ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. തട്ടികൊണ്ടുപോയി അഞ്ചുദിവസം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലൂരൂ, രാജസ്ഥാന് എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. നിലവില്‍ കേസന്വേഷിച്ചുകൊണ്ടിരുന്ന ഓച്ചിറ എസ്ഐ, സിഐ, എന്നിവരില്‍ നിന്നും അന്വേഷണചുമതല കരുനാഗപളളി എസ്പിക്ക് കൈമാറി.
അതേസമയം പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ മുഹമ്മദ് റോഷന് സ്ഥലത്തെ സിപിഎം നേതാവ് നവാസിന്റെ മകനായതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി തര്‍ക്കം തുടരുന്നതിനിടയില്‍ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. സുരേന്ദ്രന്, എം.ടി രമേശ് എന്നിവരാണ് പത്തനംതിട്ട സീറ്റിനായി നിലവില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സുരേന്ദ്രനെ പിന്തുണച്ച് ആര്.എസ്.എസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന് അല്‍ഫോണ്‍സ് കണ്ണന്താനമോ അല്ലെങ്കില്‍ ശ്രീധരന് പിള്ളയോ മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അണികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സുരേന്ദ്രനെ പരിഗണിക്കാനായിരിക്കും അമിത് ഷാ ശ്രമിക്കുക.
സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. ബിജെപിയുടെ 14 സീറ്റില്‍ 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്. മുരളീധരപക്ഷവും കെ. സുരേന്ദ്രന്റെ ഗ്രൂപ്പും പത്തംതിട്ട സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വ്യക്തി തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. അതേസമയം കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് സീറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പാണ് പിള്ള നടത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും എം.ടി രമേശും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ കണ്ണന്താനത്തിന് കോട്ടയം സീറ്റ് നല്കി ഒതുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. പിന്നാലെ പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവുമുണ്ടായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.
കോട്ടയം: സൗദിയിൽനിന്ന് ആളുമാറി കോന്നിയിലെത്തിച്ച ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കാനെത്തിയപ്പോൾ നടപടിക്രമം കുരുക്കായി. ഇതുമൂലം കനത്ത ചൂടിൽ ഒന്നര മണിക്കൂറോളം മൃതദേഹം ആംബുലൻസിൽ കിടക്കേണ്ടി വന്നു. ഒന്നര മണിക്കൂറിനുശേഷം, ശീതീകരണ സംവിധാനമില്ലാത്ത ആംബുലൻസിൽനിന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റുന്പോഴേക്കും ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങി. മോർച്ചറിയിൽ സൂക്ഷിക്കുന്നതിനു പണം സെക്യൂരിറ്റിയായി നൽകണമെന്ന മെഡിക്കൽ കോളജ് അധികൃതരുടെ ആവശ്യം കൊണ്ടുവന്നവർ നിഷേധിച്ചു.
സൗദിയിൽ മരിച്ച കോന്നി ഉതിമൂട് താന്നിമൂട്ടിൽ റഫീഖിന്റെ മൃതദേഹത്തിനു പകരമാണ് മറ്റൊരു ശ്രീലങ്കൻ യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് എത്തിച്ചുനൽകിയത്. സംസ്കാരത്തിനെടുത്തപ്പോഴാണു മൃതദേഹം മാറിയത് ബന്ധുക്കൾ അറിയുന്നത്. ഒടുവിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതും റഫീഖിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ ചേർന്നാണ്. സൗദിയിൽ എംബാം ചെയ്തു പെട്ടിയിലാക്കി വന്ന ശ്രീലങ്കൻ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു പെട്ടി തുറന്നതിനു ശേഷം മോർച്ചറിയിൽ വയ്ക്കാൻ സാധിച്ചത് ഏഴര മണിക്കൂറിനു ശേഷമാണ്. പത്തനംതിട്ട കളക്ടറും തഹസിൽദാറും ഇടപെട്ടാണു മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്.
റഫീഖിന്റെ പിതാവ് അബ്ദുൾ റസാഖ്, ഭാര്യാ പിതാവ് ഉദുമാൻ, അർധ സഹോദരൻ ജമാലുദീൻ, കോന്നി സ്റ്റേഷനിലെ പോലീസുകാരൻ എന്നിവർ മൃതദേഹവുമായി 12.55നു മോർച്ചറിക്കു മുന്നിലെത്തിയെങ്കിലും നടപടിക്രമങ്ങൾക്കു തടസം നേരിട്ടു. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന മൃതദേഹങ്ങളെ മോർച്ചറിയിൽ സൂക്ഷിക്കൂവെന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തതോടെ ബന്ധുക്കൾ നിസഹായരായി.
റഫീഖിന്റെ മൃതദേഹം എവിടെയെന്നുപോലും അറിയാത്തതിന്റെ ദുഃഖം പേറുന്പോഴും ആരുടെയോ മൃതദേഹം എന്തു ചെയ്യണമെന്നറിയാത്തതിന്റെ അനിശ്ചിതത്വം. അധികൃതരുടെ കനിവിനായി മെഡിക്കൽ കോളജിലെ ഓഫീസുകൾ കയറിയിറങ്ങുന്പോഴും റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അധികൃതർ കനിയണമെന്ന പ്രാർഥനയായിരുന്നു ഈ പിതാവിന്. ഈ സമയമത്രയും മോർച്ചറി മുറ്റത്തെ ആംബുലൻസിലെ വലിയ ശവപ്പെട്ടിയിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അനാഥമായി കിടന്നു. കോട്ടയം, പത്തനംതിട്ട കളക്ടർമാർ ഇടപെട്ടതോടെ മൂന്നു ദിവസത്തേക്കു മൃതദേഹം സൂക്ഷിക്കാൻ സൂപ്രണ്ട് അനുമതി നൽകി.
മൂന്നു ദിവസത്തേക്കു മൃതദേഹം സൂക്ഷിക്കാമെന്ന അനുമതി പത്രവും വാങ്ങി മോർച്ചറി മുറ്റത്തെത്തുന്പോഴേക്കും സമയം 2.30. മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയെങ്കിലും വിദേശത്തുനിന്നു കൊണ്ടുവന്ന പേടകം സൂക്ഷിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. തർക്കത്തിനൊടുവിൽ പേടകം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. കൂലിപ്പണിക്കാരനായ അബ്ദുൾ റസാഖിന് ഇതിനോടകം 40,000 രൂപയിലേറെ ചെലവുണ്ട്. ശ്രീലങ്കയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരത്തിനും മറ്റുമായി ഇനിയും പണം കണ്ടെത്തണം.
റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി
തിരുവനന്തപുരം: സൗദി അറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. നോർക്ക വകുപ്പ് സൗദിയിലെ ഇന്ത്യൻ എംബസിക്ക് കത്തു നൽകുകയും സൗദി എയർലൈൻസ് അധികൃതരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.
ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുക. കേരളത്തിലാദ്യമായാണ് സസ്പെന്‍ഷനിലുള്ള ഐപിഎസ് ഓഫീസര്‍ മത്സരിക്കാനെത്തുന്നത്. മത്സരിക്കുന്നതിന് വേണ്ടി അദ്ദേഹം ഐ പി എസില്‍ നിന്ന് രാജി വയ്ക്കുമെന്നാണ് സൂചന.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം പി ഇന്നസെന്റും യു ഡി എഫിന് വേണ്ടി മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാനുമാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന് നിലവില്‍ ജേക്കബ് തോമസാണ്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി 20. കിഴക്കമ്പലം പഞ്ചയാത്ത് ഭരിക്കുന്നത് ട്വന്റി 20ആണ്.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിയന്റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. പിന്നീട് പല കാരണങ്ങള്‍ക്കൊണ്ടും തുടരെ സസ്പെന്ഷന് ലഭിക്കുകയായിരുന്നു.
ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനം പറത്തിയാണ് ഈ അമ്മയും മകളും ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. പൈലറ്റായ അമ്മയും സഹ പൈലറ്റായ മകളും വിമാനം പറത്തിയത് കാലിഫോര്‍ണിയയില്‍ നിന്നും അറ്റ്ലാന്റയിലേക്കും അവിടെനിന്നും ജോര്‍ജ്ജിയയിലേക്കുമാണ്. പൈലറ്റും എംബ്രി റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയിലെ ചാന്‍സിലറുമായ ജോണ്‍ ആര് വാട്രറ്റാണ് അമ്മയുടെയും മകളുടെയും ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
ഫാമിലി ഫ്ലൈറ്റ് ക്രൂ എന്നാണ് ഇതിന് മറുപടിയായി ഡെല്‍റ്റാ എയര്‍ലൈന്‍ നല്‍കിയത്. ഇരുവരും വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവും പ്രോത്സാഹനവുമായി രംഗത്തെത്തിയത്.41,000ത്തോളം ആളുകള്‍ ഇതിനോടകം തന്നെ ട്വീറ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. 16,000 റീട്വീറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
Just flew with this mother daughter flight crew on Delta from LAX to ATL. Awesome. @Delta @EmbryRiddle #erau pic.twitter.com/HYLl65H5p1
— John R. Watret (@ERAUWatret) March 17, 2019
ബാഗ്ദാദ്: മൊസൂള്‍ നഗരത്തില്‍ ടൈഗ്രീസ് നദിയില്‍ ഇന്നലെ കടത്തുബോട്ട് മുങ്ങി. അപകടത്തില്‍ 92 പേര് മരണപെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. കുര്‍ദിഷ് പുതുവത്സരദിനം ആഘോഷിക്കാന്‍ സമീപത്തെ ടൂറിസ്റ്റ് ദ്വീപായ ഉംറബായീനിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.മരിച്ചവരില്‍ 12 കുട്ടികളുമുണ്ടെന്ന് ഇറാക്ക് ആരോഗ്യമന്ത്രാലയം വക്താവ് സയ്ഫ് അല്‍ ബദര്‍ പറഞ്ഞു. ബോട്ടില്‍ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നൂറോളം പേര് നീന്തല്‍ വശമില്ലാത്തവരായിരുന്നു. 60 പേരെ ഇനിയും കാണാനുണ്ട്.
മരിച്ച ഭൂരിഭാഗം പേരും നീന്തല്‍ വശമില്ലാത്ത വനിതകളും കുഞ്ഞുങ്ങളുമാണെന്ന് മൊസൂള്‍ സിവില്‍ ഡിഫന്‍സ് മേധാവി ഹുസാം ഖലീല്‍ അറിയിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി അബ്ദുള്‍ മഹ്ദി ഉത്തരവിട്ടു. മൊസൂളിലെ അണക്കെട്ട് തുറന്നുവിട്ടതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോട്ടുടമസ്ഥര്‍ അവഗണിച്ചതായി പറയപ്പെടുന്നു.
കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ.എം.മാണിയിപ്പോള്‍ ചികിത്സയിലുള്ളത്.
എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയ്ക്കായി മകളുടെ വീട്ടില്‍ നിന്നാണ് മാണി ആശുപത്രിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു
ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ സമയപരിധി നീട്ടിയ പ്രമേയം യൂറോപ്യന്‍ യൂണിയന് അംഗീകരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് ബ്രെക്സിറ്റിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യമുയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സമയം നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്റെ മുന്നിലെത്തിയത്.
പുതിയ തീരുമാനമനുസരിച്ച് ബ്രെക്സിറ്റ് നടപ്പാക്കാന്‍ മെയ് 22 വരെ ബ്രിട്ടണ് സാവകാശമുണ്ട്. എന്നാല്‍ വരുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന് അതിവേഗം തീരുമാനമെടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം. അതിനിടെ ബ്രെക്സിറ്റ് ക്യാന്‍സല്‍ ചെയ്യണമെന്ന നിവേദനത്തിലെ ഒപ്പുകളുടെ എണ്ണം 20 ലക്ഷം പിന്നിട്ടു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർഥിനിക്ക് നാടിൻറെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവല്ലയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. തുടർന്ന് തിരുവല്ലയിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
സ്വന്തം കലാലയമുറ്റത്തേക്ക് അവസാനമായി ഒരിക്കൽക്കൂടി അവളെത്തി. കണ്ണീർ തളംകെട്ടിയ അന്തരീക്ഷത്തിൽ സഹപാഠികളും, അധ്യാപകരും, നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. വാടകവീട്ടിലെ പൊതുദർശനമൊഴിവാക്കിയാണ് പെൺകുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിന് മുന്നിൽ പതിനഞ്ച് മിനിറ്റ് പൊതുദർശനമൊരുക്കിയത്. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലെ പൊതുശ്മശാനത്തിലെത്തിച്ച് നാലരയോടെ സംസ്കരിച്ചു.
അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയതിനുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതി അജിൻ റെജി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെ ഈ മാസം പന്ത്രണ്ടാംതീയതിയാണ് ആക്രമണത്തിനിരയായത്. പ്ലസ്ടുവിന് സഹപാഠിയായിരുന്ന അജിൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ‘പിഎം നരേന്ദ്രമോദി’ യെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ട്രെയിലറിൽ കാണിക്കുന്നില്ലെന്നാണ് പരിഹാസം. കമ്മികളുടെയും നക്സലുകളുടെയും ‘നെഹ്രു’വിന്റെയും വിലകുറഞ്ഞ തന്ത്രമാണോ ഇതെന്നും താരം പരിസാഹ രൂപേണ ട്വിറ്ററിൽ കുറിച്ചു.
ഇതുപോലുള്ള ബയോപിക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥത കാണുമ്പോഴാണ് ജയലളിതയെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ എത്രത്തോളം സ്വര്‍ണം പൂശൽ നടന്നേക്കുമെന്ന് ആലോചിക്കുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കാവുന്നതാണ്, എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് മാപ്പർഹിക്കുന്നില്ല”, സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.
റാഫേല്‍ രേഖകൾ കളവ് പോയി എന്ന അറ്റോർണി ജനറലിൻറെ വെളിപ്പെടുത്തലിനു പിന്നാലെ ഇതിനെ പരിഹസിച്ചും താരം രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണവും സൈനികരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും സിദ്ധാർത്ഥ് ആരോപിച്ചിരുന്നു.
പുൽവാമ ഭീകരാക്രമണത്തെ നേട്ടമാക്കി പ്രസംഗിച്ച മോദിയെ വിമർശിച്ചും സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു. സ്വയം ഹീറോ ആയി പ്രഖ്യാപിക്കുന്ന മോദി ആ പണി നിർത്തണം എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്.
#PMNarendraModiTrailer does not show how #Modiji won India’s Independence by single handedly wiping out the British Empire. Looks like another cheap trick by the sickular, libtard, commie, naxals and of course that Nehru. #IstandwithModi
— Siddharth (@Actor_Siddharth) March 21, 2019