കോഴിക്കോട് കൊടിയത്തൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാനാവാതെ പൊലിസ് . യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു മുങ്ങിയവരെ മരണം നടന്നു നാലു ദിവസമായിട്ടും കണ്ടെത്താനായില്ല. അതിനിടെ പ്രദേശത്തെ ലഹരിമരുന്ന് മാഫിയയാണ് മരണത്തിന് പിന്നിലെന്നാരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
കൊടിയത്തൂര്‍ ഉള്ളാട്ടില്‍ വി.കെ. ഡാനിഷ് വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു മരിച്ചത്. മരണവിവരം പുറത്തായതോടെ ഡാനിഷിനെ ആശുപത്രിയിലെത്തിച്ച രണ്ടു യുവാക്കള്‍ മുങ്ങി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഡാനിഷിന്റെ പിതാവ് മുക്കം പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഡാനിഷിനിനെ ആശുപത്രിയിലെത്തിച്ചവരെ പിടികൂടിയിട്ടില്ല.
മരണത്തിന്പ്രദേശത്തെ ലഹരിമരുന്ന് മാഫിയക്ക് മരണവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് ലഹരിമരുന്ന് മാഫിയയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
അതേ സമയം ഡാനിഷിനെ ആശുപത്രിയിലെത്തിച്ചവരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന റിപ്പോര്‍ട്ടും കിട്ടിയതിനു ശേഷമെ വിശദമായ അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിയൂവെന്നുമാണ് മുക്കം പൊലീസ് പറയുന്നത്.
കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുറവിളി. പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായുടെ പേജിൽ പരാതിപ്രളയമാണ്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ വരെ പരാതികൾ നിറയുകയാണ്. ഈ സമയത്തു പറയുന്നത് ശരിയാണോ എന്നറിയില്ല, കെ സുരേന്ദ്രന് പത്തനംതിട്ട സീറ്റ് കൊടുക്കണം, പത്തനംതിട്ടയിലെ ഏറ്റവും അനുയോജ്യനായ ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രനാണ്, ഗ്രൂപ്പ ്തർക്കമാണ് കേരളത്തിലെ ബിജെപി ഘടകത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം, ഇങ്ങനെ പോകുന്നു പരാതികൾ.
പത്തനംതിട്ട സീറ്റിനായി ബിജെപിയിൽ പോര് മുറുകുന്നു. കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കാനിടയില്ല. കെ.സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും പരിഗണനയിലാണ്. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍പിള്ള പിടിമുറുക്കിയിരിക്കുകയാണ്. ടോം വടക്കന്‍ എറണാകുളത്ത് മത്സരിക്കാനാണ് സാധ്യത. എന്‍.ഡി.എ. പട്ടിക നാളെ പുറത്തു വിടും. പുതുക്കിയ സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി. പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കിൽ മൽസരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് കെ.സുരേന്ദ്രൻ.
തുഷാർ വെള്ളാപ്പള്ളി – അമിത് ഷാ ചർച്ച നിർണായകമാകും. പത്തനംതിട്ടയിലല്ലെങ്കിൽ മൽസരത്തിനില്ലെന്ന് കണ്ണന്താനം പറയുന്നു. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവർ മൽസര രംഗത്തുണ്ടായേക്കില്ല. കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തിയ സാഹചര്യത്തിൽ പന്ത് കേന്ദ്ര നേതൃത്വത്തിന്റെ കോർട്ടിലാണ്. തൃശൂരിനു പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂർ, വയനാട് എന്നീ സീറ്റുകളാണ് ബി ഡി ജെ എസിനായി നീക്കിവെയ്ക്കാൻ ആലോചിക്കുന്നത്.
കേരളത്തില്‍ മുൻതൂക്കം യുഡിഎഫിനായിരിക്കുമെന്നും ശബരിമല യുവതീപ്രവേശനം എൽഡിഎഫിന് തിരിച്ചടിയാകുമെന്നും ടൈംസ് നൗ–വിഎംആര്‍ സർവേ. സംസ്ഥാനത്ത് ബിജെപി ഇത്തവണയും സീറ്റ് നേടുമെന്നും സർവേ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപും ശേഷവും വോട്ടർമാരുടെ ഇടയിൽ നടത്തിയ സർവേഫലമാണ് പുറത്തുവന്നിരിക്കുന്നത്. 16,931 പേരാണ് സർവേയിൽ പങ്കെടുത്തത്.
കേരളത്തിൽ യുഡിഎഫ് 16 സീറ്റും എൽഡിഎഫിന് 3 ഉം ബിജെപിക്ക് 1 ഉം സീറ്റുകൾ കിട്ടുമെന്നാണ് സർവേ പ്രവചിക്കുന്നത്.
സർവേഫലമനുസരിച്ച് കേരളത്തിൽ വിവിധ മുന്നണികളുടെ വോട്ടുവിഹിതം ഇങ്ങനെ:
യുഡിഎഫ് – 45%
എൻഡിഎ – 21.7%
എൽഡിഎഫ് – 29.3%
മറ്റുള്ളവർ – 4.1%
കേന്ദ്രത്തിൽ എൻഡിഎ 283 ഉം യുപിഎ 135 ഉം മറ്റുള്ളവർ 125 ഉം സീറ്റുകൾ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
ഇടക്കാല ബജറ്റും ബാലാക്കോട്ട് ആക്രമണവും ബിജെപിക്ക് ഗുണം ചെയ്യുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്രമോദ് സാമന്തിനെ ഗോവ മുഖ്യമന്ത്രിയായി ബിജെപി തീരുമാനിച്ചു. മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രി വരുന്നത്. ഇന്ന് രാത്രി തന്നെ പ്രമോദ് സാമന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മഹാരാഷ്ടവാദി ഗോമന്തക് പാര്‍ട്ടിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കും.
പരീഖറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചും ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ഇന്ത്യയിലേയും വിദേശത്തേയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീഖര്‍. പരീഖര്‍ക്ക് ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. പരീഖര്‍ക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമിച്ചില്ല
യുണൈറ്റഡ് നേഴ്‌സസ് അസ്സോസിയേഷ(യു.എന്‍.എ)നെതിരെ വീണ്ടും ആരോപണം. മൂന്നരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിനു പിന്നാലെയാണ്
യു.എന്‍.എയില്‍ അംഗത്വഫീസും മാസവരിയും പിരിച്ചതില്‍ ക്രമക്കേടെന്ന് പുറത്തു വന്നിരിക്കുന്നത്. 50 രൂപയുടെ അംഗത്വഫീസിന് 500 രൂപയാണ് പിരിപ്പിച്ചത്. മാസവരിയായി പത്തുരൂപ പിരിക്കേണ്ടിടത്ത് മൂന്നുമാസം കൂടുമ്പോള്‍ 300 രൂപയാണ് പിരിച്ചത്.
യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.
സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായെന്നായിരുന്നു പരാതി. മാസവരി സഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറഞ്ഞത്.
സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിന്‍വലിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു.
എറണാകുളം വരിക്കോലി പള്ളിക്കുമുന്നില്‍ മൃതദേഹവുമായി ഉപരോധം. യാക്കോബായ വിഭാഗമാണ് ഉപരോധം നടത്തുന്നത്. പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് ഉപരോധം ആരംഭിച്ചത്.
മൃതദേഹത്തിനൊപ്പം യാക്കോബായ വിഭാഗം വൈദികരും എത്തിയതോടെയാണ് മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോലീസ് ഇവരെ തടഞ്ഞത്. അതേസമയം, തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കാരം മാറ്റിവെച്ചിരിക്കുകയാണ്. നിലവില്‍ സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുവദിക്കപ്പെട്ട പള്ളികളിലൊന്നാണ് വരിക്കോലി പള്ളി. വര്‍ഷങ്ങളായി ഇവിടെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പല സംഘചര്‍ഷങ്ങളും മുന്‍പും ഇവിടെ നടന്നിട്ടുണ്ട്.
നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുെട വീടുകയറി ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് ഗൂണ്ടകളുമായി എത്തി ആക്രമിച്ചെന്ന് കാണിച്ച് ആല്‍വിന്‍ ആന്റണി ഡിജിപിക്ക് പരാതി നല്‍കി. നടപടികള്‍ വേഗത്തിലാക്കുമെന്ന് ഡിജിപി ഉറപ്പുനല്‍കിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്കുമാര്‍ അറിയിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി എത്തിയാണ് ആല്‍വിന്‍ ആന്റണി ഡി.ജി.പിയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം റോഷന്‍ ആന്‍ഡ്രൂസിന്റെ േനതൃത്വത്തില്‍ വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി.
പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നം അക്രമത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തം റോഷന്‍ ആന്‍ഡ്രൂസിനാണെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ആല്‍വിന്‍ ആന്റണിയുടെ മകനും റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള പ്രശ്നമാണ് ആക്രമത്തില്‍ കലാശിച്ചത്. അതേസമയം അക്രമത്തിനിരയായത് താനാണെന്നു കാണിച്ച് റോഷന്‍ ആന്‍ഡ്രൂസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒന്നര വയസ്സുള്ള കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞു വീണു മരിച്ചതു താപാഘാതത്തെ തുടർന്നെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപു സ്ഥലത്തു സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കും. ഒറ്റപ്പാലം ചോറോട്ടൂർ പ്ലാപ്പടത്തിൽ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25) ആണു കഴിഞ്ഞ ദിവസം ഷൊർണൂർ കാരക്കാട്ടുവച്ചു മരിച്ചത്.
മകൾ ഒന്നര വയസ്സുള്ള കൃതികയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ തുറന്ന മേൽനിലയിൽ നിന്നു പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മ കുഴഞ്ഞു വീണപ്പോൾ തുടർച്ചയായി കുഞ്ഞു കരഞ്ഞതു ശ്രദ്ധയിൽപ്പെട്ടു ബന്ധുക്കൾ ഓടിയെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
താപാഘാതം നേരിട്ടു സൂര്യപ്രകാശം ഏൽക്കാതെയും സംഭവിക്കുന്ന ഗുരുതര അവസ്ഥയെന്നു വിദഗ്ധർ. നേരിട്ടു കടുത്ത സൂര്യപ്രകാശം ഏൽക്കുന്നവർക്കു സൂര്യാതപമേറ്റുള്ള പൊള്ളൽമൂലം മരണം സംഭവിച്ച സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും താപാഘാതം അപൂർവം.
ശരീര ഉൗഷ്മാവ് 104 ഡിഗ്രി സെൽഷ്യസിനു മുകളിൽ വരുന്ന അവസ്ഥയാണു താപാഘാതത്തിലേക്ക് എത്തിക്കുന്നതെന്ന് അനങ്ങനടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.ജോർജ് മരിയൻ കുറ്റിക്കാട്ട് പറഞ്ഞു. താപാഘാതം സംഭവിക്കുന്നതോടെ അപസ്മാരം വരും. ഇതു തലച്ചോറിനേയും പേശികളേയും വൃക്കകളേയും ബാധിക്കും. ശരീരത്തിലെ ജലാംശവും ലവണാംശവും കുറയും.
നെതര്‍ലന്‍ഡ്സിലെ യുട്രെറ്റ് നഗരത്തില്‍ ട്രാമിലുണ്ടായ വെടിവയ്പില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. വെടിവയ്പുണ്ടായ സ്ഥലം ഭീകരവിരുദ്ധസേന വളഞ്ഞെന്നും അക്രമിക്കായി തിരച്ചില്‍ തുടങ്ങിയതായും ഡച്ച് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനും ഭീകരവിരുദ്ധ നടപടിക്കുമായി ഹെലികോപ്റ്ററുകളടക്കം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചതായി നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി അറിയിച്ചു
സീരിയലിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമാണ് ചന്ദ്ര അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍, ചന്ദ്രയെ മലയാളിക്ക് സുപരിചിതാണ്. വിവാഹശേഷം ചന്ദ്ര അഭിനയ ജീവിതം വിട്ടെന്നായിരുന്നു പലരും കരുതിയത്. വര്‍ഷങ്ങളോളം ചന്ദ്രയെ എവിടെയും കണ്ടിട്ടില്ല.
പിന്നീട് വിവാഹമോചിതയായെന്നും ഭര്‍ത്താവിന്റെ പീഡനം കാരണമാണെന്നും വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിനൊക്കെ ഉത്തരം പറയാന്‍ ചന്ദ്ര എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ചന്ദ്ര ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലൂടെ എത്തുന്നത്. പല വ്യക്തതയും പരിപാടിയിലൂടെ ചന്ദ്ര വരുത്തി. വിവാഹം ചെയ്യാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഭര്‍ത്താവ് ഉണ്ടാകുന്നത്? ഇതുവരെ ചന്ദ്ര വിവാഹിതയല്ലെന്നാണ് പ്രേക്ഷകര്‍ കേട്ടത്.
തന്റെ ജീവിതത്തെക്കുറിച്ചും തന്നെക്കുറിച്ചു പ്രചരിച്ച ഇല്ലാക്കഥകളെക്കുറിച്ചും ചന്ദ്ര മനസ്സു തുറന്നത്. മലയാളത്തില്‍ നിന്നു മാറി നിന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് എന്നെ കെട്ടിച്ചു വിട്ടു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിപ്പിച്ചു. ഭര്‍ത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാന്‍ സീരിയല്‍ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബില്‍ പ്രചരിച്ചതെന്ന് ചന്ദ്ര പറഞ്ഞു.
മലയാള സീരിയലുകളില്‍ നിന്നു മാറിനിന്ന സമയത്തായിരുന്നു ഈ പ്രചാരണം. ഇപ്പോഴും ഭര്‍ത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്ര പറയുന്നു. വിവാഹം പോലും കഴിക്കാത്ത ഒരാളോട് എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു റിമി ആശ്ചര്യപ്പെട്ടപ്പോള്‍, അവര്‍ക്കു വേറെ പണിയൊന്നും ഉണ്ടായിരിക്കുകയില്ല എന്നായിരുന്നു ചന്ദ്രയുടെ മറുപടി.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഇപ്പോള്‍ സിംഗിള്‍ ആണെന്നും മിംഗിള്‍ ആവാന്‍ റെഡിയാണെന്നുമായിരുന്നു ചന്ദ്ര പറഞ്ഞു. ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പവും താരം പങ്കുവച്ചു. നല്ല ജോലി വേണം, ജാതിമത പ്രശ്നങ്ങളില്ല, നല്ല ഉയരം ഉണ്ടാകണം, ഇന്ത്യയില്‍ എവിടെ നിന്നുള്ള ആളായാലും കുഴപ്പമില്ലെന്നും ചന്ദ്ര പറഞ്ഞു. അച്ഛനും അമ്മയ്ക്കും ഏകമകളാണു ചന്ദ്ര. ചെന്നൈയിലാണു താമസം. സീരിയലില്‍ നിന്ന് ഇടവേളയെടുത്ത് മ്യൂറല്‍ പെയിന്റിങ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും ശക്തമായി കഥാപാത്രത്തിലൂടെ തിരിച്ചു വരാന്‍ താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കി.