Latest News

കൊച്ചി: കൊച്ചി പെരുമ്പടത്ത് ബോയ്സ് ഹോമില്‍ കഴിഞ്ഞിരുന്ന കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. ഇന്നലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടികളാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നതായി സൂചനയുണ്ട്.

നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെയുമാണ് ബോയ്സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. അറസ്റ്റ് ചെയ്ത വൈദികനെ പൊലീസ് കോടതിയില്‍ ഹാജരാകും. ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും ഒപ്പം പോക്സോ വകുപ്പ് പ്രകാരവും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഫോണ്‍ ചെയ്ത് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റിലേക്ക് കാല്‍വഴുതി വീണ കൊഞ്ചിറ നാലുമുക്ക് വിളയില്‍ പ്രദീപിനെ ഒടുവിൽ രക്ഷപ്പെടുത്തി.രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്താനായത്. പ്രദീപ് കിണറ്റില്‍ വീണ കാര്യം മറ്റാരും അറിയാതിരുന്നത് ആണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയത്.

വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ കൈവരിയിലിരുന്നായിരുന്നു ഫോണ്‍ ചെയ്തിരുന്നത്. പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച്‌ കൂവിയിരുന്നെങ്കിലും ആരും കേട്ടില്ല. മാത്രമല്ല കൈയിലുണ്ടായിരുന്ന ഫോണ്‍ വെളളത്തില്‍ വീണ് കേടായിരുന്നു. ഇതില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വെളളിയാഴ്ച്ച ഉച്ചയ്ക്ക് കിണറിന് സമീപത്ത് കൂടെ പോയവരാണ് പ്രദീപിന്റെ ശബ്ദം കേട്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രദീപിനെ പുറത്തെടുക്കുകയായിരുന്നു. ക്ഷീണിതനായിരുന്ന പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള കോൺഗ്രസിന്‍റെ അടുത്ത ചെയർമാൻ സി എഫ് തോമസ് ആയിരിക്കുമെന്ന് പി ജെ ജോസഫ്. നിയമനടപടികൾ അവസാനിച്ചാലുടൻ പ്രഖ്യാപനമുണ്ടാകും. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിന് ശേഷമായിരുന്നു ജോസഫ് അനുകൂലികളുടെ പ്രഖ്യാപനം.

ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയായിരുന്നു കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്തത്. പി ജെ ജോസഫിനെ അനുകൂലിക്കുന്ന 14 പേര്‍ യോഗത്തില്‍ പങ്കെടുത്തു. മാണി വിഭാഗം വിട്ട സി എഫ് തോമസും ജോയി എബ്രാഹവും എത്തിയിരുന്നു. വേറെ പാർട്ടിയായി മാറിയതിനാലാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവരെ ക്ഷണിക്കാത്തതെന്ന് പി ജെ ജോസഫ് പറഞ്ഞു. തെറ്റുതിരുത്തി വന്നാൽ മാത്രമേ ജോസ് കെ മാണിയുമായി യോജിക്കാൻ കഴിയൂവെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

പാലായിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. യു ഡി എഫ് തീരുമാനിക്കുന്ന സ്ഥാനാർത്ഥി ആരായാലും അംഗീകരിക്കും. അത് നിഷ ജോസാണെങ്കിലും എതിർക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

പുതിയ ചെയര്‍മാന്‍ സംബന്ധിച്ച് കേസ് നിലനില്‍ക്കുകയാണ്. നിയമപ്രശ്നങ്ങൾ പൂർത്തിയായാലുടൻ പുതിയ ചെയർമാനെ തെരഞ്ഞെടുക്കും. സി എഫ് തോമസ് പുതിയ ചെയർമാനാകുമെന്നും പി ജെ ജോസഫ് പ്രഖ്യാപിച്ചു.
ജോസ് കെ മാണി വിഭാഗം നടത്തിയ കോട്ടയത്ത് ചേർന്ന യോഗം നിയമവിരുദ്ധമാണ്. അത് കോടതി തന്നെ അംഗീകരിക്കുകയും സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റികളെയും കീ‍ഴ് ഘടകങ്ങളെയും ഒപ്പം നിര്‍ത്തി ശക്തി തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

അഖിൽ മുരളി

ചിതറി തെറിച്ചിടും
ഓർമ്മകളിലെപ്പോഴോ
എൻ ഹൃത്തിൽ
സൂചികൾ
കുത്തിനിന്നു.

നിനക്കാതെ പോയെൻ
നേരത്തെ ഞാനിന്നു
വിരഹമാർന്ന
കൈകളാൽ
ഓമനിച്ചു.

ഉമ്മറപ്പടിമേലെ എത്തിയെൻ
നേരത്തെ
തട്ടിമാറ്റിയവൻ ഞാനതല്ലോ.

ചിന്നിച്ചിതറിയ വർഷത്തിനിന്നു
എൻ ചാരെ അണയാൻ
ഭയമെന്തിന്

ചന്ദനഗന്ധം നുകർന്നൊരു
മാരുതൻ
അവയേകാൻ ഇന്നെന്തേ മടിച്ചിടുന്നു.

ഭൂതകാലത്തിൻ നിർവൃതിയിൽ
വർഷം എന്തോ
എൻ കാതിൽ
മൊഴിയാനണഞ്ഞു

വർഷകാലത്തിൻ ഗർജനം
ഇന്ന് പ്രാക്കുകൾ ഏറ്റതു
പോലെയായി.

മതിമറന്നു പോയൊരു
കാലത്തിൻ ചേഷ്ഠകൾ
എൻ മുന്നിലായി
പരിഹാസമാടിടുന്നു.

ഇരുകാലു ഉള്ളതിൽ
നാൽക്കാലി പോലെ
വിലസിയ മാത്രകൾ
മൂകമായി.

നിലാവിന്റെ നെഞ്ചിൽ
ചോരവാർന്നൊഴുകുന്ന
നിലവിളികൾ ഏറെ കേൾപ്പിച്ച നാളുകൾ.

ജീവിതമേകിയ ജനനിയെപോലും
നിന്ദിച്ചു നിന്നൊരു
ശാപകാലം
നാമുന്മാദമാടിയ നടനകാലം.

കത്തിജ്വലിച്ചൊരു
കാഴ്ചകളൊക്കയും
ഇന്ന് കത്തിക്കരിഞ്ഞു
കണ്ടിടുന്നു.

ആർത്തിരമ്പിടും പുഴകളും
തിരയും
ശ്രോതസ്സ് വറ്റുമ്പോൾ
വരണ്ടിടുന്നു.

നേരം പലതു കടന്നു
പോയെന്നാകിലും
നേരായി നീങ്ങുവാൻ
ശ്രമിക്കരുതോ?

ഇന്നുനാമാടുന്നീ
വിഡ്ഢി വേഷങ്ങളൊക്കെയും
നാളെയുടെ കഥകളിൽ
നായകനായിടും.

ക്രൂരത എന്നിൽ
വിരൽചൂണ്ടി
ഗർജ്ജിച്ചു
ആരാണ് ഞാനെന്ന് ചൊല്ലിടുക.

ഞാനെന്ന വാക്കിനാൽ
ചെയ്തൊരു തെറ്റുകൾ
എൻ ശിരസ്സിനെ
മണ്ണിൽ സ്പർശിച്ചു നിർത്തി.

നേരമെന്നതു മിഴിചിമ്മിടും
വേഗത്തിൽ
യാത്രയായിടും
പല ചേഷ്ഠകൾക്കായ്.

നേരം ചൊല്ലുന്നേ
കേൾക്കുക മർത്യരെ
നന്മചെയ്യുവാൻ വെക്കുക
എന്നെ നീ…….

ചോരപ്പൂക്കൾ വിരിഞ്ഞൊരു
മാറതിൽ
പനിനീർപുഷ്പത്ത പുഷ്ടിച്ചു
നിർത്തൂ……………….

അഖിൽമുരളി

മൿഫാസ്റ് കോളേജ് തിരുവല്ലയിൽ എംസിഎ അവസാനവർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻനായർ, അമ്മ കൃഷ്ണകുമാരി ,ജ്യേഷ്ഠൻ അരുൺമുരളി . കാവ്യാമൃതം, പാരിജാതം തുടങ്ങിയ കവിതാസമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. കവിമൊഴി, ഗ്രന്ഥലോകം തുടങ്ങിയ ആഴ്ചപതിപ്പുകളിൽ സ്ഥിരമായി കവിതകൾ എഴുതാറുണ്ട്. താളിയോലഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും, മലയാളമനോരമ ഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് അഖിൽ മുരളി .

 

ബംഗളൂരു: താന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. കര്‍ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന്‍ വേദിയില്‍ അഞ്ജു ബോബി ജോര്‍ജ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നാലെ അഞ്ജു വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു.

”വി മുരളീധരൻ എംപി തന്‍റെ ഫാമിലി ഫ്രണ്ടാണ്. അദ്ദേഹത്തെ കാണാനാണ് പോയത്. അപ്പോൾ വി മുരളീധരൻ പാർട്ടി പരിപാടിയിലായിരുന്നു. എത്തിയപ്പോൾ പാർട്ടിക്കാർ വേദിയിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്‍ൻ നടക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാൻ ബിജെപിയിൽ ചേർന്നിട്ടില്ല. ബിജെപിയില്‍ ചേർന്നു എന്ന തരത്തിലുള്ള വാർത്തകളെല്ലാം തെറ്റാണ്”. അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

ബിജെപി കർണാടക എന്ന പേജും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയുമാണ് അഞ്ജു ബോബി ജോർജ് ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ വാർത്ത നല്‍കിയത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലും ചിത്രം പ്രചരിക്കുകയായിരുന്നു.

എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ ബസ്സിൽ ഡ്രൈവിംഗ് സീറ്റിൽ പൊലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. ഇതോടെയാണ് ഒരു നാട് മുഴുവൻ പൊലീസിനെന്താ സ്വകാര്യ ബസിന്റെ ഡ്രൈവിങ്സീ​റ്റിൽ കാര്യം എന്നു ചോദിച്ചത്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ മനു കെ.തോമസ് എന്ന ഉദ്യോഗസ്ഥനും ഹിറ്റ്.

സംഭവം ഇങ്ങനെ;

കഴിഞ്ഞ മാസം 29നാണു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് റോഡിൽ പ്രത്യേക പരിശോധന. മരങ്ങാട്ടുപിള്ളിയിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത് ചെത്തിമറ്റമായിരുന്നു.

എറണാകുളം–പാലാ–എഴുമറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൻസ ബസ് എത്തിയപ്പോൾ ഡ്രൈവറെ പരിശോധിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെ ഡ്രൈവർ മദ്യ ലഹരിയിൽ. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ലഹരിയിലായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ബസിലെ യാത്രക്കാർ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് മനു കെ.തോമസ് ബസ് ഓടിക്കാൻ മുന്നോട്ടുവന്നത്.

ചെത്തിമറ്റം മുതൽ പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് വരെ സുരക്ഷിതമായി ബസ് ഓടിച്ചു. ഇടയ്ക്ക് യാത്രക്കാരെ ഇറക്കി. കൊട്ടാരമറ്റം സ്റ്റാൻഡിൽ എല്ലാവരെയും ഇറക്കിയ ശേഷം ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക്. ഡ്രൈവിങ് സീറ്റിൽ പൊലീസുകാരനെ കണ്ട നാട്ടുകാർക്ക് വിസ്മയം. ഉഴവൂർ കുന്നുംപുറത്ത് മനു കെ.തോമസ് 2003 ൽ സേനയിൽ ചേരുന്നതിനു മുൻപ് ഡ്രൈവറായിരുന്നു. ലോറിയും ബസും ഓടിച്ചിട്ടുണ്ട്. പൊലീസ് ക്യാംപിലെ ആദ്യ ദിനങ്ങളിൽ ഔദ്യോഗിക വാഹനവും ഓടിച്ചു.

കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീനയുടെ മടക്കം മൂന്നാം സ്ഥാനവുമായി. നിലവിലെ ചാംപ്യന്മാരായ ചിലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന തോല്‍പ്പിച്ചത്. പരുക്കന്‍ മല്‍സരത്തില്‍ ലയണല്‍ മെസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

കോപ്പയില്‍ കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകള്‍.. അവര്‍ നേര്‍ക്കുനേര്‍ വീണ്ടും എത്തിയപ്പോള്‍ മൈതാനത്ത് വീറും വാശിയും ഏറി. തുടക്കം മുതലേ ആക്രമിച്ചു കളിച്ചു അര്‍ജന്‍റീന. 12-ാം മിനിറ്റില്‍ ഫലം കണ്ടു. മെസിയുടെ പാസ് അഗ്യൂറോ വലയിലെത്തിച്ചു.

10 മിനിറ്റുകള്‍ക്ക് ശേഷം പൗളോ ഡിബാല ലീഡ് ഉയര്‍ത്തി. 59-ാം മിനിറ്റില്‍ അര്‍തുറോ വിദാലാണ് പെനല്‍റ്റിയിലൂടെ ചിലെയുടെ ഗോള്‍ നേടിയത്. ആവേശം പലപ്പോഴും കയ്യാങ്കളിയിലും എത്തി. 37–ാം മിനിറ്റില്‍ മെസിക്കും ചിലെ താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡ്. മെസിയുടെ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ്പുകാര്‍ഡാണിത്. ആകെ 37 ഫൗളുകള്‍ കണ്ട മല്‍സരത്തില്‍ ഏഴ് മഞ്ഞക്കാര്‍ഡുകളും റഫറി പുറത്തെടുത്തു.

ആര്‍എസ്എസിനേയും മോദിയേയും എതിര്‍ക്കുന്നവരെയെല്ലാം കേസുകളില്‍പ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്നയില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി നല്‍കിയ മാനനഷ്ടക്കേസില്‍ ജാമ്യം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ കൊണ്ട് തന്റെ പോരാട്ടം തടസപ്പെടുത്താനാവില്ല. ഭരണഘടന സംരക്ഷിക്കാനും ദരിദ്രരുടേയും കര്‍ഷകരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന് തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചതിനാണ് സുശീല്‍ കുമാര്‍ മോഡി രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.

ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. സെഞ്ചുറികൾ നേടിയ രോഹിത് ശർമയും (103) കെ.എൽ. രാഹുലുമാണ് (111) ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 189 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശർമ – ലോകേഷ് രാഹുൽ രാഹുൽ സഖ്യം മുന്നിൽനിന്നു നയിച്ചതോടെ ഇന്ത്യ 39 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ വിജയത്തിലെത്തി. ഏകദിനത്തിലെ 27–ാം സെഞ്ചുറി കുറിച്ച രോഹിത് ശർമ 94 പന്തിൽ 103 റൺസെടുത്തും ലോകേഷ് രാഹുൽ 118 പന്തിൽ 111 റൺസെടുത്തും പുറത്തായി.

ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന സ്വന്തം റെക്കോർഡ് ‘പരിഷ്കരിച്ച’ രോഹിത് – രാഹുൽ സഖ്യം, 189 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലദേശിനെതിരെ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആവേശത്തള്ളിച്ചയിൽ ഋഷഭ് പന്ത് (നാലു പന്തിൽ നാല്) വന്നപോലെ പോയെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയും (41 പന്തിൽ 34), ഹാർദിക് പാണ്ഡ്യയും (നാലു പന്തിൽ ഏഴ്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

2019 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് അഞ്ചാം സെഞ്ചുറിയാണിത്(103). ഒരുലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോർഡ് രോഹിത് ശര്‍മ സ്വന്തമാക്കി. നാലുസെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോ‍ഡാണ് രോഹിത് മറികടന്നത് . 2015 ലോകകപ്പിലായിരുന്നു സംഗക്കാരുയുടെ നേട്ടം. ലോകകപ്പിലെ സെഞ്ചുറിനേട്ടത്തില്‍ രോഹിത് സച്ചിനൊപ്പമെത്തി. സച്ചിന്‍ ആറുസെഞ്ചുറികള്‍ നേടിയത് ആറുലോകകപ്പില്‍ നിന്നാണ്. രോഹിത് ശര്‍മയുടെ നേട്ടം രണ്ടാം ലോകകപ്പിലാണ്.

ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യ, ആദ്യസെമിയില്‍ ന്യൂസീലന്‍ഡിനെ നേരിടും. രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തി. 14 പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാമതായി.

ഓസീസിന് തോൽവി

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമല്‍സരത്തില്‍ ഓസ്ട്രേലിയയെ 10 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ 326 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 315ന് പുറത്തായി. ഡേവിഡ് വാര്‍ണര്‍ ലോകകപ്പിലെ തന്‍റെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി.

ദക്ഷിണാഫ്രിക്കയുടെ 326 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങുമ്പോള്‍ രണ്ട് പോയിന്‍റ് നേടി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുകയെന്നത് മാത്രമായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഇമ്രാന്‍ താഹിറിന്‍റെ പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പുറത്ത്.

തൊട്ടുപിറകെ തന്നെ ഏഴുറണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ കഗീസോ റബാഡ പവലിയനിലേക്ക് മടക്കി.

ഇതിനിടെ പേശിവലിവ് കാരണം ഉസ്മാന്‍ ഖവാജയ്ക്ക് ക്രീസ് വിടേണ്ടി വന്നു. ഗ്ലെന്‍ മാക്സവല്ലിനെ ഉജ്വലമായ ക്യാച്ചിലൂടെ ഡിക്കോക്ക് പുറത്തായിയതോടെ ഓസ്ട്രേലിയയുടെ നിലപരുങ്ങലിലായി.

തോല്‍വിയിലേക്ക് എന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന ഡേവിഡ് വാര്‍ണറും വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടയില‍്‍ 100 പന്തില്‍ നിന്ന് 101 റണ്‍സ് എടുത്ത് ഡേവിഡ് വാര്‍ണര്‍ തന്‍റെ ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറി കഴിഞ്ഞതോടെ വാര്‍ണറും കാരിയും ഗിയര്‍മാറ്റി. ഇരുവരും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ വാര്‍ണറെ പുറത്താക്കി പ്രിട്രോറിയസ് തിരിച്ചടിച്ചു. ക്രിസ് മോറിസിന്‍റെ ഉജ്ജ്വല ക്യാച്ച്.

മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം അലക്സ് കാരി സ്കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും 46-ാം ഓവറില്‍ കാരിയെ ക്രിസ് മോറിസ് പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. 69 പന്തില്‍ 85 റണ്‍സെടുത്താണ് കാരി മടങ്ങിയത്. തിരിച്ച് ക്രീസിലെത്തിയ ഖവാജയും സ്റ്റാര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റബാഡ വില്ലനായി. ആദ്യം ഖവാജയുടെ വിക്കറ്റ്, പിന്നാലെ സ്റ്റാര്‍ക്കിനെയും ക്ളീന്‍ ബൗള്‍ഡാക്കി.

അവസാന ഓവറില്‍ ഓസ്ട്രേലിയ 315 റണ്‍സിന് ഓള്‍ഔട്ടായി. റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപണര്‍മാർ നൽകിയത്. ഓപണിങ് കൂട്ടുകെട്ടിൽ ഏയ്ഡൻ മാക്രമും ക്വിന്റൻ ഡി കോക്കും ചേർന്നു നേടിയത് 79 റൺസ്.

അമലാപോളിന്റെ പുതിയ ചിത്രം ആടൈയുടെ ട്രെയിലറിന് വന്‍ സ്വീകരണം. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അര്‍ദ്ധനഗ്നയായി അമല ടീസറില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. പ്രതികാരകഥ പറയുന്ന ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെ അമല അവതരിപ്പിക്കുന്നു. ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും.

RECENT POSTS
Copyright © . All rights reserved