ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും വിജയദശമി ആഘോഷങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു. ഗണപതി ഹോമം, വിദ്യാരംഭം,വിദ്യാലക്ഷ്മി പൂജ, വിളക്ക് പൂജ,ദീപാരാധന, നാമർച്ചന എന്നിവ നടത്തപ്പെട്ടു. പൂജകൾക്ക് ശേഷം പ്രസാദ വിതരണവും നടത്തപ്പെട്ടു. ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത് തിരുമേനിയും, താഴൂർ മന ശ്രീ വി ഹരിനാരായണനും ചടങ്ങുകൾക്ക് കർമികത്വം വഹിച്ചു.

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാർ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗാസയിലെ യുദ്ധത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയായപ്പോൾ, ഈജിപ്തിലെ ഷാർം അൽ ഷെയ്ഖ് റിസോർട്ടിൽ ആരംഭിച്ച സമാധാന ചർച്ചയിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇനങ്ങളടങ്ങിയ സമാധാന പദ്ധതിയെ അടിസ്ഥാനമാക്കി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ദീർഘകാലമായി നീണ്ടുനിൽക്കുന്ന ഗാസാ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് അന്തർദേശീയ സമൂഹം.
ആദ്യ ഘട്ട ചർച്ചകളിൽ ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് പ്രധാന വിഷയങ്ങൾ. ഹമാസ് പ്രതിനിധിസംഘം ഇന്നലെ രാവിലെയും ഇസ്രയേൽ സംഘം വൈകിട്ടുമാണ് ഈജിപ്തിലെത്തിയത്. ഗാസയിലെ മാനവിക പ്രതിസന്ധി പരിഹരിക്കാൻ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചർച്ചകൾ, ഇരുപാർട്ടികളും നേരിട്ട് പങ്കെടുക്കുന്ന അപൂർവ അവസരമായി കണക്കാക്കപ്പെടുന്നു.
ഇസ്രയേൽ പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദി വിഷയ ചുമതലയുള്ള ഗാൽ ഹിർഷ്, മൊസാദ്, ഷിൻ ബെറ്റ് എന്നീ ചാരസംഘടനകളിലെ ഉദ്യോഗസ്ഥർ എന്നിവരുണ്ട്. സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ ഈ ആഴ്ചയുടെ അവസാനത്തോടെ ഈജിപ്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഹമാസ് സംഘത്തെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യ നയിക്കുന്നു. ഖത്തറിലെ ദോഹയിൽ അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് അടുത്തിടെ ഇസ്രയേൽ ആക്രമണം നടത്തിയതെന്നതാണ് ചർച്ചകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധേയമായത്.
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ തർക്കങ്ങൾ കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അത്തരം വിഷയങ്ങൾ കോടതിക്ക് പുറത്താണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈക്കോടതി തള്ളിയ ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും മുമ്പ് തന്നെ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു, “ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എംഎൽഎ മികച്ച സേവനം ചെയ്യുന്നുവെങ്കിലും, അത് എല്ലായിടത്തും പ്രാവർത്തികമാക്കാനാകില്ല.”
അതേസമയം, എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28, 29 തീയതികളിൽ ദില്ലി ഹൈക്കോടതിയിൽ നടക്കും. സാങ്കേതിക കാരണങ്ങളാൽ ഹർജി തള്ളിയതാണെന്നും, മാസപ്പടി വിഷയത്തിൽ രാഷ്ട്രീയവും നിയമവുമായ പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
ന്യൂഡല്ഹി: സുപ്രീം കോടതിയില് ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുകാരന് രാകേഷ് കിഷോറിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. സുപ്രീം കോടതി രജിസ്ട്രാര് ജനറല് കുറ്റം ചുമത്താന് വിസമ്മതിച്ചതിനെ തുടര്ന്ന് ഡല്ഹി പോലീസ് അദ്ദേഹത്തെ മോചിപ്പിച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്ദേശപ്രകാരമായിരുന്നുവെന്നാണ് റിപ്പോര്ട്ട്.
പോലീസ് ഉദ്യോഗസ്ഥര് കിഷോറിന്റെ കൈയ്യില്നിന്ന് “സനാതന ധര്മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല” എന്ന കുറിപ്പ് കണ്ടെത്തി. കൂടാതെ, സുപ്രീം കോടതി ബാര് അസോസിയേഷന്, ഡല്ഹി ബാര് കൗണ്സില് എന്നിവയുടെ അംഗത്വ കാര്ഡുകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. സംഭവത്തെ തുടര്ന്ന് ബാര് കൗണ്സില് ഓഫ് ഇന്ത്യ അദ്ദേഹത്തെ സസ്പെന്ഡ് ചെയ്തതായി റിപ്പോര്ട്ടുകള് പറയുന്നു.
തിങ്കളാഴ്ച രാവിലെയുണ്ടായ ഈ സംഭവം കോടതിയിലെ നടപടികള്ക്കിടെയാണ് നടന്നത്. ഷൂ എറിഞ്ഞതിനെ തുടര്ന്ന് ഉദ്യോഗസ്ഥര് ഇയാളെ പുറത്തേക്ക് കൊണ്ടുപോയെങ്കിലും ചീഫ് ജസ്റ്റിസ് ഗവായ് സമാധാനത്തോടെ വാദം തുടരാന് അഭിഭാഷകരോട് ആവശ്യപ്പെട്ടു. “ഇത്തരം കാര്യങ്ങള് ഞങ്ങളെ ബാധിക്കില്ല, ശ്രദ്ധ മാറരുത്,” എന്ന് അദ്ദേഹം പ്രതികരിച്ചു.
ചൊവ്വന്നൂരിലെ വാടക ക്വാര്ട്ടേഴ്സില് കണ്ടെത്തിയ യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതിയായ സണ്ണി (61)യെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയാണെന്ന് കരുതുന്ന കൊല്ലപ്പെട്ടയാളെ സണ്ണി സ്വവര്ഗരതി ഇടപാടിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിന്റെ നിഗമനം.
ഞായറാഴ്ച വൈകിട്ട് മുറിയില്നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാര് ഉടമയെ അറിയിച്ചു. വാതില് പൊളിച്ചപ്പോള് കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തി, വസ്ത്രങ്ങളില്ലാതെ കിടന്ന മൃതദേഹത്തില് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
ഫ്രൈയിങ് പാന് ഉപയോഗിച്ച് തലയില് അടിച്ചതിനുശേഷം കത്തി കൊണ്ട് കുത്തുകയും പിന്നീട് മൃതദേഹം കത്തിക്കുകയുമായിരുന്നു. നേരത്തെയും രണ്ട് കൊലപാതകക്കേസുകളില് പ്രതിയായിരുന്ന സണ്ണി, തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ്.
കുമ്പള: യുവ അഭിഭാഷക സി. രഞ്ജിതയുടെ (30) മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തായ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തെ ഞായറാഴ്ച രാത്രിയോടെ കുമ്പള പോലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അറിയിച്ചു. രഞ്ജിതയെ കഴിഞ്ഞ ചൊവ്വാഴ്ച ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. യുവ അഭിഭാഷകയുടെ മരണത്തിനു പിന്നാലെ ഇയാൾ നാട്ടിലേക്ക് രക്ഷപ്പെട്ടതും, സുഹൃത്തിന്റെ മൃതദേഹം കാണാനോ അന്തിമോപചാരമർപ്പിക്കാനോ എത്തിയില്ലെന്നതും സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രഞ്ജിത സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റുമായിരുന്നു.
ദില്ലി ∙ സി.എം.ആർ.എൽ– എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി കുഴൽനാടൻ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം വാദിക്കുന്നു.
ഇതേ വിഷയത്തിൽ നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതി നൽകിയ പരാതി ഹൈക്കോടതിയും തള്ളിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ രേഖകളിലോ തെളിയുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതിനെതിരെ നിയമനടപടി തുടരാനാണ് എം.എൽ.എയുടെ തീരുമാനം.
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തെരെഞ്ഞെടുത്തു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും.
ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. നാളെ രാവിലെ മുതൽ ജൂറി സ്ക്രീനിങ് ആരംഭിക്കും. അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്.
128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
റോമി കുര്യാക്കോസ്
യു കെ: മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ വിവിധ യൂണിറ്റുകൾ സാമൂഹിക–സാംസ്കാരിക പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു.
ഐ ഒ സി (യു കെ) ലെസ്റ്റർ യൂണിറ്റ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി സംഗമം’ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം നിയമസഭാ അംഗവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസു സൈമൺ, അനിൽ മർക്കോസ്, ജിബി കോശി, റോബിൻ സെബാസ്റ്റ്യൻ, ജെയിംസ് തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഐ ഒ സി (യു കെ) ബാൺസ്ലെ യൂണിറ്റ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ‘രക്തദാനം ജീവദാനം’ എന്ന പേരിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. വോമ്പ്വെൽ എൻ എച്ച് എസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പിന് യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപാറ, യൂണിറ്റ് ഭാരവാഹികളായ രാജുൽ രമണൻ, വിനീത് മാത്യു എന്നിവർ നേതൃത്വം വഹിച്ചു.

രാജ്യത്ത് വ്യാപകമായി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ബോൾട്ടനിൽ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിൻ’ പരിപാടിയോട് ചടങ്ങുകളിൽ ഐക്യദാർഢ്യം രേഖപ്പെടുത്തി.
ഗാന്ധിജിയുടെ സത്യവും അഹിംസയും അടിസ്ഥാനമാക്കിയ സന്ദേശങ്ങളെ പുതു തലമുറയിൽ പ്രചരിപ്പിക്കുക, സമൂഹത്തിനായി പ്രവർത്തിക്കുക എന്നിവയാണ് ഇത്തവണത്തെ ആഘോഷങ്ങളിലൂടെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മുന്നോട്ടുവെച്ചത്.

