Latest News

യൂബര്‍ ടാക്‌സി ഡൈവറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുവാറ്റുപുഴ വാഴക്കുളം കുഴികണ്ടത്തില്‍ ബിന്‍സന്‍ ജോസഫ് (42) ആണ് മരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പേ ആന്‍ഡ് പാര്‍ക്കില്‍ സ്വന്തം കാറിനുള്ളിലാണ് ബിന്‍സനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം അങ്കമാലി ലിറ്റല്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ .

സി ദിവാകരനെതിരെ തുറന്നടിച്ച് വി എസ് അച്യുതാനന്ദൻ. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്നും ജനം അദ്ദേഹത്തെ വിലയിരുത്തുമെന്നും വിഎസ് ഫേസ്ബുക്കിൽ പ്രതികരിച്ചു. വി എസിനും ധനമന്ത്രി തോമസ് ഐസക്കിനും എതിരെ കഴിഞ്ഞ ദിവസം ദിവാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസം റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണ യോഗത്തിലായിരുന്നു സി ദിവാകരന്റെ വിമർശനം. ദിവാകരന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഎസിന്റെ മറുപടി. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്ന് വി എസ് ആരോപിച്ചു. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും, ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന്.

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിൻറെ ധനകാര്യം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ലന്നും വിഎസ് മറുപടി നൽകി. ദിവാകരന്റെ പരാമർശത്തിനെതിരെ വിഎസും രംഗത്തു വന്നതോടെ സിപിഎം സിപിഐ പോര് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്.

കണ്ണൂര്‍: കാസര്‍ഗോഡ് മണ്ഡലത്തിലെ 7 ബൂത്തുകളില്‍ റീ-പോളിംഗ് പുരോഗമിക്കുന്നു. കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വന്‍ പോലീസ് സന്നാഹത്തെ റീ-പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നിയമിച്ചിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള കര്‍ശന നടപടി സ്വീകരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്. ബൂത്തുകളില്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പിലാത്തറയില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയില്‍ നിന്ന് പുറത്ത് പോയില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്ത് വന്നതോടെയാണ് വാക്കേറ്റമുണ്ടായത്. കഴിഞ്ഞ തവണ ശാലറ്റിന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാള്‍ രേഖപ്പെടുത്തുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവരെ പിന്നീട് പോലീസ് വാഹനത്തില്‍ ബൂത്തിന് പുറത്തേക്ക് കൊണ്ടുപോയി.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വമാണ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ച് ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. അതേസമയം പ്രത്യാരോപണങ്ങളുമായി സിപിഎമ്മും രംഗത്ത് വന്നതോടെ കൂടുതല്‍ കള്ളവോട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തതായി തെളിവ് സഹിതം സിപിഎം പരാതി നല്‍കി. നിലവില്‍ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് റീ-പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

മാഞ്ചസ്റ്ററിൽ നിന്നുള്ള ഇൗ കഥ ലോകത്തിന്റെ ശ്രദ്ധ നേടിയത് ഉടമയുടെ ട്വീറ്റിലൂടെയാണ്. കൗതുകവും ഭീമൻ നഷ്ടവും വരുത്തിവച്ച ഇൗ കച്ചവടത്തിന്റെ കഥ ഇങ്ങനെ. മാഞ്ചസ്റ്ററിലെ ഹാക്ക് മൂർ റെസ്റ്റോറന്റിൽ ഡിന്നറിനെത്തിയ ഒരു കുടുംബമാണ് ഇൗ മഹാഭാഗ്യവാൻമാർ. കുടുംബം റെസ്റ്റോറന്റിൽ നിന്നും ഇന്ത്യൻ രൂപ ഏകദേശം 24,000 രൂപ വില വരുന്ന റെഡ് വൈൻ ഒാർഡർ ചെയ്തു. എന്നാൽ വെയ്റ്റർക്ക് സംഭവിച്ചത് ഭീമൻ അബദ്ധമായിരുന്നു.

24,000 രൂപയോളം വിലവരുന്ന വൈനിന് പകരം വെയ്റ്റർ നൽകിയത് 3.15 ലക്ഷം രൂപയുടെ മുന്തിയ വൈനും. എടുത്തുകൊടുത്ത വെയ്റ്ററോ വൈൻ കഴിച്ച കുടുംബമോ ഇൗ പൊന്നുംവിലയുള്ള വൈനിന്റെ കഥ അറിഞ്ഞില്ല. ഓര്‍ഡർ ചെയ്ത വൈനിന്റെ പണം നൽകി കുടുംബം സ്ഥലം കാലിയാക്കി. എന്നാൽ വൈകിട്ട് കണക്കുനോക്കിയപ്പോഴാണ് മാനേജരുടെ കണ്ണുതള്ളിയത്. റെഡ്‌വൈനിനു പകരം വെയ്റ്റർ നൽകിയത് ഒാർഡർ ചെയ്ത വൈനിനെക്കാളും പതിനേഴിരട്ടി വിലയുള്ള വൈനാണെന്ന് സ്ഥിരീകരിച്ചു. ഇനി എന്ത് ആശങ്കയോടെയാണ് മാനേജറും വെയ്റ്ററും ഉടമയെ കാണാനെത്തിയത്. ജോലിയും പോകും നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന് ഉറപ്പിച്ചെത്തിയ ഇരുവരോടും കാര്യങ്ങൾ മനസിലാക്കിയ ശേഷം ഉടമ നൽകിയ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.
അദ്ദേഹം ആ മറുപടി പിന്നീട് ട്വിറ്ററിൽ കുറിച്ചു. ‘ഇന്നലെ അബദ്ധവശാൽ ഞങ്ങൾ മൂന്നുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന Chateau le Pin Pomerol സെർവ് ചെയ്ത കസ്റ്റമറോട്. ഇന്നലത്തെ നിങ്ങളുടെ വൈകുന്നേരം സന്തോഷപൂർവമായിരുന്നു എന്ന് കരുതുന്നു. അബദ്ധം പറ്റിപ്പോയ ഞങ്ങളുടെ ജീവനക്കാരനോട് ഒരു വാക്ക്. ഒരു തെറ്റൊക്കെ ആർക്കും പറ്റും. സാരമില്ല.. ഞങ്ങൾക്ക് നിങ്ങളോടുള്ള അടുപ്പം അതുപോലെ തന്നെ ഉണ്ട്, ഇപ്പോഴും.. വിഷമിക്കേണ്ട.’ ഉടമ കുറിച്ചു. ട്വീറ്റ് വൈറലായതോടെ ഉടമയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ താനും വധിക്കപ്പെടാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ‌സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് തന്റെ ജീവനെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചേക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഡല്‍ഹിയില്‍ മുസ്‍ലിം വോട്ടുകള്‍ അവസാനനിമിഷം കോണ്‍ഗ്രസിലേക്ക് മറിഞ്ഞെന്നും കേജ്‍രിവാള്‍ പറഞ്ഞു.

ഒരു വാര്‍ത്താചാനലിനോടാണ് കേജ്‍രിവാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ബി.ജെ.പി തന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ടെന്ന് ആരോപിച്ച കേജ്‍രിവാള്‍ അതിനായി സുരക്ഷാ ഉദ്യോഗസ്ഥനെ ഉപയോഗപ്പെടുത്തുമെന്ന് വെളിപ്പെടുത്തി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് പോലെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈകൊണ്ട് താനും വധിക്കപ്പെടും. തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്.

താന്‍ വധിക്കപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് പറയും. മോദിയോട് ദേഷ്യമുള്ള ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന് അദ്ദേഹത്തെ ആക്രമിക്കാന്‍ കഴിയുമോയെന്നും കേജ്‍രിവാള്‍ ചോദിച്ചു. കേജ്‍രിവാള്‍ ആറ് തവണ ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രത്തിന് കീഴില്‍ വരുന്ന ഡല്‍ഹി പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും കുറ്റപ്പെടുത്തി. അതേസമയം, പല രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ടെന്നും വീഴ്ച വരുത്തിയിട്ടില്ലെന്നും ഡല്‍ഹി പൊലീസ് പ്രതികരിച്ചു.

ബയേൺ മ്യൂണിക്കിന് തുടർച്ചയായ ഏഴാം തവണയും ബുണ്ടസ് ലീഗ കിരീടം സമ്മാനിച്ച് മൈതാനത്തു നിന്നും ‘റോബറി’ മടങ്ങി. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനായി ഓരോ  ഗോൾ വീതം നേടി ടീമിന് കിരീടവും സമ്മാനിച്ചാണ് ആര്യൻ റോബനും ഫ്രാങ്ക് റിബറിയും ബയേണിന്റെ പടിയിറങ്ങിയത്. അലയൻസ് അരീനയിൽ ഫ്രാങ്ക് ഫർട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തായിരുന്നു ഇതിഹാസ താരങ്ങളുടെ പടിയിറക്കം.

ഈ സീസണോടെ ബയേൺ മ്യൂണിക്കിനോട് വിടപറയുമെന്ന് താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ബയേണിന്റെ കുതിപ്പിന് കരുത്ത് പകർന്ന് കഴിഞ്ഞ 12 വർഷമായി റിബറിയും 10 വർഷമായി റോബനും ഒപ്പമുണ്ടായിരുന്നു.2007 ൽ ബയേണിലെത്തിയ റിബറി 273 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 86 ഗോളുകളാണ് സമ്പാദ്യം. 200 മത്സരങ്ങളിൽ നിന്നായി 99 ഗോളുകളാണ് ബയേണിൽ റോബന്റെ സമ്പാദ്യം.

 

രാജ്യത്ത് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ ധ്യാനവും ക്ഷേത്രദർശനവും പൂർത്തിയാക്കി. തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിന് സമ്പൽസമൃദ്ധിയുണ്ടാകട്ടെ മോദി പറഞ്ഞു. കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ കേദാർനാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. മോദിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്.

ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് കേദാര്‍നാഥിലേക്കുള്ള യാത്രാമുമതി നല്‍കിയത്. മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രുദ്രാ ഗുഹ നിര്‍മ്മിച്ചത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഗുഹയ്ക്ക് ഏട്ടര ലക്ഷം രൂപ ചെലവായി.

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വെട്ടേറ്റു. തലശേരി കയ്യത്ത് റോഡില്‍ വച്ച് വൈകിട്ട് ആറ് മണിക്ക് ശേഷമാണ് വെട്ടേറ്റത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വ‍ഴി ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വയറിനും വെട്ടേറ്റ നസീറിനെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ത്ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ നസീറിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.

സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗവും തലശേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന നസീര്‍ 2015ലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയത്. പിന്നീട് പി ജയരാജനെതിരെ മത്സരരംഗത്ത് വന്നതിന് ശേഷമാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്നതായിരുന്നു നസീറിന്‍റെ പ്രചരണ മുദ്രാവാക്യം.ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശേരിയില്‍ മത്സരിക്കാന്‍ തയ്യാറെടുത്തെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു.
കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും മണ്ഡലങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മിക്ക ബൂത്തുകളിലും രാവിലെ ആറരയോടെ തന്നെ വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.

കര്‍ശന സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബുവും അറിയിച്ചു. ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങിനുപുറമേ വീഡിയോ കവറേജും ഉണ്ടാകും.

തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും പ്രിസൈഡിങ് ഓഫീസര്‍മാര്‍. വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തി. ഏപ്രില്‍ 23-ന് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒരുദ്യോഗസ്ഥന്‍വീതം എല്ലാ ബൂത്തിലും അധികമായുണ്ടാകും.

റീപോളിങ് നടക്കുന്ന ബൂത്തുകള്‍

പാമ്പുരുത്തി മാപ്പിള എ.യു.പി. സ്‌കൂള്‍, ബൂത്ത് നമ്പര്‍ 166, കുന്നിരിക്ക യു.പി. സ്‌കൂള്‍ ബൂത്ത് നമ്പര്‍ 52, 53, പിലാത്തറ യു.പി. സ്‌കൂള്‍ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍ -69, 70 ബൂത്തുകള്‍, കൂളിയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ -ബൂത്ത് നമ്പര്‍ 48

തിരുവനന്തപുരം വട്ടപ്പാറയില്‍ യുവാവിനെ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ കസ്റ്റഡിയില്‍. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് കാരമൂട് സ്വദേശി മനോജിനെ പിടികൂടിയത്. ഭാര്യയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

വട്ടപ്പാറ സ്വദേശിയായ വിനോദിനെ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് കഴുത്തിന് കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യ ലേഖയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരെത്തിയപ്പോള്‍ കുത്തേറ്റ നിലയില്‍ കാണുകയും ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയുമായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് സ്വയം ജീവനൊടുക്കിയെന്നായിരുന്നു ഭാര്യ പറഞ്ഞിരുന്നത്. എന്നാല്‍ വിനോദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പൊലീസ് കേസ് അന്വേഷിച്ചതോടെയാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്.

മനോജെന്നയാള്‍ വിനോദിനെ കുത്തിയെന്ന് വിനോദിന്റെ ആറുവയസുകാരനായ മകന്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരമൂട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനോജിനെ കസ്റ്റഡിയിലെടുത്തത്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം. ഭാര്യ ലേഖയ്ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ലേഖയും വിനോദും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നൂവെന്ന് അയല്‍ക്കാരും മൊഴി നല്‍കിയിരുന്നു.

RECENT POSTS
Copyright © . All rights reserved