Latest News

റെഡ്ഡി ച്ച് – ശനി, 13 സെപ്റ്റംബർ 2025- കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ ) സംഘടിപ്പിച്ച ഓണാഘോഷം റെഡ്ഡിച്ചിലെ ട്രിനിറ്റി ഹൈസ്കൂളിൽ ഭംഗിയായി അരങ്ങേറി. രാവിലെ 10 .00 മണിക്ക് പ്രസിഡൻറ് ബിൻജു ജേക്കബ് ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടായിരുന്നു പരിപാടികളുടെ തുടക്കം. തുടർന്ന് ഭരണസമിതി അംഗങ്ങൾ അവരുടെ ഓണ സന്ദേശങ്ങൾ പങ്കുവെച്ചു.

ആഘോഷങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട് റെഡ്ഡി ച്ച് മേയർ ജോവാന്ന കെയ്ൻ, കൗൺസിലർമാരായ ബിൽ ഹാർനെറ്റ്, ആൻഡ്രൂ ഫ്രൈ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മലയാളി സമൂഹന നൽകുന്ന മുകവുറ്റ സാമൂഹ്യ സേവനങ്ങൾക്ക് അവർ കെ സി എ കൂട്ടായ്മയെ അഭിനന്ദിച്ചു.

ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാവേലി വേദിയിലെത്തി സന്ദേശം പങ്കുവെച്ചു. തുടർന്ന് റെഡ്ഡി ച്ച് ‘താളം ‘ ടീമിൻറെ ചെണ്ടമേളം ഓണത്തിൻറെ ഉത്സവാന്തരീക്ഷം ഉയർത്തി. പിന്നാലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്ത – സംഗീത പരിപാടികൾ കാഴ്ചക്കാർക്ക് ഒരു അതുല്യ ഓണാനുഭവം സമ്മാനിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തെ ജിസിഎസ്ഇയും എലെവൽ പരീക്ഷകളിലും ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കെസിഎ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. കൂടാതെ, ഈ വർഷത്തെ കലാ – കായിക മത്സരങ്ങളിൽ വിജയികളായ അംഗങ്ങൾക്കും ട്രോഫികൾ നൽകി. അവരുടെ ശ്രദ്ധേയ നേട്ടങ്ങളെ അസോസിയേഷൻ അഭിനന്ദിക്കുകയും ഭാവിയിലേക്കുള്ള മികച്ച നേട്ടങ്ങൾക്കായി ആശംസകൾ നേരുകയും ചെയ്തു.

കേരള പൈതൃകത്തിന്റെ സ്മരണകൾ ഉണർത്തിക്കൊണ്ടുള്ള സമൃദ്ധമായ ഓണസദ്യക്ക് ശേഷം, വീണ്ടും അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം സംഘടിപ്പിച്ച ചായ വിരുന്നിനു ശേഷം, അവസാന ഡിജെ പാർട്ടിയോടെ ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

കെ സി എ മലയാളി സമൂഹത്തിൻറെ ഐക്യവും പൈതൃകവും ഉയർത്തിപ്പിടിക്കുന്ന രീതിയിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് അംഗങ്ങളുടെ മികച്ച പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു.

പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പ് രീതിയിൽ വീട്ടിലേക്കു വിളിച്ചുവരുത്തി ദമ്പതികൾ ചേർന്ന് മർദിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ. പ്രതി രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തത് മനസ് മരവിപ്പിക്കുന്ന 10 മർദ്ദന വിഡിയോകൾ. സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഭർത്താവ് ജയേഷിന്റെ ഫോണിൽ ചിത്രീകരിച്ച മറ്റു ദൃശ്യങ്ങൾ ഇപ്പോഴും പൊലീസിന് ലഭിച്ചിട്ടില്ല. ജയേഷ് ഫോൺ പാസ്‌വേഡ് വെളിപ്പെടുത്താൻ വിസമ്മതിക്കുന്നതിനാൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണത്തിൽ സഹകരിക്കുമ്പോഴും ജയേഷ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. യുവാക്കൾ രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടും ജയേഷ് തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും പൊലീസ് പറഞ്ഞു.

ആലപ്പുഴ സ്വദേശിയായ 19 കാരന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി. ഇരുവരെയും 24 വരെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഐ ഒ സി ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണാഘോഷം
പ്രൗഢഗംഭീരമായി. സെപ്റ്റംബർ 13 – ന് ഇപ്സ്വിച്ചിലെ നോർവിച്ച് റോഡിലുള്ള സെന്റ് മേരീസ് മഗ്‌ദലാൻ ചർച്ച് ഹാളിൽ ഉച്ചയ്ക്ക് 12 മണിയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി.

യൂണിറ്റിലെ കർമ്മനിരതരായ അംഗങ്ങങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ സ്റ്റേജും, പൂക്കളവും അടങ്ങുന്ന മനോഹരമായി അലങ്കരിച്ച ഹാളിലേക്ക് ചെണ്ടമേളങ്ങളുടെയും,താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു. മാവേലിയോടൊപ്പം ഐ ഒ സി നാഷണൽ പ്രസിഡന്റ്‌ (കേരള ചാപ്റ്റർ )ശ്രീ സുജു കെ ഡാനിയേൽ അടക്കമുള്ള നിരവധി നാഷണൽ നേതാക്കൾ സന്നിഹിതരായിരുന്നു.

മാവേലിയെ സ്റ്റേജിലേക്ക് ആനയിച്ച ശേഷം, ഇപ്സ്വിച്ച് യൂണിറ്റ് മുൻ പ്രസിഡന്റ്റും നാഷണൽ കമ്മിറ്റി അംഗവുമായ ശ്രീ കെ ജി.ജയരാജ്‌ ഐ ഒ സി ഓണാഘോഷത്തെ കുറിച്ചും ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ പ്രാധാന്യത്തെ കുറിച്ചും ആമുഖമായി സംസാരിച്ചു.

തുടർന്നു റീജിയൺ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ സെക്രട്ടറി അഡ്വക്കേറ്റ് സി. പി .സൈജേഷ് സ്വാഗതമരുളി.

അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഐ ഒ സി യു കെ നാഷണൽ പ്രസിഡന്റ് (കേരള ചാപ്റ്റർ)ശ്രീ സുജു . കെ.ഡാനിയേൽ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടർന്നു ലക്ഷണമൊത്ത മാവേലിയായി വേഷമിട്ട, ഭാരവാഹികളിലൊരാളായ ജിനീഷ് ലൂക്കാ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

സാംസ്കാരിക സമ്മേളനത്തിനും ശേഷമുള്ള മിഴിവാർന്ന തിരുവാതിരയ്ക്കും ശേഷം ഇപ്സ്വിച്ച് റീജിയൺ സ്ഥാപക പ്രസിഡന്റ് ശ്രീ ജയരാജിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യ 200 ഓളം ആളുകൾ അസ്വദിച്ചു. തുടർന്നു യൂണിറ്റിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ഓണാഘോഷത്തിന് കൊഴുപ്പേകി.

പ്രസ്‌ഥാനത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട്‌ രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ റാഫിൾ വിൽപ്പനയും നറുക്കെടുപ്പും പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാർത്ഥത വിളിച്ചോതുന്നതായിരുന്നു. യോഗത്തിന്റെ മുഖ്യാഥിതിയായി പങ്കെടുത്ത യുക്മാ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് ഐബി സെബാസ്റ്റ്യൻ ഏവർക്കും ഓണസന്ദേശം നൽകി.

കാസർകോട് ചെറുവത്തൂരിൽ 16-കാരനെ പ്രകൃതിവിരുദ്ധമായി ഉപയോഗിച്ച കേസിൽ രാഷ്ട്രീയ നേതാവിനെയും ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി 14 പേർക്കെതിരെ കേസ്. ഇവരിൽ എട്ടുപേരെ പൊലീസ് പിടികൂടി. ശേഷിക്കുന്ന പ്രതികളെ പിടികൂടാൻ വിവിധ സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.

പ്രതികളിൽ വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനും, ആർപിഎഫ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകനും ഉൾപ്പെടുന്നു. 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് പൊലീസിൽ നൽകിയ പരാതിയിലൂടെയാണ് സംഭവം പുറത്തുവന്നത്. കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരങ്ങൾ വെളിപ്പെട്ടത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാൽ, ചന്തേര സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ സംഘത്തിനും രണ്ട് വീതം പ്രതികളെ പിടികൂടാനുള്ള ചുമതല നൽകിയിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ലണ്ടനില്‍ സ്വീകരിച്ച “വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ” പുരസ്‌കാരത്തെ ചുറ്റിപ്പറ്റി കടുത്ത വിവാദം. സര്‍ക്കാര്‍ അനുമതിയോടെ നഗരസഭയുടെ ഫണ്ടില്‍ നിന്നാണ് ആര്യയുടെ യാത്രയ്ക്കും ചെലവുകള്‍ക്കും അനുമതി ലഭിച്ചത്. എന്നാല്‍, പുരസ്‌കാരചടങ്ങ് യഥാര്‍ത്ഥ ബ്രിട്ടീഷ് പാര്‍ലമെന്റിലല്ല, ഹൗസ് ഓഫ് കോമണ്‍സിലെ വാടക ഹാളിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ നിറച്ചപ്പോള്‍, എതിരാളികള്‍ പണം കൊടുത്താണ് അവാര്‍ഡ് വാങ്ങിയത് എന്നാരോപിച്ച് രംഗത്തെത്തി. ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ പോലും ‘ആര്യ രാജേന്ദ്രന്‍, സിപിഎം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, പുരസ്‌കാരം നല്‍കിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സംഘടന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുമായി ബന്ധമുള്ള സ്ഥാപനം ആണെന്നുമാണ് ആരോപണം.

നഗരത്തിലെ യാഥാര്‍ത്ഥ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് മേയര്‍ തട്ടിക്കൂട്ടി ലഭിച്ച അവാര്‍ഡ് വാങ്ങാനാണ് വിദേശയാത്ര നടത്തിയിരിക്കുന്നത് എന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സീഡ് ബോള്‍ ക്യാമ്പെയ്ൻ പ്രവര്‍ത്തനത്തിന് നല്‍കിയ പുരസ്‌കാരം സ്വീകരിക്കാനായിരുന്നു യാത്രാനുമതി. എന്നാല്‍, നഗരത്തിലെ മാലിന്യ നിയന്ത്രണ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോഴാണ് മേയര്‍ ഇത്തരം അവാർഡ് നേടിയതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത് .

കാത്തോലിക് സിറോ-മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, കമ്മീഷൻ ഫോർ ഇവാഞ്ചലൈസേഷൻ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് സംഗമം. ഔർ ലേഡി ഓഫ് ദി റോസറി ആൻഡ് സെന്റ് തെരേസ് ഓഫ് ലിസിയു ചർച്ച് ആണ് കൺവെൻഷൻ വേദി.

ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ കൺവെൻഷൻ നയിക്കുന്നത് ഫാ. ഷിനോജ് കലാരിക്കൽ ആണ് . ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ എസ്എച്ച് അടക്കമുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോ മൂലേച്ചേരി വി സി (07796290284), ലിജോ ജോർജ് (07717316176), ജെസ്സി ജോസഫ് (07360093536) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാറിനെ ഹൈക്കോടതി വെറുതെവിട്ടു. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസന്‍ നാടാർ നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മുന്‍പത്തെ ശിക്ഷാ നടപടി റദ്ദാക്കിയത്.

1999 ഫെബ്രുവരി 27-ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നായിരുന്നു പരാതി. ഔദ്യോഗിക ആവശ്യത്തിനായി വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കേസ്. 2002-ല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ ജില്ലാ കോടതിയും ശിക്ഷ വിധിച്ചിരുന്നെങ്കിലും, ഹൈക്കോടതി ഇന്ന് അത് റദ്ദാക്കി.

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍ പെട്ട് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ശക്തമായി എതിർത്തിരുന്നെങ്കിലും, രാഹുല്‍ സഭയില്‍ ഹാജരായി മാധ്യമങ്ങളെയും കണ്ടു. പാര്‍ട്ടിയോടുള്ള വിധേയത്വം തുടരുകയാണെന്നും നേതൃത്വത്തെ ധിക്കരിക്കാനല്ലെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിക്കുള്ളിലെ ശക്തമായ ഭിന്നതകള്‍ക്കു വഴിവച്ചിരിക്കുകയാണ്.

രാഹുല്‍ സഭയിലെത്തിയത് സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. പാലക്കാട് മണ്ഡലത്തിലെ അണികളെ കാണാനും തുടര്‍ നടപടികള്‍ ആരംഭിക്കാനും അദ്ദേഹത്തിന്റെ പക്ഷം തയ്യാറെടുപ്പിലാണ്. എന്നാല്‍, രാഹുലിന്റെ സാന്നിധ്യം സഭയിലെ ചര്‍ച്ചകളുടെ ഫോക്കസ് നഷ്ടപ്പെടുത്തുമെന്ന ആശങ്കയാണ് പ്രതിപക്ഷ നേതൃത്വത്തിനുള്ളത്. ആരോഗ്യവകുപ്പിലെ ആരോപണങ്ങളും പൊലീസ് അതിക്രമങ്ങളും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ത്താനിരിക്കുന്ന വിഷയങ്ങളുടെ പശ്ചാത്തലത്തില്‍, രാഹുലിന്റെ പ്രശ്നം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, സംഘടനാപരമായി ഇതിനകം നടപടികള്‍ എടുത്തുകഴിഞ്ഞിട്ടുള്ളതിനാല്‍ വീണ്ടും ശിക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് മറ്റൊരു വിഭാഗം നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ കരുത്താര്‍ജിച്ച പ്രതിപക്ഷ നേതാവിനെ ദുര്‍ബലപ്പെടുത്താനായി രാഹുലിന്റെ വിഷയം ഉപയോഗപ്പെടുത്തപ്പെടുന്നതായും ആരോപണമുണ്ട്. ആദ്യഘട്ടത്തില്‍ രാഹുലിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച പലരും ഇപ്പോള്‍ മൗനം പാലിക്കുന്ന സാഹചര്യത്തില്‍, സംഭവ വികാസങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.

സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ ട്രെൻഡാണ് ഇപ്പോൾ തരംഗമാകുന്നത്. 90കളിൽ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിൽ പെൺകുട്ടികൾ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ആളുകൾ പങ്കുവയ്ക്കുന്നത്. ഗൂഗിൾ ജെമിനിയിലെ Nano Banana tool ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നത്. ChatGPT പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും കിട്ടുന്ന prompts ഉപയോഗിച്ചാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്.

ഈ ചിത്രങ്ങൾ തയ്യാറാക്കാൻ ആദ്യം Google Gemini തുറന്ന് ലോഗിൻ ചെയ്യണം. അവിടെ കാണുന്ന വാഴപ്പഴത്തിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്ത് വ്യക്തമായൊരു സെൽഫിയോ ചിത്രമോ അപ്‌ലോഡ് ചെയ്താൽ മതി. തുടർന്ന് താഴെ പറയുന്ന commands നൽകുക:

1. Create a retro vintage grainy but bright image of the reference photo but draped in a perfect black party wear saree pinteresty aesthetic retro saree…
2. Create a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect off-white cotton saree with red polka dots on it…
3.Convert, 4k HD realistic, A stunning portrait of a young Indian woman…

ദമ്പതികളുടെ ചിത്രങ്ങൾ തയ്യാറാക്കാനും ഇത്തരം prompts തന്നെ ഉപയോഗിക്കാം. ഉദാഹരണത്തിന്:

1. Create a retro, vintage-inspired image grainy yet bright – based on the reference picture. The girl should be draped in a perfect black cotton saree… the guy should be wearing a blue short kurta with white chinos…
2. Create a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect red, Pinterest-style aesthetic retro saree, and the guy should be wearing a white kurta…

ഇത്തരത്തിലുള്ള നിരവധി ready-made prompts ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി, ഓരോരുത്തർക്കും സ്വന്തം സ്റ്റൈലിലുള്ള സാരി ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും.

പാലക്കാട് സ്വദേശിനിയായ 15 കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ കൊല്ലം സ്വദേശി ബിബിൻ എന്ന ടാറ്റൂ ആർട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌നാപ്ചാറ്റ് വഴി പരിചയം സ്ഥാപിച്ചാണ് പ്രതി ചിത്രങ്ങൾ കൈപ്പറ്റിയത്. പെൺകുട്ടിയും പ്രതിയും ഒരിക്കലും നേരിൽ കണ്ടിട്ടില്ലെന്നാണ് വിവരം.

ചിത്രങ്ങൾ സ്വന്തമാക്കിയ ശേഷം പ്രതി അത് മറ്റുള്ളവർക്ക് കൈമാറി പണം സമ്പാദിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ എറണാകുളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നേരത്തേ തേഞ്ഞിപാലത്തും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ഇരകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved