മഹേഷിന്റെ പ്രതികാരത്തില്‍ കണ്ട ആ നാടന്‍ പെണ്‍കുട്ടിയല്ല അപര്‍ണ ബാലമുരളി. തകര്‍പ്പന്‍ ലുക്കില്‍ അപര്‍ണ എത്തിയിരിക്കുകയാണ്. ചലച്ചിത്ര താരങ്ങളുടെ കിടിലം ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന ജെഎസ്ഡബ്ല്യു തന്നെയാണ് അപര്‍ണയെ ഫോക്കസ് ചെയ്തത്.
വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ ബാലമുരളിയെത്തിയത്. വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അപര്‍ണ ധരിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികളെ കൈയ്യിലെടുത്ത താരമാണ് അപര്‍ണ. കുറച്ച് ചിത്രങ്ങലെ അപര്‍ണയ്ക്കുള്ളൂവെങ്കിലും മഹേഷിന്റെ പ്രതികാരം എന് ഒറ്റ ചിത്രം മതി അപര്‍ണയെ ഓര്‍ക്കാന്‍.
സര്‍വം താളമയമാണ് ഒടുവില്‍ തിയേറ്ററിലെത്തിയ അപര്‍ണയുടെ ചിത്രം. ഇപ്പോള്‍ തമിഴിലും അപര്‍ണ ഒരു വേഷം ചെയ്യുന്നുണ്ട്. അതും സൂപ്പര്‍സ്റ്റാര്‍ സൂര്യയ്‌ക്കൊപ്പം.
നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. കേസ് പരിഗണിക്കുന്ന അന്ധേരിയിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. തെളിവുകള്‍ കണ്ടെത്താനാകാത്തതിനാൽ അന്വേഷണം തുടരാനാവില്ലെന്നും പൊലീസ് അറിയിച്ചു.
2008ല്‍ ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് തനുശ്രീ ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു
എഎൻ-32 വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന. ഇന്നു രാവിലെയാണ് എട്ടുപേരടങ്ങിയ രക്ഷാസംഘം വിമാനം തകർന്നുവീണ സ്ഥലത്തെത്തിയതെന്നും അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. അരുണാചൽപ്രദേശിൽനിന്നും തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴാണ് വ്യോമസേനയുടെ വിശദീകരണം. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ.ഷെരിന്‍ എന്നിവര്‍ അടക്കം 13 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നാണ് കാണാതായ വ്യോമസേന വിമാനം എഎന്‍ 32ന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെ വലിയ തോതിലുളള തീപിടിത്തവും ഉണ്ടായതായാണ് സൂചന.
ജൂണ്‍ 3 ന് ഉച്ചയ്ക്ക് 12.30 ഓടെ അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്. 1 മണിയോടെ വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടു. വിമാനം കാണാതായി എട്ടാം ദിവസത്തിനൊടുവിലാണ് വിമാനഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. എംഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു നടത്തിയ തിരിച്ചിലൊനൊടുവില്‍ അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോ മീറ്റര്‍ അകലെ വച്ച് വിമാനഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
തിരച്ചിലില്‍ വിവിധ സേനാവിഭാഗങ്ങളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പങ്കെടുത്തിരുന്നു. അപകടം നടന്ന സ്ഥലം നിബിഡ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും പലപ്പോഴും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
#Update on #An32 crash: Eight members of the rescue team have reached the crash site today morning. IAF is sad to inform that there are no survivors from the crash of An32.
— Indian Air Force (@IAF_MCC) June 13, 2019
നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കും. ഈ മാസം 17നാണ് പരിശോധന. തുടര്‍നടപടി അതിനുശേഷമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലം കോണ്‍ക്രീറ്റ്് സ്പെഷലിസ്റ്റിനെകൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടു. ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവരുമായി ചര്‍ച്ചനടത്തി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.
അതേസമയം, പാലാരിവട്ടം മേൽപ്പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് മദ്രാസ് ഐഐടിയും. പാലം അപകടാവസ്ഥയിലായെന്ന് വ്യക്തമായ ശേഷം സർക്കാർ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡിസൈൻ പ്രകാരം, എം 35 എന്ന ഗ്രേഡിൽ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതിൽ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.
പാലത്തിൽ രൂപപ്പെട്ട വിള്ളലുകൾ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയിൽ വികസിക്കുകയാണ്. ശാസ്ത്രീയമായി കണക്കുകൾ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ട് വാല്യങ്ങളായി ആയിരം പേജോളം ഉണ്ട്. മദ്രാസ് ഐഐടിയിലെ ഡോക്ടർ പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാലു മാസത്തിലേറെ നീണ്ട പരിശോധനകൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകിയത്.
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോർത്തി മഴ ‘കളി’ തുടരുന്നു. ആരാധകരുടെ പ്രാർഥനകളോട് നിർദ്ദാക്ഷിണ്യം മുഖം തിരിച്ച് നോട്ടിങ്ങാമിലെ ട്രെന്റ്ബ്രിജിൽ മഴമേഘങ്ങൾ നിന്നു പെയ്തതോടെ ഇന്ത്യ–ന്യൂസീലൻഡ് മൽസരവും ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും സാധിക്കാതെയാണ് മൽസരം ഉപേക്ഷിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതായി അംപയർമാർ അറിയിച്ചത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ഈ ലോകകപ്പിൽ അജയ്യരെന്ന പരിവേഷവും ഇന്ത്യയും ന്യൂസീലന്‍ഡും നിലനിർത്തി. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലൻഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യ മൂന്നു കളികളിൽനിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.
ഓവറുകൾ വെട്ടിച്ചുരുക്കിയിട്ടെങ്കിലും മൽസരം നടത്താനാകുമോയെന്ന് പലതവണ പരിശോധിച്ചെങ്കിലും എല്ലാം വെറുതെയായി. പെയ്തും തോർന്നും വീണ്ടും പെയ്തും മഴ ‘കളം പിടിച്ചതോടെ’ കളി ഉപേക്ഷിക്കാൻ അംപയർമാർ നിർബന്ധിതരായി. ഇതോടെ ഈ ലോകകപ്പിൽ മഴമൂലം ഉപേക്ഷിക്കപ്പെട്ട മൽസരങ്ങളുടെ എണ്ണം നാലായി. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള കഴിഞ്ഞ മൽസരം ഉപേക്ഷിച്ചപ്പോൾ തന്നെ ഏറ്റവും കൂടുതൽ മൽസരങ്ങൾ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന ‘റെക്കോർഡ്’ ഈ ലോകകപ്പിനു സ്വന്തമായിരുന്നു. ശ്രീലങ്ക–പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മൽസരങ്ങളും മഴ മൂലം ഉപേക്ഷിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മൽസരമാണ് മഴമൂലം ഉപേക്ഷിക്കപ്പെടുന്നത്. 1992ലെ അഞ്ചാം ലോകകപ്പിൽ ശ്രീലങ്കയുമായുള്ള മൽസരമാണ് ഇതിനു മുൻപ് മഴ മൂലം പൂർത്തിയാക്കാനാകാതെ പോയത്. ഓസ്ട്രേലിയയിലെ മക്‌കേയ്‍യായിരുന്നു വേദി. മൽസരത്തലേന്നും രാവിലെയുമായി പെയ്ത കനത്ത മഴമൂലം ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നു. അഞ്ചു മണിക്കൂറിനുശേഷം 20 ഓവറായി പരിമിതപ്പെടുത്തി മൽസരം തുടങ്ങാന്‍ പിന്നീട് തീരുമാനിച്ചു.
ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓവർ ചുരുക്കിയതോടെ പരമാവധി റൺസ് നേടുക എന്ന ലക്ഷ്യത്തോടെ ശ്രീകാന്തിനൊപ്പം ഓപ്പണറായത് കപിൽദേവ്. ആദ്യ ഓവറിലെ രണ്ടു പന്തുകൾ കഴിഞ്ഞപ്പോൾത്തന്നെ വീണ്ടും മഴയെത്തി. രണ്ടു പന്തുകൾ നേരിട്ട ഇന്ത്യ ഒരു റൺസുമായി നിൽക്കവേ മൽസരം ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപനം വന്നു.
തമിഴ്നാട്ടില്‍ ടിക് ടോക് മൊബൈല്‍ ആപ്പ് വീണ്ടും മനുഷ്യ ജീവനെടുത്തു. ടിക് ടോക് ഭ്രമത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താന്‍ വിഷം കഴിക്കുന്നതിന്റെ വീഡിയോ എടുത്ത യുവതി മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പളിയിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോക് കാമുകനെ സ്വന്തമാക്കാന്‍ ചെന്നൈയില്‍ യുവതി പിഞ്ചുകുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നത് വന്‍ വിവാദമായിരുന്നു.
പെരമ്പല്ലൂര്‍ ജില്ലയിലെ സീറാനമെന്ന സ്ഥലത്തെ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയാണ് ആത്മഹത്യ ദൃശ്യങ്ങള്‍ ടിക് ടോകില്‍ ചിത്രീകരിച്ചത്. അതും കുട്ടികളെ സംരക്ഷിക്കാതെ ടിക് ടോകില്‍ മുഴുകുന്നതിനു വഴക്കുപറഞ്ഞ ഭർത്താവിനെയും വീട്ടുകാരെയും പാഠം പഠിപ്പിക്കാന്‍. സിംഗപ്പൂരില്‍ ജോലിക്കാരനായ പഴനിവേലുവിന്റെ ഭാര്യ അനിതയുടെ കൈവിട്ട കളി ഒടുവില്‍ കാര്യമായി.
കരഞ്ഞുകൊണ്ടു കീടനാശിനി വായിലേക്ക് ഒഴിക്കുന്നു. തുടര്‍ന്ന് വെള്ളം കുടിക്കുന്നു. വെള്ളം കുടിച്ചതിനുശേഷം ചുണ്ട് തുടച്ചു ഫോണിന്റെ ഹെഡ് സെറ്റ് ചെവിയില്‍ നിന്നും അഴിച്ചുമാറ്റുന്നതുമാണ് ദൃശ്യത്തിലുള്ളത്. ബന്ധുക്കള്‍ കണ്ടെത്തി തിരുച്ചിറപ്പള്ളിയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപെട്ട് കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോകില്‍ ഒന്നിച്ചു വീഡിയോകള്‍ ചെയ്തിരുന്ന യുവാവിനെ കല്ല്യാണം കഴിക്കാന്‍ യുവതി രണ്ടുകുട്ടികളെ കൊന്നത് തമിഴ്നാടിനെ പിടിച്ചുകുലുക്കിയിരുന്നു. ചെന്നൈ ടി.നഗറിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ ഭാര്യ അഭിരാമിയായിരുന്നു ടിക് ടോക് പ്രണയത്തിനായി ആറും നാലും വയസുമുള്ള മക്കളെ പാലില്‍ വിഷം ചേര്‍ത്ത് കൊന്നത്. കേസില്‍ അഭിരാമിയും കാമുകന്‍ സുന്ദരവും ഇപ്പോളും ജയിലിലാണ്.
ദുബായ് ∙ മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള എണ്ണ കയറ്റുമതിയിൽ ആശങ്ക നിറഞ്ഞതോടെ ഇന്ധനവിൽപനയിൽ നാലു ശതമാനത്തിന്റെ വർധന. ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് എണ്ണവിലയേറിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ്– ഇറാൻ സംഘർഷം ശക്തമാകുമെന്ന ഭീതി പരന്നതോടെ എണ്ണവില 4.5% വർധന രേഖപ്പെടുത്തിയതായി ‘ദ് ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്തു.
ബ്രെൻഡ് ക്രൂഡോയിലിന് 4.5% വിലയേറി ബാരലിന് 62.64 ഡോളറായി. യുഎസ് ക്രൂഡോയിൽ 4% വില വർധിച്ച് ബാരലിന് 53.25 ഡോളറിലെത്തി. ഇനിയും ആക്രമണം തുടർന്നാൽ ക്രൂഡോയിൽ നീക്കം തടസ്സപ്പെടുമെന്നും എണ്ണവില വർധിക്കുമെന്നും മേഖലയിലെ വിദഗ്ധർ പറയുന്നു.
ഗൾഫിലേക്ക് എണ്ണസംഭരണത്തിനായി പോകാനിരുന്ന കപ്പലുകളിൽ മൂന്നെണ്ണം റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. എണ്ണടാങ്കർ ഉടമകളായ ഡിഎച്ച്ടി ഹോൾഡിങ്സും ഹെയ്ഡ്മർ കമ്പനിയുമാണ് ഗൾഫിലേക്കുള്ള പുതിയ കപ്പൽ സർവീസുകൾ റദ്ദു ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഓഹരി വിപണിയെയും കപ്പലാക്രമണം മോശമായി ബാധിച്ചു. എണ്ണക്കമ്പനികൾക്കായിരുന്നു വലിയ തിരിച്ചടി.
രാജ്യാന്തര തലത്തിലെ എണ്ണവ്യാപാരത്തെ ഒമാൻ ഉൾക്കടലിലെ സംഭവവികാസങ്ങൾ ദോഷകരമായി ബാധിക്കുമെന്നാണു വിലയിരുത്തൽ. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലും അറബിക്കടലുമായി യോജിപ്പിക്കുന്നത് ഈ കടലിടുക്കാണ്. ഏറ്റവും ഇടുങ്ങിയ പാതയിൽ കടലിടുക്കിന് 21 മൈൽ ആണു വീതി. പേർഷ്യൻ ഗൾഫിലെ തുറമുഖങ്ങളിൽ നിന്ന് എണ്ണക്കപ്പലുകൾ ക്രൂഡോയിലുമായി യാത്ര ചെയ്യുന്നത് ഈ കടലിടുക്കിലൂടെയായിരുന്നു.
അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് രാഷ്ട്രീയനേതാവല്ലാത്ത എസ്.ജയശങ്കറിനെ ബിജെപി വിദേശകാര്യമന്ത്രിയായി നിയമിച്ചത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു . ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിന്റെ ഭാഗമായുള്ള ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യ-യുഎസ് ഇടപാടുകളുടെയും സൂത്രധാരനാണ് അദ്ദേഹം. ഇടതുപക്ഷത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നവര്‍ പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട ശേഷം ഇടതുപക്ഷം നടത്തിയ വലിയ തിരിച്ചുവരവുകള്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിലെ ജനവിധിയിൽനിന്ന് പാഠമുൾക്കൊള്ളാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ആരോടും വിദ്വേഷമോ അകല്‍ച്ചയോ ഇല്ലെന്നും ജനവിധി മാനിക്കുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബിജെപിക്കും ആര്‍എസ്എസിനുമെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്കസ്വാധീനം ഇടതുപക്ഷത്തിനില്ലെന്ന ചിന്ത ജനങ്ങളില്‍ ശക്തമായതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്. ആ ദൗര്‍ബല്യം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ ബിജെപിയെ പുറത്താക്കി സര്‍ക്കാരുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ജനം കേരളത്തില്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ആ തരത്തില്‍ യുഡിഎഫ് നടത്തിയ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.
ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരോ ജയിച്ചാല്‍ എല്ലാമായെന്നു കരുതുന്നവരോ അല്ല ഇടതുപക്ഷം. കിട്ടിയ വോട്ടോ സീറ്റോ നോക്കാതെ എല്ലാക്കാലത്തും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് ഇടതുപക്ഷത്തിന്റെ രീതി. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാകാത്ത വിധം വര്‍ഗീയപ്രചാരണം നടന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കു പകരം തീവ്രഹിന്ദുത്വവും പാക്കിസ്ഥാന്‍ വിരുദ്ധതയും പ്രസംഗിച്ച് എല്ലാക്കാലത്തും മുന്നോട്ടുപോകാന്‍ ബിജെപിക്കു കഴിയില്ല.
ഇടതുപക്ഷത്തിന് കൂടുതല്‍ സാധ്യതയുള്ള സാഹചര്യമാണ് ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യയിലെ ഹിന്ദുത്വ പ്രചാരണം കൊണ്ടു മാത്രമാണെന്ന് പരിമിതപ്പെടുത്തല്‍ ശരിയല്ല. അമേരിക്കയും ഓസ്ട്രേലിയയും ഫ്രാന്‍സും ഇസ്രയേലുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വലതുപക്ഷത്തേക്കുള്ള പോക്കിന്റെയും കോര്‍പറേറ്റ് അജൻഡകളുടെയും ഭാഗമായി വേണം ഇന്ത്യയിലെ സ്ഥിതിയും വിലയിരുത്താന്‍.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ നവാസിനെ കാണാതായതായി പരാതി. സെന്‍ട്രല്‍ സി.ഐ, വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി.
സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.
ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്.
സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഹൂതി വിമതരുടെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളുടെ ചിത്രങ്ങളാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ബുധനാഴ്ച പുലര്‍ച്ചെ 2.21നാണ് അസിര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ മിസൈല്‍ പതിച്ചത്. വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ദിവസവും സഞ്ചരിക്കുന്ന തിരക്കേറിയ വിമാനത്താവളമാണിത്. പരിക്കേറ്റ 26 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരിക്ക് പുറമെ യമന്‍, സൗദി പൗരകളായ രണ്ട് സ്ത്രീകള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ 18 പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കി. എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുഎഇ ഉള്‍പ്പെടെയുള്ള അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു.