Latest News

ലിവർപൂൾ മലയാളിയും യുകെയിലെ കലാസാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കുട്ടനാട് സംഗമത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവ് റ്റി . റ്റി ഫ്രാൻസിസ് (കുട്ടപ്പൻ സാർ ) നിര്യാതനായി. എടത്വ പച്ച തട്ടുപുരയ്ക്കൽ കുടുംബാംഗമാണ്.

തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളി നേഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന കൃഷ്ണപ്രിയ ആണ് മരണമടഞ്ഞത്. 37 വയസ്സായിരുന്നു പ്രായം. കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ ആണ് ഭർത്താവ്. കുവൈത്തിലെ മംഗഫിൻ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.

കൃഷ്ണപ്രിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്പതിമാര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ(24) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2021 ഏപ്രില്‍ മുതല്‍ പലതവണകളായി പെണ്‍കുട്ടി കൊടുംപീഡനത്തിന് ഇരയായെന്നാണ് പരാതി. നാലു വര്‍ഷം പീഡിപ്പിച്ചു. 11 വയസുമുതല്‍ 15 വയസുവരെ പീഡനത്തിനിരയായി. പെണ്‍കുട്ടി സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിംഗ് നടത്തിയതില്‍നിന്നാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തു വന്നത്.

ഒന്നാംപ്രതിയായ ശരത് ഭാര്യ നന്ദയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് വിവരം. നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് തന്നോടൊപ്പം താമസിക്കണമെങ്കില്‍ 15-കാരിയെ ചൂഷണംചെയ്യാന്‍ അവസരമൊരുക്കി നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ നന്ദ ഭര്‍ത്താവിന്റെ ഭീഷണിക്ക് വഴങ്ങി 15-കാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു.

ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍.ജി, എസ്.ഐ.മാരായ സജിത്ത്, ജിഷ്ണു, സുനില്‍ കുമാര്‍, എ.എസ്.ഐ. ഉണ്ണിരാജ്, എസ്.സി.പി.ഒ മാരായ ശരത് കുമാര്‍, നിതിന്‍, സി.പി.ഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വയനാട് ജില്ലയിലെ മുണ്ടകൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചൂരൽമല ബ്രാഞ്ചിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.

ജൂലായ് 30-ന് ഉണ്ടായ ദുരന്തത്തിൽ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്.

റോമി കുര്യാക്കോസ്

ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) ശക്തമായ സംഘടന പ്രവർത്തനം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ജനറൽ സെക്രട്ടറി എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയിൽ ഉടനീളമുള്ള പ്രധാന റീജിയനുകൾ സന്ദർശിച്ചു അറിയിച്ചതാണ്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കാനായി യു കെയിൽ എത്തിയതാണ് കെ പി സി സി നേതാക്കൾ. ഉമ്മൻ ചാണ്ടി അനുസ്മരണം കെ പി സി സി പ്രസിഡന്റ് ശ്രീ. കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു കെ ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രൻ, എം എം നസീർ, റിങ്കു ചെറിയാൻ ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ ജെയിംസ് കൂടൽ, കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, ആഷ്‌ഫോഡ് എം പി സോജൻ ജോസഫ്, ക്രോയ്ഡൻ മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, ഒ ഐ സി സി യൂറോപ്പ് കോഡിനേറ്റർ സുനിൽ രവീന്ദ്രൻ ഐ ഒ സി യു കെ പ്രസിഡന്റ് കമൽ ദളിവാൾ, മലങ്കര ഓർത്തോഡോക്സ് സഭ വൈദിക സെക്രട്ടറി ഡോ. റവ. ഫാ. നൈനാൻ കോശി, കെ എം സി സി ബ്രിട്ടൻ ചെയർമാൻ കരീം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, ആഷ്‌ഫോഡ് എം പി സോജൻ ജോസഫ് എന്നിവരെ കെ പി സി സി അധ്യക്ഷൻ പൊന്നാട അണിയിച്ച് ആദരവ് അർപ്പിച്ചു. ഒ ഐ സി സി (യു കെ) പ്രസിഡന്റ്‌ കെ കെ മോഹൻദാസ് അധ്യക്ഷനായിരുന്നു. ഐ സി സി (യു കെ) ജനറൽ സെക്രട്ടറി ബേബി കുട്ടി ജോർജ് സ്വാഗതം ആശംസിച്ചു. ശ്രീ. വിൽസൺ ജോർജ് നന്ദി അർപ്പിച്ചു.

ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയിലും വിവിധ റീജിയൻ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ പി സി സി ഭാരവാഹികൾ വി പി സജീന്ദ്രനും എം എം നസീറും അറിയിച്ചു. നാഷണൽ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ചുള്ള കെ പി സി സി നിർദേശങ്ങൾ അംഗീകരിച്ചു. നാഷണൽ / റീജിയണൽ കമ്മിറ്റികളിൽ വനിതകൾ അടക്കമുള്ള യുവ നേതൃത്വത്തിന് മതിയായ പ്രാതിനിധ്യം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനു വേണ്ടി പഠന ക്ലാസ്സുകൾ സംഘടിപ്പിക്കും. ദേശീയ നേതാക്കളുടെ അനുസ്മരണങ്ങൾ, ചാരിറ്റി പ്രവർത്തനം, കലാ – സാംസ്കാരിക കൂട്ടായ്മകൾ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കും. പഠനത്തിനായും തൊഴിൽ തേടിയും എത്തുന്നവരെയും സഹായിക്കുന്നതിന് ഒരു ‘സെല്ലി’ന് രൂപം നൽകും. കേരളത്തിൽ വയനാട് നടന്ന ദുരന്തത്തിൽ ഇരയായവർക്ക് യു കെ മലയാളികൾ കഴിയുന്നത്ര സഹായം നൽകാൻ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു യു കെയിൽ തൊഴിതേടി എത്തിയവരെ സംഘടിപ്പിക്കുവാനും ബിസിനസ്സുകാർ, നഴ്സുമാർ എന്നിവരെ ഒ ഐ സി സിയിൽ അംഗങ്ങളാക്കുവാൻ ഒരു കർമ്മ പദ്ധതിയും യു കെ ഒ ഐ സി സി രൂപം നൽകും.

ശ്രീ. കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗം കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ബേബിക്കുട്ടി ജോർജ്, ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ ഡാനിയൽ, അപ്പാ ഗഫൂർ, മണികണ്ഠൻ ഐക്കാട്, ജവഹർ, വിൽസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.

വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതല്‍ നിരന്തരം ഉരുള്‍പൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവില്‍ വന്‍ ദുരന്തം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. അപകടമുണ്ടായ പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. 2019 ല്‍ പുത്തുമലയിലും വെള്ളരിമലയിലും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി.

കഴിഞ്ഞ മാസം അവസാനം മുതല്‍ ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ 372.6 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. തെറ്റമലയില്‍ 409 മില്ലീ മീറ്റര്‍ മഴയും പെയ്തു. ഇതിനൊപ്പം മറ്റ് സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു.

മഴ പെയ്ത് മണ്ണ് നനഞ്ഞു കുതിര്‍ന്ന പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്തപ്പോള്‍ മര്‍ദ്ദം താങ്ങാനായില്ലെന്നും അതാണ് ഉരുള്‍പൊട്ടലിനിടയാക്കിയതെന്നുമാണ് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാറക്കല്ലുകളും മണ്ണും ചെളിയും വെള്ളവും ഏഴ് കിലോ മീറ്ററോളം അതിവേഗത്തില്‍ ഒഴുകി. ഈ കുത്തൊഴുക്കില്‍ പുന്നപ്പുഴയുടെ ഗതി മാറി.

അതാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും വന്‍ ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തിന്റെ ചരിവും ഉരുള്‍ പൊട്ടലിന്റെ ആഘാതം കൂട്ടി. 2015-16 കാലഘട്ടത്തില്‍ ഈ മേഖലയില്‍ ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ പഠനം നടത്തിയിട്ടുണ്ട്.

അന്ന് ചൂരല്‍മല, മുണ്ടക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങള്‍ ഉരുള്‍പൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. ഈ മേഖലയില്‍ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടക്കൈയിലെയും ചൂരല്‍മലയിലും ദുരന്തത്തിന്റെ കാരണങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരൂ.

സർക്കാർ സർവീസില്‍നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച്‌ അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വർണാഭരണവും കൈക്കലാക്കി. കേസിൽ നാലംഗസംഘത്തിലെ യുവതി അറസ്റ്റില്‍. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന(34)യെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.

സർക്കാർ സർവീസില്‍നിന്ന് റിട്ടയർചെയ്തശേഷം കർണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച സംഘം ഇർഷാനയുമായി വിവാഹാലോചന നടത്തി. ഡോക്ടർ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ ആളാണെന്ന് മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്.

ഫോണ്‍വഴി ഇർഷാനയുമായി സംസാരിച്ച പരാതിക്കാരനെ സംഘം തന്ത്രപൂർവം കെണിയിലാക്കുകയായിരുന്നു. 2024 ഫെബ്രുവരി എട്ടിന് വിവാഹത്തിനായി കോഴിക്കോട്ടേക്കുവരാൻ ഡോക്ടറോട് ആവശ്യപ്പെട്ടു. സംഘാംഗങ്ങളിലൊരാള്‍ ഇർഷാനയുടെ സഹോദരനാണെന്ന് പരിചയപ്പെടുത്തി ഇർഷാനയെ നിക്കാഹ് ചെയ്തു.

വിവാഹശേഷം ഒന്നിച്ചു താമസിക്കുന്നതിന് വീട് പണയത്തിനെടുക്കുന്ന ആവശ്യത്തിലേക്കെന്നുപറഞ്ഞ് അഞ്ചുലക്ഷം രൂപ ഇർഷാനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. ഇർഷാനയുടെ അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപ ക്രെഡിറ്റാവാതിരുന്നതിനാല്‍ അന്നേദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ലോഡ്ജില്‍ പ്രതികളും പരാതിക്കാരനും വെവ്വേറെ മുറികളില്‍ താമസിച്ചു.

തൊട്ടടുത്തദിവസം ഇർഷാനയുടെ അക്കൗണ്ടില്‍ പണം ക്രെഡിറ്റായശേഷം താമസിക്കുന്നതിനായി പണയത്തിനെടുത്ത വീട് കാണണം എന്നുപറഞ്ഞ പരാതിക്കാരനെയും കൂട്ടി പ്രതികള്‍ കാറില്‍ പുറപ്പെട്ടു. വെള്ളിയാഴ്ചയായതിനാല്‍ നിസ്കരിച്ചശേഷം വീട്ടിലേക്കുപോകാമെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ പരാതിക്കാരനെയും കൂട്ടി കോഴിക്കോട് നടക്കാവ് മീൻമാർക്കറ്റിന് സമീപമുള്ള പള്ളിയിലേക്ക് പോയി. ‌‌

പരാതിക്കാരനോടൊത്ത് നിസ്കരിക്കുന്നതിനായിപ്പോയ പ്രതികളില്‍ ഒരാള്‍ തിരികെയെത്തി മറ്റുപ്രതികളോടൊത്ത് കടന്നുകളഞ്ഞു. കാറില്‍ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈല്‍ഫോണ്‍, ടാബ് തുടങ്ങിയവയും സംഘം കൊണ്ടുപോയി. തുടർന്ന് മൊബൈല്‍ നമ്പറുകള്‍ ഉപേക്ഷിച്ച്‌ സംഘാംഗങ്ങള്‍ ഒളിവില്‍പ്പോയി.

കഴിഞ്ഞദിവസം കാസർകോട്ടുനിന്നാണ് ഇർഷാനയെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. നടക്കാവ് എസ്.ഐ. ഇ.പി. രഘുപ്രസാദ്, സീനിയർ സി.പി.ഒ.മാരായ പി. നിഖില്‍, എം.വി. ശ്രീകാന്ത്, എ.വി. രശ്മി എന്നിവരാണ് അന്വേഷസംഘത്തിലുണ്ടായിരുന്നത്.

മറ്റുള്ള പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് പറഞ്ഞു. ഇർഷാനയെ കോടതി റിമാൻഡ് ചെയ്തു.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ മഴ തുടരുന്നതിനാല്‍ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. ചാറ്റല്‍ മഴ മാത്രമേ പെയ്യുന്നുള്ളൂവെങ്കിലും ഈ അന്തരീക്ഷത്തില്‍ ശരിയായ വിധത്തിലും സുരക്ഷിതമായും തിരച്ചില്‍ നടത്താന്‍ കഴിയില്ല എന്നതിനാലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. അടുത്ത രണ്ടുദിവസം ചാലിയാറില്‍ വിശദമായ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

ഇന്ന് നടന്ന ജനകീയ തിരച്ചിലിൽ പരപ്പൻപാറയ്ക്ക് സമീപത്തുനിന്ന് മൂന്ന് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവ സന്ധ്യയോടെ പുറത്തെത്തിച്ചു. അതേസമയം, ശരീരഭാഗങ്ങൾ കണ്ടെത്തിയ വിവരം അധികൃതരെ അറിയിച്ചിട്ടും എയർലിഫ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്ന പരാതി ഉയർന്നു. ദുർഘടമായ വഴിയിലൂടെയാണ് രക്ഷാപ്രവർത്തകർ ശരീരഭാഗങ്ങൾ പുറത്തെത്തിച്ചത്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണി വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴ വില്ലനായതോടെയാണ് തിരച്ചില്‍ നേരത്തേ അവസാനിപ്പിച്ചത്. മഴപെയ്യുമ്പോള്‍ ചെരിവുകളിലും മറ്റും തിരച്ചില്‍ നടത്തുന്നവര്‍ തെന്നിവീണ് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മഴ ശക്തമാകുമ്പോള്‍ ചിലയിടങ്ങളില്‍ വെള്ളക്കെട്ടും ശക്തമായ ഒഴുക്കും രൂപപ്പെടാനും സാധ്യതയുണ്ട്. ഇക്കാരണങ്ങളാലാണ് തിരച്ചില്‍ അവസാനിപ്പിച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെ എല്ലാ സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചുവിളിച്ചത്.

രണ്ടായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ജനകീയ തിരച്ചിലില്‍ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ ചാലിയാറില്‍ വിശദമായ തിരച്ചില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടത്തും. വിവിധ മേഖലകളാക്കി തിരിച്ചാണ് തിരച്ചില്‍ നടത്തുക. ഓരോ മേഖലകളിലും വിവിധ ഏജന്‍സികളില്‍ നിന്ന് നിശ്ചിത എണ്ണം സന്നദ്ധപ്രവര്‍ത്തകരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്.

താത്കാലിക പുനരധിവാസത്തിനായി ഇതുവരെ 253 വാടകവീടുകള്‍ കണ്ടെത്തിക്കഴിഞ്ഞു. നൂറോളം വാടകവീടുകളുടെ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്തബാധിതരുടെ അഭിപ്രായം ശേഖരിക്കാനായി 18 സംഘങ്ങള്‍ വിശദമായ സര്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയവരെ തനിച്ച് താമസിക്കാന്‍ വിടില്ലെന്നും രക്ഷിതാവ് എന്ന നിലയില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഇവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30-40 കി.മീ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലർട്ട്
11/08/2024: പാലക്കാട്, മലപ്പുറം
13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
14/08/2024: ഇടുക്കി, എറണാകുളം, മലപ്പുറം

മഞ്ഞ അലർട്ട്
11/08/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്
12/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്
14/08/2024: കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്
15/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 11.08.2024 മുതൽ 15.08.2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 11.08.2024 മുതൽ 15.08.2024 വരെ: തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

വർക്കലയിലെ ടൂറിസം മേഖലയിലെ സ്പായിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. വട്ടപ്പാറ കണക്കോട് രാജ് ഭവനിൽ ജി.പി.കുമാർ (64) ആണ് പിടിയിലായത്.

പാപനാശം നോർത്ത് ക്ലിഫിലെ സ്പായിൽ മസാജിങ്ങിനായാണ് ഇയാൾ എത്തിയത്. തുക സംബന്ധിച്ചുള്ള തർക്കത്തിനിടെ റിസപ്ഷനിസ്റ്റിനെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. റിസപ്ഷനിസ്റ്റ് ഭയന്ന് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്നവർ കുമാറിനെ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved