Latest News

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കൊച്ചി ചേരാനല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ജന്മനാടിന്റെ അന്ത്യാഞ്ജലി. ചേരാനല്ലൂര്‍ പനേലില്‍ നളിനിയമ്മയുടേയും മകന്‍ വിദ്യാസാഗറിന്റേയും സംസ്കാരം ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പില്‍ നടക്കും. മകള്‍ ജയശ്രീയുടെ മൃതദേഹം വൈകിട്ട് നാലിന് ചോറ്റാനിക്കരയില്‍ വീട്ടുവളപ്പിലും സംസ്കരിക്കും. ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളുമടക്കം നൂറ് കണക്കിന് ആളുകളാണ് മൂവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനായെത്തിയത്.

കൃത്യം ഒരാഴ്ച മുന്‍പാണ് നളനിയമ്മയും മക്കളും ബന്ധുക്കളുമടങ്ങുന്ന 13 അംഗ സംഘം ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ കളിചിരികളോടെ ഇതേ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത്. പക്ഷേ എല്ലാ സന്തോഷവും കെടുത്തി കളഞ്ഞു കഴിഞ്ഞ പുലര്‍ച്ചെ ഉറക്കത്തിനിടയില്‍ ഹോട്ടല്‍ മുറി വിഴുങ്ങിയ അഗ്നിനാളങ്ങള്‍. എയര്‍ ഇന്ത്യ വിമാനത്തിലാണ് അമ്മയുടെയും മക്കളുടേയും മൃതഹേദങ്ങള്‍ രാവിലെ എട്ടരയോടെ നെടുമ്പാശേരിയിലെത്തിച്ചത്.

ഹൈബി ഈഡന്‍ എംഎല്‍എ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് മൃതദേഹങ്ങളും ചേരാനല്ലൂരിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ക്ക് പുറമേ നാട്ടുകാരുടേയും വലിയ പ്രവാഹമായിരുന്നു.

11 മണിയോടെയാണ് ഇവര്‍ക്കൊപ്പം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ മടങ്ങിയെത്തിയത്. ഹോട്ടലിലെ തീപിടിത്തതില്‍ നിന്ന് ്പരുക്കേല്‍ക്കാതെ ഇവരെല്ലാം രക്ഷപ്പെട്ടിരുന്നു. നളനിയമ്മയും കുടുംബവും താമസിച്ചിരുന്ന ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. വിനോദസഞ്ചാരത്തിനായി ഹരിദ്വാറിലേക്ക് പോകാനിരിക്കെയായിരുന്നു ദാരുണ ദുരന്തം.

2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ബി.ജെ.പി ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡ‌ലമായ തിരുവനന്തപുരത്ത് മിസോറം ഗവർണർ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പി പി മുകുന്ദൻ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്. ഘടക കക്ഷികളുമായി ഏകദേശ ധാരണയായെന്നും ബിഡിജെഎസുമായി സീറ്റു തര്‍ക്കം പരിഹരിച്ചെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്.

സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നൽകിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്‌ണദാസും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രതീക്ഷ അർപ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരിൽ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്‌ണനുമാണ് സാധ്യത. ഈ മണ്ഡലത്തിൽ ബി.ഡി.ജെ.എസുമായി കൂടിയാലോചിച്ച ശേഷമാകും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക.

തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തയ്യാറാണെങ്കിൽ സീറ്റ് വിട്ടുകൊടുക്കാൻ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയിൽ പാർട്ടി ജനറൽ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആർ.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.

അതേസമയം കേരള രാഷ്ട്രീയത്തിലേക്കുള്ള തന്റെ തിരിച്ചു വരവിന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പെട്ടന്ന് വലിച്ചെറിഞ്ഞു രാജിവെച്ചൊഴിഞ്ഞ് പോരാനാകുന്ന പദവിയല്ല നിലവിൽ താനാണ് കൈകാര്യം ചെയ്യുന്നതെന്നും അതിനായി ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണമെന്നും ,കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണ മെന്നും കുമ്മനം പറഞ്ഞു. എല്ലാറ്റിലുമുപരി തനിക്കു പകരക്കാരനെ കണ്ടെത്തണമെന്നും കുമ്മനം വ്യക്തമാക്കി.

താൻ ഗവര്‍ണറായതും ആഗ്രഹിച്ചിട്ടല്ല സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കുന്നു. സംഘടന വിധേയനാണ് ഞാന്‍, സ്വയംസമര്‍പ്പിച്ചവന്‍ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘനാപ്രവര്‍ത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോകാമായിരുന്നു ആരെയും കാണാമായിരുന്നു ഇപ്പം പക്ഷെ സെക്യൂരിറ്റിയും മറ്റും പ്രശ്നമാണ് എന്നും കുമ്മനം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്ത് എത്തിയിരുന്നു. വരാൻപോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിലാണ് കുമ്മനത്തിന്റെ പേര് ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി അംഗങ്ങളുടെ വിലയിരുത്തൽ. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സ്വീകരിച്ച നിലപാടും പ്രതിഷേധ സമരങ്ങളും കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്തെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ പാർട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങൾ.

പെരിയാറില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയ മൃതദേഹം യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പെരിയാറിലാണ് മൃതദേഹം കണ്ടെത്തിയത്.ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടത്. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ് റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കല്ലില്‍കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. മരക്കൂട്ടത്തില്‍ കുടുങ്ങി കിടക്കുകയായിരുന്ന കെട്ടില്‍ നിന്നും അഴുകിയ കൈ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.

രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാല്‍ ബുധനാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ സ്ത്രീകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സംഭവം കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

 

 

തിരുവനന്തപുരം: പോക്‌സോ പ്രകാരം കേസെടുത്തതിന് പിന്നാലെ ഷഫീഖ് അല്‍ ഖാസിമി ഒളിവില്‍. ഇദ്ദേഹത്തിന്റെ സ്വദേശമായി ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും പോലീസ് തെരച്ചില്‍ നടത്തിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഉടന്‍ പോലീസില്‍ കീഴടങ്ങണമെന്ന് പ്രതിയുടെ അഭിഭാഷകനെ പോലീസ് അറിയിച്ചതായിട്ടാണ് സൂചന.

തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ആയിരുന്ന ഷഫീഖ് ഖാസിമി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകത്തതിനാല്‍ മഹല്ല് കമ്മറ്റി പ്രസിഡന്റാണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ സംഭവം വിവാദമായതോടെ ഇയാളെ ഇമാം കൗണ്‍സില്‍ പുറത്താക്കിയിരുന്നു.

മൊഴി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ നേരത്തെ പോലീസും ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ശ്രമിച്ചെങ്കിലും കുടുംബം വിയോജിപ്പ് പ്രകടിപ്പിച്ചതോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സഹപ്രവര്‍ത്തകയായ വനിതാ മന്ത്രിയെ പ്രധാനമന്ത്രി നില്‍ക്കുന്ന വേദിയില്‍ വച്ച് കയറിപ്പിടിച്ച് ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി. മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ തൃപുരയിലെ പ്രദേശിക ചാനലുകള്‍ പുറത്തുവിട്ടു. അ​ഗർത്തലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്‍റെയും സാന്നിധ്യത്തിലായിരുന്നു വിവാദ സംഭവം. ചടങ്ങില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് വേദിയുടെ വലതുവശത്തായി നില്‍ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ കടന്നുപിടിച്ചത്.

വനിതാമന്ത്രിയുടെ ശരീരത്തില്‍ കയറിപിടിച്ച മനോജ് കാന്തി ദേബിനെതിരേ വനിതാമന്ത്രി ചെറുത്തുനില്‍ക്കുന്നതും വീഡിയോയിലുണ്ട്. വേദിയില്‍ തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂര്‍വ്വം വനിതാമന്ത്രിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.

കൊല്ലം: സ്കൂള്‍ ബസിലുണ്ടായിരുന്നത് 58 കുരുന്നു ജീവനുകള്‍. അപ്പോഴും മനസാന്നിധ്യം വിടാതെ നന്ദകുമാര്‍ (49) തന്‍റെ കൈയിലെ സ്റ്റിയറിംഗില്‍ കൈവിറക്കാതെ പിടിച്ചിരുന്നു. നെഞ്ച് തുളയ്ക്കുന്ന വേദനയ്ക്കിടയിലും. ഒടുവില്‍ അയാള്‍ ബസൊതുക്കി. കുട്ടികളുടെ പ്രിയപ്പെട്ട ഡ്രൈവറങ്കിള്‍ മരണത്തിന് കീഴടങ്ങി.

തങ്കശേരി മൌണ്ട് കാര്‍മല്‍ സ്കൂളിലെ ബസ് ഡ്രൈവറാണ് തിരുമുല്ലവാരം നന്ദളത്ത് തറില്‍ വീട്ടില്‍ വി എസ് നന്ദകുമാര്‍. ഇന്നലെ വൈകീട്ട് സ്കൂള്‍ വിട്ടശേഷം കുട്ടികളെ വീടുകളിലിറക്കാനായി പോകുന്നതിനിടെ വൈകീട്ട് 4.10 ത്തോടെയായിരുന്നു സംഭവം. ആറ് വര്‍ഷമായി ഈ സ്കൂളിലെ ഡ്രൈവറാണ് നന്ദകുമാര്‍.

ഇന്നലെ വൈകീട്ടോടെ തങ്കശ്ശേരി കാവില്‍ ജംഗ്ഷനിലെത്തിയപ്പോള്‍ നന്ദകുമാറിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടനെ മനസാന്നിധ്യം കൈവിടാതെ തിരക്കുള്ള റോഡിയിരുന്നിട്ടും നന്ദകുമാര്‍ ബസ് റോഡ് സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു. അടുത്തുള്ള ഒട്ടോസ്റ്റിന്‍റെ ഡ്രൈവര്‍മാര്‍ ഉടനെ ഇദ്ദേഹത്തെ ബസില്‍ നിന്നും പുറത്തിറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്ദകുമാര്‍ നാളുകളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ദുബായ്: ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.

വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 8.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ ഏറ്റവുകുറഞ്ഞ താപനില. കഴിഞ്ഞ ദിവസവും ഇന്ന് രാവിലെയും യുഎഇയില്‍ പലയിടങ്ങളിലും ഭാഗികമായി മഴലഭിച്ചു. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

ടൊവീനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗില്‍ നിന്നുമാണ് ടൊവീനോയുടെ ചിത്രത്തിന്റെ പേരുണ്ടായത്. അതുകൊണ്ടു തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായി ടൊവീനോയും അണിയറ പ്രവര്‍ത്തകരും തിരഞ്ഞെടുത്തതും മോഹന്‍ലാലിനെയായിരുന്നു.

മഴപെയ്യുന്ന മദ്ദളം കൊട്ടുന്ന ചിത്രത്തിലെ ‘ഹൗമെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്’ എന്ന ശ്രീനിവാസന്റെ ഡയലോഗ് ടൊവീനോ പറഞ്ഞതും മോഹന്‍ലാല്‍ മറുപടി നല്‍കി.” കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്” ഇതോടെയാണ് പോസ്റ്റര്‍ റിലീസ് പൂര്‍ത്തിയായത്.

ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടൊവീനോയും ഗോപീ സുന്ദറും റംഷി, സിന്ദു സിദ്ധാര്‍ത്ഥുമാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍.

ദില്ലി: ദില്ലിയിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. അഗ്‌നിബാധയില്‍ 9 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കരോള്‍ബാഗിലെ അര്‍പിത് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ താമസമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. ഹോട്ടലില്‍ പത്തംഗ മലയാളി കുടുംബം ഉണ്ടായതായാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരെത്തി ആളുകളെ ഹോട്ടലില്‍നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 20 ലേറെ ഫയര്‍ യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്തീ

വെളുത്ത് സൗന്ദര്യമുളളവര്‍ക്ക് മാത്രമാണോ ടിക് ടോക്? സൗന്ദര്യം ആരാണ് നിശ്ചയിക്കുന്നത്…സൗന്ദര്യത്തിന്റെ അളവ് കോല്‍ എന്ത്?

അവളുടെ രോഗത്തിന്റെ വേദനയിൽ നിന്നും രക്ഷനേടാനായിരുന്നു ആ ടിക്ടോക് വിഡിയോകളെല്ലാം. എന്നാൽ സൗന്ദര്യത്തിന്റെ അളവുകോലിൽ സോഷ്യൽ ലോകം അവൾക്ക് സമ്മാനിച്ചത് കടുത്ത അവഗണനയും പരിഹാസങ്ങളും. ഒടുവിൽ ആ കുട്ടി തന്നെ രംഗത്തെത്തി പറഞ്ഞു. ഇനി ടിക്ടോക് വിഡിയോകൾ ചെയ്യില്ല. പക്ഷേ ഞാനൊരു വൃക്ക രോഗിയാണെന്ന് കള്ളം പറഞ്ഞതാണെന്ന് ചിലർ പറയുന്നു. ദേ ഇത് കാണൂ. ഇന്നും ഡയാലിസിസ് കഴിഞ്ഞ് വന്നതേയൂള്ളൂ. ടിക്ടോക് വിഡിയോയിലെ കണ്ണീരിനെക്കാൾ ഉള്ളുലയ്ക്കുകയാണ് അവളുടെ വാക്കുകൾ.

വൃക്കരോഗി കൂടിയായ ഒരു പെൺകുട്ടിയാണ് ബോഡി ഷെയിമിങ്ങിന്റെ പേരിൽ കടുത്ത മാനസിക പീഡനം നേരിട്ടത്. ഇവർ ചെയ്ത ടിക് ടോക് വിഡിയോ കണ്ട പലരും വെറുപ്പിക്കരുത് എന്നുപറഞ്ഞ് കമന്റ് ബോക്സിൽ വരുകയായിരുന്നു. ഇതോടെ വിഡിയോ ചെയ്യുന്നത് നിറുത്തുകയാണെന്ന് പറഞ്ഞ് പെൺകുട്ടി കണ്ണീരോടെ എത്തി. രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെ ആധിക്ഷേപങ്ങൾ നീണ്ടതോടെയാണ് ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പെൺകുട്ടി പങ്കുവച്ചത്.

RECENT POSTS
Copyright © . All rights reserved