54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ
മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -കാതൽ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട (രോഹിത് എം.ജി കൃഷ്ണൻ)
മികച്ച കഥ – ആദർഷ് സുകുമാരൻ, പോൾസൻ സ്കറിയ ( കാതൽ)
ഛായാഗ്രഹണം -സുനിൽ.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടൻ -വിജയരാഘവൻ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)
സ്പെഷ്യൽ ജൂറി| നടന്മാർ -കെ.ആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് -കാതൽ
സ്പെഷ്യൽ ജൂറി ചിത്രം -ഗഗനചാരി
സ്പെഷ്യൽ ജൂറി (നടി)- ശാലിനി ഉഷാദേവി (എന്നെന്നും)
സ്പെഷ്യൽ ജൂറി (അഭിനയം)- കൃഷ്ണന്‍ (ജൈവം)
നവാഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)
വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ (ഒ ബേബി)
ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)
ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ – റോഷൻ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടി
മേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ – മോഹൻദാസ് (2018)
എഡിറ്റിങ് -സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
പിന്നണി ഗായിക -ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ഗായകൻ – വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ – ജനനം 1947 പ്രണയം തുടരുന്നു)
സംഗീതസംവിധായകന്‍ (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതൽ)
സംഗീതസംവിധായകന്‍- ജസ്റ്റിൻ വർഗീസ് (ചാവേർ)
ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ചാവേർ)
ചലച്ചിത്രഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)
കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഉത്തരാഖണ്ഡിലും സമാനമായ കൊലപാതകം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 33-കാരിയായ നഴ്സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ബിലാസ്പുർ കോളനിയിൽ പതിനൊന്ന് വയസുള്ള മകളുമായി വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു ഇവർ. ജൂലായ് 30-ന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് സഹോദരി ജൂലൈ 31-ാം തീയതി രുദ്രാപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 8-ന് യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രാജസ്ഥാനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ കാണാതായ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഉത്തർപ്രദേശിലെ ബറേലിയിൽ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ധർമേന്ദ്ര എന്നയാളാണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്തുടർന്ന ധർമേന്ദ്ര വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇവരെ കുറ്റിക്കാട്ടിലേക്ക് ബലമായി വലിച്ചിഴക്കുകയും ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം സ്കാർഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ പക്കൽ ഉണ്ടായിരുന്ന 3000 രൂപയും ഫോണും സ്വർണവും മോഷ്ടിച്ചതായും പോലീസ് വ്യക്തമാക്കുന്നു.
ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികന്‍ മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്‍ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍(ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടന്‍ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന്‍ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.
ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്‍ന്ന് ചെമ്പന്‍തൊട്ടി, നെല്ലിക്കമ്പോയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.
ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തി പടവില്‍, വിവിധ ഇടവകളിലെ വികാരിമാര്‍, വിവിധ മഠങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ എന്നിവരും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അഗസ്റ്റിന്‍. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.
റഷ്യയ്ക്കെതിരെ പ്രതിരോധത്തിനായി യുക്രെയ്‌ന് തങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിക്കാമെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. റഷ്യക്കുള്ളിൽ യുക്രെയ്ൻ നടത്തുന്ന പ്രവർത്തനങ്ങളെ ബ്രിട്ടൻ തടയില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റഷ്യയുടെ ഭാഗമായ കർസ്ക് മേഖലയ്ക്കുള്ളിൽ യുക്രെയ്ൻ സൈനികർ പ്രവർത്തിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, റഷ്യൻ വ്യോമമേഖലയിൽ യുക്രെയ്ൻ വലിയ ഡ്രോൺ ആക്രമണം നടത്തിയതായാണു റിപ്പോർട്ട്. കൃത്യവും സമയോചിതവും ഫലപ്രദവുമായ ആക്രമണമെന്നാണ് ഇതിനെ സെലൻസ്കി വിശേഷിപ്പിച്ചത്. ‘‘യുക്രെയ്ൻ ഡ്രോണുകൾ എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതുപോലെത്തന്നെയാണു പ്രവർത്തിച്ചത്. എന്നാൽ ഡ്രോണുകൾ കൊണ്ടുമാത്രം ചെയ്യാനാകാത്ത കാര്യങ്ങൾ അവിടെയുണ്ട്’’– സെലെൻസ്കി പറഞ്ഞു. യുക്രെയ്നെ ലക്ഷ്യം വച്ച റഷ്യയുടെ 29 ഡ്രോണുകൾ തകർത്തതായി യുക്രെയ്ൻ വ്യോമസേനയും എയർക്രാഫ്റ്റ് മാതൃകയിലുള്ള 117 ഡ്രോണുകളും 4 മിസൈലുകളും തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. 2023 ലെ പുരസ്കാരങ്ങൾ നാളെ (16 ഓഗസ്റ്റ് 2024) ഉച്ചയ്ക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ പ്രഖ്യാപിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.
ആദ്യഘട്ടത്തില്‍ നൂറ്ററുപതിലേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്‌ക്രീനിങ്.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കാണുന്നുണ്ട്.
മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സർപ്രെെസായി മറ്റൊരു എൻട്രി ഉണ്ടാകുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.
കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാന്‍ ഉര്‍വശിക്ക് കഴിഞ്ഞാല്‍ അത് കരിയറിലെ ആറാം പുരസ്‌കാരമാകും. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.
വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017-ല്‍ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ലബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുതിർന്നവർക്കായി ‘പ്രൗഡ്’, കുട്ടികൾക്കായി ‘യുവക് ‘ കാറ്റഗറികളിലാണ് മത്സരം നടത്തിയത്. പ്രൗഡ് കാറ്റഗറിയിൽ ഷിബു മാത്യു വെസ്റ്റ് യോർക്ക്ഷയറും സുമി ഷൈൻ സ്കൻതോർപ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ഷാലു വിപിൻ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീലക്ഷ്മി രാകേഷും ലിബിൻ ജോർജും മൂന്നാം സ്ഥാനത്തിന് അർഹരായി. യുവക് കാറ്റഗറിയിൽ ദേവസൂര്യ സജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിൽഹ ഏലിയാസ് രണ്ടാം സ്ഥാനവും ഗബ്രിയേല ബിനോയി മൂന്നാം സ്ഥാനവും നേടി. ഇന്ത്യയോടുള്ള സ്നേഹവും ദേശാഭിമാനവും സ്ഫുരിക്കുന്ന നിരവധി കവിതകളാണ് മത്സരത്തിൽ എൻട്രിയായി ലഭിച്ചത്. ഡോ. ജെ.കെ.എസ് വീട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പാനലാണ് ജഡ്ജിംഗ് നടത്തിയത്.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് സ്കൻതോർപ്പിൽ നടക്കും. ക്വൈബൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ഇന്ത്യൻ ദേശീയപതാക ഉയർത്തി ആഘോഷത്തിന് തുടക്കം കുറിയ്ക്കും. തുടർന്ന് സ്പോർട്സ് മീറ്റ് നടക്കും. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ അത്‌ലറ്റിക്സ് ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.
ഫോക്കസ് ഫിൻഷുവർ മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ്, സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ്, പ്രൈവറ്റ് ജിപി പ്രാക്ടീസ് ഒപ്റ്റിമ ക്ളിനിക്സ് ഹൾ, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎംപി ഹൾ എന്നീ സ്ഥാപനങ്ങളാണ് കവിതാ രചനാ മത്സരം, സ്പോർട്സ് മീറ്റ്, ഓണാഘോഷ ഇവൻ്റുകളുടെ പ്രധാന സ്പോൺസർമാർ. കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് സെപ്റ്റംബർ 7 ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ വച്ച് ട്രോഫികൾ സമ്മാനിക്കും.
ലാസ് വെഗാസ് പ്രീമിയർ ഫിലിം ഫെസ്റ്റിവൽ 2024-ൽ വേൾഡ് പ്രീമിയർ നടത്തുന്നതിനായി ഷാർവി സംവിധാനം ചെയ്ത ഇന്ത്യൻ സിനിമ ‘ബെറ്റർ റ്റുമാറോ’ ഓഗസ്റ്റ് 9-ന് ഗ്യാലക്‌സി തിയറ്റേഴ്‌സ് ലക്ഷ്വറി+ ലാസ് വെഗാസ്, നെവാഡ 89169 USA. “ ‘ബെറ്റർ റ്റുമാറോ ” അതിൻ്റെ ലോക പ്രീമിയർ ആക്കും. ഉത്സവത്തിൽ ഓഗസ്റ്റ് 9 വെള്ളിയാഴ്ച. ഞെട്ടിക്കുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ ‘ബെറ്റർ റ്റുമാറോ ’ എ വേക്ക് അപ്പ് കോൾ എന്ന സംഗ്രഹം ഇതാ. എംഡിഎംഎ പാർട്ടി മയക്കുമരുന്നിന് കടുത്ത ആസക്തിയുള്ള ജനനിയുടെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അവളെ സഹായിക്കാൻ ശ്രമിക്കുന്ന അവളുടെ സഹോദരൻ അരവിന്ദിൻ്റെയും ജീവിതത്തെ ഇത് വിശദമാക്കുന്നു.
മയക്കുമരുന്ന് ദുരുപയോഗം ഒരു വ്യക്തിയുടെ ജീവിതത്തിലും അവരുടെ പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിലുണ്ടാക്കുന്ന പ്രതികൂലവും ഹൃദയഭേദകവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സബ്‌സ്റ്റൻസ് യൂസ് ഡിസോർഡറിൻ്റെ (എസ്‌യുഡി) തുടർച്ചയായ പോരാട്ടവും കഠിനമായ യാഥാർത്ഥ്യവും ഇത് കാണിക്കുന്നു. ലഹരിയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന മാനസിക പ്രത്യാഘാതങ്ങളും ആസക്തി പ്രശ്നങ്ങളും അനുഭവിക്കുന്നവരിലേക്ക് ധൈര്യം പകരാനാണ് സിനിമയിലൂടെ സംവിധായകൻ ശ്രമിക്കുന്നത്.
ഒരു വ്യക്തിയെ അവരുടെ ആശ്രിതത്വത്തിലേക്ക് ഉണർത്താനും അതിൽ നിന്ന് ബോധപൂർവ്വം നടക്കാനും സാഹചര്യങ്ങൾ എങ്ങനെ സഹായിക്കുമെന്ന് ഇത് കാണിക്കുന്നു. ഷാർവിയുടെ സംവിധാനത്തിൽ പ്രേരണ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ ശൈലേന്ദ്ര ശുക്ലയാണ് ചിത്രം നിർമ്മിക്കുന്നത്. പി ജി വെട്രിവേൽ ഛായാഗ്രഹണവും ഈശ്വരമൂർത്തി കുമാർ എഡിറ്റിംഗും കുമാരസാമി പ്രഭാകരൻ സംഗീത സംവിധായകനും ശരവണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. മാനവ് നായക കഥാപാത്രത്തെയും ഗൗരി ഗോപൻ നായികയായും അഭിനയിച്ചു ബോയ്സ് രാജൻ, ജഗദീഷ് ധർമ്മരാജ്, ശൈലേന്ദ്ര ശുക്ല, ആർജി. വെങ്കിടേഷ്, ശരവണൻ, ദിവ്യ ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പാട്ടഴകിന്റെ വിസ്മയ നിമിഷങ്ങള്‍ പകരാന്‍ നീലാംബരി സീസണ്‍ 4 എത്തുകയായ്. ഓരോ വര്‍ഷവും നീലാംബരിയിലേക്കുള്ള ജനപ്രവാഹം കൂടുന്നത് പരിഗണിച്ച് ഇക്കുറി കൂടുതല്‍ മികവുറ്റ സൗകര്യങ്ങളും വിപുലമായ സന്നാഹങ്ങളുമുള്ള പൂള്‍ ലൈറ്റ് ഹൗസിലാണ് പരിപാടി നടത്തുന്നത്.
കൂടുതല്‍ ഇരിപ്പിടങ്ങളുള്ള ലൈറ്റ് ഹൗസിലെ അത്യാധുനിക വേദിയില്‍ 2024 ഒക്ടോബര്‍ 26ന് നീലാംബരി കലാകാരന്‍മാര്‍ സംഗീത -നൃത്ത ചാരുതയുടെ ഭാവതലങ്ങള്‍ പകരുമ്പോള്‍ ആസ്വാദകാനുഭവം ആനന്ദമയമാകുമെന്ന് ഉറപ്പിക്കാം. കലയുടെ ലയപൂര്‍ണിമ നുകരാന്‍ താങ്കളെയും കുടുംബത്തെയും ഏറെ സ്‌നേഹത്തോടെ നീലാംബരി സീസണ്‍ 4ലേക്ക് സ്വാഗതം ചെയ്യുകയാണ്.
മനസില്‍ മായാതെ കുറിച്ചിടാന്‍ തീയതി ചുവടെ ചേര്‍ക്കുന്നു.
നീലാംബരി സീസണ്‍ 4
2024 ഒക്ടോബര്‍ 26
Lighthouse
21 kingland Road, poole
BH15 1UG
വിവാദമായ കാഫിർസന്ദേശ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് പാർട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകൾ വഴിയാണെന്ന പോലീസ് വെളിപ്പെടുത്തലോടെ സി.പി.എം. വീണ്ടും പ്രതിരോധത്തിൽ.
പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് ആയുധമാക്കി ബുധനാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിൽ എം.പി.യും മുസ്‌ലിംലീഗുമെല്ലാം സി.പി.എമ്മിനെതിരേ രംഗത്തെത്തി. പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ അധ്യാപകൻ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ബുധനാഴ്ച യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. തിങ്കളാഴ്ച വടകര പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സന്ദേശം പ്രചരിച്ച വഴി കൃത്യമായി വിശദീകരിക്കുന്നത്.
അന്വേഷണം ഏറ്റവുമൊടുവിൽ എത്തിനിൽക്കുന്നത് വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ റിബേഷിലാണ്. റെഡ് എൻകൗണ്ടർ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ 25-ന് ഉച്ചയ്ക്ക് 2.13-ന് ഈ സന്ദേശം ഷെയർചെയ്തത് ഇയാളാണെന്നാണ് പോലീസ് റിപ്പോർട്ട്. എവിടെനിന്ന് ഈ സന്ദേശം ലഭിച്ചുവെന്നത് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചാൽമാത്രമേ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകൂ.
തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും എം.എസ്.എഫ്. നേതാവുമായ പി.കെ. മുഹമ്മദ് കാസിം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരേ വിവാദസന്ദേശം അയച്ചെന്നായിരുന്നു സി.പി.എം. ആരോപണം. എന്നാൽ, തന്റെപേരിൽ വ്യാജമായി സൃഷ്ടിച്ചതാണ് ഈ സന്ദേശമെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് മാറിമറിഞ്ഞു.
അമ്പാടിമുക്ക് സഖാക്കൾ എന്ന സി.പി.എം. അനുകൂല ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം ഈ സന്ദേശം വന്നതെന്നായിരുന്നു മുസ്‌ലിംലീഗിൻ്റെ പരാതി. ഈ പേജിന്റെ അഡ്മിൻ മനീഷിനെ ചോദ്യംചെയ്തപ്പോൾ ഏപ്രിൽ 25-ന് ഉച്ചയ്ക്ക് 2.34-ന് റെഡ് ബറ്റാലിയൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽനിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് മൊ ഴിനൽകി.
അമൽ റാം എന്നയാളാണ് ഈ ഗ്രൂപ്പിൽ സന്ദേശമിട്ടത്. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ഈ സന്ദേശം ലഭിച്ചതെന്ന് അമൽ റാം സമ്മതിച്ചു. റിബേഷ് എന്നയാളാണ് 2.13-ന് റെഡ് എൻകൗണ്ടറിൽ ഇത് പോസ്റ്റുചെയ്തതെന്നും അമലിൻ്റെ മൊഴിയുണ്ട്. തുടർന്നാണ് റിബേഷിൻ്റെ മൊഴിയെടുത്തത്.
പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിൽ ഈ സന്ദേശം പോസ്റ്റ് ചെയ്തത് ഏപ്രിൽ 25-ന് രാത്രി 8.23-നാണ്, അന്നു വൈകീട്ടുമുതൽ വാട്‌സാപ്പ് വഴി ഒട്ടേറെ പേരിൽനിന്നും ഈ സന്ദേശം തനിക്ക് ലഭിച്ചതായി അഡ്‌മിൻ വഹാബ് മൊഴിനൽകി. പക്ഷേ, ആരിൽനിന്നാണ് ഇതു ലഭിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കേസിലെ 20 മുതൽ 23 വരെയുള്ള സാക്ഷികളാണ് സന്ദേശം പ്രച രിപ്പിച്ച നാലുപേരും. ഇവരാരും പ്രതികളല്ല. അതേസമയം വിവാദപോസ്റ്റ് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടും അത് നീക്കംചെയ്യാത്തതിനാൽ ഫെയ്‌സ്ബുക്കിനെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. അത് പോസ്റ്റുചെയ്ത പേജിൻ്റെ അഡ്‌മിനെതിരേ കേസുമില്ല.
എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. ശേഷം, സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
കൊളോണില്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിന് നടത്തിയത് നീണ്ട പോരാട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതിൽ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകും.
പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു. രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരികയാണ്. നിരവധി ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടങ്ങളുണ്ടായി. രാജ്യത്തിനും നഷ്ടം സംഭവിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഈ രാജ്യം അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകുന്നു.
കോറോണ കാലത്തേയും മോദി ഓർമിച്ചു. മഹാമാരി കാലത്തെ മറക്കാനാവില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഇന്ത്യ വാക്സിനുകൾ എത്തിച്ചുനൽകി. ഒരുകാലത്ത്, തീവ്രവാദികൾ വന്ന് ആക്രമിച്ചിരുന്ന അതേ രാജ്യമാണ് ഇതെന്ന് ഓർക്കണം. ഇന്ത്യയുടെ സായുധസേന സർജിക്കൽ സ്ട്രൈക്ക് നടത്തുമ്പോൾ, വ്യോമാക്രമണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ രാജ്യത്തെ യുവാക്കളിൽ അഭിമാനം നിറയുന്നത് അതുകൊണ്ടാണ്.
വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി എന്നിങ്ങനെ ഏത് മേഖലയിലായാലും അതിവേഗത്തിൽ പുത്തൻ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സാങ്കേതികവിദ്യ കൃത്യമായി സമന്വയിപ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ തുടര്‍ച്ചയായ 11-ാം സ്വാതന്ത്ര്യദിനപ്രസംഗമാണിത്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കാളികളായി.