Latest News

ഗായിക ചിന്മയിക്ക് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്ത. വേണ്ട എന്ന് ചിന്മയി പറയുന്ന അത്രയും കാലം തന്റെ സിനിമയില്‍ ചിന്മയിയെ കൊണ്ട് പാടിക്കുമെന്ന് ഗോവിന്ദ്.

ഗാനരചയിതാവ് വൈരമുത്തു മോശമായി പെരുമാറിയത് വെളിപ്പെടുത്തിയതിന് പിന്നാലെ ചിന്മയിക്കെതിരെ അപ്രഖ്യാപിത വിലക്ക് വന്നിരുന്നു. ഡബ്ബിംഗ് യൂണിയനില്‍ നിന്ന് ചിന്‍മയിയെ പുറത്താക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു ഗോവിന്ദ് ചിന്മയിക്ക് പിന്തുണയുമായി എത്തിയത്. ഗോവിന്ദ് സംഗീത സംവിധാനം ചെയ്ത 96ലെ ഗാനങ്ങളും നായിക തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിന്‍മയിയായിരുന്നു. മീടു വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന ചിന്‍മയിയുടെ തുറന്നു പറച്ചിലിന് പിന്നാലെയാണ് ഗോവിന്ദിന്റെ ഈ പ്രതികരണം.

മണിയെ എന്നും മലയാളി ഒാർത്തുകൊണ്ടിരിക്കും. പലപ്പോഴും പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഇപ്പോൾ വൈറലാകുന്ന ചിത്രങ്ങൾക്കും വിഡിയോയ്ക്കും പിന്നാലെയാണ് സൈബർ ലോകം. കലാഭവൻ മണിയുടെ ഒാർമയ്ക്കായി സ്ഥാപിച്ച പ്രതിമയിൽ നിന്നും രക്തം ഒഴുകുന്ന എന്ന തരത്തിലാണ് ചില ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ഇൗ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ശില്പി ഡാവിഞ്ചി സുരേഷ്  പറയുന്നു.

ഫൈബറിലാണ് മണിച്ചേട്ടന്റെ പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രളയസമയത്ത് ഇൗ പ്രതിമ വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരുപക്ഷേ അപ്പോൾ വെള്ളം പ്രതിമയ്ക്ക് ഉള്ളിൽ കയറിയിട്ടുണ്ടാകാം. ഇൗ പ്രതിമ നിർമിച്ചിരിക്കുന്നത് ഫൈബറിലാണ്. സാധാരണ ഫൈബറിനുള്ളിൽ വെള്ളം കടന്നാൽ അത് പുറത്തേക്ക് പോകില്ല. അങ്ങനെ തന്നെ ഉണ്ടാകും. ഇപ്പോൾ മണിച്ചേട്ടന്റെ പ്രതിമയുടെ കൈയ്യുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ ചുവന്ന നിറത്തിൽ ദ്രാവകം പുറത്തേക്ക് വരുന്നത്. ഇൗ കൈയ്യുടെ രൂപം നിർമിക്കുമ്പോൾ അതിനുള്ളിൽ ‍ഞാൻ ഒരു ഇരുമ്പ് കമ്പി വച്ചിരുന്നു. പ്രളയസമയത്ത് പ്രതിമ മുങ്ങിയപ്പോൾ ഇൗ കമ്പി തുരുമ്പെടുത്തിരിക്കാം. ഇപ്പോൾ ചൂട് കൂടിയപ്പോൾ ആ തുരുമ്പും വെള്ളവും പുറത്തേക്ക് വരുന്നതാകാം. ആരാധകർ ദയവ് ചെയ്ത് ഇതിന് അന്ധവിശ്വാസത്തിന്റെ പരിവേശമൊന്നും നൽകരുതെന്ന അപേക്ഷ മാത്രമേയുള്ളൂ. ഡാവിഞ്ചി സുരേഷ് പറയുന്നു. രണ്ടു ദിവസം തുടർച്ചായി ഇത്തരത്തിൽ പ്രതിമയിൽ നിന്നും ചുവന്ന ദ്രാവകം വന്നിരുന്നെന്നും ഇപ്പോൾ അതില്ലെന്നും മണിയുടെ സഹോദരനും വ്യക്തമാക്കി.

ഇൗ പോസ്റ്റുകൾ വൈറലായതോടെ ചാലക്കുടിയിലെ മണിയുടെ പ്രതിമ കാണാൻ ആരാധകരുടെ ഒഴുക്കാണ്. പ്രളയസമയത്തും ഇൗ പ്രതിമ വലിയ വാർത്തയായിരുന്നു. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയതോടെ മണിയുടെ വീട് ഉൾപ്പെടെ വെള്ളത്തിലായിരുന്നു. ശക്തമായ ഒഴുക്കും അപ്പോഴുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് പോലും മണിയുടെ പ്രതിമയ്ക്ക് മാത്രം ഒരു കേടുപാടും സംഭവിച്ചില്ല. പ്രതിമയക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കൾ തകർന്ന് വീണപ്പോഴും പ്രതിമ അങ്ങനെ തന്നെ നിന്നു. അദ്ദേഹത്തിന്റെ മരണശേഷം ആദരമർപ്പിക്കാൻ ഇപ്പോഴും ആരാധകർ വീട്ടിലേക്ക് എത്തുകയാണ്.

വീഡിയോ കടപ്പാട് ; ചാലക്കുടി വാർത്ത

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി, കൊലക്കേസ് ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വെട്ടേറ്റ് മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

തലസ്ഥാന നഗരമധ്യത്തില്‍ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണ് നഗരത്തെ ഞെട്ടിച്ച മൂന്നാം കൊലപാതകമുണ്ടായത്. കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്. അനിയാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ അയല്‍വാസിയായ ജീവന് വേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏതാനും വര്‍ഷം മുന്‍പ് കൊലപാതകകേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏതാനും മാസം മുന്‍പ് , ജീവന്റെ സഹോദരിയെ അനി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നും കരുതുന്നു.

എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. അനിയുടെ മരണത്തോടെ തുടര്‍ച്ചയായ മൂന്നാം കൊലയ്ക്കാണ് നഗരം വേദിയായിരിക്കുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ട് കൊലപാതകങ്ങള്‍.

ഇതിനെല്ലാം പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടി കൊന്നത് പൊലീസിന്റെ നാണക്കേടും നാട്ടുകാരുടെ ആശങ്കയും വര്‍ധിപ്പിക്കുകയാണ്

ഉലയുന്ന കപ്പലിനുള്ളിൽ നിരങ്ങി നീങ്ങുന്ന ഫർണിച്ചറുകൾ, ലൈഫ് ജാക്കറ്റുകൾ ധരിച്ച് രക്ഷാപ്രവർത്തകരെ കാത്ത് ഭീതിയോടെയിരിക്കുന്ന യാത്രക്കാർ… ലോകം ശ്വാസമടക്കി കണ്ട ടൈറ്റാനിക്ക് സിനിമയുടെ രംഗങ്ങൾക്കു സമാനമായിരുന്നു ‘ദ് വൈകിങ് സ്കൈ’ എന്ന ആഡംബരക്കപ്പലിൽനിന്നു ചില യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ദൃശ്യങ്ങൾ. ആടിയുലഞ്ഞ കപ്പലിൽ വീണും, അടർന്നു വീണ ഭാഗങ്ങൾ ദേഹത്തു പതിച്ചും 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

നോർവേയിലെ ട്രോംസോയിൽനിന്നു സ്റ്റാവഞ്ചറിലേക്കു 4 ദിവസത്തെ യാത്രയായിരുന്നു കപ്പലിന്റെ ലക്ഷ്യം. 21ന് പ്രാദേശിക സമയം രാത്രി 10.30 ന് തുടങ്ങി. 24ന് ഉച്ചയ്ക്ക് ഒരുമണിക്കു ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നു. നോർവേയുടെ തീരംപറ്റിയായിരുന്നു കപ്പലിന്റെ സഞ്ചാരം. മൂന്നാം ദിനം, ശനിയാഴ്ച ഉച്ചയ്ക്ക് ഹസ്റ്റാഡ്വിക മേഖലയിലേക്കു പ്രവേശിച്ചതോടെയാണ് അപകടമുണ്ടായത്. കപ്പലിന്റെ 4 എൻജിനുകളുടെയും പ്രവർത്തനം ഒന്നിച്ചു നിലച്ചു. കടൽ ക്ഷോഭിച്ച അവസ്ഥയിലായിരുന്നു. ഈ സമയത്ത് കപ്പലിന്റെ പ്രവർത്തനം നിലച്ചതു പ്രതിസന്ധി ഇരട്ടിയാക്കി. ഉയർന്ന തിരകളിലും കാറ്റിലും കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിനടക്കാൻ തുടങ്ങി. അപകടകരമായ കപ്പൽച്ചാലായി അറിയപ്പെടുന്ന ഈ മേഖലയിൽ, എവിടെയെങ്കിലും ഇടിച്ചു കപ്പൽ തകരാൻ സാധ്യതയുണ്ടായിരുന്നു. ജീവനക്കാരുടെ പരിശ്രമങ്ങളെല്ലാം പാഴായതോടെ ഉച്ചയ്ക്ക് 2 മണിക്കാണ് കപ്പലിന്റെ ക്യാപ്റ്റൻ കരയിലേക്ക് അപകട സന്ദേശം അയച്ചത്.

അപകട സന്ദേശം ലഭിച്ചയുടനെ 5 ഹെലികോപ്റ്ററുകളും ഒട്ടേറെ രക്ഷായാനങ്ങളും രംഗത്തെത്തി. എന്നാൽ ഹെലികോപ്റ്ററിൽ ഒരു സമയം പരമാവധി 20 പേരെ മാത്രമേ ഉൾക്കൊള്ളാനാകൂ എന്നതിനാൽ രക്ഷാപ്രവർത്തനം വൈകി.. അഞ്ഞൂറോളം ആളുകളെ ഇങ്ങനെ മാറ്റിയപ്പോഴേയ്ക്കും ഒരുരാത്രി ഇരുട്ടി വെളുത്തു. രാവിലെ കപ്പലിന്റെ 3 എൻജിനുകൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങി. കടലിൽ വൻതിരയും കാറ്റും ശമിച്ചു. ഇതോടെ ടഗ് ബോട്ടുകൾ ഉപയോഗിച്ച് കപ്പൽ കെട്ടിവലിച്ചു തീരത്തടുപ്പിക്കാമെന്ന നിലയിലായി. ഇപ്പോൾ മണിക്കൂറിൽ 13 കിലോമീറ്റർ മാത്രം വേഗത്തിലാണു കപ്പൽ തീരത്തേക്ക് നീങ്ങുന്നത്. അടുത്ത തുറമുഖമായ മോൾഡെയിലേക്ക് അപകട സ്ഥലത്തുനിന്ന് 80 കിലോമീറ്റർ ദൂരമുണ്ട്.

ഇരുപതിലേറെ ബസുകളുടെ നീളമുള്ള ബഹുനില ആഡംബരക്കപ്പലാണ് ദ് വൈകിങ് സ്കൈ. 227 മീറ്റർ നീളവും 29 മീറ്റർ വീതിയുമുണ്ട്. അതിഥികൾക്കും ജീവനക്കാർക്കുമായി 465 മുറികളാണ് കപ്പലിലുള്ളത്. 8 ഭക്ഷണശാലകൾ, സ്പാ, യോഗാ കേന്ദ്രം, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ തുടങ്ങിയവയും കപ്പലിനുള്ളിലുണ്ട്.

ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കിൽ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളിൽ വേണുഗോപാലിന്റെ മകൻ ഡോ. അനീഷിന്റെ (32) മൃതദേഹമാണു മുതുകുളം സബ് ട്രഷറിക്കു സമീത്തെ ഡന്റൽ ക്ലിനിക്കിൽ ഇന്നലെ സന്ധ്യയോടെ കാണപ്പെട്ടത്. മുറിയിൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

2 ദിവസമായി ക്ലിനിക് തുറന്നിരുന്നില്ല. വാതിൽ പൂർണമായി അടച്ചിരുന്നുമില്ല. സുഹ‍ൃത്ത് ഇന്നലെ സന്ധ്യയോടെയെത്തി തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. പലപ്പോഴും അനീഷ് ക്ലിനിക്കിൽ താമസിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടിട്ടു കിട്ടാതിരുന്നതിനാൽ പിതാവ് വേണുഗോപാൽ അന്വേഷിച്ച് എത്തിയിരുന്നു. അവിവാഹിതനാണ്. രാധയാണു മാതാവ്.

കേരളത്തില്‍ നാല് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 35 ശതമാനം മഴകുറഞ്ഞതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് കൂടാന്‍കാരണമെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍

കേരളത്തെ ചുട്ട് പൊള്ളിക്കുന്ന ചൂട് വരുന്ന വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. ഇന്നും നാളെയും ഈ ജില്ലകള്‍ അതീവ ജാഗ്രത പാലിക്കണം. പാലക്കാട് താപനില 40. 2 , പുനലൂരില്‍ 37, തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും 36 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും താപനില 2 മുതല്‍മൂന്ന് ഡിഗ്രിവരെ ഉയര്‍ന്നേക്കാം. ഉഷ്ണജല പ്രവാഹമായ എല്‍നിനോയുടെ സാന്നിധ്യവും മഴ 35 ശതമാനം കുറഞ്ഞതും വേനല്‍ചൂട് ഉയരുന്നതിന് കാരണമായി.

ഒരാഴ്ചക്കിടെ 61 പേര്‍ക്ക് സൂര്യാതപം ഏറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനും ഇടയുള്ളതിനാല്‍ പകല്‍ കഴിവതും വെയിലേല്‍ക്കാതെ ശ്രദ്ധിക്കണം. തൊഴില്‍സമയം പുനക്രമീകരിച്ച സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. സാംക്രമിക രോഗങ്ങള്‍ക്കെതിരെയും ജാഗ്രതപാലിക്കണം.

 

തിരുവനന്തപുരം: കരമന സ്വദേശിയായി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന സുമേഷ് എന്നയാള്‍ കൂടി പിടിയിലായതോടെയാണ് പ്രതികള്‍ മുഴുവന്‍ അറസ്റ്റിലായതായി അന്വേഷണസംഘം അറിയിച്ചത്. അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചതായി കാണിച്ച് കൊല്ലപ്പെട്ട അനന്തുവിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 13-ാം തിയതിയാണ് അനന്തുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കരമന ടൗണില്‍ വെച്ച് അനന്തുവിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി ലഭിച്ച മണിക്കൂറുകള്‍ക്ക് ശേഷമാണ് അനന്തുവിന്റെ മൃതദേഹം ലഭിക്കുന്നത്. നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവും സംഘവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം കൊലപാതക ദിവസം ഉച്ചയ്ക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് കൃത്യം നടത്തിയത്. നീറമണ്‍കരയ്ക്ക് സമീപത്തുള്ള കാട്ടില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

അനന്തുവിനെ അതിക്രൂരമായിട്ടാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കരിക്ക്, കരിങ്കല്ല്, കമ്പി, വടി തുടങ്ങിയവ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. അനന്തുവിനെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രതികള്‍ മാറി മാറി മര്‍ദ്ദിച്ചു. ഇരു കൈകളുടെയും ഞരമ്പുകള്‍ അറുത്തു മാറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകളാണ് മരണകാരണമായിരിക്കുന്നത്. കൂടാതെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. കണ്ണുകളില്‍ സിഗരറ്റ് കുറ്റികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിക്കുമെന്ന് എം കെ സ്റ്റാലിൻ. ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് വരേണ്ടത് ആണെന്നും കുറ്റവാളികളെ ജയലിലടയ്ക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തിരുവണ്ണാമലയിലെ പാർട്ടി പ്രചാരണത്തിന് ഇടയിലായിരുന്നു ഡിഎംകെ അധ്യക്ഷന്റെ പ്രസ്താവന. രാഷ്ട്രീയ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും മുൻ മുഖ്യന്ത്രിയുടെ മരണത്തിലെ അസ്വഭാവികത പുറത്ത് വരണമെന്ന തമിഴ്നാട്ടിലെ ജനങ്ങളുടെ താത്പര്യം നടപ്പാക്കും. ജയ സമാധി ക്ക് സമീപം പനീർസെൽവം നടത്തിയ ഉപവാസത്തെയും സ്റ്റാലിൻ പരിഹസിച്ചു.

2016ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥിയുടെ പ്രതികയിൽ ജയലളിത വിരലടയാളം പതിച്ചത് അബോധാവസ്ഥയിലാണോ എന്ന് സംശയമുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ച് അറുമുഖ സ്വാമി കമ്മീഷന്റെ അന്വേഷണം നടക്കുന്നതിന് ഇടയിലാണ് സ്റ്റാലിന്റെ പുതിയ പ്രസ്താവന

പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ ജനവിധി തേടുമെന്ന്​ സൂചന. വാരണാസിക്ക്​ പു​റമേ രണ്ടാമതൊരു മണ്ഡലത്തിൽ നിന്ന്​ മോദി മൽസരിക്കുമെന്ന്​ നേരത്തെ തന്നെ വ്യക്​തമായിരുന്നു. ബംഗളൂരു സൗത്തിൽ നിന്നായിരിക്കും മോദി മൽസരിക്കുക​.

കർണാടകയിലെ 28ൽ 23 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബംഗളൂരു സൗത്തിൽ സ്ഥാനാർഥിയാരെന്ന്​ വ്യക്​തമാക്കിയിരുന്നില്ല. 1991 മുതൽ ബി.ജെ.പി വിജയിക്കുന്ന മണ്ഡലമാണ്​ ബാംഗ്ലൂർ സൗത്ത്​.

അന്തരിച്ച കേന്ദ്രമന്ത്രി അനന്ദ്​കുമാറിൻെറ മണ്ഡലമാണിത്​​. അനന്ത്​ കുമാറിൻെറ ഭാര്യ തേജസ്വിനി മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്​. എന്നാൽ മോദി വരികയാണെങ്കിലും തേജസ്വനി പിൻമാറുമെന്നാണ്​ റിപ്പോർട്ട്​.

കോട്ടയം: കാണക്കാരിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് പെട്രോളും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മകൻ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിന് സമീപത്തെ പറമ്പിൽ ചിന്നമ്മയുടെ മൃതദേഹം ഉണ്ടെന്ന വിവരം ബിനുരാജ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. ബിനുരാജും ചിന്നമ്മയും തമ്മിൽ കുറേകാലമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved