Latest News

വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം. വിമാന യാത്രക്കാര്‍ക്കുള്ള ഹാന്‍ഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്).

വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാന്‍ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇന്‍ ചെയ്യേണ്ടി വരും.

2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും.

ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനുകൾ ആരംഭിക്കുന്നു. പ്രഥമ ശുശ്രുഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.

പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബ്ബാനക്ക് സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.

2025 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ തുടർന്ന് വിശുദ്ധബലിയും തിരുവചന ശുശ്രുഷകൾക്കു ശേഷം ആരാധനക്കുള്ള സമയവുമാണ്.

സൗഖ്യ ശാന്തിക്കും, വിടുതലിനും, നവീകരണത്തിനും അനുഭവദായകമായ ശുശ്രുഷകളാവും കൺവെൻഷനിൽ നയിക്കപ്പെടുക. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്.

കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ഉണ്ടായിരിക്കുന്നതാണ്.

കൃപകളുടെ വാതായനം തുറക്കുന്ന ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-07848 808550
മാത്തച്ചൻ വിളങ്ങാടൻ-07915 602258

January 4th Saturday 9:00 – 16:00 PM.

Our lady Of La Salette R C Church,
1 Rainham Road, Rainham, Essex,
RM13 8SP, UK.

(അണ്ടർഗ്രൗണ്ട് ഡിസ്ട്രിക്റ്റ് ലൈനിൽ വരുന്നവർ ഡഗനം സ്റ്റേഷനിൽ ഇറങ്ങി എതിർവശത്ത് നിന്നുള്ള 103 നമ്പർ ബസ്സിൽ കയറി ദേവാലയത്തിനടുത്തുള്ള ഡോവേഴ്‌സ് കോർണറിൽ ഇറങ്ങുക. C2C വിൽ വരുന്നവർ ബാർക്കിങ്ങിലോ അല്ലെങ്കിൽ റെയിൻഹാമിലോ ഇറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് ദേവാലയം).

സിബി ജോസ്

സാഹോദര്യത്തിന്റെയും, സമഭാവനയുടെയും, ത്യാഗനിർഭരമായ സ്നേഹത്തിന്റെ മധുരസ്മരണകളാൽ നിറഞ്ഞ ക്രിസ്മസ് ഓർമ്മകൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.

നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ പുതുമ, മഞ്ഞിന്റെ കുളിര് ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്.

പ്രത്യാശ പടര്‍ത്തി, പുതുപ്രതീക്ഷകൾ നൽകി, നല്ല സാഹോദര്യത്തിൻറെ ഓർമ്മ പുതുക്കി സന്തോഷവും സ്നേഹവും പങ്കിടാനായുള്ള എസ്.എം.എയുടെ ക്രിസ്തുമസ് ആഘോഷം മിന്നും താരകം 2025.

യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എയുടെ ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ജനുവരി നാലാം തീയതി ശനിയാഴ്ച മൂന്നുമണി മുതൽ സെൻ പീറ്റേഴ്സ് അക്കാദമി ഫെന്റൺൽ വച്ച് ആഘോഷിക്കുന്നു.(ST4 2RR)

എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത സംഗീതവിരുന്നൊരുക്കാൻ ലൈവ് മ്യൂസിക് ബാൻഡുമായി കേരളത്തിൻ്റെ സംഗീത സദസ്സുകളുടെ സുപരിചിത സാന്നിധ്യമായ ചായ് & കോഡ്‌സ് എത്തുന്നു. സിനിമാ സംഗീത സംവിധായകനുമായ ഗോകുൽ ഹർഷന്റെ നേതൃത്വത്തിൽ കൃഷ്ണ (Bass Guitar), എബിൻ (Keyz) പ്രണവ് (Guitars), സജിൻ (Drums) എന്നിവരാണ് ബാൻഡിലെ മറ്റു അംഗങ്ങൾ.

എസ്.എം.എയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാൻ കുട്ടികളുടെ നേറ്റിവിറ്റി പ്ലേ, ക്രിസ്മസ് പപ്പ ഡാൻസ്, തകര്‍പ്പന്‍ ഡാന്‍സുമായി സാന്താക്ലോസ്, മനോഹരമായ ഗാനങ്ങളും, അതിനപ്പുറം കലകളുടെ ഒരു മഹാസമുദ്രവുമായി കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ് പെർഫോമൻസ്.

കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം, എസ്.എം.എയുടെ ഊഷ്മള കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ച് എസ്.എം.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറക്കാനാവാത്ത അനുഭവമാക്കാം

എസ്.എം.എയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ലേക്ക് എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് എബിൻ ബേബിയും, സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.

ഇപ്സ്വിച്: യു കെയിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഡിസംബർ 27വെള്ളിയാഴ്ച സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം പ്രൗഡഗംഭീരമായി.

ഇപ്സ്വിച്ചിലെ സെന്റ്‌ ആൽബൻസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് അസ്സോസിയേഷൻ പ്രസിഡന്റ് നെവിൻ മാനുവലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. ടോമി മണവാളൻ മുഖ്യാഥിതിയായി ആഘോഷപരിപാടികൾക്ക് തിരി തെളിച്ചു. അസോസിയേഷനിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച ഉണ്ണി യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന നേറ്റിവിറ്റി പ്ലേയോട് കൂടി പരിപാടികൾക്ക് തുടക്കമായി. തുടർന്ന്, അസ്സോസിയേഷനിലെ അംഗങ്ങളുടെ നിരവധി കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.

പരിപാടിയുടെ മുഖ്യ ആകർഷണമായ ‘നക്ഷത്രരാവ് 2024’ ഹാസ്യ കലാലോകത്തെ അതുല്യ കലാകാരൻ മഹേഷ്‌ കുഞ്ഞുമോന്റെയും, ദിലീപ് കലാഭവന്റെയും നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ അരങ്ങേറി. 8 ഓളം കലാകാരൻമാർ ചേർന്നു അവതരിപ്പിച്ച സ്റ്റേജ് ഷോ കാണികൾ നിറഞ്ഞ കയ്യടിയോടുകൂടി ആസ്വദിച്ചു.

3 മണിക്കൂർ നീണ്ട സ്റ്റേജ് ഷോയ്ക്കു ശേഷം മഴവിൽ മനോരമ ഫെയിം ഡിജെ ജെഫ്രിയുടെ ഡി ജെ, അക്ഷരാർത്ഥത്തിൽ ആബാലവൃദ്ധം ജനങ്ങളും ആസ്വദിച്ചു. എൽഇഡി സ്ക്രീനിന്റെയും മികച്ച ശബ്ദ സാങ്കേതിക ക്രമീകരണങ്ങളുടെ അകമ്പടിയോടും കൂടി നടന്ന എല്ലാ പരിപാടികളും കാണികൾ ആസ്വദിച്ചു.

പരിപാടിയുടെ സ്പോൺസേഴ്സിൽ ഒന്നായ ടിഫിൻ ബോക്സ്‌ ഹോട്ടലിന്റെയും ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു. നാലോളം നേഴ്സിംഗ് ഹോമുകളുടെ ഉടമയുമായ ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്, സായി ഹോംസ് പ്രൊപ്രൈറ്റർ ശ്രീ സച്ചിൻ കരാളെയും ആശംസ സന്ദേശങ്ങൾ നൽകി.

സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്നതിൽ എക്കാലവും മികവ് കാണിക്കുന്ന ദി ഹട്ടിന്റെ 3 കോഴ്സ് ഡിന്നർ ഏവരും ആസ്വദിച്ചു.

നാളിതുവരെ ഐ എം എ യോട് സഹകരിച്ച ഏവർക്കും സാമ്പത്തികമായി സഹായിച്ച എല്ലാ സ്പോൺസർമാർക്കും സെക്രട്ടറി ഷിബി വൈറ്റസ് നന്ദി അർപ്പിച്ചു.

അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ജോര്‍ജിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു.

കാന്‍സറിനെ അതിജീവിച്ച അദ്ദേഹം സമീപ വര്‍ഷങ്ങളില്‍ കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പ്രസിഡന്റാണ് അദ്ദേഹം. 2002-ലാണ് നൊബേല്‍ ജേതാവാകുന്നത്.

1976-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റായ കാര്‍ട്ടര്‍ വൈറ്റ് ഹൗസില്‍ പ്രവേശിച്ചത്. വാട്ടര്‍ഗേറ്റ് അഴിമതിയുടെയും വിയറ്റ്‌നാം യുദ്ധത്തിന്റെയും കാലത്താണ് അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്. നേരത്തെ കാലിഫോര്‍ണിയ ഗവര്‍ണറായി സേവനമനുഷ്ഠിച്ച നടനും രാഷ്ട്രീയക്കാരനുമായ റൊണാള്‍ഡ് റീഗനോട് 1980-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു.

ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് പുറമെ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള സംഭാവനകള്‍ കൂടി കണക്കിലെടുത്താണ് 2002-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്.

ക്രിസ്മസ് ആഘോഷിക്കുന്ന, പുതുവത്സരത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന ഡിസംബറെന്ന മഞ്ഞുമാസത്തെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ആകാശയാത്രികരെ സംബന്ധിച്ച് നടുക്കുന്ന ഓര്‍മകള്‍ മാത്രമാണ് ഡിസംബര്‍ നല്‍കിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നടന്ന ആറ് ദുരന്തങ്ങളിലായി പൊലിഞ്ഞത് 236 ജീവനുകള്‍.

ദക്ഷിണ കൊറിയയില്‍ 179 യാത്രികര്‍ മരിച്ചപ്പോള്‍ കസാഖ്‌സ്താനില്‍ അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നുവീണ് മരിച്ചത് 38 പേരാണ്. ഡിസംബര്‍ 22-ന് ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പാപ്പുവ ന്യൂ ഗിനിയയില്‍ വിമാനം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചപ്പോള്‍ അര്‍ജന്റീനയിലും ഹവായിയിലും നടന്ന അപകടങ്ങളിലായി നാല് പൈലറ്റുമാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നില്‍ ജീവന്‍ നഷ്ടമായത 179 പേര്‍ക്കാണ്. രണ്ട് പേര്‍ മാത്രമാണ് ആ ദുരന്തം അതിജീവിച്ചത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി മാറുകയായിരുന്നു.

ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 29-ന് പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം.

തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമായിരുന്നു. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. പക്ഷി ഇടിച്ചാതാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2005-ല്‍ തുടങ്ങിയ ജെജു കമ്പനിയുടെ ചരിത്രത്തില്‍ ആദ്യ ദുരന്തമായിരുന്നു ഇത്. 2007-ല്‍ നടന്ന ഒരു അപകടത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ലോകം ക്രിസ്മസ് ആഘോഷത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് റഷ്യന്‍ വ്യോമതിര്‍ത്തിക്കുള്ളില്‍ അക്താകുവില്‍ അസര്‍ബയ്ജാന്റെ വിമാനം ജെ28243 തകര്‍ന്നുവീണത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

67 യാത്രക്കാരുമായി അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ റിപ്പബ്ലിക്കായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്നിയിലേക്ക് ബുധനാഴ്ച യാത്രതിരിച്ച എംബ്രയര്‍ 190 വിമാനമാണ് തകര്‍ന്നത്. കസാഖ്സ്താനിലെ അക്താവുവിനടുത്താണ് ദുരന്തമുണ്ടായത്.

ഗ്രോസ്നിയില്‍ എത്തുംമുമ്പ് കസാഖ്സ്താനിലേക്ക് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു. യുക്രൈന്‍ ആക്രമണവും മൂടല്‍മഞ്ഞും കാരണമാണ് അക്താവുവിലേക്ക് വിമാനം തിരിച്ചുവിടാന്‍ പൈലറ്റ് തീരുമാനിച്ചതെന്ന് റഷ്യന്‍ വ്യോമയാന ഏജന്‍സി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ബുധനാഴ്ച യുക്രൈന്‍ ഗ്രോസ്നിയില്‍ കടുത്ത ഡ്രോണാക്രമണം നടത്തിയതിനാല്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം സജീവമായിരുന്നെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. അതേസമയം വിമാനം വെടിവെച്ചിട്ടെന്ന് സമ്മതിക്കാനോ ഉത്തരവാദിത്തമേല്‍ക്കാനോ റഷ്യ തയ്യാറായിട്ടില്ല.

റഷ്യയുടെ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ പേര് പറഞ്ഞില്ലെങ്കിലും പുറമേനിന്നുള്ള ആയുധമേറ്റാണ് വിമാനം തകര്‍ന്നുവീണതെന്ന് യു.എസ്. ദേശീയസുരക്ഷാവക്താവ് ജോണ്‍ കിര്‍ബിയും അസര്‍ബയ്ജാന്‍ മന്ത്രി റഷാന്‍ നബിയേവും ആരോപിച്ചിരുന്നു.

ഡിസംബര്‍ 22-നാണ് ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ-42 വിമാനം ഗ്രാമഡോ മേഖലയിലാണ് തകര്‍ന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലും മറ്റൊരു വീടിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം മൊബൈല്‍ കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനുശേഷമുണ്ടായ തീപ്പിടിത്തത്തിലും മറ്റുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്.

വിമാനത്തിന്റെ ഉടമസ്ഥനും ബിസിനസുകാരനുമായ ലൂയിസ് ക്ലോഡിയോ ഗലേസിയാണ് വിമാനം ഓടിച്ചിരുന്നത്. വിനോദയാത്രയ്ക്കുശേഷം കുടുംബത്തോടൊപ്പം ഇയാള്‍ സാവോ പോളയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കനേല വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സെറാ ഗൗച്ച മലനിരകള്‍ക്ക് സമീപമുള്ള ഗ്രമാഡോ മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു.

ബ്രസീലില്‍ അപകടം സംഭവിച്ച അതേ ദിവസം പാപ്പുവ ന്യൂ ഗിനിയയിലും ഒരു വിമാനം തകര്‍ന്നുവീണു. നോര്‍ത്ത് കോസ്റ്റ് ഏവിയേഷന്റെ ബ്രിട്ടെന്‍-നോര്‍മാന്‍ ബിഎന്‍-2ബി-26 ഐലന്‍ഡര്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു. വസു എയര്‍പോര്‍ട്ടില്‍ നിന്ന് ലാ-നദ്‌സെബ് എയര്‍പോര്‍ട്ടിലേക്കുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്.

തൊട്ടടുത്ത ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാദേശിക സമയം 10.30നാണ് അവസാന സിഗ്നല്‍ ലഭിച്ചത്. ഇപ്പോഴും അപകടത്തിന്റെ പിന്നിലെ കാരണം അറിയാന്‍ അന്വേഷണം തുടരുകയാണ്.

സാന്‍ഫ്രാന്‍സിസ്‌കോ എയര്‍പോര്‍ട്ടിന് തൊട്ടടുത്ത് വെച്ചുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പുന്റെ ഡെല്‍ എസ്റ്റെ എയര്‍പോര്‍ട്ടില്‍ നിന്ന് സാന്‍ ഫെര്‍നാഡൊ എയര്‍പോര്‍ട്ടിലേക്ക് പോയ ഫെറി ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്. റണ്‍വേയും കടന്നുപോയ വിമാനം സുരക്ഷാ വേലിയിലും മരത്തിലും ഇടിച്ച് കത്തുകയായിരുന്നു.

ഡിസംബര്‍ 17-നാണ് ഹവായിയിലെ ഹൊനൊലോലുവില്‍ അപകടമുണ്ടായത്. കമാക എയര്‍ എല്‍എല്‍സിയുടെ നിയന്ത്രണത്തിലുള്ള വിമാനമാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിമാനം പറന്നുയര്‍ന്നയുടനെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തില്‍ ഇടിച്ച് തകര്‍ന്നുവീണു.

കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് എം.എൽ.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലർച്ചെ 1. 45 ഓടെ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടർ ചികിത്സകളും നിർദ്ദേശിച്ചിട്ടുണ്ട്.

രാത്രി 11 മണി യോടെയാണ് ഡോ. ജയകുമാറിെന്റ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. രണ്ടു മണിക്കൂറോളം അവർ എം.എൽ.എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷം റിനൈയിലെ ഡോക്ടർമാരുടെ സംഘവുമായി ചർച്ച നടത്തുകയും ചെയ്തു.

കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതര പരിക്ക് പറ്റിയത് . സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഗ്യാലറിയില്‍ ഇരിക്കുമ്പോഴാണ് സംഭവം. ഗ്യാലറിയിലേക്ക് കയറുന്നതിനിടെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു.

വീഴ്ചയില്‍ ഗ്യാലറിയുടെ സുരക്ഷയ്ക്കായി കെട്ടിയ കമ്പി ഉമാ തോമസിന്റെ തലയില്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

കലൂര്‍ സ്റ്റേഡിയത്തില്‍ 12,000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.

വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് അമേൽത്തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മേയാൻ വിട്ട പശുവിനെ തിരികെ കൊണ്ടുവരാൻ തേക്കിൻ കൂപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇന്ന് മൂന്നു മണിയോടെ ആയിരുന്നു ആക്രമണം.

വനത്തിന്റെ അതിർത്തിയോട് ചേർന്നാണ് യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ മുൻപിൽപ്പെട്ടത്. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞ നാലു വർഷമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാന ആക്രമണം തടയുന്നതിനുള്ള ഫെൻസിങ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടായിരുനെന്ന് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.

മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഊര്‍ജിതമായി രംഗത്ത് വരണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മെല്ലപ്പോക്ക് അവസാനിപ്പിക്കണം. സമൂഹങ്ങളെ അടുപ്പിക്കാന്‍ ആവശ്യമായതൊക്കെ ചെയ്യണം. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്.

മാര്‍ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംപിയും അദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഷാനോ എം കുമരൻ

പ്രൊഡക്ഷൻ ഷെഡ്യൂൾ ചെയ്തിട്ട് ഒരു ആവർത്തി ഫാക്ടറിയുടെ അകത്തുകൂടെ ഞാൻ നടന്ന് എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. എല്ലാം നല്ലരീതിയിൽ പോകുന്നുണ്ട്. സൂപ്പർവൈസർ മുക്‌സിൻ ഉഷാറാണ്. അവനെ വച്ചാണ് ഫാക്ടറിയിലെ തൊഴിലാളികളെ കൊണ്ട് ഊർജ്ജിതമായി പണിയെടുപ്പിക്കുന്നത്. കാര്യം ഞാൻ ഫാക്ടറി മാനേജർ ആണെങ്കിലും അസാമാന്യമാം വിധം കായബലമുള്ള കറുത്ത കാപ്പിരികളെ നിയന്ത്രിക്കുവാൻ അല്പം ബുദ്ധിമുട്ടാണ്. ഭയം ആണെന്ന് വേണമെങ്കിൽ പറയാം. കിഴക്കൻ ആഫ്രിക്കയിലെ തൻസാനിയൻ കാടുകൾക്കു നടുവിലൂടെ കുതിച്ചു പായുന്ന ഹൈവേയിലെ ആ ചെറു പട്ടണത്തിലെ മിഠായി ഫാക്ടറിയിൽ അല്പം വെളുത്തതായി ഞാൻ മാത്രം. രണ്ടു നേരവും ഭംഗിയായി കിട്ടാറുള്ള ഉഗാളി എന്ന ചുവയില്ലാത്ത ഉപ്പുമാവിന്റെ ഉറപ്പിന്മേൽ നിത്യവും ജോലിക്കെത്തുന്ന നീഗ്രോകളെന്നു ഏഷ്യനും യൂറോപ്യനും മറ്റും വിളിക്കുന്ന കാരിരുമ്പിനെയും കയ്യിൽ വച്ച് വളയ്ക്കുന്ന ബലിഷ്ഠകായന്മാരെ ഞാൻ കേവലമൊരു കമ്പനി മാനേജർ എങ്ങനെ നേരിടാനാണ്. ഭാഗ്യമെന്നോണം അവരിൽ അസാമാന്യ നേതൃപാടവം ഉള്ള മുക്‌സിനാണ് എന്റെ സഹായത്തിനുള്ള സൂപ്പർവൈസർ. ഭാഗ്യമല്ലാതെന്തു പറയാൻ. തമ്പുരാന് ഒരു പ്രത്യേക നന്ദി.

തീവണ്ടികളുടെ ചൂളം വിളികളെ തെല്ലു നാണിപ്പിക്കും വിധം ഫാക്ടറിയിലെ മെഷീനുകൾ ഓടിത്തുടങ്ങി. കോലു മിറായികൾ വർണ്ണ കടലാസുകളിൽ പൊതിഞ്ഞു പെട്ടികളിലേക്കു വഴുതി വീണുകൊണ്ടിരുന്നു. അവയിങ്ങനെ കൺവെയർ ബെൽറ്റിലൂടെ തന്നെ നുണയുവാൻ വിധിക്കപെട്ടവനെ കാത്തു ഗോഡൗണിലേക്കു പോകുന്ന ഒരു കാഴ്ച അല്പം നയാനന്ദകരമാണ്. ഒരെണ്ണം എടുത്തു വായിലിട്ടു മെല്ലെ കടിച്ചു നോക്കി. പൊട്ടുന്നില്ല ഉം. കുക്കറിന്റെ താപം ശരിയായ രീതിയിലാണ്. സമാധാനം. വായിൽ കിടന്ന കോലു മിറായി നുണഞ്ഞു കൊണ്ട് ഞാൻ മെല്ലെ വാതിലിനു പുറത്തേക്കു നടന്നു. മുതലാളി ജസ്റ്റിൻ സിൽവിംബാ അവിടെയുണ്ട് പുറം പണിക്കാരുടെ നേതാവ് ശ്രീമാൻ കിലോലയ്ക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി കൊണ്ട് നില്കുന്നുണ്ടവിടെ. ഞാൻ അവിടേയ്ക്ക് ചെന്ന് അഭിവാദനം ചെയ്തു. പ്രത്യഭിവാദനത്തോടൊപ്പം ഒരു സിഗരറ്റു എന്റെ നേർക്ക് നീട്ടി. ഞങ്ങൾ രണ്ടാളും അന്നത്തെ മിഠായി ഉത്പാദനത്തെ പറ്റി ഒരു ചെറു സംഭാഷണം നടത്തി. ചുണ്ടിലെരിഞ്ഞ സിഗരറ്റ് തീർന്നതും മുതലാളി അയാളെക്കാളും ഉയരമുള്ള പിക്ക് അപ്പ് ട്രക്കിലേക്ക് ചാടിക്കയറി പൊടിപറത്തി കൊണ്ട് ഓടിച്ചു പോയി. മുറ്റത്താണെങ്കിലും വേഗത അയാളുടെ മുഖമുദ്രയാണ്.
ബ്രേക്ക് ഫാസ്റ്റിനു ശേഷം പുകച്ചു തള്ളുവാൻ അയാളോട് ഒരു സിഗരറ്റ് കൂടി ചോദിയ്കുവാൻ മറന്നു പോയതിൽ കുണ്ഠിതപ്പെട്ടു ഞാൻ അകത്തേയ്ക്കു നടന്നു.

മുക്സിൻ കാത്തു നിൽപ്പുണ്ട്. ആദ്യ ബാച്ച് മിഠായി ഉണ്ടാക്കി കഴിഞ്ഞിരിയ്ക്കുന്നു. പാക്കിങ് തുടങ്ങണം. പാക്കിങ് മെഷീന്റെ ബെൽറ്റ് ഒരു പക്ഷെ പൊട്ടിപോകുവാൻ സാധ്യതയേറെ ആണ്. ഒരു ബലത്തിന് ഞാൻ കൂടെ വേണം. അതിനാണയാൾ എന്നെ കാത്തു നിന്നത്. അവന്റെ ആവശ്യവും സാധിച്ചു കൊടുത്തിട്ട് ഞാൻ മെല്ലെ എന്റെ കസേരയിൽ വന്നിരുന്നു. ഇന്ന് പേപ്പർ വർക്ക് അല്പം കുറവാണ്. ഇന്നലെ കൂടുതൽ തീർത്തു വച്ചിരിക്കുന്നു.

അലസമായ മനസ്സു മടി പിടിച്ചിരിയ്ക്കുന്നു.

കണക്കപിള്ള ഇമ്മാനുവേൽ ഇനിയും വന്നിട്ടില്ല. എന്ത് പറ്റി എന്തോ. അവനുണ്ടെങ്കിൽ അവനോടു അല്പം ഇംഗ്ലീഷ് പറഞ്ഞിരിയ്ക്കാമായിരുന്നു. ബോറിങ് തന്നെ.
സ്വന്തം കയ്യാൽ ഇട്ട ഒരു കാപ്പിയും ഊതികുടിച്ചു കൊണ്ടങ്ങനെ ഇരുന്നു. പഞ്ചസാര തീർന്നു പോയിരിയ്ക്കുന്നു. മധുരമില്ലാത്ത കട്ടൻ കാപ്പി. കാര്യം പറഞ്ഞാൽ പ്ലാന്റിൽ ടൺ കണക്കിനു പഞ്ചസാര ഉണ്ട്. വേണ്ട ഇന്ന് ഞാനതിൽ നിന്നും സ്വകാര്യ ആവശ്യത്തിനല്പം കടം കൊണ്ടാൽ കാപ്പിരികൾ അത് ഒരു പക്ഷെ ശീലമാക്കിയേക്കാം. ഞാന്നെന്തിനാ വെറുതെ ഒരു വയ്യാവേലിയെടുത്തു കക്ഷത്തിൽ വയ്ക്കുന്നത്. മധുരമില്ലാത്ത കട്ടൻ കാപ്പിയ്ക്ക് നല്ല രുചിയുണ്ടെന്ന് ഞാൻ അന്ന് കണ്ടെത്തി. ആരോഗ്യം മുഖ്യം പ്രമേഹത്തിനു വിട.

ചുണ്ടിൽ കാപ്പി കപ്പുമായി പ്ലാന്റിലേക്ക് നോക്കിയിരിയ്ക്കുമ്പോൾ ഒരാശ. സ്വല്പം മ്യൂസിക് കേൾക്കാം. ഫോണെടുത്തു മെമ്മറി കാർഡിൽ ഒന്ന് പരതി.
‘തൊട്ടാൽ വാടീ ….നിന്നെയെനിക്കെന്തിഷ്ടമാണെന്നോ …. ‘
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിത്രച്ചേച്ചിയുടെ ആലാപന മാധുര്യം ആസ്വദിച്ചങ്ങനെ കാപ്പി കപ്പു വറ്റിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. മുന്നിൽ ഒരുത്തൻ അതാ എന്നോട് ചോദിക്കാതെ എന്റെ ഫോണിലെ പാട്ടും അസദിച്ചങ്ങനെ നിൽക്കുന്നു. സൂത്രക്കാരനായ ഇദ്രിസ്സാ

പാക്കിങ്ങിൽ മുക്‌സിന്റെ കണ്ണ് വെട്ടിച്ചവൻ വന്നങ്ങനെ നിൽപ്പാണ് പാട്ടും കേട്ട്. എനിക്കതെങ്ങോട്ട് ദഹിച്ചില്ല. രൂക്ഷമായി അവനെ ഞാനൊന്നു നോക്കി. നോട്ടത്തിന്റെ പൊരുൾ ഗ്രഹിച്ചതിനാലാവണം അവൻ ഓടിപ്പോയി.
ഞാൻ ആലോചിച്ചു. എപ്പോഴൊക്ക ചിത്ര ചേച്ചിയുടെ പാട്ടുകൾ ഞാൻ കേൾക്കുന്നോ അപ്പോഴൊക്കെ ഇദ്രിസ്സ അവിടെയുണ്ടാകും. പിന്നീട് ഞാൻ അവനോടു അതിനെക്കുറിച്ച് ആരാഞ്ഞു. അപ്പോഴവൻ പറഞ്ഞ മറുപടി എന്നെ തെല്ലൊന്നമ്പരപ്പിച്ചു. ചിത്ര ചേച്ചിയുടെ പാട്ടുകൾ അവനു വലിയ ഇഷ്ടമാണത്രെ. മാത്രവുമല്ല അവനു ചിത്ര ചേച്ചിയുടെ പേരും അറിയാം. എന്റെ തല അല്പമൊന്നുയർന്ന് സഗൗരവം മലയാളിയെന്ന ബോധത്തെ തലയിലേറ്റി. വെറുതെ ഒരു അഹം ഭാവം അത്താഴപട്ടിണിക്കാരനായ അവന്റെ മുന്നിൽ ഞെളിഞ്ഞിരിക്കുന്ന ഒരല്പനായി ഞാൻ മാറിയോ ….?
അവനു വേണ്ടി അല്ലെങ്കിൽ അവനെ കേൾപ്പിയ്ക്കുന്നതിലൂടെ എനിയ്ക്കെന്തോ ഒരു നിർവൃതി. അനാവശ്യമായ ഒരു നേരമ്പോക്ക്. ഒരിയ്ക്കൽ അവനെന്നോട് ചോദിച്ചു ” ബോസ്സ്, ബോസ്സിന്റെ ഫോൺ എനിക്ക് തരുമോ ”

എന്തിനാ നിനക്കെന്റെ ഫോൺ? കൗതുകത്തോടെ ഞാൻ ആരാഞ്ഞു.
എനിക്ക് നിങ്ങളുടെ ഫോണിലുള്ള പാട്ടുകൾ കേൾക്കുവന്നാണ്. അവന്റെ താഴ്ന്ന ശബ്ദത്തിലുള്ള മറുപടി കേട്ടപ്പോൾ എനിക്ക് സത്യത്തിൽ അല്പം ചിരി വന്നു. അതെന്റെ മുഖത്ത് പ്രകടമായിരുന്നു താനും.
ഞാൻ ആ തമാശ മുക്‌സിനുമായി പങ്കു വച്ചു.

മുക്‌സിൻ എന്നോട് പറഞ്ഞു. ഇദ്രിസ്സ കാര്യമായിട്ടാണ് നിങ്ങളോട് അത് ചോദിച്ചത്. അവനു നിങ്ങൾ കേൾക്കുന്ന പാട്ടുകൾ വലിയ ഇഷ്ടമാണ് . അത് കേട്ട് മിണ്ടാതിരുന്ന എന്നോട് അവൻ ഇത്രയും കൂടി പറഞ്ഞു. വലിയ ശമ്പളം വാങ്ങുന്ന നിങ്ങൾക്കു ഈ ഫോൺ നിസ്സാരമല്ല ബോസ് . സൂപ്പർവൈസറുടെ ആ അനാവശ്യമായ ഇടപെടൽ എന്നെ അല്പം ചൊടിപ്പിച്ചു. നീ നിന്റെ കാര്യം നോക്ക് എന്നായി ഞാൻ. അതോടു കൂടി അവൻ അടങ്ങി. ഞാൻ ചിന്ത തുടങ്ങി. ശെരിയാണ് അവൻ പറഞ്ഞത്. മാസം നല്ലൊരു തുക ശമ്പളമായി വാങ്ങുന്ന എനിക്ക് നാട്ടിൽ ജോസഫേട്ടന്റെ കടയിൽ നിന്നും രണ്ടായിരത്തു അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഒരു സ്പെയർ ഫോൺ ഒരു ബാധ്യത അല്ലേയല്ല. സ്മാർട്ട് ഫോൺ വേറെയുണ്ട് താനും. എങ്കിലും ഫോൺ കൈ വിട്ടു കളയുവാൻ മനസ്സനുവദിച്ചില്ല. ഒപ്പം ഇദ്രിസ്സയുടെ ദാരിദ്ര്യം എന്നെ പിടിച്ചുലയ്ക്കുന്നുമുണ്ട്. ഒടുവിൽ ഞാൻ അവനോടു പറഞ്ഞു. ശെരി ഇന്നൊരു ദിവസത്തേയ്ക്ക് മാത്രം തരാം. നീ പാട്ടു കേട്ടിട്ട് എനിയ്ക്കു നാളെത്തന്നെ തിരികെ തരണം സമ്മതമാണോ. അതെന്നവൻ തലകുലയ്ക്കി. അനാവശ്യമായി യാതൊരു ഉപയോഗവുമില്ലാതെ കാശിന്റെ പുളപ്പു കൊണ്ട് മാസാമാസം ചാർജ് ചെയ്തിരുന്ന സിം കാർഡ് ഊരി പേഴ്സിൽ വച്ചിട്ട് ഒരു രാത്രി പാട്ടുകൾ കേൾക്കുവാൻ എന്റെ രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഫോൺ അവനു കൈ മാറി. അവനും കേൾക്കട്ടെ നമ്മുടെ പാട്ടുകൾ. മലയാളത്തിന്റെ വസന്തഗാനങ്ങൾ കാപ്പിരിയുടെ വീടുകളിലും അലയടിക്കട്ടെ. ഒരേയൊരു രാത്രി. സാരമില്ല സഹിച്ചു കളയാം. പിറ്റെന്നാൾ രാവിലെ തന്നെ ഫോൺ തിരികെ വാങ്ങിക്കണം എന്ന ചിന്ത ഉള്ളിലുണ്ടായിരുന്നുവെങ്കിലും ആവശ്യമില്ലാതെ ഉള്ളിൽ കുടിയിരിയ്ക്കുന്ന ഗർവ് അനുവദിച്ചില്ല. ഞാൻ ഇദ്രിസ്സയെപോലെ മുക്‌സിനെപോലെ കേവലമൊരു തൊഴിലാളിയല്ല. ഫാക്ടറി മാനേജർ ആണ് . അതി രാവിലെ തന്നെ ഫോൺ തിരികെ വാങ്ങി തരം താഴരുതല്ലോ. വരട്ടെ അവനായിട്ടു തരുമല്ലോ പിന്നെന്തിനാ ധൃതി.

എല്ലാവരും ഉച്ച ഭക്ഷണം വരെ കഴിഞ്ഞു. അവനിതു വരെ എന്റെ ഫോൺ തിരികെ തന്നില്ല. ഞാനെത്തി നോക്കി അവനെവിടെയെന്നു അവനതാ വർക്ഷോപ്പിൽ ജോർജുമൊത്തു സൊറ പറഞ്ഞിരിയ്ക്കുന്നുണ്ട്. മേമ്പൊടിയായി മലയാളം പാട്ടുകൾ കേൾക്കാം. അത് ശെരി. ആവട്ടെ നോക്കാം. വൈകുന്നേരമായി അന്നത്തെ ഷിഫ്റ്റ് കഴിഞ്ഞിരിയ്ക്കുന്നു. എല്ലാവരും രെജിസ്റ്ററിൽ ഒപ്പിട്ടു അവനും. എന്റെ ഫോൺ തരാനുള്ള മട്ടൊന്നും കാണുന്നില്ല. ഞാനൊട്ടു ചോദിച്ചതുമില്ല. അവനെന്റെ മുഖത്ത് നോക്കിയത് പോലുമില്ല. അവനോട് എന്റെ ഫോൺ തിരികെ തരിനെടാ കള്ള കരിമ്പാറ കാപ്പിരി മോനെ എന്ന് ചോദിക്കണമെന്നുണ്ട്. എന്തോ തോന്നുന്നില്ല അതിന്. നാവിനെന്തോ വിഷമം നേരിട്ടതു പോലെ. വരട്ടെ നാളെ ചോദിക്കാം. നാളെ വന്നു മറ്റന്നാളും അതിന്റെ പിറ്റെന്നാളും വന്നു പോയി. അങ്ങനെ പല ദിനങ്ങളും എന്നെ ചുറ്റി കടന്നു പോയി എന്റെ ഫോൺ മാത്രം തിരികെ വന്നില്ല. എന്റെ ഫോണിലെ എന്റെ പ്രിയപ്പെട്ട മലയാളത്തിന്റെ മനോഹരങ്ങളായ സുവർണ്ണ ഗീതങ്ങൾ എന്റെ ചെവികളിൽ അവൻ്റെ കീശയിൽ നിന്നും പലപ്പോഴായി അലയടിച്ചു. എന്നും ഞാൻ അവനോടു എന്റെ ഫോൺ തിരികെ തരുവാൻ ആവശ്യപെടുന്നതിനായുള്ള ഒരുക്കങ്ങൾ എന്റെ മനസ്സിൽ ഞാൻ നടത്തും. എന്തോ എനിക്കതിനു കഴിഞ്ഞിരുന്നില്ല. എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്താണെന്റെ നാവു നിശ്ചലമായിരിയ്ക്കുന്നതെന്ന്. എന്റെ ഉൾനാവിൽ ഞാൻ ദേഷ്യത്തിന്റെ ഒരു മാലപടക്കത്താൽ ഒരു പാട് വാചകങ്ങൾ എഴുതി ചേർത്തു എന്റെ പാട്ടുകൾ എനിക്ക് തിരികെ ലഭ്യമാക്കുന്നതിന്. പക്‌ഷേ, എനിക്ക് മുന്നിലൂടെ അവൻ മലയാളം പാട്ടുകൾ ആസ്വദിച്ച് കൊണ്ട് ഉരു ജേതാവിനെപോലെ നടന്നു. എനിക്കവനോട്, കേവലം എന്റെ ഒരു തൊഴിലാളിയോട്, എന്റെ കൈവശം എന്റെ മാത്രമായിരുന്ന ഒന്ന്. അതും ഒരു രാത്രിയിലേക്ക് കടം കൊടുത്ത ഒന്ന് തിരികെ വാങ്ങുവാൻ കഴിയാത്തത് എന്ന വിചാരം എന്നെ തീർത്തും ആശങ്കാകുലനാക്കിയിരിയ്ക്കുന്നു. ഞാൻ മനസ്സിലാക്കി എനിക്കവനോട് ആ ഫോൺ തിരികെ ചോദിക്കുവാൻ കഴിയില്ലായെന്ന്. ഏതോ ഒരു അദൃശ്യ ശക്തിയാലെന്നവണ്ണം എന്റെ നാവുകൾ കെട്ടുപിണഞ്ഞു പോകുന്നു. എന്റെ ഫോണൊഴികെ എനിക്കവനോട് മറ്റെല്ലാം സംസാരിയ്ക്കുവാൻ കഴിയുന്നുണ്ട്. പക്ഷെ … ഇത് മാത്രം കഴിയുന്നില്ല.

ഞാൻ ഈ വസ്തുത എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരനോട് എന്റെ ദുരവസ്ഥയെപ്പറ്റി പറഞ്ഞു കൊണ്ട് ഞാൻ ആകുലചിത്തനായി. ഫോണിന്റെ അങ്ങേത്തലയ്ക്കലിരുന്നവൻ പറഞ്ഞുതന്നത് മുഴുവനും കാപ്പിരികളുടെ നാട്ടിലെ ഭയപെടുത്ത കറുത്ത മന്ത്രവാദങ്ങളെ പറ്റിയായിരുന്നു. ബ്ലാക്ക് മാജിക് കൺകെട്ടുവിദ്യ പോലെ നാവു കെട്ടുന്ന കൈമന്ത്രവാദങ്ങൾ. സ്നേഹിതന്റെ വാക്കുകൾ ശെരി വയ്ക്കുന്നതായിരുന്നു എന്റെ അനുഭവങ്ങൾ. ഏതോ ദുർമന്ത്രത്താൽ നാവു ബന്ധിച്ചപോലെ തന്നെയായിരുന്നു എന്റെ അവസ്ഥയത്രയും.
നഷ്ടപ്പെട്ടുപോയ ഫോൺ അത്ര വലുതല്ലെങ്കിലും അവന്റെ കൂടെ മാനേജർ ആയിരുന്ന എന്റെ ബന്ധനാവസ്ഥയെപ്പറ്റി വർഷങ്ങൾക്കിപ്പുറം ആലോചിയ്ക്കുമ്പോൾ ഇപ്പോഴും എനിയ്ക്കുത്തരം കിട്ടാത്ത ഒരു സമസ്യയായി ഇദ്രിസയും കൈനഷ്ടം വന്ന ചിത്രച്ചേച്ചിയുടെ പാട്ടുകളും ഒരു പുക മഞ്ഞായി കറുത്ത മൂടൽ മേഘങ്ങൾ പോലെ എന്റെ ചിന്തകളെ മറയ്ക്കുന്നു.
ഒരു സംശയം മാത്രം ബാക്കി. സത്യമായിരിയ്ക്കുമോ. കാപ്പിരിയുടെ നാട്ടിലെ ബ്ലാക്ക് മാജിക്. !

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.

Copyright © . All rights reserved