Latest News

കാമുകന്റെ സഹായത്തോടെ കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച വീട്ടമ്മയും കാമുകനും പിടിയിൽ. കൊലയ്ക്ക് ശേഷം ഭർത്താവിനെ ആത്മഹത്യാപ്രേരണ കേസിൽ കുരുക്കാനുള്ള തെളിവുകളും ഒരുക്കി കാമുകനുമൊപ്പം മുങ്ങിയ വീട്ടമ്മ ഒടുവിൽ പൊലീസിന്റെ വലയിലാകുകയായിരുന്നു.

മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ജാധവ്‌വാഡി നിവാസി സോനാലി ഷിൻഡെ (30) ആണ് പിടിയിലായത്. കാമുകൻ ഛബ്ബാദാസ് വൈഷ്ണവിന്റെ (26) സഹായത്തോടെയാണു കൂട്ടുകാരി രുക്മൺബായ് മാലിയെ (31) കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം തന്റെ വസ്ത്രവും പാദരക്ഷകളും ചില ആഭരണങ്ങളും മൃതദേഹത്തിൽ അണിയിച്ച് കത്തിച്ചു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികിൽ സോനാലി എഴുതിവച്ചിരുന്നു.

വസ്ത്ര ഭാഗങ്ങളും ആഭരണങ്ങളും കണ്ട് മൃതദേഹം സോനാലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ സംസ്‌കരിക്കുകയും ഭർത്താവ് സദാശിവ് ഷിൻഡെയ്ക്ക് എതിരെ പരാതി നൽകുകയും ചെയ്തു. ഇതിനിടെ രുക്മൺബായിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുകേസുകളും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉടലെടുക്കുകയായിരുന്നു.

സോനാലി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസം ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയിൽവേ സ്‌റ്റേഷനിൽ കാമുകനൊപ്പം സോനാലി പിടിയിലാകുകയായിരുന്നു

തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ നശിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അഞ്ചുപേരെ വിളിപ്പിച്ചപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം സ്റ്റേഷനിലെത്തി. അടിമാലി പൊലീസ് സ്‌റ്റേഷനിലാണ് വിചിത്രമായ സംഭവമുണ്ടായത്.

തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ സമീപവാസികളായ അഞ്ചുപേര്‍ വെട്ടിനശിപ്പിച്ചതായും വീട്ടിലേക്ക് കല്ലെറിഞ്ഞതായും കാട്ടി ഓടയ്ക്കാസിറ്റി സ്വദേശിനി അടിമാലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളായ അഞ്ചുപേരെ അധികൃതര്‍ സ്റ്റേഷനിലേക്ക് വിളിപ്പത്.

എന്നാല്‍ യുവതിയുടേത് കള്ളപരാതിയാണെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗമടക്കമുള്ളവര്‍ യുവാക്കളോടൊപ്പം സ്റ്റേഷനിലെത്തിയത്. ഓടയാക്കാസിറ്റി നായ്ക്കുന്ന് റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് യുവതിയും നാട്ടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കാലങ്ങളായി യുവതിയും പുരയിടത്തിലൂടെയാണ് ഒഴുകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെള്ളം വിടുന്നതിന് യുവതി തയ്യറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. വെള്ളം പുരയിടത്തില്‍ കയറാത്തവിധം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കാമെന്ന് അറിയിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് കള്ളപരാതിയുമായി യുവതി രംഗത്തെത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയത് മുതല്‍ വില്ലനായിരിക്കുകയാണ് മഴ. ഏറെ കാത്തിരുന്ന ലോകകപ്പ് എത്തിയപ്പോഴാണ് മഴ കളിക്കുന്നതെന്നത് ആരാധകരെ ചെറുതായൊന്നുമല്ല വിഷമിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഇപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. ചൊവ്വാഴ്ച ശ്രീലങ്ക-ബംഗ്ലാദേശ് മത്സരമായിരുന്നു മഴ കളിച്ച അവസാനത്തെ മത്സരം. ഒരൊറ്റ പന്ത് പോലും എറിയാനാവാതെയാണ് ഈ മത്സരം ഉപേക്ഷിച്ചത്.

ഇത്ര വലിയ ടൂര്‍ണമെന്റ് ആയിട്ടും കാലാവസ്ഥ മുന്‍ കണക്കിലെടുക്കാതെ ഷെഡ്യൂള്‍ ചെയ്തതിനെ ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടില്‍ അല്ലാതെ മറ്റ് എവിടെയെങ്കിലും മത്സരം വയ്ക്കാമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

പലരും ഐസിസിക്കെതിരെ സോഷ്യൽ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കൂടാതെ ഐസിസിയെ ട്രോള്‍ ചെയ്തും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ മഴയെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ചിലര്‍ പറഞ്ഞത്. ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കുട പിടിപ്പിച്ച പുതിയ ട്രോഫി രൂപകല്‍പന ചെയ്യണമെന്നും ചിലര്‍ പറയുന്നുണ്ട്.

കനത്ത മഴയില്‍ മത്സരം ഉപേക്ഷിക്കുന്നത് ടീമുകളുടെ സെമി സാധ്യതയെയും സാരമായി ബാധിക്കും. പ്രാഥമിക ഘട്ടത്തില്‍ റിസർവ് ദിനം ഒഴിവാക്കിയതാണ് ഫലമില്ലാ മത്സരങ്ങളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ഇതാദ്യമായാണ് ഒരു ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിക്കുന്നത്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ മഴ മുടക്കുന്ന കളികളില്‍ പോയിന്റ് പങ്കുവയ്ക്കുക‌യാണ് ചെയ്യുന്നത്. എന്നാല്‍ സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ട്. റിസര്‍വ് ദിനത്തിലും കളി നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിന് യോഗ്യത നേടും. ഇനി സെമിഫൈനല്‍ സമനിലയിലായാല്‍ സൂപ്പര്‍ ഓവറിലൂടെയാകും വിജയികളെ കണ്ടെത്തുക.

മത്സരങ്ങള്‍ മഴയില്‍ മുങ്ങിയാല്‍ കൂടുതല്‍ ടീമുകള്‍ക്ക് ഒരേ പോയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ കൂടുതല്‍ വിജയമുള്ള ടീമിനാണ് സെമി ഫൈനലിലേക്ക് പ്രഥമ പരിഗണന. പിന്നെ നെറ്റ് റണ്‍റേറ്റ് നോക്കും. ഇതുരണ്ടും തുല്യമാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ച ടീം സെമിയില്‍ കടക്കും. ഇതിലും തുല്യമാണെങ്കില്‍ ലോകകപ്പിലെ സീഡിങ് ആകും പരിഗണിക്കുക.

ലോകകപ്പ് ഫൈനല്‍ ദിനവും റിസര്‍വ് ദിനവും കളി തടസപ്പെട്ടാല്‍ കിരീടം പങ്കുവയ്ക്കും. 2007 ലെ കരീബിയന്‍ ലോകകപ്പിലും 99 ല്‍ ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിച്ച ലോകകപ്പിലും റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിരുന്നു.

 

 

റെയില്‍വേ പൊലീസുകാര്‍ തന്നെ മര്‍ദ്ദിക്കുകയും വായില്‍ മൂത്രമൊഴിക്കുകയും ചെയ്തതായി പശ്ചിമ യുപിയില്‍ മാധ്യമപ്രവര്‍ത്തകന്റെ പരാതി. യുപിയിലെ ഷംലി ജില്ലയിലാണ് സംഭവം. അമിത് ശര്‍മ എന്ന മാധ്യമപ്രവര്‍ത്തകനാണ് ആക്രമിക്കപ്പെട്ടത്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായത് പ്രതിഷേധമുയര്‍ത്തുന്നതിന് ഇടയിലാണ് മാധ്യമപ്രവര്‍ത്തകന് എതിരായ അക്രമം. ട്രെയിന്‍ പാളം തെറ്റിയത് ഷൂട്ട് ചെയ്യവേയാണ് അമിത് ശര്‍മ്മയ ആര്‍പിഎഫുകാര്‍ മര്‍ദ്ദിച്ചത്. കാമറയും ഫോണും പിടിച്ചുവാങ്ങി. വലിട്ട് താഴെയിട്ടു, മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. നഗ്‌നാക്കി. ഇടിക്കുകയും തൊഴിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്്തു. പ്രതിഷേധത്തെ തുടര്‍ന്നാണ് അമിത് ശര്‍മയെ വിട്ടയയ്ക്കാന്‍ പൊലീസ് തയ്യാറായത്. പൊലീസ് സ്റ്റേഷനുള്ളില്‍ വീഡിയോയും മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ആര്‍പിഎഫിനെക്കുറിച്ച് ചെയ്ത ന്യൂസ് റിപ്പോര്‍ട്ടാണ് അവരെ പ്രകോപിപ്പിച്ചത് എന്നാണ് അമിത് ശര്‍മ സുഹൃത്തുക്കളോട് പറഞ്ഞത്. ആ സ്റ്റോറിയുടെ വീഡിയോ ഫൂട്ടേജ് പൊലീസുകാര്‍ പിടിച്ചെടുത്ത ഫോണിലുണ്ടായിരുന്നു. ഡിജിപി ഒപി സിംഗിന്റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒയേയും (സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍) കോണ്‍സ്റ്റബിളിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി അറസ്റ്റ് ചെയ്തു. നാഷന്‍ ലൈവ് ചാനല്‍ എഡിറ്റര്‍ അംശൂല്‍ കൗശിക്കിനെയാണ് അറസ്റ്റ് ചെയ്തത്. കൗശിക്കിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ചാനലിലെ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകന്‍ ഇഷിക സിംഗിനേയും അനൂജ് ശുക്ലയേയും അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ജാമ്യത്തില്‍ വിടാന്‍ ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രൂക്ഷവിമര്‍ശനമാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ സുപ്രീം കോടതി യുപി പൊലീസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇത് ഭരണഘടന നിലവിലുള്ള രാജ്യമാണ് എന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും കൊലക്കുറ്റമൊന്നും അല്ലെന്നും കോടതി പറഞ്ഞിരുന്നു.

ജൂണ്‍ ആറിലെ പരിപാടിയില്‍ യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതിന്റെ ട്വിറ്റര്‍ വീഡിയോ ഷെയര്‍ ചെയ്തവരാണ് അറസ്റ്റിലായത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് അംശൂല്‍ കൗശിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

 

പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്നുമാണ് യുവാവിന് ഷോക്കേറ്റത്. മാങ്ങോട് പാടത്ത് ഷീല സുലൈമാന്‍ ദമ്പതികളുടെ മകന്‍ ആഷിഖാണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസം എസ്ഡിപിഐ- എഐവൈഎഫ് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ മുൻകരുതൽ പ്രവർത്തനങ്ങളെ തുടർന്നാണ് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ചികിത്സയിലാണ്.

തിരുവനന്തപുരം∙ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് ഡിജിപിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.

മുന്‍ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. മിനിറ്റ്സ് അടക്കമുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അതിനായി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

ഷിയാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരില്‍ 13-ാം വയസ്സില്‍ അറസ്റ്റിലായ സൌദീ പൌരനെ വധശിക്ഷക്ക് വിധിച്ചുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ‘ഭീകര സംഘടന’യില്‍ ചേര്‍ന്നു, ‘രാജ്യദ്രോഹ കുറ്റം’ ചെയ്തു തുടങ്ങിയ വകുപ്പുകളാണ് മുര്‍ത്തജ ഖുറൈറീസ് എന്ന, ഇപ്പോള്‍ പതിനെട്ടു വയസ്സുള്ള, യുവാവിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

2014 സെപ്തംബറിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. അതിനുശേഷം ഇത്രയും കാലം ഏകാന്ത തടവിൽ പാര്‍പ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് സൗദി അറേബ്യ ഈ കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം സൗദിയില്‍ 37 പേരുടെ വധശിക്ഷയാണ് കൂട്ടത്തോടെ നടപ്പാക്കിയത് എന്നത് ആശങ്കാജനകമാണ്. അവരിൽ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണ് എന്നതാണ് ശ്രദ്ധേയം. അതില്‍ 16 വയസുള്ളപ്പോൾ അറസ്റ്റിലായ ഒരു ഷിയാ യുവാവും ഉണ്ടായിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.

മുര്‍ത്തജ ഖുറൈറീസിനെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റങ്ങളില്‍ അയാൾക്ക് വെറും പത്തുവയസ്സ് മാത്രമാണ് പ്രായമുള്ളപ്പോള്‍ നടന്ന സംഭവവുമുണ്ട്. മുത്തര്‍ജയുടെ മുതിർന്ന സഹോദരന്‍ 2011-ലെ അറബ് വസന്തകാലത്ത് നടന്ന സമരങ്ങളുടെ ഭാഗമായി കൊല ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നതാണ് മുര്‍ത്തജക്കെതിരെ ചുമത്തിയിട്ടുള്ള ഒരു കുറ്റം. അറസ്റ്റ് നടക്കുമ്പോള്‍ അയാളുടെ പ്രായം പതിനൊന്നു വയസ്സാണ്.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഷിയാ ന്യൂനപക്ഷ പ്രക്ഷോഭകർ 2011-ല്‍ തുല്യാവകാശത്തിനുവേണ്ടി സമരം ചെയ്തിരുന്നു. സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭിക്കുന്നില്ലെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള വഹാബികളില്‍നിന്നും, സുന്നികളില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നതെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.

2014-മുതൽ സൗദി അറേബ്യയിലെ ഭീകരവിരുദ്ധ കോടതിക്ക് മുമ്പാകെ നൂറോളം ഷിയാ വിഭാഗക്കാരാണ് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സർക്കാറിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും കുട്ടങ്ങലുമാണ് അവര്‍ക്കുമേല്‍ ചുത്തപ്പെട്ടിരിക്കുന്നത് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. 2016-ൽ സൌദിയിലെ ഏറ്റവും വലിയ ഷിയാ നേതാവായ ശൈഖ് നിംർ അൽ-നിംറിനെ സൗദി അറേബ്യ വധിച്ചിരുന്നു.

ഐടി കമ്പനിയിൽ മിനി ബോംബ് സ്ഥാപിച്ച യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പണം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ആണ് തമിഴ്നാട് സിങ്കപ്പെരുമാള്‍ കോവിലിന് സമീപമുള്ള ഐടി പാര്‍ക്കില്‍ ബോംബ് വെച്ചതിനു അതേ സ്ഥാപനത്തിലെ 29-കാരനായ യുവ എന്‍ജിനീയര്‍ അറസ്റ്റിലായത്.

യുവാവിന് അടിയന്തരമായി 50 ലക്ഷം രൂപ ആവശ്യമായി വന്നു. പണം ആവശ്യപ്പെട്ട് ഇയാള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് അജ്ഞാത ഇ മെയില്‍ സന്ദേശം അയച്ചു. പണം നല്‍കിയില്ലെങ്കില്‍ കമ്പനിയില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം. എന്നാല്‍ ജീവനക്കാര്‍ ആരും തന്നെ സന്ദേശത്തത്തോട് പ്രതികരിച്ചില്ല. തുടര്‍ന്ന് ആണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന മിനി ബോംബ് ഇയാള്‍ ഒരു ബോളിനുള്ളിലാക്കി കമ്പനിക്ക് പുറത്ത് സ്ഥാപിച്ചത്.

എന്നാല്‍ ബോംബ് പൊട്ടിത്തെറിക്കുന്നതിന് പകരം അതില്‍ നിന്നും പുക മാത്രം ഉയർന്നതോടെ പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.അപ്പോഴാണ് പ്രതിയായ യുവ എന്‍ജിനീയര്‍ വലയിലായത്

വായൂ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരമാലകള്‍ക്കൊപ്പം പത നുരഞ്ഞു പൊന്തുന്നു. കൊല്ലത്ത് കടല്‍ തീരത്ത് പതയടിഞ്ഞ പ്രതിഭാസത്തെ കുറിച്ച് പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സസിന്റെ ഗവേഷക സംഘം കൊല്ലത്തെത്തി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സസിന്റെ വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ എത്രയും വേഗം ഈ മേഖലയിലെ വിദഗ്ദരടങ്ങുന്ന ഒരു പഠനസംഘത്തെ അയക്കാമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് കൊല്ലത്തെ തീരങ്ങളില്‍ പത നുരഞ്ഞുപൊന്തിയത്. തീര വാസികള്‍ പത അടിഞ്ഞത് ആഘോഷമാക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലും ദൃശ്യങ്ങള്‍ വൈറലാണ്.

 

അസമിലെ ജോർഹട്ടിൽ നിന്ന് മെചുകയിലേക്ക് പോകവേ കാണാതായ വ്യോമസേനയുടെ AN 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇടത്ത് ഇന്നും തെരച്ചിൽ തുടരും. വിമാനത്തിൽ മൂന്ന് മലയാളികളുൾപ്പടെ 13 പേരാണുണ്ടായിരുന്നത്. സിയാങ് ജില്ലയിലെ പായും സർക്കിളിന് തൊട്ടടുത്താണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന Mi-17 ഹെലികോപ്റ്ററാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Image result for missing an-32-debris-images

വിമാനം തകർന്നു വീണ ഇടത്തിന്‍റെ ആദ്യ ചിത്രങ്ങൾ പുറത്തു വന്നു. നിബിഡവനപ്രദേശത്തേക്കാണ് വിമാനം തകർന്നു വീണിരിക്കുന്നത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകർന്നു വീണപ്പോൾ വലിയ തീപിടിത്തമുണ്ടായെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. ജൂൺ 3-ന് അസമിലെ ജോർഹട്ടിൽ നിന്ന് മെചുകയിലെ സൈനിക ലാൻഡിംഗ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്നു വിമാനം. പന്ത്രണ്ടരയോടെ പറന്നുയർന്ന് അരമണിക്കൂറിനകമാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് വേണ്ടി C-130J, സുഖോയ് SU-30 പോർ വിമാനങ്ങൾ, നാവികസേനയുടെ P8-I തെരച്ചിൽ വിമാനങ്ങൾ, കര, വ്യോമസേനകളുടെ ഒരു സംഘം ഹെലികോപ്റ്ററുകൾ എന്നിവ ജൂൺ 3 മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തി വരികയായിരുന്നു. ISROയുടെ ഉപഗ്രഹങ്ങളും, സൈന്യത്തിന്‍റെ ഡ്രോണുകളും തെരച്ചിലിന് സഹായിക്കാനായി ഉണ്ടായിരുന്നു.

Copyright © . All rights reserved