യാത്രക്കാരന്റെ ഡബിൾ ബെൽ കേട്ട് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് 18 കിലോമീറ്റർ കണ്ടക്ടർ ഇല്ലാതെ ഓടി. ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ആർഎസ്കെ 644 നമ്പർ ബസാണ് ശനി രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിൾ ബെല്ലടിച്ചതും യാത്രക്കാർ തന്നെ. കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങിയപ്പോൾ ഡിപ്പോ അധികൃതർ ബസ് പിടിച്ചിടുകയായിരുന്നു.
നേരത്തെ മൂവാറ്റുപുഴയിൽ ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടർ തിരികെ കയറും മുൻപ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചതാണ് കാര്യമറിയാതെ ബസ് യാത്ര തുടരുന്നതിന് കാരണമായതെന്ന് പറയുന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരിൽ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടർ ബസ് കാണാതായതോടെ ഡിപ്പോയിൽ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുൻപ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയിൽ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവർ ബൈക്കിൽ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.
2 ദിവസം മുൻപ് കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിൽ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്റർ ഓടിയ സംഭവവും ഉണ്ടായി. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്. നിർത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടർ എത്തിയ ശേഷമാണ് യാത്രതുടർന്നത്. യാത്രക്കാരിൽ ആരുടെയോ കൈ തട്ടി ബെൽ മുഴങ്ങിയതാണ് ഇവിടെയും കണ്ടക്ടറെ വഴിയിലാക്കിയത്.
,
മലയാള സിനിമയില്‍ ഏതു വേഷവും ധൈര്യമായി ഏല്‍പ്പിക്കാവുന്ന ചില നടന്‍മാരില്‍ ഒരാളാണ് വിജയരാഘവന്‍. നായകനായും, വില്ലനായും, സഹനടനായും നായകന്റെ അച്ഛനായും സഹോദരനായും ഒക്കെ അഭിനയിക്കും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ റോള്‍ വിജയരാഘവന് ഏറെ കൈയ്യടി വാങ്ങി കൊടുത്തിരുന്നു. ഇപ്പോഴിതാ ബ്രദേഴ്‌സ് ഡേയിലെ വേഷം കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.
പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ടും കൂളിംഗ്ലാസും ജീന്‍സും ധരിച്ച് ക്ലീന്‍ ഷേവായി നില്‍ക്കുന്ന വിജയരാഘവനെ കണ്ടാല്‍ കുട്ടന്റെ അച്ഛനല്ല, കുട്ടനാണെന്നേ പറയൂ എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ‘ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ!!’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജരാഘവന്‍ ചേട്ടന്‍ എന്നറിയപ്പെടുന്ന കുട്ടേട്ടനാണത് എന്നും പോസ്റ്റില്‍ പറയുന്നു.
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേഴ്‌സ് ഡേ’. ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്നയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പ്രസന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.
ചിത്രത്തില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും സംവിധായകന്‍ പറയുന്നു.
ഓണം റിലീസ് ആയാകും ബ്രദേഴ്‌സ് ഡേ തിയേറ്ററുകളില്‍ എത്തുക. ആദ്യ രണ്ട് പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയായിരുന്നു നേരത്തേ പ്രഖ്യാപനം നടത്തിയത്.
‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറ്റൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്‌സ് ഡേ!”, പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാജ്യത്തെ ബാങ്കുകളിൽ ശതകോടികളുടെ വായ്പ കുടിശിക വരുത്തിയശേഷം നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി. ലണ്ടനിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ മല്യയെ ആണ് ആള്‍ക്കൂട്ടം ‘കള്ളന്‍’ എന്ന് പറഞ്ഞ് കൂക്കി വിളിച്ചത്. ലണ്ടനിലെ കെന്നിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്. കേസ് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറിയ മല്യ, ജൂലൈയിൽ നടക്കുന്ന വാദംകേൾക്കലിനുള്ള കാര്യങ്ങൾ ചെയ്തു വരികയാണെന്ന് വ്യക്തമാക്കി.
‘ഇയാളൊരു കളളനാണ്,’ എന്നാണ് ആള്‍ക്കൂട്ടം വിളിച്ച് പറയുന്നത്. എന്നാല്‍ മല്. കൂടുതലൊന്നും പ്രതികരിച്ചില്ല, തന്റെ മാതാവിന് ഒന്നും പറ്റുന്നില്ലെന്ന് ഉറപ്പാക്കുകയാണ് താനെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആള്‍ക്കൂട്ടം വിജയ് മല്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. ‘ഒരു ആണായി മാറി ഇന്ത്യയോട് ക്ഷമാപണം നടത്തു,’ എന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ വിളിച്ച് പറയുന്നുണ്ട്.
‘ഞാന്‍ ഇവിടെ മത്സരം കാണാനാണ് വന്നത്,’ എന്നും മല്യ പറയുന്നുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് മല്യയുടെ കൂടെ ഓവല്‍ സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിജയം കാണാനായതില്‍ സന്തോഷമുണ്ടെന്ന് മല്യ വ്യക്തമാക്കി. താന്‍ ലോകകപ്പ് മത്സരം കാണാനാണ് വന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വിജയ് മല്യ പറഞ്ഞു. എന്നാല്‍ കേസ് സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞ് മാറി. മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതായി വിജയ് മല്യ പ്രതികരിച്ചു.
ഇത് ആദ്യമായല്ല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മല്യ കൂക്കി വിളിക്കപ്പെടുന്നത്. 2017 ജനുവരിയില്‍ ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയപ്പോഴും മല്യ ‘കളളന്‍’ വിളി കേള്‍ക്കേണ്ടി വന്നിരുന്നു. അന്നും യാതൊന്നും പ്രതികരിക്കാതെയാണ് മല്യ മടങ്ങിയത്.
രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഇരയല്ല താനെന്നു തെളിയിക്കാൻ മല്യക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ബ്രിട്ടീഷ് ആഭ്യന്തര വകുപ്പും വെസ്റ്റ്മിൻസ്റ്റർ കോടതിയും പറഞ്ഞത്. ഇന്ത്യയിലേക്ക് നാടുകടത്തുന്ന കാര്യത്തിൽ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രിൽ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു. വായ്പയെടുത്ത ഒന്‍പതിനായിരം കോടി രൂപ തിരിച്ചടക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്ന് കളഞ്ഞത്.
Great to watch cricket with my son and even sweeter to see India’s emphatic victory over Australia. Congratulations to @imVkohli and his team pic.twitter.com/R01aB1WbSA
— Vijay Mallya (@TheVijayMallya) June 9, 2019
#WATCH London, England: Vijay Mallya says, “I am making sure my mother doesn’t get hurt”, as crowd shouts “Chor hai” while he leaves from the Oval after the match between India and Australia. pic.twitter.com/ft1nTm5m0i
— ANI (@ANI) June 9, 2019
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയും ഡി.എം.കെ.നേതാവ് എം.കെ സ്റ്റാലിനും ഇക്കാര്യത്തില്‍ നേരിട്ടുചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എച്ച്. വസന്തകുമാര്‍ പറഞ്ഞു.
മറ്റൊരിടത്തു നിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. ജൂലൈ ഇരുപത്തിനാലിന് തമിഴ്നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവരും. എം.എല്‍.എമാരുടെ എണ്ണം അനുസരിച്ചു മൂന്നുവീതം സീറ്റുകള്‍ അണ്ണാഡി.എം.കെ. ഡി.എം.കെ സംഖ്യങ്ങള്‍ക്ക് ലഭിക്കും. ഡി.എംകെ. സഖ്യത്തിനു ലഭിക്കുന്ന സീറ്റുകളില്‍ ഒന്നില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 91 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭ അംഗമായ മന്‍മോഹന്‍ സിങിന്റെ കാലാവധി വെള്ളിയാഴ്ചയോടെ തീരും. അവിടെ നിന്ന് വീണ്ടും സഭയിലെത്തിക്കാന്‍ വേണ്ട എം.എല്‍.എമാരുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം
രാജ്യസഭാ സീറ്റിന് പകരം അടുത്തു തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റു വിട്ടുനല്‍കാമെന്നാണ് കോണ്‍ഗ്രസ് ഡി.എം.കെയ്ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം.കോണ്‍ഗ്രസിനു ഏഴു എം.എല്‍.എമാര്‍ മാത്രമാണ് തമിഴ്നാട് നിയമസഭയിലുള്ളത്.
വീടിന്റെ മതിലിൽ ചോരയൊലിച്ചു തൂങ്ങിക്കിടന്ന ആ 13 വയസ്സുകാരന്റെ കരച്ചിലാണ് അപകടത്തെക്കുറിച്ചു പറയുമ്പോൾ തണ്ണിശ്ശേരി പെരിയക്കാട് പി.വിജയന്റെയും ഭാര്യ നളിനിയുടെയും വാക്കുകളിൽ. ആംബുലൻസിലുണ്ടായിരുന്ന ആ 13 വയസ്സുകാരന്റെ ജീവൻ മാത്രമാണു രക്ഷിക്കാനായത്. തണ്ണിശ്ശേരി പോസ്റ്റ് ഓഫിസ് മുക്കിലെ ഇവരുടെ വീടിനു മുന്നിലായിരുന്നു അപകടം. അപകടം കണ്ട് ആദ്യമെത്തിയതും ഇവരായിരുന്നു. ഉച്ചയ്ക്ക് ടിവിയിൽ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണു വലിയ ശബ്ദംകേട്ട് ഇരുവരും പുറത്തിറങ്ങി നോക്കുന്നത്.
മതിലിൽ ചോരയൊലിച്ചു കിടന്ന ഷാഫിയെയാണ് ആദ്യം കണ്ടത്. ഷാഫിയെ വീടിന്റെ വരാന്തയിൽ കിടത്തി നളിനി വെള്ളം നൽകി. പിന്നീടുള്ള കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പൂർണമായും തകർന്ന ആംബുലൻസിനിടയിൽ ചോരയൊലിച്ചു കിടന്ന 8 പേർ. ശരീര അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നു. നിലവിളിച്ച് സമീപവാസികളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും സൗത്ത്, പുതുഗനരം പൊലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു.
ലോറിയിലുണ്ടായിരുന്നവരെയും ഷാഫിയെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ് ഓഫിസ് മുക്കിലെ ചെറിയ വളവുള്ള ഈ സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് വിജയൻ പറയുന്നു. ഈ വർഷം 2 തവണ നിയന്ത്രണംവിട്ട ലോറിയും കാറും ഇടിച്ച് ഇവരുടെ വീടിന്റെ മതിൽ തകർന്നിരുന്നു. ഇതിനു 300 മീറ്റർ അകലെ പെട്രോൾ പമ്പിനു സമീപവും സ്ഥിരം അപകടമേഖലയാണെന്നു പറയുന്നു.
അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വന്ന ആംബുലൻസിൽ ജംഷീർ ഒഴികെയുള്ളവർ കയറി. സ്ഥലമില്ലാത്തതിനാൽ ജംഷീറിനു വാഹനത്തിൽ കയറാൻ പറ്റിയില്ല. ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്കു വരുന്നതിനിടെ തണ്ണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട് ഷാഫി ഒഴികെയുള്ള 8 പേർ മരിച്ചു. അപകട വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരെ മരണം കവർന്നെടുത്തത് ജംഷീർ അറിയുന്നത്.
കേരളത്തിൽ കാലവർഷം സജീവമായി തുടരുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ ഇന്നുരാവിലെയും തുടരുകയാണ്. ചിലയിടത്ത് വിട്ടുവിട്ടുള്ള ചാറ്റല്‍ മഴയും ലഭിക്കുന്നുണ്ട്. ലക്ഷദ്വീപിനും കേരളത്തിനുമിടയിൽ രൂപമെടുത്ത ന്യൂനമർദ്ദമാണ് മഴ ശക്തമാക്കിയത്. വരുന്ന 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമോ തുടർന്ന് ചുഴലിക്കാറ്റോ ആയേക്കാം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തീരങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.
കോഴിമുട്ട പൊട്ടിക്കുന്നത് ഇഷ്ടിക കൊണ്ട്. മൈനസ് 40 മുതൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ജീവിക്കുന്നത് അത്ര എളുപ്പമല്ലെന്ന വാക്കുകളോടെയാണ് സൈന്യം വിഡിയോ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിഡിയോ വൈറലായി. ജ്യൂസ് പുറത്തെടുക്കുന്നത് തണുത്തുറഞ്ഞ പായ്ക്കറ്റ് കത്തി കൊണ്ടു കുത്തിക്കീറി, മേശയിലേക്കുവലിച്ചെറിഞ്ഞും, പച്ചക്കറികളുടെ അവസ്ഥയും ഇതു തന്നെ… ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമിയായ സിയാച്ചിനിൽ നിന്നുള്ള കാഴ്ചയാണിത്. വിഡിയോ പുറത്തുവിട്ടതാകട്ടെ ഇന്ത്യൻ സൈനികരും.
കയ്യിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങൾ ഉണ്ടെങ്കിലും സിയാച്ചിനിലെ തണുത്തുറഞ്ഞ കാലാവസ്ഥയിൽ അവ ഇഷ്ടിക പോലെ ഉറച്ചു പോയിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ തുടക്കത്തിൽ, കല്ലു പോലെ കട്ടിയായിരിക്കുന്ന ജ്യൂസ് പായ്ക്കറ്റ് വളരെ കഷ്ടപ്പെട്ട് കത്തികൊണ്ടു കീറി പുറത്തെടുക്കുന്നത് കാണാം. മറ്റൊരു സൈനികൻ ചുറ്റിക കൊണ്ട് അടിച്ച് അതു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം.
അടുത്ത പരീക്ഷണം കോഴിമുട്ടയിലാണ്. ചുറ്റിക കൊണ്ട് മുട്ട പൊട്ടിക്കാൻ നോക്കിയെങ്കിലും സാധിക്കുന്നില്ല. പൊട്ടിക്കാനായി മുട്ട മുന്നിലെ മേശയിലേക്ക് എടുത്തെറിയുന്നുമുണ്ട്. ഇതുപോലെ സവാളയും തക്കാളിയും ഇഞ്ചിയും ഉരുളക്കിഴങ്ങുമൊക്കെ പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഇടയ്ക്കിടെ നർമസംഭാഷണങ്ങളൊക്കെ കേൾക്കാമെങ്കിലും സിയാച്ചിനിലെ ജീവിതം കഠിനമായിരിക്കുന്നുവെന്നാണ് ഒരു സെനികൻ പറയുന്നത്. ഉറച്ചു കട്ടിയായ ജ്യൂസ് ചൂടാക്കിയാൽ മാത്രമേ കുടിക്കാനാകൂ.
മൈനസ് 60 ഡിഗ്രിയാണ് നിലവിലെ താപനില. ക്യാംപെല്ലാം മഞ്ഞുമൂടിയ അവസ്ഥയിലും. ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സിയാച്ചിനിലെ സൈനികരുടെ നിശ്ചയദാർഢ്യത്തിനും സഹിഷ്ണുതയ്ക്കും ഐക്യദാർഢ്യം അറിയിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലാണ് സിയാച്ചിൻ പട്ടാളക്യാംപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുകൂടിയ യുദ്ധമേഖലയാണിത്. ശക്തമായ മഞ്ഞുവീഴ്ചയോടും തണുത്തുറഞ്ഞ കാറ്റിനോടുമൊക്കെ യുദ്ധം ചെയ്താണ് സൈനികർ കഴിയുന്നത്.
അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും. പന്തളംതെക്കേക്കര പാറക്കര സ്വദേശി അമൃതയെ ആണ് കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അയല്‍ വീട്ടിലെ കുട്ടികളോടൊപ്പം അമൃത കളിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് മരിച്ചനിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്
മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. തട്ട എന്‍.എസ്.എസ് ഹയര്‍സക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അമൃത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി.
പിറന്നുവീണ കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത കൈകള്‍ ഇന്ന് രാഹുല്‍ഗാന്ധിയെ വാരിപുണര്‍ന്നു. 1970 ജൂണ്‍ മാസത്തില്‍ രാഹുല്‍ഗാന്ധി ജനിച്ച ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നു.
നേഴ്‌സ് ജോലിയില്‍ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയി എത്തുന്നത്. ഇന്നിപ്പോള്‍ വിജയിച്ചു നന്ദി പറയാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയപ്പോള്‍ വോട്ടര്‍ കൂടിയായ രാജമ്മയെ കാണാന്‍ മറന്നില്ല. സ്‌നേഹനിര്‍ഭരമായിരുന്നു ഈ കൂടിക്കാഴ്ച. ഉറ്റവരെ എന്നും ചേര്‍ത്തുനിര്‍ത്തുന്ന രാഹുല്‍ഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാടുകാരി. അമ്മ സോണിയാഗാന്ധിക്കും അച്ഛന്‍ രാജീവ്ഗാന്ധിക്കും മുന്നേ രാഹുല്‍ഗാന്ധിയെ തലോടിയ കൈകള്‍ തന്റേതാണെന്നു രാജമ്മ സ്‌നേഹപൂര്‍വ്വം പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫോട്ടോ സഹിതം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങളിൽ ഇന്നലെ വൈറലായ ഒരു ചിത്രം. മാസങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ കൂടി ആലോചിച്ചാവണം ട്രോളായും കുറിപ്പായും ചിത്രം വലിയ ഹിറ്റായി. സൈബർ ഇടങ്ങളിൽ ചിരിക്കൊപ്പം ചര്‍ച്ചയും പടർത്തി ലൈക്കേറ്റുകയാണ് ഇൗ സൗഹൃദച്ചിരി. ഇന്നലെ തൃശൂരിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ ദർശനത്തിനിടയിലാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ബിജെപി നേതാക്കൾക്ക് കൈകൊടുത്തത്. കെ. സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനും കമ്മിഷണർക്ക് ഒപ്പം ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്.
മാസങ്ങൾക്ക് മുൻപ് ശബരിമല ദർശനത്തിന് നിലയ്ക്കലില്‍ എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനിടെ സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാല്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം മറുപടി നൽകി. ഇത് അന്ന് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് അന്ന് എ.എൻ രാധാകൃഷ്ണൻ താക്കീത് നൽകിയിരുന്നു. ഇതിന് ശേഷമാണ് ബിജെപി നേതാക്കളും യതീഷ് ചന്ദ്രയും തമ്മിലുള്ള ഇൗ സൗഹൃദചിരി ചിത്രം ശ്രദ്ധേ നേടുന്നത്
ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിൽ വച്ചായിരുന്നു ഇൗ കൂടിക്കാഴ്ച. കെ.സുരേന്ദ്രനും എ.എൻ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും നേർക്കുനേർ കണ്ടപ്പോൾ പമ്പയിലും നിലയ്ക്കലും കണ്ട പിണക്കമൊന്നും മൂവരും കാണിച്ചില്ല. നിറഞ്ഞ ചിരിയോടെ കൈകൊടുത്താണ് മൂവരും പിരിഞ്ഞത്.