ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് അജിത്കുമാറിന്റെ വിശദീകരണം.
സ്വകാര്യ സന്ദര്‍ശനം എന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ തൃശൂരില്‍വച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു. ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
2023 മെയ് 22 നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രതിപക്ഷനേതാവടക്കം ആരോപണം ഉന്നയിച്ചത്.
പരാതി പരസ്യമായി പറഞ്ഞതിൽ പി.വി. അൻവർ എം.എൽ.എയ്ക്കെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. അതേസമയം അൻവറിന്റെ പരാതി പാർട്ടി പരിശോധിക്കും. എന്നാൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേയാണ് പി.വി. അൻവറിന്റെ ഗുരുതര ആരോപണം. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് പാർട്ടി അൻവറിന്റെ പരാതിയെ നോക്കിക്കാണുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയ്ക്ക് വന്നുവെങ്കിലും, പി.വി. അൻവർ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ പാർട്ടിയിൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തമല്ല.
പി.വി. അൻവർ പരസ്യമായി പരാതികൾ വിളിച്ചു പറഞ്ഞതിൽ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നുവെന്നും പി.വി. അൻവറിനെ അനുകൂലിച്ചു പ്രതികൂലിച്ചും അംഗങ്ങൾ സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം.
നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസിൽ തിരിച്ചടിയാവുകയാണ്.
പരാതിക്കാരിയുടെ മൊഴിയിൽ നിരവധി വൈരുധ്യങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ് ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബലാത്സംഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം പറയാൻ അവർക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറിൽക്കയറ്റി അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്. ഇതിൽ എവിടെയാണ് നിർബന്ധിത ലൈംഗിക പീഡനം എന്നതാണ് കോടതി ഉയർത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവർ മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിന്റെ ഭാഗമായി കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്.
പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്റ്റീസ് ചെയ്തിരുന്ന ഒരാൾക്ക് സാധാരണ നിയമവശങ്ങൾ അറിയില്ലെന്ന് പറയാനാവും എന്നും കോടതി ചോദിച്ചു. കേസിൽ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെ ഷൂട്ടിങില്‍ ആയിരുന്നുവെന്ന് വിനീത് പറഞ്ഞു.
‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തെളിവായി തന്റെ കൈയ്യില്‍ ഉണ്ട്. 2023 ഡിസംബര്‍ 14 ന് നിവിന്‍ ഉണ്ടായിരുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണ്.
15 ന് പുലര്‍ച്ചെ മൂന്ന് മണി വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം. ഉച്ചയ്ക്ക് ശേഷം ക്രൗണ്‍ പ്ലാസയിലും ഷൂട്ടിങ് ഉണ്ടായിരുന്നു.
അത് പുലര്‍ച്ചെ വരെ തുടര്‍ന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് അതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് കേസ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്‌പെന്‍ഷന്‍. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പുറത്തെത്തിയത്.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഷന്‍ ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
സുജിത് ദാസ് ഐ.പി.എസുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.വി. അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അന്‍വര്‍ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി. അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുജിത് ദാസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും സര്‍വീസ് ചട്ടലംഘനം നടത്തിയതിന്റെ ഭാഗമായി നടപടിയുണ്ടാകണമെന്നും ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
അഖിൽ പുതുശ്ശേരി
ചിങ്ങമിങ്ങെത്തി തുമ്പപൂവേ
പൂക്കാൻ വൈകുന്നതെന്തേ നീ
അത്തം നാൾ മുതൽ അത്തമൊരുക്കിടാൻ
സൂര്യനുമുന്നേ ഉണർന്നിടേണം
ആർപ്പോ ഇർപ്പോ എന്നോതിയോതി
മാവേലി തമ്പ്രാനെ വരവേറ്റിടേണം
ചെത്തി ചേമന്തി മന്ദാരം മുക്കുറ്റി
കൊമ്പത്തുനിന്നൊരു ചെമ്പകപ്പൂവും
ഒത്തങ്ങിരുന്നെന്റെ മുറ്റത്തു നാണത്താൽ
തുമ്പപ്പൂപ്പെണ്ണിന്റെ ചേലുകണ്ട്
ഓണത്തപ്പനെ ചേലോടൊരുക്കി
കത്തിച്ചുവെച്ചൊരു നെയ്യ് വിളക്കും
താമര പെണ്ണവൾ മധ്യത്തിൽ നിന്നതാ
സൂര്യനെനോക്കി പുഞ്ചിരിച്ചു
ആകാശ സീമയിൽ ആർപ്പും വിളിയുമായ്
കോടിയുടുത്തു കുംങ്കുമം തൊട്ടു
പായസം വെയ്ക്കേണം പപ്പടം കാച്ചണം
ഊഞ്ഞാലിൽ ചേലോടൊന്നാടീടണം
വള്ളംകളിയും വടംവലിച്ചാണുങ്ങൾ,
കസവുമുണ്ടണിഞ്ഞാടി പെൺകിടാക്കൾ
കുഞ്ഞോമനകൾ മത്സരിച്ചങ്ങനെ
മാവേലിമന്നനെ വരവേറ്റിടുന്നു
പൂക്കാൻ വൈകുന്നതെന്തേ പൂക്കളേ
ചിങ്ങപ്പുലരി ചിരിതൂകി നിൽക്കേ.
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
. 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു
ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാന ആസൂത്രണ ബോർഡിൽ ജോലി ചെയ്യുന്നു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
അൻഡു
പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ് സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം
പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.
ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. വിശദവാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്. നടന്‍ ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.
2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.
അതേസമയം ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം. നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.
മലയാളിയായ ബാങ്ക് ജീവനക്കാരൻ മുംബൈയില്‍ ആത്മഹത്യ ചെയ്തു. അലക്സ് റെജി (35) യാണ് ട്രാൻസ് ഹാർബറായ അടല്‍ സേതുവില്‍ നിന്ന് ചാടി മരിച്ചത്.
ദേശസാത്കൃത ബാങ്കില്‍ ജോലി ചെയ്തിരുന്ന പൂനെ സ്വദേശി അലക്‌സ് പാലത്തില്‍ കാർ നിർത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു.
സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. നവാ-ഷെവ പോലീസ് ആണ് കേസ് വിവരം പുറത്ത് വിട്ടത്. അലക്സ് കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.
പൂനെ പിംപ്രിയിലാണ് അലക്സ് കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്. പിംപ്രി നിവാസിയായ അലക്‌സ് മുംബൈയില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു.ശവ സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച പുനെയില്‍ നടക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു .
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി എട്ടു വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം ഈ മാസം എട്ടാം തീയതി പോർട്സ് മൗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിക്കും .അഭിവന്ദ്യ മാർ ഫിലിപ്പ് ഈഗൻ പിതാവിന്റെ സാനിധ്യത്തിൽ ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് സീറോ മലബാർ മിഷൻ ഇടവകായായി പ്രഖ്യാപിക്കപെടുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴിക കല്ലായി മാറും .
രൂപീകൃതമായ നാൾ മുതൽ വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലമായി പോർട്സ് മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് മിഷൻ മാറുമ്പോൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ എല്ലാ തരത്തിലുമുള്ള മാർഗ നിർദേശങ്ങളുടെയും പിന്തുണടെയും ബലത്തിൽ രൂപതയുടെ വികാരി ജനറൽ ആയി സേവനം അനുഷ്ടിച്ച റെവ ഫാ ജിനോ അരീക്കാട്ടിന്റെയും പോർട്സ് മൗത്തിലെ വിശ്വാസി സമൂഹത്തിന്റെയും അക്ഷീണമായ പ്രയത്നങ്ങളുടെയും പൂർത്തീകരണമാണ് ഈ ഇടവക ദേവാലയം .
ചെറുപ്പത്തിന്റെ ചുറുചുറുക്കും , ദിവ്യാകാരുണ്യ മിഷനറി സഭയുടെ ആധ്യാത്മിക ചൈതന്യവും ഉൾക്കൊണ്ട് താൻ ഏറ്റെടുത്ത ദൗത്യങ്ങൾ എല്ലാം ഫലപ്രാപ്‌തിയിൽ എത്തിക്കുവാൻ ജിനോ അരീക്കാട്ട് അച്ചന് സാധിച്ചു എന്നതും പോർട്സ് മൗത്തിലെ ഈ ഇടവക പ്രഖ്യാപനത്തിൽ വിസ്മരിക്കാൻ ആകാത്ത വസ്തുതയാണ് . പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിന് ശേഷം ലിവർപൂളിൽ രൂപതയ്ക്ക് സ്വന്തമായി ഇടവകയും , പിന്നീട് ന്യൂകാസിലിലും , സാൽഫോർഡിലും മിഷൻ രൂപീകരണത്തിലും രൂപതയുടെ സമഗ്രമായ വളർച്ചക്കും , ഒക്കെ അഭിവന്ദ്യ പിതാവിനോട് ചേർന്ന് നിന്ന് ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് നടത്തിയ നിസ്തുലമായ സേവനങ്ങളുടെ ഏറ്റവും പുതിയ പരിസമാപ്തിയാണ് പോർട്സ് മൗത്തിലെ പ്രഖ്യാപിക്കാൻ പോകുന്ന ഇടവക പ്രഖ്യാപനം .
പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ മിഷനിൽ അമ്മയുടെ ജനനതിരുനാൾ ദിനമായ സെപ്തംബർ എട്ടാം തീയതി ആണ് ഇടവക പ്രഖ്യാപനം നടക്കുന്നത് . ഇതിന് ഒരുക്കമായി ഒന്നാം തീയതി മുതൽ തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചു . എല്ലാ ദിവസവും , വിശുദ്ധ കുർബാനയും , നൊവേനയും നേർച്ചയും കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട് . എട്ടാം തീയതി രാവിലെ ഒൻപത് മണിക്ക് പോർട്സ് മൗത്ത് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പ് ഈഗൻ പിതാവിന്റെ സാനിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഇടവക പ്രഖ്യാപനം നടത്തുകയും ചെയ്യും.
തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദിക്ഷിണം , ലദീഞ്ഞ് , സ്നേഹവിരുന്ന് എന്നിവയും നടക്കും . നൂറ്റി പത്തോളം പ്രസുദേന്തി മാർ ആണ് തിരുന്നാൾ കർമ്മങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് . ഇടവക പ്രഖ്യാപനത്തിലേക്കും ,തിരുന്നാൾ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ ജിനോ അരീക്കാട്ട് എം സി ബി എസ് , കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചൻ തോമസ് , ജിതിൻ ജോൺ എന്നിവർ അറിയിച്ചു.
ടോം ജോസ് തടിയംപാട്
കിഡ്‌നി രോഗം ബാധിച്ചു ഡയാലിസിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യാൻസർ ബാധിച്ചു ചികിത്സിക്കാൻ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന ആർ നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിലേക്കു ദയവായി നിങ്ങളുടെ സഹായങ്ങൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
ജോണിന്റെ 3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികൾ ചെയ്തു നന്നായി മുൻപോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്‌നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത് . ജോണിന്റെ വിഷമം ഞങ്ങളെ അറിയിച്ചത് ബെർമിംഗ്ഹാമിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്നേഹിയുമായ ടോമി സെബാസ്റ്റ്യനാണ് .
ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭർത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്റ്റ് ക്യൻസറിനു ചികിൽസിക്കാൻ ഒരു നിവർത്തിയും ഇല്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം , ദയവായി ഇവരെ നിങ്ങൾ കൈവിടരുത് ബീനയുടെ വിവരം ഞങ്ങളെ അറിയിച്ചത് ബെഡ്‌വേർതിൽ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേർലി കൊന്നക്കോട്ടാണ് .
ഇവരെ രണ്ടുപേരെയും സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിയിലേക്കു നിങ്ങളാൽ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നൽകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,26 50000 (ഒരുകോടി ഇരുപത്തിആറുലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.
2004 ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.