Latest News

ബി ജെ പി വിമത നേതാവും നടനുമായ ശത്രുഘ്നൻ സിൻഹ ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കുടിക്കാഴ്ചയിൽ പാർട്ടി അംഗത്വം സ്വീകരിക്കും. തന്റെ സിറ്റിങ്ങ് സീറ്റായ ബീഹാറിലെ പട്നസാഹിബിൽ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് ബി.ജെ പി സീറ്റ് നൽകിയപ്പോൾ തന്നെ സിൻഹ കോൺഗ്രസിൽ ചേരുമെന്ന് ഉറപ്പായിരുന്നു. ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ സിൻഹ മത്സരിച്ചേക്കും. മോദിയുടെയും അമിത് ഷായുടെയും കടുത്ത വിമർശകനായ സിൻഹ ബി ജെ പിയുമായി അകൽച്ചയിലും പ്രതിപക്ഷ കൂട്ടായ്മകളിൽ സജീവവുമായിരുന്നു.

സ്കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽ കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിയെ അടക്കം രണ്ടരമണിക്കൂറോളം പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി. ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിലെ രണ്ടാംക്ലാസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. കൊടുംചൂടിൽ പുറത്തുനിർത്തിയതിനെത്തുടര്‍ന്ന് അവശനായ ഒരു വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്തു.

ഏഴുവയസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. ഈ മാസത്തെ ഫീസടയ്ക്കാത്തതിന്റെ പേരിലാണ് പരീക്ഷ എഴുതാനെത്തിയ രണ്ടുപേരെയും അധ്യാപകൻ പരീക്ഷാ ഹാളിൽനിന്ന് പുറത്താക്കിയത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ കാഴ്ചവൈക്യലമുള്ളയാളാണ്. ഹാളിന് പുറത്തെ കൊടുംചൂടില്‍ രണ്ടരമണിക്കൂറോളം ഇരുന്ന കുട്ടികള്‍ അവശരായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. കുട്ടികളിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനേജ്മെന്റ് നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്നാണ് അധ്യാപകരുടെ വിശദീകരണം. എന്നാല്‍ ജന്മനാ കാഴച വൈകല്യമുള്ള വിദ്യാര്‍ഥിയെ അടക്കം പുറത്തുനിര്‍ത്തിയത് ചോദ്യംചെയ്ത് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചു. സ്ഥലത്തെത്തിയ ഡി.ഇ.ഒ സ്കൂള്‍ അധികൃതര്‍ക്കെതിെര നടപടിക്ക് ശുപാര്‍ശയും നല്‍കി. ബാലാവകാശ നിയമപ്രകാരമാണ് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നത്.

രണ്ട് തവണ പാർലമെന്റിൽ തഴയപ്പെട്ട തന്റെ ബ്രെക്സിറ്റ്‌ ഉടമ്പടിയ്ക്കായി അവസാനത്തെ അടവും പുറത്തെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഉടമ്പടി അംഗീകരിച്ചാൽ താൻ രാജി വെച്ച് ഒഴിയാമെന്നായിരുന്നു സ്വന്തം പാർട്ടിയിലെ ഉടമ്പടി അംഗീകരിക്കാത്ത എംപിമാരോട് മേ വാഗ്ദാനം ചെയ്തത്. ‘ഞാൻ വിചാരിച്ചതിലും വേഗം ഈ പണി ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്. നമ്മുടെ രാജ്യത്തിനും നമ്മുടെ പാർട്ടിയ്ക്കും അതാണ് നല്ലതെന്ന് തോന്നുന്നു.’ ഇന്നലെ വൈകിട്ട് ‘ബാക്‌ബെഞ്ചർ’ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേ അഭ്യർഥിച്ചു. എന്നാൽ യാതൊരു കാരണവശാലും ഉടമ്പടി അംഗീകരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എംപിമാർ.

ബദൽ മാർഗങ്ങളായ ഹിത പരിശോധന, നോർവേ മാതൃകയിലുള്ള ഉടമ്പടി, കസ്റ്റം യൂണിയൻ, ഉടമ്പടി ഇല്ലാത്ത അവസ്ഥ മുതലായ നിർദ്ദേശങ്ങളൊക്കെ ചർച്ചയിൽ ഉയർന്നു വന്നിരുന്നെങ്കിലും ഈ നിർദേശങ്ങൾക്കൊന്നും തന്നെ മതിയായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ‘പാർലമെന്ററി പാർട്ടിയുടെ മൂഡ് എനിക്ക് മനസ്സിലാകുന്നുണ്ട്. അവർക്ക് ഒരു പുതിയ സമീപനം ആവശ്യമുണ്ട്. ഒരു പുതിയ നേതൃത്വത്തിനാണ് അവർ കൊതിക്കുന്നത്. ഞാൻ അതിനു തടസ്സമാകുന്നില്ല.’ ഉടമ്പടിയ്ക്കായുള്ള നയതന്ത്ര ചർച്ചയിൽ മേ പറഞ്ഞു. എംപിമാർ ആരെങ്കിലും മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാൻ തയ്യാറായാൽ കാര്യങ്ങൾ പിന്നെയും സങ്കീർണ്ണമാകുമെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ബ്രെക്സിറ്റ്‌ ചർച്ചകളുടെ നിയന്ത്രണം സർക്കാരിൽ നിന്നും പാർലമെന്റ് ഏറ്റെടുക്കാനുള്ള പ്രമേയം തിങ്കളാഴ്ച്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് കൺസർവേറ്റിവ് പാർട്ടിയിലെ 30 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് നിയന്ത്രണം അടിയന്തിരമായി പാർലമെന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് 302 ന് എതിരെ 329 വോട്ടുകളാണ് ലഭിച്ചത്. തെരേസ മേയെ പുറത്താക്കാൻ എംപിമാർ അട്ടിമറിശ്രമം നടത്തുകയാണെന്നാണ് ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്ക്ക് നിരുപാധിക പിന്തുണയുമായി ചില മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ രംഗം കലുഷിതമാകുകയും മൂന്ന് എംപിമാർ അപ്പോൾ തന്നെ രാജി വെക്കുകയും ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി റിച്ചാർഡ് ഹാരിങ്ടൻ, ആരോഗ്യ സഹമന്ത്രി സ്റ്റീവ് ബ്രൈൻ, വിദേശകാര്യ സഹമന്ത്രി അലിസ്റ്റർ ബർട്ട് എന്നിവരാണ് തിങ്കളാഴ്ച രാജി സമർപ്പിച്ചത്.

കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്കിന് കാരണമാകുന്ന രോഗങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലായം പരിഷ്‌കരിച്ചു. തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ചികിത്സയിനത്തില്‍ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുന്നതും ലക്ഷ്യമാക്കയാണ്
ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. 21 രോഗാവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പരിഷ്‌കരിച്ച പട്ടിക. പകര്‍ച്ച വ്യാധികള്‍ക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയിലുണ്ട്.

എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, ക്ഷയം, കുഷ്ഠം, മലമ്പനി, രക്താതിസമ്മര്‍ദ്ദം, അര്‍ബുദം , വൃക്കരോഗങ്ങള്‍, പ്രമേഹം തുടങ്ങി 21 ഓളം രോഗാവസ്ഥകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പകര്‍ച്ച വ്യാധികള്‍ക്കു പുറമെ കാഴ്ചകുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പ്രവേശനം നിഷേധിക്കപ്പെടാന്‍ കാരണമാകും .തൊഴില്‍ വിസയില്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണികളാണെങ്കിലും പ്രവേശനം.

അതേസമയം ആശ്രിത വിസയില്‍ വരുന്നതിനു ഗര്‍ഭിണികള്‍ക്ക് തടസമുണ്ടാകില്ല. പുതിയ വിസയില്‍ വരുന്നതിനായി നാട്ടില്‍ നടത്തുന്ന വൈദ്യ പരിശോധനയില്‍ രോഗം കണ്ടെത്തിയാലുടന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. കുവൈത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് തിരിച്ചറിയുന്നതെങ്കില്‍ ഇഖാമ നല്‍കാതെ തിരിച്ചയക്കും. നിലവില്‍ താമസാനുമതി ഉള്ളവരില്‍ ക്ഷയം, എയ്ഡ്സ് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഒഴികെ പട്ടികയിലുള്ള മറ്റു രോഗാവസ്ഥയുടെ പേരില്‍ നാടുകടത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക ഇന്ന് മുതല്‍ സ്വീകരിച്ച് തുടങ്ങും. ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം. അഞ്ചാം തീയതിയാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്തെ വോട്ടെടുപ്പ്.

പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. യുവനടന്‍ പൃഥിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്.

ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്‍റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയും പൃഥിരാജിന്‍റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ തീയേറ്ററുകളില്‍ മോഹന്‍ലാല്‍-പൃഥിരാജ് ആരാധകര്‍ ലൂസിഫറിനെ വരവേറ്റു കൊണ്ട് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.

ചിത്രം അച്ഛന്‍ സുകുമാരന് സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തില്‍ മാത്രം നാന്നൂറോളം തീയേറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്തു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാംജയം. 28 റണ്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചു. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 190 റണ്‍സിന് പുറത്തായി. ആന്ദ്രെ റസലിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് നൈറ്റ്റൈഡേഴ്സിന്റെ ജയം അനായാസമാക്കിയത്. കൊല്‍ക്കത്ത ഐപിഎല്ലില്‍ ഈഡന്‍ഗാര്‍ഡന്‍സിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചു.

കളി സ്വന്തം മൈതാനത്താണെന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ നൈറ്റ് റൈഡേഴ്സ്. തലങ്ങും വിലങ്ങും എതിരാളികളെ തല്ലിച്ചതച്ചു കൊല്‍ക്കത്തക്കാര്‍. 9 പന്തില്‍ 24 റണ്‍സടിച്ച് സുനില്‍ നരെയ്ന്‍ തുടക്കം ഗംഭീരമാക്കി. 34 പന്തില്‍ 7 സിക്സറും 2 ഫോറും സഹിതം 63 റണ്‍സടിച്ച നിതീഷ് റാണ സ്കോറിങ്ങിന് വേഗം കൂട്ടി.

3 റണ്‍സെടുത്ത് നില്‍ക്കെ ഷമി റസലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതോടെ ആയുസ് വീണ്ടെടുത്ത റസല്‍ പന്ത് നിരന്തരം ആരാധകര്‍ക്കിടയിലേക്ക് പറത്തിവിട്ടു. വെറും പതിനേഴ് പന്തില്‍ 5 സിക്സറും 3 ഫോറും സഹിതം 48 റണ്‍സാണ് വിന്‍ഡീസ് പവര്‍ഹൗസ് അടിച്ചെടുത്തത്. 67 റണ്‍സുമായി കളത്തില്‍ ഉറച്ചുനിന്ന ഉത്തപ്പ കൂട്ടുകാര്‍ക്ക് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. ഗെയ്‌ല്‍ 20 റണ്‍സെടുത്തു. പുറത്താകാതെ 59 റണ്‍സെടുത്ത മില്ലറും 58 റണ്‍സെടുത്ത മായങ്കും കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബിനെ രക്ഷിക്കാനായില്ല. റസല്‍ 3 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

എരുമേലി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു പൊലീസും നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തി

മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല. ദുർഗന്ധം കാരണം എല്ലാവരും അൽപ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് ഒരാളെത്തിയത്. പക്ഷേ അയാൾ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാൽ എസ്ഐ ഇ.ജി.വിദ്യാധരൻ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറി. 15 അടി ഉയരത്തിൽ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടർന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു

മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയർത്തിയത് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും നാട്ടുകാരനായ ഒരാളും ചേർന്നാണ്. എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം

തിരൂര്‍ മലയാള സര്‍വകലാശാലയില്‍ വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ അധ്യാപകന്‍ അധിക്ഷേപിച്ചതായി പരാതി. പൊന്നാനി ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമയെയാണ് വര്‍ഗീയവാദിയെന്നു വിളിച്ച് അധ്യാപകന്‍ കയര്‍ത്തു സംസാരിച്ചത്.

രാവിലെ പതിനൊന്നു മണിയോടെയാണ് മലയാള സര്‍വകാശാലയില്‍ വോട്ടു ചോദിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ എത്തിയത്. ആദ്യം വി.സി അനില്‍ വള്ളത്തോളിനെ കണ്ടു .പിന്നീട് ലൈബ്രറിയില്‍ എത്തിയപ്പോഴാണ് സാഹിത്യ പഠനം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി കയര്‍ത്തു സംസാരിച്ചത്.

വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകരിയെന്നും വിളിച്ചെന്നുമാണ് പരാതി. കോളജില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായും സ്ഥാനാര്‍ഥി പറഞ്ഞു.

സ്ഥാനാര്‍ഥിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച് പ്രവര്‍ത്തകരും രംഗത്തെത്തി.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാരോപിച്ച് അധ്യാപകനെതിരെ പൊലിസിനും തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.

 

ദൃശ്യങ്ങൾ കടപ്പാട് : വെട്ടം

ദുബായിലെ സ്കൂളുകളിൽ അടുത്ത അധ്യായന വർഷം ഏർപ്പെടുത്താനിരിക്കുന്ന ഫീസ് വർധനയിൽ നിയന്ത്രണം. അടിസ്ഥാന സൗകര്യങ്ങളുടെയും നിലവാരത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും ഫീസ് വർധന. ദുബായ് കിരീടാവകാശിയുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

വരുന്ന അധ്യായന വർഷം ദുബായിലെ സ്കൂൾ ഫീസ് നിരക്കു വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിൽ ചേർന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഫീസ് നിരക്കിനു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് പരമാവധി 4.14% വരെ ഫീസ് വർധിപ്പിക്കാം.

നിലവാരം നിലനിർത്തുന്ന സ്കൂളുകൾക്ക് ഫീസ് വർധന 3.1% വരെയാകാം. ദുബായ് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുന്നത്. സ്കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വർധന. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇതു നിർണയിക്കുക. കഴിഞ്ഞവർഷം ഫീസ് വർധന ഉണ്ടായിരുന്നില്ല. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved