Latest News

വ്യാജ രേഖ ചമച്ച കേസിൽ പ്രതികളായ വൈദികരുടെ ലാപ്ടോപ്പുകളിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ആദിത്യ സക്കറിയ ഇമെയിൽ വഴി വൈദികർക്ക് അയച്ച രേഖകളാണ് കണ്ടെത്തിയത്. ആദിത്യയെ വൈദികർക്കൊപ്പം ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു.വ്യാജരേഖകേസിൽ പ്രതികളായ വൈദികർ, പോൾ തേലക്കാട്ട് , ആന്റണി കല്ലുകാരൻ എന്നിവർ ഉപയോഗിച്ച ലാപ്‌ടോപ്പുകൾ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

ഇവ സൈബർ വിദഗ്ധർ പരിശോധിച്ചാണ് മൂന്നാം പ്രതി ആദിത്യ സക്കറിയ അയച്ച രേഖകളുടെ വിവരങ്ങൾ കണ്ടെത്തിയത്. വൈദികരുടെ  ഇമെയിൽ അക്കൗണ്ടിലാണ് ഇതുള്ളത്. എന്നാൽ ഇതേ ലാപ്ടോപ്പുകളിലൂടെ തന്നെയാണോ രേഖകളുടെ കൈമാറ്റം നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള പരിശോധനകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു.

ഇതിന്റെ തുടർച്ചയായി വിവരങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമാണ് ഒടുവിൽ നടന്നത്. വ്യാജരേഖകൾ ഉണ്ടാക്കിയതിന് അറസ്റ്റിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ ആദിത്യയെ വീണ്ടും നോട്ടിസ് നൽകി വരുത്തുകയായിരുന്നു. ആദ്യം വൈദികർക്ക് ഒപ്പമിരുത്തിയും പിന്നെ ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്തു. ബുധനാഴ്ച വരെ ചോദ്യം ചെയ്യൽ തുടരും. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അന്വേഷണ സംഘം നിലപാട് അറിയിക്കും.അതിനു മുൻപ് പ്രതികൾക്ക് എതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യം.

ഒരു സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിൽ പാക്കിസ്ഥാൻ ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ‘ധാരാളിത്തം’ കൊണ്ടും മറികടക്കാനാകാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികൾക്കു മുന്നിൽ നിരാശപ്പെടുത്തുന്ന തോൽവി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസെന്ന റെക്കോർഡ് ‘കപ്പിനും ചുണ്ടിനുമിടയിൽ’ നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട് തോറ്റത് 14 റൺസിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസ്. ഈ ലോകകപ്പിലെ ഉയർന്ന സ്കോറും ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാന്റെ ഉയർന്ന രണ്ടാമത്തെ സ്കോറും. മറുപടി ബാറ്റിങ്ങിൽ ജോ റൂട്ട് (107), ജോസ് ബട്‍ലർ (103) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ പൊരുതി നോക്കിയെങ്കിലും 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ. തോൽവി 14 റൺസിന്.

ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിക്കായുള്ള കാത്തിരിപ്പിന് ആറാം മൽസരത്തിൽ ‘ഇരട്ട സെഞ്ചുറി’യുമായി ആഘോഷമായിത്തന്നെ വിരാമമിട്ടെങ്കിലും ഈ തോൽവി ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുമെന്ന് ഉറപ്പ്. വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ ജോ റൂട്ടിനെ കൈവിട്ട ബാബർ അസമിനും ഇത് ആശ്വാസത്തിന്റെ നിമിഷം. ഈ ‘ലൈഫ്’ പ്രയോജനപ്പെടുത്തിയാണ് റൂട്ട് 2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചത്. നാലിന് 118 എന്ന നിലയിൽനിന്ന് സെഞ്ചുറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കരകയറ്റിയ ജോ റൂട്ട് – ജോസ് ബട്‍ലർ സഖ്യം 39–ാം ഓവറിൽ സ്പിന്നർ ഷതാബ് ഖാൻ പൊളിച്ചതാണ് മൽസരത്തിൽ വഴിത്തിരിവായത്. റൂട്ട് മടങ്ങിയതോടെ ഇംഗ്ലണ്ടിന് ബാറ്റിങ്ങിലെ ഒഴുക്ക് നഷ്ടമായി. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ജോസ് ബട്‍ലറിനെ മുഹമ്മദ് ആമിറും പുറത്താക്കിയതോടെ ഇംഗ്ലണ്ട് പൂർണമായും മൽസരം കൈവിട്ടു.

പാക്കിസ്ഥാനായി വഹാബ് റിയാസ് 10 ഓവറിൽ 82 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷതാബ് ഖാൻ 10 ഓവറിൽ 63 റൺസ് വഴങ്ങിയും മുഹമ്മദ് ആമിർ 10 ഓവറിൽ 67 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി

കഴുത്തറുത്ത് കൊല്ലുന്ന തിമിംഗലങ്ങളുടെ രക്തം വീണാണ് കടൽ ചുവക്കുന്നത്.ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി കൊന്നൊടുക്കിയത് എണ്ണൂറിലേറെ തിമിംഗലങ്ങളെ. അവയുടെ ചോരയിൽ കടൽ തന്നെ ചുവന്ന് നിറഞ്ഞു. ഇൗ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ഡെന്‍മാര്‍ക്കിനു കീഴിലുള്ള ഫറോ ദ്വീപിൽ നിന്നാണ് ആചാരത്തിന്റെ പേരിലുള്ള കൊടുംക്രൂരത.

തിമിംഗലങ്ങളെ മാത്രമല്ല ഡോള്‍ഫിനുകളെയും ഗിന്‍ഡാ ഡ്രാപ് എന്നറിയപ്പെടുന്ന ഈ അനാചാരത്തിന്‍റെ ഭാഗമായി കൊന്നു തള്ളുകയാണ്. ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇൗ കൂട്ടക്കുരുതിക്ക് സർക്കാരിന്റെ പിന്തണയുമുണ്ട്. ഇത്തവണ മെയ് 28ന് മാത്രം 145 തിമിംഗലങ്ങളെയാണ് കഴുത്തറുത്ത് കൊന്നത്. എന്നാൽ ഇത് ഉപജീവനത്തിന്റെ തന്നെ ഭാഗമാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഇത്തരത്തിൽ കെന്നൊടുക്കുന്ന തിമിംഗലത്തിന്റെ മാംസം ദ്വീപ് നിവാസികളുടെ ഭക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും ഭാഗമാണ്. ഭക്ഷണത്തിനു വേണ്ടി നടത്തുന്ന വേട്ടയായതിനാല്‍ ഇതിനെ ആചാരമായി മാത്രം കാണേണ്ടതില്ലെന്നാണ് പോള്‍ നോള്‍സെയുടെയും വേട്ടയെ അനുകൂലിക്കുന്നവരുടെയും വാദം.

കരയോടു ചേര്‍ത്ത് നീന്താനാവാത്ത വിധമുള്ള അവസ്ഥയില്‍ തിമിംഗലങ്ങളെ വേട്ടയാടി എത്തിക്കും എന്നിട്ടാണ് കൊലപ്പെടുത്തുന്നത്. നീന്താൻ പറ്റാതെ കൂട്ടത്തോടെ കരയ്ക്കടിയുന്ന തമിംഗലങ്ങളെ കഴുത്തറുത്ത് കൊല്ലും. ഈ മുറിവില്‍നിന്ന് ചോര വാര്‍ന്നാണ് തിമിംഗലങ്ങള്‍ കൊല്ലപ്പെടുന്നത്. ഇൗ ചോര കടലിൽ പരന്ന് ചുവന്ന നിറമാവുകയും ചെയ്യും. ഇതിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.

 

വ്യോമസേനയുടെ വിമാനം കാണാതായി. 13 പേരുമായി പോയ എഎന്‍-32 എന്ന വിമാനമാണ് കാണാതായത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

അരുണാചല്‍ പ്രദേശില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്.അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 35 മിനുട്ടിനുള്ളില്‍ ടേക്ക് ഓഫ് ചെയ്യേണ്ട വിമാനമാണ് കാണാതായത്.

കെവിൻ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഫോറൻസിക് വിദഗ്‌ധർ. കെവിനെ പുഴയില്‍ മുക്കി കൊല്ലുകയായിരുന്നു. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി.

കെവിന്‍റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചുകൊണ്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കിയത്. രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന് ഫോറന്‍സിക് സംഘം പറയുന്നത്. കെവിന്‍റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ വെള്ളത്തിന്‍റെ അളവാണ് ഒരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാല്‍ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറൂ എന്ന് ഫോറന്‍സിക് സംഘം വിശദീകരിച്ചു.

അരക്കൊപ്പം വെള്ളം മാത്രമേ സ്ഥലത്തുള്ളൂ എന്നും ഇത്രയും വെള്ളത്തില്‍ ബോധത്തോടെ ഒരാള്‍ വീണാല്‍ ഇത്രയും വെള്ളം ശ്വാസകോശത്തില്‍ കയറില്ലെന്ന് സ്ഥലം സന്ദ‌ര്‍ശിച്ച ഫോറന്‍സിക് സംഘം മൊഴി നല്‍കി. കേസില്‍ ഈ മൊഴി ഏറെ നിര്‍ണ്ണായകമാണ്.

കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ട് പോയെന്നത് സത്യമാണെങ്കിലും ഇവര്‍ രക്ഷപ്പെട്ടുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഫോറന്‍സിക് വിദഗ്ധരുടെ മൊഴിയോട് കൂടി മുക്കി കൊന്നത് ‍ഞങ്ങളല്ല എന്ന പ്രതികളുടെ വാദം കൂടിയാണ് അസാധുവാകുന്നത്.

കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ചു വിവാഹിതരായ കൊല്ലം പനയം ചെമ്മക്കാട് മഠത്തിൽ കാവിനു സമീപം വിഷ്ണു ഭവനിൽ വിഷ്ണു (23), ഭാര്യ പുത്തൂർ സ്വദേശിനി ആര്യ (21) എന്നിവരെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ 4 മണിയോടെയാണു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

വിവാഹത്തിന് ആര്യയുടെ വീട്ടുകാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ ഇരുവരും വിവാഹിതരാവുകയും വിഷ്ണുവിന്റെ വീട്ടിൽ താമസിച്ചു വരികയുമായിരുന്നു. ഡാൻസറാണ് വിഷ്ണു. ആര്യ ഗർഭിണിയാണെന്നറിഞ്ഞ മാതാപിതാക്കൾ മകളെ കാണാനായി ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയപ്പോൾ ഇവരുടെ കിടപ്പുമുറിയുടെ വാതിൽ അടച്ച നിലയിലായിരുന്നു.

വിഷ്ണുവിന്റെ പിതാവും വീട്ടിലുണ്ടായിരുന്നു. വിളിച്ചിട്ടു വാതിൽ തുറക്കാതായതോടെ ഇവർ കതക് ചവിട്ടിത്തുറന്നപ്പോൾ ഇരുവരും ഷാളിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്. പൊലീസ് ജീപ്പിൽ ഇരുവരെയും മതിലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

സ്‍പാനിഷ് ഫുട്‍ബോള്‍ താരം ജോസ് അന്റോണിയോ റെയേസ് കാറപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും കായികലോകം ഇതുവരെ മോചിതമായിട്ടില്ല. അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ വേഗത എത്രയാണെന്ന് അറിയുമ്പോവാണ് ഞെട്ടുക. മണിക്കൂറില്‍ 237 കിലോമീറ്റര്‍

ശനിയാഴ്ച്ച രാവിലെ സ്പെയിലെ സെവില്ലേയ്ക്ക് അടുത്തായിരുന്നു അപകടം. ഉത്രേരയ്ക്കും സെവില്ലേയ്ക്കും ഇടയില്‍ വച്ച് റെയേസ് സഞ്ചരിച്ചിരുന്ന മേഴ്‍സിഡസ് ബാര്‍ബസ് കാര്‍ മറിയുകയായിരുന്നു. അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ അകലെയുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് തീ പിടിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെയേസിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 23കാരനും മരിച്ചിരുന്നു. ആഴ്സണലിന്റേയും റയല്‍ മാഡ്രിഡിന്റേയും മുന്‍ താരമാണ് ജോസ് അന്റോണിയോ റെയേസ്.

വീട്ടില്‍ ആരോ കയറിയതായി ശബ്ദം കേട്ടാണ് മേരി വിഷൂസന്‍ എന്ന 77കാരി ഉണര്‍ന്നത്. കളളനായിരിക്കുമെന്ന് കരുതി പരിശോധന നടത്തിയപ്പോഴാണ് വീടിനകത്ത് ഒരു ഭീമന്‍ ചീങ്കണ്ണിയെ കണ്ടെത്തുന്നത്. മേരി ഉടന്‍ തന്നെ അലറി വിളിക്കുകയായിരുന്നു. അടുക്കള ഭാഗത്തെ താഴ്ന്ന് കിടക്കുന്ന ജനാല വഴിയാണ് ചീങ്കണ്ണി അകത്ത് കടന്നത്. ഫ്ലോറിഡയിലാണ് സംഭവം.

‘തന്റെ വാസസ്ഥലം പോലെയാണ് ചീങ്കണ്ണി എന്നെ കണ്ടപ്പോള്‍ തുറിച്ച് നോക്കിയത്. അത് നിലത്ത് കിടക്കുകയായിരുന്നു. അടുക്കള ഭാഗത്തു കൂടെ വളരെ വിദഗ്ധമായാണ് അത് അകത്ത് കടന്നത്,’ മേരി പറഞ്ഞു. ചീങ്കണ്ണിയെ കണ്ട ഉടന്‍ തന്നെ മേരി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വന്യജീവി വകുപ്പ് ചീങ്കണ്ണിയെ പിടിക്കാനെത്തി. അപ്പോഴേക്കും ചീങ്കണ്ണി മേരിയുടെ വീട്ടില്‍ വലിയ നഷ്ടം വരുത്തി വച്ചിരുന്നു.

വീട്ടിലെ ജനലുകള്‍ ചീങ്കണ്ണി തകര്‍ത്തു. ഫ്രിഡ്ജിനും കേടുപാട് പറ്റി. ചുമരില്‍ പലയിടത്തും തുള വീണു. ചില ഫര്‍ണിച്ചറുകളും നശിപ്പിച്ചു. കൂടാതെ മേരിയുടെ ശേഖരത്തിലുണ്ടായിരുന്ന വൈനുകളും നശിപ്പിച്ചു. ചീങ്കണ്ണിയെ പിടികൂടുന്നതിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ഫ്ളോറിഡയിലെ ഒരു സ്വകാര്യ ഫാമിലേക്കാണ് ചീങ്കണ്ണിയെ കൊണ്ടുപോയത്.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കും. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നും ഡിജിപി പറ‍ഞ്ഞു.

ബാലഭാസ്കറിന്റെയും മകളുടേയും മരണത്തിൽ, സ്വർണക്കടത്തിന് അറസ്റ്റിലായ പ്രകാശൻ തമ്പിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. പ്രകാശന്‍ തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ മൊഴി ഡി ആര്‍ ഐ യും രേഖപ്പെടുത്തും. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും പ്രകാശനെ അറിയില്ലെന്ന് പറഞ്ഞുവെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു.

കൊച്ചിയിൽ നിപ ബാധ സംശയിക്കുന്ന യുവാവുമായി സമ്പര്‍ക്കമുണ്ടായ 50 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 16 പേര്‍ തൃശൂരിലുണ്ട്, ബാക്കിയുളളവര്‍ മറ്റ് ജില്ലകളില്‍ നിരീക്ഷണത്തിലാണ്. എന്നാൽ തൃശൂരില്‍ ഒപ്പം താമസിച്ച 22 പേര്‍ക്കും പനിയില്ല. ശക്തമായ പനിയുണ്ടായാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും തൃശൂർ ഡിഎംഒ മാധ്യമങ്ങളോട് പറ‍ഞ്ഞു. എന്നാൽ യുവാവിന് വൈറസ് ബാധിച്ചത് തൃശൂരിൽ നിന്നല്ലെന്ന് ഡിഎംഒ അറിയിച്ചു.

ഇതിനിടെ, യുവാവിന്റെ ആരോഗ്യനില തൃപ്തികര‌മെന്ന വിവരം പുറത്തുവന്നു. നിപ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപതികരമെന്ന് എറണാകുളം ഡി.എംഒ അറിയിച്ചു. രാവിലെ ഭക്ഷണം കഴിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.
നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വിപുലമായ പ്രതിരോധസന്നാഹങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. കളമശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു.

കൊച്ചിയില്‍ ആരോഗ്യ സെക്രട്ടറിയും ആരോഗ്യ ഡയറക്ടറും ക്യാംപ് ചെയ്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്റെ സേവനവും സര്‍ക്കാര്‍ തേടി. എറണാകുളം കലക്ടറുടെ സാന്നിധ്യത്തില്‍ രാവിലെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. തൃശൂരില്‍ ഡി.എം.ഒയുടെ നേതൃത്വത്തില‍്‍ ഒരുക്കങ്ങള്‍ തുടരുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുള്‍പെടെ അഞ്ചംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.വരുന്നത് അഞ്ചംഗ പരിചയ സമ്പത്തുള്ള ഡോക്ടര്‍മാരുടെ സംഘമാണ്‌. നിപ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ചികിത്സയ്ക്കായാണ് സംഘം എത്തുന്നത്. കഴിഞ്ഞ വർഷം ആരോഗ്യമേഖലയ്ക്ക് വൻ വെല്ലുവിളി ഉയർത്തിയ നിപയെ ഫലപ്രദമായി പ്രതിരോധിച്ച ഡോക്ടറുമാരുടെ സംഘമാണ് എത്തുന്നത്.

യുവാവിന്റെ സ്വദേശമായ വടക്കന്‍ പറവൂരിലും യുവാവ് പഠിക്കുന്ന തൊടുപുഴയിലും പഠനാവശ്യത്തിന് എത്തിയ തൃശൂരിലും വേണ്ട മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞു. വിദ്യാര്‍ഥി താമസിച്ച തൊടുപുഴയിലെ കോളജ് നിരീക്ഷണത്തിലാണ്.

RECENT POSTS
Copyright © . All rights reserved