Jet set to go 
#CWC19 #TeamIndia
യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം. സംഭവത്തിൽ ഒരു മാസത്തിന് ശേഷം അയൽവാസിയായ യുവാവ് പിടിയിൽ. പരവൂര്‍ കലയ്‌ക്കോട് വരമ്പിത്തുവിള വീട്ടില്‍ അശോകന്റെ (35) മരണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. വരമ്പിത്തുവിള മണികണ്ഠനെയാണ് (27) പരവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. അശോകന്റെ മൃതദേഹം ഒരു മാസം മുന്‍പാണു പരവൂര്‍ മേല്‍പ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടത്.
മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് മരണപ്പെട്ട അശോകന്റെ അമ്മ ഓമന പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സത്യം പുറത്ത് വന്നതും പ്രതി കുടുങ്ങുന്നതും. കഴിഞ്ഞ ഏപ്രില്‍ 17നാണു സംഭവം. അന്ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ഇടയ്ക്കു മദ്യത്തിനൊപ്പം കഴിക്കാന്‍ എന്തെങ്കിലും വാങ്ങാനായി മണികണ്ഠനും സുഹൃത്തും കൂടി പോയി. മടങ്ങിവന്നപ്പോള്‍ സ്ഥലത്ത് അശോകനെയും കണ്ടില്ല, ബാക്കി മദ്യവും കണ്ടില്ല.
സുഹൃത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും മണികണ്ഠന്‍ അശോകനെ പിന്തുടര്‍ന്നു പോയി. പരവൂര്‍ മേല്‍പ്പാലത്തിനടുത്തുവച്ച് അശോകനെ കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി. മണികണ്ഠന്‍ പിടിച്ചുതള്ളിയപ്പോള്‍ അശോകന്‍ അതുവഴി വന്ന ട്രെയിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നും പറവൂര്‍ പോലീസ് പറഞ്ഞു
മസ്കറ്റ്: ഒമാനിൽ ഒഴുക്കിൽ പെട്ട് കാണാതായ മഹാരാഷ്ട്ര സ്വദേശി ഷബ്‌ന ബീഗത്തിന്‍റെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ നിന്നും രക്ഷപെട്ട സർദാർ ഫസൽ അഹമ്മദ് പത്താന്‍റെ മാതാവാണ് ഷബ്‌ന ബീഗം. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലിൽ അകപെട്ടാണ് അപകടം സംഭവിച്ചത്.
വാദി ബാനി ഖാലിദില്‍ ഇന്ത്യക്കാരായ ആറു പേരാണ് ശനിയാഴ്ച ഉണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായത്. മറ്റു അഞ്ചു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഷബ്‌ന ബീഗത്തിന്‍റെ മൃതശരീരം ഇബ്രയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്താണ് സംഭവം. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കഞ്ചാവ് വലിപ്പിക്കുകയായിരുന്നു.ചാത്താരി ഭാഗത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന 19കാരന്‍ ഷാരൂഖ് ഖാന്‍, 22കാരന്‍ ജിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ്‍ ചെയ്‍തു. രണ്ട് ദിവസം മുന്‍പാണ് തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്‍തിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ചു വിളിച്ചുകൊണ്ട് പോകുകയും എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ വച്ച് കഞ്ചാവ് വലിപ്പിക്കുകയുമായിരുന്നു.
ഇരുവരും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ മറന്നുവച്ചിരുന്നു. ഇത് കിട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഫോണ്‍ പോലീസിനെ ഏല്‍പ്പിച്ചതും പ്രതികളെ തിരിച്ചറിയാന്‍ എളുപ്പമായി. പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈന്‍ ഡ്രൈവ് ഭാഗത്തിരുത്തിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകള്‍ എടുത്തിട്ടുണ്ട്.
കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതു വരെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായ വേദികളെ സമീപിക്കാമെന്നും എന്നാൽ പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റു സംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീം കോടതി വിലയിരുത്തി.
തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഹോളിഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍കോവ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നെങ്കിലും ഇതിനെതിരെ തീരദേശ പരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് പരമോന്നത നീതി പീഠം ഉത്തരവിട്ടത്. മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയിരുന്ന കാലത്ത് അനധികൃതമായി അനുമതികൾ സമ്പാദിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്. ഒരു കോടി രൂപ വരെയാണ് ഫ്ലാറ്റിന്റെ ശരാശരി വില.
സ്വകാര്യ വിമാനം പറത്തുന്നതിനിടെ ഓട്ടോ പൈലറ്റ് മോഡില്‍ ഇട്ടശേഷം പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ കോടീശ്വരന് അഞ്ചു വര്‍ഷം തടവു ശിക്ഷ ലഭിച്ചേക്കും. ന്യൂജഴ്‌സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ (53) കുറ്റസമ്മതം നടത്തി. കുട്ടികളുടെ അശ്‌ളീല വിഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റവും ഇയാള്‍ക്കെതിരെയുണ്ട്.
വിമാനം പറത്തുന്നതു പഠിപ്പിക്കാന്‍ ഒപ്പം കൂട്ടിയ പതിനഞ്ചുകാരിയുമായാണ് സ്റ്റീഫന്‍ സ്വകാര്യവിമാനത്തില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. കുട്ടിയുടെ അമ്മയാണ് വിമാനം പറത്തുന്നതു പഠിക്കാന്‍ പെണ്‍കുട്ടിയെ സ്റ്റീഫനൊപ്പം വിട്ടത്. മുമ്പും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് സ്റ്റീഫന്‍ പിടിയിലായിട്ടുണ്ട്. മൂന്നു കുട്ടികളുടെ പിതാവാണ് സ്റ്റീഫന്‍.
മംഗലാപുരം വിമാന ദുരന്തം ഒൻപത് വർഷങ്ങൾ പിന്നിടുകയാണിന്ന്. കുറച്ചു ദിവസത്തെ അവധി നാട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സന്തോഷത്തോടെ യാത്ര പോയ 158 പേരെയാണ് തിരിച്ച് അറിയാൻ പോലും പറ്റാത്ത വിധത്തിൽ വിധി തട്ടിയെടുത്തത്. 166 യാത്രക്കാരിൽ രക്ഷപ്പെട്ടത് വെറും എട്ട് പേരായിരുന്നു.
അതിൽ രണ്ട് പേർ മലയാളികൾ, അവരിരുപേരും ഇന്നും പ്രവാസികളാണ്. കണ്ണൂർ കറുമാത്തൂർ കെ.പി മായിൻകുട്ടിയും കാസർകോട് ഉദുമ സ്വദേശി കൃഷ്ണനുമാണ് തലനാരിഴക്ക് മരണത്തിെൻറ പിടിയിൽ നിന്ന് രക്ഷപ്പെട്ട് വീണ്ടും പ്രവാസത്തിലേക്ക് വിമാനം കയറിയവർ. മായിൻകുട്ടി ഉമ്മുൽഖുവൈനിലും കൃഷ്ണൻ ഖത്തറിലും ജോലി ചെയ്യുകയാണ്. വിമാനദുരന്തം നടന്നയുടൻ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ മരിച്ചവരുടെ ആശ്രിതർക്ക്, 2009ൽ ഇംഗ്ലണ്ടിലെ മോൺട്രിയയിൽ ഉണ്ടാക്കിയ മോൺട്രിയൽ കരാറിെൻറ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഏകദേശം 75 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ രംഗത്ത് വന്ന നാനാവതി കമ്മീഷൻ കളിച്ച നാടകത്തിൽ പലർക്കും പലവിധത്തിലായിരുന്നു നഷ്ട പരിഹാരം വിതരണം ചെയ്തത്. എത്രയോ തവണയാണ് മരിച്ചവരുടെ ബന്ധുക്കളെ ഇതിനായി കോടതി കയറ്റിയത്. ഇന്നും പലർക്കും തുക പൂർണമായി കിട്ടിയിട്ടുമില്ല. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് പകരമാവില്ല ഒരു പരിഹാരവും എന്നിരിക്കിലും.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴു വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കൾ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടർമാർക്ക് പിഴവ് മനസിലായത്.ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ശസ്ത്രക്കിയക്കായി മണ്ണാർക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവരുടെ പേരുകൾ തമ്മിൽ മാറിപ്പോവുകയും ധനുഷിന് വയറിൽ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഡോക്ടർമാർക്ക് പറ്റിയ അബദ്ധം പരിശോധിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ഇതേ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു.
സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്. യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.
വ്യാജ അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എംജെ വിനോദിനെ നെയ്യാറ്റിൻകരയിലെ വക്കീൽ ഓഫീസിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അഭിഭാഷകനെന്ന നിലയില്‍ കേസുകളെടുത്ത് നിരവധിപ്പേരിൽ നിന്നും ഇയാളിൽ പണം തട്ടിയതിൻറെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.
പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള എംജെ വിനോദ് ബംഗളൂരുവിലെ ഒരു സർവ്വകലാശാലയിൽ നിന്നും നിയമബിരുദം നേടിയെന്ന വ്യാജ സർട്ടിഫിക്കറ്റ് അഭിഭാഷകനായി പ്രവർത്തിച്ചിരുന്നത്. നെയ്യാറ്റിൻകര കോടതി പരിസരത്തായിരുന്ന വിനോദിൻറെ ഓഫീസ്. ഒരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകൻ നടത്തിയ അന്വേഷത്തിലാണ് അഭിഭാഷകൻ ചമഞ്ഞ് വിനോദ് നടത്തുന്ന തട്ടിപ്പ് വ്യക്തമായത്.
അറസ്റ്റ് ചെയ്ത വിനോദിനെ വീണ്ടും കസ്റ്റഡയിൽ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നെയ്യാറ്റിൻകരയിലെ ഓഫീസിലും വീട്ടിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വർഷങ്ങളായി നെയ്യാറ്റികര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വിനോദിൻറെ കൈവശം 400 ലധികം കേസുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചു. ബാർ കൗണ്‍സിലിന്‍റെ അന്വേഷണത്തിലും വിനോദിന്‍റെ രേഖകള്‍ വ്യാജമണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും സംഘവും മുംബൈയിൽ നിന്നാണ് യാത്ര തിരിച്ചത്. ഈ മാസം 30ന് തുടങ്ങുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത മാസം അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.
ലോകകപ്പിന് മുമ്പ് ശനിയാഴ്ച ന്യുസിലന്‍ഡിനും ചൊവ്വാഴ്ച ബംഗ്ലാദേശിനും എതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കും. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി വിമാനം കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളില്‍ നിന്ന് മറ്റൊരു കണ്ടെത്താലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നടത്തിയിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളായ ചഹാലും മുഹമ്മദ് ഷമിയുമെല്ലാം അവരുടെ ടാബ്‍ലറ്റുകളില്‍ ഏറെ ആരാധകരുള്ള പബ്ജിയാണ് കളിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയും ഭുവനേശ്വര്‍ കുമാറും അടക്കമുള്ളവരും അവരുടെ ടാബ്‍ലറ്റുകളില്‍ ഏറെ തിരക്കിലാണ്.
ഒന്നര മാസക്കാലം നീണ്ടുനിന്ന ഐപിഎല്ലിന്‍റെ ക്ഷീണത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പ് സ്‌ക്വാഡിലെ മിക്ക താരങ്ങളും 14 മത്സരങ്ങള്‍ വീതം കളിച്ചു. എം എസ് ധോണി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ ഫൈനല്‍ വരെയും കളിച്ചു. അതിനാല്‍ ലോകകപ്പിന് മുന്‍പ് പ്രത്യേക ടീം ക്യാമ്പൊന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.
ഐപിഎല്‍ കഴിഞ്ഞ് താരങ്ങള്‍ ക്ഷീണിച്ചതിനാല്‍ ലോകകപ്പിന് മുന്‍പ് ടീം ക്യാമ്പ് നടത്തുന്നത് അനുചിതമാകും എന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ കാഴ്‌ചപ്പാട്. 2011ൽ അവസാനം ലോകകപ്പ് ജയിച്ച ഇന്ത്യ, കഴിഞ്ഞ തവണ സെമിയിൽ പുറത്തായിരുന്നു. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും വിരാട് കോലിയെയും സംഘത്തെയും തൃപ്തിപ്പെടുത്തില്ല.
കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം മണര്‍കാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി ഡി ചാര്‍ജ് എ എസ് ഐ പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തത്. ഇരുവരും കൃത്യനിര്‍വ്വഹണത്തില്‍ അപാകത വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മണര്‍ക്കാട് സ്വദേശി നവാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. കസ്റ്റഡിയിലിരിക്കെ പോലീസുകാരുടെ കണ്ണില്‍പ്പെടാതെ ടോയ്‌ലെറ്റിലേക്ക് പോയ നവാസ് അവിടെ വെച്ച് തൂങ്ങി. ഏതാണ്ട് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് ഇയാളെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ടോയ്‌ലെറ്റില്‍ തൂങ്ങിയ നിലയില്‍ നവാസിനെ കണ്ടെത്തി.
ഉടന്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവി ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിനാവും അന്വേഷണച്ചുമതല. സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.