കെ മല്ലൂസ് മാറിയാലും, തങ്ങളുടെ ജന്മനാടിനെ മറക്കില്ല. അത് ഈ തലമുറയിൽ ഉള്ളവരെ കൊണ്ട് തീരും. വിദേശത്തു വളർന്ന കുട്ടികൾ കേരളം എന്ന നാട് മറക്കും. നാളെ, അല്ലെങ്കിൽ റിട്ടയർ ചെയ്തിട്ട് ജീവിക്കാം എന്ന് ആരും കരുതരുതേ. ഇന്ന്, നമ്മുടെ മനസിന് ആഗ്രഹം ഉള്ളത്, എന്താണോ അത് സാധിക്കുക. ഇന്ന് കഴിഞ്ഞേ നാളെ ഉണ്ടാകു. അടിച്ചു പൊളിച്ചു ജീവിക്കു. എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിക്കുക. ജീവിതം ആസ്വദിക്കാം.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..
[email protected]
+6597526403
Singapore
ഗംഗ. പി
പ്രണയം പൂ പോലെ വിടർന്നു.
സിരകളിൽ കൊള്ളിച്ച ആവേശം, അതാണ് പ്രണയം.
പല കാലങ്ങളിൽ പടർന്നു കേറി എൻ പ്രണയം.
ലഹരി പോലെ മത്തുപിടിപ്പിക്കും.
ത്വരയോടെ ആഴത്തിൽ പടർന്നു പടർന്നു എൻ ഹൃദയത്തെ കവരും.
ഹൃദയമിടിപ്പ് കണക്കെ ഉയരുകയും താഴുകയും ചെയ്യും.
നിരാശയിലും പ്രതീക്ഷയേകി, ജീവിതത്തെ പുണരും.
കനിവായി അലിവായി ഇഴുകിചേരും എൻ പ്രണയം.
സ്വപ്നങ്ങളെ പുൽകി മുന്നേറും എൻ പ്രണയം.
വ്യാജപതിപ്പ് അല്ല എന്റെ പ്രണയം.
ഗംഗ. പി : ഒന്നാം വർഷം, എം എ മലയാളം, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം. സ്വദേശം :പാരിപ്പള്ളി, കൊല്ലം
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ അടിയന്തരപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ജെ.എന്‍.യു കാലമാണ് യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്. പടിപടിയായി ഉയര്‍ന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്ദമായും മികച്ച പാര്‍ലമെന്റേറിയനായും പേരെടുത്തു. 2015 ലാണ് പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തിരഞ്ഞെടുത്തത്. 1992 മുതല്‍ പി.ബി അംഗമാണ്. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കമ്യൂണിസ്റ്റ് ധാരയിലെ പ്രായോഗികവാദിയായി വിലയിരുത്തപ്പെടുന്ന യെച്ചൂരിയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരില്‍ പലപ്പോഴും കോണ്‍ഗ്രസും-സിപിഎമ്മുമായുള്ള പാലമായി പ്രവര്‍ത്തിച്ചത്
1974-ല്‍ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ഒരു വര്‍ഷത്തിനുശേഷം സിപിഎമ്മില്‍ അംഗമായി. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി ആയിരിക്കെ അടിയന്തരാവസ്ഥക്കെതിരേ ചെറുത്തുനില്‍പ്പ് നടത്തിയതിന് 1975-ല്‍ അറസ്റ്റിലായി. അടിയന്തരാവസ്ഥക്കുശേഷം 1977- 78 കാലഘട്ടത്തില്‍ മൂന്നുതവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ജെഎന്‍യുവില്‍ ഇടതുകോട്ട കെട്ടിപ്പടുക്കുന്നതില്‍ പ്രകാശ് കാരാട്ടിനൊപ്പം നിര്‍ണായക പങ്കുവഹിച്ചു. ’78ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.
ഇടതുവിദ്യാര്‍ഥിസംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ജെ.എന്‍.യു. അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം ’77ല്‍ ആദ്യമായിനടന്ന വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. നേതാവ് (ഇന്നത്തെ എന്‍.സി.പി. ദേശീയനേതാവ്) ഡി.പി.ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിനേതാവായിരുന്നു. മികച്ച പ്രാസംഗികന്‍കൂടിയായ യെച്ചൂരി തൊട്ടടുത്ത വര്‍ഷം പ്രസിഡന്റായി. ’78’79 കാലയളവില്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും യെച്ചൂരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥയ്ക്കു ശേഷം ’77ല്‍ പാര്‍ട്ടി ആസ്ഥാനം കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കു മാറ്റി. യെച്ചൂരി അന്നു പാര്‍ട്ടിയില്‍ പ്രബലനായ ബി.ടി.രണദിവെയുടെ സഹായിയും. ഡല്‍ഹികേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിക്കൊണ്ടുവന്നതും ബസവ പുന്നയ്യയായിരുന്നു. യെച്ചൂരിയെയും സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയാവട്ടെ, സാക്ഷാല്‍ ഇ.എം.എസ്സും. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ആളെത്തരണമെന്ന് ഇ.എം.എസ്. സംസ്ഥാനങ്ങളോട് നിരന്തരമാവശ്യപ്പെട്ടിരുന്നു. യുവരക്തങ്ങളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ഇ.എം.എസ്. മുന്‍കൈയെടുത്തപ്പോള്‍ ’84ല്‍ കാരാട്ടും യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാക്കളായി. ’85ലെ 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട്, ’89ല്‍ പി.ബി.ക്കു തൊട്ടുതാഴെ പുതുതായി അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതിലൊരാള്‍ യെച്ചൂരിയായിരുന്നു. ’92ലെ 14ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്.ആര്‍.പി.ക്കുമൊപ്പം യെച്ചൂരിയും പി.ബി.യിലെത്തി. പുതുതലമുറക്കാരുടെ കൂട്ടത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ അംഗമായ സീതാറാം യെച്ചൂരിയുടെ ഭാവി ഏറെ ശോഭനമായിരുന്നു. ബി.ടി.ആറിന്റെ വിശ്വസ്തനായ അദ്ദേഹം പിന്നീട് ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ വലംകൈയായി.ജെ.എന്‍.യു.വിലെ വിദ്യാര്‍ഥികാലത്തുതന്നെ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി യെച്ചൂരിക്കുള്ള അടുപ്പം പ്രകടമായി.
പാകിസ്താനില്‍നിന്ന് താരിഖ് അലി ജെ.എന്‍.യു.വിലെത്തിയത് യെച്ചൂരിയുടെ കാലത്താണ്. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അവഗാഹമുള്ള യെച്ചൂരിയെ തിരിച്ചറിഞ്ഞ ഇ.എം.എസ്., സോവിയറ്റ് യൂണിയനിലേക്കുള്ള പ്രതിനിധിസംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. സുര്‍ജിത് സെക്രട്ടറിയായിരിക്കെ വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്താനും യെച്ചൂരിക്ക് അവസരമുണ്ടായി. ബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസു ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ യെച്ചൂരിയായിരുന്നു കൂട്ടാളി.
ഇടതുപക്ഷത്തെ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമാക്കിയ മൂന്നാംമുന്നണി സര്‍ക്കാരുകളുടെ നെയ്ത്തുകാരന്‍ ഹര്‍കിഷന്‍ സുര്‍ജിത്തിനൊപ്പമുള്ള പ്രവര്‍ത്തനപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ബദലായി വി.പി.സിങ്, ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകള്‍ യാഥാര്‍ഥ്യമാക്കിയത് സുര്‍ജിത്തിന്റെ പ്രായോഗികബുദ്ധിയായിരുന്നു. വലംകൈയായി യെച്ചൂരിയുണ്ടായിരുന്നു.
ഏറ്റവുമൊടുവില്‍ 2004ല്‍ ബി.ജെ.പി.യെ ഭരണത്തില്‍നിന്നകറ്റാനായി ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ ശില്പിയായി സുര്‍ജിത് മാറിയപ്പോള്‍ യെച്ചൂരിയായിരുന്നു അദ്ദേഹത്തിന്റെ നിഴല്‍. സുര്‍ജിത്തിന്റെ മരണശേഷം യു.പി.എ.ഇടത് ബന്ധത്തിലെ സുപ്രധാനകണ്ണിയായി യെച്ചൂരി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറ്റവുമടുപ്പമുള്ള കമ്യൂണിസ്റ്റ് നേതാവാണദ്ദേഹം. ഇറ്റാലിയന്‍ പൗരത്വത്തിന്റെ പേരില്‍ മാറിനിന്ന സോണിയയെ പ്രധാനമന്ത്രിയാവാന്‍ യെച്ചൂരി ഉപദേശിച്ചിരുന്നുവെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയവരാന്തകളില്‍ പരസ്യമായ ഒരു രഹസ്യം.
1952 ഓഗസ്റ്റ് 12-ന് ചെന്നൈയിലെ തെലുഗു ബ്രാഹ്‌മണ കുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛന്‍ സര്‍ക്കാരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന സര്‍വേശ്വര സോമയാജുലു യെച്ചൂരി. അമ്മ കല്‍പ്പാക്കം യെച്ചൂരി സാമൂഹികപ്രവര്‍ത്തകയായിരുന്നു. മുത്തച്ഛന്‍ ഭീമ ശങ്കര്‍ ആന്ധ്രാ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. അദ്ദേഹവും കുടുംബവും പിന്നീട് ഡല്‍ഹിക്കു ചേക്കേറി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. പിന്നീട്, ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനുമായി ജെ.എന്‍.യു.വില്‍ ചേര്‍ന്നു. ഇവിടെവെച്ചാണ് മാര്‍ക്‌സിസത്തിലാകൃഷ്ടനായത്.പഠനശേഷം ഉയര്‍ന്ന ജോലി കിട്ടുമായിരുന്നിട്ടും അദ്ദേഹം രാഷ്ട്രീയത്തില്‍ തുടര്‍ന്നു. സീമ ചിസ്തിയാണ് ഭാര്യ.
നമ്മളെല്ലാം ആവേശത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്ന എൻഎംസിഎയുടെ ഓണാഘോഷ പരിപാടിയായ ‘മധുരമീ ഓണം’ ഏതാനം ദിവസങ്ങൾ മാത്രം അകലെയാണ്. ഒരു ഉത്സവം തന്നെയാണ് ഇത്തവണ എൻഎംസിഎ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഓണസദ്യയും, മാവേലിയും, പുലികളിയും, ചെണ്ടമേളവും, പാട്ടും, നൃത്തവും, ലൈവ് ബാൻഡും, തട്ടുകടയും തുടങ്ങി കേരളനാടിന്റെ വൈവിധ്യങ്ങൾ ഇങ്ങ് നോട്ടിംഗ്ഹാമിൽ എത്തിക്കുകയാണ് എൻഎംസിഎ. പരിപാടിയുടെ വിശദ വിവരങ്ങൾ ഓരോന്നായി വരും ദിവസങ്ങളിൽ നിങ്ങളിലേക്ക് ഞങ്ങൾ എത്തിക്കുന്നതായിരിക്കും.
മുൻ വർഷങ്ങളിലേതു പോലെ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ഇത്തവണയും എൻഎംസിഎ യുടെ വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് മുൻകൂറായി ലഭ്യമാവുന്നതാണ്. വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നു.
https://nmca.uk/events/മധുരമീ-ഓണം/
എൻഎംസിഎ മെംബേർസ് ആയിട്ടുള്ളവർക്കും അല്ലാത്തവർക്കും വെവ്വേറെ ടിക്കറ്റ് നിരക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മെംബേർസ് അല്ലാത്തവർക്ക് വെബ്‌സൈറ്റിൽ നിന്ന് തന്നെ മെമ്പർഷിപ്പ് എടുത്തു മെമ്പർമാർക്കുള്ള റേറ്റിൽ ടിക്കറ്റ് കരസ്ഥമാക്കാനുള്ള അവസരവും എൻഎംസിഎ ഒരുക്കിയിട്ടുണ്ട്.
നോട്ടിംഗ്ഹാമിലെ പ്രശസ്തമായ കൊട്ടാരം റെസ്റ്റോറന്റ് ആണ് നമുക്ക് ഓണസദ്യ ഒരുക്കുന്നത്. നമ്മുടെ ഓണപരിപാടിയിൽ പങ്കെടുക്കുന്നവർക്കായി സെപ്റ്റംബർ 21 മുതൽ നവംബർ 30 വരെ അവരുടെ റെസ്റ്റോറന്റിൽ 20% ഡിസ്‌കൗണ്ടും അവർ എൻഎംസിഎ കുടുംബത്തിനായി നൽകിയിട്ടുണ്ടെന്ന കാര്യവും നിങ്ങളെ അറിയിക്കുകയാണ്.
18 വയസ്സ് കഴിഞ്ഞവർക്ക് £20,
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള ഒരു കുട്ടിയും ഉള്ള ഫാമിലിക്ക് £50,
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള രണ്ടു കുട്ടികളുമുള്ള ഫാമിലിക്ക് £65
രണ്ടു മുതിർന്നവരും 5 വയസ്സിനു മുകളിൽ ഉള്ള മൂന്നു കുട്ടികളുമുള്ള ഫാമിലിക്ക് £75
മൂന്നിന് മുകളിൽ കുട്ടികളുണ്ടെങ്കിൽ അവർക്കു ഓരോരുത്തർക്കും £10 വച്ചും
നാട്ടിൽനിന്നു കുടുംബാംഗങ്ങളെ സന്ദർശിക്കുവാൻ വന്ന മാതാപിതാക്കൾക്ക് ഒരാൾക്ക് £10
എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. മെമ്പർമാരല്ലാത്തവർക്കുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
നമ്മുടെ കൂട്ടായ്മയുടെ മധുരമീ ഓണം പരിപാടിയുടെ വിജയത്തിനായി നിങ്ങളെല്ലാവരും എത്രയും പെട്ടെന്ന് ടിക്കറ്റുകൾ മുൻകൂറായി എടുത്തു സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.
റോമി കുര്യാക്കോസ്
ലണ്ടൻ: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങൾ ഏറ്റെടുക്കുകയും പ്രശ്നപരിഹാര ശ്രമങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് ഒ ഐ സി സി (യു കെ).
എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും വിമാന കമ്പനി അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തി ഇരുകൂട്ടരും അടിയന്തിരമായി പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി. ഇതു സംബന്ധിച്ച നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് എയർ ഇന്ത്യ സി ഇ ഒ & എം ഡി വിൽസൻ ക്യാമ്പെൽ, കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാൻസിസ് ജോർജ് എംപി എന്നിവർക്ക് സമർപ്പിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് യാതൊരു മുന്നറിപ്പും കൂടാതെ റദ്ദ് ചെയ്യുകയും ഏകദേശം 250 – ഓളം യാത്രക്കാർ ദുരിതത്തിലായ സംഭവത്തിന്റെ ചുവടുപിടിച്ചു, എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരുത്തരവാദിത്വപരമായ സേവനസങ്ങളെയും അതുമൂലം യാത്രക്കാർക്കും പ്രായമായവർ, കുഞ്ഞുങ്ങൾ, സ്ത്രീകൾ എന്നിവർ അടങ്ങുന്ന അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടും അടിയന്തിരമായ പ്രശ്ന പരിഹാരം അഭ്യർത്ഥിച്ചുകൊണ്ടും തയ്യാറാക്കിയിരിക്കുന്ന നിവേദനത്തിൽ ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന വിമാന റദ്ദാക്കലുകൾ കൊണ്ട് ഭവിക്കുന്ന പ്രധാന ദൂഷ്യവശങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയും ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാൻസിസ് ജോർജുമായി ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഇ – മെയിൽ മുഖേന നിവേദനം നൽകിയത്. പ്രശ്നപരിഹാരത്തിനായി അടിയന്തിരമായി ഇടപെടാമെന്ന ഉറപ്പ് എം പിയിൽ നിന്നും ലഭിച്ചതായി ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഒ ഐ സി സി (യു കെ) തുടരുമെന്നും പ്രശ്ന പരിഹാരത്തിനായി ഏതറ്റം വരെയും പോകുന്നത്തിന് ഒ ഐ സി സി (യു കെ) പ്രതിജ്ഞാബദ്ധരാണെന്നും ഷൈനു കൂട്ടിച്ചേർത്തു.
വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ടിക്കറ്റ് റഫണ്ട് പ്രശ്നങ്ങൾ, പ്രീമിയം ടിക്കറ്റ് യാത്രക്കാർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ, സ്കൂൾ തുറക്കുന്ന സമയത്തെ യാത്രക്കാരുടെ ദുരിതങ്ങൾ, മെഡിക്കേഷനിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരുമായ യാത്രക്കാർ, പ്രായമായവർ / കുഞ്ഞുങ്ങൾ തുടങ്ങി പരസഹായം ആവശ്യമായ യാത്രക്കാർ തുടങ്ങിയവർക്കുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തകാലത്തായി വിമാന റദ്ധാക്കലുകൾ പതിവായതും അതു മറികടക്കാൻ കൃത്യമായ മറ്റു സംവിദാനങ്ങൾ ഒരുക്കാത്തതും വിമാന കമ്പിനികളുടെ മെല്ലെ പോക്ക് നയവും യാത്രിക്കാരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇതു സംബന്ധിച്ച നിരവധി പരാതികൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉയർന്ന സാഹചര്യത്തിലും അധികാരികളുടെ ഭാഗത്തു നിന്നും തിരുത്തൽ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ നടത്തിയത് മാതൃകാപരമായ ശ്രമങ്ങളാണെന്നാണ് പ്രവാസി സമൂഹത്തിന്റെ വിലയിരുത്തൽ.
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ 14 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. പതിനായിരക്കണക്കിന് കുടുംബങ്ങളെ യേശുവിലേക്കും യേശു നൽകുന്ന രക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും വഴി നടത്താൻ സ്വർഗ്ഗം തെരഞ്ഞെടുത്ത പരിശുദ്ധാത്മാവിന്റെ ഉപകരണം ,സുവിശേഷകരുടെ ആത്മീയ ഗുരുവും വഴികാട്ടിയുമായ ഫാ.ജോർജ് പനക്കൽ വി.സി ഇത്തവണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
യുകെയിൽ എത്തിച്ചേർന്നിട്ടുള്ള പുതിയ കുടുംബങ്ങൾക്ക് സെക്കൻഡ് സാറ്റർഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തി കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളാകുവാനും തളർന്നിരിക്കുന്നവരും തകർന്നിരിക്കുന്നവരും വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരുമായവർക്ക് യേശുനാമത്തിൽ രക്ഷ പ്രാപിക്കുന്നതിനും ഏവരെയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഈ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
“ദൈവവചനത്തിനായി സമയം കണ്ടെത്തുക.കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും.“
”കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
ഏശയ്യാ 55 : 6.“
2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ;
Sandwell &Dudley
West Bromwich
B70 7JD.
രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ അഞ്ച് ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നല്‍കാനുള്ള ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എ.ബി.പി.എം.ജെ.എ.വൈ) പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നത് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ഉണ്ടായിരിക്കും.
അഞ്ച് ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. സി.ജി.എച്ച്.എസ്, വിമുക്ത ഭടന്‍മാര്‍ക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗമായ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവയില്‍ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാം.
സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങിയവയില്‍ അംഗമായവര്‍ക്കും പുതിയ പദ്ധതിക്ക് അര്‍ഹതയുണ്ട്.
കഴിഞ്ഞ പത്തുവർഷമായുള്ള പ്രണയമാണ്. രണ്ടു മതവിഭാഗങ്ങളിൽപ്പെട്ടവരാണ് ഞങ്ങൾ. പക്ഷേ, അറിഞ്ഞപ്പോൾ രണ്ടു വീട്ടുകാരും അനുകൂലിച്ചതേയുള്ളൂ. ചൂരൽമലയിൽവെച്ച് കഴിഞ്ഞമാസമായിരുന്നു നിശ്ചയം. ഞങ്ങളൊരുപാട് സന്തോഷിച്ചിരുന്നതൊന്നും ഇപ്പോഴില്ല. അപ്പോഴേക്കും ശ്രുതി അടുത്തെത്തി. നമുക്കിനിയൊന്നും സംസാരിക്കണ്ട, അവൾക്കു താങ്ങില്ലെന്ന് ജെൻസൺ പറയാതെ പറഞ്ഞു. സ്നേഹത്തോടെ ശ്രുതിയെ ചേർത്തുപിടിച്ച് അവൻ നടന്നുനീങ്ങി…’, ഓഗസ്റ്റ് ഏഴാംതീയതി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അവസാന വാചകങ്ങൾ…
ജീവിതത്തിൽ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നപ്പോഴും പ്രതീക്ഷകൾ നൽകിയവൻ… ഇനി ജീവിതത്തിൽ എല്ലായ്പോഴും ഒപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നയാൾ.. ഇനിയവൻ ശ്രുതിക്കൊപ്പമില്ല. ജൻസൺ മടങ്ങി, അവൾ വീണ്ടും തനിച്ചായി. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ അന്ന് ശ്രുതിക്ക് നഷ്ടമായതെങ്കിൽ സ്വന്തമെന്നു പറയാൻ ബാക്കി ഉണ്ടായിരുന്നവന്റെ ജീവനും ഇന്ന് മറ്റൊരു അപകടം കവർന്നു.
ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും അടക്കമുള്ള പ്രിയപ്പെട്ടവരെ ആ പാതിരാവിൽ കുതിച്ചെത്തിയ ഉരുൾകൊണ്ടുപോയി. കുടുംബത്തിലെ ഒമ്പത് പേരെയാണ് അന്ന് ശ്രുതിക്ക് അന്ന് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.
ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ, ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്. പിന്നീട് പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് ഗുരുതരമായി പരിക്കേറ്റത്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെൻസൻ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു ജെൻസെനെ മരണത്തിലേക്ക് നയിച്ച അപകടം. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ശ്രുതിയുടെ ബന്ധു ലാവണ്യക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യക്ക് നഷ്ടമായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
ശ്രീനാഥ് സദാനന്ദൻ
കഥ തിരക്കഥ സംഭാഷണം
പഞ്ചമി ശശിധരൻ.
സ്ക്രീനിൽ ഇങ്ങനെ ഒരു ടൈറ്റിൽ കാർഡ് കാണാനാണ്, നാലഞ്ച് വർഷമായി പഞ്ചമി പരിശ്രമിക്കുന്നത്. സിനിമ അവൾക്ക് അത്ര മോഹമാണ്. കുട്ടിക്കാലത്ത് എപ്പോഴോ ശ്രീദേവിയുടെ നഗീന കണ്ടപ്പോഴാണ് ആദ്യമായി സിനിമ അവളുടെ മനസ്സിനെ കീഴടക്കിയത്. പിന്നീട് സിനിമ ഒരു സ്വപ്നമായി. വെറുതെ കണ്ടു മറക്കാതെ സിനിമയെ കുറിച്ച് ആഴത്തിൽ ചിന്തിച്ച്, നന്നായി പഠിച്ച് തന്റെ ലക്ഷ്യം സിനിമ ആണെന്ന് അവൾ ഉറപ്പിച്ചു. എന്നാൽ അതിലേക്ക് എത്തിപ്പെടാനുള്ള കടമ്പ വളരെ വലുതാണ്. പ്രത്യേകിച്ചും അവളെപ്പോലെ നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയെ സംബന്ധിച്ച്. ഒരു നടി ആവാൻ അവൾ ആഗ്രഹിച്ചില്ല. തന്റെ ഉള്ളിലെ കഥ ചലച്ചിത്ര ഭാഷ്യം നേടുന്നത് കാണാൻ ആഗ്രഹിച്ചു. എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങി. എങ്കിലും എപ്പോഴൊക്കെയോ വീട്ടുകാരും അവളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. അവൾ തിരക്കഥ എഴുതുന്ന സിനിമ കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോൾ.
പഠനകാലത്ത് സിനിമയിലേക്കുള്ള വഴി തിരയുകയായിരുന്നു അവൾ. കലാലയത്തിലെ പ്രതിഭകളിൽ പലരും സിനിമയിലെ പല മേഖലകളിലും സാന്നിധ്യം അറിയിച്ചു തുടങ്ങിയത് അവൾ പിന്നീട് മനസ്സിലാക്കി. തന്റേതായ ചെറിയ ചില ശ്രമങ്ങളിലൂടെ അവൾ ചില ഷോർട്ട് ഫിലിമുകളുടെയും മറ്റും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വലിയ ചില സിനിമകളുടെ എഴുത്തിലും പങ്കുവയ്ക്കാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും ടൈറ്റിൽ കാർഡിൽ പേര് വരാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. സിനിമയ്ക്ക് മുമ്പ് തന്നെ കരാറിൽ അതും നിർദ്ദേശിക്കപ്പെട്ടിരിക്കും. എങ്കിലും നിലനിൽപ്പിന്റെ പേരിൽ അവൾ പേരില്ലാത്ത എഴുത്തുകാരി ആവാനും തയ്യാറായി. ഒരു വലിയ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സൂപ്പർതാരവും മറ്റും ഇരിക്കുന്ന വേദിയിൽ പ്രൊഡക്ഷൻ കമ്പനി നിർദേശിച്ച മുതിർന്ന എഴുത്തുകാരൻ തിരക്കഥാകൃത്ത് എന്ന പേരിൽ ഇരുന്നപ്പോൾ ആ എഴുത്തിന്റെ നല്ലൊരു ശതമാനവും നിർവഹിച്ച പഞ്ചമി സദസ്സിൽ ഏതോ ഒരു കോണിൽ ഇരുന്നു. അന്ന് അവൾ വലിയ നിരാശയിൽ ആയിരുന്നു. എങ്കിലും പ്രതീക്ഷ കൈവെടിയാൻ തയ്യാറായില്ല.
സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ മുഖേന ഒരു സന്തോഷവാർത്ത കേട്ട ദിവസമാണ് അത്. ഡയറക്ടർ കെ ആർ പി യോട് കഥ പറയാനുള്ള അവസരം അവൻ റെഡിയാക്കി തന്നു. ആദ്യം അദ്ദേഹത്തിന് കഥ ചുരുക്കി വോയിസ് നോട്ട് ആയി വാട്സാപ്പിൽ അയയ്ക്കണം. ഇഷ്ടപെട്ടാൽ അദ്ദേഹം നേരിട്ട് വിളിപ്പിക്കും. പഞ്ചമി സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു. കെ ആർ പ്രസാദചന്ദ്രൻ നവ തരംഗ സിനിമയുടെ നാട്ടെല്ലാണ്, ടെക്നിക്കലായ് ഏറ്റവും മികച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിക്കുന്ന ഡയറക്ടർ. അതിന്റെ ബജറ്റ് ചെറുതാണെങ്കിലും ജനശ്രദ്ധ നേടിയ സിനിമകളായിരുന്നു അതൊക്കെ.
സംവിധായകന് അയക്കാനുള്ള വോയിസ് നോട്ട് അവൾ പലതവണ റെക്കോർഡ് ചെയ്തു. ഒന്നും തൃപ്തി വന്നില്ല. ഒടുവിൽ തന്നെ കൊണ്ടാവുന്ന രീതിയിൽ ആ കഥ വോയിസ് നോട്ട് ആയി അദ്ദേഹത്തിന് അയച്ചുകൊടുത്തു.മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കെ ആർ പി യുടെ മറുപടി വന്നു. ‘ ഞാൻ കഥ കേട്ടു, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നമുക്ക് നേരിട്ട് കാണണം വിശദമായിട്ട് ചർച്ച ചെയ്യാം, കൊച്ചിയിലേക്ക് വാ ‘.
വൈകിയില്ല , അവൾ കെ ആർ പിയുടെ ഓഫീസിൽ എത്തി.അവൾ ഏറെനേരം കാത്തിരുന്നു. കഥ പറയാൻ തയ്യാറായി. കയ്യിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥയും, അതുപോലെതന്നെ വൺലൈൻ കോപ്പിയും കരുതിയിരുന്നു.ഇടയ്ക്ക് പ്രവീൺ വിളിച്ച് ഓൾ ദി ബെസ്റ്റ് പറഞ്ഞു. എല്ലാം ശരിയായി കഴിയുമ്പോൾ ഒരു ഭാരിച്ച ചെലവ് അവൾ അവന് ഉറപ്പുനൽകി. അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെആർപിയുടെ കോൾ കയറി വന്നത്. അവൾ പ്രവീണിന്റെ കോൾ കട്ട് ചെയ്ത്, കെ ആർ പിയുടെ ഫോൺ എടുത്തു.’ പഞ്ചമി, ഞാൻ ഇത്തിരി വൈകിപ്പോയി ഇനി ഓഫീസിൽ വരാൻ പറ്റുമെന്ന് തോന്നുന്നില്ല, ഓഫീസിൽ എന്റെ വണ്ടിയുണ്ട് ഞാൻ വിളിച്ചു പറയാം. താനിങ്ങു കേറിപ്പോര്. എന്റെ ഫ്ലാറ്റിൽ വെച്ച് സംസാരിക്കാം.’.
പക്ഷേ അവിടെ ശരിയല്ലാത്ത എന്തോ ചിന്ത അവളുടെ ഉള്ളിൽ ഉദിച്ചു.അപ്പോൾ മുതൽ പഞ്ചമിയുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ആരംഭിച്ചു. അങ്ങനെ പരിചയമില്ലാത്ത ഒരാളുടെ ഫ്ലാറ്റിലേക്ക് പോകുന്നത് ശരിയാണോ. പറ്റില്ലെന്ന് പറഞ്ഞാൽ അദ്ദേഹം എന്ത് കരുതും. ധിക്കാരി എന്ന പേര് വരില്ലേ. തന്റെ സ്വപ്നങ്ങളെല്ലാം അതോടുകൂടി അവസാനിക്കില്ലേ. അവൾക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ പ്രവീണിനെ വിളിച്ചു. അവൻ തിരക്കിലായിരുന്നു, ആർക്കും കിട്ടാത്ത ഒരു ചാൻസ് നീയായിട്ട് കളയരുത് എന്ന് അവൻ പറഞ്ഞു. ഫോൺ കട്ട് ചെയ്തു. അവൾ സ്വയം ആശ്വസിച്ചു കഥ പറയാനല്ലേ. അഭിനയ മോഹവുമായി പോകുന്നതല്ലോ , ഒരു കുഴപ്പവുമില്ല. ഒടുവിൽ അവൾ തീരുമാനിച്ചു. ആ വണ്ടിയിൽ അവൾ കെ ആർ പിയുടെ ഫ്ലാറ്റിലേക്ക് പോയി.
റൂമിൽ അദ്ദേഹം കാത്തിരിക്കുന്നുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധവും അതിനെ മറയ്ക്കാനുള്ള റൂം ഫ്രഷ്നറിന്‍റെ പരിശ്രമവും അവൾ തിരിച്ചറിഞ്ഞു. അദ്ദേഹം മാന്യമായി തന്നെ പെരുമാറി, കോഫി ഓഫർ ചെയ്തു . അവൾ നിരസിച്ചു . ഇന്റർവലിന് ശേഷം ഉള്ള സ്ക്രിപ്റ്റ് വായിക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. അവൾ വായിച്ചു തുടങ്ങി, ഒരു ഘട്ടം കഴിഞ്ഞപ്പോൾ, അദ്ദേഹം കഥയെക്കാൾ ഏറെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നലുണ്ടായപ്പോൾ മുതൽ അവൾ പതറിത്തുടങ്ങി. പെട്ടെന്ന് എപ്പോഴോ അയാൾ പറഞ്ഞു ‘ നീ സുന്ദരിയാണ്, ചായം പൂശിയ നടിമാരേക്കാളും സുന്ദരി,,നീ കഥ പറയേണ്ടവളല്ല അഭിനയിക്കണം. ഇപ്പോൾ വായിച്ച ഒരു ഇന്റിമേറ്റ് സീൻ ഉണ്ടല്ലോ.. അതൊന്നു നോക്കാം അപ്പോൾ നിന്റെ പേടിയൊക്കെ മാറും.’
താൻ ഇതുവരെ ആരാധിച്ചിരുന്ന കെ ആർ പി പെട്ടെന്ന് ഒരു രാക്ഷസനായി ആ മുറിയുടെ ഭൂരിപക്ഷവും കൈയടക്കുന്നത് അവൾ മനസ്സിലാക്കി.
‘വേണ്ട എനിക്ക് അഭിനയിക്കേണ്ട’ അവൾ കൈകൂപ്പി പറഞ്ഞു..
‘അഭിനയിക്കേണ്ടങ്കിൽ അഭിനയിക്കേണ്ട, പക്ഷേ നീ ഇവിടെ വന്നത് കഥ പറയാൻ വേണ്ടി മാത്രമല്ല.. പിന്നെന്തിനാണെന്ന് പ്രവീണിന് അറിയാം. അവൻ എന്നെ പറഞ്ഞിളക്കിയിട്ട്…. ‘അയാൾ പിറുപിറുത്തു
അടുത്ത നിമിഷം അവളെ അയാൾ കട്ടിലിലേക്ക് തള്ളിയിട്ടു. ഏതോ ഹോമാഗ്നിയിലേക്ക് വീഴുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. എന്നാൽ ഒരു നിമിഷം കൊണ്ട് അവൾ സംയമനം വീണ്ടെടുത്തു. അയാളെ തള്ളി മാറ്റി. തന്റെ ബാഗും എടുത്ത് കുതറിയോടി.. ഏതോ പ്രൈവറ്റ് ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി..
സംഭവിച്ചത് എന്തായിരുന്നു എന്നൊന്നും വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൾ.. പ്രവീണിന്റെ കോൾ വന്നു. അവൾ എടുത്തു. ‘ നിനക്ക് വേണ്ടിയിട്ടല്ലേ ഞാനീ പാടുപെട്ടത്, സിനിമയല്ലേ, ബഡ്ജറ്റിൽ തുടങ്ങി എല്ലാക്കാര്യത്തിലും അഡ്ജസ്റ്റ്മെന്റു വേണ്ടിവരും. ഭാവിയിൽ നേട്ടം ഉണ്ടാകുന്നത് നിനക്കാണ്. അത് മറക്കണ്ട. ഇതൊക്കെ ഇത്ര വലിയ പ്രശ്നമാണോ . അങ്ങേരെയൊന്നും പിണക്കിയിട്ട് ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന് വിചാരിക്കണ്ട.. നീ തീരുമാനിച്ചിട്ട് പറ..’. മരവിച്ചിരുന്ന അവൾക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.
റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ ഏതോ പത്രസമ്മേളനം നടക്കുന്നു. സിനിമയിലെ ചൂഷണങ്ങൾക്കെതിരെയും അവസരങ്ങൾ മുടക്കുന്നതിനെതിരെയും രൂപംകൊണ്ട പുതിയ കമ്മീഷനാണ് വിഷയം. യുവനടൻ തന്റെ അഭിപ്രായം വിവരിക്കുകയാണ്. ഒരിക്കലും തനിക്ക് ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും തന്റെ അവസരങ്ങൾ ആരും മുടക്കാൻ ശ്രമിച്ചിട്ടില്ലെന്നും അയാൾ പറയുന്നുണ്ടായിരുന്നു. അയാൾ പറയുന്ന വാക്കുകൾ അവൾ ശ്രദ്ധിച്ചു. ആരൊക്കെയോ തന്റെ അവസരങ്ങൾ മുടക്കാൻ ശ്രമിക്കുന്നു എന്ന് മാധ്യമങ്ങളിൽ പരാതി പറഞ്ഞിരുന്ന ആ നടന്റെ ആദ്യകാലം അവൾ ഒരു നിമിഷം വെറുതെ ഓർത്തുപോയി.ചൂഷണത്തിന് ഇരയായ സ്ത്രീകൾ മുന്നിട്ട് വന്ന് രൂപം കൊണ്ട പ്രക്ഷോഭത്തിൽ നഷ്ടമായത് പല പ്രമുഖ നടന്മാരുടേയും മുഖംമൂടിയാണ് . സ്ത്രീകളുടെ ആ നേട്ടത്തിന്റെ ക്രെഡിറ്റാണ് വാക്ചാതുരി കൊണ്ട് ആ യുവനടൻ നേടിയെടുത്തത് . ഒരിക്കൽ നേരിട്ട പ്രതിസന്ധികൾ അയാൾ മറന്നു കഴിഞ്ഞു . കാരണം പലതാണ് . സിനിമയിൽ ഇങ്ങനെയാണ് എന്നു പ്രവീൺ പറയുന്നതിന്റെ അർഥം അവൾ മനസിലാക്കി .
വാട്സാപ്പിൽ ഒരു വോയിസ് നോട്ട് കൂടി വന്നത് അവൾ കണ്ടു. കെ ആർ പി ആണ്.
‘ കൊച്ചേ നിനക്ക് ബുദ്ധിമുട്ടായെങ്കിൽ, പോട്ടെ. നീ പറഞ്ഞ കഥ കൊള്ളാം അതിന്റെ ഐഡിയ മുഴുവൻ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാനിപ്പോ അത് വെച്ച് സിനിമ എടുത്താലും നിനക്കൊന്നും ചെയ്യാൻ പറ്റില്ല. നീ ഒന്നൂടെ ചിന്തിച്ചുനോക്കൂ.. ടൈറ്റിൽ കാർഡിൽ നിന്റെ പേര് കാണണ്ടേ.. ഒന്നൂടെ ഒന്ന് മനസ്സിരുത്തി ആലോചിച്ചിട്ട് തീരുമാനം പറ, വിട്ടുവീഴ്ചകൾ ഉണ്ടെങ്കിൽ മാത്രമേ , അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായെങ്കിൽ മാത്രമേ നിനക്ക് മുന്നോട്ടു പോകാൻ പറ്റു.’
എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ല. അവൾ ഒരിക്കൽ കൂടി എഴുതി തയ്യാറാക്കിയ തിരക്കഥ എടുത്തുനോക്കി.
-അതിജീവിത-
കഥ തിരക്കഥ സംഭാഷണം
പഞ്ചമി ശശിധരൻ.
ശ്രീനാഥ് സദാനന്ദൻ
എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.