116 രാജ്യങ്ങളിൽ എംപോക്സ്(മുമ്പത്തെ മങ്കിപോക്സ്) തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിക്കുന്നു. ഗ്രേഡ് ത്രീ എമർജൻസി വിഭാഗത്തിൽപ്പെടുത്തിയാണ് കൂടുതൽ മുന്നൊരുക്കങ്ങൾ നടത്താൻ ലോകാരോഗ്യസംഘടന ഇടപെടൽ നടത്തുന്നത്. അടിയന്തര ഇടപെടൽ അനിവാര്യമാണെന്നാണ് ഗ്രേഡ് ത്രീ ക്ലാസിഫിക്കേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്.
ആഫ്രിക്കയിലെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണിത്. ആഫ്രിക്കയിൽ മാത്രം 15,000 മങ്കിപോക്സ് രോഗികളും 461 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്തേത് അപേക്ഷിച്ച് 160ശതമാനമാണ് വർധന.
മങ്കിപോക്സ് രോഗവ്യാപനപശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ ചർച്ചകൾ നടക്കുകയാണ്. 2009 മുതൽ ഇതുവരെ ഏഴുതവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. H1N1 പന്നിപ്പനി, പോളിയോവൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്സ് എന്നിവയ്ക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിൽ അവസാനമായി 2022-ൽ പ്രഖ്യാപിച്ചതും എംപോക്സിന് എതിരെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നാൽ ലോകാരോഗ്യസംഘടനയുടെ ഏറ്റവുംവലിയ ജാഗ്രതാനിർദേശങ്ങളിലൊന്നാണ്.
ദശകങ്ങളായി കോംഗോയിൽ എംപോക്സ് വ്യാപനമുണ്ട്. എന്നൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾമാത്രം കഴിഞ്ഞവർഷം മൊത്തത്തിൽ ഉണ്ടായതിനേക്കാൾ കൂടുതലാണ്.
മങ്കിപോക്സ് എന്ന പേരിനുപിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യസംഘടന പേരുമാറ്റാൻ തീരുമാനിച്ചത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കിപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ മങ്കിപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ മങ്കിപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് മങ്കിപോക്സിനെതിരേയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
സാധാരണഗതിയിൽ മങ്കിപോക്സിന്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
വൈറൽ രോഗമായതിനാൽ മങ്കിപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. മങ്കിപോക്സിന്റെ വാക്സിനേഷൻ നിലവിലുണ്ട്
അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് മങ്കിപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.
കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം പ്രകടിപ്പിച്ച് കുടുംബം. മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കൂട്ടബലാത്സംഗം ഉള്‍പ്പെടെ സംശയിക്കുന്നതായി പറഞ്ഞത്. മകള്‍ക്ക് നേരേ നടന്നത് അതിക്രൂരമായ ആക്രമണമാണെന്നും ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞു.
ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികാതിക്രമം നടന്നതിനും തെളിവുകളുണ്ട്. മകളുടെ മൃതദേഹത്തില്‍ ഒട്ടറെ മുറിവേറ്റ പാടുകളുണ്ട്. അതിക്രൂരമായ ആക്രമണം നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തലയുടെ പല ഭാഗങ്ങളിലും കടുത്ത ആഘാതമേറ്റത്തിന്റെ അടയാളങ്ങളുണ്ട്. ഇരുചെവികളിലും മുറിവുകളുണ്ടായിരുന്നു. ചുണ്ടിലും മുറിവേറ്റു. ശക്തമായ മല്‍പ്പിടിത്തം നടന്നതിന്റെയും വായ പൊത്തിപ്പിടിച്ചതിന്റെയും ലക്ഷണമാണിത്. ഇതിനുപുറമേ കഴുത്തില്‍ കടിച്ചുപരിക്കേല്‍പ്പിച്ചതിന്റെ പാടുകളുണ്ട്.
മൃതദേഹത്തില്‍നിന്ന് 150 മില്ലിഗ്രാം ശുക്ലം ലഭിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത്രയും കൂടിയ അളവുള്ളതിനാല്‍ ഒന്നില്‍ക്കൂടുതല്‍ ആളുകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതാണെന്നും അതിനാൽ കൂട്ടബലാത്സംഗം സംശയിക്കുന്നതായും മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറഞ്ഞു.
ഇത് ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്ത കുറ്റകൃത്യമല്ല. മകള്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് കൃത്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ പിടികൂടാന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും മാതാപിതാക്കള്‍ കഴിഞ്ഞദിവസം കോടതിയില്‍ ആരോപിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനകളുണ്ടെന്നായിരുന്നു ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവ. ഡോക്ടേഴ്‌സ് അസോസിയേഷന്‍ അഡീ. ജനറല്‍ സെക്രട്ടറി ഡോ. സുബര്‍ണ ഗോസ്വാമിയുടെയും പ്രതികരണം. ഇത് ചെയ്തത് ഒരാള്‍ മാത്രമല്ലെന്നാണ് മൃതദേഹത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്നും ഇത്രയും ഉയര്‍ന്ന അളവില്‍ ശുക്ലം കണ്ടെത്തിയതിനാല്‍ മറ്റുചിലരുടെ ഇടപെടലും സംശയിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. കേസില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതി സഞ്ജയ് റോയിയെ സി.ബി.ഐ. സംഘം ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങി. മെഡിക്കല്‍, ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സി.ബി.ഐ. അന്വേഷണം നടത്തുന്നത്. ഇതില്‍ ഒരു സംഘം ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിലും ആശുപത്രിയിലും വിശദമായ പരിശോധന നടത്തും.
എബ്രഹാം കുര്യൻ
സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോയ വയനാടിന്റെ കണ്ണീരൊപ്പാനും കൈത്താങ്ങാകുവാനും മലയാളം മിഷൻ യു കെ ചാപ്റ്റർ ധനസമാഹരണം നടത്തുകയാണ്.
യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഭാഷാ പ്രവർത്തകർ എന്നിവരിൽ നിന്നും മിനിമം ഒരു പൗണ്ടിൽ കുറയാത്ത തുക വീതം സമാഹരിച്ച് ലഭിക്കുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാനാണ് മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നത്.
വയനാട്ടിൽ ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിന്റെ ഫലമായി മാതാപിതാക്കളും കിടപ്പാടവും വിദ്യാലയവുമൊക്കെ നഷ്ടപ്പെട്ട വയനാടിന്റെ മക്കളെ വർണ്ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി മലയാളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച “വയനാടിനൊരു ഡോളർ” എന്ന കാമ്പയിന്റെ ഭാഗമായി പ്രവാസ ലോകത്തെ എല്ലാ മലയാളം മിഷൻ ചാപ്റ്ററുകളും നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം വയനാട്ടിലെ സഹോദരങ്ങളുടെ അതിജീവനത്തിനായി മലയാളം മിഷൻ യു കെ ചാപ്റ്ററിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കുകയാണ് .
വയനാടിന് പുനർജീവൻ നൽകുന്നതിനായുള്ള ധനസമാഹരണത്തിൽ പങ്കാളികളാകുവാൻ മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെയോ ഭാരവാഹികളുടെയോ നേതൃത്വത്തിൽ സമാഹരിക്കുന്ന തുക 2024 ഓഗസ്റ്റ് 25നു മുൻപായി ചാപ്റ്റർ സെക്രട്ടറിയുടെ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് കൈമാറണമെന്നും ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
Account Name: Malayalam UK
Sort Code:30-99-50
Account No: 56924063
പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്തഭൂമിയിൽ എല്ലാം നഷ്ടപ്പെട്ട് അതിജീവിച്ച് കഴിയുന്ന മക്കൾക്ക് പുനരധിവാസത്തിനു വേണ്ടി മലയാളം മിഷൻ യു കെ ചാപ്റ്റർ നടത്തുന്ന ധനസമാഹരണത്തിൽ പഠനകേന്ദ്രങ്ങളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഭാരവാഹികളും രക്ഷിതാക്കളും മിനിമം ഒരു പൗണ്ടെങ്കിലും സംഭാവന നൽകി പങ്കാളികളാവണമെന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തെക്കുറിച്ച് പുനർവിചിന്തനം വേണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. തുരങ്കപാതയെ സംബന്ധിച്ച് മൂന്നുവട്ടമെങ്കിലും ചിന്തിക്കണം. ശാസ്ത്രീയപഠനം ആവശ്യമാണ്. വയനാടിന്റെ ഭൂപ്രകൃതിയെപ്പറ്റി ബോധമുണ്ടാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
‘‘പാവങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനം വികസനമല്ല. വികസനത്തിന് സ്ഥായിയായ നിലനിൽപ്പുവേണം. അല്ലെങ്കിൽ വികസനത്തിന്റെപേരിൽ മുടക്കിയ കോടികളെല്ലാം നഷ്ടപ്പെട്ടുപോകും. ഭൂമി സർവംസഹയല്ല, അതിന്റെ ക്ഷമയ്ക്ക് അതിരുണ്ട്’’ -ബിനോയ് വിശ്വം പറഞ്ഞു.
പശ്ചിമഘട്ടമേഖലയിലെ നിയമവിരുദ്ധമായ എല്ലാപ്രവർത്തനങ്ങളും അനധികൃതനിർമാണങ്ങളും തടയും. പശ്ചിമഘട്ടത്തിന്റെ ദുർബലമേഖലകളിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി. സന്തോഷ്‍കുമാർ എം.പി., സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ലാസെക്രട്ടറി ഇ.ജെ. ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചൂരൽമല, മുണ്ടക്കൈ ദുരന്തമുഖത്ത് എല്ലാവരും ഒറ്റക്കെട്ടായിനിന്നു. മനുഷ്യരുടെ കൈകോർത്തുപിടിക്കലും ചേർത്തുനിർത്തലുമാണ് യഥാർഥ കേരളസ്റ്റോറിയെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ‘‘പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് ദുരന്തബാധിതപ്രദേശം സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനസർക്കാരിനെ നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു’’ -അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ എല്ലാവരുടെയും പുനരധിവാസം സാധ്യമാക്കുമെന്നും അതിന് കായികവും സാമ്പത്തികവുമായ എല്ലാപിന്തുണയും സി.പി.ഐ. നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് രാത്രിയും വിവിധ ജില്ലകളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വൈകുന്നേരം എട്ടിന് ശേഷമുള്ള അറിയിപ്പില്‍ പറയുന്നു.
ബുധനാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് വരും ദിവസങ്ങളിലും മഴയുണ്ടാകും. തെക്കന്‍ ശ്രീലങ്കയിലെ റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ ഉയരത്തില്‍ ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 15 വരെ അതിശക്തമായ മഴക്കും 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽനിന്ന് വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടേതുതന്നെ ആണെന്നാണ് ലോറി ഉടമ മനാഫ് വ്യക്തമാക്കുന്നത്. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാൽപെ സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുഴയിലിറങ്ങി പരിശോധന ആരംഭിച്ചത്.
രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയതിന് ശേഷം സംഘം ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു. ബുധനാഴ്ച തിരച്ചിൽ തുടരും. തിരച്ചിലിന് അനുകൂലമായ സാഹചര്യമായതിനാൽ നാളെ വിപുലമായ പരിശോധന നടത്തും.
കരയോട് തൊട്ടടുത്ത ഭാഗത്ത് നിന്നാണ് ജാക്കി കണ്ടെത്തിയത്. പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗമാകാനാണ് എൺപത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ, നാവികസേനയ്ക്കു പകരം ഈശ്വർ മാൽപേയുട നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിച്ചത്. ബോട്ട് പുഴയിലിറക്കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളും സംഘത്തിലുണ്ട്. അർജുന്റെ ബന്ധുക്കളും ഷിരൂരിലെത്തിയിട്ടുണ്ട്.
അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും നേരത്തെ പ്രതികരിച്ചിരുന്നു. ജില്ലാ ഭരണകൂടം വേണ്ടകാര്യങ്ങള്‍ ചെയ്യുമെന്നാണ് കരുതുന്നത്. പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ട്. വെള്ളവും കുറഞ്ഞിട്ടുണ്ട്. ഈ അനുകൂല കാലാവസ്ഥയില്‍ തിരച്ചില്‍ നടത്തിയാല്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുഴയിലെ ഒഴുക്ക് രണ്ട് നോട്സ് ആയി കുറഞ്ഞിട്ടുണ്ട്. തിരച്ചിൽ ബുധനാഴ്ച പുനഃരാരംഭിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മുമ്പ് വ്യക്തമാക്കിയിരുന്നു. നാവികസേനയ്ക്കും കേരളത്തിനുമെതിരെ എംഎൽഎ വിമർശനമുന്നയിക്കുകയും ചെയ്തു.
പുഴയിലിറങ്ങാൻ നാവികസേനയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ലേയെന്ന ചോദ്യത്തിന്, നാവികസേന എന്താണ് ചെയ്തതെന്ന് എംഎൽഎ ചോദിച്ചു. അടിയൊഴുക്ക് കൂടുതലാണെന്നതിന്‍റെ പേരിൽ അവർ ഇറങ്ങാൻ തയാറാകാതിരുന്നപ്പോൾ തങ്ങളേർപ്പെടുത്തിയ ആളുകളല്ലേ പുഴയിലിറങ്ങിയതെന്നും എംഎൽഎ ചോദിച്ചു. കേരളത്തിൽനിന്ന് ഡ്രഡ്ജർ എത്തിക്കാത്തതും എംഎൽഎ ചോദ്യം ചെയ്തു. രക്ഷാപ്രവർത്തനത്തിന് കേരളം സഹകരിക്കുന്നില്ലെന്നും മുൻകൂട്ടി പണം നൽകാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രഡ്ജിങ് മെഷിൻ നൽകിയില്ലെന്നും എംഎൽഎ പറഞ്ഞു.
അതേസമയം, കാലവസ്ഥ അനുകൂലമായിട്ടും തിരച്ചിൽ മനപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന് എകെ അഷ്റഫ് എംഎൽഎയും കുറ്റപ്പെടുത്തിയിരുന്നു. തിരച്ചിൽ നടത്തില്ലെന്ന് പറഞ്ഞിട്ടില്ലെങ്കിലും നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ പുനഃരാരംഭിക്കേണ്ടതായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ഉരുൾപൊട്ടലിനുശേഷം, ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിർമിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.
അതിനിടെ, മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയിൽവീണ് ഒഴുക്കിൽപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിലുണ്ടായിരുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകരാണ് പശുവിനെ പുഴയിൽനിന്ന് കരയിലേക്ക് എത്തിച്ചത്.
ബെയ്ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികൾ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതിൽ ഒന്ന് ഒഴുക്കിൽപ്പെട്ടത് എന്നാണ് കരുതുന്നത്. ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയിൽ ഇറങ്ങിയ രക്ഷാപ്രവർത്തകർ വടം ഉപയോഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്.
തകർന്ന നടപ്പാലത്തിന്റെ ഇരുമ്പു ഭാഗങ്ങളിലാണ് ആദ്യം വടം ഉപയോഗിച്ച് പശുവിനെ കെട്ടിയത്. പിന്നീട് കൂടുതൽ അംഗങ്ങളെത്തി നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പശുവിനെ രക്ഷിക്കാനായത്. അവശനിലയിലായ പശുവിന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി. മൃഗഡോക്ടറെ ഇവിടേക്ക് എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള നിർമ്മാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തളളി ഹൈക്കോടതി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്.അതെസമയം റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. സജിമോൻ പാറയിലിൻ്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട് ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. റിപ്പോർട്ട് പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി റിപോർട്ട് പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്.
നടി ആക്രമിക്കപ്പെട്ടത്തിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സിനിമ രംഗത്തെ നിരവധി സ്ത്രീകൾ നിർണായക വിവരങ്ങൾ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തുവിടാനുള്ള സാഹചര്യം ഒരുങ്ങിയത്.
ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനഃരാരംഭിക്കും. നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ റഡാര്‍ പരിശോധന നടത്താനാണ് തീരുമാനം. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം.
പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. അതേസമയം ഷിരൂര്‍ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല.
നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോണാര്‍ പരിശോധന നടത്തുക. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനുള്ള നടപടി സ്വീകരിക്കും. അതിനു ശേഷം പുഴയുടെ അടിത്തട്ടിലേക്ക് പോയി ലോറിയുടെ ഉള്ളിലേക്ക് കടന്നുള്ള പരിശോധന നടക്കും.
കഴിഞ്ഞ അഞ്ചുദിവസമായി മഴ മാറി നില്‍ക്കുന്നതും തിരച്ചിലിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടം, എം.എല്‍.എ., എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗം തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തിരച്ചിലുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്യുകയും, എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ചെങ്ങന്നൂർ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തിയിരുന്ന സി. ദിവ്യമോളെ (40) ആണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാമമംഗലം ഊരമന മണ്ണാപ്പറമ്പിൽ എം.കെ. സുരേഷിൽനിന്നാണ് പലപ്പോഴായി 7.75 ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. സുരേഷിൻറെ മകന് മാൾട്ടയിൽ ജോലി ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയായിരുന്നു ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തിയിരുന്ന രാജേഷും ഭാര്യ ദിവ്യാമോളും ചേർന്ന് പണം തട്ടിയെടുത്തത്. പണവും മകൻറെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും ഇവർ വാങ്ങിച്ചു വെച്ചു.
ഊരമനയിൽ തടിപ്പണി വർക്ക് ഷോപ്പ് നടത്തുന്ന സുരേഷ് രാമമംഗലം സർവിസ് സഹകരണ ബാങ്കിൽനിന്ന് പത്ത് ലക്ഷം രൂപ ഇതിനായി ലോണെടുത്തിരുന്നു. ശേഷം വായ്പ തുക പലിശയടക്കം 13.5 ലക്ഷം രൂപയായിട്ടും മകന് ജോലിക്ക് വിസ ലഭിച്ചില്ല. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. തുടർന്നാണ് ഏതാനും മാസം മുമ്പ് സുരേഷ് രാമമംഗലം പൊലീസിൽ പരാതി നൽകിയത്.