Latest News

തിരുവനന്തപുരം പൊഴിയൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ചേര്‍ന്ന് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതോടെ പനങ്കാല ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവ് രാജപ്പനും ഒളിവില്‍ പോയി. ഉച്ചഭാഷിണി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.

പൊഴിയൂരിന് സമീപം ചെങ്കവിളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അതിര്‍ത്തിയിലെ തമിഴ്നാട് പ്രദേശമായ മങ്കമലയില്‍ താമസിക്കുന്ന ജേക്കബ് എന്ന 28കാരനാണ് കുത്തേറ്റത്. സി.പി.എമ്മിന്റെ പനങ്കാല ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവും പിതാവ് രാജപ്പനും ചേര്‍ന്നാണ് ആക്രമിച്ചത്. കുത്തേറ്റ ജേക്കബ് മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ചെങ്കവിള ക്ഷേത്രത്തിലെ ഉത്സവത്തിന് മൈക്ക് സൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലിക്കെത്തിയതായിരുന്നു ജേക്കബ്. ജോലി ചെയ്യുന്നതിനിടെ ബൈജുവും പിതാവ് രാജപ്പനുമെത്തി ജേക്കബിനോട് തട്ടിക്കയറി.

മൈക്ക് വയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. വാക്കേറ്റത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജേക്കബിനെ മര്‍ദിച്ചു. ഇതിനൊടുവിലാണ് കത്തിയെടുത്ത് പിതാവ് രാജപ്പന്‍ കുത്തിയത്. കുത്തേറ്റ് വീണ ജേക്കബിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ബൈജുവും രാജപ്പനും ഒളിവില്‍ പോയി. ഇരുവരെയും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുമ്പോള്‍ രക്ഷിക്കാനായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. പൊഴിയൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

2013 ലെ ഐപിഎൽ‌ വാതുവെയ്പു കേസ് വ്യക്തിപരമായി ഏറെ വേദനിപ്പിച്ച സംഭവമായിരുന്നുവെന്ന് മഹേന്ദ്രസിങ്ങ് ധോണി. കളിക്കാരുടെ അറിവോടെ ആയിരുന്നില്ല സംഭവം നടന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു ആ ഐപിഎൽ സീസണ്‍ എന്നും ധോണി പഞ്ഞു. ‘റോർ ഓഫ് ദ് ലയൺ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യുഡ്രാമയിലാണ് ധോണി മനസു തുറന്നത്. ഒത്തുകളി വിവാദത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ഡ‌ോക്യു ഡ്രാമയാണിത്.
ആ സമയത്ത് രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു ഐപിഎല്‍ ഒത്തുകളി. അതിനു മാത്രം തങ്ങൾ എന്തു തെറ്റാണ് ചെയ്തതെന്നും ധോണി ചോദിക്കുന്നു. ”ടീമിനെ വിലക്കുന്ന ഘട്ടത്തിൽപ്പോലും താരങ്ങളെന്ന നിലയിൽ ഞങ്ങളും ക്യാപ്റ്റനെന്ന നിലയിൽ ഞാനും എന്തു തെറ്റു ചെയ്തു എന്നതായിരുന്നു മനസ്സിൽ ഉയർന്ന ചോദ്യം”, ധോണി പറയുന്നു.

”എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. ജീവിതത്തിൽ അന്ന് ഞാൻ തകർന്നതുപോലെ പിന്നീടൊരിക്കലും തകർന്നിട്ടില്ല. അതിനു മുൻപ് 2007ലെ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ നിരാശപ്പെട്ടിരുന്നു. അന്നു പക്ഷേ തീരെ മോശം പ്രകടനം കാഴ്ചവച്ചാണ് ഞങ്ങൾ യോഗ്യതാ റൗണ്ടിൽത്തന്നെ പുറത്തായത്. ഐപിഎൽ വാതുവയ്പു വിവാദത്തിൽ അതായിരുന്നില്ല സ്ഥിതി’ – ധോണി പറഞ്ഞു.

”ടീമിന്റെ ഭാഗത്തുനിന്ന് പിഴവുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഏതെങ്കിലും കളിക്കാർക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ? ഈ പ്രതിസന്ധി ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോകാൻ മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തത്? വാതുവച്ചെന്ന പേരിൽ പ്രചരിച്ച പേരുകളിൽ ഞാനുമുണ്ടായിരുന്നു. ടീമും താനുമെല്ലാം വാതുവയ്പിൽ പങ്കെടുത്തെന്ന തരത്തിലാണ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വാർത്തകൾ പ്രചരിപ്പിച്ചത്.

ടീമംഗങ്ങളിൽ ഭൂരിഭാഗം പേരുടെയും അറിവോടെ മാത്രമേ ഒത്തുകളിക്കാന്‍ കഴിയൂ എന്നും ധോണി പറയുന്നു. ”അന്ന് ഈ സംഭവം എന്നെ ഒരുപാട് വേദനിപ്പിച്ചു. ആരോടും സംസാരിക്കുന്നതു പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ക്രിക്കറ്റ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഈ വിവാദങ്ങൾ കളിയെ ബാധിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഞാൻ ജീവിതത്തില്‍ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് ക്രിക്കറ്റ് കൊണ്ടാണ്. എനിക്കു ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് വാതുവെയ്പാണ്, അത് കൊലപാതകം പോലുമല്ല.
ടീം ഉടമകളായ ഗുരുനാഥ് മെയ്യപ്പൻ, രാജ് കുന്ദ്ര എന്നിവർ വാതുവെച്ചതായി തെളിഞ്ഞതിനെ തുടർന്ന് ചെന്നെ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയല്‍ ചലഞ്ചേഴ്സ് ടീമുകളെ രണ്ടു വർഷത്തേക്ക് ഐപിഎല്ലിൽ നിന്ന് വിലക്കിയിരുന്നു.

കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ തന്നെ വീണ്ടും മല്‍സരിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനവിധി തേടും. ആദ്യ പട്ടികയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ ഉള്‍പ്പെടുത്തിയില്ല. പത്തനംതിട്ട ഒഴികെ കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മല്‍സരിക്കും.

ബി.ജെ.പി ഏറെ പ്രതീക്ഷവയ്‍ക്കുന്ന പത്തനംതിട്ട ഒഴിച്ചിട്ട്, കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നരേന്ദ്രമോദി വാരാണസിയില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ നിലവില്‍ രാജ്യസഭാംഗമായ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ സ്ഥാനാര്‍ഥിയാകും.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലക്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും വീണ്ടും ജനവിധി തേടുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനിക്ക് വീണ്ടും അവസരം നല്‍കി. കേന്ദ്രമന്ത്രി വി.കെ.സിങ്ങ് ഗാസിയാബാദിലും ഹേമമാലിനി മുഥരയിലും സാക്ഷിമഹാരാജ് ഉന്നാവയിലും വീണ്ടും ജനവിധി തേടും.

കേരളത്തില്‍ ബി.ജെ.പി മല്‍സരിക്കുന്ന പതിനാല് സീറ്റുകളില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരില്‍ സി.കെ.പത്മനാഭനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും കൊല്ലത്ത് സാബു വര്‍ഗീസും പാലക്കാട് സി.കൃഷ്ണകുമാറും ചാലക്കുടിയില്‍ എ.എന്‍.രാധാകൃഷ്ണും കോഴിക്കോട് പ്രകാശ് ബാബുവും മലപ്പുറത്ത് വി.ഉണ്ണികൃഷ്ണനും പൊന്നാനിയില്‍ വി.ടി.രമയും വടകരയില്‍ വി.കെ.സജീവനും കാസര്‍കോട്ട് രവീശതന്ത്രിയും മല്‍സരിക്കും.

പത്തനംതിട്ട ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് എറണാകുളം നല്‍കിയപ്പോള്‍ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന് ആലപ്പുഴ നല്‍കി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും അവകാശവാദം ഉന്നയിച്ച പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വം മാറ്റിവച്ചു.

മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി.മുരളീധരനും പി.കെ.കൃഷ്ണദാസും മുതിര്‍ന്ന നേതാവ് എം.ടി.രമേശും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനും പട്ടികയില്‍ ഇടംപിടിച്ചില്ല.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസ് പാളയത്തിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ടോ വടക്കന് അവിടെയും സീറ്റില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കൻറെ പേരില്ല. ഇനി പ്രഖ്യാപിക്കാനുള്ളത് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ മാത്രം. ഇവിടെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വം ഏറെക്കുറേ ഉറപ്പിച്ചും കഴിഞ്ഞു. ഇതോടെ ഇത്തവണയെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച സീറ്റ് വടക്കന് നഷ്ടമായി.

ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കൻ ഇല്ലെന്നും വടക്കന്റ കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുകയെന്നുമാണ് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കൻ പ്രതീക്ഷിച്ചിരുന്നതും. എന്നാൽ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തി. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വർഗീസീനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ഥാനാര്‍ത്ഥികള്‍ വനിതകള്‍ ആയിരിക്കുമെന്ന ഒഡീഷ ചീഫ് മിനിസ്റ്ററും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാതൃകാ പരമായ നിലപാടുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോകസഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്നാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം.

വനിതകളെ സംബന്ധിച്ച് ഇത് അഭിമാനാര്‍ഹമായ നിമിഷമാണെന്നും ഈ പട്ടിക പ്രഖ്യാപിക്കാന്‍ സന്തോഷവുമുണ്ടെന്ന് അഭിമുഖത്തോടെയാണ് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിന് പുറമെ ഒഡീഷയിലും ആസാമിലും ജാര്‍ഖണ്ഡിലും ബീഹാറിലും ആന്‍ഡമാനിലും തൃണമൂല്‍ കോണ്‍ഗ്രസ് ചില സീറ്റുകളില്‍ മല്‍സരിക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു.

സ്ത്രീ ശാക്തീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പ്രഖ്യാപനങ്ങള്‍ പാലിക്കണമെന്ന ആഹ്വാനത്തോടെയാണ് ബിജെഡി 330ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളെന്ന പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൂട്ടാന്‍ എന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ള നേതാവാണ് മമത. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടം മാത്രമല്ല ആശയങ്ങളുടെ കൂടെ പോരാട്ടമെന്ന് ഉറപ്പ് നല്‍കുന്നതാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം.

രാജ്യ വ്യാപകമായി ബിജെപിക്കെതിരെ മുന്നണി രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത വ്യക്തി കൂടിയാണ് മമതാ ബാനര്‍ജി. രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ വനിതകളെ എത്തിക്കാനുള്ള മമതാ ബാനര്‍ജിയുടെ ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വ്യാപക പ്രോല്‍സാഹനമാണ് ലഭിക്കുന്നത്. പ്രമുഖ സ്ഥാനങ്ങളില്‍ വനിതകള്‍ ഉള്ള പല പാര്‍ട്ടികള്‍ പോലും സ്വീകരിക്കാത്ത നിലപാടാണ് 40 ശതമാനം സീറ്റുകളിലധികം വനിതകള്‍ക്ക് നല്‍കികൊണ്ട് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

കൊല്ലം ഓച്ചിറയിൽ രാജസ്ഥാനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുഹമ്മദ് റോഷനും പതിനഞ്ചുകാരിക്കുമായി പൊലീസ് സംഘം ബംഗളൂരുവിൽ തിരച്ചിൽ തുടരുകയാണ്. അതേ സമയം മുഹമ്മദ് റോഷനും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് റോഷന്റെ അച്ഛൻ പറഞ്ഞു.

ഒച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിലാണ് മൂന്നു പേരെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ വലിയകുളങ്ങര സ്വദേശി പ്യാരി,വിപിൻ, അനന്തു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും ഇരുപതു വയസിനു താഴെപ്രായമുള്ളവരാണ്. പതിനഞ്ചുകാരിയായ പെൺകുട്ടിയും മുഹമ്മദ് റോഷനും ബംഗളുരുവിലേക് കടന്നുവെന്നാണ് നിഗമനം.

ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘവും പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. അതേ സമയം മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെൺകുട്ടി മുൻപും റോഷനൊപ്പം പോയിട്ടുണ്ട്. കുറ്റം ചെയ്ത മകനെ സംരക്ഷിക്കില്ലെന്നും സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ പറഞ്ഞു

രാഷ്ട്രിയ സമ്മർദത്തെ തുടർന്ന് പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി വലിയകുളങ്ങരയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ്(64) അന്തരിച്ചു. രാവിലെ ഏഴരയോടെയാണ് മരണം സംഭവിച്ചത്. രാവിലത്തെ പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇദ്ദേഹം പണവും മദ്യക്കുപ്പിയും നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും കാരണമായി.

മകളെ കാറില്‍ പൂട്ടിയിട്ട് കാമുകനൊപ്പം സല്ലപിക്കാന്‍ പോയ സമയത്ത് കാറിനകത്ത് മകള്‍ വെന്ത് മരിച്ച കേസില്‍ മാതാവായ പോലീസ് ഉദ്യോഗസ്ഥയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മുന്‍ പോലീസ് ഓഫീസറായ കാസി ബാര്‍ക്കറെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 2016 സെപ്തംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഏപ്രില്‍ ഒന്നിനാണ് ശിക്ഷ വിധിക്കുക.

മകളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സീനിയര്‍ ഓഫീസറും കാമുകനുമായ പോലീസുകാരനോടൊപ്പം യുവതി പോകുകയായിരുന്നു. ജോലിക്കിടയില്‍ പോലീസ് പട്രോളിനുള്ള ഔദ്യോഗിക കാറില്‍ മൂന്ന് വയസുകാരിയായ മകള്‍ ചെയന്നെയെ പൂട്ടിയിട്ടാണ് കാസി പോയത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയാളുടെ വീട്ടിലേക്കാണ് ഇവര്‍ പോയത്. അതിനുശേഷം മകള്‍ കാറിനുള്ളിലുള്ളതു ഓര്‍ക്കാതെ കാസിയും പോലീസുകാരനും ഉറങ്ങി. ഇതേസമയം കാറിനുള്ളിലെ കനത്ത ചൂടില്‍ നാല് മണിക്കൂര്‍ ചെയന്നെയ്ക്ക് കിടക്കേണ്ടി വന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുട്ടി മരിച്ച് രണ്ടു ദിവസത്തിനുളളില്‍ തന്നെ കാസിയേയും അവരുടെ സൂപ്പര്‍വൈസറും കാമുകനുമായ ക്ലര്‍ക്ക് ലാഡ്‌നറെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതിയില്‍ കാസിയുടെ ഭര്‍ത്താവായ റയാന്‍ഹയര്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളും ഇവര്‍ പ്രതിയാണെന്ന് തെളിയിക്കുന്നതായിരുന്നു.

 

ഗുജറാത്തിലെ പാട്ടാള ക്യാംപില്‍ രണ്ടു മാസം മുമ്പ് വിവാഹിതനായ മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. വിവരമറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഗുരുതരാവസ്ഥയില്‍. ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപിലാണ് സംഭവം.

തിരുവനന്തപുരം കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ് കുമാറാണ് (26) മരിച്ചത്. ചെവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ക്യാംപില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വിശാഖ് സര്‍വീസ് ഗണ്‍ ഉപയോഗിച്ച് സ്വയം തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ വൈശാഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നാലുവര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന വിശാഖ് ജമ്മുകാശ്മീരില്‍നിന്നും ഒരു വര്‍ഷം മുമ്പാണ് ജാംനഗറില്‍ എത്തിയത്. രണ്ടുമാസം മുമ്പായിരുന്നു വിശാഖിന്റെ വിവാഹം. വിശാഖിന്റെ മരണവാര്‍ത്തയറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് പുരുഷോത്തമന്‍പിള്ള അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മാതാവ് സുലഭ. സഹോദരന്‍ അഭിലാഷ് (ഇന്ത്യന്‍ ആര്‍മി , ജമ്മുകാശ്മീര്‍), അഞ്ജനയാണ് ഭാര്യ.

വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യംപില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഭരതന്നൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും

സെല്‍ഫി ഭ്രമം ആനയ്ക്കുമുന്നിലെത്തിയാല്‍ എങ്ങനെയിരിക്കും. യുവാവിനും സംഭവിച്ചത് അതു തന്നെ. ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ആന തൂക്കിയെടുത്തെറിഞ്ഞു. ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പുന്നപ്ര കണ്ണമ്പള്ളിക്കല്‍ വീട്ടില്‍ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനേഷിനെ ആന കൊമ്പില്‍ കോര്‍ത്ത് എറിയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജിനേഷിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കേ പറമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. തളച്ചിരുന്ന ആനകളുടെ സമീപം എത്തിയ ജിനേഷ് ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോഴാണ് കുത്തേറ്റത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ജിനേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആനയെ പിന്നീട് എഴുന്നള്ളത്തില്‍ നിന്നും മാറ്റി.

 

 

 

സൗദിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുമ്മണ്ണൂര്‍ റഫീഖ് മരിക്കുന്നത്. കഴിഞ്ഞ മാസം 27നായിരുന്നു മരണം. ഒട്ടേറെ നിയമനടപടികൾ പിന്നിട്ട് ഇന്നലെ രാത്രിയാണ് മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുന്നത്. അവിടുന്ന് മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു. പള്ളിയിലെത്തി പെട്ടി തുറന്നപോഴാണ് റഫീക്കിന്റെ മൃതദേഹമല്ല പെട്ടിയിലെന്ന് തിരിച്ചറിയുന്നത്. ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമായിരുന്നു പെട്ടിയിൽ.

മകനെ ജീവനോടെ തിരികെയത്തിക്കാനല്ല. അവന്റെ ചേതനയറ്റ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ഇൗ ഉമ്മയുടെ ആവശ്യം. ഏറെ വിചിത്രമായ സംഭവങ്ങൾക്കാണ് പത്തനംതിട്ടയിലെ കോന്നി സാക്ഷിയായത്. സൗദിയില്‍ നിന്നെത്തിച്ച കോന്നി സ്വദേശിയുടെ മൃതദേഹം മാറിപ്പോയെന്ന് ബന്ധുക്കൾ അറിയുന്നത് സംസ്കാരത്തിനായി പെട്ടി തുറക്കുമ്പോഴാണ്.

‘ആരെങ്കിലും ഒന്ന് ഇടപ്പെട്ട് എന്റെ മകനെ ഒന്നു കൊണ്ടുവരാമോ..’ പൊട്ടിക്കരഞ്ഞ് കൊണ്ട് ഒരു ഉമ്മ.മരിച്ച റഫീഖിന് ഒരു കുഞ്ഞുണ്ട്. രണ്ടാമത്തെ കുഞ്ഞ് മാസം തികഞ്ഞിരിക്കുകയാണെന്നും ഈ ഉമ്മ വാവിട്ട് കരഞ്ഞ് പറയുന്നു

എംബാം ചെയ്തിലുണ്ടായ പിഴവാകാം മൃതദേഹം മാറിപോകാൻ കാരണമെന്നാണ് വിലയിരുത്തൽ. പിന്നീട് സ്ത്രീയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇക്കാര്യത്തിൽ സർക്കാരും എംപിയും ഇടപെടണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
സൗദിയില്‍ അന്തരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം.

കോന്നി കുമ്മണ്ണൂർ സ്വദേശി റഫീഖിന്റെ മൃതദേഹമാണ് മാറിയത്. വീട്ടിലെത്തിച്ച് സംസ്കര ചടങ്ങുകൾക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം ബന്ധുക്കളറിഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബന്ധുക്കള്‍ പ്രതികരിച്ചത്. ‘എന്റെ കുഞ്ഞിനെ സര്‍ക്കാര്‍ എത്തിച്ചുതരണം.

ഇന്നലെ രാത്രിയാണ് മൃതദേഹം കുമ്മണ്ണൂർ ജുമാ മസ്ജിൽ എത്തിച്ചത്. ഇന്ന് രാവിലെ സംസകാര ചടങ്ങുകൾക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം യുവതിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. മൃതദേഹം വിട്ടുകിട്ടാൻ അധികൃതർ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 27നാണ് സൗദിഅറേബ്യയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് റഫീഖ് മരിച്ചത്. ഏറെക്കാലമായി റഫീഖ്‌ സൗദി അറേബ്യയിലാണ് ജോലി നോക്കുന്നത്.

RECENT POSTS
Copyright © . All rights reserved