Latest News

മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം 21 ആയി. മുംബൈയിലെ മലാഡിലും പൂനെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് 13 പേര്‍ മരിച്ചു. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തി. മതിലിനിടയില്‍ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. പൂനെയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പൂനെയിലെ സിന്‍ഹാഡ് കോളേജിലാണ് മതില്‍ ഇടിഞ്ഞ് വീണ് അപകടമുണ്ടായത്.

രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി. സർക്കാർ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.

വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയുമാണ്.

ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു.

വിമാനങ്ങള്‍ റദ്ദാകുമെന്ന് സ്പൈസ് ജെറ്റും ഇന്‍റിഗോയും വ്യക്താമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളെ കുറിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കമ്വനികള്‍ അറിയിച്ചിട്ടുണ്ട്.

ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വധഭീഷണിയെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍. തനിക്ക് നേരെയും വധഭീഷണിയുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തില്‍ വന്നാല്‍ ബോംബ് സ്ഫോടനം നടത്തി വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറഞ്ഞതായും അവര്‍ പറഞ്ഞു. കത്തില്‍ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല.

ബസ് സ്റ്റാന്‍റിലും റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്ഫോടനം നടത്തുമെന്നും ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭോപ്പാലില്‍നിന്ന് ബോംബ് സ്ക്വാഡിനെ വരുത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും വിദിഷ എസ്പി വിനായക് വെര്‍മ വാര്‍ത്താ ഏജന്‍സി പിടിഐയോട് പറഞ്ഞു.

ജര്‍മ്മന്‍ യുവതിയുടെ തിരോധാനത്തില്‍ അവരോടൊപ്പം കേരളത്തിലെത്തിയ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. മാര്‍ച്ച് 10നാണ് ലിസ വെയ്സ അവസാനമായി വിളിച്ചതെന്ന് ഇവരുടെ മാതാവ് അറിയിച്ചു. 2011ല്‍ ഇവര്‍ കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

കേരളത്തിലെത്തിയ ശേഷം കാണാനില്ലെന്ന് പറയുന്ന ജര്‍മ്മന്‍ യുവതി ലിസ വെയ്സ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി. ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്.

ജര്‍മ്മന്‍ കോണ്‍സുലേറ്റ് വഴി ലിസയുടെ പശ്ചാത്തലവും പൊലീസ് ശേഖരിച്ചു. ഇതിന് മുന്‍പ് 2011ല്‍ കേരളത്തിലെത്തിയ ലിസ രണ്ട് മാസത്തോളം കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ട്. മാര്‍ച്ച് 5നും 10നുമാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. മാര്‍ച്ച് 5ന് അമേരിക്കയിലുള്ള കുട്ടികളെ വീഡിയോ കോള്‍ ചെയ്ത ശേഷം കേരളത്തിലേക്ക് പോകുന്നൂവെന്നും മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞു. മാര്‍ച്ച് 10നായിരുന്നു അവസാനവിളി. ഞാന്‍ ഇന്ത്യയിലാണ് അതീവ സന്തോഷവതിയെന്നുമാണ് അന്ന് പറഞ്ഞതെന്നും ലിസയുടെ അമ്മ പറയുന്നു.

എന്നാല്‍ പിന്നീട് വിവരമൊന്നുമില്ല. വിവിധ രാജ്യങ്ങളിലെ തീവ്രമുസ്ളീംസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പശ്ചാത്തലവും ലിസയ്ക്കുണ്ട്. 2012ല്‍ ഈജിപ്തിലെത്തിയാണ് ലിസ ഇസ്ളാം മതം സ്വീകരിച്ചത്. അവിടെത്തെ മുസ്ളീം സംഘടനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടെ പരിചയപ്പെട്ടാണ് അബ്ദല്‍ റഹ്മാന്‍ ഹാഷിം എന്നയാളെ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുണ്ട്. 2016ല്‍ വിവാഹമോചിതയായി ജര്‍മ്മനിയിലേക്ക് മടങ്ങിയെങ്കിലും മുസ്ളീം സംഘടനാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു.ഈ സാഹചര്യത്തില്‍ ലിസയ്ക്കൊപ്പം കേരളത്തിലെത്തിയ മുഹമ്മദ് അലിയ്ക്കും ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ  ഇന്ന്  ബംഗ്ലദേശിനെതിരെ. ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ പാപഭാരം കഴുകി കളയണമെങ്കില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ബംഗ്ലദേശിനാകട്ടെ സെമി സാധ്യത നിലനിര്‍ത്താന്‍ ഈ മല്‍സരത്തില്‍ ജയിച്ചേ മതിയാകൂ. ഇന്ത്യ ഇംഗ്ലണ്ട് മല്‍സരം നടന്ന എജ്ബാസ്റ്റണിലാണ്  ഇന്നത്തെ മല്‍സരവും.സെമി ബര്‍ത്തിനപ്പുറം ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ കറ കഴുകിക്കളായാനാകും ഇന്ത്യ ബംഗ്ലദേശിനെതിരെ എജ്ബാസറ്റനില്‍ ഇറങ്ങുക. ജയം ഇന്ത്യയെ ആധികാരികമായി സെമിയിലെത്തിക്കും. തോറ്റാല്‍ ആരാധകരുടെ വിമര്‍ശന ശരങ്ങളേറ്റ് സമ്മര്‍ദത്തോടെ ശ്രീലങ്കയ്ക്കെതിരെ കളിക്കേണ്ടി വരും.

എജ്ബാസ്റ്റണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു സ്പിന്നറെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. പകരം ഒരു ബാറ്റ്്സ്മാനോ ഭുവനേശ്വര്‍ കുമാറോ ടീമിലെത്താം. ബാറ്റ്സ്മാന് അവസരം നല്‍കാനാണ് തീരുമാനമെങ്കില്‍ പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ രവീന്ദ്ര ജഡേജയ്ക്കായിരിക്കും നറുക്ക്. ഫോമിലല്ലാത്ത കേദാര്‍ ജാദവിനെ മാറ്റുകയാണെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് അവസരം ലഭിച്ചേക്കാം. കഴിഞ്ഞ മല്‍സരത്തിനിടെ പരുക്കേറ്റ കെഎല്‍ രാഹുല്‍ ബംഗ്ലദേശിനെതിരെ കളിക്കുമെന്നാണ് സൂചന.

മറുവശത്ത് ഒരു തോല്‍വി ബംഗ്ലദേശിന്‍റെ ലോകകപ്പ് സാധ്യതകള്‍ക്ക് പൂര്‍ണ വിരാമം ഇടും. ഇന്ത്യക്കും പാക്കിസ്ഥാനും എതിരെ ജയിച്ചാല്‍ മാത്രമേ ബംഗ്ലദേശിന് സെമിയിലേക്ക് അല്‍പമെങ്കിലും സാധ്യതയുള്ളൂ. ഇന്ത്യക്കെതിരെ എന്നും തിളങ്ങിയിട്ടുള്ള ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനിലാണ് ബംഗ്ലദേശിന്‍റെ പ്രതീക്ഷകള്‍. ഈ ലോകകപ്പില്‍ 476 റണ്‍സും പത്ത് വിക്കറ്റും നേടിക്കഴിഞ്ഞ ഷാക്കിബ് ഉജ്വല ഫോമിലാണ്. ഇന്ത്യക്കെതിരെ മൂന്നു പേസര്‍മാരെ കളിപ്പിക്കുന്നത് ബംഗ്ലദേശിന്‍റെ പരിഗണനയിലുണ്ട്.

പരുക്കേറ്റ് വിശ്രമത്തിലായിരുന്ന വെറ്ററന്‍ താരം മുഹമ്മദുള്ള തിരികെയെത്തുന്നത് ബംഗ്ലദേശിന്‍റെ ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരും. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസും ബംഗ്ലാ നിരയിലുണ്ടാകും. ഏഷ്യാകപ്പിലും നിദാഹസ് കപ്പിലും ഫൈനലില്‍ ഇന്ത്യയോട് തോറ്റ ബംഗ്ലദേശിന് എജ്ബാസ്റ്റണില്‍ ജയിച്ചാല്‍ അത് ത്രിമധുരമാകും.

അച്ഛൻ വളർത്തിയ മുതലകളുടെ കൂട്ടിൽ വീണ രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. മകൾ മുതലക്കൂട്ടിൽ വീണ് രക്ഷിക്കാനിറങ്ങിയ അച്ഛന് ലഭിച്ചത് മകളുടെ തലയുടെ ഭാഗങ്ങൾ മാത്രം. കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇറച്ചിക്കുമായാണ് പിതാവ് മുതലകളെ വളർത്തിയിരുന്നത്. അമ്മയുടെ കണ്ണ് തെറ്റിയതോടെയാണ് രണ്ട് വയസ്സുകാരി റോം റോത്ത് മുതലക്കൂട്ടിലേക്ക് കയറുകയായിരുന്നു.

കമ്പികള്‍ക്കിടയിലൂടെ കൂട്ടിലേക്ക് നുഴഞ്ഞുകയറിയ റോമിനെ മുതകള്‍ കടിച്ച് കീറുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് മകളെ കാണാതായതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവന്‍ പണയം വച്ച് പിതാവ് മുതലക്കൂട്ടില്‍ ഇറങ്ങി തെരഞ്ഞെങ്കിലും ഏറെ വൈകിപ്പോയിരുന്നു.

രണ്ടുവയസുകാരിയുടെ ശരീരത്തിന്‍റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടില്‍ നിന്ന് പിതാവിന് കണ്ടെത്താന്‍ സാധിച്ചത്. വീടിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച കൂടിനുള്ളില്‍ പന്ത്രണ്ടിലധികം മുതലകള്‍ ഉണ്ടെന്ന് പിതാവ് പറഞ്ഞു.

മകളെ തിരഞ്ഞ് പിതാവ് മുതക്കൂട്ടില്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് റോമിന്‍റെ രക്ഷിതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഭാര്യ ചതിച്ചുവെന്ന സംശയത്തെത്തുടർന്ന് സൗദിയിൽ ജോലി ചെയ്യുന്ന പാക് സ്വദേശി ഭാര്യയുൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ മുൾട്ടാനിൽ അജ്മൽ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളുടെ പിതാവും ഒപ്പമുണ്ടായിരുന്നു.

അഞ്ചു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ അജ്മലും പിതാവും ചേർന്ന് ഭാര്യവീടിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ, മക്കൾ, ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരിമാർ എന്നിവരെയാണ് അജ്മൽ കൊലപ്പെടുത്തിയത്.

സൗദിയിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന അജ്മൽ ഏതാനും ദിവസം മുൻപാണ് മുൾട്ടാനിൽ എത്തിയത്. സൗദിയിൽ ആയിരിക്കുമ്പോൾ ഭാര്യ ചതിക്കുന്നുവെന്ന സംശയം ഇയാൾക്കുണ്ടായിരുന്നു. ഇതാണ് ക്രൂരകൃത്യത്തിന് അജ്മലിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പിതാവിനും സഹോദരനും ഒപ്പമാണ് ഭാര്യവീട്ടിൽ ഇയാൾ എത്തിയത്. തുടർന്ന് വാക്കു തർക്കം ഉണ്ടാവുകയും വെടിയുതിർക്കുകയുമായിരുന്നു. എട്ടു പേർ സംഭവ സ്ഥലത്ത് വച്ചും ഗുരുതരമായി പരുക്ക് പറ്റിയ ഒരാൾ നിഷാന്തർ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോല്‍വി മനപൂര്‍വമെന്ന വാദത്തില്‍ വിവാദം കത്തുകയാണ്. അവസാന ഓവറുകളിലെ ബാറ്റിങ്ങാണ് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയത്. സിംഗിള്‍ എടുത്തുകളിച്ച ധോണിയും ജാദവും ജയത്തിനായി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. ജാദവിനെ ബോള്‍ ചെയ്യിപ്പിക്കാത്തതും വിമര്‍ശനത്തിന് ഇടയായി.

അവസാന പത്ത് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 104റണ്‍സ്. എന്നാല്‍ ധോണിക്കും കേദാര്‍ ജാദവിനും നേടാനായത് 73റണ്‍സ് മാത്രം. അവസാന അഞ്ച് ഓവറില്‍ 71റണ്‍സ് വേണ്ടിടത്ത് തട്ടീം മുട്ടീം നിന്ന ധോണി ജാദവ് സഖ്യം നേടിയത് വെറും 39 റണ്‍സ്. ഇന്ത്യ തോറ്റത് 31റണ്‍സിന്. കയ്യില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നു. പക്ഷെ ബൗണ്ടറികള്‍ കണ്ടെത്തുന്നതിനു പകരം സിംഗിള്‍ എടുത്തുകളിക്കാനാണ് ഇരുവരും ഇഷ്ടപ്പെട്ടത്.

ഈ സമയം കമന്ററി ബോക്സിലിരുന്ന ഇംഗ്ലണ്ടിന്റെ മുന്‍ താരം നാസര്‍ ഹുസൈന്‍ സൗരവ് ഗാംഗുലിയോട് ചോദിച്ചു, ‘എന്താണ് ഇവര്‍ ഇങ്ങനെ കളിക്കുന്നത്’? ഗാംഗുലി മറുപടി ശ്രദ്ധേയമാണ്. ‘വിവരിക്കാന്‍ എനിക്കാവുന്നില്ല, എങ്ങനെയാണ് ഈ സിംഗിളുകളെ വിവരിക്കേണ്ടതെന്ന് അറിയില്ല’.

‘ ആ ബാറ്റിങ് കണ്ട് അന്ധാളിച്ചു പോയി’ എന്നാണ് സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞത്. അവസാന ഓവറുകളിലെ ബാറ്റിങ്ങിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇങ്ങനെ . ധോണി ബൗണ്ടറിക്കുള്ള ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സ്ലോ ബോളുകള്‍ കാരണം അത് സിംഗിളില്‍ ഒതുങ്ങി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതേകുറിച്ച് വിശകലനം ചെയ്യും.’

അടിച്ചുകളിക്കാനുള്ള ആദ്യ പത്ത് ഓവറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കെ.എല്‍.രാഹുലിനെ തുടക്കത്തിലെ നഷ്ടമായതോടെ ഇന്ത്യ ആദ്യ അ‍ഞ്ച് ഓവറില്‍ നേടിയത് ഒന്‍പത് റണ്‍സ് മാത്രം. ആദ്യപത്ത് ഓവറില്‍ നേടിയത് 28റണ്‍സും. ആദ്യ പത്ത് ഓവറിലും അവസാനപത്ത് ഓവറിലും ക്രീസില്‍ നിന്നത് ബാറ്റിങ്ങില്‍ കരുത്തരായവര്‍ തന്നെയാണ്.

നെടുമങ്ങാട് : കുടുംബവഴക്കിനിടെ ഭാര്യ കിണറ്റിൽ ചാടിയതു കണ്ട് ഭർത്താവ് വിഷം കഴിച്ചു. ഇരുവർക്കും രക്ഷയായത് അഗ്നിശമനസേന. പനയമുട്ടത്താണു സംഭവം. വഴക്ക് മൂർ‍ച്ഛിച്ചതിനിടെ ഭാര്യ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയ ഉടനെ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കീടനാശിനി കഴിക്കുകയായിരുന്നെന്ന് മകൾ അഗ്നിശമന സേന അധികൃതരോട് പറഞ്ഞു.

വീട്ടുമുറ്റത്ത് അബോധാവസ്ഥയിലായ ഭർത്താവിനെ അഗ്നിശമന സേനയുടെ ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. 70 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയ ഭാര്യയെ കരയ്ക്കെടുത്ത് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. നെടുമങ്ങാട് ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ രവീന്ദ്രൻനായർ, അജികുമാർ, ഫയർമാൻ സി.എസ്.കുമാരലാൽ എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം .

നെടുമങ്ങാട് : പ്ലസ് വൺ വിദ്യാർഥിനിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ അറസ്റ്റിലായ മാതാവ് നെടുമങ്ങാട് പറണ്ടോട് കുന്നുംപുറത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മഞ്ജുഷ (34)യും കാമുകൻ കരുപ്പൂര് ഇടമല കാരാന്തല കുരിശ്ശടിയിൽ അനീഷും (29) റിമാൻഡിൽ. ഇവരെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ സമർപ്പിക്കും.

ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി മീരയെ(16) കഴിഞ്ഞ 10 ന് സന്ധ്യയ്ക്കാണു മാതാവും കാമുകനും ചേർന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. അതേസമയം അമ്മയും കാമുകനും ചേര്‍ന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോള്‍ പതിനാറുകാരിയായ മീരയില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നെന്നു സംശയം. മഴ തോരുംമുമ്പേ കിണറ്റില്‍ തള്ളാനുള്ള വ്യഗ്രതയില്‍ മരിച്ചെന്ന്‌ ഉറപ്പാക്കാന്‍ സമയമുണ്ടായിരുന്നില്ല. ഏക മകളെ ഒഴിവാക്കി കാമുകനൊപ്പമുള്ള സുഖ ജീവിതവും മോഹിച്ചു തെക്കുംകര പറണ്ടോട്‌ കുന്നില്‍ വീട്ടില്‍ മഞ്‌ജുഷ നടപ്പാക്കിയതു കൊടും പൈശാചികതയെന്നാണ്‌ അന്വേഷണ സംഘത്തിൽ നിന്നും അറിയാൻ കഴിഞ്ഞ സൂചന.

കട്ടിലിലില്‍ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തില്‍ ആദ്യം ഷാള്‍ ചുറ്റി ഞെരിച്ചതു മഞ്‌ജുഷയാണ്‌. പിന്നാലെ കാമുകന്‍ അനീഷ്‌ കൈകള്‍ കൊണ്ട്‌ കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി കരാന്തലയിലെത്തിച്ചു.

അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടില്‍ കിടത്തിയപ്പോള്‍ മീര നേരിയ ശബ്‌ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്‌ജുഷ വീണ്ടും കഴുത്ത്‌ ഞെരിക്കുമ്പോൾ അനീഷ്‌ കിണറിന്റെ മൂടി മാറ്റി. തുടര്‍ന്നു മീരയുടെ ശരീരത്തില്‍ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു. വെള്ളത്തില്‍ വീണതിനുശേഷമാകാം മരണം സംഭവിച്ചതെന്നു അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുമ്പോളും മൃതദേഹം കണ്ടെടുത്തത് ഏറെ ജീര്‍ണിച്ച അവസ്ഥയിലാലായിരുന്നതിനാൽ സ്‌ഥീരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടില്‍നിന്ന്‌ അനീഷ്‌ തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു.

സന്ധ്യയോടെ ഇയാള്‍ മഞ്‌ജുഷയുടെ വീട്ടിലെത്തി. ഇരുവരുടെയും അവിഹിതബന്ധം നേരില്‍ക്കണ്ട മീര എതിര്‍ത്തപ്പോള്‍, നാട്ടിലുള്ള ചില ആണ്‍കുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ്‌ മകളെ മഞ്‌ജുഷ കൈയേറ്റം ചെയ്‌തു. തുടര്‍ന്ന്‌ മീരയുടെ കഴുത്തില്‍ കിടന്ന ഷാളില്‍ മഞ്‌ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു. അതേസമയം കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

മകൾ ഒളിച്ചോടിയെന്നും പൊലീസ് അന്വേഷണത്തിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് മഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്‌ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

സ്വന്തം മകളെ കൊന്നുതള്ളിയ ശേഷം ഈ കള്ളം ഒളിപ്പിക്കാൻ മീരയുടെ അമ്മ പഞ്ഞ നുണക്കഥകൾ കേട്ട്നാട്ടുകാർ ശരിക്കും അമ്പരക്കുന്ന അവസ്ഥയിലാണ്. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് ആദ്യം പറഞ്ഞത്. ഈ മൊഴിയിലെ വൈരുദ്ധ്യവും കൂസൽ ഇല്ലായ്മയുമാണ് മഞ്ജുഷയെ വീണ്ടും ചോദ്യം ചെയ്യാൻ ഇടയാക്കിയതും സംഭവം പുറത്തായതും. മകളെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് നൽകിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടർന്ന് പൊലീസ് വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊല്ലപ്പെട്ട വിവരമറിയുന്നത്.

ഞായറാഴ്ചകളിൽ പള്ളിയിൽ പോകാനും മറ്റ് അവധി ദിവസങ്ങളിൽ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും പേരുമലയിലെ കുടുംബവീട്ടിലേക്ക് മീര മുടങ്ങാതെ പോകുമായിരുന്നു. തിരിച്ചുപോകാൻ നേരം അമ്മയ്ക്കായി പൊതിച്ചോറു കെട്ടുമ്പോൾ മീര പറയും: ‘അമ്മ എനിക്കു വേണ്ടിയും ഞാൻ അമ്മയ്‌ക്കു വേണ്ടിയുമാണ് ജീവിക്കുന്നത്.’ മീര കൊല്ലപ്പെടുന്നതിനു തലേന്ന്, ജൂൺ പത്ത് തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തിന് പോകേണ്ടിയിരുന്നതുകൊണ്ട് പള്ളിയിൽ പോകാൻ മീര വന്നില്ല. പകരം പിറ്റേന്ന് വന്നു. അന്നും പതിവു പോലെ വിശേഷങ്ങളൊക്കെ പറഞ്ഞ്, അമ്മൂമ്മയ്‌ക്കും വലിയമ്മയ്ക്കുമൊപ്പമിരുന്ന് സന്തോഷത്തോടെ ആഹാരം കഴിച്ച്, വൈകിട്ട് മൂന്നു മണിയോടെയാണ് അവൾ അമ്മയുടെ അടുത്തേക്കു മടങ്ങിയത്

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്, കോണ്‍ഗ്രസ് മുന്‍ നേതാവ് എ പി അബ്ദള്ള കുട്ടി തുടങ്ങിയവര്‍ ബിജെപിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ് അവര്‍ പോകുന്നതെന്ന് ഇന്ദ്രന്‍ പറയുന്നു.

താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിക്ക് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാം. പക്ഷെ അത് വേണം എന്നുള്ളവരെ തടയേണ്ടതുമില്ല. കാലങ്ങളായി നടക്കുന്ന കേസാണ്.

ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോഴും സുപ്രീം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ വിശ്വസിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളു. എന്നാല്‍ പൂര്‍ണ്ണമായൂം ശബരിമലയാണ് വിഷയമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി കേരളം മാറുന്നുവെന്ന ആക്ഷേപം വേദനയുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം മനോഭാവമുള്ളവരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ജീര്‍ണ്ണിച്ചുപോകുമെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved