Latest News

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. യുവനടന്‍ പൃഥിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്.

ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്‍റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയും പൃഥിരാജിന്‍റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ തീയേറ്ററുകളില്‍ മോഹന്‍ലാല്‍-പൃഥിരാജ് ആരാധകര്‍ ലൂസിഫറിനെ വരവേറ്റു കൊണ്ട് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.

ചിത്രം അച്ഛന്‍ സുകുമാരന് സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തില്‍ മാത്രം നാന്നൂറോളം തീയേറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്തു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാംജയം. 28 റണ്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചു. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 190 റണ്‍സിന് പുറത്തായി. ആന്ദ്രെ റസലിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് നൈറ്റ്റൈഡേഴ്സിന്റെ ജയം അനായാസമാക്കിയത്. കൊല്‍ക്കത്ത ഐപിഎല്ലില്‍ ഈഡന്‍ഗാര്‍ഡന്‍സിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചു.

കളി സ്വന്തം മൈതാനത്താണെന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ നൈറ്റ് റൈഡേഴ്സ്. തലങ്ങും വിലങ്ങും എതിരാളികളെ തല്ലിച്ചതച്ചു കൊല്‍ക്കത്തക്കാര്‍. 9 പന്തില്‍ 24 റണ്‍സടിച്ച് സുനില്‍ നരെയ്ന്‍ തുടക്കം ഗംഭീരമാക്കി. 34 പന്തില്‍ 7 സിക്സറും 2 ഫോറും സഹിതം 63 റണ്‍സടിച്ച നിതീഷ് റാണ സ്കോറിങ്ങിന് വേഗം കൂട്ടി.

3 റണ്‍സെടുത്ത് നില്‍ക്കെ ഷമി റസലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതോടെ ആയുസ് വീണ്ടെടുത്ത റസല്‍ പന്ത് നിരന്തരം ആരാധകര്‍ക്കിടയിലേക്ക് പറത്തിവിട്ടു. വെറും പതിനേഴ് പന്തില്‍ 5 സിക്സറും 3 ഫോറും സഹിതം 48 റണ്‍സാണ് വിന്‍ഡീസ് പവര്‍ഹൗസ് അടിച്ചെടുത്തത്. 67 റണ്‍സുമായി കളത്തില്‍ ഉറച്ചുനിന്ന ഉത്തപ്പ കൂട്ടുകാര്‍ക്ക് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. ഗെയ്‌ല്‍ 20 റണ്‍സെടുത്തു. പുറത്താകാതെ 59 റണ്‍സെടുത്ത മില്ലറും 58 റണ്‍സെടുത്ത മായങ്കും കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബിനെ രക്ഷിക്കാനായില്ല. റസല്‍ 3 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

എരുമേലി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു പൊലീസും നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തി

മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല. ദുർഗന്ധം കാരണം എല്ലാവരും അൽപ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് ഒരാളെത്തിയത്. പക്ഷേ അയാൾ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാൽ എസ്ഐ ഇ.ജി.വിദ്യാധരൻ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറി. 15 അടി ഉയരത്തിൽ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടർന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു

മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയർത്തിയത് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും നാട്ടുകാരനായ ഒരാളും ചേർന്നാണ്. എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം

തിരൂര്‍ മലയാള സര്‍വകലാശാലയില്‍ വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ അധ്യാപകന്‍ അധിക്ഷേപിച്ചതായി പരാതി. പൊന്നാനി ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമയെയാണ് വര്‍ഗീയവാദിയെന്നു വിളിച്ച് അധ്യാപകന്‍ കയര്‍ത്തു സംസാരിച്ചത്.

രാവിലെ പതിനൊന്നു മണിയോടെയാണ് മലയാള സര്‍വകാശാലയില്‍ വോട്ടു ചോദിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ എത്തിയത്. ആദ്യം വി.സി അനില്‍ വള്ളത്തോളിനെ കണ്ടു .പിന്നീട് ലൈബ്രറിയില്‍ എത്തിയപ്പോഴാണ് സാഹിത്യ പഠനം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി കയര്‍ത്തു സംസാരിച്ചത്.

വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകരിയെന്നും വിളിച്ചെന്നുമാണ് പരാതി. കോളജില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായും സ്ഥാനാര്‍ഥി പറഞ്ഞു.

സ്ഥാനാര്‍ഥിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച് പ്രവര്‍ത്തകരും രംഗത്തെത്തി.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാരോപിച്ച് അധ്യാപകനെതിരെ പൊലിസിനും തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.

 

ദൃശ്യങ്ങൾ കടപ്പാട് : വെട്ടം

ദുബായിലെ സ്കൂളുകളിൽ അടുത്ത അധ്യായന വർഷം ഏർപ്പെടുത്താനിരിക്കുന്ന ഫീസ് വർധനയിൽ നിയന്ത്രണം. അടിസ്ഥാന സൗകര്യങ്ങളുടെയും നിലവാരത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും ഫീസ് വർധന. ദുബായ് കിരീടാവകാശിയുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

വരുന്ന അധ്യായന വർഷം ദുബായിലെ സ്കൂൾ ഫീസ് നിരക്കു വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിൽ ചേർന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഫീസ് നിരക്കിനു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് പരമാവധി 4.14% വരെ ഫീസ് വർധിപ്പിക്കാം.

നിലവാരം നിലനിർത്തുന്ന സ്കൂളുകൾക്ക് ഫീസ് വർധന 3.1% വരെയാകാം. ദുബായ് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുന്നത്. സ്കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വർധന. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇതു നിർണയിക്കുക. കഴിഞ്ഞവർഷം ഫീസ് വർധന ഉണ്ടായിരുന്നില്ല. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയാകും. വയനാട്ടില്‍ പൈലി വാത്യാട്ടിനെയും സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസിന്റെ അഞ്ചുസീറ്റുകളില്‍ മൂന്നിടത്ത് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. തുഷാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. തുഷാർ വെള്ളാപ്പള്ളി തൃശൂർ സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗൺസിലും എക്സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.

തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ആശയക്കുഴപ്പത്തിനും ഇടയാക്കി. എന്നാൽ, എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നു ജനറൽ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും അതു യോഗത്തിന്റെ തീരുമാനമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കള്ളില്‍ വ്യാപക മായം ചേര്‍ക്കല്‍. കഞ്ചാവിന്റെ അംശം കണ്ടെത്തിയതോടെ 22 ഷാപ്പുകള്‍ക്ക് പൂട്ടു വീണു. ആലപ്പുഴയിലെ ഷാപ്പുകളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. കള്ളിന്റെ വീര്യം കൂട്ടാന്‍ ചെയ്തതാണിതെന്നാണ് നിഗമനം.

സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര ഭാഗങ്ങളിലെ ഷാപ്പുകളാണ് പൂട്ടിച്ചത്. ഒക്ടോബറില്‍ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. ഇതിലാണ് മായം ചേര്‍ക്കല്‍ കണ്ടെത്തിയത്.

കള്ള് ഉത്പാദനം കുറഞ്ഞിരുന്ന സമയത്തെ സാംപിളുകളില്‍ നിന്നുള്ള പരിശോധന ഫലമാണിത്. അതുകൊണ്ട് തന്നെ അതതു പ്രദേശങ്ങളില്‍ നിന്ന് എത്തിച്ച കള്ളിലാണോ പുറത്ത് നിന്ന് കൊണ്ടു വന്ന കള്ളിലാണോ കഞ്ചാവിന്റെ അംശം കണ്ടെത്തിയതെന്ന് വ്യക്തമല്ല. ഷാപ്പുകളുടെ ലൈസന്‍സികളുടേയും വില്‍പ്പനക്കാരുടേയും പേരില്‍ കേസെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

കള്ള് ഷാപ്പുകളുടെ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ ജില്ലയിലെ എക്സൈസ് അധികൃതര്‍ വിവരം കമ്മീഷണറെ ധരിപ്പിച്ചിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈസന്‍സ് റദ്ദാക്കി കേസെടുത്തത്.

വീട്ടിൽനിന്നു പൊടുന്നനെ കാണാതായ ഗർഭിണിയായ പ്രവാസി യുവതിയുടെ മൃതദേഹം കനാലിൽനിന്നു കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ഭക്ര കനാലിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ താമസിച്ചിരുന്ന അവർ ഈ മാസം പകുതിയോടെയാണ് പഞ്ചാബിലെ വീട്ടിലെത്തിയത്. ഭർത്താവും കാമുകിയും ചേർന്നാണു കൊലപാതകത്തിനു പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു.

രൺവീത് കൗറിന്റെ ഭർത്താവ് ജസ്പ്രീതിന് ഓസ്ട്രേലിയയിൽ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതേത്തുടർന്നു ജസ്പ്രീത്, കാമുകി കിരൺജീതുമായി ചേർന്നു കൊലയ്ക്കുള്ള പദ്ധതി തയാറാക്കി അവരെയും പഞ്ചാബിലേക്ക് അയച്ചു. കിരൺജിത്തും വിവാഹിതയാണ്.

മാർച്ച് 14നാണു മാതാപിതാക്കളെ കാണാൻ രൺവീത് ഫിറോസ്പുരിലുള്ള സ്വന്തം വീട്ടിലെത്തിയത്. ഭാര്യയും ഭർത്താവും പരസ്പരം ഫോൺ വിളിക്കുക പതിവായിരുന്നു. ഇത്തരത്തിൽ വിഡിയോ കോൾ വിളിക്കുന്നതിനിടയ്ക്കു രൺവീത് പുറത്തേക്കു പോയെന്നും തുടർന്നാണു കാണാതായതെന്നും രൺവീത്തിന്റെ സഹോദരൻ പറഞ്ഞു. പുറത്തുപോയപ്പോൾ രൺവീത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനുമാനം.

കൊലയ്ക്കായി ജസ്പ്രീത് തന്നെയാണു കാമുകി കിരൺജിത്തിനെ പഞ്ചാബിലെ ഭാര്യയുടെ വീട്ടിലേക്ക് അയച്ചത്. കിരൺജിത്, സഹോദരിയുടെയും ബന്ധുവിന്റെയും സഹായത്തോടെ രൺവീത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ജസ്പ്രീത്, കിരൺജിത്, സഹോദരി തിരഞ്ചീത് കൗർ, ബന്ധു സന്ദീപ് സിങ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം നാടുവിട്ട കിരൺജിത്തിനെയും ഓസ്ട്രേലിയയിൽ കഴിയുന്ന ജസ്പ്രീതിനെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്തു.

ആനയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണ്ണൻ എന്ന ആനയാണ് മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്.

ചങ്ങലയിൽ കെട്ടിയ ആന നിൽക്കാനാകാതെ താഴെ ഇരുന്നു. ഇതുകണ്ട് ഒരു പാപ്പാൻ ആനയെ വലിയ വടികൊണ്ട് കുത്തി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു, മറ്റൊരു പാപ്പാൻ പുറകിൽ നിന്നും ആഞ്ഞടിച്ചു. ആന വേദന സഹിക്കാൻ വയ്യാതെ തളർന്ന് കിടന്നിട്ടും ദ്രോഹം തീർന്നില്ല. കിടന്ന ആനയുടെ പുറകിൽ തൊലിപൊട്ടുന്ന വിധം പിന്നെയും അടിച്ചു. മതി ചത്തുപോകുമെന്ന് വിഡിയോയിൽ ഇവർ പറയുന്നത് കേൾക്കാം. എന്നിട്ടും അടി തുടർന്നുകൊണ്ടിരുന്നു.

നിരവധി പേരാണ് ഈ വിഡിയോ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമായി പങ്കുവെച്ചിരിക്കുന്നത്.

 

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച എഴുത്തുകാരി ദീപ നിശാന്തിനെതിരെ തുറന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര.

അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം ദീപ നിശാന്ത് ഫോണില്‍ വിളിച്ചു മകളാണെന്ന് പറയരുതെന്ന് പറഞ്ഞുവെന്ന് അനില്‍ അക്കര വെളിപ്പെടുത്തി. പൊലീസുകാരന്റെ മകളാണ് എന്ന് പറയുന്നതിലുള്ള നാണക്കേടാകും അവര്‍ക്ക്.

രമ്യ ഹരിദാസിനെ ജാതീയമായി ആക്ഷേപിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട അധ്യാപിക ദീപ നിശാന്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ആലത്തൂരിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള അനില്‍ അക്കര എം.എല്‍.എയാണ് പരാതി നല്‍കിയത്.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരാതി നല്‍കി.

കവിത കോപ്പിയടി വിവാദത്തിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ദീപ നിശാന്ത്. തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് വീണ്ടും രംഗപ്രവേശം. പി.കെ.ബിജു എം.പിയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് അധ്യാപികയുടെ രണ്ടാം വരവ്.

Copyright © . All rights reserved