Latest News

സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്.

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്.

കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

ഫോൺ ചോർത്തിയെന്ന കുറ്റം ചെയ്തുവെന്ന് വെളിപ്പെടുത്തിയ പി.വി. അൻവർ എം.എൽ.എ.യ്ക്കെതിരേ കേസെടുക്കാതെ പോലീസ്. എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണം ഉന്നയിച്ച പത്രസമ്മേളനത്തിലാണ് താനും ഫോൺ ചോർത്തിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞത്. കുറ്റമേറ്റുപറഞ്ഞ എം.എൽ.എ. അതിന്റെ നിയമനടപടി നേരിടാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചിരുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യക്തികളുടെ ഫോൺ നിരീക്ഷിക്കാൻ സേനയ്ക്ക് നിയമപരമായ അനുമതിനൽകാറുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് നിബന്ധനകൾക്ക് വിധേയമായി അനുമതിനൽകുന്നത്. എന്നാൽ, ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഫോൺ ചോർത്താൻ നിയമപരമായ അനുമതിയില്ല.

ഒന്നുകിൽ പോലീസ് സംവിധാനം ദുരുപയോഗം ചെയ്തോ, അല്ലെങ്കിൽ ഹാക്കിങ് രീതിയിലൂടെയോ ആകാം എം.എൽ.എ. ഫോൺ ചോർത്തിയിട്ടുള്ളത്. രണ്ടായാലും ഗുരുതരമായ കുറ്റമാണ്.

നിലവിൽ ഡി.ജി.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ കേസ് രജിസ്റ്റർചെയ്തിട്ടില്ല. ആരോപണങ്ങളിലെ വസ്തുതമാത്രമാണ് അന്വേഷിക്കുന്നത്. സാധാരണ ഇത്തരം അന്വേഷണരീതി പോലീസ് അവലംബിക്കാറില്ല. ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പരസ്യവെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളതിനാൽ കേസെടുക്കാവുന്നതാണ്.

രണ്ട് പത്രസമ്മേളനങ്ങളിലും ചോർത്തിയ ഫോൺ സന്ദേശങ്ങളൊന്നും അൻവർ പുറത്തുവിട്ടിരുന്നില്ല. പകരം തന്റെ ഫോണിലേക്കെത്തിയ സന്ദേശങ്ങളാണ് നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി അൻവറിൽനിന്നും മൊഴിയെടുക്കും. ആരോപണങ്ങൾക്ക് തെളിവുകളും ശേഖരിക്കും. ഫോൺ ചോർത്തൽ രേഖകളുണ്ടെങ്കിൽ കേസെടുക്കാൻ ശുപാർശചെയ്തേക്കും. അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്നുകണ്ടാൽ അതിലും കേസെടുക്കേണ്ടിവരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ.

യൂറോപ്പ് മലയാളികൾക്ക് ഓണത്തിൻ്റെ വരവറിയിച്ചുകൊണ്ട് തറവാട് ലീഡ്സ് അണിയിച്ചൊരുക്കിയ ഓണക്കാല സംഗീത ആൽബം ‘ശ്രാവണപ്പൂക്കൾ’ മനോരമ മ്യൂസിക് റിലീസ് ചെയ്തു. യുകെ നിവാസിയും മുന്നൂറിൽപ്പരം കവിതകളുടെ രചയിതാവും മലയാളം യുകെ അവാർഡ് ജേതാവുമായ ജേക്കബ്ബ് പ്ലാക്കൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജോജി കോട്ടയമാണ്. ആയിരത്തിൽപ്പരം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച ജോജിയുടെ സംഗീതത്തിൽ മലയാളത്തിലെ മുൻനിര ഗായകരെല്ലാം ഇതിനോടകം പാടി കഴിഞ്ഞു. നൂറിൽപ്പരം ആൽബങ്ങളിലും ജോജി കോട്ടയം പാടിയിട്ടുണ്ട്. ജോജിയുടെ ശുദ്ധ സംഗീതത്തിൽ ഇത്തവണയെത്തിയത് ഓൾ ഇന്ത്യാ റേഡിയോയിലും ദൂരദർശനിലും ചെറുപ്രായത്തിൽ തന്നെ ഗാനങ്ങളവതരിപ്പിച്ച് കഴിവ് തെളിയിച്ച പോൾ ജോസഫാണ്. മൂവാറ്റുപുഴ സ്വദേശിയായ പോൾ ജോസഫ് മലയാളികൾ അധികമാരും കൈ വെയ്ക്കാത്ത തമിഴ് ക്രിസ്തീയ ഭക്തിഗാനമേഖലയിലും ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

യൂറോപ്പ് മലയാളികൾക്ക് ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടുള്ള ഓണക്കാല സംഗീത ആൽബം ശ്രാവണപ്പൂക്കൾ അവതരിപ്പിക്കുന്നത് തറവാട് ലീഡ്സാണ്. യുകെയിൽ ഏറ്റവും കൂടുതൽ തിരക്കുള്ളതും രുചിയിൽ മുൻനിരയിൽ നിൽക്കുന്നതുമായ തറവാട്, പേരുപോലെ മലയാള സംഗീതലോകത്തേയ്ക്ക് ഒരു പുതിയ കാൽവെയ്പ്പാണ് ഈ ഓണക്കാലത്ത് നടത്തിയിരിക്കുന്നത്.

ശ്രാവണപ്പൂക്കൾ ആൽബത്തിൻ്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഗാനരചയിതാവും മലയാളം യുകെ ന്യൂസ് സീനിയർ അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യൂവാണ്. വീഡിയോ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് വിജുമോനാണ്. വരുന്ന ഓണക്കാലത്ത് മനോഹരമായ ഈ ഓണപ്പാട്ട് സദസ്സുകളിൽ പാടാൻ മലയാളത്തിൻ്റെ പ്രിയ ഗായകർക്ക് അവസരമൊരുക്കി ഈ ഗാനത്തിൻ്റെ ട്രാക്സ് ഉടനേ യൂടൂബിൽ പബ്ളീഷ് ചെയ്യുന്നതായിരിക്കും.

അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടർന്ന് അവർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാറിന് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയും ചെയ്തു.

ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. അമിതവേഗതയിൽ വന്ന ട്രക്ക് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ചോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് നി​ഗമനം.

ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഒരമ്പട്ടിയും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാൻ ബെൻ്റൺവില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാർള. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദർശിനി വാസുദേവൻ ബെൻ്റൺവില്ലിലുള്ള അമ്മാവനെ കാണാൻ പോകുകയായിരുന്നു.

കാർപൂളിംഗ് ആപ്പ് വഴി കണക്റ്റു ചെയ്‌താണ് ഇവർ യാത്ര ചെയ്തത്. ദർശിനി വാസുദേവൻ്റെ പിതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ മൂന്ന് ദിവസം മുമ്പ് ട്വിറ്റർ പോസ്റ്റിൽ ടാഗ് ചെയ്യുകയും മകളെ കണ്ടെത്താൻ സഹായം തേടുകയും ചെയ്തിരുന്നു.

മാക്‌സ് അഗ്രി ജനറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിൻ്റെ ഉടമയാണ് ഒറമ്പട്ടിയുടെ പിതാവ് സുഭാഷ് ചന്ദ്ര റെഡ്ഡി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യൻ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്.

ഒറമ്പട്ടിയുടെ സുഹൃത്ത് ഷെയ്‌ക്കും ഹൈദരാബാദിൽ നിന്നുള്ളയാളാണ്. തമിഴ്‌നാട് സ്വദേശിനിയായ ദർശിനി ടെക്‌സാസിലെ ഫ്രിസ്കോയിലാണ് താമസിച്ചിരുന്നത്.

മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയും സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍പ്പിക്കും.

ഓഗസ്റ്റ് 22 നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മറ്റി രൂപവല്‍കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. കോടതി നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍കരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദം പൂര്‍ണമായും തള്ളിക്കളയാതെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പൂര്‍ണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കുക. സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട് എങ്ങനെയായിരുന്നോ അതേപോലെ കോടതിക്ക് നല്‍കും.

പൂര്‍ണ റിപ്പോര്‍ട്ട് കോടതി മുമ്പാകെ വരുന്നതോടെ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഉന്നത വ്യക്തികളേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേസില്‍ വനിതാ കമ്മീഷനെയും കോടതി കക്ഷി ചേര്‍ത്തിരുന്നു.

തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ മത്സരത്തിൽ നേടേണ്ട ആധികാരിക വിജയം അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങളിലൂടെ ഒരു റൺസിന്റെ പരാജയത്തിൽ കൊണ്ടെത്തിച്ചു. മത്സരത്തിൽ ഉടനീളം മികച്ച കളി നിലനിർത്തിയ ടീമിന്റെ വിജയമാണ് അമ്പയർമാരുടെ പിഴവിലൂടെ വിവാദമായിരിക്കുന്നത്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബി.സി.സി.ഐ.യ്ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി കഴിഞ്ഞു.

മഴയെ തുടർന്ന് വി.ജെ.ഡി. നിയമപ്രകാരം വിജയിയെ നിശ്ചയിച്ച മത്സരത്തിൽ വെറും ഒരു റണ്ണിനായിരുന്നു കൊച്ചിയുടെ തോൽവി. എന്നാൽ, മത്സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിങ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നത്.

മത്സരത്തിനിടെ ഫീൽഡിലെ അമ്പയർക്ക് ഒരു നോബോൾ വിളിക്കാനായില്ല. ഇത് മൂന്നാം അമ്പയർക്ക് നിയമപ്രകാരം തിരുത്താനുമായില്ല. ടെലിവിഷൻ സംപ്രേഷണത്തിനിടെ കമന്‍റേറ്റർമാരും ഇത് പരാമർശിച്ചിരുന്നു.

എന്നാൽ, കൂടുതൽ ഗൗരവതരമായ പിഴവ് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ട് തീരുമാനവുമായി ബന്ധപ്പെട്ടതായിരുന്നു. ബാറ്ററുടെ ഷോട്ട്, ബോളറുടെ കൈയിൽ സ്പർശിക്കാതെയാണ് ബൗളിങ് എൻഡിലെ വിക്കറ്റിൽ തട്ടിയത്. പല കോണുകളിൽ നിന്നുള്ള വീഡിയോകൾ ഇതു തെളിയിക്കുമ്പോഴും മൂന്നാം അമ്പയർ ഇത് വ്യക്തമായി പരിശോധിക്കാതെ ബാറ്റ്സ്മാനെ ഔട്ട് ആയി പ്രഖ്യാപിക്കുകയായിരുന്നു.

ഈ തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ബി.സി.സി.ഐയോടും കെ.സി.എയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം മത്സരങ്ങളിലെ അമ്പയറിങ് നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ആവശ്യപ്പെട്ടു.

റോമി കുര്യാക്കോസ്

ലണ്ടൻ: ചരിത്രത്തിലാദ്യമായി ഒ ഐ സി സി (യു കെ) നാഷണൽ കമ്മറ്റി വനിതാ അധ്യക്ഷയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. ലണ്ടനിലെ ക്രോയ്ഡനിൽ വെച്ചു സംഘടിപ്പിച്ച സമ്മേളനം എ ഐ സി സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വക്താവ് റോമി കുര്യാക്കോസ് ആമുഖവും, പ്രോഗ്രാം കൺവീനറും ഒ ഐ സി സി (യു കെ) സറെ റീജിയൻ പ്രസിഡന്റുമായ വിൽ‌സൺ ജോർജ് സ്വാഗതവും ആശംസിച്ചു. യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും റീജിയനുകളിൽ നിന്നും നിരവധി പ്രവർത്തകർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കു ചേരുന്നതിനും പുതിയ കമ്മിറ്റിക്ക് അഭിവാദ്യങ്ങളും അനുമോദനങ്ങളും അർപ്പിക്കുവാൻ എത്തിച്ചേർന്നു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ശ്രീ. വിശ്വനാഥൻ പെരുമാൾ സത്യവാചകം ചൊല്ലി കൊടുത്തു. പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുത്തത്. പ്രസിഡന്റിനു പുറമെ വർക്കിംഗ് പ്രസിഡന്റുമാരായ ബേബികുട്ടി ജോർജ്, സുജു കെ ഡാനിയേൽ, ഡോ. ജോഷി ജോസ്, അപ്പ ഗഫുർ എന്നിവർക്കും വിശ്വനാഥൻ പെരുമാൾ പ്രത്യേകമായി സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്നു, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ ജോൺ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അജിത് വെണ്മണി, അഷ്റഫ് അബ്ദുള്ള, നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറിമാർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റി അംഗങ്ങൾ യുവജന പ്രതിനിധികൾ, എന്നിവർ കൂട്ടമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.

ഒ ഐ സി സി (യു കെ) വർക്കിങ്ങ് പ്രസിഡന്റ് മണികണ്ഠൻ അയ്ക്കാട്, ട്രഷറർ ബിജു വർഗീസ് എന്നിവർ ഇന്ത്യയിൽ ആയിരുന്നതിനാൽ പിന്നീടൊരു അവസരത്തിൽ മാത്രമേ അവർ സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേൽക്കും എന്ന് നേതൃത്വം അറിയിച്ചു. വൈസ് പ്രസിഡന്റ് ലിലിയ പോൾ, ജോയിന്റ് സെക്രട്ടറി ശാരിക അമ്പിളി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത വനിത പ്രതിനിധികൾ. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം കേക്ക് മുറിച്ചു അംഗങ്ങൾ സന്തോഷം പങ്കിട്ടു.

ഒ ഐ സി സിയുടെ ചരിത്രം പരിശോധിക്കുമ്പോൾ സംഘടനയുടെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച മുൻ കെ പി സി സി അധ്യക്ഷൻ രമേശ് ചെന്നിത്തല, കോൺഗ്രസ്‌ പാർട്ടിയുടെ സമുന്നത നേതാക്കന്മാരായ കെ സുധാകരൻ, മുല്ലപ്പളി രാമചന്ദ്രൻ, വി എം സുധീരൻ, കെ മുരളീധരൻ, വി ഡി സതീശൻ എന്നി നേതാക്കന്മാരെ മറക്കാൻ സാധിക്കില്ല എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വിശ്വനാഥൻ പെരുമാൾ പറഞ്ഞു. ഒ ഐ സി സി (യു കെ) – യുടെ പുതിയ പ്രസിഡന്റ് വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ പ്രവർത്തന പ്രാവീണ്യം തെളിയിക്കുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും പുരസ്‌കാരം കരസ്ഥമാക്കിയ കോൺഗ്രസ് നേതാവാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മലയാളി സമൂഹം കൂടുതലായുള്ള യു കെയിൽ ഒ ഐ സി സിയുടെ പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും വിശ്വനാഥൻ പെരുമാൾ കുട്ടിച്ചേർത്തു. കെ പി സി സിയുടെ ചുമതല വഹിച്ചിരുന്ന എ ഐ സി സി ജനറൽ സെകട്ടറിയായിരുന്ന വിശ്വനാഥൻ പെരുമാൾ കഴിഞ്ഞ ദിവസമാണ് തെലുങ്കാനയുടെ ചുമതലയിലേയ്ക്ക് മാറിയത്.

⁠നേതാക്കന്മാരുടെ സത്യ പ്രതിജ്ഞയ്ക്കും തന്റെ നയപ്രഖ്യാപനത്തിനും ശേഷം പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യുസ് സംഘടനയുടെ 2024 – 25 വർഷത്തേക്കുള്ള കർമ്മ പദ്ധതികളയുടെ കരട് രൂപം വേദിയിൽ അവതരിപ്പിച്ചു. ‘നേതൃത്വം പ്രവർത്തകരിലേക്ക്’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ ഒ ഐ സി സിയുടെ പുതിയ നേതൃത്വം പ്രതിജ്ഞാ ബദ്ധരാണെന്ന് ഷൈനു ക്ലെയർ മാത്യുസ് തന്റെ നയ പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു. കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുടുംബ സമ്മേളനം, മാതാ പിതാക്കന്മാരെ ആദരിക്കുന്ന ‘അമ്മ തൊട്ടിലിൽ’ പദ്ധതി, യുവജന പുരോഗതിക്കായുള്ള ‘യുവം യു കെ’ പദ്ധതി, ജീവനരക്ഷക്കായുള്ള രക്തദാന പദ്ധതി, ജീവകരുണ്യ പദ്ധതികൾ തുടങ്ങിയവയുടെ കരട് രൂപ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തത്.

യു കെയിലാകമാനം ഒ ഐ സി സിയുടെ സംഘടന ശക്തി വർധിപ്പിക്കുന്നതിനും സജ്ജരായ പ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി അടുത്ത ഒരുവർഷക്കാലത്തേക്ക് യുദ്ധകലാടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നതെന്നും ഒ ഐ സി സിയുടെ ഓഫീസ് യു കെയിൽ തുറന്നു സജ്ജീകരിക്കുമെന്നും ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ ഒ ഐ സി സി പ്രവർത്തകരുടെ ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നതായും പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

ചടങ്ങിൽ അണിചേരാൻ യു കെയിലെ വിവിധ റീജിയനുകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന നേതാക്കന്മാർക്കും പ്രവർത്തകർക്കും ഒ ഐ സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. ജോഷി ജോസ് നന്ദി അർപ്പിച്ചു. മധുര വിതരണത്തിനും സ്നേഹവിരുന്നിനും ശേഷം സമ്മേളനം അവസാനിച്ചു.

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുപ്രവർത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ കൈരളി യുകെ ദേശീയ സമിതി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്ന പ്രതിഭ കേശവന്റെ അനുസ്മരണം, ‘ഓർമ്മക്കൂട്ടം’ കേംബ്രിഡ്ജിൽ നടന്നു. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സംഗമത്തിൽ പ്രതിഭയുടെ ഇംഗ്ലണ്ടിലുള്ള കുടുംബാംഗങ്ങളും, സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു.

കൈരളി യുകെ ദേശീയ പ്രസിഡന്റ്‌ പ്രിയ രാജൻ, സെക്രട്ടറി കുര്യൻ ജേക്കബ്‌, പ്രതിഭയുടെ സഹപ്രവർത്തക ലിസ്, എസ്.എൻ.ഡി.എസ് കേംബ്രിഡ്ജ് യൂണിയൻ അദ്ധ്യക്ഷൻ കിഷോർ രാജ്‌, സ്വാസ്റ്റൺ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ്, കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോജി ജോസഫ്‌, കേംബ്രിഡ്ജ് കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് റോബിൻ കുര്യാക്കോസ്‌, കൈരളി യുകെ ദേശീയ കമ്മിറ്റി അംഗം ഐശ്വര്യ അലൻ , കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ്‌ ജെറി വല്യാറ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജു പുരുഷോത്തമൻ , രഞ്ജിനി ചെല്ലപ്പൻ എന്നിവർ ചടങ്ങിൽ ഓർമ്മകൾ പങ്കുവെച്ചു.

ഒരു ജ്യേഷ്‌ഠ സഹോദരിയുടെ കരുതലും സ്നേഹവും നൽകിയ പ്രതിഭയുടെ മരണവാർത്തയുടെ ആഘാതത്തിൽ നിന്നും പ്രിയപ്പെട്ടവർക്ക് ഇപ്പോഴും മുക്തി നേടാനായിട്ടില്ല എന്ന് കൈരളി യുകെ ദേശീയ അദ്ധ്യക്ഷ പ്രിയ രാജൻ അനുസ്മരണ പ്രഭാഷണ വേളയിൽ പറയുകയുണ്ടായി. കൈരളിയുടെ രൂപീകരണം മുതൽ സംഘടനയ്ക്ക് ദിശാബോധം നൽകി നേതൃത്വപരമായ പങ്കു വഹിച്ചവരിൽ പ്രധാനിയായിരുന്നു പ്രതിഭ എന്ന് മുഖ്യപ്രഭാഷണ വേളയിൽ കൈരളി യുകെ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജേക്കബ്ബ് സ്മരിച്ചു. ഒരാണ്ട് ഒരു വ്യക്തിയുടെ വിയോഗത്തിൽ ശൂന്യതയുടെ എത്ര വലിയൊരു കാലയളവാകുന്നുവെന്ന് പ്രതിഭയെ അറിയുന്ന ഏവർക്കും അനുഭവപെട്ടിട്ടുണ്ടാകും എന്ന് പ്രതിഭയുടെ മാനേജരായി ജോലി ചെയ്തിരുന്ന ലിസ് പ്രഭാഷണമദ്ധ്യേ അഭിപ്രായപ്പെട്ടു.എസ്.എൻ.ഡി.എസിൻ്റെ ഏറ്റവും മികച്ച പ്രവർത്തകരിൽ ഒരാളും എസ്.എൻ.ഡി.എസ് ഏരിയ കമ്മിറ്റി ഭാരവാഹിയും ആയിരുന്ന പ്രതിഭയുടെ പെട്ടന്നുള്ള വേർപാട് സംഘടനയ്ക്ക് നികത്താനാവാത്ത തീരാനഷ്ടം തന്നെയാണ് ഏൽപ്പിച്ചത് എന്ന് എസ്.എൻ.ഡി.എസ് കേംബ്രിഡ്ജ് യൂണിയൻ അദ്ധ്യക്ഷൻ കിഷോർ പ്രസംഗമദ്ധ്യേ പറയുകയുണ്ടായി. ഇതാദ്യമായാണ് ബ്രിട്ടണിൽ വച്ച് ഒരു മലയാളി മരിച്ച് ഒരു വർഷത്തിന് ശേഷം നടക്കുന്ന ഒരു അനുസ്മരണ സംഗമത്തിൽ പങ്കെടുക്കുന്നതെന്നും അതിൽ ഇത്രയും ജനപങ്കാളിത്തം ഉണ്ടായത് തന്നെ പ്രതിഭയുടെ ആശയങ്ങളുടെയും ബന്ധങ്ങളുടെയും ശക്തി കൊണ്ടാണെന്നും സ്വാസ്റ്റൺ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ് അനുസ്മണ സന്ദേശത്തിൽ പറഞ്ഞു.

പ്രിയപ്പെട്ട പ്രതിഭയെ സ്മരിച്ചു കൊണ്ട്, അവരുമൊത്തുള്ള ഓർമ്മകൾ പങ്കുവക്കുമ്പോൾ വിമാനയാത്രയിൽ ഒപ്പമുണ്ടായിരുന്ന സഹയാത്രികയുടെ പ്രസവം ധീരമായി അഭിമുഖീകരിച്ചതും, നേടിയിരുന്നു. സാമ്പത്തികമായ്‌ പിന്നോക്കം നിന്ന രണ്ട്‌‌ കുട്ടികളെ അവർ സഹായിച്ചിരുന്നതും ഉൾപ്പെടെ പ്രതിഭ തൻ്റെ പരിമിതമായ സാഹചര്യങ്ങളിലും ചെയ്തു പോന്ന ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാവരും സ്മരിച്ചു. പ്രതിഭയുടെ സുഹൃത്തുക്കൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന പലഹാരങ്ങൾ പങ്കു വച്ചു കൊണ്ടുള്ള ലഘു ചായ സൽക്കാരത്തോടെ അനുസ്മരണ സംഗമം അവസാനിച്ചു.

കൈരളി കേംബ്രിഡ്ജ് ഫുഡ് ബാങ്കിന്റെ പ്രവർത്തനാരംഭവും അതിലേക്കുള്ള വിഭവങ്ങളുടെ സമാഹരണവും തദവസരത്തിൽ നടത്തുകയുണ്ടായി. പ്രതിഭയുടെ സുഹൃത്തുക്കൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന പലഹാരങ്ങൾ പങ്കു വച്ചു കൊണ്ടുള്ള ലഘു ചായ സൽക്കാരത്തോടെ അനുസ്മരണ സംഗമം അവസാനിച്ചു.

സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്.

രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.

ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് ശേഷം ജോലി നഷ്ടമായി സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഭാര്യ ആശുപത്രിയിലാണ് എന്നെല്ലാം പറഞ്ഞാണ് തുക കൈക്കലാക്കിയത്. ഇക്കാര്യം പറഞ്ഞ് പല പ്രാവശ്യങ്ങളിലായി തുക വാങ്ങുകയായിരുന്നു.

ക്യൂആര്‍ കോഡ് അയച്ച് നല്‍കിയാണ് സംഘം തുക കൈക്കലാക്കിയിരുന്നത്. ഏകദേശം 200ളം ട്രാന്‍സാക്ഷനുകളാണ് ഇരുവരും തമ്മില്‍ നടന്നത്. ഒടുവില്‍ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമാലോകം കടന്നു പോകുന്നത്. ദിനംപ്രതി മുൻനിര നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ പുറത്തുവരുന്നു. ഇന്നലെ നടൻ നിവിൻപോളിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി വെളിപ്പെടുത്തി പരാതിക്കാരി മാധ്യമങ്ങളെ കണ്ടു.

മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി.

2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനില്‍ എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിര്‍മാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ ഇടപെട്ടു. ഇവര്‍ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു.

വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി.

ദുബായില്‍ നഴ്‌സായി ജോലിചെയ്യുന്ന പരാതിക്കാരിയെ ശ്രേയ എന്ന യുവതിയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കുറ്റാരോപിതരുടെ സമീപത്തെത്തിക്കുന്നത്. തുടര്‍ന്ന് രണ്ടിടത്തുവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എ.കെ. സുനില്‍ എന്ന നിര്‍മാതാവിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ യുവതിയെയും ഭര്‍ത്താവിനെയും മോശക്കാരാക്കി ചിത്രീകരിച്ചെന്നും പരാതിക്കാരി പറഞ്ഞു.

യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്‌റൂമില്‍ ക്യാമറ സ്ഥാപിക്കുകയും വൈഫൈ ഉപയോഗിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്ന വിധത്തില്‍ ഈ സംഘം ക്രൂരത കാണിച്ചെന്നും ആരോപിക്കുന്നു. നിവിന്‍ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved