ന്യൂഡൽഹി∙ രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്കു പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ബിജെപിക്കകത്ത് ജനാധിപത്യം വേണമെന്നും സ്വാമി മനോരമ ന്യൂസിനോട് പറഞ്ഞു. ബിജെപിയുടെ വന്‍വിജയത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വാമിയുടെ പ്രതികരണം.
സാമ്പത്തികരംഗത്തെ വീഴ്ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദേശീയതകൊണ്ടു മറികടക്കുകയായിരുന്നു. മോദി ഭരണകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ വീഴ്ചകള്‍ തിരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ചയാകാതെ പോയതു ദേശസുരക്ഷയിലൂന്നി ബിജെപി പ്രചാരണം നടത്തിയതിനാലാണ്. കൂടുതല്‍ കരുത്തുമായി നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയാകാനൊരുങ്ങുമ്പോളാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.
തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് നിന്ന് ശക്തിയാര്‍ജിക്കണം. ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞതു ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ വൈകാതെയെടുക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
പത്തനംതിട്ട ഒളിപ്പിച്ച് വച്ചിരുന്ന രാഷ്ട്രീയ ചിത്രങ്ങൾ വിചിത്രമായി തുടരുകയാണ്. ശബരിമല വിഷയം വലിയ ചർച്ചയാക്കി ബിജെപി വലിയ മുന്നേറ്റമാണ് തുടങ്ങി വച്ചത്. ത്രികോണ മൽസരത്തിന്റെ പ്രതീതി അവസാനനിമിഷം വരെ നിലനിർത്തിയ പത്തനംതിട്ടയുടെ ഫലം വന്നപ്പോൾ ബിജെപി മൂന്നാമതായി. എന്നാൽ ഇപ്പോൾ വേറെ ചില കണക്കുകളാണ് പുറത്തുവരുന്നത്. മണ്ഡലത്തിൽ ഹാട്രിക് തികച്ച ആന്റോ ആന്റണിയുടെ സ്വന്തം ബൂത്തിൽ കെ.സുരേന്ദ്രൻ മുന്നില്‍. വീണാ ജോർജിന്റെ ബൂത്തിലാകട്ടെ, ആന്റോ ആന്റണിയും ഒന്നാമനായി.
നാടിളക്കി മറിച്ചു വോട്ടഭ്യർഥിച്ച നേതാക്കളിൽ പലരും സ്വന്തം ബൂത്തിൽ വലിയ പരുങ്ങലിലായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ 231ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വോട്ടു ചെയ്തത്. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജിന്റെ ബൂത്തു കൂടിയാണിത്. ഇവിടെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ 287 വോട്ടു നേടിയപ്പോൾ വീണാ ജോർജ് 145 വോട്ടുമായി രണ്ടാമതായി. 110 വോട്ടുമായി മൂന്നാം സ്ഥാനം മാത്രമേ ആന്റോയ്ക്കുള്ളു.
ആനപ്പാറ ഗവ എൽപി സ്കൂളിലെ 238ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണി 467 വോട്ട് നേടിയപ്പോൾ വീണയ്ക്കു കിട്ടിയത് 348 വോട്ട്. കെ.സുരേന്ദ്രൻ 51. ആറന്മുള മണ്ഡലത്തിൽ ആന്റോ ആന്റണിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് മുണ്ടുകോട്ടയ്ക്കൽ എസ്എൻഎസ്‌വിഎംയുപി സ്കൂളിലെ 225ാം നമ്പർ ബൂത്തിലാണ്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സജി കെ.സൈമണിന്റെ വാർഡായ ഇവിടെ ആന്റോയ്ക്ക് 491 വോട്ട് ലഭിച്ചു.
കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ ഇടത്തറ സെന്റ് തോമസ് യുപി സ്കൂളിലെ 164ാം നമ്പർ ബൂത്തിൽ ആന്റോ 171, വീണ 251, സുരേന്ദ്രന് 152 എന്നിങ്ങനെയാണ് വോട്ട്. അതേസമയം, സിപിഎം ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനുവിന്റെ ബൂത്തിൽ ആന്റോയാണ് മുന്നിൽ.
കോന്നി മണ്ഡലത്തിലെ 150ാം നമ്പർ ബൂത്തിൽ യുഡിഎഫ് 299, എൽഡിഎഫ് 150, എൻഡിഎ 63 എന്ന നിലയിലാണ് വോട്ടു വിഹിതം. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മാനം കാത്തു. ആറന്മുള മണ്ഡലത്തിലെ 159ാം നമ്പർ ബൂത്തിൽ സുരേന്ദ്രൻ 416 വോട്ട് പിടിച്ചു. ആന്റോ 268, വീണ 124 എന്നിവർ പിന്നിലായി. റാന്നി എംഎൽഎ രാജു ഏബ്രഹാമിന്റെ ബൂത്തിൽ ആന്റോയാണ് ജേതാവ്. അങ്ങാടി പഞ്ചായത്തിലെ കരിങ്കുറ്റി സെന്റ് തോമസ് യുപി സ്കൂളിലെ 95ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണി 256 വോട്ടും വീണാ ജോർജ് 162 വോട്ടും കെ. സുരേന്ദ്രൻ 146 വോട്ടും പിടിച്ചു. തിരുവല്ല എംഎൽഎ മാത്യു ടി. തോമസിന്റെ ബൂത്തിലും വീണ പിന്നിൽ പോയി. തിരുവല്ല മണ്ഡലത്തിലെ 91ാം നമ്പർ ബൂത്തിൽ യുഡിഎഫ് 276, എൽഡിഎഫ് 235, എൻഡിഎ 22 എന്നിങ്ങനെയാണ് വോട്ട് നില.
ഏകദിന ലോകകപ്പിന് ഒരുക്കമായുള്ള ആദ്യ സന്നാഹ മൽസരത്തിൽ ന്യൂസീലൻഡിനോട് ആറ് വിക്കറ്റിന് തോൽവി സമ്മതിച്ച് ഇന്ത്യ. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 37.1 ഓവറിൽ ലക്ഷ്യം കണ്ടു. ന്യൂസീലൻഡിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (67), റോസ് ടെയ്‌ലർ (71) എന്നിവർ അർധസെഞ്ചുറി നേടി
മാർട്ടിൻ ഗപ്റ്റിൽ (22), കോളിൻ മൺറോ (4), ഹെന്ററി നിക്കോളാസ് (15), ടോം ബ്ലൺഡൽ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, ഹാർദ്ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒരു ഘട്ടത്തിൽ എട്ടിന് 115 റണ്‍സ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഒൻപതാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – കുൽദീപ് യാദവ് സഖ്യം പടുത്തുയർത്തിയ 62 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോററായ ജഡേജ 54 റൺസെടുത്ത് ഒൻപതാമനായാണ് പുറത്തായത്. ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്സ്. കുൽദീപ് യാദവ് 36 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 19 റൺസെടുത്ത് പത്താമനായി പുറത്തായി.
പൃഥ്വിരാജിൻറെ സംവിധാനസംരംഭത്തിൽ മോഹൻലാൽ നായകനായിറങ്ങിയ ലൂസിഫറിനെ വിമര്‍ശിച്ച് പ്ലാനിങ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ ബി. ഇക്ബാല്‍ രംഗത്ത്‍. തീർത്തും അസഹനീയവും അരോചകവും തട്ടുപൊളിപ്പനുമായ സിനിമയാണ് ലൂസിഫറെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. നിരവധി ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയം തന്നെയാണ് ലൂസിഫറും വിളമ്പി തിരുന്നത്. മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കാണുന്നില്ലെയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
ഡോ ബി. ഇക്ബാലിൻറെ കുറിപ്പ്:
ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കാൻ കഴിയും ഈ തട്ടിപൊളിപ്പൻ ബ്ലോക്ക്ബസ്റ്റർ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിർവഹിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ, മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്ന ഐറ്റം ഡാൻസ് അടക്കം നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് വിളമ്പിത്തരുന്നത്.
കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും, ലൂസിഫറിലൂടെ.
എറണാകുളം നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. നെട്ടൂര്‍ സ്വദേശി ബിനിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പനങ്ങാട് പൊലീസിന് മുന്നില്‍ കീഴടങ്ങി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹമോചനത്തിനായുള്ള കേസ് കുടുംബക്കോടതിയില്‍ നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതകം.
റോബിൻ ഫിഷർ,44 ആണ് കൊടുമുടിക്ക് 150 മീറ്റർ താഴെയായി തിരിച്ചുള്ള യാത്രയിൽ മരണത്തിനു കീഴടങ്ങിയത് .
അദ്ദേഹത്തിന്റെ പങ്കാളി ക്രിസ്ത്യൻ കാരിയർ ഫേസ്ബുക്കിൽ എഴുതി. “അവൻ തന്റെ ലക്‌ഷ്യം നേടി. എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് അവന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.”
തന്റെ ജീവിതം അർഥതവതായി ജീവിച്ച ഒരു സാഹസികനായിരുന്നു റോബിൻ ഫിഷർ എന്ന് അദ്ദേഹത്തിന്റെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു.
എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടയിൽ ഏകദേശം എട്ടോളം ആളുകൾ ഈ ആഴ്ചയിൽ തന്നെ മരണപ്പെട്ടിരുന്നു.
നിർബന്ധിത വിവാഹങ്ങൾ സ്ത്രീകളുടെ ഇടയിൽ മാത്രമല്ല പുരുഷന്മാരുടെ ഇടയിലും വർധിക്കുന്നു എന്ന് ഫോഴ്സ്ഡ് മാര്യേജ് യൂണിറ്റ് ഒരു പഠനത്തിൽ വെളിപ്പെടുത്തി .
ഇങ്ങനെയുള്ള 1764 സംഭവങ്ങളാണ് 2018-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 47 % വളർച്ച .
നിർബന്ധിത വിവാഹങ്ങൾ സ്ത്രീകളുടെ ഇടയിലാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ അവ പുരുഷന്മാരുടെ ഇടയിലും വർധിച്ചുവരുന്നതായി സ്ഥിതിവിവര കണക്കുകൾ ചൂണ്ടികാണിക്കുന്നു. ലോക ശരാശരിയേക്കാൾ ഇത് വളരെ കൂടുതലാണ് . ഒരു വികസിത രാജ്യമായ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്ന കണക്കുകൾ ആശ്വാസകരമല്ല
ഉചിതമായ മാറ്റങ്ങളിലൂടെ ബ്രക്സിറ്റ് നയം തിരുത്തിയില്ലെങ്കിൽ അത് പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ലേബർ പാർട്ടി നേതാവ് ടോം വാട്സൺ മുന്നറിയിപ്പുനൽകി. സൺഡേ ഒബ്സർവറിൽ ആണ് അദ്ദേഹം തൻറെ അഭിപ്രായം വെളിപ്പെടുത്തിയത് . ഇന്ന് വരാനിരിക്കുന്ന യൂറോപ്യൻ തിരഞ്ഞെടുപ്പ് ഫലങ്ങളെ ലിബറൽ ഡെമോക്രാറ്റിക്കും യൂറോപ്പ്യൻ യൂണിയനെ സപ്പോർട്ട് ചെയ്യുന്ന പാർട്ടികളുടെ അണികളിൽ നിന്നും ലേബർ പാർട്ടിക്കെതിരായി ഒരു തരംഗം ഉണ്ടായേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഷങ്ങളായി പാർട്ടിക്ക് വോട്ട് ചെയ്യുന്ന ലേബർ പാർട്ടി അംഗം കണ്ണീരോടെ മറുപക്ഷത്തിനാണു തൻറെ വോട്ട് രേഖപ്പെടുത്തുന്നത് എന്ന് പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു .

അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ബ്രക്സിറ്റ് നയത്തോടുള്ള എതിർപ്പ് കൂടുതൽ ശക്തമായി പ്രകടമാക്കിയിരിക്കുകയാണ്. ഒക്ടോബറിൽ നടക്കുന്ന ലേബർ പാർട്ടിയുടെ സമ്മേളനത്തിന് മുൻപായിതന്നെ ബ്രെക്സിന്റെ കാര്യത്തിൽ വ്യക്തമായ നയങ്ങൾ രുപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറെ കാലമായി ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ അനിശ്ചിതത്വം ബ്രിട്ടനിൽ തുടരുകയാണ്, പ്രധാനമന്ത്രി തെരേസ മേ ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിന്നും ബ്രിട്ടനെ മോചിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു . ബ്രെക്സിറ് സംബന്ധമായ വ്യക്തമായ ഒരു മാർഗ നിർദേശം പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ബ്രെക്സിറ്റ് സംബന്ധമായ ലേബർ പാർട്ടിയിൽ നിലനിന്നിരുന്ന ആശയ ഭിന്നതകളാണ് വാടസന്റെ വാക്കുകളിൽ കൂടി പ്രകടമാകുന്നത്. ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്, ബ്രെക്സിറ്റിനോട് അനുബന്ധിച്ചു തന്റെ ആശയങ്ങൾക്ക് പൂർണ പിന്തുണ നേടാൻ പാർട്ടിയിൽ കഴിഞ്ഞിരുന്നില്ല . അതിന്റെ പ്രതിഫലനമാണ് വാടസന്റെ വാക്കുകളിൽ കൂടി പുറത്തുവന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നരേന്ദ്രമോഡിയെ എന്‍ഡിഎ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് മോഡിയുടെ പേര് നിര്‍ദേശിച്ചത്. രാജ്‌നാഥ് സിങ്ങും നിതിന്‍ ഗഡ്കരിയും മോഡിയെ പിന്താങ്ങി. എന്‍ഡിഎ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് മോഡിയെ നേതാവായി തിരഞ്ഞെടുത്തത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി മോഡി കൂടിക്കാഴ്ച നടത്തും. മോഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നലെ രാജി സമര്‍പ്പിച്ചിരുന്നു.
എന്‍ഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്‌സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ഒന്നരമാസം കായികലോകത്തിന് ഇനി ഉത്സവാമായിരിക്കുമെന്ന് ഉറപ്പ്.
ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ഇംഗ്ലണ്ടും വെയ്ൽസും
ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങൾക്ക് വോദിയാകുന്നത്. 1975, 1979, 1983, 1999 വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഉദ്ഘാടന മത്സരം ഓവലിലും, ഫൈനൽ പോരാട്ടം ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്സ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.
മെയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപോരാട്ടം ജൂലൈ 14നാണ്. ലോകകപ്പ് മത്സരക്രമം ഐസിസി നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിന് യോഗ്യത നേടുക.
അസോസിയേറ്റ് രാജ്യങ്ങളുടെ പങ്കാളിത്തമില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പ് മത്സരം എന്ന പ്രത്യേകതയും ഇംഗ്ലണ്ട് ലോകകപ്പിനുണ്ട്. 2017 ൽ അഫ്ഗാനിസ്ഥാനും അയർലണ്ടിനും ഐസിസി ടെസ്റ്റ് പദവി നൽകിയിരുന്നു. പിന്നാലെ നടന്ന യോഗ്യത മത്സരങ്ങളിൽ അസോസിയേറ്റ് രാജ്യങ്ങൾക്ക് ജയിക്കാനും സാധിക്കാതെ വന്നതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾ മാത്രം കളിക്കുന്ന ലോകകപ്പായി ഇത്തവണത്തേത് മാറുകയായിരുന്നു.
ലോകകപ്പിൽ ഏറ്റുമുട്ടുന്നത് പത്ത് ടീമുകൾ
പത്ത് ടീമുകളാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയ്ക്ക് ഇംഗ്ലണ്ട് യോഗ്യത നേടിയപ്പോൾ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഏകദിന റാങ്കിങ്ങിന്റെ അടിസ്ഥാനത്തലാണ് ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയത്. യോഗ്യത റൗണ്ട് മത്സരങ്ങളിലൂടെ അഫ്ഗാനിസ്ഥാനും വിൻഡീസും യോഗ്യത നേടുകയായിരുന്നു.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം
ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ഇത് രണ്ടാം അവസരമാണ്. 2015 ലാണ് അഫ്ഗാനിസ്ഥാൻ ആദ്യമായി ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടുന്നത്. 2017ൽ ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷം അഫ്ഗാൻ ആദ്യമായി കളിക്കുന്ന ലോകകപ്പ് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. മികച്ച ഒരുപിടി താരങ്ങളുമായാണ് അഫ്ഗാൻ ലോകകപ്പിനെത്തുന്നത്.
നായകൻ: ഗുൽബാദിൻ നയ്ബ്
ബാറ്റ്സ്മാൻ: നൂർ അലി സദ്രാൻ, അസ്ഗർ അഫ്ഗാൻ, നജീബുള്ള സദ്രാൻ, ഹസ്രത്തുള്ള സസായി, ഹഷ്മത്തുള്ള ഷാഹിദി
ഓൾറൗണ്ടർ: ഗുൽബാദിൻ നയ്ബ്, റഹ്മത്ത് ഷാ, സൈമുള്ള ഷെൻവാരി, മുഹമ്മദ് നബി
വിക്കറ്റ് കീപ്പർ: മുഹമ്മദ് ഷഹ്സാദ്
ബോളർ : റാഷിദ് ഖാൻ, അഫ്ത്താബ് അലം, മുജീബ് ഉർ റഹ്മാൻ, ദവ്‌ലാത്ത് സദ്രാൻ, ഹമീദ് ഹസൻ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
ആറാം കിരീടം ലക്ഷ്യം വച്ചാണ് ഓസ്ട്രേലിയ ഇംഗ്ലണ്ട് ലോകകപ്പിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാർകൂടിയാ ഓസ്ട്രേലിയും എത്തുന്നത് വൻതാരനിരയുമായാണ്. സ്മിത്തിന്റെയും വാർണറുടെയും മടങ്ങിവരവും ടീമിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.
നായകൻ: ആരോൺ ഫിഞ്ച്
ബാറ്റ്സ്മാൻ: ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്
ഓൾറൗണ്ടർ: ഗ്ലെൻ മാക്സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ജെ റിച്ചാർഡ്സൺ
വിക്കറ്റ് കീപ്പർ: അലക്സ് ക്യാരി
ബോളർ: പാറ്റ് കമ്മിൻസ്, നഥാൻ കൗൾട്ടർനിൽ, മിച്ചൽ സ്റ്റാർക്ക്, ജേസൺ ബെഹ്‌റൻഡോർഫ്, ആദാം സാമ്പ, നഥാൻ ലിയോൺ
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം
കന്നി കിരീടം ലക്ഷ്യമിടുന്ന ടീമുകളിൽ ഒന്നാണ് ബംഗ്ലാദേശ്. 1999 മുതൽ ഇങ്ങോട്ടുള്ള എല്ല ലോകകപ്പ് മത്സരങ്ങളിലും യോഗ്യത നേടാൻ ബംഗ്ലാദേശിന് ആയെങ്കിലും ടൂർണമെന്റിൽ തിളങ്ങാൻ അവർക്ക് ഇതുവരെ സാധിച്ചട്ടില്ല. 2007ൽ സൂപ്പർ എട്ടിലും 2015ൽ ക്വാർട്ടർ ഫൈനലിൽ എത്തിയതുമാണ് ഇതുവരെയുള്ള ബംഗാൾ കടുവകളുടെ മികച്ച പ്രകടനം.
നായകൻ : മഷ്റഫെ മൊർട്ടാസ
ബാറ്റ്സ്മാൻ: തമീം ഇക്ബാൽ, സൗമ്യ സർക്കാർ, സബീർ റഹ്മാൻ.
ഓൾറൗണ്ടർ: മഹ്മുദുള്ള, മുഹമ്മദ് സൈഫുദ്ദീൻ, മൊസഡെക്ക് ഹൊസൈൻ, ഷക്കീബ് അൽ ഹസൻ, മെഹിദി ഹസൻ.
വിക്കറ്റ് കീപ്പർ: ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹ്മാൻ, മുഹമ്മദ് മിഥുൻ.
ബോളർ: മഷ്റഫെ മോർട്ടാസ, റുബൽ ഹൊസൈൻ, മുസ്തഫിസൂർ റഹ്മാൻ, അബു ജയ്ദ്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്ന് തന്നെയാണ്. ക്രിക്കറ്റിന്റെ കളിതൊട്ടിലാണെങ്കിലും ഇന്ന് വരെ ലോകകിരീടം ഉയർത്താൻ ഇംഗ്ലണ്ടിന് സാധിച്ചട്ടില്ല. ഇത്തവണ ആ ചീത്തപേര് മാറ്റാനാണ് ഇംഗ്ലണ്ട് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്.
നായകൻ: ഇയാൻ മോർഗൻ
ബാറ്റ്സ്മാൻ: ജോ റൂട്ട്, ജേസൺ റോയ്, ഇയാൻ മോർഗൻ
ഓൾറൗണ്ടർ: ബെൻ സ്റ്റോക്സ്, മൊയിൻ അലി, ജോ ഡെൻലി, ക്രിസ് വോക്സ്, ടോം കുറാൻ, ഡേവിഡ് വില്ലി.
വിക്കറ്റ് കീപ്പർ: ജോണി ബെയർസ്റ്റോ, ജോസ് ബട്‌ലർ
ബോളർ:ലിയാം പ്ലങ്കറ്റ്, ആദിൽ റഷീദ്, മാർക്ക് വുഡ്
ഇന്ത്യൻ ക്രിക്കറ്റ് ടീം
രണ്ട് തവണ ലോകകപ്പ് കിരീടം ഉയർത്തിയ ടീമാണ് ഇന്ത്യ. ഏറ്റവും ഒടുവിൽ 2011ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പാണ് ഇന്ത്യ സ്വന്തമാക്കിയത്. 2015ൽ സെമിയിൽ അവസാനിച്ച ഇന്ത്യൻ കുതിപ്പ് ഇത്തവണ കിരീടത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് പ്രേമികളും.
നായകൻ: വിരാട് കോഹ്‌ലി
ബാറ്റ്സ്മാൻ: രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി
ഓൾറൗണ്ടർ: വിജയ് ശങ്കർ, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ.
വിക്കറ്റ് കീപ്പർ: എം.എസ് ധോണി, ദിനേശ് കാർത്തിക്, കെ.എൽ രാഹുൽ
ബോളർ: കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസപ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ
ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം
ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ന്യൂസിലൻഡ് കഴിഞ്ഞ തവണ ലോകകപ്പ് ഫൈനലിൽ എത്തിയത്. അതും സ്വന്തം നാട്ടിൽ നടന്ന പോരാട്ടത്തിൽ. ഫൈനലിൽ ഓസ്ട്രേലിയയോട് കീഴടങ്ങിയ കിവികൾ ഇത്തവണ കിരീടം ഉയർത്താമെന്ന പ്രതീക്ഷയിൽ തന്നെയാണ് എത്തുന്നത്.
ബാറ്റ്സ്മാൻ: കെയ്ൻ വില്ല്യംസൺ, മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്‌ലർ
ഓൾറൗണ്ടർ: കോളിൻ ഡി ഗ്രാൻഡ്ഹോം, കോളിൻ മുൻറോ, ജെയിംസ് നീഷാം, മിച്ചൻ സാന്റനർ.
വിക്കറ്റ് കീപ്പർ: ടോം ബ്ലണ്ടൽ, ടോം ലഥാം, ഹെൻറി നിക്കോളാസ്
ബോളർ: ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗ്യൂസൺ, മാറ്റ് ഹെൻറി, ടിം സൗത്തി, ഇഷ് സോധി.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം
ലോകകപ്പിലെ ശക്തമായ സാനിധ്യമാണ് എപ്പോഴും പാക്കിസ്ഥാൻ. 1992ൽ കിരീടവും 1999ൽ റണ്ണറപ്പുമായ പാക്കിസ്ഥാൻ നാല് തവണ സെമിഫൈനൽ കളിച്ച ടീമാണ് പാക്കിസ്ഥാൻ. 2011ലാണ് പാക്കിസ്ഥാൻ അവസാനമായി സെമിഫൈനൽ കളിച്ചത്. 2015ൽ പാക്കിസ്ഥാൻ ക്വാർട്ടർ ഫൈനൽസിൽ പുറത്താവുകയായിരുന്നു. ഇത്തവണ കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ മുൻനിരയിൽ തന്നെയാണ് പാക്കിസ്ഥാൻ.
നായകൻ: സർഫ്രാസ് അഹമ്മദ്
ബാറ്റ്സ്മാൻ: ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം, ആബിദ് അലി.
ഓൾറൗണ്ടർ: ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈൽ, ഷബാദ് ഖാൻ, ഫഹീം അഷ്റഫ്, ഇമാദ് വാസിം.
വിക്കറ്റ് കീപ്പർ: സർഫ്രാസ് അഹമ്മദ്
ബോളർ: ഷാഹിൻ അഫ്രീദി, ഹസൻ അലി, ജുനൈദ് ഖാൻ, മുഹമ്മദ് ഹസ്നൈൻ
ആരേയും തോല്‍പ്പിക്കും ആരോടും തോല്‍ക്കും; പ്രവചനാതീതം പാക്കിസ്ഥാന്‍
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം
ക്രിക്കറ്റിലെ നിർഭാഗ്യ ടീമുകളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. വലിയ താരനിരയുണ്ടായിട്ടും ഒരിക്കൽ പോലും കിരീടം സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കക്ക് ആയിട്ടില്ല. തുടക്കത്തിൽ വൻ മുന്നേറ്റം നടത്തിുമെങ്കിലും പടിക്കൽ കലം ഉടക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പതിവ്. ഇത്തവണയെങ്കിലും ആ ചീത്തപ്പേര് മാറ്റാം എന്ന പ്രതീക്ഷയോടെയാണ് ഡുപ്ലെസിസും സംഘവും എത്തുന്നത്. ഡിവില്ലിയേഴ്സിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട്.
നായകൻ: ഫാഫ് ഡുപ്ലെസിസ്
ബാറ്റ്സ്മാൻ: ഫാഫ് ഡുപ്ലെസിസ്, ഡേവിഡ് മില്ലർ, എയ്ഡൻ മർക്രാം, ഹഷിം അംല, റാസി വൻ ഡെർഡൂസൺ
ഓൾറൗണ്ടർ: ജീൻ പോൾ ഡുമിനി, ആൻഡിലെ ഫെലുക്വായോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, ക്രിസ് മോറിസ്
വിക്കറ്റ് കീപ്പർ: കഗിസോ റബാഡ, ലുങ്കി എൻങ്കിഡി, ഇമ്രാൻ താഹിർ, ഡെയ്ൽ സ്റ്റെയിൻ, തബ്രെയ്സ് ഷംസി
ശ്രീലങ്കൻ ക്രിക്കറ്റ് ടീം
ഏഷ്യൻ കരുത്തുമായി ലോകകപ്പ് വേദികളിൽ കരുത്ത് കാണിച്ചിട്ടുള്ള ടീമാണ് ശ്രീലങ്ക. ഒരു തവണ കിരീടം ഉയർത്താനും ദ്വീപ് രാഷ്ട്രത്തിനായി. 2011ഇന്ത്യ കിരീടം നേടുന്നത് കലാശ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയായിരുന്നു. പിന്നാലെ ഇതിഹാസ താരങ്ങളും വിരമിച്ചതോടെ ശ്രീലങ്ക താഴേക്ക് വീണു. ലോകകപ്പിലൂടെ വീണ്ടും കരുത്ത് കാട്ടുക എന്ന വലിയ ലക്ഷ്യമാണ് ശ്രീലങ്കക്ക് മുന്നിലുള്ളത്.
നായകൻ: ദിമുത്ത് കരുണരത്നെ
ബാറ്റ്സ്മാൻ: ദിമുത്ത് കരുണരത്നെ, അവിഷ്കെ ഫെർണാണ്ടോ, ലഹിരു തിരിമാനെ
ഓൾറൗണ്ടർ: എഞ്ജലോ മാത്യൂസ്, ദനഞ്ജായ ഡി സിൽവ, ഇസുറു ഉദാന, മിലിന്ദ സിരിവരദാന, തിസാര പെരേര, ജീവൻ മെൻഡിസ്.
വിക്കറ്റ് കീപ്പർ: കുസാൽ പെരേര, കുസാൽ മെൻഡിസ്.
ബോളർ: ജെഫ്രി വാണ്ടർസെ, ലസിത് മലിംഗ, സുറംഗ ലാക്മാൽ, നുവാൻ പ്രദീപ്
വിൻഡീസ് ക്രിക്കറ്റ് ടീം
പ്രതാപ കാലത്തെ ഒർമ്മപ്പെടുത്തുന്ന നിരവധി താരങ്ങൾ സമകാലിക ക്രിക്കറ്റിൽ വന്നെങ്കിലും ലോകകിരീടം മാത്രം അകന്ന് നിന്ന ടീമാണ് വിൻഡിസ്. ടി20 ലോകകപ്പ് നേടാനായത് മാത്രമാണ് ടീമിന് എടുത്ത് പറയാനുള്ള നേട്ടം. 2012ലും 2016ലും വിൻഡീസ് ടി20 ലോകകപ്പ് സ്വന്തമാക്കി. എന്നാൽ ഏകദിനത്തിൽ കാര്യമായ നേട്ടമൊന്നും വിൻഡീസിന്റെ പേരിൽ അടുത്ത കാലത്തില്ല.
നായകൻ: ജേസൺ ഹോൾഡർ
ബാറ്റ്സ്മാൻ: ക്രിസ് ഗെയ്ൽ, എവിൻ ലെവിസ്, ഡാരൻ ബ്രാവോ, ഷിമ്രോൻ ഹെറ്റ്മയർ.
ഓൾറൗണ്ടർ: ആഷ്‌ലി നഴ്സ്, ഫാബിയാൻ അലൻ, ആന്ദ്രെ റസൽ, കാർലോസ് ബ്രാത്ത്‌വൈറ്റ്, ജേസൺ ഹോൾഡർ
വിക്കറ്റ് കീപ്പർ: നിക്കോളാസ് പൂറാൻ, ഷായ് ഹോപ്പ്
ബോളർ: കെമർ റോച്ച്, ഓഷെയ്ൻ തോമസ്, ഷാനോൻ ഗബ്രിയേൽ, ഷെൾഡൻ കോട്ട്രെൽ
മത്സരങ്ങങ്ങൾ നടക്കുന്നത് 11 വേദികളിൽ
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 11 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
1. എഡ്ഗ്ബാസ്റ്റൻ – ബെർമിങ്ഹാം, 25000 കാണികളെ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയത്തിൽ ഒരു സെമിഫൈനൽ മത്സരം ഉൾപ്പടെ അഞ്ച് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
2. ബ്രിസ്റ്റോൾ കൗണ്ടി ഗ്രൗണ്ട് – ബ്രിസ്റ്റോൾ, ഇവിടെ 17500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ അവസരം ലഭിക്കുക. മൂന്ന് മത്സരങ്ങളാണ് ബ്രിസ്റ്റോൾ സ്റ്റേഡിയത്തിൽ നടക്കുക.
3. സോഫിയ ഗാർഡൻസ് – ഗ്ലാമോർഗൻ, 15643 പേരെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക. നാല് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.
4. റിവർസൈഡ് ഗ്രൗണ്ട് – ചെസ്റ്റർ ലെ സ്ട്രീറ്റ്, മൂന്ന് ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ആ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 20000 ആണ്.
5. ഹെഡ്‌ലിങ്‌ലി – യോർക്ക്ഷെയർ, 18350 പേരെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക. നാല് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.
6. കൗണ്ടി ഗ്രൗണ്ട് – ടോട്ടൻ, തരതമ്യേന ചെറിയ ഗ്രൗണ്ടായ ഇവിടെ 12500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ സാധിക്കുക. മൂന്ന് മത്സരങ്ങളാണ് ടോട്ടൻ സ്റ്റേഡിയത്തിൽ നടക്കുന്നത്.
7. റോസ് ബൗൾ – സതംപ്ടൺ, 25000 കാണികളെ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയത്തിൽ അഞ്ച് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
8. ട്രെണ്ട് ബ്രിഡ്ജ് – നോട്ടിങ്ഹാം, ഇവിടെ 17500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ അവസരം ലഭിക്കുക. അഞ്ച് മത്സരങ്ങളാണ് നോട്ടിങ്ഹാം സ്റ്റേഡിയത്തിൽ നടക്കുക.
9. ഓൾഡ് ട്രഫോർഡ് – മാഞ്ചസ്റ്റർ, 26000 കാണികളെ ഉൾപ്പെടുന്ന ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിലാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കുന്നത്. ഒരു സെമി ഫൈനൽ ഉൾപ്പടെ ആറ് മത്സരങ്ങളാണ് ഇവിടെ നടക്കുക.
10. ഓവൽ – ലണ്ടൻ, അഞ്ച് ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 20000 ആണ്. ഉദ്ഘാടന മത്സരവും ഇവിടെയാണ് നടക്കുന്നത്.
11. ലോർഡ്സ് – ലണ്ടൻ, ക്രിക്കറ്റിന്റെ കളിത്തൊട്ടിലെന്നും മെക്കയെന്നും അറിയപ്പെടുന്ന ലോർഡ്സിലാണ് ഫൈനൽ ഉൾപ്പടെ അഞ്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 28000 കാണികളെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക.