Latest News

മുംബൈ-പൂന റെയില്‍പാതയിലെ ഘാട്ട് സെക്ഷനിലാണ് അപകടം ഒഴിവായത്. റെയില്‍ പാളങ്ങള്‍ നിരീക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ വ്യാഴാഴ്ച രാത്രി എട്ടേകാലോടെ ലോണാവാലയ്ക്കു സമീപം റെയില്‍ ട്രാക്കിലേക്ക് വലിയ കല്ലു വീണു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ ഇത് ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ വിവരം അധികൃതര്‍ക്കു കൈമാറി. ഈ റൂട്ടിലൂടെയുള്ള വൈദ്യുതി ബന്ധവും വിശ്ചേദിച്ചു.

ഇതിനകം സഹ്യാദ്രി എക്‌സ്പ്രസ് പുറപ്പെട്ടിരുന്നെങ്കിലും താക്കുര്‍വാഡി സ്റ്റേഷനിലേക്കു തിരിച്ചു കൊണ്ടുപോയി. പിന്നീട് രണ്ടു മണിക്കൂറിനുശേഷമാണ് പാറ നീക്കി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ട്രെയിനിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന വലിപ്പത്തിലുള്ള കല്ലാണു ട്രാക്കിലേക്കു വീണതെന്നു സെന്‍ട്രല്‍ റെയില്‍വേ വക്താവ് സുനില്‍ ഉദാസി വ്യക്തമാക്കി.

 

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്ത ജോസ് കെ.മാണിയെ അംഗീകരിക്കില്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ജോസ് കെ.മാണി വിഭാഗം പിളര്‍ന്നു കഴിഞ്ഞു എന്ന് ജോസഫ് പറഞ്ഞു. സംസ്ഥാന ചെയര്‍മാനെ തിരഞ്ഞെടുത്തത് അംഗീകരിക്കില്ല. പത്ത് ദിവസത്തെ നോട്ടീസ് കൂടാതെയാണ് സംസ്ഥാന കമ്മിറ്റി വിളിച്ചത്. ഭരണഘടനയ്ക്ക് അനുസരിച്ചല്ല യോഗം ചേര്‍ന്നിരിക്കുന്നത്. റിട്ടേണിങ് ഓഫീസറും ഇല്ല. കേരളാ കോണ്‍ഗ്രസിന് ഒരു പാര്‍ട്ടി ഭരണഘടനയുണ്ട്. അതനുസരിച്ച് നടക്കാത്ത യോഗം വെറും ആള്‍ക്കൂട്ട യോഗം മാത്രമാണെന്നും അതിനെ അംഗീകരിക്കില്ലെന്നും പി.ജെ.ജോസഫ് തുറന്നടിച്ചു.

ആള്‍ക്കൂട്ടം ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനായ താനാണ് തീരുമാനിക്കേണ്ടത്. ആള്‍ക്കൂട്ടം ചേര്‍ന്ന് തിരഞ്ഞെടുത്ത ചെയര്‍മാനെ അംഗീകരിക്കാന്‍ സാധിക്കില്ല. യോഗത്തില്‍ പങ്കെടുത്തവര്‍ അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരും. എവിടെയെങ്കിലും കുറച്ച് ആളെ കൂട്ടി പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുത്ത ചരിത്രമുണ്ടോ എന്നും പി.ജെ.ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു. യോഗത്തില്‍ പങ്കെടുത്ത പലരും തങ്ങള്‍ക്കരികിലേക്ക് തിരിച്ചുവരുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

പോഷക സംഘടനകളിലെ ഭാരവാഹികളൊന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണ അധികാരം തന്നിലാണ്. അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കും. പിളര്‍പ്പ് യോഗം വിളിച്ചവര്‍ പിളര്‍ന്നു പോയി കഴിഞ്ഞു എന്നും മറ്റ് കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാമെന്നും പി.ജെ.ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിന്താങ്ങി. യോഗത്തിൽ സി.എഫ്.തോമസ് പങ്കെടുത്തില്ല.

325 സംസ്ഥാന സമിതി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്റുമാരും ചെയർമാനെ തിരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുത്തു. ഭരണഘടന അനുസരിച്ച് ജോസ് കെ.മാണി വിളിച്ച സംസ്ഥാന യോഗത്തെ അംഗീകരിക്കാനാവില്ലെന്നാണ് പി.ജെ.ജോസഫ് സ്വീകരിച്ച നിലപാട്. സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നവർക്കെതിരെയും പി.ജെ.ജോസഫ് വിമർശനമുന്നയിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും ജോസ് കെ.മാണിയെ ചെയർമാനായി അംഗീകരിക്കുകയായിരുന്നു.

മുന്നോട്ടുള്ള യാത്രയിൽ കെ.എം.മാണിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന് ജോസ്.കെ.മാണി. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ നേതാക്കൾക്കും ജോസ് കെ.മാണി നന്ദി പറഞ്ഞു. കെ.എം.മാണിയുടെ ആഗ്രഹത്തിനനുസരിച്ച് പാർട്ടിയെ നയിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.

മുതിർന്ന നേതാവ് സി.എഫ്.തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാനായിരുന്ന ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ്.തോമസ് ചെയർമാനാകുമ്പോൾ ജോസഫ് വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നും കക്ഷി നേതാവും ആകും. നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ പദവി ജോസ് കെ.മാണിക്കു ലഭിക്കുന്നതാണ് ഈ ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ.മാണി വിഭാഗം തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ജോസ് കെ.മാണി വിഭാഗം ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ് കെ.മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. എന്നാൽ ജോസഫ് ഇത് അവഗണിച്ചതോടെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ ജോസ് കെ.മാണി വിഭാഗം തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പണി മുടക്ക്. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ദന്ത ആശുപത്രികളും അടച്ചിടും. ആര്‍സിസിയില്‍ സമരം ഉണ്ടാകില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

തൃശൂര്‍ തളിക്കുളം ഇടശേരിയില്‍ പതിനൊന്നു വയസുകാരിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ചരട് കുടുങ്ങിയ നിലയിലാണ് മൃതദേഹം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാരണം വ്യക്തമാകൂ.

തളിക്കുളം എ.എം.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ലതികയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. സഹോദരങ്ങള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വാടക വീട്ടിലായിരുന്നു താമസം. ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടിയെ പുറത്തിറങ്ങിയ ശേഷം കാണാതായി. സഹോദരങ്ങളും അയല്‍ക്കാരും നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

ശുചിമുറിയുടെ വാതിലില്‍ തൂക്കിയിരുന്ന ചരട് കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം. മുട്ടുക്കുത്തി ഇരിക്കുന്ന നിലയിലായിരുന്നു. വീടിനകത്തുണ്ടായ കത്രിക ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.

പക്ഷേ, കൃത്യമായ കാരണം ഇനിയും പറയാറായിട്ടില്ല. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. തൂങ്ങിമരണത്തിന്റേതായ ലക്ഷണങ്ങളാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണ് പൊലീസ്.

ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു. 89 റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ ലോകകപ്പിൽ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തകർത്ത് റെക്കോർഡ് ഇന്ത്യ നിലനിർത്തി. രണ്ടു തവണയായി പെയ്ത മഴയിൽ ഏറെ സമയം നഷ്ടമായതിനാൽ ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിശ്ചയിച്ചു. ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ നിൽക്കെയാണ് വീണ്ടും മഴയെത്തിയത്. നേരത്തെ, ഇന്ത്യൻ ഇന്നിങ്സിനിടയിലും മഴ പെയ്തിരുന്നു.

നിലയുറപ്പിച്ചു കളിക്കുകയായിരുന്ന ബാബർ അസമിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 57 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസാണ് അസമിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ഫഖർ സമാനൊപ്പം അസം കൂട്ടിച്ചേർത്ത 104 റൺസ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണ്.

തൊട്ട് പിന്നാലെ അർധസെഞ്ചുറി നേടിയ ഫഖർ സമാനും പുറത്ത്. 75 പന്തിൽ 62 റൺസെടുത്ത സമാനെ കുൽദീപ് ചാഹലിന്റെ കൈകളിലെത്തിച്ചു. തുടർന്ന് ഏഴു പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി മുഹമ്മദ് ഹഫീസ് പുറത്തായി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിജയ് ശങ്കറിന് ക്യാച്ച് സമ്മാനിച്ചാണ് ഹഫീസിന്റെ മടക്കം. വീണ്ടും ആഞ്ഞടിച്ച് ഹാർദിക് പാണ്ഡ്യ. എക്കാലവും ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം നടത്താറുള്ള ശുഐബ് മാലിക്ക് ഗോൾഡൻ ഡക്ക്. പാണ്ഡ്യയുടെ പന്തിൽ ക്ലിൻ ബൗൾഡായാണ് മാലിക്കിന്റെ മടക്കം. വെറും 12 റൺസിനിടെ പാക്കിസ്ഥാന് നഷ്ടമാകുന്നത് നാലാം വിക്കറ്റ്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിൽ നിൽക്കെ വെറും 12 റൺസിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്.

നേരത്തെ, ഇന്ത്യ–പാക്ക് ലോകകപ്പ് മൽസരങ്ങളിലെ ഉയർന്ന വ്യക്തിഗത സ്കോർ നേടിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. 113 പന്തുകൾ നീണ്ട ഇന്നിങ്സിൽ രോഹിത് നേടിയത് 140 റൺസ്. രോഹിത്തിനു പുറമേ ഓപ്പണർ ലോകേഷ് രാഹുൽ (78 പന്തിൽ 57), ക്യാപ്റ്റൻ വിരാട് കോലി (65 പന്തിൽ 77) എന്നിവരുടെ അർധസെഞ്ചുറികളും ഇന്ത്യൻ കുതിപ്പിന് ഇന്ധനമായി. ഹാർദിക് പാണ്ഡ്യ (19 പന്തിൽ 26), വിജയ് ശങ്കർ (15 പന്തൽ 15), കേദാർ ജാദവ് (എട്ടു പന്തിൽ ഒൻപത്) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. പാക്കിസ്ഥാനായി മുഹമ്മദ് ആമിർ മൂന്നു വിക്കറ്റ് വീഴ്ത്തി.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരധകര്‍ക്ക് സന്തോഷവാര്‍ത്ത.  പിച്ച് മൂടിയിട്ടിരിക്കുകയാണെങ്കിലും മഴ പെയ്യുന്നില്ല എന്നത് മത്സരം കൃത്യസമയത്ത് തുടങ്ങുമെന്നതിന്റെ സൂചനയാണ്.മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയാണ് ഇപ്പോഴും മാഞ്ചസ്റ്ററില്‍.  ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരുക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തുക. ഇതോടെ ജസ്പ്രീത് ബുമ്ര – ഭുവനേശ്വർ കുമാർ സഖ്യത്തിനൊപ്പം പേസ് ബോളിങ് ഓള്‍റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും വിജയ് ശങ്കറും പന്തെറിയാനെത്തും. രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ഓപ്പണ്‍ചെയ്യും. പാക് ടീമില്‍ ഷദാബ് ഖാന്‍, ഇമാദ് വസീമും തിരിച്ചെത്തി.

ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. മാഞ്ചസ്റ്ററിലെ മഴമേഘങ്ങളാണ് മല്‍സരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. തോറ്റുതുടങ്ങിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തനിസ്വരൂപം പുറത്തെടുത്തെങ്കിലും ഓസ്ട്രേലിയക്കെതിരെ വീണ്ടും അടിതെറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ആശങ്കകള്‍ ഒന്നും ബാക്കിനിര്‍ത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും മറികടന്നത്.

മറുവശത്ത് ഇന്ത്യയ്ക്കെതിരെ എന്നും വിശ്വരൂപം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന്റെ കരുത്ത്. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കരുതിയിരിക്കണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഏഴാം വിജയം ഇന്ത്യ സ്വപ്നം കാണുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയം ഓള്‍ഡ് ട്രാഫോഡില്‍ ആവര്‍ത്തിക്കാനാണ് പാക്കിസ്ഥാന്‍ കാത്തിരിക്കുന്നത്.

പ്രശസ്ത ബിസ്‌കറ്റ് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ റായ്പൂര്‍ ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ് പൂരിലെ അമിസ്വനി ഏരിയയിലുള്ള ഫാക്ടറിയില്‍ ബാലവേല നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

രക്ഷപ്പെടുത്തിയ 26 കുട്ടികളും 13 മുതല്‍ 17 വയസ്സുവരെ പ്രായപരിധിയില്‍ പെടുന്നവരാണ്. നിലവില്‍ കുട്ടികളെ ജുവനൈല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ബാലാവകാശ നിയമപ്രകാരം സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതല്‍ ഏഴായിരം വരെ. ഒരു പ്രമുഖ ബ്രാന്‍ഡായ പാര്‍ലെ ജി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നുന്നതെന്ന് ബി.ബി.എ സി.ഇ.ഒ സമീര്‍ മാഥുര്‍ പറഞ്ഞു.

വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. കഴിഞ്ഞ അഞ്ച് വർഷമായി ഒളിവിലായിരുന്ന പ്രതിയാണ് പിടിയിലായത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ ജാമ്യം എടുത്തശേഷം മുങ്ങുകയായിരുന്നു ഇയാള്‍. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷിനെ 21 കേസുകളിൽ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. വിതുര കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. പ്രായപൂ‌ർത്തി എത്താത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.

ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് അക്ഷരാര്‍ത്ഥത്തില്‍ തീപടരും. ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണിത്. ചിരവൈരികളുടെ മത്സരങ്ങള്‍ കാണാന്‍ ഗ്യാലറിയിലും ടിവിയ്ക്ക് മുന്നിലുമെത്തുന്നവരുടേയും കണക്ക് കണ്ട് ലോകം ഞെട്ടാറുണ്ട്. ഈ സമ്മര്‍ദ്ദം താരങ്ങളും നല്ലവണ്ണം അനുഭവിക്കാറുണ്ട്. അത്തരത്തില്‍ സമ്മര്‍ദ്ദത്തിന്റെ പുറത്ത് ചെയ്‌തൊരു അബദ്ധത്തിന്റെ കഥയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന് പറയാനുള്ളത്.

സംഭവം നടക്കുന്നത് 16 വര്‍ഷം മുമ്പ് 2003 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴുമാണ്. സച്ചിന്റെ പ്രശസ്തമായ 98 റണ്‍സിന്റെ ഇന്നിങ്‌സായിരുന്നു ഈ മത്സരത്തെ എല്ലാ കാലത്തേക്കും ഓര്‍ത്തുവെക്കുന്ന ഒന്നാക്കി മാറ്റിയത്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു മോശം സംഭവവും അന്നുണ്ടായി. ഹര്‍ഭജന്‍ സിങ്ങും മുഹമ്മദ് യൂസുഫും പരസ്പരം ആക്രമിക്കാന്‍ ഒരുങ്ങിയ സംഭവമാണത്. ഇന്നതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അന്ന് വസീം അക്രമും രാഹുല്‍ ദ്രാവിഡും ശ്രീനാഥും ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ വലിയൊരു പ്രശ്‌നമായി മാറുമായിരുന്നുവെന്ന് ഹര്‍ഭജന്‍ പറയുന്നു.

‘ഒരു തമാശയിലാണ് തുടങ്ങിയത്. പിന്നെ കൈവിട്ട് പോവുകയായിരുന്നു. അന്ന് കളിച്ചത് കുംബ്ലെയായിരുന്നു. അതുകൊണ്ട് ഞാന്‍ ടീമിലുണ്ടായിരുന്നില്ല. അതെന്നെ വേദനിപ്പിച്ചിരുന്നു. പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും അങ്ങനെ തോന്നും” ഹര്‍ഭജന്‍ സംസാരിച്ചു തുടങ്ങുന്നു.

”ലഞ്ചിനിടെയാണ് സംഭവം. ഞാന്‍ ഒരു ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. നേരെ എതിരുള്ള ടേബിളിലായിരുന്നു യൂസുഫും ഷൊയ്ബ് അക്തറുമിരുന്നത്. ഞങ്ങള്‍ പഞ്ചാബിയില്‍ സംസാരിക്കുകയായിരുന്നു. രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി. ഇതിനിടെ യൂസുഫ് എന്നെ കുറിച്ച് വ്യക്തിപരമായ ഒരു കമന്റ് പറഞ്ഞു. പിന്നെ എന്റെ മതത്തെ കുറിച്ചും. ഞാന്‍ തിരിച്ചടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകും മുമ്പ് തന്നെ ഞങ്ങള്‍ രണ്ടും കൈയ്യില്‍ ഫോര്‍ക്കുമായി സീറ്റില്‍ നിന്നും എഴുന്നേറ്റിരുന്നു. പരസ്പരം ആക്രമിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു” ചിരിച്ചു കൊണ്ട് ഹര്‍ഭജന്‍ പറയുന്നു.

”രാഹുലും ശ്രീനാഥും എന്നെ തടഞ്ഞു. വസീം ഭായിയും സയ്യിദ് ഭായിയും യൂസുഫിനെ കൂട്ടിക്കൊണ്ടു പോയി. സീനയേഴ്‌സ് ഞങ്ങളുടെ പെരുമാറ്റത്തില്‍ ദേഷ്യപ്പെട്ടു. ഇത് ശരിയല്ലെന്ന് പറഞ്ഞു. 16 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ യൂസുഫിനെ കാണുമ്പോള്‍ ഞങ്ങള്‍ അന്നത്തെ കഥ പറഞ്ഞ് ചിരിക്കാറുണ്ട്.” ഹര്‍ഭജന്‍ പറയുന്നു.

മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയോട് പ്രതിയായ അജാസ് വിവാഹാഭ്യർഥന നടത്തിയതായി സൗമ്യയുടെ മാതാവ് വ്യക്തമാക്കി. ഇത് നിരസിച്ചതിനെ തുടര്‍ന്ന് നിരവധി തവണ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ മാതാവ് മൊഴി നല്‍കി.

എന്നാല്‍ തനിക്ക് സൗമ്യയുമായി അടുപ്പം ഉണ്ടായിരുന്നതായാണ് അജാസ് മൊഴി നല്‍കിയത്. സൗമ്യയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. തര്‍ക്കത്തിലായതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചു. പക്ഷെ തിരികെ തന്നില്ല എന്നും അജാസ് പറയുന്നു. എന്നാല്‍ അജാസ് സൗമ്യയോട് വിവഹാഭ്യർഥന നടത്തിയിരുന്നെന്നും സൗമ്യ അത് നിരസിക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായി പരുക്കേറ്റത് കൊണ്ട് തന്നെ അജാസിനെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തില്ല.

അജാസും സൗമ്യയും തമ്മില്‍ നിരവധി തവണ ഫോണ്‍ ചെയ്തതിന്റേയും വാട്സ്ആപ്പില്‍ സന്ദേശം അയച്ചതിന്റേയും വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഫോണ്‍ വിളികളിലെ ഉളളടക്കവും പൊലീസ് പരിശോധിക്കുകയാണ്. സന്ദേശങ്ങള്‍ കൂടാതെ അജാസിന്റെ ഫോണില്‍ നിന്ന് സൗമ്യയുടെ ചിത്രങ്ങളും കണ്ടെത്തി.

സൗമ്യക്ക് ‌പ്രതി അജാസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്‍ പറഞ്ഞു. അജാസില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ‘എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മരിച്ച് പോവുകയെങ്ങാനും ചെയ്താല്‍ ഇയാളുടെ പേര് പറഞ്ഞാല്‍ മതിയെന്ന് അമ്മ പറഞ്ഞിരുന്നു,’ സൗമ്യയുടെ മകന്‍ പൊലീസിന് മൊഴി നല്‍കി.

അജാസിൽ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ നൽകിയെങ്കിലും വാങ്ങാൻ അജാസ് തയാറായില്ല. തുടർന്ന് പണം അക്കൗണ്ടിലേക്കിട്ടു. അജാസ് അതു തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ അയച്ചു. തുടർന്ന് സൗമ്യയ്ക്കൊപ്പം ഇന്ദിരയും രണ്ടാഴ്ച മുൻപ് ആലുവയിൽ എത്തി പണം നേരിട്ടു നൽകാൻ ശ്രമിച്ചു. അതു വാങ്ങാനും അജാസ് തയാറായില്ലെന്നും ഇന്ദിര പറയുന്നു. പകരം വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അജാസ് രണ്ടു തവണ വീട്ടിൽ വന്നിരുന്നു. മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തി. ഒരിക്കൽ ഷൂ കൊണ്ടു തല്ലിയെന്നും ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണു കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകൽ തയ്യൽ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരൻ വർഷങ്ങളായി തളർന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസിൽ ജോലി നേടി.

സൗമ്യയുടെ മൂന്നു മക്കളിൽ ഇളയ കുട്ടിയെ ക്ലാപ്പനയിലെ വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ്. സൗമ്യ ജോലിക്കു പോകുന്നതിനാൽ അങ്കണവാടിയിൽ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ അമ്മയുടെ അടുത്തു നിർത്തുന്നത്. മിക്കപ്പോഴും ജോലി കഴിഞ്ഞു സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുൻപും സൗമ്യ വന്നിരുന്നതായി അച്ഛനുമമ്മയും നിറകണ്ണുകളോടെ പറയുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.

പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി, വ്യക്തമായ ആസൂത്രണത്തോടെയാണു സൗമ്യയെ കൊലപ്പെടുത്താൻ അജാസെത്തിയതെന്നും പൊലീസ് പറയുന്നു. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയിൽ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാൾ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂർച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം.

അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാൾ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ലീവിലായിരുന്നു. അവധിയെടുത്ത് സൗമ്യയെ നിരീക്ഷിക്കുകയായിരുന്നു എന്നാണു പൊലീസ് ന‍ിഗമനം.

അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. ഒരു കുപ്പി പെട്രോളോ ഒരു ലൈറ്ററോ നഷ്മായാലും ലക്ഷ്യം നടപ്പാക്കാനാണ് ഓരോന്നുകൂടി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.

സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. സിവിൽ ലൈൻ റോഡിലെ വാഴക്കാല ജംക‍്ഷനിൽ നിന്നു 100 മീറ്റർ മാത്രം മാറിയാണ് മൂലേപ്പാടം റോഡിൽ അജാസിന്റെ വീട്. വീടിനോടു ചേർന്നു റോഡരികിൽ കടമുറികൾ നിർമിച്ചു വാടകയ്ക്കു നൽകിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved